രാജേഷ് ജയറാം
നേരിട്ട് മനസിലേക്കാണ് ഇ. ഹരികുമാറിന്റെ ഓരോ കഥയും വന്നു വീഴുന്നത്. ദിനോസറിന്റെകുട്ടി, കനഡയിൽ നിന്നൊരു രാജകുമാരി, ശ്രീപാർവ്വതിയുടെ പാദം, വൃക്ഷഭത്തിന്റെ കണ്ണ് തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളിലും ആസക്തിയുടെ അഗ്നിനാളങ്ങൾ, കുടുംബപുരാണം, എഞ്ചിൻഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി എന്നീ നോവലുകളിലും സ്‌നേഹത്തിന്റെ വാക്കിനെ മനസ്സിലേക്കെത്തിക്കുന്ന ജാലവിദ്യ പ്രതിഭാശാലിയായ എഴുത്തുകാരനുമാത്രം കഴിയും വിധത്തിൽ ഹരികുമാർ നിർവ്വഹിച്ചിരിക്കുന്നു. ദിനോസറിന്റെ കുട്ടി കേരള സാഹിത്യഅക്കാദമി അവാർഡു നേടി. പച്ചപ്പയ്യിനെ പിടിക്കാൻ എന്ന ചെറുകഥ പത്മരാജൻ പുരസ്‌കാരം നേടി. പ്രശസ്ത കവി ഇടശ്ശേരിയുടെ മകനായ, ഈ കഥാകൃത്ത് ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു. ഹരികുമാറുമായി ഒരു സംഭാഷണം:
രാജേഷ് ജയരാമൻ: താങ്കളുടെ അച്ഛൻ കവിയായിരുന്നു. പക്ഷെ താങ്കൾ കഥാകൃത്തായി എന്തായിരുന്നു കഥകളിലേക്കു തിരിയാനുള്ള കാരണം?
ഇ. ഹരികുമാര്‍: കുട്ടിക്കാലം തൊട്ടേ വീട്ടിൽ സാഹിത്യത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. അച്ഛൻ കവിതകൾ എഴുതുന്നത് കാണാറുണ്ട്. ആ കവിതകൾ അമ്മയെക്കൊണ്ട് വായിപ്പിക്കുന്നതും കേൾക്കും വീട്ടിൽ നല്ല പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. അതുകൊണ്ട് വായനാശീലം വളരെ കുട്ടിയിൽത്തന്നെ വളർന്നുവന്നു. പല സാഹിത്യകാരന്മാരും വീട്ടിൽ വരാറുണ്ട്. സാഹിത്യചർച്ചകളുണ്ടാകാറുണ്ട്. അവയൊന്നും മനസ്സിലായില്ലെങ്കിലും ആ അന്തരീക്ഷം എന്നിൽ വലുതായൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞങ്ങൾ പഠിച്ചിരുന്ന എ. വി. ഹൈസ്‌ക്കൂളാകട്ടെ കലാസാഹിത്യ പ്രവർത്തനങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഭാഗ്യമെന്നു പറയട്ടെ ഒപ്പം പഠിച്ചിരുന്ന ചില സ്‌നേഹിതന്മാരും എന്നെപ്പോലെ സാഹിത്യതൽപ്പരരായിരുന്നു. ഞങ്ങൾ ക്ലാസിൽ വെച്ച് സംസാരിച്ചിരുന്നത് വാരം തോറും മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന കഥകളും നോവലുകളും മറ്റുമായിരുന്നു. ഉറൂബിന്റെ ഉമ്മാച്ചുവും, സുന്ദരികളും സുന്ദരന്മാരും, ബഷീറിന്റെ ആനവാരിക്കഥകളും മറ്റും തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്ന കാലമായിരുന്നു. ആ നോവലുകളും കഥകളും ഞങ്ങൾക്കെല്ലാം ലഹരിയായിരുന്നു. ഈ അന്തരീക്ഷത്തിൽ ഒരു കഥാകൃത്തായതിൽ അത്ഭുതമില്ല.
