ഇ ഹരികുമാര്‍
മഴ തോർന്ന് വെയിലുദിച്ചപ്പോൾ മണ്ണിൽ ദൈവത്തിന് എണ്ണ കൊടുക്കുന്ന പുഴുവുണ്ടായിരുന്നു. ഒരിഞ്ചു നീളത്തിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള കെട്ടുകളോടെ അതു ധൃതിയിൽ അരിച്ചുനീങ്ങി. അതെങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടുപിടിക്കാൻ പല തവണ ശ്രമിച്ചതാണ് വാസു. ദൈവം താമസിക്കുന്നിടം കാണാൻ ഒരു പക്ഷെ കഴിഞ്ഞേക്കും. പക്ഷേ, രാഘവേട്ടൻ പറയുന്നത് ആ പുഴു വൈകുന്നേരംവരെ എണ്ണ ശേഖരിക്കുമെന്നാണ്. വൈകുന്നേരമായാൽ ദൈവം പുഴുവിന് ഒരു നൂലേണി ഇറക്കിക്കൊടുക്കുമത്രെ.
പുഴുവിന്റെ പിന്നാലെ നടന്ന് എത്തിയത് ഒരു ചെറിയ അരുവിയിലേക്കാണ്. മേലെ കണ്ടത്തിൽ കെട്ടിനിന്ന വെള്ളം താഴെ കണ്ടത്തിലേയ്ക്ക് ഒരരുവിയായി ഒഴുകുന്നു. തെളിഞ്ഞ വെള്ളം. മുകളിൽ പ്ലാവിന്റെ ഇലകളിലൂടെ അരിച്ചെത്തിയ സൂര്യവെളിച്ചം അരുവിക്ക് തിളക്കം കൊടുത്തു.
ഇവിടെ ഒരു അണക്കെട്ടു കെട്ടാം. വാസു വിചാരിച്ചു. പിന്നെ വെള്ളം മലമ്പുഴ അണക്കെട്ടിൽ കണ്ടപോലെ ഒരു ടണലിൽക്കൂടി കുറെ ദൂരെ വരുത്താം. വാസുവിന്റെ കണ്ണുകൾ വിടർന്നു. അവൻ അണക്കെട്ടു കെട്ടാനുള്ള സാമഗ്രികളും അന്വേഷിച്ചു നടന്നു.
വായുവിൽ ഇലഞ്ഞിപ്പൂക്കളുടെ മണമുണ്ടായിരുന്നു. ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിറയെ പൂക്കൾ ചിതറിക്കിടക്കുന്നുണ്ടാകും. അതു പെറുക്കുന്നത് പെൺകുട്ടികളുടെ പണിയാണ്. പോരാത്തതിന് അതിലും കാര്യമായ ഒരു പണി ഇവിടെ കിടക്കുന്നു!
രാഘവൻ സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാസു അണക്കെട്ടിന്റെ പണി തുടങ്ങിയിരുന്നു.
നീ എന്താണ് ഉണ്ടാക്കുന്നത്?
ഒരു അണക്കെട്ട്.
അണക്കെട്ടോ?
അതെ.
രാഘവന്റെ കണ്ണുകൾ വിടർന്നു. വാസു ഒരു എഞ്ചിനീയറെപ്പോലെ അവന്റെ പ്ലാനിന്റെ വിശദാംശങ്ങൾ വിവരിക്കുന്നത് അല്പം അസൂയ കലർന്ന മതിപ്പോടെ രാഘവൻ നോക്കി നിന്നു. നാലു വയസ്സ് താഴെയാണെങ്കിൽക്കൂടി തന്നേക്കാൾ നന്നായി പല കാര്യങ്ങളും ആസൂത്രണം ചെയ്യാനും അതു നന്നായി പ്രയോഗത്തിൽ വരുത്താനും അവനു കഴിയും.
കല്ലുകൾ സംഭരിച്ച് അവർ അണക്കെട്ടിന്റെ പണി തുടങ്ങി. രണ്ടു ഭാഗത്തുനിന്നും മതിൽ ഉയർത്തിക്കൊണ്ടു വന്നു. നനഞ്ഞ മണ്ണ് കയ്യിൽ വഴങ്ങുന്നത് ലഹരി പിടിപ്പിക്കുന്നതായിരുന്നു.
അപ്പോഴാണ് മൊട്ടച്ചിയുടെ വരവ്. ഇറക്കം കുറഞ്ഞ ഫ്രോക്കു ധരിച്ച് രാവിലെ അമ്മ ചുവന്ന റിബ്ബൺ കൊണ്ട് കെട്ടിക്കൊടുത്ത തലമുടിയും തുള്ളിച്ചുകൊണ്ട് അവൾ ഓടി വന്നു.
വാസ്വേട്ടാ ഞാനുംണ്ട് കളിക്കാൻ.
ചതിച്ചു. വാസു രാഘവനോട് പതുക്കെ പറഞ്ഞു. മൊട്ടച്ചി ഇതെല്ലാം കുഴപ്പത്തിലാക്കും. അവൻ നയത്തിൽ സാവിത്രിയോടു പറഞ്ഞു.
ഇതൊന്നും കളിയല്ല മോളെ. ഏട്ടമ്മാര് ഒരു വലിയ അണക്കെട്ടുണ്ടാക്കാണ്. വേനൽക്കാലത്ത് നമുക്ക് വെണ്ടത്തയ്യുകൾക്കൊക്കെ നനയ്ക്കണ്ടെ?
അതിന് പരമൻ ഏത്തം വെയ്ക്കില്യേ?
അവൾ ബുദ്ധിമതിയായിരുന്നു.
ഒരു ദിവസം പരമൻ തേവാൻ വന്നില്ലെങ്കിലോ? നമ്മുടെ വെണ്ടയും വഴുതിനയും ഒക്കെ ഉണങ്ങിപ്പോവില്യേ?
