ഭീരു


ഇ ഹരികുമാര്‍

പുതുതായി വന്ന അയൽക്കാരൻ, വിനയന്റെ ജീവിതത്തിൽ ഭീകരത നിറച്ചത് വളരെ വിചിത്രമായ വിധത്തിലായിരുന്നു. സാവധാനത്തിൽ, പക്ഷെ നിശ്ചിതമായി.

മറുവശത്തുള്ള ഫ്ലാറ്റിന്റെ വാതിലിന്റെ ഓടാമ്പൽ പുതിയതാണെന്നു മനസ്സിലായത് യാദൃച്ഛികമായിരുന്നു. രണ്ടു വർഷമായി പൂട്ടിയിട്ടിരുന്ന ആ ഫ്ലാറ്റ് ഓർമ്മയിൽനിന്ന് വിട്ടു പോയിരുന്നു. ആദ്യമെല്ലാം തന്റെ ഫ്ലാറ്റു പൂട്ടുമ്പോൾ അതേ ലാൻഡിംഗിലുള്ള മറുവശത്തെ പൂട്ടിയിട്ട ഫ്‌ളാറ്റ് ശ്രദ്ധിക്കാറുണ്ടായിരുന്നു. അതിന്റെ തുരുമ്പു പിടിച്ച ഓടാമ്പലും അതിൽ തൂങ്ങിക്കിടക്കുന്ന കറപിടിച്ച ചെറിയ താഴും. പിന്നെപ്പിന്നെ അതു ശ്രദ്ധിക്കാതായി. ആകാശത്തിന്റെ നിറം പോലെ, വായുവിലുള്ള പുകയുടെ ഗന്ധം പോലെ. അത് ശ്രദ്ധിക്കപ്പെടേണ്ടതല്ലാത്ത സ്വാഭാവികമായ എന്തോ ഒന്നായി. അതൊരു ദിവസം തുറക്കപ്പെടുമെന്ന ആശയും മറവിയിൽ ആണ്ടുപോയി.

ആദ്യമെല്ലാം ഭാര്യയ്ക്ക് കത്തെഴുതുമ്പോൾ അയാൾ ആ ഫ്ലാറ്റിനെപ്പറ്റി പറയാറുണ്ടായിരുന്നു. ആദ്യമെല്ലാം അവളും കത്തിൽ അതിനെപ്പറ്റി എഴുതാറുണ്ടായിരുന്നു. അവിടെ ആൾക്കാർ വന്നുവോ? നല്ല വല്ലവരും വന്നാൽ മതിയായിരുന്നു. വയസ്സായ അച്ഛനമ്മമാരെ നോക്കാൻ പോയ അവൾക്ക് വീണ്ടും തിരിച്ചു വന്ന് ഭർത്താവിനോടൊപ്പം താമസിക്കണമെന്നുണ്ടായിരുന്നു. പിന്നെ ആ മോഹത്തിനും കറ പിടിച്ചു തുടങ്ങിയപ്പോൾ അവളും, ആ ഫ്ലാറ്റും പ്രതീക്ഷകളും മറവിയിലേക്കു തള്ളി.

ഇന്ന് ആ ഓടാമ്പൽ വീണ്ടും ശ്രദ്ധിച്ചത് അത് പുതിയതും തിളങ്ങുന്നതും ആയതുകൊണ്ടായിരിക്കണം. പിന്നെ മുകളിൽ നോക്കിയപ്പോൾ അവിടെ ഒരു നാമപലകയും. ഫെർഡിനാൻഡ്. ഡി. ബാപ്റ്റിസ്റ്റ. ഒരു ഗോവൻ. സാരമില്ല. എന്തായാലും ആളായല്ലൊ. ഒരു അയൽപക്കമുണ്ടാവുന്നത് നല്ലതുതന്നെ.

വാതിൽ തുറന്ന് സ്വന്തം ഫ്‌ളാറ്റിനകത്തു കടന്നപ്പോഴും അയാൾ ആലോചിച്ചു. അവസാനം ആ ഫ്ലാറ്റിന്റെ നിശ്ശബ്ദത ഭഞ്ജിക്കാൻ ഒരുവൻ വന്നു. ഒരു പക്ഷെ, സംഗതികളെല്ലാം കുറച്ചുകൂടി നന്നാവാൻ വഴിയുണ്ട്. അതൊരു കുടുംബമായാൽ മതിയായിരുന്നു. കുട്ടികളുള്ള ഒരു കുടുംബം. കമലത്തിന് എഴുതിയാൽ അവൾക്ക് വരാൻ തോന്നും. പക്ഷെ, വയസ്സായ ആൾക്കാരെ തന്നെയാക്കി വരാൻ പറ്റില്ലല്ലൊ.

വാതിലിൽ ഒരു മുട്ട്. വിനയൻ തുറന്നു നോക്കിയപ്പോൾ ഒരാൾ. അടുത്ത ഫ്‌ളാറ്റ് തുറന്നുമിരുന്നു. ആ ഗോവൻ തന്നെയായിരിക്കണം.

ഒരു സ്‌ക്രൂഡ്രൈവർ ഉണ്ടോ എടുക്കാൻ?

വിനയൻ അയൽക്കാരന്റെ ഫ്ലാറ്റ് നോക്കുകയായിരുന്നു. തുറന്നിട്ട വാതിലിലൂടെ കാണുന്ന അത്ഭുതകരമായ പ്രപഞ്ചം ഒരു കുട്ടിയുടെ ജിജ്ഞാസയോടെ അയാൾ നോക്കിക്കണ്ടു.

ഞാനാണ് ഇവിടെ താമസിക്കാൻ വന്നത്. ലൈറ്റിന്റെ സ്വിച്ചൊക്കെ കേടുവന്നിരിക്കുന്നു. സ്‌ക്രൂഡ്രൈവർ കിട്ടിയാൽ നന്നായിരുന്നു. ഉടനെ മടക്കിത്തരാം.

തരാമല്ലൊ, വിനയൻ പറഞ്ഞു, ഒരു മിനിറ്റ്.

അയാൾ അകത്തുപോയി സ്‌ക്രൂഡ്രൈവറും ടെസ്റ്ററും കൊണ്ടുവന്നു കൊടുത്തു.

ടെസ്റ്ററുമുണ്ട്, ആവശ്യമുണ്ടാകും.

വളരെ നന്ദി. ഞാൻ ഇപ്പോൾത്തന്നെ തിരിച്ചുകൊണ്ടുവരാം.

സൌകര്യംപോലെ തന്നാൽ മതി, വിനയൻ പറഞ്ഞു. ഒരു ഫ്‌ളാറ്റിൽ പുതുതായി താമസിക്കാൻ വന്നാലുള്ള വിഷമങ്ങൾ അയാൾക്കറിയാം.

പിന്നെ രണ്ടു മണിക്കൂറിനുശേഷം സ്‌ക്രൂഡ്രൈവറും ടെസ്റ്ററും തിരിച്ചുതരാനായി അയാൾ ബെല്ലടിച്ചു.

വളരെ നന്ദി. സ്വിച്ചെല്ലാം ശരിയായി. അയാൾ വിയർക്കുന്നുണ്ടായിരുന്നു.

എന്നെക്കൊണ്ടും വല്ല ആവശ്യവുമുണ്ടെങ്കിൽ പറയണം, അയാൾ വളരെ സൗമ്യനായി തുടർന്നു; ഒറ്റയ്ക്കാണോ താമസിക്കുന്നത്?

അതെ, ഭാര്യ നാട്ടിലാണ്. അച്ഛനും അമ്മയ്ക്കും വയസ്സായി. അവരെ ഒറ്റയ്ക്കു വിട്ടു പോരാൻ വയ്യ.

ഓ, പാവം. എന്റെ ഭാര്യയും കുട്ടിയും ഇന്നു വരും. നിങ്ങളുടെ കുടുംബവുമുണ്ടെങ്കിൽ കൂട്ടായിരുന്നു.

