അരുന്ധതിയുടെ പൈങ്കിളി കവിതകൾ


ഇ ഹരികുമാര്‍

ചുറ്റും പഴയ വീട്ടുസാമാനങ്ങളാണ്. കാലൊടിഞ്ഞ കസേരകൾ, രണ്ടു വലിപ്പുകൾക്കിടയിൽ കമാനമുള്ള, ദ്രവിച്ചു തുടങ്ങിയ മേശ, ഒരു കട്ടിലിന്റെ ചട്ടക്കൂട്ട്, ഉയരമില്ലാത്ത എഴുത്തുമേശ, ക്ലാവു പിടിച്ച ഒന്നു രണ്ടു ശരറാന്തലുകൾ. തട്ടിൻപുറത്ത് വെളിച്ചം കുറവായിരുന്നു. ഉയരം കുറഞ്ഞ ചുമരിനും ഓടുമേഞ്ഞ മേൽക്കൂരക്കുമിടയ്ക്കുള്ള വിടവിൽക്കൂടി എത്തുന്ന വെളിച്ചം മങ്ങിയിരുന്നു.

'ഇവിടെ വെളിച്ചം തീരെയില്ല.' സിദ്ധാർത്ഥൻ പറഞ്ഞു.

'ഉച്ചയായതുകൊണ്ടാണ് ഇത്രയെങ്കിലും' അരുന്ധതി പറഞ്ഞു, 'വൈകുന്നേരമൊന്നും ഒട്ടും വെളിച്ചം ഉണ്ടാവില്ല.'

'അപ്പോ അരുവിന് പേടിയാവില്ലെ?'

'പേടിയാവും, പക്ഷെ അങ്ങിനെ പേടിയാവുന്നത് എനിക്കിഷ്ടമാണ്. ഓരോ മുക്കിലും പ്രേതങ്ങളും ഭൂതങ്ങളും എന്റെ മേൽ ചാടി വീഴാൻ തയ്യാറെടുത്തു നിൽക്ക്ണൂന്ന് ഞാൻ വിചാരിക്കും. അങ്ങിനെ പേടിച്ച് ഈ തട്ടിൻപുറത്ത് നിൽക്കാൻ എനിക്കിഷ്ടാണ്.'

അവൻ അദ്ഭുതത്തോടെ അരുന്ധതിയെ നോക്കി. വേനലവധിക്ക് നാട്ടിൽ വന്നശേഷം കൂട്ടായതാണ് അവളുമായി. ഒരു വട്ടു കേസാണെന്ന് കണ്ടപ്പോഴേ തോന്നിയതാണ്. അടുക്കേണ്ടെന്ന് തോന്നിയിട്ടും അകലാൻ കഴിഞ്ഞില്ല. ഗ്രാമം അവനിപ്പോഴും അദ്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞതാണ്. ആ ചെപ്പിന്റെ മൂടി തുറന്നു കാട്ടിയിരുന്നത് അരുന്ധതിയായിരുന്നു. വീട്ടിൽനിന്ന് അരുന്ധതിയുടെ വീട്ടിലേക്കെത്താൻ ഒരിടവഴിയും നീണ്ടുകിടക്കുന്ന നെൽവയലിന്റ നടുവിലൂടെയുള്ള വരമ്പും, പിന്നെ വീണ്ടും ഇരുണ്ട ഇടവഴിയും താണ്ടണം. ഇടവഴിയിലെ വലിയ പടിപ്പുരയുടെ അറ്റക്കടായ കടന്ന് മുറ്റത്തെത്തിയപ്പോൾ ആ എട്ടുകെട്ടിന്റെ വലുപ്പം കണ്ട് അവൻ അന്ധാളിച്ചു നിന്നു.

'അരുന്ധതീടെ വീടിത്ര വലുതാണോ?'

'അതേ,' കൃത്രിമമായ വിനയത്തോടെ അവൾ പറഞ്ഞു, 'ഞാനാണ് ഈ വലിയ എട്ടുകെട്ടിന്റെ ഒരേ ഒരു അവകാശി.'

സിദ്ധാർത്ഥൻ അന്തംവിട്ടു നിന്നുപോയി. പടിപ്പുര കടന്ന് ഉമ്മറത്തെത്താൻ കുറച്ചു ദൂരമുണ്ട്. കല്ലും, കുണ്ടും നിറഞ്ഞ് ശ്രദ്ധിക്കാതെ കിടക്കുന്ന ആ മുറ്റത്തുകൂടെ നടക്കുമ്പോൾ അവൾ ചെവിയിൽ പറഞ്ഞു.

'കുട്ടാ, ഞാൻ നുണ പറഞ്ഞതാണ് കെട്ടോ. ഒരുകാലത്ത് പ്രതാപത്തോടുകൂടി നിലനിന്നിരുന്ന ഈ എട്ടുകെട്ട് കാരണവന്മാരുടെ പിടിപ്പുകേടുകൊണ്ട് ക്ഷയിച്ചുപോയി, ഇപ്പോൾ ഒരു വലിയ മത്തൻ കണ്ടിക്കുംപോലെ പന്ത്രണ്ടായി മുറിച്ച് പന്ത്രണ്ട് താവഴികൾ താമസിക്കുകയാണ്. അതിൽ സാമ്പത്തികമായി വളരെ താഴ്ന്ന ഒരു താവഴിയിലെ അവസാനത്തെ കണ്ണിയും, സുന്ദരിയും സുശീലയുമായ പെൺകുട്ടി മാത്രാണ് ഈ ഞാൻ. മുകളിലെ നിലയിൽ വടക്കുകിഴക്കു കോണിൽ ഇലഞ്ഞിപ്പൂമരം തണലേകുന്ന ഒരു കഷ്ണത്തിലാണ് എന്റെ വാസം.'

സിദ്ധാർത്ഥന് അരുന്ധതിയുടെ സംസാരം ഇഷ്ടമായിരുന്നു. ചിലപ്പോൾ അത് കാടുകയറിപ്പോകുമെന്നു മാത്രം. വരുന്ന വഴി പാടത്തിന്റെ കരയിലുള്ള വലിയ വീട് കാണിച്ചുകൊണ്ട് അരു പറഞ്ഞു.

'ഈ വീടിനെപ്പറ്റി അറിയ്വോ?'

'ഇല്ലാ.' മദ്രാസിൽ സ്ഥിരതാമസമാക്കി, നാലോ അഞ്ചോ വർഷം കൂടുമ്പോൾ ഒരു വേനലവധിക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പം നാട്ടിൽ ഏതാനും ദിവസങ്ങൾക്കായി വരുന്ന തനിക്കെങ്ങനെ അറിയാം ഇവിടുത്തെ വീടുകളുടെ വിശേഷങ്ങൾ.

'ആ വീട്ടിൽ ഒരു പ്രേതംണ്ടായിരുന്നു.'

'പ്രേതോ?'

'അതെ, നീ നോക്ക് ആ വെള്ള ചുമരില്ലെ പത്തായപ്പുരയുടെ?'

വീട്ടിനോട് തൊട്ട് നിന്നിരുന്ന പത്തായപ്പുരയുടെ ചുമർ അവൻ ശ്രദ്ധിച്ചു.

'ആ ചുമരിൽ ഒരു സ്ഥലത്ത് തേച്ച പാടുള്ളത് കണ്ടോ? അതെന്താണ്ന്ന് അറിയ്യ്യോ?' ഒരു ഇഫക്ടിനുവേണ്ടി നിർത്തി, അവൾ വീണ്ടും പറഞ്ഞു. 'ആ വീട്ടിൽ ഒരു പ്രേതംണ്ടായിരുന്നു. രാത്രിയൊക്കെ അതു വന്ന് ആ വീട്ടുകാരെ പേടിപ്പിക്കും. ഒരു സന്ധ്യക്ക് എല്ലാരും ഉമ്മറത്ത് ഇരിക്ക്യായിരുന്നു. അപ്പോണ്ട് പടിക്കല്ന്ന് ഒരു രൂപം വര്ണൂ, നിഴലുപോലെ. അത് നേരെ പോയി പത്തായപ്പെരേടെ ചുമരിലേയ്ക്ക് ചാടി ഇല്ലാതായി. പോയി നോക്ക്യപ്പോ കണ്ടു അവിടെ ഒരു പാട്. മനുഷ്യന്മാർക്കൊന്നും ഉണ്ടാക്കാൻ പറ്റാത്ത തരം പാട്. പണിക്കരാണ് രാശിവച്ചുനോക്കീട്ട് അവിടെ തുരന്നു നോക്കാൻ പറഞ്ഞത്. നോക്കിയപ്പോണ്ട് ഒര് എല്ല്. കാൽമുട്ടിന്റെ ചിരട്ട ഇല്ലെ, അത്. ആ എല്ല് തിരുനാവായിൽ കൊണ്ടോയി ഒഴുക്കിയതിൽ പിന്നെ പ്രേതത്തിന്റെ ശല്യംണ്ടായിട്ടില്ല.'