അല്ലാ, ഞാനുംണ്ട് കളിക്കാൻ.
അവൾ അടുത്തു വന്നിരുന്നു.
നയത്തിൽ അവളെ ഒഴിവാക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ രാഘവൻ പറഞ്ഞു.
മൊട്ടച്ചീ, നീ പൊയ്‌ക്കോ. അതാ നല്ലത്.
ഞാൻ മൊട്ടച്ചിയല്ല, നോക്കൂ.
അവൾ റിബ്ബൺ കെട്ടിയ തലമുടി പൊന്തിച്ചുകാണിച്ചു കൊടുത്തു. റിബ്ബൺ കെട്ടിയതിനു ശേഷം രണ്ടിഞ്ചു നീളത്തിൽ തലമുടി എറുത്തുനിന്നിരുന്നു.
ഈ കുഞ്ചിരോമത്തിന് ആരെങ്കിലും തലമൂടീന്ന് പറയ്യൊ? വാസു കളിപ്പിച്ചു.
ഞാൻ മുണ്ടില്യാ ഈ ഏട്ടമ്മാരോട്.
അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു നടന്നു.
മുണ്ടില്ലെങ്കിൽ ഉടുക്കണ്ട. വാസു വിളി ച്ചു പറഞ്ഞു.
അണക്കെട്ടിന്റെ പണി തുടർന്നു. നടുവിൽ വെള്ളം ഒലിയ്ക്കുന്നിടത്ത് ഒരു കരിങ്കൽ തന്നെ വെയ്ക്കണം. അതു വെച്ചു മീതെ മണ്ണിട്ടപ്പോൾ അണക്കെട്ടു നിറയാൻ തുടങ്ങി.
ഇനി നമുക്കൊരു ടണൽ സംഘടിപ്പിക്കണം, കൂടുതൽ വെള്ളം ഒഴിഞ്ഞു പോകാൻ. വാസു പറഞ്ഞു.
അവൻ ഓടിപ്പോയി ഒരു ഓമത്തണ്ട് വെട്ടിക്കൊണ്ടുവന്നു. ഉള്ളു പൊള്ളയായ ആ തണ്ട് അണക്കെട്ടിന്റെ ഒരു വശത്തായി അടിയിൽക്കൂടി വെച്ചപ്പോൾ വെള്ളം ആ കുഴലിലൂടെ ശക്തിയായി പ്രവഹിച്ചു തുടങ്ങി. ഇനി അവിടെ ഒരു തോടു കീറിയാൽ ജലസേചന പദ്ധതി തുടങ്ങാം.
അപ്പോഴേയ്ക്കും സാവിത്രി ഓടി വന്നു.
നോക്കു, വെണ്ട കുഴിച്ചിട്ടത് മുളച്ചു.
വാസുവും രാഘവനും നോക്കിയപ്പോൾ അവളുടെ കൈയിൽ ഒരു ചെറിയ തൈ. മുള പൊട്ടി രണ്ടില വിരിയുന്നതേയുള്ളു.
അയ്യോ, അത് പറിക്കാൻ പാടില്ല മോളെ. നാശമാവില്ലെ?
രാഘവൻ അവളുടെ കൈയിൽനിന്ന് വെണ്ടത്തൈ വാങ്ങി. അവർ വെണ്ട പാവിയ കണ്ടത്തിലേയ്‌ക്കോടി. ഒരു മാതിരി എല്ലാം മുളച്ചിരിക്കുന്നു. ചിലത് രണ്ടില വിരിഞ്ഞിരിക്കുന്നു. ചിലത് ഇപ്പോഴും വളഞ്ഞ് മുട്ടുകുത്തി നിൽക്കുകയാണ് ചെറിയ കുട്ടികളെപ്പോലെ. ചിലതു മണ്ണു പിളർന്നു പുറത്തേക്കു വരാൻ ശ്രമിക്കുന്നു.
നമുക്കിതിന് ഓലകൊണ്ടു വളയിട്ടു കൊടുക്കണം. വാസു പറഞ്ഞു. എല്ലാം നിവരട്ടെ.
രാഘവൻ, സാവിത്രി പറിച്ചെടുത്ത തൈ തിരിച്ച് മണ്ണിൽ കുഴിച്ചിട്ടു.
തിരിച്ച് അണക്കെട്ടിലെത്തിയപ്പോഴേക്ക് കെട്ടി നിറുത്തിയ വെള്ളം കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിച്ച് ഒരു വലിയ തടാകമായിരുന്നു. അതിൽ നടുവിൽ ഒരു വലിയ കട്ടുറുമ്പ് പെട്ടിരിക്കുന്നു. അതു കര പറ്റാൻ ശ്രമിക്കുകയാണ്. പക്ഷെ ഒഴുകി വരുന്ന വെള്ളം ഉണ്ടാക്കുന്ന ചുഴിയിൽ അതിനു നീന്താൻ കഴിയുന്നില്ല.
വാസു പറഞ്ഞു. നമുക്കൊരു തോണി ഇറക്കിക്കൊടുക്കാം.
അവൻ ചെറിയ ഒരു ഉണക്കപ്ലാവില തടാകത്തിലേക്കിട്ടു കൊടുത്തു. ഒഴുക്കിൽ ആ പ്ലാവില ഉറുമ്പിന്റെ അടുത്തെത്തിയപ്പോൾ ഉറുമ്പ് അതിൽ കയറി ഇരിപ്പായി. പെട്ടെന്ന് വാസുവിന് വേറൊരു ഐഡിയ മനസ്സിൽ വന്നു. അതു രാഘവനോട് പറയാൻ പോകുമ്പോഴാണ് അവൻ ഓർത്തത്. സാവിത്രി അടുത്തുണ്ട്. അവൾ ഒരു ഈർക്കില കൊണ്ട് ഉറുമ്പരിക്കുന്ന പ്ലാവില തടാകത്തിന്റെ അരികത്തെത്തിക്കാൻ ശ്രമിക്കുകയാണ്.