രാജേഷ് ജയരാമൻ: പ്രശസ്തനായ അച്ഛൻ താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?
ഇ. ഹരികുമാര്‍: പ്രശസ്തനായ അച്ഛന്റെ മകൻ എന്നത് ഒരിക്കലും ഒരു പരിമിതിയല്ല. വളർന്നുവരാമായിരുന്നു. അച്ഛന്റെ പ്രോത്സാഹനവുമുണ്ടായിരുന്നു. പക്ഷെ അച്ഛന്റെ പ്രതിഭയുടെ പത്തിലൊരംശം മാത്രം കൈമുതലായിട്ടുള്ള ഞാൻ അച്ഛൻ എന്ന പരിമിതിയെപ്പറ്റി പറയുന്നതിൽ അർത്ഥമൊന്നുമില്ല. അച്ഛൻ വലിയ കവിയായത്, തലമുറകളുടെ ആദരവ് പിടിച്ചുപറ്റുന്നത് എല്ലാം സ്വന്തം പ്രതിഭയുടെ തിളക്കം കൊണ്ടുമാത്രമാണ്. അതാകട്ടെ അനന്യസാധാരണമാണു താനും. അച്ഛന്റെ അടുത്തൊന്നും എത്താൻ കഴിയില്ലെന്നത് ഞാൻ വളരെ മുമ്പേ മനസ്സിലാക്കിയിട്ടുള്ളതാണ്.
രാജേഷ് ജയരാമൻ: ഒരു സർഗാത്മ സാഹിത്യകാരനെന്ന നിലയിൽ താങ്കൾ ഏതെങ്കിലും പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ടോ? പൊതുവിൽ, സർഗസാഹിത്യം പ്രതിസന്ധിയെ നേരിടുകയാണല്ലോ. ഒരു കാലത്ത് സർഗാത്മക സാഹിത്യത്തിന്റെ വിള നിലങ്ങളായിരുന്ന സൺഡെ പതിപ്പുകളിൽ ഇന്ന് സാഹിത്യം കാണുന്നേയില്ല.
ഇ. ഹരികുമാര്‍: എന്റേതായി പ്രശ്‌നങ്ങളൊന്നുമുണ്ടെന്നു തോന്നുന്നില്ല. സർഗ്ഗ സാഹിത്യം പ്രതിസന്ധി നേരിടുന്നുവെങ്കിൽ അതിനു കാരണക്കാർ എഴുത്തുകാർ തന്നെയാണ്. പത്രാധിപന്മാർക്ക് നല്ല കഥകളും ചീത്ത കഥകളും മനസ്സിലാവുമെന്നത് അംഗീകരിക്കണം. സൺഡേ പതിപ്പിൽ സാഹിത്യം വരുന്നില്ലെങ്കിൽ അതിനർത്ഥം അവർക്ക് നല്ല സാഹിത്യം കിട്ടുന്നില്ലെന്നു മാത്രമാണ്. വായനക്കാരെ ഏറ്റവും നന്നായി പഠിക്കുന്നവരാണ് പത്രാധിപന്മാർ. മോശം സാഹിത്യം വാരികയിലിട്ടാൽ ചീത്ത കേൾക്കേണ്ടത് അവരാണ്. സൃഷ്ടിയുടെ നിലവാരത്തിൽ അവർ ശ്രദ്ധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
രാജേഷ് ജയരാമൻ: ആരാണ് നല്ല എഴുത്തുകാരൻ?
ഇ. ഹരികുമാര്‍: ആദ്യത്തെ ഒരു വാചകത്തിനപ്പുറം, അല്ലെങ്കിൽ ആദ്യത്തെ ഖണ്ഡികക്കപ്പുറം ഒരു വായനക്കാരനെ അയാൾ സ്വയം അറിയാതെ കൊണ്ടുപോകാൻ കഴിയുന്ന ആൾ നല്ല എഴുത്തുകാരൻ.