സിദ്ധാർത്ഥന്ന് കാലിൽ ഒരു ബലക്ഷയംപോലെ തോന്നി. അവൻ ചോദിച്ചു. 'അരൂന്റെ വീട്ടിൽ പോവാൻ വേറെ വഴിയൊന്നും ഇല്ലേ?'

'എന്താ നെനക്ക് പേടി തോന്ന്ണ്‌ണ്ടോ?'

'ഏയ്.'

'ഇതാ ഈ കാണുന്ന കുടിലില്ലേ, അത് കാണന്റെ കുടിലാണ്. അവൻ ഇപ്പോഴും ഒടിമറിയാറുണ്ട് അറിയ്യ്യോ?'

'എന്താണ് ഒടിമറിയാന്ന് വച്ചാൽ?'

'രാത്രികാലങ്ങളില് അവൻ ഒരുതരം ഭസ്മം മേല് വിതറും. അപ്പോ അവൻ ഒരു കാളടെ രൂപാവും. എന്നിട്ട് കൊല്ലേണ്ട ആളുടെ വീട്ടിനടുത്ത് ചെന്ന് ഒരു പ്രത്യേക മന്ത്രം ജപിക്കും. മന്ത്രം കഴീമ്പളേയ്ക്ക് ആ ആൾക്ക് വീട്ടീന്ന് എങ്ങനേങ്കിലും പുറത്തേയ്ക്ക് വരാൻ തോന്നും. പുറത്തിറങ്ങിയാൽ കാണൻ ഒടിച്ച് കൊല്ലൂം ചെയ്യും. നമ്മടെ അടുത്ത് ഇരുമ്പിന്റെ കത്തിണ്ടായാൽ രക്ഷണ്ട്. അതോണ്ട് നെലത്ത് ഒരു വട്ടം വരക്ക്യാ, ന്നട്ട് കത്തി അതിന്റെ ഒത്ത നടുവില് കുത്തി നിർത്ത്വാ. അപ്പോ പിന്നെ അവന് അനങ്ങാൻ പറ്റാത്യാവും. സൂര്യനുദിച്ചാൽ കാളടെ രൂപം പോവും, പകരം കാണൻ തന്നെയാവും. പക്ഷെ ഇതൊക്കെ ചെയ്യണങ്കിൽ നമ്മക്കും അത്യാവശ്യം ദുർമന്ത്രവാദം അറിഞ്ഞിരിക്കണം. മാധവമ്മാമ അങ്ങിനെയാണ് ഒരിക്കൽ കാണനെ പിടിച്ചത്. രാവിലെ അനങ്ങാൻ വയ്യാതെ കെട്ടിയിട്ട മാതിരി അവൻ നിൽക്ക്വായിരുന്നു. മാധവമ്മാമെ കണ്ടപ്പോൾ അവൻ കാൽക്കല് വീണു കെഞ്ചി, അവനെ വിടുവിക്കാൻ. ആരാ അവനെ പറഞ്ഞയച്ചത്‌ന്നൊക്കെ ചോദിച്ച് മനസ്സിലാക്കീട്ട് മാധവമ്മാമ കളത്തിൽനിന്ന് കത്തിയൂരി മടക്കി അരപ്പട്ടേല് തിരുകി അവനോട് പൊയ്‌ക്കോളാൻ പറഞ്ഞു.'

സിദ്ധാർത്ഥൻ തളർന്നിരുന്നു. നാട്ടിൻപുറം അത്ര സുരക്ഷിതമല്ലാ എന്നവന്നു മനസ്സിലായി.

'കാണൻ മേല് തേക്കണ ഭസ്മം എങ്ങന്യാണ് ണ്ടാക്ക്വാന്നറിയോ?'

അവന് കേൾക്കാൻ ഒരു താൽപര്യവുമുണ്ടായിരുന്നില്ല. ഒരു രാത്രിയിലെ ദുസ്വപ്‌നങ്ങൾക്കുള്ള വകയായിരിക്കുന്നു ഇപ്പോൾ തന്നെ. അവൻ വീണ്ടും ചോദിച്ചു.

'അരൂന്റെ വീട്ടിലേയ്ക്ക് പോകാൻ വേറെ വഴിയൊന്നും ഇല്ലേ?'

'വഴിയൊക്കെണ്ട്, പക്ഷെ ശ്മശാനത്തീക്കൂടെ പോണം. ഉച്ച നേരത്തൊന്നും പോവാൻ പറ്റീതല്ല.'

അവൻ നിശ്ശബ്ദനായി. എന്തെങ്കിലും പറഞ്ഞാൽ പിന്നെ ശ്മശാനത്തിന്റെ കാര്യം എടുത്തിടും. അല്ലെങ്കിലേ..... ഇത്രയും ബുദ്ധിമുട്ടിയിട്ട് വന്നപ്പോഴാണ് ഭയപ്പെടുത്തുന്ന തട്ടിൻ പുറം കാണാൻ അവൾ ക്ഷണിച്ചത്. ഒരു മൂലയിൽ കഴുക്കോലിൽ തൂങ്ങിക്കിടന്ന ചെറുജീവികളെ അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

'അത് നരിച്ചീറുകളാണ്' അരുന്ധതി പറഞ്ഞു. 'അവറ്റയ്ക്ക് പകൽ കണ്ണു കാണില്ല, രാത്രിയേ കാണൂ.'

ആ ജീവികളുടെ കീഴ്ക്കാംതൂക്കു കിടത്തത്തിൽ പേടിപ്പിക്കുന്ന എന്തോ ഉണ്ടായിരുന്നു. സിദ്ധാർത്ഥന് അവയെ ഇഷ്ടമായില്ല.

'ഈ നരിച്ചീറുകൾ എന്താണെന്നറിയ്വോ?' അരുന്ധതി ചോദിച്ചു. സിദ്ധാർത്ഥൻ അറിയില്ലെന്ന് തലയാട്ടി.

'നമ്മളൊക്കെ മരിച്ചുപോയാൽ നമ്മടെ ആത്മാവ് എവിട്യാ പോണ്ന്നറിയ്യ്വോ. പുനർജനിയുടെ തീരത്ത്. നമുക്കെല്ലാം ആയിരം ജന്മങ്ങളുണ്ട്. ഈ ആയിരം ജന്മങ്ങളും തീർന്നവർ പിന്നെ പുനർജനിക്കില്ല. അല്ലാത്തവരിൽ നല്ലവരുടെ ആത്മാക്കൾ പെട്ടെന്നു തന്നെ പുനർജനിക്കുന്നു, മനുഷ്യരായിത്തന്നെ. ചീത്ത മനുഷ്യരെ എന്താണ് ചെയ്യേണ്ടതെന്നറിയാതെ തൽക്കാലം നരിച്ചീറുകളാക്കി വിട്വാണ്. ആർക്കും വേണ്ടാത്ത വല്ല ജന്മവും വരുമ്പോഴേ അവർക്ക് മോക്ഷം കിട്ടൂ. നമ്മടെ അച്ചുമ്മാനൊക്കെണ്ടാവും ഇതില്.' അരുന്ധതി കുറച്ചുകൂടി അടുത്തുവന്നു അവന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. 'അച്ചുമ്മാൻ ഒരു പണിക്കാരനെ കളത്തീവച്ച് ചവിട്ടിക്കൊന്നിട്ടുണ്ട് അറിയ്വോ?'