വിനയൻ ചിരിച്ചു.

നമുക്ക് ഈ സ്റ്റെയർ കേസിൽ ഒരു ലൈറ്റിടണം. എന്റെ കയ്യിൽ ബൾബുണ്ട്. നോക്കുമ്പോൾ ഈ ഹോൾഡർ പൊട്ടിയിരിക്കുന്നു. നാളെ ഹോൾഡർ മാറ്റിയിടാം. വിനയൻ തലയാട്ടി. ഫെർഡിനാന്റ് തിരിച്ച് അയാളുടെ ഫ്‌ളാറ്റിലേക്കു പോയപ്പോൾ വിനയൻ വാതിലടച്ചു. അയാളോട് കടന്നിരിക്കാൻകൂടി പറഞ്ഞില്ല. മോശമായെന്നയാൾക്ക് തോന്നി. സാരമില്ല. ഇപ്പോൾ പരിചയപ്പെട്ടിട്ടല്ലേയുള്ളു.

രാത്രി വൈകി കിടക്കുമ്പോൾ അയാൾ കോണിയിൽക്കൂടി ആൾക്കാർ കയറുന്ന ശബ്ദം കേട്ടു, വാതിൽ തുറക്കുന്ന ശബ്ദം. ഒരു കുട്ടിയുടെ ബഹളം. അയൽക്കാരന്റെ കുടുംബം എത്തിയെന്ന് വിനയന് മനസ്സിലായി.

അയാൾ സ്വന്തം ഭാര്യയെക്കുറിച്ചോർത്തു. രണ്ടു കൊല്ലം ഒപ്പം താമസിച്ചതാണ്. ഇനി എപ്പോഴാണ് പറ്റുക എന്നറിയില്ല. അമ്മയോ അച്ഛനോ മരിച്ചാലെ പറ്റു. അതാലോചിക്കുന്നത് ക്രൂരമാണെന്നയാൾക്കു തോന്നി.

ആദ്യത്തെ ബോംബു പൊട്ടിച്ചത് മിസിസ് സമ്പത്ത് ആയിരുന്നു. രാവിലെ ഓഫീസിൽ പോകുമ്പോൾ ബസ്‌സ്റ്റോപ്പിൽ വെച്ചാണ് അവരെ കണ്ടത്. വിനയനെ കണ്ടതും അവർ ഓടി വന്നു.

എങ്ങനെയുണ്ട് പുതിയ അയൽക്കാരൻ?

അയൽക്കാരനോ? വിനയൻ അത്ഭുതപ്പെട്ടു. പുതിയ അയൽക്കാരനിൽ മിസിസ് സമ്പത്തിനുള്ള താൽപര്യം? അയാൾ പറഞ്ഞു. തരക്കേടില്ല. മര്യാദക്കാരനാണെന്നു തോന്നുന്നു.

മര്യാദക്കാരനോ? മിസിസ് സമ്പത്ത് സ്വരം താഴ്ത്തിപ്പറഞ്ഞു. കഴുത്തറക്കാൻ പോന്നവനാണ്. അവനോട് വളരെ അടുക്കാൻ പോണ്ട. കാണുമ്പോൾ ഹലോ പറഞ്ഞ് ഒഴിവായാൽ മതി. അതാ എന്റെ ബസ്സ് ഞാൻ പോട്ടെ.

അവർ സാരിയുടെ മുൻഭാഗം സ്വല്പം പൊക്കി ഓടിപ്പോയി.

വിനയന്റെ വയറ്റിനുള്ളിൽ ഒരു തണുപ്പ് വളർന്നു വന്നു. ഒരു ഹിമക്കട്ട വിഴുങ്ങിയ പോലെ. എന്താണ് മിസിസ് സമ്പത്ത് ഉദ്ദേശിച്ചത്? അവർക്ക് അത് മുഴുവൻ പറയാമായിരുന്നു. കഴുത്തറുക്കുമെന്നു പറഞ്ഞത് അവർ ശരിക്കും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു വരാം. പക്ഷെ ഹിന്ദിയിൽ അങ്ങിനെ ഒരു പ്രയോഗമുണ്ടോ? കണ്ടുപിടിക്കണം. അയൽക്കാരനുമായി ഒരു ബിസിനസ് ബന്ധത്തിനും താൻ പോകുന്നില്ല. പിന്നെ കഴുത്തറുപ്പിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ലല്ലൊ.

പിന്നെ വീണ്ടും സംശയങ്ങൾ ഉയർന്നു വന്നപ്പോൾ ഓഫീസിൽ അടുത്തിരുന്ന തമാശക്കാരനെന്നു പേരെടുത്ത മോഖെയോട് ചോദിച്ചു. അയാൾ മേശപ്പുറത്തു നിന്ന് കടലാസു കത്തിയെടുത്ത് തന്റെ കഴുത്തിനരികെ പിടിച്ച് അറക്കുന്ന മാതിരി അഭിനയിച്ചു. ഇതാ ഇതുതന്നെ കഴുത്തറുക്കൽ.

മോഖെയുടെ ചിരിക്കൊപ്പം തന്നെ വിനയന്റെ വയറ്റിൽ ഹിമക്കഷ്ണം വളർന്ന് ഒരു ഹിമവാഹിനിയുടെ തലയായി, പിന്നെ ഒരു ഹിമപർവ്വതമായി ഉയർന്നു വന്നു.

വൈകുന്നേരം വീട്ടിലെത്തി വാതിൽ തുറക്കുമ്പോൾ എതിർവശത്തെ വാതിൽ തുറന്നിട്ടാണ് ഇരിക്കുന്നതെന്നു കണ്ടു. അയാൾ അവിടെ ഉണ്ടാകരുതെന്ന വിചാരത്തോടെ വേഗം താക്കോലിട്ട് പൂട്ടു തുറന്നു. ഇടയ്ക്ക് ഇടംകണ്ണിട്ട് തുറന്ന വാതിലിലൂടെ നോക്കി. ആരെയും കാണാനില്ല. ഇനി അയാൾ വരുന്നതിനു മുമ്പ് ഉള്ളിൽക്കടന്ന് വാതിലടച്ചു കളയാം.

പെട്ടെന്ന് പിന്നിൽ നിന്ന് ഒരു ചോദ്യം.

നിങ്ങൾ ഇത്ര നേർത്തെ ഓഫീസിൽ നിന്നു വരുമോ?

വിനയൻ ഞെട്ടിത്തെറിച്ചു. താക്കോൽക്കൂട്ടം നിലത്തു വീണു. അയൽക്കാരൻ ശബ്ദമുണ്ടാക്കാതെ കോണി കയറി അയാളുടെ തൊട്ടു പിന്നിലെത്തി നില്ക്കുകയാണ്. കുനിഞ്ഞ് താക്കോൽക്കൂട്ടം എടുക്കുന്നതിന്നിടയിൽ വിനയൻ പറഞ്ഞു.

വരും.

വിനയൻ വാതിൽ തുറന്ന് അകത്തു കടന്നു. ഫെർഡിനാൻഡ് അയാളുടെ ഫ്‌ളാറ്റിലേക്കു കടക്കാതെ ചിരിക്കുന്ന മുഖവുമായി അവിടെത്തന്നെ നിൽക്കുകയായിരുന്നു.

നോക്കു, ഞാൻ ഈ ഹോൾഡർ മാറ്റി ബൾബ് ഇട്ടിട്ടുണ്ട്. സ്റ്റെയർ കേസിൽ വെളിച്ചമില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്.

ശരി, നന്നായി.

വിനയൻ പതുക്കെ വാതിലടച്ചു. പിന്നെ വാതിലിന്റെ പീപ്പ് ഹോളിലൂടെ അയാൾ എന്താണ് ചെയ്യുന്നതെന്ന് നോക്കി. അയാൾ കുറച്ചു നേരം താനിട്ട ബൾബു നോക്കി. സാവധാനത്തിൽ നടന്ന് അകത്തു കയറി വാതിലടച്ചു.