രാജേഷ് ജയരാമൻ: താങ്കളുടെ രചനകളിൽ സ്‌നേഹത്തിന്റെ ഒരു വലിയ നൂലിഴയുണ്ട്. പക്ഷെ, ഇന്ന് സത്യത്തിൽ സ്‌നേഹമെന്നൊരു വികാരമുണ്ടോ?
ഇ. ഹരികുമാര്‍: ശരിയാണ്. സ്‌നേഹം എന്ന വികാരം അതിവേഗം നമ്മുടെയിടയിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. 'എഞ്ചിൻ ഡ്രൈവറി'ലെ രാജൻ പറയുന്നതുപോലെ സംരക്ഷിക്കപ്പെടേണ്ട ഒരു വർഗ്ഗമാണ് സ്‌നേഹം എന്ന വികാരം ഉള്ളിൽ വെച്ചു നടക്കുന്നവർ. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഞാൻ. മറിച്ചു പറഞ്ഞാൽ സ്‌നേഹം എന്ന വികാരം ഒരിക്കൽ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കയാണ് എന്റെ കഥകൾ.
രാജേഷ് ജയരാമൻ: എങ്ങിനെയുണ്ട് എറണാകുളത്തെ ഫ്‌ളാറ്റു ജീവിതം? പൊന്നാനിയിലെ പഴയകാല ഗ്രാമീണ ജീവിതത്തെ കുറിച്ചോർക്കാറില്ലേ?
ഇ. ഹരികുമാര്‍: എനിക്കിഷ്ടം മണ്ണുമായി ജീവിക്കാനാണ്. ഫ്‌ളാറ്റ് ജീവിതം അതിന്റേതായ സൗകര്യങ്ങൾ നൽകുന്നു. പട്ടണത്തിന്റെ നടുക്ക് താമസം. ജനറേറ്റർ ഉള്ളതുകൊണ്ട് പവർകട്ട് അറിയുന്നില്ല. വെള്ളം കുറഞ്ഞാൽ ടാങ്കറിൽ എത്തുന്നു. വാച്ച്മാൻ ഉള്ളതുകൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കാം. എന്തൊക്കെയായാലും പൊന്നാനിയിൽ വീട്ടുവളപ്പിൽ കൈക്കോട്ടുമെടുത്ത് കിളച്ച് ചെടികൾ നട്ടിരുന്നത് ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാനാവൂ. എന്നോ കണ്ട സ്വപ്നം പോലെ, ഇനി വരില്ലെന്നും ഇനി തിരിച്ചുപോകാൻ പറ്റില്ലെന്നുമുള്ള അറിവോടെ ഞാൻ ആ കാലം ഓർക്കുകയാണ്.
രാജേഷ് ജയരാമൻ: ഒരാൾ കഥയും കവിതയും മാത്രം എഴുതിയാൽ മതിയോ? സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടേണ്ടേ? ഈ ഉത്താരാധുനിക കാലത്തിൽ സമൂഹജീവിതത്തിലെ എഴുത്തുകാരന്റെ പ്രസ്‌ക്തി എന്താണ്?