അവന്റെ ദേഹം പെട്ടെന്ന് ഭയം കൊണ്ട് പൊട്ടിത്തരിച്ചു. ആ തട്ടിൻപുറം പെട്ടെന്ന് ഭീഷണമായി. അവൻ ചോദിച്ചു. 'നമുക്ക് താഴത്ത് പോവ്വ്വാ.'

'ഇത്ര പെട്ടന്നോ? കുറച്ചു കഴിയട്ടെ. ഇപ്പോ അമ്മ ഭക്ഷണം ഉണ്ടാക്കണ തിരക്കിലായിരിക്കും. പിന്നെ പ്രേമിക്കുന്നവർക്ക് ഒത്തു കൂടാൻ പറ്റിയ സ്ഥലാണ് ഇത്. ആരും കാണില്ല, കേൾക്കുംല്ല്യാ.'

'പ്രേമിക്കുന്നവരോ?'

'അതേ, സിദ്ധാർത്ഥന് എന്നെ സ്‌നേഹംല്ല്യേ?'

അവൻ ആലോചിച്ചു. അമ്മയുടെയും അച്ഛന്റേയും ഒപ്പം നാട്ടിൽ വന്നതിന്റെ പിറ്റേന്നാണ് അരുന്ധതി വീട്ടിൽ വന്നത്. ചുവപ്പു പാവാടയും ബ്ലൗസും വേഷം. അഞ്ചുകൊല്ലം മുമ്പ് കണ്ടപ്പോൾ അവൾക്ക് ഇത്ര ഭംഗിയുണ്ടായിരുന്നില്ല. ഒരു മെലിഞ്ഞ കുട്ടിയായിരുന്നു. ഇപ്പോൾ അവളുടെ കവിൾ തുടുത്തിരുന്നു. ദേഹം ഉരുണ്ടിരുന്നു. മാറിൽ..... അവൻ കൺതിരിച്ചു.

'സിദ്ധാർത്ഥന് എന്നെപ്പറ്റി ആലോചിക്കുമ്പോൾ ഒന്നും തോന്ന്ണില്ല്യേ?'

അവൻ ആലോചിച്ചു. രാത്രി കുറേ നേരം അരുന്ധതിയെപ്പറ്റി ആലോചിച്ചു കിടന്നിരുന്നു. എന്തെങ്കിലും തോന്നിയിരുന്നോ?

'ഒന്നും തോന്ന്ണില്ല്യേ? ഹൃദയത്തിൽ ഒരു വിമ്മിട്ടം? നെടുവീർപ്പിടാൻ തോന്നുക?'

'അതു തോന്നാറുണ്ട്.'

'എന്ത്?'

'ശ്വാസത്തിന്റെ പ്രശ്‌നം. എനിക്ക് ആസ്ത്മയുടെ ഉപദ്രവമുണ്ട്. മദ്രാസിലുള്ളപ്പോ എപ്പോഴുംണ്ടാവും. ഇവിടെ വന്നശേഷം വല്ലപ്പോഴേ ഉണ്ടാവാറുള്ളു.'

'ഓ, അതല്ല.' അരുന്ധതി നൈരാശ്യത്തോടെ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു. 'സിദ്ധാർത്ഥന് എത്ര വയസ്സായി? ഒരു മിനുറ്റ് നിൽക്കു, ഞാൻ പറയാം. ഏഴിലല്ലേ പഠിക്കണത്? അപ്പോൾ പന്ത്രണ്ട് വയസ്സായിട്ടുണ്ടാവും. ഒരു മൂന്ന്‌കൊല്ലം കഴിയട്ടേ, എന്റെ പ്രായായാൽ മനസ്സിലാവും ഹൃദയത്തിന്റെ വേദനെന്താണെന്ന്.'

അവൾ ആകെ നിരുത്സാഹപ്പെട്ടപോലെ തോന്നി. സിദ്ധാർത്ഥൻ അവളുടെ അടുത്തുചെന്നു, സമാധാനിപ്പിക്കാനായി പറഞ്ഞു.

'എനിക്ക് അരുവിനെ നല്ല ഇഷ്ടാണ്.'

'അതുകൊണ്ട് കാര്യമില്ല.' അവൾ ഗൗരവത്തിൽ പറഞ്ഞു. 'ഇഷ്ടപ്പെടലും പ്രേമത്തിലാവലും രണ്ടും രണ്ടാണ്. ഈ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. ഇത് ഒരൊറ്റവഴി പ്രേമമാവാനാണ് സാദ്ധ്യത. അങ്ങോട്ടു മാത്രം. ഞാൻ എന്താണ് ചെയ്യ്വാ. പ്രേമം കുത്തിവയ്ക്കാൻ പറ്റുമോ. സാരമില്ല. ഈ പ്രേമം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചുകൊള്ളാം.'

അരുന്ധതിയുടെ അതിഥിയായി വന്ന് അവളുടെ മനസ്സ് കേടുവരുത്തിയതിൽ അവൻ ഖേദിച്ചു. സിദ്ധാർത്ഥൻ അവളുടെ അടുത്തു ചെന്ന് അവളുടെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

'സോറി അരു, ഞാൻ കുട്ടിയെ വിഷമിപ്പിക്കണംന്ന് കരുതീല്ല.'

'സിദ്ധാർത്ഥൻ വാരികകളിലെ തുടർക്കഥകളൊന്നും വായിക്കാറില്ലേ?'

'ഇല്ല, എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഞാൻ വായിക്കാറ് കോമിക്‌സാണ്. അസ്റ്റെരിക്‌സും ടിൻടിനും ഒക്കെ.'

'അതാണ് കാര്യം.' അരുന്ധതി പറഞ്ഞു. 'സാരംല്ല്യ, ഞാനെന്റെ പ്രേമം ഹൃദയത്തിന്റെ നനുത്ത താളുകളിൽ ഒരു മയിൽപ്പീലിപോലെ ഒളിപ്പിച്ചു വയ്ക്കാം. ഏകാന്തതയിൽ എടുത്ത് താലോലിക്കാൻ.'

സിദ്ധാർത്ഥൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു. ഇത്തരം വാചകങ്ങൾ നടാടെ കേൾക്കുകയാണ്. തന്റെ വായനയുടെ പോക്ക് ശരിയല്ലെന്നവനു മനസ്സിലായി. അസ്റ്റെരിക്‌സും ടിൻടിനുമൊന്നുമല്ല വായിക്കേണ്ടിയിരുന്നത്. അവൻ പറഞ്ഞു.

'ശരിക്കു പറഞ്ഞാൽ എനിക്ക് അരുവിനോട് പ്രേമംണ്ട്.'

'തീർച്ചയാണോ?' അവൾ ഉത്സാഹത്തോടെ ചോദിച്ചു.

'ഉം. അരൂനെ കാണുമ്പോളില്ലെ, എനിക്ക് നെഞ്ചിനുള്ളിൽ ഒരു ജാതി.....'

'ശരിക്കും?'

'അതെ.'

'അപ്പോൾ നമ്മൾ തുല്ല്യദുഃഖിതരാണ്.' അവൾ ഉലാത്തിക്കൊണ്ട് പറഞ്ഞു.

ഇതിൽ എന്താണ് ദുഃഖമെന്ന് സിദ്ധാർത്ഥനു മനസ്സിലായില്ല. അവൻ വിശദീകരണം തേടി.

'അതോ, പ്രേമം എന്നു പറഞ്ഞാൽ ദുഃഖമാണുണ്ണീ.' അവൾ ഗൗരവത്തോടെ പറഞ്ഞു. 'ഈ ദിവ്യപ്രേമത്തിന്റെ ജ്വാലയിൽ ഞാൻ ഉരുകിയില്ലാതാവട്ടെ.'

സിദ്ധാർത്ഥന് ശരിക്കും അസൂയ തോന്നി. തനിക്ക് പന്ത്രണ്ട് വയസ്സ് ആയിട്ടേ ഉള്ളൂ, ശരി. പക്ഷെ ഒരു മൂന്നു കൊല്ലത്തിനുള്ളിൽ തനിക്ക് ഇങ്ങിനെയൊക്കെ സംസാരിക്കാൻ പറ്റുമോ? ഇരുണ്ട ഭാവിയോർത്ത് അവൻ ക്ഷീണിതനായി, അഴികളില്ലാത്ത കട്ടിലിന്റെ ചട്ടക്കൂട്ടിൽ പോയിരുന്നു. അരുന്ധതി അടുത്തുതന്നെ വന്നിരുന്നു. എന്തോ കാര്യമായി നേടിയ പോലെ അവൾ സംതൃപ്തയായിരുന്നു. അവൾ തിരിഞ്ഞ് സിദ്ധാർത്ഥന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് ചോദിച്ചു.