വാസു രാഘവനോട് സ്വകാര്യം പറഞ്ഞു.
രാഘവേട്ടാ, എനിയ്‌ക്കൊരു ഐഡിയ പക്ഷെ മൊട്ടച്ചിയെ പറഞ്ഞയക്കണം.
സാവിത്രി ഉറുമ്പിനെ രക്ഷിക്കുന്നതിൽ ശ്രദ്ധിച്ചിരിക്കയാണ്.
വാസു പറഞ്ഞു.
മോളെ നീ വീട്ടിലേക്ക് പൊയ്‌ക്കൊ. ഇവിടെ ഇപ്പൊ ഒരു വലിയ നരി വരും.
എനിക്കും നരിയെ കാണണം. അവൾ ശഠിച്ചു.
അയ്യോ നരി പെൺകുട്ടികളെ കണ്ടാൽ ഉടനെ കടിച്ചുതിന്നും. നമ്മുടെ നന്ദിനിപ്പശൂനേക്കാൾ വലുതാണ് നരി, അറിയ്വോ? ഏട്ടന്റെ പുസ്തകത്തില് കണ്ടിട്ടില്ല്യെ? മോള് പോയ്‌ക്കോ.
അപ്പോ ഏട്ടമ്മാരെ നരി തിന്നില്യെ?
ഏയ് ഇല്ല. ആൺകുട്ടികളെ തിന്നില്ല.
ഞാനിവിടെ നിൽക്ക്വാണ്. അവൾ പറഞ്ഞു.
നിന്നോ, യാതൊരു തരക്കേടുമില്ല. നരി ഇപ്പോ വരും. നിന്നെ കറും മുറുംന്ന് തിന്നും ചെയ്യും. വാസ്വേട്ടൻ പോയി കുറച്ച് ഉപ്പും പച്ചമുളകും കൊടുക്കും നരിക്ക്.
എന്തിനാ?
ഉപ്പും മുളകും ഇല്ലാതെ നിന്നെ തിന്നാൻ സ്വാദുണ്ടാവ്വോ?
അവൾ പതുക്കെ എഴുന്നേറ്റു.
ഞാൻ പോവ്വാണ്. എനിക്ക് നിങ്ങടെ ഒപ്പം കളിക്കണ്ട.
കുളത്തിന്റെ അടുത്ത കണ്ടത്തിൽ വേനലിൽ ഏത്തത്തിന് ഉപയോഗിച്ചിരുന്ന കരിമ്പനപ്പാത്തി വെച്ചിട്ടുണ്ട്. മഴ തുടങ്ങിയപ്പോൾ അച്ഛൻ പരമനെക്കൊണ്ട് അതെടുപ്പിച്ച് രണ്ടു കല്ലിന്മേൽ കയറ്റി വെപ്പിച്ചതാണ്. ചിതൽ പിടിച്ച് നാശമാവാതിരിക്കാൻ.
നമുക്ക് ആ പാത്തിയെടുത്ത് കുളത്തിലിട്ട് തോണിയായി തുഴഞ്ഞു കളിക്കാം. വാസു പറഞ്ഞു രണ്ടു ഭാഗത്തു മണ്ണിട്ടാൽ വെള്ളം കടക്കില്ല.
രാഘവന് വാസുവിനോട് പെട്ടെന്ന് മതിപ്പും ഒപ്പം തന്നെ കടുത്ത അസൂയയും ഉണ്ടായി. ഈ വക കാര്യങ്ങൾ തന്റെ ബുദ്ധിയിൽ ഒരിക്കലും വരില്ല. അനുജന്റെ കഴിവിലും ബുദ്ധിശക്തിയിലും രാഘവന് മതിപ്പാണ്. പക്ഷെ മറ്റുള്ളവർ, രണ്ടുപേരെയും താരതമ്യപ്പെടുത്തി തന്നെ തരം താഴ്ത്തുമ്പോൾ അവനു വേദനയുണ്ടാകാറുണ്ട്. പലപ്പോഴും ഇങ്ങിനെ ഒരനുജൻ ഉണ്ടായിരുന്നില്ലെങ്കിലെത്ര നന്നായിരുന്നു എന്നുവരെ തോന്നാറുണ്ട്.
ഒരിക്കൽ വളരെയധികം പേരുടെ മുമ്പിൽ വെച്ച് അപമാനിതനായിട്ടുണ്ട്. അമ്മാവനാണ് കാരണം. അമ്മാവൻ, അമ്മായിയും കുട്ടികളുമായി സന്ദർശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ കുറെ കണ്ണിമാങ്ങകൾ പൊതിഞ്ഞുകൊടുക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. രാഘവൻ അത് ഒരു വർത്തമാനക്കടലാസ്സിൽ പൊതിയുകയായിരുന്നു. കണ്ണിമാങ്ങകൾക്ക് നനവുണ്ടായിരുന്നതുകൊണ്ട് പൊതി കെട്ടുമ്പോൾ കടലാസ് കീറി. അതു കണ്ടുനിന്ന അമ്മാവൻ പറഞ്ഞു.
നീ ഒരു കടിഞ്ഞൂൽ പൊട്ടൻ തന്നെയാണ്. ആ വാസുവിനെ ഏൽപ്പിക്ക്. അവനതു നന്നായി ചെയ്യും.
പെട്ടെന്ന് അമ്മായിയും മക്കളും ഒന്നായി ചിരിച്ചു. താനൊരു വലിയ ഫലിതം പറഞ്ഞെന്ന ചാരിതാർത്ഥ്യത്തോടെ അമ്മാവനും ചിരിച്ചു.