വിനയൻ കുറച്ച് ആശയക്കുഴപ്പത്തിലായിരുന്നു. അയൽക്കാരൻ വളരെ സ്‌നേഹത്തിലാണ് പെരുമാറുന്നത്. അയാളുടെ മുഖം കണ്ടാലും ഒരു ചീത്ത മനുഷ്യനാണെന്ന് തോന്നുന്നില്ല. ഒരു പക്ഷെ, മിസിസ് സമ്പത്തിന് തെറ്റു പറ്റിയതായിരിക്കും. വിനയൻ ഒരാശ്വാസത്തോടെ അടുക്കളയിലേക്കു നടന്നു.

ഓഫീസിൽ നിന്നു വന്ന്, നേരിട്ട് അടുക്കളയിലേയ്ക്ക് ചായയുണ്ടാക്കാൻ പോകുമ്പോഴൊക്കെ വിനയൻ ഓർക്കാറുണ്ട്. കമലത്തെ നാട്ടിൽ നിന്നു കൊണ്ടുവരണം. ഇങ്ങനെ എത്ര കാലമാണ് ജീവിക്കുക? ഒരു നല്ല പണിക്കാരിയെ നാട്ടിൽ അച്ഛനമ്മമാരെ നോക്കാൻ കിട്ടിയാൽ അവൾക്ക് പോരാൻ പറ്റും. രണ്ടു മൂന്നു കത്തുകളിലായി വിനയൻ അതിനെപ്പറ്റി എഴുതുന്നു. മറുപടി എപ്പോഴും എങ്ങും തൊടാത്ത വിധത്തിലായിരിക്കും. നല്ല പണിക്കാരിയെ കിട്ടുക അത്ര എളുപ്പമാണോ? ഒന്നുമില്ലെങ്കിൽ വൃത്തിയുണ്ടാവില്ല. അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റാത്തതാവും. ഈ വയസ്സായവരെ ഏൽപ്പിച്ചു പോകുമ്പോൾ കുറച്ചു വിശ്വസിക്കാൻ കൊള്ളാവുന്നതു തന്നെ വേണ്ടെ. ശമ്പളം കൊടുക്കാം എന്നുവെച്ചാൽത്തന്നെ അവരുടെ ചെലവു സഹിക്കാൻ പറ്റില്ല. ഞാൻ നോക്കുന്നുണ്ട്. ചെറിയ വല്ല പെൺകുട്ടികളേയും കിട്ടിയാൽ നന്നായിരുന്നു.

രാത്രി കിടക്കുമ്പോൾ ഉറക്കം വരാൻ ആത്മീയമല്ലാത്ത കാര്യങ്ങളെക്കൂടി തൃപ്തിപ്പെടുത്തേണ്ടി വരുന്നു. അതിന് ഒരു ഇമേജ് ആവശ്യമാണ്. ഒരു വിഗ്രഹം. അയാൾ ഓരോ ദിവസവും വിഗ്രഹങ്ങളെ മാറ്റി മാറ്റി ഉപയോഗിച്ചു. പലപ്പോഴും ഒരു ദിവസം തന്നെ വിവിധ വിഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഒന്ന് തൃപ്തി തരുന്നില്ലെങ്കിൽ വേറൊന്നിനെപ്പറ്റി ധ്യാനിക്കുന്നു. ചില ദിവസം ഒരു മണിക്കൂർനേരത്തെ അദ്ധ്വാനത്തിനു ശേഷം മനം മടുത്ത് ശ്രമം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ഇന്നയാൾക്ക് ഓർമ്മ വന്നത് മിസിസ് സമ്പത്താണ്. നാൽപ്പതുകാരിയായ അവർ കാണാൻ ഭംഗിയുള്ളവരായിരുന്നില്ല. അത്ഭുതകരമെന്നു പറയട്ടെ, അയാൾ തിരഞ്ഞെടുത്തിരുന്നത് മിക്കവാറും എല്ലായ്‌പ്പോഴും ചെറുപ്പക്കാരികൾക്കു പകരം മദ്ധ്യവയസ്‌കകളെ ആയിരുന്നു. പെർവെർഷൻ. അയാൾ മനസ്സിൽ പറഞ്ഞു. അല്ലെങ്കിൽ സ്വയംഭോഗവും ഒരു പെർവെർഷനല്ലെ?

ഇന്ന് മിസിസ് സമ്പത്ത് സഹായിച്ചില്ല. കുറച്ചു സമയത്തിനു ശേഷം ശ്രമം ഉപേക്ഷിച്ചപ്പോൾ അയാൾ മനസ്സിലാക്കി, ഉറക്കമില്ലാത്ത ഒരു രാത്രിയാണ് മുന്നിൽ കിടക്കുന്നതെന്ന്.

രാവിലെ ഓഫീസിൽ പോകുമ്പോഴാണ് കോണിപ്പടിയിൽ നിറയെ കുപ്പ വാരി വിതറിയത് കണ്ടത്. അത് തന്റെ ഫ്‌ളാറ്റിനും താഴത്തെ ഫ്‌ളാറ്റിനും ഇടയിലുള്ള ലാൻഡിംഗിലാണ് ഇട്ടിരിക്കുന്നത്. താഴത്തെ മഹാജന്റെ വേലക്കാരി വീണ്ടും പണി ഒപ്പിച്ചിരിക്കുന്നു. രണ്ടു പ്രാവശ്യം ആ കാര്യത്തിൽ അവളെ ചീത്ത പറഞ്ഞതാണ്. കച്ചറ ഇടാൻ ഒരു ടിൻ വാങ്ങി വെക്കാൻ മഹാജനോടും പറഞ്ഞതാണ്. വിനയൻ അയാളുടെ വാതിൽക്കൽ മുട്ടി. വാതിൽ തുറന്നത് മഹാജൻ തന്നെയായിരുന്നു.

നിങ്ങളുടെ പണിക്കാരിയോടു് ഒരിക്കൽക്കൂടി പറയൂ സ്റ്റെയർ കേസിൽ കച്ചറ വലിച്ചെറിയരുതെന്ന്.

എവിടെ? മഹാജൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.

വിനയൻ മുകളിലേക്ക് ചൂണ്ടിക്കാട്ടി.

ശ ശ് ശ് മഹാജൻ ചുണ്ടിനുമീതെ വിരൽ വെച്ച് ശബ്ദമുണ്ടാക്കി.

അകത്തു വരു. ഇവിടെനിന്നു സംസാരിച്ചാൽ വേറെ വല്ലവരും കേൾക്കും.

അകത്ത് വിനയനെ നിർബ്ബന്ധിച്ച് പിടിച്ചിരുത്തിയ ശേഷം മഹാജൻ വളരെ അടുത്തു വന്നിരുന്ന് ചെവിയിൽ പറഞ്ഞു.

ആരാണ് ആ കച്ചറ അവിടെ ഇട്ടതെന്നറിയാമോ? നിങ്ങളുടെ പുതിയ അയൽക്കാരൻ. ഇന്നലെ അയാളുടെ വീട് വൃത്തിയാക്കലുണ്ടായിരുന്നു. പകൽ കൊണ്ടുവന്നിട്ടതൊക്കെ സ്വീപ്പർ കൊണ്ടു പോയി കളഞ്ഞു. ഇത് രാത്രി വീണ്ടും കൊണ്ടുവന്നിട്ടതാണെന്നു തോന്നുന്നു.

ഞാൻ അയാളോടു പറയാം. വിനയൻ പറഞ്ഞു. സോറി ഞാൻ വിചാരിച്ചത് നിങ്ങളുടെ.......

മഹാജന്റെ മുഖത്തുള്ള ഭാവേഭദം വിനയൻ ശ്രദ്ധിച്ചു.