ഇ. ഹരികുമാര്‍: എഴുത്തുകാരൻ തന്റെ സൃഷ്ടികളിലൂടെ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ഇടപെടുകയാണ് ചെയ്യുന്നത്. നേരിട്ട് ഇടപെടാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. എന്റെ ഓരോ കഥയും ഓരോ സാമൂഹിക പ്രശ്‌നത്തിൽ എനിക്കുള്ള അഭിപ്രായം വ്യക്തമാക്കുന്നു. ആധുനികത, ഉത്തരാധുനികത മുതലായ പ്രസ്ഥാനങ്ങൾ നമ്മുടെ സംസ്‌കാരത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും ഉരുത്തിരിഞ്ഞതല്ല എന്ന കാരണം കൊണ്ട്, ഇവിടെ പ്രസക്തമല്ല. പാശ്ചാത്യ നിരൂപണഗ്രന്ഥങ്ങളുടെ ലഭ്യതയും അവ മനസ്സാക്ഷിയില്ലാതെ ഉപയോഗിക്കാനുള്ള സന്നദ്ധതയുമാണ് മലയാള സാഹിത്യത്തെ അതിന് തീരെ പരിപയമില്ലാത്ത വിധത്തിൽ പ്രസ്ഥാനവൽക്കരിക്കാൻ ഒരുപറ്റം നിരൂപകന്മാർക്ക് പ്രചോദനം നൽകിയത്. പാശ്ചാത്യസാംസ്‌കാരിക മേധാവിത്തത്തിന്റെ വികൃതമായ മുഖമാണ് ഞാൻ ഉത്തരാധുനികതയിൽ കാണുന്നത്. സാംസ്‌കാരികമായി നമ്മുടെ ബോധമണ്ഡലത്തെ പടിപടിയായി സ്വാധീനിച്ച്, നമ്മെ തിരിച്ചു പോക്കില്ലാത്തവിധം പാശ്ചാത്യവിധേയരാക്കുകയാണ് ചെയ്യുന്നത്.
രാജേഷ് ജയരാമൻ: വിവാദങ്ങളാണല്ലോ എല്ലായിടത്തും? വിവാദങ്ങളില്ലാതെ ഒരെഴുത്തുകാരന് നിലനിൽപ്പില്ലേ?
ഇ. ഹരികുമാര്‍: ശ്രദ്ധിക്കപ്പെടുന്നില്ലെന്നു തോന്നുമ്പോഴാണ് എഴുത്തുകാരൻ വിവാദങ്ങളിൽ ഏർപ്പെടുന്നത്. അല്ലെങ്കിൽ സർഗ്ഗശക്തിക്ഷയിക്കുമ്പോൾ. എന്തായാലും രണ്ടാംതരം ഏർപ്പാടാണത്.
രാജേഷ് ജയരാമൻ: പൊതുവെ, കപടന്മാരല്ലേ നമ്മുടെ എഴുത്തുകാർ? ഇന്ത്യഅണുബോംബു പൊട്ടിച്ചാൽ എതിർക്കും. ചൈന പൊട്ടിച്ചാൽ അനുകൂലിക്കും.
ഇ. ഹരികുമാര്‍: താങ്കൾ പറഞ്ഞത് ശരിയാണ്. ഈ വിഷയത്തെപ്പറ്റി ഞാൻ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. മലയാളം വാരികയിൽ. അതിൽ ഈ കാര്യങ്ങളും ഇന്ത്യ അണുബോംബു പൊട്ടിച്ചതിനെപ്പറ്റി എന്റെ അഭിപ്രായവും കൊടുത്തിട്ടുണ്ട്. ഒരു ഖണ്ഡിക ഞാൻ ഉദ്ധരിക്കാം.
ഇന്ത്യ ഇന്ന് അണുബോംബ് പരീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യ സാങ്കേതികതലത്തിൽ എവിടെ നിൽക്കുന്നു എന്നതിന്റെ കൂടി സൂചനയാണ്. അമേരിക്കയ്ക്കും യൂറോപ്യൻ സമൂഹത്തിനും തലവേദനയുണ്ടാക്കുന്നതും ഇതാണ്. ഇന്ത്യ സാങ്കേതികവിദ്യയിൽ മുന്നേറിയാൽ കാലക്രമത്തിൽ അവരുടെ വിപണിയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയും ചീനയുമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിപണി. അതു കൈയടക്കാനുള്ള ശ്രമത്തിലാണ് അവർ. നിങ്ങൾ ഒന്നുമുണ്ടാക്കണ്ട, ഞങ്ങളില്ലേ അതൊക്കെ തരാൻ എന്നു പറഞ്ഞ് നമ്മെ അവികസിത രാജ്യമാക്കി നിലനിർത്താനുള്ള ശ്രമം. നമ്മുടെ അണുവായുധ പരീക്ഷണങ്ങളെ വിമർശിക്കുന്നവർ അവരറിയാതെ അമേരിക്കൻ യൂറേപ്യൻ സമൂഹത്തിന്റെ പുതിയ കൊളോണിയലിസത്തെ സഹായിക്കുകയാണ്.