'പ്രേമിക്കുന്നവർ എന്തൊക്കെ ചെയ്യുമെന്ന് അറിയുമോ?'

'ഉം.'

'എന്തൊക്കെയാണ്?'

'പാട്ടു പാടും......' അവൻ തുടരാൻ സംശയിച്ച് നിന്നു.

'ഈ അറിവ് എവിടുന്ന് കിട്ടി?'

'സിനിമേലൊക്കെ അങ്ങിനാ. ടീവീലും ഞാൻ കണ്ടിട്ടുണ്ട്.'

'ഞങ്ങളുടെ വീട്ടിൽ ടിവിയില്ല, ഞാൻ സിനിമ കാണാറുമില്ല. അതുകൊണ്ടുതന്നെ പ്രേമത്തെപ്പറ്റി വികലമായ അറിവുകളും എനിക്കില്ല.' കാമുകന്റെ അറിവില്ലായ്മയിൽ അസ്വസ്ഥയായി അരുന്ധതി പറഞ്ഞു. 'കേട്ടോളൂ, പ്രേമിക്കുന്നവർ ആലിംഗനം ചെയ്യും, ചുംബിക്കും.'

'എന്നുവച്ചാൽ?'

'എന്നുവച്ചാൽ കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും, മനസ്സിലായോ.' അവൾ അക്ഷമയോടെ പറഞ്ഞു.

അതെല്ലാം അവൻ ടിവിയിലും സിനിമയിലും കാണാറുള്ളതാണ്. പക്ഷെ അവയെല്ലാം തന്നെ മാധ്യമങ്ങളുടെ സ്വതസിദ്ധമായ വൈരുദ്ധ്യങ്ങളെന്നല്ലാതെ യഥാർത്ഥജീവിതത്തിൽ പകർത്താനുള്ളതല്ലെന്നവൻ വിശ്വസിച്ചു. അവന് അകാരണമായി പേടി തോന്നി. അരുന്ധതിയിൽനിന്ന് ഒരാക്രമണം ഏതു നിമിഷത്തിലുമുണ്ടാവാമെന്ന അറിവിൽ അവൻ ജാഗരൂകനായി ഇരുന്നു.

'സമയം കൊറ്യായീന്ന് തോന്നുണു.' അരുന്ധതി പറഞ്ഞു. 'സിദ്ധാർത്ഥന് വിശക്ക്ണില്ലേ?'

അവന് വിശക്കുന്നുണ്ടായിരുന്നു. വിശപ്പിനേക്കാൾ അവന് അവിടെനിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന ആഗ്രഹമായിരുന്നു. അവർ മുളംകോണിയിലൂടെ താഴേക്കിറങ്ങി. മുളംകോണി വെച്ചിരുന്നത് ഒരു വൃത്തികെട്ട ഗന്ധമുള്ള കലവറയിലായിരുന്നു. തട്ടിൻപുറത്തും ഈ നാറ്റമുണ്ടായിരുന്നു. അതു നരിച്ചീറിന്റേതാണെന്ന് അരുന്ധതി പറഞ്ഞു.

അച്ഛൻപെങ്ങൾ അടുക്കളയിൽ നിലത്തിരുന്ന് ചേമ്പിന്റെ തണ്ട് അരിയുകയായിരുന്നു. അദ്ഭുതത്തോടെ അതു നോക്കി നിന്ന സിദ്ധാർത്ഥനോട് അച്ഛൻപെങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഇങ്ങിനെയൊന്നും കണ്ടിട്ടില്ല അല്ലേ മോനെ? ഇവിടെ ഇതൊക്കെയാണ് മോനെ ഭക്ഷണം. ചേമ്പിൽതാളുകൊണ്ട് മുളകൂഷ്യം, കറുകപ്പുല്ലുകൊണ്ട് തോരൻ....'

'ഈ അമ്മ! നമുക്ക് പോവ്വ്വാ' അരുന്ധതി അവന്റെ കൈപിടിച്ചു വലിച്ചു. അവൻ കൈകുതറി അവിടെത്തന്നെ നിന്നു. അച്ചൻപെങ്ങൾ ചേമ്പിന്റെ തണ്ട് തോലുരിക്കുന്നത് കാണാൻ ഭംഗിയുണ്ടായിരുന്നു. പോരാത്തതിന് കറുകപ്പുല്ലുകൊണ്ട് തോരനുണ്ടാക്കുകയെങ്ങിനെയാണെന്ന് അവനു കാണണമെന്നുമുണ്ട്.

'നിന്റെ അമ്മയോടൊന്നും പറയല്ലെ മോനെ ഇവിടുത്തെ വിശേഷങ്ങൾ. ഇവിടെ രാവിലേം, ഉച്ചയ്ക്കും രാത്രീം ഒക്കെ സുഭിക്ഷായിട്ട്ള്ള ഭക്ഷണാന്ന് വിചാരിച്ചിരിക്ക്യാ അവള്. എന്തിനാ അവളുടെ മനസ്സമാധാനം കളേണത്.'

കറുകപ്പുല്ലുകൊണ്ടുള്ള തോരനുണ്ടാക്കുന്നതു കാണാനുള്ള താൽപര്യം നശിച്ചു. അവൻ ഒന്നും പറയാതെ അരുന്ധതിയോടൊപ്പം പുറത്തേയ്ക്കു നടന്നു. ഒന്നാം നിലയിലായിരുന്നു ആ വീട്. വരാന്തയിൽ നിന്നുള്ള ഓരോ വാതിലും ഓരോ വീട്ടിലേക്കുള്ളതാണ്. ഓരോ വാതിൽ കടക്കുമ്പോഴും അരുന്ധതി അവിടെ താമസിക്കുന്ന കുടുംബക്കാരുടെ പേർ പറയും. 'ഇത് ലക്ഷ്മി ഓപ്പോളുടെ വീടാണ്, ഇത് സുമതി വല്ല്യമ്മടെ വീട്, ഇത്....' പല വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. അതിലൂടെ കാണാവുന്ന ദൃശ്യങ്ങൾ ഇല്ലായ്മയുടെയായിരുന്നു. പൊട്ടിയ കസേലകൾ, പോളിഷ് എന്താണെന്നു മറന്ന വാതിലുകളും ജനലുകളും, മുറിക്കു കുറുകെ കെട്ടിയ അയലുകളിൽ തൂങ്ങിക്കിടക്കുന്ന നരച്ച വസ്ത്രങ്ങൾ. ഒരു തരം മടുപ്പുണ്ടാക്കുന്ന പ്രാചീനത എവിടേയും തളംകെട്ടിക്കിടന്നു. സിദ്ധാർത്ഥന് വിഷമമായി.

അവർ വീട്ടിലേയ്ക്കു നടന്നു. ഇടവഴി കടന്ന് വിശാലമായ പാടത്തെത്തി. കാറ്റിൽ വയലിന്റെ പച്ചപ്പിൽ ഓളങ്ങളുണ്ടായി. വരമ്പിന് വീതി കുറവായതിനാൽ അരുന്ധതി മുമ്പിലും സിദ്ധാർത്ഥൻ പിന്നിലുമായാണ് നടന്നിരുന്നത്. അരുന്ധതിയുടെ പാവാടത്തുമ്പിൽ പുല്ലിൻ കായ്കൾ ഒട്ടിപ്പിടിക്കുന്നത് അവൻ നോക്കിനടന്നു. ഇനി വീട്ടിലെത്തിയാൽ അവൾ ഇരുത്തിമേലിരുന്ന് ആ കായ്കൾ ഓരോന്നായി പറിച്ചുകളയും. രാവിലെ അങ്ങിനെ പറിച്ചുകളയുമ്പോഴാണ് അമ്മ ചോദിച്ചത്.