പെട്ടെന്ന് അവിടം മുഴുവൻ ഇരുട്ടു വന്നു മൂടി താൻ അപ്രത്യക്ഷനായിരുന്നെങ്കിലെത്ര നന്നായിരുന്നെന്ന് രാഘവന് തോന്നി. സ്വയം ഒരു പുഴുവായി മാറിയപോലെ. അപമാനം കടുത്തതായിരുന്നു.
കുറച്ചു വിലക്ഷണമായി ആ പൊതി കെട്ടിയത് കഴിവുകേടുകൊണ്ടു മാത്രമായിരുന്നില്ല. ഒന്നാമതായി അമ്മാവന് ബസ്സിന്റെ നേരമായിരുന്നു. അവസാനത്തെ ബസ്സാണത്. അതു തെറ്റിയാൽ തിരിച്ചു വരികയേ നിവൃത്തിയുള്ളു. പിന്നെ മാങ്ങകൾക്ക് നനവുണ്ടായിരുന്നു. അതാണ് കടലാസ്സ് കീറാൻ കാരണം. അമ്മാവനു ബസ്സു തെറ്റരുതെന്ന സദ്‌വിചാരത്തോടെ ഒരു കാര്യം ചെയ്തപ്പോൾ തന്നെ പരിഹസിക്കുകയാണ്, അപമാനിക്കുകയാണ് ചെയ്തത്.
മുഖം മങ്ങിയെങ്കിലും അവർ പടിക്കു പുറത്തു കടക്കുന്നതു വരെ രാഘവൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നെ മുറിവേറ്റ മൃഗം അഭയത്തിനായി കാട്ടിലേയ്ക്ക് ഓടിയൊളിക്കുന്ന പോലെ അവൻ അകത്തെ മുറികളിലൊന്നിലേയ്ക്ക് വലിഞ്ഞു.
അമ്മാവന്റെ ഫലിതത്തിൽ ചിരിക്കാത്ത ഒരാൾ ഉണ്ടായിരുന്നു. അയാൾ മകന്റെ അഭാവം കണ്ടുപിടിച്ചു. മോനെവിടെ എന്ന ചോദ്യം രാഘവൻ കേട്ടു. അവൻ വിളി കേട്ടില്ല. അവസാനം സാവിത്രിയാണ് രാഘവനെ കണ്ടത്.
ഏട്ടൻ ഇതാ ഇവിടെ ഇരുന്നു കരയുന്നു.
അച്ഛൻ അവനെ എഴുന്നേല്പിച്ചു. മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണീർ തുടച്ചു കൊടുത്തു.
അയ്യയ്യേ! നീ എന്തിനാണ് കരയുന്നത്? ഒരാൾ വിഡ്ഢിത്തം വിളമ്പിയെന്ന് വച്ച് നീ കരയേണ്ട ആവശ്യം? പൊതി പൊട്ടിയത് മാങ്ങ നനഞ്ഞതുകൊണ്ടല്ലെ? അതു തുടച്ച് ഭംഗിയായി കെട്ടി, നിരത്തിലെത്തുമ്പോഴേയ്ക്ക് ബസ്സ് അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ഇതൊന്നും ആലോചിക്കാൻ ഒരാൾക്കു ബുദ്ധിയില്ലെങ്കിൽ നീ എന്തിനു കരയണം?
വാസു പറഞ്ഞു. നമുക്ക് അത് വെള്ളത്തിലിറക്ക്വാ?
രാഘവൻ അതു കേട്ടില്ല. അവൻ അപ്പോഴും പഴകിയതെങ്കിലും ഉണങ്ങിയിട്ടില്ലാത്ത ക്ഷതത്തെ താലോലിക്കുകയായിരുന്നു.
വാസു വീണ്ടും ചോദിച്ചു നമുക്ക് പോവ്വാ?
ശരി, രാഘവൻ സമ്മതിച്ചു.
കരിമ്പനപ്പാത്തി ഭാരമുള്ളതായിരുന്നു. വെള്ളത്തിലേക്കിറക്കുക എളുപ്പമല്ല. അരമണിക്കൂർ നേരത്തെ അദ്ധ്വാനത്തിനുശേഷം അത് കുളത്തിലേയ്ക്ക് ഉരുട്ടിയിട്ടപ്പോഴേയ്ക്ക് രണ്ടു പേരുടെയും കൈയിനടിയിൽ ആരു കയറിയിരുന്നു. കാലിൽ ചെറിയ മുറിവുകളും പറ്റിയിരുന്നു.
ശേഷം പണി എളുപ്പമായിരുന്നു. പാത്തിയുടെ രണ്ടു വശത്തും വെള്ളം കടക്കാതിരിക്കാൻ കട്ടിയുള്ള മണ്ണു വെച്ചു; അവർ രണ്ടറ്റത്തും കയറിയിരുന്നു.
പതുക്കെ തുഴയണം, രാഘവൻ പറഞ്ഞു. സൂക്ഷിക്കണം ട്ടോ, നിനക്ക് നീന്തലറിയാത്തതാണ്.
നിറഞ്ഞു നിന്ന കുളത്തിന്റെ ജലപ്പരപ്പ് വിശാലമായിരുന്നു. മറുഭാഗത്തെ മുളംകൂട്ടം വെള്ളത്തിൽ പ്രതിഫലിച്ചത് കുളത്തിന്റെ ആഴത്തെ വലുതാക്കിക്കാണിച്ചു. തുഴയുമ്പോൾ തോണി കരയിൽ നിന്നകലുന്നതു നോക്കുന്നത് ഉന്മാദത്തോളം പോന്ന ലഹരിയുണ്ടാക്കുന്നതാണ്. അവർ വീട്ടിലേയ്ക്കു നോക്കി. വീട് വളരെ അടുത്തായി കാണപ്പെട്ടു. വടക്കുപുറത്ത് അടുക്കളയും, കുളിമുറിയും കാണാം. ഓടിന്റെ പുകക്കുഴലിൽക്കൂടി നേരിയ വെളുത്ത പുക വായുവിൽ ലയിക്കുന്നു. സാധാരണ ഗതിയിൽ കുളത്തിലിറങ്ങിയാൽ ഇതൊന്നും കാണാൻ പറ്റില്ല.