നിങ്ങൾ അയാളോട് ഒന്നും പറയാൻ പോണ്ട. ആൾ ഭയങ്കരനാണ്. സംസാരിക്കാൻ ചെന്നാൽ കൊന്ന് കുഴിച്ചിടും എന്നാണ് ഉത്തരം കിട്ടുക. നിങ്ങൾ നിങ്ങളുടെ പാടു നോക്കി നടന്നോളു. കുലുമാലിനൊന്നും പോണ്ട.

ഇന്നലെ മിസിസ് സമ്പത്ത് പറഞ്ഞപ്പോൾ തോന്നിയിട്ടില്ലാത്ത ഒരു ഭയം അയാളിലുണ്ടായി. ലോകത്തിൽ എല്ലാവരും അയാളുടെ അയൽക്കാരനെ അറിയുന്നപോലെ ബസ്‌സ്റ്റോപ്പിൽ മിസിസ് സമ്പത്തിനെ കാണുമെന്ന തോന്നൽ ഉണ്ടായിരുന്നു. അതു ശരിയാവുകയും ചെയ്തു. അവരുടെ മുഖത്ത് അപ്പോഴും വികൃതമായ ഒരു ചിരിയുണ്ടായിരുന്നു. അവർ അടുത്തുവന്ന് ചെവിയിൽ മന്ത്രിച്ചു.

പുതിയ അയൽക്കാരൻ എങ്ങിനെയുണ്ട്?

അയാൾ ഒരു പൊള്ളച്ചിരി ചിരിച്ചു.

എങ്ങിനെണ്ട്ന്ന് ചോദിച്ചാൽ......

അവർ വീണ്ടും അയാളുടെ ചെവിയിൽ പറഞ്ഞു.

സൂക്ഷിക്കണം ട്ടൊ. ആള് മോശക്കാരനൊന്നുമല്ല. ഫെർണാണ്ടസ്സിന്റെ വീട് അയാൾ ടൂറിലായിരുന്നപ്പോൾ കുത്തിത്തുറന്ന് വിലപിടിച്ച സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി. ആറുമാസം ജയിലിലും ആറുമാസം പുറത്തുമാണ് അവന്റെ താമസം.

ഓഫീസിൽ അഭയം മോഖെ ആയിരുന്നു. രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പുള്ള ബഹളം അടങ്ങിയപ്പോൾ അയാൾ മോഖെയുടെ അടുത്തേക്ക് തല നീട്ടി, പറഞ്ഞു.

എനിക്ക് ഒരു ജയിൽപുള്ളിയെ അയൽക്കാരനായി കിട്ടിയിട്ടുണ്ട്.

കൺഗ്രാജുലേഷൻസ്! ഒരു ജയിൽപുള്ളി അടുത്തുണ്ടാകുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. വീട്ടിൽ കള്ളന്മാരൊന്നും വരില്ല. പിന്നെ അവനാകട്ടെ മാന്യത പാലിച്ച് അയൽക്കാരനെ കൊള്ളയടിക്കുകയുമില്ല.

വൈകുന്നേരം തിരിച്ച് വീട്ടിലെത്തി കോണി കയറുമ്പോൾ ഒരു പ്രാർത്ഥനയുണ്ടായിരുന്നു. അയൽക്കാരന്റെ വാതിൽ അടച്ചിട്ടിരിക്കണേ എന്ന്. അയാളുമായി ഇനി ഒരു കൂടിക്കാഴ്ചക്ക് വിനയൻ ആഗ്രഹിച്ചില്ല.

വിചാരിച്ച മാതിരി ഒന്നും നടന്നില്ല. രണ്ടാമത്തെ നില കഴിഞ്ഞ് മൂന്നാമത്തെ നിലയിലേക്കുള്ള കോണി കയറുമ്പോൾത്തന്നെ വിനയനു മനസ്സിലായി, അവിടെ ലാൻഡിംഗിൽ ആരോ ഉണ്ടെന്ന്. അത് എങ്ങിനെ അറിയുന്നുവെന്ന് വിനയന് ഇതുവരെ മനസ്സിലായില്ല. പക്ഷെ, ഓരോ പ്രാവശ്യവും ആ തോന്നൽ വരുമ്പോഴെല്ലാം അവിടെ ആരെങ്കിലും ഉണ്ടാവാറുമുണ്ട്.

ഊഹിച്ച പോലെ അവിടെ ഫെർഡിനാന്റ് നിന്നിരുന്നു. വളരെ സംശയാസ്പദമായ വിധത്തിൽ. വിനയന്റെ വാതിലിന്നടുത്താണ് നിന്നിരുന്നത്. നോക്കിയിരുന്നത് വാതിലിന്റെ പൂട്ടിയിട്ട താഴാണ്. വിനയനെ കണ്ടതും അയാൾ പെട്ടെന്ന് പിന്നോക്കം മാറി. അതേ സമയം അയാളുടെ വാതിലും തുറന്നു, രണ്ടും ഒരേ സമയത്താണ് ഉണ്ടായത്. അതുകൊണ്ട് ആ പിൻമാറ്റം വിനയനെ കണ്ടതു കൊണ്ടാണോ, അഥവാ അയാളുടെ വാതിൽ തുറന്നതു കൊണ്ടാണോ എന്നു തിട്ടമായി മനസ്സിലായില്ല. ഫെർഡിനാന്റ് ചിരിച്ചു.

ഓഫീസിൽ നിന്നു വരുന്ന വഴിയാണോ?

അതെ.

വാതിലിന്റെ മറവിൽ മുഖം മാത്രം പുറത്തു കാട്ടി നിന്നിരുന്ന ഫെർഡിനാന്റിന്റെ ഭാര്യയെ വിനയൻ ഒരു നോട്ടം കണ്ടു. കാണാൻ തരക്കേടില്ലാത്ത പെണ്ണ്.

വിനയൻ വാതിൽ തുറന്ന് അകത്തു കടന്നു. വാതിൽ സാവധാനത്തിൽ അടയ്ക്കുമ്പോൾ ഒരു നേരിയ വിള്ളൽ മാത്രമായപ്പോൾ അയാൾ, അയൽക്കാരൻ തന്റെ വാതിൽ ശ്രദ്ധിച്ചുകൊണ്ട് അകത്തു കയറി വാതിലടക്കുന്നതു കണ്ടു.

പല സംശയങ്ങളും വന്നു. എന്തിനാണ് ഫെർഡിനാന്റ് തന്റെ പൂട്ടു നോക്കിനിന്നിരുന്നത്? അതിന്റെ ബലം പരിശോധിക്കാനാണോ? പൂട്ട് അയാൾ പിടിച്ചു നോക്കിയിട്ടുണ്ടോ എന്നു മനസ്സിലായില്ല. താൻ തുറക്കാൻ നോക്കിയപ്പോൾ പൂട്ടു കുറേശ്ശ ആടിയിരുന്നോ എന്നു സംശയം. ആ പരിഭ്രമത്തിൽ അതു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

എന്താണ് അയാളുടെ ഉദ്ദേശ്യം?

സംശയങ്ങൾ കലങ്ങിയ പുഴപോലെയാണ്. അവ അവസാനമില്ലാതെ പ്രവഹിച്ചു.

