ദേശാടനക്കിളിപോലെ അവൾ


ഇ ഹരികുമാര്‍

നഗരം പെട്ടെന്നുറങ്ങുന്നു. ഏഴുമണിയാവുമ്പോഴേക്ക് കടകൾ അടച്ചുതുടങ്ങും. ഫുട്പാത്തിൽ കത്തികൾ നിരത്തിവെച്ച് വില്പന നടത്തുന്ന കിഴവൻ കത്തികൾ സഞ്ചിയിലാക്കി യാത്രയായി. കറയും തുരുമ്പും കളയാനും പാത്രങ്ങളുടെ ഓട്ടയടയ്ക്കാനുമുള്ള ഒറ്റമൂലി വിൽക്കുന്ന ചെറുപ്പക്കാരനും സ്ഥലം വിട്ടു. ഒന്നുരണ്ടു പെട്ടിക്കടകളും 'മീൽസ് റെഡി' എന്നു പുറത്തെഴുതിവച്ച റെസ്‌റ്റോറണ്ടും ഒഴികെ എല്ലാ കടകളും അടച്ചു.

നോക്കിയിരിക്കെ അവൾ വന്നു. എവിടെനിന്നാണ് അവൾ വരുന്നതെന്ന് അയാൾക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. ഒരിമ വെട്ടിത്തുറന്നാൽ അവൾ അവിടെ നിൽക്കുന്നതുകാണാം ഇരപിടിക്കുന്ന കാട്ടുമൃഗത്തിന്റെ വന്യതയും ചാതുര്യവും ഉണ്ട് അവൾക്ക്. തെരുവിന്റെ വളവിൽ അടച്ചുകഴിഞ്ഞ ചെരിപ്പുകടയുടെ വരാന്തയിൽ, നിഴലിൽ അവൾ ഇരകളെ കാത്ത് പതുങ്ങി നിൽക്കും. അനക്കമില്ല, കണ്ടാൽ ഒരു പ്രതിമയെന്നേ തോന്നു. അഞ്ചാമത്തെ നിലയിലുള്ള ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അയാൾ കൗതുകത്തോടെ നോക്കിനിൽക്കും. അധികം കാത്തുനിൽക്കേണ്ടിവരില്ല. ദാഹാർത്തനായ ഒരാൾ അവളുടെ വലയിൽ വീഴുന്നു. അല്ലെങ്കിൽ അവളെ വലയിട്ടുവെന്ന് വ്യാമോഹിക്കുന്നു. വളരെ ഹ്രസ്വമായ വിലപേശൽ. ആരും തെറ്റിപ്പോകുന്നതു കണ്ടിട്ടില്ല. കാരണം തെരുവിന്റെ മകളുടെ വില തുച്ഛമായിരിക്കണം. അവൾ മുമ്പിൽ നടക്കും. ഒരു മായാവലയത്തിലകപ്പെട്ടപോലെ അയാൾ പത്തടി പിന്നിലായി നടക്കും.

കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുള്ള ഫ്‌ളാറ്റുകളിൽ പുറത്തേക്കു കാണുന്ന വിളക്കുകളെല്ലാം അണച്ചിട്ടുണ്ടാകും. പഠിത്തത്തിന്റെ ക്രൂരമായ ദണ്ഡനമുറകൾക്കുശേഷം ടി.വി.യുടെ ആസക്തിയിൽ മക്കളെ മയക്കിയിരുത്തിയ അച്ഛനമ്മമാർ ജനലിലൂടെയും ബാൽക്കണിയുടെ അഴികളിലൂടെയും ആർത്തിയോടെ നോക്കുന്നുണ്ടാവും. എല്ലാ കണ്ണുകളും അവളിലേക്കാവും. അവൾ പക്ഷെ ഒന്നും അറിയുന്നുണ്ടാവില്ല. അറിയുന്നുണ്ടെങ്കിൽത്തന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ല. അവളുടെ മനസ്സിൽ കിടക്കുമ്പോൾ പുറത്ത് ഞെരിയുന്ന കരിങ്കൽച്ചീളുകളുടെ ശത്രുതയും, സഹശയനത്തിനായി പിന്നിൽ നടന്നുവരുന്ന ആളെപ്പറ്റിയുള്ള ആശങ്കകളുമായിരിക്കും.

കെട്ടിടത്തിന്റെ ഓരത്തുള്ള പറമ്പിന്റെ ഗെയ്റ്റ് തുറന്ന് അവൾ അകത്തു കടക്കും. പിൻതുടരുന്ന ആൾക്ക് വഴിതെറ്റാതിരിക്കാൻ ഒരിക്കൽ പുറത്തേക്കുവന്ന് വീണ്ടും ഉൾവലിയും. പറമ്പിനു നടുവിൽ ഇഷ്ടികകൾ അടുക്കിവച്ചിരിക്കുന്നതിന്റെ പിന്നിൽ ഉപഭോക്താവിനുവേണ്ടി കാത്തുനിൽക്കും.