ആമ്പലിന്റെ ഇലകൾ വെള്ളത്തിൽ മുങ്ങിയിരിക്കയാണ്. തലേന്നു രാത്രി പെയ്ത കനത്ത മഴയ്ക്കുയർന്ന വെള്ളത്തോടൊപ്പം ആമ്പലിന്റെ തണ്ട് വളർന്നിട്ടുണ്ടായിരുന്നില്ല. വൈകുന്നേരമാകുമ്പോഴേയ്ക്ക് ഇലകൾ ഓരോന്നോരോന്നായി പുറത്തേയ്ക്ക് പൊന്തിവരും.
കുളത്തിന്റെ നടുവിൽ ഒരു ആമ്പൽപ്പൂ വിരിഞ്ഞു നിൽക്കുന്നത് അവർ കണ്ടു. വെള്ളത്തിനു തൊട്ടു മുകളിൽ ഒരു വലിയമ്മ കാതിലിട്ട കമ്മൽ പോലെ അത് ആടി. വാസു പറഞ്ഞു.
രാഘവേട്ടാ, നമുക്കത് അറുത്ത് തണ്ടുകൊണ്ട് മാലയുണ്ടാക്കി മൊട്ടച്ചിക്കു കൊടുക്കാം.
തണ്ട് ഓരോ ഖണ്ഡങ്ങളായി ഒടിച്ചാൽ മാലയുണ്ടാക്കാം. അതിനു നടുവിൽ ലോക്കറ്റുപോലെ പൂവും.
രണ്ടുപേരും ആമ്പൽപ്പൂവിനെ ലാക്കാക്കി തുഴഞ്ഞു. പൂവിനടുത്തെത്തിയപ്പോൾ മുന്നോക്കം തുഴഞ്ഞ് തോണി നിറുത്തി. വാസു ഇരുന്ന ഭാഗത്താണ് പൂവുണ്ടായിരുന്നത്. ഏകദേശം ഒന്നര അടി അകലെ അവൻ പൂ, തണ്ടോടുകൂടി, അറുക്കാനായി കുനിഞ്ഞു. പൂവിന്റെ അടിയിലുള്ള തണ്ടിന് നല്ല വണ്ണമുണ്ടായിരുന്നു. വണ്ണമുള്ള മാലയുണ്ടാക്കാം. അതു കേടുവരാതെ തണ്ട് മുഴുവൻ നീളത്തിൽ കിട്ടാനായി വാസു പതുക്കെ വലിച്ചു.
പെട്ടെന്നാണതുണ്ടായത്. പൂവ് തണ്ടോടുക്കൂടി എടുക്കാനുള്ള ശ്രദ്ധയിൽ താൻ വളരെ ചാഞ്ഞിട്ടാണ് ഇരുന്നതെന്നും, തോണിയുടെ ഒരു ഭാഗം വെള്ളത്തിന്റെ വിതാനത്തിലേയ്ക്ക് താഴുന്നുവെന്നും അവൻ കണ്ടില്ല. ആ വലിയ തണ്ട് അടിയിൽ നിന്ന് ഒരു ശബ്ദത്തോടെ പറിഞ്ഞു വന്നതും തോണിയിൽ വെള്ളം നിറഞ്ഞ് അത് കമിഴ്ന്നതും ഒപ്പം കഴിഞ്ഞു. കമിഴ്ന്ന തോണി ആ ശക്തിയിൽ തെന്നിത്തെന്നി കുളത്തിന്റെ മറുഭാഗത്തേയ്ക്ക് വളരെ വേഗത്തിൽ പോവുകയും ചെയ്തു.
രാഘവൻ നീന്താൻ തുടങ്ങി. പെട്ടെന്നുള്ള തോന്നൽ രക്ഷപ്പെടുവാനായിരുന്നു. കുറച്ചു ദൂരം നീന്തിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ വാസു വെള്ളത്തിൽ കയ്യിട്ടടിക്കുകയും, മുങ്ങുകയുമായിരുന്നു.
തോണിയിൽനിന്നു വീണ ഉടനെ വാസു ശ്രമിച്ചത് എവിടെയെങ്കിലും പിടിക്കാനാണ്. വെള്ളത്തിൽ എവിടേയും പിടിത്തം കിട്ടില്ലെന്നു മനസ്സിലായപ്പോൾ അവൻ കാലുകൾ കൊണ്ട് നിലത്തു തൊടാൻ ശ്രമിച്ചു. താഴ്ന്നു പോകുന്ന കാലുകൾ. നിലയില്ല. വീണ്ടും താഴെ. അവന്റെ മുഖം ഇതിനകം വെള്ളത്തിനടിയിലായിരുന്നു. വീണ്ടും താഴേക്ക് താഴ്ന്നു പോയതല്ലാതെ കാലുകൾ എവിടെയും തൊട്ടില്ല. പെട്ടെന്ന് നിലയില്ലാത്ത അഗാധതയാണ് താഴെയെന്ന് അവൻ മനസ്സിലാക്കി. ഉള്ള ശക്തി മുഴുവൻ പ്രയോഗിച്ച് അവൻ കൈയിട്ടടിച്ച് വെള്ളത്തിനു മുകളിൽ ഒരു വിധം എത്തി. രാഘവൻ നീന്തിയകലുന്നത് അവൻ കണ്ടു. അവൻ ഉറക്കെ വിളിച്ചു.
രാഘവേട്ടാ.