'അരു നീ രണ്ടു ദോശ തിന്നുന്നോ.'

'വേണ്ട അമ്മായി,' അവൾ പറഞ്ഞു, 'ഞാൻ പിട്ടും കടലയും കഴിച്ചിട്ടാണ് വന്നത്.'

ഇപ്പോൾ ആലോചിക്കുമ്പോൾ അവനു തോന്നി അവൾ പറഞ്ഞത് നുണയായിരുന്നെന്ന്. പിട്ടും കടലയും ഉണ്ടാക്കിയ ഒരടുക്കളയല്ല അവൻ അവളുടെ വീട്ടിൽ കണ്ടത്. ഒരു പക്ഷെ അവൾ ഒന്നും കഴിച്ചിട്ടുതന്നെയുണ്ടാവില്ല.

വീട്ടിൽ ഊണു തയ്യാറായിരുന്നു. മിൻ കറിയും മീൻ വറുത്തതുമുണ്ടായിരുന്നു. വറുത്ത മീനിന്റെ വാസന അവന്റെ വിശപ്പ് ഇരട്ടിച്ചു. അവൻ കൈകാൽ കഴുകുവാൻ കുളിമുറിയിലേയ്ക്ക് ഓടി. തിരിച്ചു വന്നപ്പോഴേയ്ക്ക് അരുന്ധതി പോയിരുന്നു. അവൻ ചോദിച്ചു.

'അമ്മേ, അരുചേച്ചിയോട് ഊണു കഴിച്ചിട്ടു പോയാ മതീന്ന് പറയായിരുന്നില്ലേ?'

'ഞാൻ പറഞ്ഞതാ, അവള് കേക്കണ്ടെ? അവിടെ രാവിലെ താമി കണമ്പ് കൊണ്ടുവന്നിട്ടുണ്ട്ന്ന് പറഞ്ഞു. അതു വെച്ചിട്ടുംണ്ട് വറത്തിട്ടുംണ്ട്‌ത്രെ. അവള്‌ടെ അമ്മ എന്നെപ്പോലെയൊന്നും അല്ല, നന്നായി വെയ്ക്കും. നെന്റെ അച്ഛന്ന് ഇപ്പോഴും പെങ്ങള് വച്ച മീൻകറിയാണിഷ്ടം. അപ്പോ പിന്നെ അവൾക്ക് ഇവിടെ ഊണു കഴിക്കാൻ എന്തു താൽപര്യാണ്ടാവ്വാ?'

സിദ്ധാർത്ഥൻ ഒന്നും പറയാതെ ഊണു കഴിച്ചു. അമ്മക്കറിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അവൻ മനസ്സിലാക്കിയിരുന്നു. നല്ല ജന്മം കിട്ടാൻ നോമ്പെടുത്ത് തട്ടിൻ പുറങ്ങളിൽ തൂങ്ങിക്കിടക്കുന്ന നരിച്ചീറുകളെപ്പറ്റിയോ, കാളയുടെ വേഷമിട്ട് വൈരികളെ ഒടിച്ചുകൊല്ലുന്ന കാണനെപ്പറ്റിയോ അമ്മയോട് ചോദിച്ചിട്ടു കാര്യമില്ല. അച്ഛന് പല കാര്യങ്ങളെപ്പറ്റിയും അറിയാം, പക്ഷെ അവനു ചോദിക്കാൻ ധൈര്യമില്ല.

പിറ്റേന്നു രാവിലെ സിദ്ധാർത്ഥൻ പ്രാതൽ കഴിക്കാതെ അരുന്ധതി വരുന്നതും കാത്തിരുന്നു. അവൾ വന്ന് ഇരുത്തിമേലിരുന്ന് പാവാടത്തുമ്പിൽ പിടിച്ച പുല്ലിൻ കായകൾ വലിച്ചെടുത്തു. അപ്പോഴാണ് സിദ്ധാർത്ഥൻ ശ്രദ്ധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൾ ഒരേ പാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നത്. ദിവസവും തിരുമ്പിയിടുന്നതായിരിക്കും, കാരണം അവളുടെ വസ്ത്രങ്ങളിൽ അഴുക്കു പുരണ്ടിരുന്നില്ല. കഴുത്തിൽ ഒരു ചെറിയ മാല, കാതുകളിൽ തൂങ്ങിക്കിടക്കുന്ന കൊടക്കടുക്കൻ. അവളുടെ ഓരോ ചലനങ്ങളിലും അവ ആടി.

'അരു വന്നില്ലെ, ഇനി നിനക്ക് ദോശ കഴിച്ചൂടെ?' അമ്മ ചോദിച്ചു. 'നീ വന്നിട്ട് നിന്റെ ഒപ്പം കഴിക്കാമെന്ന് പറഞ്ഞിരിക്ക്യാണ്. വരൂ ചായ കൂട്ടീട്ട്ണ്ട്.'

'അയ്യോ അമ്മായീ, ഞാൻ ദോശീം കാപ്പീം കഴിച്ചു.' അവൾ പറഞ്ഞു.

'സാരല്ല്യ,' അവർ മരുമകളോട് പറഞ്ഞു 'രണ്ടു ദോശേം കൂടെ കഴിച്ചാൽ ഒന്നും സംഭവിക്കില്ല.'

അവൾ സിദ്ധാർത്ഥനെ നോക്കി, പെട്ടെന്നു തന്നെ മുഖം തിരിക്കുകയും ചെയ്തു.

തിരിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോൾ അവൾ ഒന്നും സംസാരിച്ചില്ല. അവളുടെ സംസാരത്തിന്റെ ഉറവകൾ വറ്റിയ പോലെ. സിദ്ധാർത്ഥനും ഒന്നും സംസാരിക്കാതെ അരുന്ധതിയുടെ ചുവന്ന പാദങ്ങൾ നോക്കി നടന്നു. വരമ്പുകളിൽ പുല്ലിന്മേൽ പതിഞ്ഞു കിടന്ന ഹിമകണങ്ങൾ വെയിലിൽ വറ്റിത്തുടങ്ങുന്നേ ഉള്ളു. കാറ്റിൽ പച്ചപ്പുല്ലിന്റെ ഗന്ധമുണ്ടായിരുന്നു.

തട്ടിൻപുറത്തെത്തിയപ്പോൾ അരുന്ധതി പറഞ്ഞു.

'ഞാൻ നിനക്കൊരു സാധനം കാട്ടിത്തരാം.'

അവൾ ഒരു പഴയ മരപ്പെട്ടി തുറന്ന് ഒരു നോട്ടുപുസ്തകമെടുത്തു.

'ഇതെന്താണെന്നറിയ്യ്യോ?'

സിദ്ധാർത്ഥൻ നോക്കി. അതിൽ നിറയെ എഴുതിയിരിക്കയാണ്. അവൻ ചോദ്യപൂർവ്വം അരുന്ധതിയെ നോക്കി.

'ഇതെല്ലാം ഞാനെഴുതിയ കവിതകളാണ്. എന്റെ മാനസസന്താനങ്ങൾ. ഞാനിതാരോടും പറഞ്ഞിട്ടില്ല. നീയും ആരോടും പറയില്ലെന്ന് വാക്കു തരണം.'

അവൾ നീട്ടിയ കയ്യിൽ അവൻ അടിച്ചു വാക്കു കൊടുത്തു.

'ആരെങ്കിലും അറിഞ്ഞാൽ എന്നെ വീട്ടിൽ നിന്നു പുറത്താക്കും. സ്കൂളിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതുകയെന്നാൽ വലിയ കുറ്റകൃത്യമാണ്. നമ്മൾ തമ്മിൽ പ്രണയബദ്ധരാണെന്നതുകൊണ്ടാണ് ഞാൻ നിന്നോട് പറയുന്നത്.'

'അരു എന്തിനെപ്പറ്റിയാണ് കവിതയെഴുതുന്നത്?'

'അത് എന്റെ സ്വകാര്യമാണ്. എനിക്ക് ദുഃഖമുണ്ടാവുമ്പോഴെല്ലാം ഞാൻ തട്ടിൻപുറത്ത് എന്റെ അഭയസ്ഥാനത്തേയ്ക്ക് വരും, കവിതയെഴുതും. ഞാനും എന്റെ കണ്ണീരൊപ്പുന്ന ഉറ്റ തോഴിയായ കവിതയും മാത്രം, പിന്നെ എനിക്ക് ദുഃഖമില്ല, വിഷമങ്ങളില്ല.'