രാജേഷ് ജയരാമൻ: താങ്കളുടെ പല രചനകളിലും സെക്‌സ് തീവ്രമാകുന്നുണ്ടല്ലോ. ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവൽ ഉദാഹരണം.
ഇ. ഹരികുമാര്‍: ലൈംഗികതയെപ്പറ്റിയുള്ള എന്റെ വീക്ഷണങ്ങൾ വളരെ തെറ്റിദ്ധാരണകൾക്കു കാരണമായിട്ടുണ്ട്. സ്‌നേഹമില്ലാത്ത ലൈംഗികതയ്ക്ക് ഞാൻ എതിരാണ്. എന്റെ കഥാപാത്രങ്ങൾ ഒരു വേശ്യയുടെ ഒപ്പം കിടക്കുമ്പോൾക്കൂടി അടിസ്ഥാനപരമായി അവളെ സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. 'കോമാളി' എന്ന കഥയിൽ നൈരാശ്യത്തിനും മടുപ്പിനുമിടയിൽ കഴിയുന്ന ഒരു കഥാപാത്രം വേശ്യയുടെ ഒപ്പം പോകുന്നുണ്ട്. സ്‌നേഹമില്ലാതെയാണ് അത് ചെയ്തത് എന്ന കാരണം കൊണ്ട് അയാൾ സ്വയം വെറുക്കുകയാണ്. 'തിമാർപൂർ' 'തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം' എന്നീ കഥകളിൽ മറിച്ചാണുണ്ടാവുന്നത്. സ്‌നേഹമെന്ന വികാരമില്ലെങ്കിൽ ഭാര്യഭർത്തൃബന്ധം കൂടി അഭികാമ്യമല്ല, വേശ്യാവൃത്തിക്കു തുല്ല്യമാണ് എന്ന വിശ്വാസക്കാരനാണ് ഞാൻ.
സെക്‌സിനെപ്പറ്റി നമ്മുടെ സമൂഹത്തിൽ വികലമായൊരു ചിന്താഗതിയാണുള്ളത്. സെക്‌സ് മനോഹരമായൊരു വികാരമാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ അതുണ്ട്. ഇല്ലെന്നു നടിച്ചിട്ടു കാര്യമില്ല. അതു കലകളിലും സാഹിത്യത്തിലും നേരിട്ടു പ്രകടിപ്പിക്കാൻ പലതരം വിലക്കുകളുള്ളതിനാൽ സമൂഹം അതിനെ വികൃതമായി ചിത്രീകരിക്കുന്നു. പിന്നെപ്പിന്നെ ആ വൈകൃതം മനസ്സിൽ പാടായിത്തീർന്ന കാരണം സെക്‌സിന്റെ ശരിക്കുള്ള സൗന്ദര്യം കാണാതെ പോകുന്നു. വികൃതമായൊരു കണ്ണടവെച്ചു വായിക്കുന്നതു കാരണം സൗന്ദര്യം വൈകൃതമായി തോന്നുന്നു. അതൊരു നഷ്ടമാണ്. സാഹിത്യം ഒരു കണ്ണാടിയാണ്. നിങ്ങളുടെ മുഖം തന്നെയാണതിൽ കാണുന്നത്. കണ്ണാടി ഉടച്ചിട്ടു കാര്യമില്ല.