തിരിച്ചുപോയി വാസുവിനെ രക്ഷിക്കാനായി രാഘവൻ ഒരു നിമിഷം സംശയിച്ചു. പക്ഷേ, രക്ഷിക്കൽ അപകടമുള്ളതാണ്. മുങ്ങിച്ചാവാൻ പോകുന്ന ഒരാളുടെ അടുത്ത് ഒരിക്കലും നേരിട്ടു പോകരുത് എന്ന് അച്ഛൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഒരു കയറോ മുളയോ ഇട്ടുകൊടുത്ത് അവരെ വലിച്ചെടുക്കാനെ പാടുള്ളു. അല്ലെങ്കിൽ മരണ വെപ്രാളത്തിൽ അവർ നമ്മുടെ മേൽ തൂങ്ങും. നമുക്ക് നീന്തലറിയാമെങ്കിൽക്കൂടി നീന്താൻ പറ്റില്ല. അവരുടെ ഒപ്പം താഴുകയേ ഉള്ളൂ.
രാഘവൻ വീണ്ടും കരയെ ലക്ഷ്യമാക്കി നീന്തി. പെട്ടെന്ന് എന്തോ എന്നറിയില്ല, വാസു മുങ്ങിച്ചത്തുപൊയ്‌ക്കോട്ടെ എന്നവനു തോന്നി. വളരെ ഭ്രാന്തമായ ഒരു തോന്നലായിരുന്നു അത്. ഓടുമ്പോൾ മുമ്പിൽ കണ്ട വിലക്ഷണമായ ഒരു തടസ്സത്തെപ്പോലെ അവന് വാസുവിനെ തട്ടി നീക്കാം. അവൻ നീട്ടിവലിച്ചു നീന്തി. കരയിലെത്തി തിരിഞ്ഞുനോക്കിയപ്പോൾ വാസു അപ്പോഴും വെള്ളത്തിൽ കയ്യിട്ടടിക്കുകയാണ്. അവൻ രാഘവനെ നോക്കി എന്തോ പറയുന്നുണ്ട്. അവന്റെ കയ്യിൽ അറുത്തെടുത്ത പൂ അപ്പോഴുമുണ്ടായിരുന്നു. മരിക്കാൻ പോകുമ്പോൾ കൂടി അവൻ അനുജത്തിക്കുവേണ്ടി പറിച്ച പൂ കൈവിട്ടിരുന്നില്ല.
രാഘവന്റെ മനസ്സിൽ എവിടെയൊക്കെയോ സ്‌നേഹം തലപൊക്കി. അവൻ തന്റെ അനുജനാണെന്നും. എല്ലാ പ്രവൃത്തികളിലും തന്റെ പങ്കാളിയാണെന്നും രാഘവൻ ഓർത്തു. സ്‌നേഹം ഒരു തേങ്ങലായി വന്ന് രാഘവനെ വിഷമിപ്പിച്ചു.
രാഘവൻ പിന്നെ സംശയിച്ചില്ല. തോണി മറുകരയിൽ എത്തിയിരുന്നു. രാഘവൻ കുളത്തിലേയ്ക്ക് ചാടി എല്ലാ ശക്തിയും ഉപയോഗിച്ച് നീന്തി. മുഖമുയർത്താതെ ഊളിയിട്ടും നീന്തിയും അവൻ തോണിയുടെ അടുത്തെത്തി. തോണി മുന്നിൽ പിടിച്ച് കാലിട്ടടിച്ച് അവൻ വാസു മുങ്ങുന്നിടത്തേക്ക് കൊണ്ടുവന്നു. പിന്നെ തോണിയിൽ മുറുകെപ്പിടിച്ച് അവൻ ഒരു കൈ കൊണ്ട് വാസുവിനെ ഒരു വിധം ഉയർത്തി കമിഴ്ന്ന തോണിയുടെ നടുവിൽ വിലങ്ങനെ കിടത്തി, വീണ്ടും തോണി കൈ കൊണ്ടു പിടിച്ച് കാലിട്ടടിച്ച് ആവും വിധം വേഗം നീന്തി.
കരയിലെത്തിയപ്പോൾ വാസുവിനെ ഒരുവിധം വലിച്ചു കയറ്റി. വാസു എഴുന്നേറ്റു നടക്കുമെന്ന ധാരണയുണ്ടായിരുന്നു രാഘവന്. പക്ഷെ, നടക്കുന്നതു പോകട്ടെ നിൽക്കാൻ കൂടി ശേഷിയില്ലാതെ അവൻ കുഴഞ്ഞു വീഴുന്നതു കണ്ടപ്പോൾ രാഘവൻ അവനെ തോളത്തെടുത്ത് വീട്ടിലേക്കു നടന്നു. വിഷമമുണ്ടായിരുന്നു. വാസുവിന് സ്വതവേ ഭാരമുണ്ടായിരുന്നു. പോരാത്തതിന് കുടിച്ച വെള്ളത്തിന്റെ തൂക്കവും.
അടുക്കളയുടെ ചായ്പിലായിരുന്നു ഉരൽ. വാസുവിനെ ഉരലിൽ കിടത്തിയപ്പോൾ വായിൽക്കൂടി വെള്ളം ഒഴുകാൻ തുടങ്ങി. രാഘവൻ അവന്റെ വയർ അമർത്തി.
അപ്പോഴേക്ക് അമ്മയും വേലക്കാരിയും ഓടിയെത്തിയിരുന്നു.
വാസുവിന് സംസാരിക്കാൻ വയ്യായിരുന്നു. പക്ഷേ അമ്മ അവനെ എടുത്തു കൊണ്ടുപോയി തോർത്തിച്ച് കിടക്കയിൽ കിടത്തുമ്പോൾ അവന്റെ ദുഃഖം, അവൻ മൊട്ടച്ചിക്കു വേണ്ടി അറുത്ത ആമ്പൽ വെള്ളത്തിൽ വീണുപോയെന്നാണ്.