'ഇതെന്തൊരു വൃത്തികേടാണ്' രമ പറഞ്ഞു.

രാമചന്ദ്രൻ പറമ്പിലേക്കു നോക്കി നിന്നു. കസ്റ്റമർ ഗെയ്റ്റു കടന്നുവന്ന് തന്റെ വിഷയം കണ്ടു പിടിക്കാൻ ഒരു നിമിഷം ചുറ്റും നോക്കി, പിന്നെ ഇഷ്ടികകളുടെ പിന്നിലേക്ക് നടന്നു. ഇഷ്ടികയുടെ അടുക്ക് നിരത്തിലേക്ക് മറയായി. പക്ഷെ ഈ കെട്ടിടത്തിലുള്ളവർക്ക് അവരെ നന്നായി കാണാം. അതവൾക്ക് അറിയുമായിരിക്കും. എന്നിട്ടും.....

അവൾ കുത്തിയിരുന്നു. മുമ്പിൽ പതിവുകാരനും. മുഖത്തോടുമുഖം നോക്കി നടത്തിയിരുന്ന ചടങ്ങ് എന്താണെന്ന് രാമചന്ദ്രനു മനസ്സിലായിരുന്നില്ല. തെരുവുവെളിച്ചം ഇഷ്ടിക മറവരെ വന്നുനിന്നു. കെട്ടിടത്തിൽനിന്ന് വെളിച്ചം പുറത്തുവന്നിരുന്നുമില്ല. രണ്ടു നിഴലുകൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് എന്തോ ക്രിയ ചെയ്യുകയാണ്. ഓരോ പതിവുകാരെ കൂട്ടിക്കൊണ്ടുവരുമ്പോഴും അവൾ ഇതേ കർമ്മം അനുഷ്ഠിക്കാറുണ്ട്.

അയാൾ എന്തുകൊണ്ടോ ഭാരതപ്പുഴയുടെ മണൽത്തീരം ഓർത്തു. വേർപാടിന്റെ വേദന കണ്ണുകളിൽ ഈറനായി നിൽക്കെ മുമ്പിൽ കുത്തിയിരിക്കുന്ന കർമ്മി മന്ത്രങ്ങളിലൂടെ പരേതന്റെ ആത്മാവിനെ ആവാഹിക്കുന്നു.

'കറുകത്തുമ്പിൽ ഒരു വെള്ളം.... എള്ളും പൂവും ചന്ദനവും കൂടി ഒരു വെള്ളം...'

അവളും അവളുടെ ചാരിത്ര്യത്തിന് ഉദകക്രിയ ചെയ്യുകയായിരിക്കണം. വേർപാടിന്റെ വേദനയില്ല, മനസ്സിന്റെ മരവിപ്പുമാത്രം. കണ്ണുകളിൽ നിരാകരണത്തിന്റെ നിസ്സംഗത മാത്രം.

അവർ എഴുന്നേറ്റു. വസ്ത്രങ്ങൾക്ക് സ്ഥാനചലനം.

'ഇതെന്തൊരു വൃത്തികേടാണ്' രമ പറയുന്നു. 'അവർക്ക് ഇതൊന്ന് നിർത്തലാക്കാൻ എന്തെങ്കിലും ചെയ്തുകൂടേ?'

'അവർക്ക് എന്നുവെച്ചാൽ?'

'നിങ്ങളുടെ കമ്മിറ്റിക്ക്.'

രാമചന്ദ്രനും രമയും പത്തുവയസ്സുള്ള മകളും ആ കെട്ടിടത്തിൽ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടരമാസമേ ആയിട്ടുള്ളു. അതിനുമുമ്പ് വന്നവരുണ്ട്. ആദ്യം താമസമാക്കിയവർ താമസം തുടങ്ങിയതിന്റെ വാർഷികം ആഘോഷിച്ചത് പത്തുദിവസം മുമ്പാണ്. സന്ധ്യകഴിഞ്ഞ് അടുത്ത പറമ്പിൽ അരങ്ങേറുന്ന പരിപാടികൾ യാദൃച്ഛികമായാണ് കാണുന്നത്. ഒഴിഞ്ഞ പറമ്പ്. ഉടമസ്ഥൻ ഗൾഫിലെവിടെയോ ആണ്. രാത്രിയായാൽ അവിടെ നിഴൽപോലെ രൂപങ്ങൾ. ആരെങ്കിലും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുകയായിരിക്കുമെന്നേ കരുതിയുള്ളു. ആ പറമ്പിൽ ആരെയെങ്കിലും കണ്ടാൽ കടൽപ്പുറത്തു കിട്ടുന്നമാതിരി സുഖമുള്ള കാറ്റ് ആസ്വദിച്ചിട്ടിരിക്കയാണെങ്കിലും അവർ ബാൽക്കണിയിൽ നിന്നെഴുന്നേറ്റ് അകത്തേക്കു പോകും. നോക്കിനിൽക്കുക സുഖമില്ലാത്ത കാര്യമാണ്, പോരാത്തതിന് അവർക്ക് വിഷമമുണ്ടാവണ്ട. ക്രമേണ സംഭവങ്ങൾക്ക് ഒരു ചിട്ടയുണ്ടെന്നു മനസ്സിലായി. പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി മാത്രമല്ല അവിടെ ആൾക്കാർ വന്നിരുന്നത്.