മിസിസ് സമ്പത്ത് രാത്രി ഒട്ടും സഹായകരമായില്ല. അയാൾ വിഗ്രഹത്തെ മാറ്റി നോക്കി. ബസ്സിൽ കണ്ട സിന്ധിപ്പെണ്ണിനെ ഓർത്തു. അവളുടെ മാംസളമായ മുലകളും, തുടകളും. അവളെ മനസ്സിൽ തുണി അഴിക്കാൻ തുടങ്ങി. അധികമൊന്നും അഴിക്കാൻ അവളുടെ ദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിൽക്കൂടി. വിയർത്തു കുളിച്ചെഴുന്നേറ്റ് ഫാനിന്റെ വേഗംകൂട്ടി വീണ്ടും കിടക്കാൻ നോക്കുമ്പോൾ അയൽക്കാരന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

വിനയൻ ഞെട്ടി എഴുന്നേറ്റു. ചെരുപ്പിടാതെ അയാൾ ഒരു പൂച്ചയെപ്പോലെ, ശബ്ദമുണ്ടാക്കാതെ വാതിലിന്നടുത്തേയ്ക്കു നടന്നു. പീപ്പ് ഹോളിലൂടെ നോക്കിയപ്പോൾ തുറന്ന വാതിലിന്നു മുമ്പിൽ ഫെർഡിനാന്റ് നിൽക്കുന്നു. കൈയിൽ ഒരു സഞ്ചിയും ഉണ്ട്. അയാൾ അകത്തേക്കു നോക്കി ഭാര്യയോട് എന്തോ പറയുകയാണ്. അകത്ത് വെളിച്ചം ഇട്ടിട്ടില്ലാത്തതുകൊണ്ട് അയാൾക്ക് മിസിസ് ബാപ്റ്റിസ്റ്റയെ കാണാൻ പറ്റിയില്ല. ഒരു നിമിഷത്തിനു ശേഷം അയാൾ തിരിഞ്ഞ് സഞ്ചിയും തൂക്കിപ്പിടിച്ച് നടന്നു. അവരുടെ വാതിലടഞ്ഞു.

സഞ്ചിയിൽ കൂട്ടിയിട്ട കുപ്പികളുടെ ശബ്ദം കോണിയിറങ്ങിയപ്പോൾ, വിനയൻ തിരിച്ചുവന്നു കിടന്നു, വയ്യ, ഇതു സഹിക്കാൻ പറ്റുന്നില്ല. കുപ്പികളിൽ എന്താണ് സാധനമെന്നു അയാൾക്കറിയാം. അത് എത്ര രഹസ്യമായിട്ടാണ് മാർക്കറ്റിൽ എത്തുന്നതെന്നും. ബൂട്ട് ലെഗ്ഗിംഗ്! അപ്പോൾ അതാണ് ഫെർഡിനാൻഡ് ഡി. ബാപ്റ്റിസ്റ്റയുടെ ജോലി.

രാത്രി വീണ്ടും വാതിൽക്കൽ ശബ്ദത്തിനായി വിനയൻ കാത്തു കിടന്നു. അതുണ്ടായില്ല. പിന്നെ സ്വയം അറിയാതെ അയാൾ ഉറങ്ങിപ്പോയി.

രാവിലെകൾ കുറെയൊക്കെ ഭദ്രത കൊണ്ടുവരാറുണ്ട്, നൈമിഷികമാണെങ്കിലും. മുട്ട ഉടച്ച് പളുങ്കുപാത്രത്തിലേക്കൊഴിച്ച് സ്പൂൺ കൊണ്ട് ഉടച്ചു ചേർക്കുമ്പോൾ പെട്ടെന്ന് ഡോർബെൽ അടിച്ചു.

അടിവയറ്റിൽ നിന്ന് തണുപ്പ് ഉറഞ്ഞുവന്ന് ഹിമമായി. അയാൾ അനങ്ങാൻ വയ്യാതെ ഒരു നിമിഷം നിന്നു. വീണ്ടും ബെൽ. ഇത്തവണ കുറെക്കൂടി നീണ്ടത്. അത് ഫെർഡിനാൻഡ് ആവുമെന്ന് അയാൾക്കൊരു തോന്നൽ. സ്പൂൺ പാത്രത്തിലിട്ട് വാതിൽവരെ നടന്ന് അയാൾ പീപ്പ് ഹോളിലൂടെ നോക്കി. അതെ, അയാൾ തന്നെ. തുറക്കാതിരിക്കാനും നിവൃത്തിയില്ല. കാരണം, വിനയൻ പീപ്പ് ഹോളിലൂടെ നോക്കി എന്നതു പുറത്തു നില്ക്കുന്ന ആൾക്കു മനസ്സിലായിരുന്നു. ജനലിൽക്കൂടി വന്നിരുന്ന പ്രകാശം പീപ്പ് ഹോൾ താല്ക്കാലികമായി മറയുമ്പോൾ നിലയ്ക്കുന്നു. അതിനെന്തെങ്കിലും പരിഹാരം കാണണം.

അയാൾ വാതിൽ തുറന്നു. ഫെർഡിനാൻഡ് ഒരു ഷോർട്ട്‌സും ബനിയനുമാണ് ധരിച്ചിരുന്നത് .

ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. അയാൾ പറഞ്ഞു. നിങ്ങളുടെ വേലക്കാരി വരുമ്പോൾ ഒന്ന് എന്റെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുമോ? ഞങ്ങൾക്ക് വെയ്ക്കണമെന്നുണ്ട്.

എനിക്കു വേലക്കാരി ഇല്ല, വിനയൻ പറഞ്ഞു.

അയ്യോ! അപ്പോൾ ജോലിയൊക്കെ തന്നെ ചെയ്യുകയാണോ?

അതെ, ഒരു വൃത്തികെട്ട ചിരിയുമായി വിനയൻ പറഞ്ഞു. പതുക്കെ പിൻമാറി വാതിലടയ്ക്കുകയും ചെയ്തു.

തിരിച്ച് അടുക്കളയിൽ എത്തിയപ്പോൾ അയാൾ സ്വയം പറഞ്ഞു. ഞാനെന്തിനിങ്ങനെ പേടിക്കുന്നു? ഫെർഡിനാൻഡ് വളരെ സൌമ്യമായാണ് തന്നോടു പെരുമാറുന്നത്. പിന്നെ ഞാനെന്തിനു സർപ്പത്തെ കണ്ടപോലെ ഞെട്ടുന്നു? ഒരുപക്ഷേ, അയാളെപ്പറ്റി പറയുന്നതെല്ലാം ശുദ്ധ അസംബന്ധമായിരിക്കാം.

ഓഫീസിൽ അയാൾ മോഖെയോട് സംസാരിക്കുന്നതു നിർത്തി. വേണമെന്നു വെച്ചിട്ടല്ല. സംസാരിക്കാൻ തുടങ്ങിയാൽ വിഷയം എപ്പോഴും എത്തുന്നതു പുതിയ അയൽക്കാരനിലാണ്. അതു ബോധപൂർവ്വമല്ല. ഓരോ പ്രാവശ്യവും സംസാരം അയൽക്കാരനിലെത്തുമ്പോൾ വയറിന്നടിയിൽനിന്നുയരുന്ന ഹിമപർവ്വതം അയാൾക്കു താങ്ങാനാവുന്നില്ല.

വീട്ടിൽ വിനയന്റെ സ്ഥാനം വാതിലിന്നടുത്തു തന്നെയായി. അയാൾ കർട്ടൻകൊണ്ട് ജനൽ മറച്ചു. മുറി ഇരുട്ടാക്കി. വാതിലിന്റെ പീപ്പ്‌ഹോളിലൂടെ എതിർവശത്തെ വാതിൽതുറക്കുന്നതും നോക്കി നില്പായി. അങ്ങനെ നോക്കി നില്ക്കുമ്പോൾ അയാൾക്ക് ഫെർഡിനാൻഡിനെപ്പറ്റി പലതും മനസ്സിലായി. അയാളുടെ ദിവസം തുടങ്ങുന്നതു രാത്രി എട്ടുമണിയോടെയാണ്. അപ്പോൾ ഒരു സഞ്ചി നിറയെ കുപ്പികളുമായി അയാൾ പുറത്തിറങ്ങുന്നു. പിന്നെ എത്തുന്നതു രാത്രി രണ്ടു മണിക്കാണ്. രാത്രി വരുമ്പോഴും സഞ്ചിയിൽ നിറയെ കുപ്പികളുണ്ടാവും. പകൽ വാതിൽ തുറന്നു കണ്ടിട്ടേയില്ല. വളരെ ദുർല്ലഭമായി അതു തുറന്നെന്നു വരും. അല്ലാത്ത അവസരങ്ങളിലെല്ലാം ആ വാതിൽ ഒരു ദുർഘടമായ മതിൽ പോലെ മുമ്പിൽ നിന്നു.