രാഘവൻ അവന്റെ മുറിയിൽ വൈകുന്നേരം മുഴുവൻ കഴിച്ചുകൂട്ടി. അവൻ മ്ലാനനായിരുന്നു. നിലത്ത് ഇരുന്നുകൊണ്ട് അവൻ ചുമരിന്മേലുള്ള രൂപങ്ങൾ ശ്രദ്ധിച്ചു. വെള്ള വലിച്ച് ചില സ്ഥലത്ത് അടർന്ന് എണ്ണ പിടിച്ചുണ്ടായ രൂപങ്ങൾ. പല വിചിത്ര ജീവികളുടെ രൂപങ്ങൾ. ഈ രൂപങ്ങളിലുള്ള ജീവികൾ മറ്റേതോ ലോകത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഘവൻ വിചാരിച്ചിരുന്നു. അവയുടെ മേൽ വിരലോടിച്ചുകൊണ്ട് അപകടകരമായ ആ തോണിയാത്ര അവൻ ആദ്യം മുതൽ മനസ്സിൽ ആവർത്തിച്ചു.
അത് ഞരമ്പുകളിൽ ശൈത്യം പകരുന്നതായിരുന്നു. തോണിയുടെ വക്ക് വെള്ളത്തിന്റെ വിതാനത്തിൽ എത്തിനിൽക്കുന്നതു കണ്ടതും, പെട്ടെന്ന് വാസുവിനോട് വിളിച്ചു പറയാൻ ശ്രമിക്കുമ്പോഴേക്കും തോണി മറിഞ്ഞതും ഒപ്പമായിരുന്നു. പിന്നെ നീന്തുന്നത്. വാസുവിൽ നിന്ന് നീന്തിയകലുമ്പോൾ അനുഭവപ്പെട്ട ലാഘവം അതിൽ നിഷ്ഠൂരമായ എന്തോ ഉണ്ടായിരുന്നു. അതവനെ ഭയപ്പെടുത്തി. വാസു മരിച്ചുപൊയ്‌ക്കോട്ടെ എന്നാലോചിച്ചത് എന്തിനായിരുന്നു.?
ഈ അപകടകരമായ തോണിയാത്രക്കു മുഴുവൻ കാരണവും രാഘവനായിരുന്നു. ആദ്യമേ വാസുവിനെ നിരുത്സാഹപ്പെടുത്തേണ്ടതായിരുന്നു. അച്ഛൻ വന്നാൽ കിട്ടുന്ന ശിക്ഷ ആലോചിച്ചപ്പോൾ രാഘവൻ കൂടുതൽ അധൈര്യപ്പെട്ടു.
പുറത്തൊരു കാൽപ്പെരുമാറ്റം. സാവിത്രിയായിരുന്നു. അവൾ ഇത്രയും സമയം എവിടെയായിരുന്നു? അവൾ പതിവു പോലെ മുറിയിലേയ്ക്ക് ചാടി വീണ് ഒരു താളത്തോടെ പറഞ്ഞു.
നന്നായിട്ടുണ്ട്. ഞാൻ അച്ഛൻ വന്നാൽ പറഞ്ഞു കൊടുക്കൂലോ. രാഘവേട്ടന് ഇന്ന് നല്ല പെട കിട്ടും.
മൊട്ടച്ചി അതു ചെയ്യുമെന്ന് രാഘവന് നല്ലപോലെ അറിയാം. ഈ പെണ്ണുകാരണം കിട്ടിയിട്ടുള്ള അടിക്ക് കയ്യും കണക്കുമില്ല. എന്നും അച്ഛൻ വരാൻ കാത്തിരിക്കുകയാണ് പെണ്ണ് പതിവ്.
നരി വരുംന്ന് പറഞ്ഞിട്ട് കൊളത്തില് പോയി കളിക്ക്യായിരുന്നു അല്ലേ? അച്ഛൻ വരട്ടെ.
പെണ്ണ് അമ്മയോടും വേലക്കാരിയോടും ചോദിച്ച് സകല വിവരങ്ങളും മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു.
അവൾ മാത്രമായിരുന്നില്ല ഭയത്തിനു കാരണം. വാസുവും അച്ഛനോട് എന്താണ് പറഞ്ഞുകൊടുക്കുക എന്നറിയില്ല. അവനെ രക്ഷിക്കാൻ നോക്കാതെ നീന്തിയകന്നത് വാസു കണ്ടിരിക്കുന്നു.
അനുജനെ രക്ഷിക്കാൻ നോക്കാതെ നീ സ്വന്തം കാര്യം നോക്കി അല്ലെ എന്നായിരിക്കും അച്ഛന്റെ ചോദ്യം. അടിയുടെ ചൂടോർത്ത് അവൻ ചൂളി. അടി പിന്നെയും സഹിക്കാം. അച്ഛൻ ശകാരിക്കാൻ തുടങ്ങിയാൽ പിന്നെ സഹിക്കാൻ പറ്റില്ല. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ദേഹത്തെ തോലുരിഞ്ഞു പോകുന്ന പോലെയാണ്.
വാസു എന്താണ് ചെയ്യുന്നതെന്നറിയാൻ രാഘവൻ അലമാരിയിൽ നിന്ന് പുസ്തകമെടുക്കാനെന്ന ഭാവത്തിൽ മുറിയുടെ മറുഭാഗത്തേക്ക് നടന്നു. ഇടവാതിലിലൂടെ വാസു ക്ഷീണിച്ചുറങ്ങുന്നത് അവൻ കണ്ടു. കട്ടിലിൽ അവന്റെ അടുത്തു തന്നെ വാസുവിന്റെ അരക്കെട്ടിൽ കൈ ചേർത്തുവെച്ച് അമ്മ കിടക്കുകയാണ്. അവർ ഉറങ്ങുകയായിരുന്നില്ല.
താൻ പുറം തള്ളപ്പെട്ട പോലെ രാഘവനു തോന്നി. അമ്മയുടെ ഒരു സ്പർശനത്തിനായി, ആശ്വാസപൂർവ്വം ഉള്ള ഒരു വാക്കിനായി അവൻ ആശിച്ചു. അമ്മ അവനെ വിളിച്ചതും കൂടിയില്ല. അവരുടെ നോട്ടത്തിൽ ആക്ഷേപമുണ്ടായിരുന്നു.