സെക്‌സ് കഥയുടെ ഘടനയിൽ ഒഴിവാക്കാനാവാത്ത സന്ദർഭത്തിൽ മാത്രമേ ഞാൻ ചിത്രീകരിക്കുന്നുള്ളു. അങ്ങിനെ ചിത്രീകരിക്കുമ്പോഴാകട്ടെ അത് മനോഹരമായി ചിത്രീകരിക്കാൻ ശ്രമിക്കാറുമുണ്ട്. സെക്‌സിന്നും ആഭാസത്തിനുമിടയിലുള്ള അതിർവരമ്പുകൾ ശ്രദ്ധിച്ചു കൊണ്ടുതന്നെ. എന്റെ 'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന നോവൽ വായിച്ചാലറിയാം ഞാൻ എത്രമാത്രം സംയമനം പാലിച്ചിട്ടുണ്ടെന്ന്.
രാജേഷ് ജയരാമൻ: താങ്കളുടെ മറ്റു രചനകളിൽ നിന്ന് പ്രകടമായ വ്യത്യാസം കാണാമല്ലോ കുടുംബപൂരാണം, എഞ്ചിൻഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി എന്നീ നോവലുകളിൽ. ഒന്നു വിമർശിക്കാൻ തുനിഞ്ഞാൽ പൈങ്കിളിയുടെ സ്വാധീനമല്ലേ രണ്ടിലും കൂടുതൽ?
ഇ. ഹരികുമാര്‍: പൈങ്കിളിയെന്നതിന്റെ നിർവ്വചനം എന്താണ്? ഏതു വിധത്തിലാണ് ഒരു കുടുംബപുരാണവും, എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ചകുട്ടിയും പൈങ്കിളിയാവുന്നത്. കുടുംബപുരാണത്തിലെ ഓരോ അദ്ധ്യായവും, പ്രത്യേകിച്ച് കനിവിന്റെ സ്പർശം, മാതാവിന്റെ ആശിസ്സുകളോടെ തുടങ്ങിയ അദ്ധ്യായങ്ങൾ തികച്ചും ഹരികുമാർ കഥകൾതന്നെയാണ്. ഇതു പൈങ്കിളിയാണെങ്കിൽ ഉറൂബിന്റെ കുഞ്ഞമ്മയും കൂട്ടുകാരും, ബഷീറിന്റെ ആനവാരിക്കഥകളും ജൊവാന്നി ഗാരേഷ്‌കിയുടെ ഡോൺ കാമിലോ കഥകളും പൈങ്കിളിയായിരിക്കണമല്ലോ. നർമ്മം ഉണ്ടെന്ന കാരണം കൊണ്ട് ഒരു കൃതി പൈങ്കിളിയാവുമോ? അതു പോലെത്തന്നെ എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച കുട്ടിയും. വളരെ ഗൗരപൂർവ്വമായ ഒരു നോവലായാണ് ഞാനതിനെ കാണുന്നത്. അതിലെ പ്രധാന കഥാപാത്രം അവളുടെ പ്രായത്തിൽ പെരുമാറുന്നുവെന്നതു കൊണ്ട് കഥ പൈങ്കിളിയാവില്ലല്ലോ. മറിച്ച് കഥാപാത്രം ദെരീദയെ വായിക്കുന്നുവെന്ന് എഴുതിവച്ചാൽ സ്വഭാവം മാറുമോ? മറ്റൊരു കാര്യം, ഈ നോവൽ മനോരമ ഓണപ്പതിപ്പിൽ വന്നപ്പോൾ വളരെ നല്ല അഭിപ്രായം എഴുതി അറിയിച്ചവർ പലരും സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്നവരാണ്. നോവൽ രചനയിൽ ഒരു പുതിയ ശൈലി, അതായത് നേരിട്ട് ഒഴുക്കനെ കഥപറഞ്ഞു പോകാതെ ഒരു കഥാപാത്രത്തിന്റെ സ്വഭാവരൂപീകരണത്തിലൂടെ കഥയെ നയിക്കുന്നത്, മലയാളത്തിൽ ഇതുവരെ ആരും ചെയ്തുകണ്ടിട്ടില്ല.