രാവിലെ ഉണർന്നത് വളരെ വൈകിയാണ്. പുറത്ത് വെയിൽ വ്യാപിച്ചിരുന്നു. തലയിണയ്ക്കടിയിൽ നിന്ന് വാച്ചെടുത്തുനോക്കി. സമയം ഒമ്പത്. ഔ, വളരെ അധികമായി. ഇങ്ങനെ പറ്റാറില്ല. രാത്രി അയൽക്കാരൻ വരുന്നതും നോക്കി മൂന്നുമണിവരെ വാതിൽക്കൽനിന്നു. ഭ്രാന്തു പിടിപ്പിക്കുന്ന കാത്തുനിൽപ്പ് തുടർന്നു. പക്ഷെ, അയാൾ വന്നില്ല. പിന്നെ കിടക്കയിൽ കയറിക്കിടന്നു, കോണിയിൽ കാൽപ്പെരുമാറ്റം പ്രതീക്ഷിച്ചുകൊണ്ട്. പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്ന് അറിഞ്ഞില്ല.

ഇനി ഓഫീസിൽ പോകാൻ പറ്റില്ല.

പെട്ടെന്ന് ബെൽ അടിച്ചു. അപ്പോൾ അതാണ് ഉണരാൻ കാരണം, ബെല്ലടിച്ചമാതിരി നേരിയ ഓർമ്മയുണ്ട്. ആരാണ് ഈ സമയത്ത്? അയാൾ വാതിലിന്റെ ദ്വാരത്തിലൂടെ നോക്കി. എതിർവശത്തെ വാതിൽ തുറന്നു കിടക്കുന്നു. ഫെർഡിനാൻഡിന്റെ ഭാര്യ കയ്യിൽ ഒരു പാത്രവുമായി നിൽക്കുന്നു. ഒരു നേരിയ സംശയത്തിനു ശേഷം അയാൾ വാതിൽ തുറന്നു. അവൾ നീളത്തിലുള്ള ഒരു കിടപ്പു വസ്ത്രമാണ് ധരിച്ചിരുന്നത്. അടിവസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് മനസ്സിലായി. പാത്രം നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

ഉറങ്ങിപ്പോയി അല്ലേ? പാൽക്കാരൻ വാതിൽക്കൽ കുറെനേരം മുട്ടിയിരുന്നു. ഭർത്താവു വാങ്ങി വെച്ചതാണ്. എന്നോട് കാച്ചി വെക്കാൻ പറഞ്ഞു. അല്ലെങ്കിൽ കേടുവരുമല്ലൊ.

അയാൾ പാത്രം വാങ്ങി. പാത്രത്തിന് അപ്പോഴും നേരിയ ചൂടുണ്ടായിരുന്നു. നന്ദി - ഞാൻ പാത്രം ഇപ്പോൾത്തന്നെ തിരിച്ചുതരാം.

അയ്യോ, യാതൊരു തിരക്കുമില്ല, അവൾ ചിരിച്ചു കൊണ്ടുപറഞ്ഞു. പിന്നീട് സാവധാനത്തിൽ തന്നാൽ മതി.

അല്ല, നിൽക്കു.

അടുക്കളയിൽ പോയി പാൽ ഒഴിച്ചുവെച്ച് പാത്രം കഴുകുമ്പോൾ അയാൾ ആലോചിച്ചു. തിരിച്ചു പോയി തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞാലോ? അവരുടെ ദയ ആവശ്യമില്ലെന്നും ഇനി വാതിൽക്കൽ മുട്ടരുതെന്നും പറയണം.

പക്ഷെ, തിരിച്ച് പാത്രം കൊണ്ടുപോയിക്കൊടുക്കുമ്പോൾ അയാൾ ഒന്നും പറഞ്ഞില്ല. നന്ദി എന്ന വാക്കു മാത്രം. കാരണം, അവൾ സുന്ദരിയായിരുന്നു. അവൾ അടിവസ്ത്രമൊന്നും ഇട്ടിരുന്നില്ല. ഉടുപ്പിന്റെ മുകളിലെ ബട്ടൻ വിട്ടുനിന്നിരുന്നതിൽക്കൂടി അവളുടെ മുലകളുടെ വിടവു കണ്ടിരുന്നു. അയാളാകട്ടെ വിശന്നിരിക്കുകയുമായിരുന്നു.

വാതിലടച്ച് അയാൾ ദ്വാരത്തിലൂടെ നോക്കി. അവൾ തിരിഞ്ഞു നടക്കുകയാണ്. അവളുടെ ചന്തിയുടെ മുഴുമുഴുപ്പ് അയാൾ കണ്ടു. അയാളുടെ ഹൃദയം ശക്തിയായി മിടിച്ചു. തിരിച്ചു വന്ന് മലർന്നു കിടന്ന് കാലുകൾ മടക്കി വെച്ചു.

ചായ ഉണ്ടാക്കുമ്പോൾ അയാൾ പെട്ടെന്നോർത്തു. എന്തിനാണ് അയൽക്കാരൻ പാൽ വാങ്ങിവെച്ചത്? പോരാത്തതിന് തിളപ്പിക്കുകയും ചെയ്തു. എന്താണയാളുടെ ഉദ്ദേശ്യം? അതിൽ വല്ല മയക്കുമരുന്നും ഇട്ട് താൻ ബോധം കെട്ടിരിക്കുമ്പോൾ വാതിൽ കുത്തിത്തുറക്കാനോ?

അയാൾ പാൽ ഉപയോഗിക്കാതെ ഒഴിച്ചു കളഞ്ഞു.

ഓഫീസിൽ ഏതായാലും പോകുന്നില്ല. അയാൾ സിനിമ കാണാൻ തീർച്ചയാക്കി. വാതിൽ പൂട്ടിയശേഷം ഒരു തലമുടി പറിച്ചെടുത്ത് പൂട്ടിന്റെ ദ്വാരത്തിനു വിലങ്ങനെയായി ഒട്ടിച്ചുവെച്ചു. ഒരു ജെയിംസ് ബോണ്ട് മൂവിയിൽ കണ്ടിട്ടുള്ളതാണ്. ആരെങ്കിലും പൂട്ട് തിരുപ്പിടിച്ചാൽ അറിയാമല്ലൊ.

ഒരു ഹിന്ദി സിനിമയായിരുന്നു അത്. സാധാരണമട്ടിൽ ഒരു കാട്ടുപ്രദേശത്തുവെച്ച് നടക്കുന്ന കഥ. കൊള്ളക്കാരൻ ഗ്രാമീണകന്യകയുമായി പ്രേമത്തിലാവുന്നു. അവളെ റൗഡികളിൽനിന്നും രക്ഷിക്കുന്നു. അടുത്ത നിമിഷത്തിൽ നഗരത്തിൽ ഒരു വലിയ കെട്ടിടത്തിലെ പതിനഞ്ചാം നിലയിൽ നടക്കുന്ന കാബറേ കാണുന്നു. റൗഡിയുമായി വീണ്ടും ഏറ്റുമുട്ടൽ.

സിനിമാ ഹാളിൽനിന്ന് പുറത്തു കടന്നപ്പോൾ അയാൾ കാണുന്നത് ഒരു റിയൽ ലൈഫ് ഏറ്റുമുട്ടലാണ്. കുറച്ചു സമയം വേണ്ടി വന്നു വിനയന് അത് മനസ്സിലാക്കാൻ രണ്ടുപേർ അന്യോന്യം അഭിമുഖമായി നിൽക്കുന്നു. അവർ അത്ര സ്‌നേഹത്തോടെയല്ല നിന്നിരുന്നതെന്ന് വിനയന് മനസ്സിലായത്, അതിൽ ഒരാൾ കയ്യുയർത്തി മറ്റെ ആളുടെ കരണത്തടിച്ചപ്പോഴാണ്. ഒപ്പംതന്നെ ഒരു നടുക്കത്തോടെ അയാൾ മനസ്സിലാക്കി, ആ അടിച്ച ആൾ ഫെർഡിനാൻഡ് ആണെന്ന്. അടികിട്ടിയ ആളെയും വിനയൻ സാധാരണ കവലകളിൽ കാണാറുണ്ട്. വളർത്തിയ തലമുടിയും, താഴോട്ടു ചായ്ച്ചുവെച്ച മീശയുമായി അയാൾ ഒരു ഗുണ്ടയാണെന്ന് വിനയന് മുമ്പെ അറിയാമായിരുന്നു.