മുറ്റത്തുനിന്ന് പിച്ചകപ്പൂക്കളുടെ വാസന അരിച്ചെത്തിയപ്പോൾ സന്ധ്യയായെന്ന് രാഘവൻ അറിഞ്ഞു. അവന്റെ മുഖം വിളറി. അച്ഛൻ വരേണ്ട സമയമായി. സാവിത്രി ഉമ്മറത്തുതന്നെ കാവലാണ്.
അവൻ അപ്പോഴും ചുമരിന്നരുകിൽ നിലത്തിരിക്കയായിരുന്നു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ അവസാനത്തെ വെയിൽ തെങ്ങിൻ തലപ്പിൽ അറച്ചു നിൽക്കുന്നത് അവൻ കണ്ടു. നോക്കി നിൽക്കെ ആ വെളിച്ചവും അപ്രത്യക്ഷമായി.
മുറിയിൽ നിഴൽ വീഴുന്നതും ചുമരിലെ മൃഗങ്ങൾക്ക് രൂപം നഷ്ടപ്പെടുന്നതും രാഘവൻ കണ്ടു.
അച്ഛൻ ഗെയ്റ്റു കടന്നു വരുന്നതും സാവിത്രി ഓടിച്ചെല്ലുന്നതും രാഘവൻ ഒരു ഉൾക്കിടിലത്തോടെ നോക്കി.
അച്ഛാ, വാസ്വേട്ടൻ കൊളത്തില് വീണ് ചാവാൻ പോയി. രാഘവേട്ടൻ വാസ്വേട്ടനെ തോണി കളിക്കാൻ വിളിച്ചു.
എന്നിട്ട് എന്തു പറ്റി?
അച്ഛന്റെ നടത്തം വേഗത്തിലായി.
എന്തു പറ്റീ പാർവ്വതീ?
ഒന്നുംണ്ടായില്യ ഭാഗ്യത്തിന്.
അച്ഛൻ വാസു കിടക്കുന്ന മുറിയിലേക്കു പോയി ആ മുറിയിൽ വെളിച്ചം തെളിഞ്ഞു. ഇടവാതിലിലൂടെ രാഘവൻ ഇരിക്കുന്ന മുറിയിലേക്ക് ഒരു ചാലായി ഒഴുകി.
എന്തു പറ്റീ വാസു?
രാഘവൻ ശ്വാസമടക്കിപ്പിടിച്ച് ചെവിയോർത്തു. വാസു തന്നെപറ്റി പറയാൻ പോകുന്നതെന്താണെന്ന് അറിയാം. അതിനുശേഷം അച്ഛന്റെ ശിക്ഷ. ട്രൌസറഴിച്ച് ചന്തിമേലാണ് അച്ഛൻ വടികൊണ്ട് അടിക്കാറ്. അടിയുടെ വേദന അവൻ ഇപ്പോൾത്തന്നെ അനുഭവിച്ചു.
വാസു സംസാരിക്കാൻ തുടങ്ങി.
ഞാനും രാഘവേട്ടനും കൂടി പാത്തിയെടുത്ത് കൊളത്തിലിട്ട് തോണിയുണ്ടാക്കി കളിക്ക്യായിരുന്നു. അപ്പൊ നടുവില് ഒരാമ്പല് മൊട്ടച്ചിക്കു വേണ്ടി പറിക്കാൻ നോക്കീതാ ഞാൻ. അപ്പോ തോണി മറിഞ്ഞു.
വാസു പട്ടയുള്ള ട്രൌസറുമായി കിടക്കയിൽ ഇരുന്ന് കൈകൊണ്ടും കണ്ണുകൊണ്ടും കലാശങ്ങൾ കാട്ടി സംസാരിക്കുന്നത് രാഘവൻ ഭാവനയിൽ കണ്ടു.
മറിഞ്ഞ തോണീല്ല്യേ, കൊറെ ദൂരത്തേക്കു പോയി. എന്നിട്ടില്ല്യേ അച്ഛാ, രാഘവേട്ടൻ പെട്ടെന്ന് ഊളിയിട്ടു പോയി തോണി ഉന്തിക്കൊണ്ടു വന്നു. എന്നിട്ട് എന്നെ തോണീടെ മേല് ഇങ്ങനെ കെടത്തി....
വാസു സംസാരിക്കുകയായിരുന്നു. ഏട്ടന്റെ ധീരോദാത്തതയെപ്പറ്റി; എങ്ങനെ ഏട്ടൻ അവനെയും തോണിയേയും ഒരു കൈകൊണ്ട് പിടിച്ച് നീന്തി കരക്കെത്തി എന്നതിനെപ്പറ്റി. അതിനിടയ്ക്ക് അച്ഛന്റെ 'അതെയോ' 'മിടുമിടുക്കൻ' എന്ന ആശ്ചര്യപൂർവ്വമുള്ള അഭിനന്ദനങ്ങളും.
വാസു സംസാരിക്കുകയായിരുന്നു. സുഖദമായൊരു മന്ത്രം പോലെ, പ്രലോഭിപ്പിക്കുന്ന സംഗീതം പോലെ. ഒരു കൊടുംങ്കാറ്റുപോലെ അത് അലയടിച്ചു വന്നപ്പോൾ മുറിയുടെ ഏകാന്തതയിൽ, ഇരുട്ടിൽ, രൂപം നഷ്ടപ്പെട്ട മൃഗങ്ങൾക്കിടയിൽ ചുമരിൽ തല ചാരിവെച്ച് തേങ്ങൽ അടക്കാൻ കഴിയാതെ രാഘവൻ വിങ്ങി വിങ്ങി കരഞ്ഞു