'അരുവിനെന്താണ് വെസനം?'

'ആവൂ, അവസാനം എന്റെ പ്രിയകാമുകൻ പ്രിയസഖിയുടെ സ്വകാര്യദുഃഖങ്ങളുടെ കാരണം അന്വേഷിക്കുന്നു!' അരുന്ധതി എഴുന്നേറ്റു നടന്നു. 'ഞാൻ കൃതാർത്ഥയായി.'

സിദ്ധാർത്ഥന്ന് കളിയാക്കപ്പെട്ടതായി തോന്നി. അവൻ ദേഷ്യത്തോടെ പറഞ്ഞു. 'ഞാൻ പോവ്വ്വാണ്.'

അവൻ മുളയുടെ കോണി ചടുപിടെ ചാടി ഇറങ്ങി. പിന്നിൽനിന്ന് അരുന്ധതി വിളിക്കുന്നത് ശ്രദ്ധിക്കാതെ അവൻ വരാന്തയിലൂടെ ഓടി, കോണിയിറങ്ങി മുറ്റത്തേക്കിറങ്ങി. ഇടവഴിയിലൂടെ ഓടുമ്പോൾ അരുന്ധതി പിൻതുടരുന്നുണ്ടോ എന്നവൻ ശ്രദ്ധിച്ചില്ല. വയലെത്തിയിട്ടും അവൻ ഓട്ടം നിർത്തിയില്ല. പകുതി ദൂരം താണ്ടിയശേഷം അവൻ നിന്നു. തിരിഞ്ഞുനോക്കിയപ്പോൾ ഇടവഴി കഴിഞ്ഞ് വയൽ തുടങ്ങുന്നിടത്ത് അരുന്ധതി നിൽക്കുന്നതു കണ്ടു. അവൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല.

'എന്തേ ഇത്ര നേരത്തെ തിരിച്ചു വന്നത്?' എന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൻ പറമ്പിൽ അലഞ്ഞു നടന്നു. കുളത്തിലെ ആമ്പൽ പൂക്കൾ അവന് ആശ്വാസം പകർന്നില്ല. തെളിവെള്ളത്തിൽ കാലിട്ട് പരൽമീനുകൾ കൊത്തുമ്പോഴുണ്ടാവുന്ന ഇക്കിളിയും സഹിച്ച് കുളപ്പടവിൽ കുറേ നേരം ഇരുന്നു. കയ്യിലുണ്ടായിരുന്ന ഉരുളൻകല്ല് കുളത്തിലേക്കെറിഞ്ഞ് അവൻ പടവുകൾ കയറി. അപ്പോഴാണവൻ കണ്ടത്, അരുന്ധതി നടന്നു വരുന്നു. അവൾ പടി കടന്ന് തലയും താഴ്ത്തി നടന്നു വരികയാണ്. സിദ്ധാർത്ഥൻ മുറ്റത്തേയ്ക്കു കടന്നു. തലയുയർത്താതെ, കണ്ട ഭാവം നടിക്കാതെ അരുന്ധതി നേരെ അകത്തേയ്ക്കു കടന്നു. എന്തുകൊണ്ടോ അകത്തു പോകാൻ ധൈര്യമില്ലാതെ സിദ്ധാർത്ഥൻ ഉമ്മറത്തു തന്നെ നിന്നു. അഞ്ചു മിനിറ്റിനകം അരുന്ധതി പുറത്തേയ്ക്കു വന്ന് ഉമ്മറത്തിണ്ണമേൽ ഇരിക്കുകയായിരുന്ന സിദ്ധാർത്ഥനെ തീരെ അവഗണിച്ചുകൊണ്ട് മുറ്റത്തേയ്ക്കിറങ്ങിപ്പോവുകയും ചെയ്തു. അവളുടെ കവിളുകൾ ചുവന്നിരുന്നു. കണ്ണുകൾ കലങ്ങിയും. സിദ്ധാർത്ഥൻ അടുക്കളയിലേയ്ക്കു പോയി. അവിടെ അമ്മയും അമ്മമ്മയും മാത്രമേ ഉള്ളു. അരുന്ധതി വന്നതെന്തിനാണെന്നവൻ അന്വേഷിച്ചു.

'ആ, അവള് നിന്നോടൊന്നും പറഞ്ഞില്ലേ? ഈ വെള്ളിയാഴ്ച അവളുടെ പിറന്നാളാണ്. നമുക്കൊക്കെ അവിട്യാണ് ഊണ്.'

'ഞാനില്ല അവളുടെ പിറന്നാളിന്.'

'എന്താടാ മോനെ നീ അങ്ങനെ പറേണത്?' അമ്മമ്മ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല.

'അതേയ്, അമ്മേ, അരു അവനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടാവില്ല. അതാണ് കാര്യം.' അമ്മ പറഞ്ഞു.

വാർത്ത അരുന്ധതിയുടെ ചെവിയിലെത്തിയെന്നു തോന്നുന്നു. വൈകുന്നേരം സിദ്ധാർത്ഥൻ പടിക്കൽ നിൽക്കുകയായിരുന്നു. ഇടവഴി ഒരു കാന്തമെന്ന പോലെ തന്നെ വലിക്കുന്നതവന് അനുഭവപ്പെട്ടു. വയലിൽ സൂര്യന്റെ മഞ്ഞരശ്മികൾ ചായപ്പണി നടത്തുന്നത് കൺമുമ്പിൽ കണ്ടു. അതിനുമപ്പുറം വീണ്ടും നിഴൽ വീശുന്ന ഇടവഴികൾ, അതിന്റെ ഓരത്തായി ഓടുകൾ പൊട്ടി പൊളിഞ്ഞു വീഴാറായ പടിപ്പുര. ഇല്ല, ഞാൻ പോവില്ല. അവൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴാണ് അവൻ കണ്ടത്, അരുന്ധതി വരുന്നു! ചുവന്ന പാവാടയും ബ്ലൗസും തന്നെ വേഷം. അവളെ ആ വേഷത്തിലല്ലാതെ സിദ്ധാർത്ഥന് തിരിച്ചറിയില്ലെന്ന അവസ്ഥയായിരിക്കുന്നു.

അരുന്ധതി നേരെ നടന്ന് അവന്റെ മുമ്പിൽ വന്നു നിന്നു, വളരെ ഔപചാരികമായി അവന്റെ മുഖത്തു നോക്കാതെ സംഭാഷണം തുടങ്ങി.

'ഈ വരുന്ന വെള്ളിയാഴ്ചയാണ് എന്റെ ജന്മദിനം. അതായത്, പതിനഞ്ചു കൊല്ലം മുമ്പ് ഈ ദിവസം അനിഴം നക്ഷത്രത്തിൽ, മനസ്സിൽ അല്പം കവിതയും സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട ഹൃദയവുമായി ഈ പാവപ്പെട്ട പെൺകുട്ടി ജനിച്ചു. ജന്മദിനം ആഘോഷിക്കപ്പെടേണ്ടതാണെന്ന വിചാരമൊന്നും ഈ പെൺകുട്ടിക്കില്ല, എങ്കിലും അമ്മയുടെയും അച്ഛന്റെയും ആഗ്രഹങ്ങൾക്കു വഴങ്ങി ഒരു ചെറിയ സദ്യ ഒരുക്കാൻ സമ്മതിച്ചിരിക്കയാണ്. താങ്കളുടെ കുടുംബത്തെ ക്ഷണിക്കാൻ രാവിലെ ഞാൻ വന്നതായിരുന്നു. അറിവുകേടു കൊണ്ട് താങ്കളെ നേരിട്ട് ക്ഷണിച്ചില്ലാ എന്നതിൽ ഖേദിക്കുന്നു. അതു മാപ്പാക്കി താങ്കൾ കുടുംബസമേതം വന്ന് സദ്യയിൽ പങ്കുകൊണ്ട് ഈ പാവപ്പെട്ട പെൺകുട്ടിയെ അനുഗ്രഹിക്കുമാറാകണം.'

ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു. സിദ്ധാർത്ഥന് ചിരിവന്നു. അരുന്ധതി അകന്നുപോകും തോറും ചിരി മാഞ്ഞു. അവൾ കണ്ണിൽനിന്നു മറഞ്ഞപ്പോഴേയ്ക്കും അവന്റെ മനസ്സിൽ അനുഭവപ്പെട്ട നീറൽ സാവധാനത്തിൽ ഒരു ജ്വാലയായി അവന്റെ ദേഹമാസകലം പടർന്നു.

അരുന്ധതി ഗൗരവത്തിൽത്തന്നെയായിരുന്നു. അവൾ കസവു കരയുള്ള മഞ്ഞ പട്ടുപാവാടയും ബ്ലൗസുമാണിട്ടിരുന്നത്. കട്ടിയുള്ള മുടി പിന്നിയിട്ടിരുന്നു. സദ്യയ്ക്ക് നേരത്തെ ചെല്ലാഞ്ഞതു നന്നായെന്ന് സിദ്ധാർത്ഥന് തോന്നി. അവൾ സ്‌നേഹിതകളുടെയും ബന്ധുക്കളായ പെൺകുട്ടികളുടെയും ഒപ്പം നടക്കുകയാണ്. മുഖത്ത് ചിരിയൊന്നുമില്ല. വല്ലപ്പോഴുമൊന്ന് ചിരിച്ചാൽ തന്നെ അതൊരോർമ്മപ്പിശകാണെന്ന മട്ടിൽ ഉടനെത്തന്നെ അവളുടെ മുഖം കനം വെയ്ക്കും. സിദ്ധാർത്ഥനെ നോക്കുന്നേയില്ല. അച്ചൻപെങ്ങള് ആങ്ങളയെ സന്തോഷിപ്പിക്കാൻ നടക്കുകയാണ്. ഊൺമേശ നാലുപേർക്കു മാത്രം ഇരിക്കാൻ പറ്റിയതാണ്. അതിന്മേൽ നഗരവാസികളായ ആങ്ങളയുടെ കുടുംബത്തെ ഇരുത്താനുള്ള ശ്രമമാണ്.

'സിദ്ധാർത്ഥൻ ഇവിടെ വന്നിരിക്ക്. നിനക്ക് നിലത്തിരുന്നുണ്ടിട്ടുള്ള ശീലമൊന്നുംണ്ടാവില്ല്യ.'

അവൻ ചമ്മി. ഇത്രയും കുട്ടികൾ നിലത്തിരുന്നുണ്ണുമ്പോൾ അവൻ മാത്രം.... അല്ലെങ്കിലേ താൻ ഒറ്റപ്പെട്ടിരിക്കയാണ്. ഇനി അതും കൂടിയായാൽ ശരിയായി. അവൻ വേഗം ഓടിപ്പോയി കുട്ടികളുടെ ഇടയിൽ ഇരുപ്പുറപ്പിച്ചു. അച്ചൻപെങ്ങൾ കാട്ടിക്കൂട്ടുകയാണ്. അവനത് തീരെ ഇഷ്ടപ്പെട്ടില്ല.

സദ്യ നന്നായിരുന്നു. പക്ഷെ അത് അതുവരെ അവനനുഭവപ്പെട്ടിട്ടുള്ള അന്തരീക്ഷവുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടിരുന്നില്ല. കഴിഞ്ഞ എട്ടു പത്തു ദിവസങ്ങളായി ഒരു നല്ല കറിയുടെ വാസനയും അവന് ആ വീട്ടിൽനിന്നു കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സദ്യ മുഴച്ചു നിൽക്കുന്നപോലെ തോന്നി. ആരും ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ അവൻ കലവറയിൽ കടന്നു, മുളംകോണിക്കു താഴെ സംശയിച്ചു നിന്നു. മുകളിൽ തട്ടിൻപുറത്ത് തൂങ്ങിക്കിടക്കുന്ന നരിച്ചീറുകളും പേടിപ്പെടുത്തുന്ന നിഴലുകളുമാണ്. അവന് കയറാൻ ഭയമായി. തിരിഞ്ഞ് ഉമ്മറത്തേയ്ക്കു പോകാനും താൽപര്യമില്ല. പെട്ടെന്ന് ഇടനാഴിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവൻ ധൃതിയിൽ കോണികയറി തട്ടിൻപുറത്തെത്തി.

തട്ടിൻപുറം അവൻ വിചാരിച്ചതിലുമധികം ശൂന്യമായിരുന്നു. ചിതറിക്കിടക്കുന്ന വീട്ടുസാമാനങ്ങൾ അവനിൽ ഒരു വികാരവുമുണർത്തിയില്ല. അരുന്ധതി ഒപ്പമുള്ളപ്പോൾ ആ നിർജ്ജീവ വസ്തുക്കൾ അവനോട് സംസാരിച്ചിരുന്നു. ഓരോ ചെറിയ വസ്തുവിനുപോലും അർത്ഥമുണ്ടായിരുന്നു. അവന്റെ മനസ്സിൽ ഒരു നീറൽ അനുഭവപ്പെട്ടു. പെട്ടെന്ന് മൂലയിൽ നിന്ന് ഒരു നരിച്ചീറ് അവന്റെ മുമ്പിൽക്കൂടി പറന്നുപോയി. അവൻ ഞെട്ടിപ്പോയി. എന്തോ കുഴപ്പമുണ്ടായിട്ടുണ്ട്. നാലഞ്ചു നരിച്ചീറുകൾ അവിടെ വട്ടമിട്ടു ശബ്ദമുണ്ടാക്കി പറക്കുകയാണ്. സാവധാനത്തിൽ അവ ഓരോന്നായി വീണ്ടും കീഴ്ക്കാംതൂക്കായി തൂങ്ങിക്കിടന്നുറക്കമായി. അവയെല്ലാം മരിച്ചുപോയവരുടെ ആത്മാക്കളാണെന്ന് അവൻ ഓർത്തു. വയലിന്നരികെയുള്ള വീട്ടിലെ പത്തായപ്പുരയുടെ ചുമരിൽ അടയാളമിട്ട പ്രേതത്തെ അവൻ ഓർത്തു. രാത്രി മേലാസകലം ഒരുതരം ഭസ്മം പൂശി കാളയുടെ രൂപമെടുത്ത് ഒടിമറിയുന്ന കാണനേയും. ഇനി ഇവിടെ നിൽക്കുന്നതിൽ വലിയ അർത്ഥമില്ല. അവൻ ഓടാൻ തയ്യാറായി. അവൻ ഞെട്ടിപ്പോയി. കോണി കയറി വരുന്ന ഒരു തലയാണവൻ കണ്ടത്. അത് അരുന്ധതിയാണെന്ന് മനസ്സിലായിട്ടും അവന്റെ ഹൃദയം ശക്തിയായി മിടിച്ചു.

'ഞാൻ വിചാരിച്ചു.......

.'അരുന്ധതി നേരെ മുമ്പിൽ വന്നു നിന്നു. അവളുടെ മുഖം ചുവന്നിരുന്നു. കണ്ണുകൾ ഈറനായിരുന്നു. നാലു ദിവസം മുമ്പ് പെയ്ത മഴയ്ക്കു ശേഷം രാവിലെ തോട്ടത്തിൽ കണ്ട തുടുത്ത പനിനീർപ്പൂവിൽ തങ്ങിനിന്ന ജലകണങ്ങൾ അവൻ ഓർത്തു. പരുങ്ങി നിന്ന സിദ്ധാർത്ഥനെ ഒരു നിമിഷനേരം നോക്കി നിന്നശേഷം അരുന്ധതി പറഞ്ഞു.

'എന്റെ ഏകാന്തതയിലെ അഭയത്തിലേയ്ക്ക് വരാൻ താങ്കൾ എങ്ങന്യാണ് അർഹത നേടിയത്?'

സിദ്ധാർത്ഥൻ അരുന്ധതിയുടെ കണ്ണിലേയ്ക്ക് നോക്കി. ആ കണ്ണുകൾ അവന്റെ കണ്ണിലൂടെ അവന്റെ മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് നോക്കുകയായിരുന്നു. അവൻ പറഞ്ഞു.