അയാളുടെ മൂക്കിൽ നിന്ന് ചോര ഒലിക്കാൻ തുടങ്ങി. ആൾക്കാർ ചുറ്റും കൂടിയിരുന്നെങ്കിലും ആർക്കും അടുക്കാൻ ധൈര്യമുണ്ടായില്ല. ഫെർഡിനാൻഡ് ചുറ്റും നോക്കി, പിന്നെ തന്റെ എതിരാളിയോട് പറഞ്ഞു.

ഇനി കളിക്കുമോ ഫെർഡിയോട്, പന്നി!

ആളുകൾ ഒഴിവാക്കിക്കൊടുത്ത വഴിയിലൂടെ അയാൾ നെഞ്ചും വിരിച്ചു നടന്നു. എതിരാളിയുടെ മൂക്കിൽ നിന്ന് അപ്പോഴും ധാരയായി ചോര ഒഴുകിയിരുന്നു. അതു തുടച്ചുകൊണ്ട് അയാൾ അലറി.

പന്നീടെ മോനെ, നിന്നെ കാണുമെടാ ഞാൻ.

ഫെർഡിനാൻഡ് അപ്പോഴേയ്ക്കും കേൾക്കാൻ കഴിയാത്തത്ര ദൂരത്തായതുകൊണ്ട് ആ വാക്കുകളിൽ ധീരത ആർക്കും കാണാൻ കഴിഞ്ഞില്ല.

വിനയൻ ആകെ ഉലഞ്ഞിരുന്നു. ആളുകൾ ഫെർഡിനാൻഡിനെപ്പറ്റി പറഞ്ഞതൊന്നും കള്ളമല്ലെന്നയാൾക്കു ബോദ്ധ്യമായി.

വിനയൻ താമസിച്ചിരുന്ന കെട്ടിടം ഒരു സൊസൈറ്റിയുടേതായിരുന്നു. അയാൾ സൊസൈറ്റി സെക്രട്ടറിയുടെ അടുത്തേയ്ക്കു പോയി. കെട്ടിടത്തിൽ താമസിക്കുന്നവർ ആവലാതികൾ സെക്രട്ടറിയുടെ അടുത്താണ് ബോധിപ്പിക്കേണ്ടത്. പക്ഷേ, അര മണിക്കൂർ വിനയൻ പറയുന്നതു കേട്ടശേഷം സെക്രട്ടറി പറഞ്ഞത് ഒട്ടും സഹായകമായിരുന്നില്ല.

മിസ്റ്റർ വിനയൻ, നിങ്ങൾ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട്. പക്ഷെ, എനിക്കിതിൽ ഒന്നും ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. ഒന്നു പറഞ്ഞ് രണ്ടാമതയാൾ പറയുക കൊന്നു കുഴിച്ചിടുമെന്നാണ്. അങ്ങനത്തവരോട് എന്തു പറയാനാണ്? പിന്നെ അയാൾക്കെതിരായി ശിക്ഷാർഹമായ കുറ്റങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. നമ്മുടെ കെട്ടിടത്തിൽ ആരെങ്കിലും ഉപദ്രവിച്ചെന്ന് ആവലാതി ഉണ്ടായിട്ടില്ല. മിസ്റ്റർ വിനയൻ, നിങ്ങൾ സമാധാനമായി പോകൂ. കുഴപ്പമൊന്നും ഉണ്ടാവില്ല.

വിനയന് വീട്ടിലേയ്ക്ക് പോകാൻ പറ്റിയില്ല കോണി കയറാതെ അയാൾ പുറത്തേക്കിറങ്ങിപ്പോയി. പോലീസ്‌സ്റ്റേഷനിലേയ്ക്ക് നടന്നു. ഇതിനെന്തെങ്കിലും മാർഗ്ഗം കാണണം. ഇങ്ങിനെ ഒരു ദിവസം കൂടി കഴിയാൻ പറ്റില്ല.

ഇൻസ്‌പെക്ടർക്ക് സെക്രട്ടറിയേക്കാൾ ക്ഷമയുണ്ടായിരുന്നു. വിനയൻ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവ്വം കേട്ടശേഷം അയാൾ ചോദിച്ചു.

ശരി, ഇനി നിങ്ങളുടെ പരാതി പറയൂ.

പരാതി? അതാണ് ഞാൻ ഇത്രയും നേരം പറഞ്ഞിരുന്നത്.

മിസ്റ്റർ വിനയൻ. ഫെർഡി നിങ്ങളെ എന്താണ് ചെയ്തത്.

ഒന്നും ചെയ്തിട്ടില്ല.

പിന്നെ നിങ്ങൾ എന്തിന് എന്റെ സമയം ചെലവാക്കി? ഫെർഡിയെപ്പറ്റി നിങ്ങൾ പറഞ്ഞതെല്ലാം എനിക്കറിയാവുന്നതാണ്. വലിയ ഒരു ഫയൽ മുഴുവൻ അയാളുടെ പേരിൽ ഈ സ്റ്റേഷനിലുണ്ട്. അവസാനമായി അയാളെ ജയിലിൽനിന്നു വിട്ടത് കഴിഞ്ഞ മാർച്ചിലാണ്. അതിനുശേഷം അയാൾ കുഴപ്പമൊന്നും കാണിച്ചിട്ടില്ല. നിങ്ങളുടെ അയൽക്കാരനായി എന്ന ഒരേ കുറ്റംകൊണ്ട് എനിക്കയാളെ അറസ്റ്റ് ചെയ്യാൻ പറ്റില്ലല്ലൊ.

വിനയൻ വീട്ടിലേക്കു നടന്നു. കോണി കയറുമ്പോൾ അയാൾ കിതച്ചിരുന്നു. കയറുന്നതിനുള്ള അദ്ധ്വാനത്തിനു പുറമെ ക്ഷോഭം അയാളിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു. വാതിൽ തുറക്കുന്നതിനുമുമ്പ് പൂട്ടു പരിശോധിക്കാൻ മറന്നില്ല. തലമുടി അവിടെ ഒട്ടിച്ചമാതിരി തന്നെയുണ്ട്. ആരും പൂട്ട് തുറന്നിട്ടില്ല. ഒരു പക്ഷെ, ഫെർഡിനാൻഡ് തന്നേക്കാൾ സമർത്ഥനായിരിക്കും. പൂട്ടുതുറക്കുന്നതിനുമുമ്പ് തലമുടി എടുത്തുമാറ്റി വീണ്ടും വെച്ചതായിരിക്കും.

വാതിൽ തുറന്ന് ശൂന്യതയിലേയ്ക്ക് കടക്കുമ്പോൾ വിനയൻ ഓർത്തു. ഞാൻ എന്തെല്ലാം ഭാവനയിൽ കാണുന്നു. പക്ഷെ അയാൾക്ക് അത് നിയന്ത്രിക്കുവാൻ കഴിയുമായിരുന്നില്ല. ഫെർഡിനാൻഡ് ഒരു നിഴൽ പോലെ തന്നെ പിൻതുടരുന്നു. ഏതുനിമിഷവും ഒരു ഏറ്റുമുട്ടലിനു തയ്യാറായിട്ടാണ് വിനയൻ നടന്നത്. അത് തന്റെ അവസാനത്തെ ഏറ്റുമുട്ടലായിരിക്കും. അയാൾ മുഷ്ടി ചുരുട്ടി അദൃശ്യമായ നിഴലിനെ ഇടിച്ചു.