രാജേഷ് ജയരാമൻ: എങ്ങനെയായിരുന്നു കുട്ടിക്കാലം? കുട്ടിക്കാലത്തിലെ ദാരിദ്ര്യത്തെക്കുറിച്ച് മുമ്പെപ്പഴോ എഴുതിയിരുന്നു.
ഇ. ഹരികുമാര്‍: രണ്ടു തരത്തിൽ കുട്ടിക്കാലം എന്റെ കഥകളിൽ വരുന്നുണ്ട്. ഒന്ന്, കുട്ടികളുടെ കഥ പറയുക വഴി എന്റെ തന്നെ കുട്ടിക്കാലം പുനർനിർമ്മിക്കുക. ഉദാഹരണമായി 'രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ', 'താമസി', 'വിഷു' രണ്ട്, വർത്തമാനകാലവും കുട്ടിക്കാലവും ഒരു ഊഞ്ഞാൽപോലെ ആടുന്ന കഥകൾ. വർത്തമാനകാലത്തിൽ നിന്ന് സ്വന്തം കുട്ടിക്കാലത്തിലേയ്ക്ക് ഊളിയിട്ട് ശാന്തിതേടുന്ന കഥാപാത്രങ്ങൾ. കുട്ടിക്കാലം എന്തെന്തുവിഷമങ്ങളുണ്ടായിരുന്നാലും എന്നെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിരുന്നു. വിശപ്പറിഞ്ഞിരുന്നു. പഠിക്കുന്ന കാലം മുഴുവൻ മിക്കവാറും ഒരു ജോടി വസ്ത്രങ്ങളേ ഉണ്ടായിരുന്നുള്ളു. പുസ്തകം വാങ്ങാൻ കഴിയാതെ മറ്റു സ്‌നേഹിതരെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഫീസ് പിഴകൂടാതെയല്ലാതെ കൊടുത്ത ഓർമ്മയില്ല. അങ്ങിനെയൊക്കെയായിരുന്നെങ്കിലും കുട്ടിക്കാലത്തെപ്പറ്റി ഓർക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം ലഭിക്കുന്നു. കുട്ടിക്കാലത്ത് എപ്പോഴും വെയിലുണ്ടായിരുന്നുവെന്ന് ഒരു കഥയിൽ പറയുന്നത് കുട്ടിക്കാലത്തെ എന്റെ മാനസിക നിലയെപ്പറ്റിയായിരിക്കണം. ഭൂതകാലത്തിലേയ്ക്ക് പ്രത്യേകിച്ചും കുട്ടിക്കാലത്തിലേയ്ക്ക് ഉൾവലിയുന്ന കഥാപാത്രങ്ങളുടെ സൃഷ്ടി ഈ പാശ്ചാത്തലത്തിലായിരിക്കണം. കുട്ടിക്കാലം സാന്ത്വനമരുളുന്നു.
കുട്ടിക്കാലത്തോടുള്ള ഈ അടുപ്പമായിരിക്കണം കുട്ടികൾ കഥാപാത്രങ്ങളായുള്ള ധാരാളം കഥകൾ എഴുതാൻ പ്രചോദനം. 'കുങ്കുമം വിതറിയ വഴികൾ', 'രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ', 'ചുമരിൽ ചിത്രമായി മാറിയ അച്ഛൻ', 'ദിനോസറിന്റെ കുട്ടി', ഒരു കുങ്ഫു ഫൈറ്റർ', 'ഡോക്ടർ ഗുറാമിയുടെ ആശുപത്രി', 'കനഡയിൽ നിന്നൊരു രാജകുമാരി', 'പഴയൊരു ഭീഷണിക്കാരി', 'അമ്മുപറഞ്ഞ കഥ', 'ചിരിക്കാനറിയാത്ത കുട്ടി', 'അരുന്ധതിയുടെ പൈങ്കിളി കവിതകൾ', 'ഏറ്റവും മഹത്തായ കാഴ്ച', 'മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ', 'ഒരു തണുത്തകാറ്റായി അവൻ', 'പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ', 'പച്ചപ്പയ്യിനെ പിടിക്കാൻ', 'കളിക്കാലം', 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ' എന്നീ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് കുട്ടികളാണ്.