'അരൂ, ഞാൻ ഒരു കാര്യം പറയട്ടെ. എനിക്ക് അരു പറയുന്ന കാര്യങ്ങൾ പകുതിയും മനസ്സിലാവുന്നില്ല. പിന്നെ എന്നെ താങ്കൾ എന്നൊന്നും വിളിക്കണ്ട. എനിക്കൊരു പേരുണ്ട്, സിദ്ധാർത്ഥൻ. എന്നെ ഇഷ്ടമുള്ളവർ അങ്ങിനെയാണ് വിളിക്കുക.'

'സിദ്ധാർത്ഥന് പക്ഷെ എന്നെ ഇഷ്ടമില്ലല്ലൊ.'

'ആരു പറഞ്ഞു?'

അവൾ ഒന്നും പറഞ്ഞില്ല. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നപോലെ അവൾ നിന്നു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. നിർണായകമായ ആ നടത്തത്തിന്റെ അന്ത്യത്തിൽ അവൾ സിദ്ധാർഥന്റെ മുൻപിൽ വന്നുനിന്നു.

'സിദ്ധാർഥന് എന്നോട് ശരിക്കും സ്‌നേഹമുണ്ടോ?'

'ഉണ്ട്.' അവൻ വീണ്ടും മനസ്സിലെ ചുടുനീറ്റം അനുഭവിച്ചു. അവളെ കെട്ടിപ്പിടിക്കാൻ, ഉമ്മ വെക്കാൻ അവൻ ദാഹിച്ചു. അവളുടെ കാതിൽ തൂങ്ങിക്കിടന്ന കൊടക്കടുക്കൻ അപ്രത്യക്ഷമായെന്ന് അവൻ കണ്ടുപിടിച്ചു.

'അരുവിന്റെ കൊടക്കടുക്കൻ എവിടെപ്പോയി?'

'ശ്...ശ്...' അവൾ അവന്റെ വായ പൊത്തിക്കൊണ്ടു പറഞ്ഞു. 'ഇല്ലാത്ത ധാരാളിത്തം കാണിക്കാനുള്ള അമ്മയുടെ വ്യഗ്രതയിൽ എന്റെ സ്വപ്‌നങ്ങൾ കരിഞ്ഞുപോകുന്നത് സിദ്ധാർത്ഥന് മനസ്സിലാവില്ല. ആ രഹസ്യങ്ങളെല്ലാം എന്റെ മനസ്സാകുന്ന മണിയറയിൽത്തന്നെ പള്ളിയുറങ്ങട്ടെ.'

'എന്നു വച്ചാൽ?'

'ഓ, ഒന്നുമില്ല. സിദ്ധാർത്ഥൻ നീ ഒരു പാവമാണ്. നിനക്ക് വേദനയെന്താണെന്നറിയില്ല. നീ കൊട്ടാരത്തിലാണ് താമസം. പുറത്തെ ലോകവും അതിന്റെ അഭിലാഷങ്ങളും വേദനകളും നിനക്ക് അജ്ഞാതമാണ്. പക്ഷെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഈ ജീവിതത്തിൽ ഒരു പുരുഷനുണ്ടാവുകയാണെങ്കിൽ അത് സിദ്ധാർത്ഥൻ മാത്രമായിരിക്കും.' അങ്ങിനെയൊരു പ്രഖ്യാപനം നടത്തി അവൾ സിദ്ധാർത്ഥന്റെ ചുമലിൽ കൈവച്ചു. അവൻ അവളുടെ അരക്കെട്ടിലൂടെ കൈയ്യിട്ടു. അവന്റെ ഹൃദയം നെഞ്ചിൽനിന്ന് രക്ഷപ്പെട്ടു പോകുമെന്നവന് തോന്നി. അതൊഴിവാക്കാൻ അവൻ അവളെ നെഞ്ചിനോടമർത്തി. അരുന്ധതി അവന്റെ കഴുത്തിലൂടെ കൈയ്യിട്ടു അവളുടെ ചുണ്ടുകൾ സിദ്ധാർത്ഥന്റെ ചുണ്ടുകളോട് ചേർത്തു.

ഉമ്മ വെക്കുന്നത് സിദ്ധാർത്ഥന് അപരിചിതമല്ലായിരുന്നു. എത്രയോ തവണ അവൻ ടി.വി.യിൽ കണ്ടിട്ടുള്ളതാണ്. പക്ഷെ അതിന്റെ പ്രായോഗികവശം വിഷമം പിടിച്ചതാണെന്നവനു മനസ്സിലായി. അവിയലിന്റെയും അടപ്രഥമന്റേയും വാസനയുണ്ടായിരുന്ന അരുന്ധതിയുടെ നാവ് അവന് കിക്കിളി കൊടുത്തു. ദീർഘനേരം എടുത്ത് നിർവഹിച്ച ആ ചുംബനം പക്ഷെ അവന് ഇഷ്ടപ്പെട്ടു. വിട്ടുമാറാൻ കഴിയാതെ അവർ ആലിംഗനത്തിൽത്തന്നെ നിന്നു. തന്റെ കാലുകൾക്ക് ബലക്ഷയം വന്നപോലെ തോന്നി, സിദ്ധാർത്ഥൻ കട്ടിലിൽ പോയിരുന്നു. അരുന്ധതി ഒരു ദീർഘശ്വാസമിട്ടു. അവൾ സംതൃപ്തയായിരുന്നു. അവൾ സിദ്ധാർത്ഥനു മുമ്പിൽ ഉലാത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി.

'ഞാൻ കൃതാർത്ഥയായി. എന്റെ ആഗ്രഹങ്ങളെല്ലാം ഈ നിമിഷത്തിൽ സഫലമായി. എനിക്കിഷ്ടപ്പെട്ട പുരുഷനെത്തന്നെ എനിക്ക് ലഭിച്ചു. സിദ്ധാർത്ഥാ ഈ ചുംബനത്തിലൂടെ നിന്റെ ബീജം എന്നിൽ നിക്ഷിപ്തമായിരിക്കയാണ്. നീ ഒരാഴ്ചക്കുള്ളിൽ മദ്രാസിൽ പോകും. പിന്നെ നിന്നെ ഞാൻ കാണുമോ എന്നുതന്നെ അറിയില്ല. എന്റെ ഉദരത്തിൽ കിടന്ന് നിന്റെ ബീജം വളരും. ഒമ്പതു മാസം ഞാനതിനെ ചുമക്കും. കുട്ടിയുടെ അച്ഛൻ ആരാണെന്ന് ഞാനാരോടും പറയില്ല. അതെന്റെ മാത്രം രഹസ്യമാണ്. പത്താം മാസത്തിൽ ഞാൻ നിന്റെ കുട്ടിയെ പ്രസവിക്കും. ഞാൻ നിന്നെക്കൂടി അറിയിക്കില്ല. എന്തൊക്കെ വിഷമങ്ങളും എതിർപ്പുമുണ്ടായാലും ശരി ഞാനീ ശിശുവിനെ വളർത്തും.......'

സിദ്ധാർത്ഥൻ എഴുന്നേറ്റു. സദ്യയുണ്ടതൊക്കെ ദഹിച്ചുപോയിരുന്നു. വയറിനുള്ളിലെ കാളൽ സഹിക്കാൻ പറ്റുന്നില്ല. അരുന്ധതി സ്വയം മറന്ന് സംസാരിക്കുകയായിരുന്നു. കേൾക്കും തോറും സിദ്ധാർത്ഥന്റെ മനസ്സിലെ ആന്തൽ വർദ്ധിച്ചു വന്നു. അവൻ ധൃതിയിൽ കോണിയിറങ്ങി ഇടനാഴിയിലൂടെ ഓടി. ഉമ്മറത്ത് ഇരുന്ന ആൾക്കാരെ ശ്രദ്ധിക്കാതെ അവൻ പടികടന്ന് ഓട്ടം തുടർന്നു. ഇടവഴി, പിന്നെ പച്ചപ്പുതപ്പിട്ട പാടം, വീണ്ടും ഇടവഴി. അവൻ തിരിഞ്ഞുനോക്കാതെ ഓടുകയായിരുന്നു.

മാതൃഭൂമി ഓണപ്പതിപ്പ് - 1997