പെട്ടെന്ന് ഡോർ ബെല്ലടിച്ചു. അയാൾ ഞെട്ടി. ദ്വാരത്തിലൂടെ നോക്കിയപ്പോൾ കണ്ടത് ഫെർഡിനാൻഡ്! അയാൾ അവിടെ ഉറച്ചുപോയി. ബെൽ ഒരിക്കൽക്കൂടി. അയാൾ അനങ്ങിയില്ല. കുറച്ചുനേരം കൂടി കാത്തു നിന്ന ശേഷം ഫെർഡിനാൻഡ് തിരിഞ്ഞു നടക്കുന്നത് അയാൾ കണ്ടു. പിന്നെ കോണിപ്പടികളിൽ ഇറങ്ങിപ്പോകുന്ന കാൽപ്പെരുമാറ്റം.

വിനയൻ ദീർഘശ്വാസം വിട്ടു. വയ്യ, ഇതു സഹിക്കാൻ പറ്റുന്നില്ല. അയാൾ ഇരുട്ടാവാൻ കാത്തുനിന്നു. ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. സൂര്യൻ അസ്തമിച്ചു. ക്രമേണ ആകാശത്തിന്റെ വേഷം മുഷിഞ്ഞപ്പോൾ തെരുവുവിളക്കുകൾ തെളിഞ്ഞു തുടങ്ങിയപ്പോൾ അയാൾ പുറത്തിറങ്ങി. കത്തികൾ വിൽക്കുന്ന ആ ചെറിയ പീടിക വിനയൻ മുൻപു തന്നെ കണ്ടിട്ടുണ്ട്.

നല്ല കനമുള്ള അറ്റം കൂർത്ത കത്തി തിരഞ്ഞെടുത്തു. തിളങ്ങുന്ന അലകിൽ പ്രതിഫലിച്ചുകണ്ട തന്റെ മുഖം വികൃതമായിരുന്നു. മൂർച്ച പരിശോധിക്കുന്നതിന്നിടയിൽ അയാൾ തന്റെ വിരൽ മുറിച്ചു. മുറിഞ്ഞ വിരൽ വായിലിട്ട് വലിച്ചു കുടിച്ച് അയാൾ ചോരയുടെ പ്രവാഹം നിർത്തി.

കത്തി പൊതിഞ്ഞ കടലാസുപെട്ടിക്ക് ഒരു അശുഭകരമായ മട്ടുണ്ട്. ഒരു ശവപ്പെട്ടി ഏറ്റുന്ന പോലെ അയാൾ അതു ചുമന്ന് തെരുവിലിറങ്ങി. നന്നായി ഭക്ഷണം കഴിക്കണം. കുറെക്കാലമായി മര്യാദയ്ക്കു ഭക്ഷണം കഴിച്ചിട്ട്. സമയം എട്ടായിട്ടേ ഉള്ളു. ഒരു പകുതി രാത്രി മുഴുവൻ തന്റെ മുമ്പിൽ കിടക്കുന്നുണ്ട്. ഒരുപക്ഷെ, മുഴുവൻ രാത്രിയും. എന്താണുണ്ടാവുക എന്നതിനെപ്പറ്റി അപ്പോഴും വിനയന് വലിയ രൂപമുണ്ടായിരുന്നില്ല.

ഒരു വിശന്ന മൃഗത്തെപ്പോലെ അയാൾ ഭക്ഷണം കഴിച്ചു. ആർത്തിയോടെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ. എല്ലാം കഴിഞ്ഞപ്പോഴും ഒമ്പതു മണിയേ ആയുള്ളു. ഇനി? ശവപ്പെട്ടിപോലെയുള്ള പെട്ടിയും ഏറ്റി അയാൾ ലക്ഷ്യമില്ലാതെ നടന്നു. അവസാനം ഒരു പാർക്കിൽ എത്തി. ഒരു കൽബഞ്ചിൽ കുറെനേരം ഇരുന്നു.

അയാൾ വീട്ടിലെത്തിയപ്പോൾ ഒരു മണിയായിരുന്നു. രണ്ടുമണിക്കാണ് ഫെർഡിനാൻഡ് വരുക. ഇനിയും ഒരു മണിക്കൂർ സമയമുണ്ട്. വിനയൻ കത്തിയെടുത്ത് ഒരിക്കൽക്കൂടി പരിശോധിച്ചു. പിന്നെ ഫ്‌ളാറ്റിന്റെ വാതിൽ അടച്ച് കുറ്റിയിട്ട് കോണിയുടെ മുകളിലേയ്ക്കു കയറി. അവിടെ മൂന്നാം നിലക്കും ടെറസ്സിലേക്കുള്ള വാതിലിനും ഇടയിലുള്ള സ്ഥലത്തു നിന്നു. ടെറസ്സിൽ ഇരുട്ടായിരുന്നു. വിനയൻ നിന്നിടത്തും. താഴത്തെ നിലയിൽനിന്നുള്ള വെളിച്ചം എതിരെ ഭിത്തിയിൽ നിഴലിച്ചിരുന്നു.

അയാൾ ഓർത്തു. ഫെർഡിനാൻഡ് വന്നാൽ സ്വന്തം താക്കോലെടുത്ത് തുറന്ന് അകത്തു കടക്കുകയാണ് പതിവ്. ഭാര്യ ഒരുപക്ഷെ ഉറക്കമായിരിക്കും. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിനയൻ നല്ലപോലെ ആലോചിച്ചിട്ടുള്ളതാണ്. ഒരു മണിക്കൂർ കൂടി തള്ളി വിടുകയേ വേണ്ടു.

അയാൾ വിയർത്തിരുന്നു. ടെറസ്സിൽ കാറ്റുണ്ടാകും. പക്ഷെ നിന്നിടത്തു നിന്ന് ഇളകാൻ അയാൾക്കു ധൈര്യം വന്നില്ല. അയാൾ ഒരു തൂണുപോലെ, തളച്ചിട്ട ഒരു നിഴൽ പോലെ അവിടെ നിന്നു. അങ്ങനെ നിൽക്കുമ്പോൾ അയാൾ കോണിയിൽ കാൽപ്പെരുമാറ്റം കേട്ടു. കുറച്ചു കാലമായി എന്നും ശ്രദ്ധിക്കുന്ന, പരിചയമുള്ള കനത്ത കാലടി ശബ്ദം. അയാൾ കത്തി മുറുകെപ്പിടിച്ച് മുന്നോട്ടു നീങ്ങി. കോണിയുടെ തിരിവിൽ എത്തി ഒളിഞ്ഞു നോക്കി. ഫെർഡിനാൻഡ് വാതിലിന്നടുത്തെത്തിയിരുന്നു. പെട്ടെന്ന് വിനയൻ ഓടിക്കൊണ്ട് കോണിപ്പടികൾ ചടുപിടുന്നനെ ഇറങ്ങുകയും അമ്പരന്നു നിന്ന ഫെർഡിനാൻഡിനെ കുത്തുകയും ചെയ്തു. ആദ്യത്തെ കുത്തിനു തന്നെ അയാൾ അലറി. രണ്ടാമത്തെ കുത്തിന് ആ അലർച്ച നിന്ന് അയാൾ ചുമർ പിടിച്ച് ചാഞ്ഞുനിന്നു. സാവധാനത്തിൽ ഉരസി നിലത്തു വീഴുകയും ചെയ്തു.

അങ്ങനെ ഏതു ഭീരുവിനും ചെയ്യാൻ കഴിയുമായിരുന്ന ആ ഹീനകൃത്യം ചെയ്തശേഷം വിനയൻ സ്വന്തം ഫ്ലാറ്റിനുള്ളിലെ ഇരുട്ടിലേയ്ക്ക് ഓടിയൊളിച്ചു.

കലാകൗമുദി - ലക്കം 89 - 1977

ഈ കഥയെക്കുറിച്ച്