രാജേഷ് ജയരാമൻ: അച്ഛനെ കുറിച്ചുള്ള ഓർമ്മകളോ?
ഇ. ഹരികുമാര്‍: അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പേടിയുടെയും, ആദരവിന്റെയും സർവ്വോപരി കടുത്ത സ്‌നേഹത്തിന്റേതുമാണ്. അച്ഛൻ എഴുതുകയാണെങ്കിൽ ഞങ്ങൾ കുട്ടികൾ തീരെ ബഹളമുണ്ടാക്കാറില്ല. അച്ഛൻ സാധാരണക്കാരിൽ നിന്ന് വ്യത്യസ്തനാണെന്ന ബോധം കുട്ടിക്കാലം തൊട്ടേ ഉണ്ടായിരുന്നു. അച്ഛനെ സ്വന്തമായി കിട്ടില്ലെന്ന ബോധവും. കവിതയും നാടകവും എഴുതുന്നതിനു പുറമേ അച്ഛൻ കലാസാംസ്‌കാരിക മണ്ഡലങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. വീട്ടിലെത്താൻ വൈകിയിരുന്ന അച്ഛനെ കാത്ത് പടിക്കലേയ്ക്ക്, പ്രത്യേകിച്ച് ഇടിയും മഴയും ഉള്ള ദിവസങ്ങളിൽ, ഉത്കണ്ഠയോടെ നോക്കിയിരിക്കുന്ന എന്റെ ചിത്രം ഓർമ്മയിൽ വരുന്നുണ്ട്. അച്ഛൻ വന്നാലെ സമാധാനമാകൂ. ചിലപ്പോൾ തോന്നാറുണ്ട്, അച്ഛന്റെ വിരളമായ സാന്നിദ്ധ്യം കൊണ്ട് തൃപ്തിപ്പെടാനാകാതെ അച്ഛന്റെ ശ്രദ്ധയാകർഷിക്കാനുള്ള ഒരു വഴിയായിട്ടായിരിക്കണം ഞാൻ സാഹിത്യപ്രവർത്തനം തുടങ്ങിയത്.
രാജേഷ് ജയരാമൻ: മലയാളത്തിലെ നിരൂപണത്തിന്റെ സ്ഥിതിയെങ്ങനെ? ആശാവഹമാണോ?
ഇ. ഹരികുമാര്‍: നിരൂപണം. ഇന്നു ബഹളമുണ്ടാക്കുന്ന നിരൂപകർക്കു ശേഷം സാഹിത്യത്തെ അതിന്റെ ശരിയായ മൂല്യങ്ങളിൽ കാണാൻ കഴിവുള്ള ഒരു തലമുറ ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ പരിഹാസ്യജനകമായ 'ഉത്തരാധുനികത'യെന്ന ഇറക്കുമതി ചരക്കുകൾക്കുമപ്പുറത്ത് തനതായ ഒരു സാഹിത്യം മലയാളത്തിലുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഇത് ആശാവഹമാണ്.
രാജേഷ് ജയരാമൻ: സ്വപ്നം കാണാറുണ്ടോ?
ഇ. ഹരികുമാര്‍: തീർച്ചയായും സ്വപ്നം കാണാത്ത നിമിഷങ്ങളില്ല. എന്റെ ജീവിതം തന്നെ ഒരു വലിയ സ്വപ്നമാണെന്നു ഞാൻ വിശ്വസിക്കുന്നു.
രാജേഷ് ജയരാമൻ: എം. മുകുന്ദൻ സ്വന്തം വാക്കുകളെ ഭയക്കുന്നു. താങ്കൾ എന്തിനെയാണ് പേടിക്കുന്നത്?
ഇ. ഹരികുമാര്‍: ഒന്നിനേയും പേടിയില്ല.