അല്ലെങ്കിൽ രതിയും ഒരു പ്രാഥമികാവശ്യം തന്നെയല്ലേ?

'അടുത്ത കമ്മിറ്റി മീറ്റിംഗിൽത്തന്നെ ഈ കാര്യം പറയണം.'

രാമചന്ദ്രൻ ചിരിച്ചു. മീറ്റിംഗുകൾ വെറും ചടങ്ങു മാത്രമാണ്. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് സെക്രട്ടറി പരമേശ്വരനാണ്. അയാൾ കഷണ്ടി തലോടിക്കൊണ്ട് പറയും.

'ടെറസ്സിൽ വീട്ടുവേലക്കാർക്കുവേണ്ടിയുള്ള രണ്ട് കക്കൂസുകളും പൂട്ടിയിടാൻ തീർച്ചയാക്കിയിരിക്കുന്നു. ആവശ്യമുള്ളവർ താക്കോൽ കെയർ ടേക്കറുടെ കൈയിൽനിന്ന് വാങ്ങേണ്ടതാണ്. ആവശ്യം കഴിഞ്ഞ് തിരിച്ചേൽപ്പിക്കുകയും വേണം. ഇതിനായി ഒരു രജിസ്റ്റർ കെയർടേക്കറുടെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട്.'

നിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നില്ല. കൂടിയാലോചനകളില്ല. രാജകൽപ്പനകൾ മാത്രം. അതു ഭംഗിയായി ടൈപ്പു ചെയ്ത് എല്ലാ ഫ്ലാറ്റിലും കൊണ്ടുനടന്ന് ഒപ്പു ശേഖരിക്കുന്നു.

രാമചന്ദ്രൻ ആലോചിച്ചു. ടെറസ്സിൽ തുണിതിരുമ്പുന്ന ജോലിക്കാരിക്ക് പെട്ടെന്ന് കക്കൂസ് ഉപയോഗിക്കേണ്ട ആവശ്യം വന്നു. അടിയന്തിരമാണ്. അവൾ ടെറസ്സിൽനിന്ന് ആറാം നിലയിലേക്കുള്ള കോണി ചടുപിടെ ഇറങ്ങി ലിഫ്റ്റ് പിടിക്കുന്നു. താഴെ സൊസൈറ്റി ഓഫീസ് മറുവശത്താണ്. അവിടേക്കു നടന്ന്, അല്ല ഓടി താക്കോൽ വാങ്ങി തിരിച്ച് ലിഫ്റ്റിൽ കയറി, കോണി കയറി... അതിനിടയിൽ വല്ലതും...

അയാൾ ഉറക്കെ ചിരിച്ചു.

'എന്തേ?'

'അല്ല ഞാൻ, മുകളിലെ കക്കൂസുകൾ എമർജൻസി ഫെസിലിറ്റിയായി പ്രഖ്യാപിക്കേണ്ട കാര്യം ആലോചിക്കുകയായിരുന്നു.'

രമയ്ക്ക് ഒന്നും മനസ്സിലായില്ല.

'എന്നാണ് നിങ്ങളുടെ അടുത്ത മീറ്റിംഗ്? രമ ചോദിച്ചു.

'അടുത്ത ആഴ്ചയെ ഉള്ളു.'

'എന്തായാലും ഈ കാര്യം പറയണം. ഒരു പൂട്ടുവാങ്ങി ആ ഗെയ്റ്റ് പൂട്ടിയിട്ടാൽ മതി. പിന്നെ ശല്യമുണ്ടാവില്ല.'

പറഞ്ഞുവന്നപ്പോൾ ആ കെട്ടിടത്തിലെ എല്ലാ ഫ്ലാറ്റുകാർക്കും പരാതിയുണ്ട്.

'നമുക്ക് മുതിർന്ന മക്കളില്ലെ? അവരുടെ കൺമുമ്പിൽ വച്ച്... ഹേയ് വൃത്തികേട്.'

മുതിർന്ന മക്കൾക്ക് കുഴപ്പമുണ്ടാവില്ല. അവർക്ക് കാര്യം മനസ്സിലാവും. ചെറിയ കുട്ടികളാണ് പ്രശ്‌നം. എന്താണ് നടക്കുന്നതെന്ന് അവർക്ക് മനസ്സിലാവില്ല. ബാൽക്കണിയിലൂടെ കുഞ്ഞിക്കണ്ണുകളും പായിച്ചു നിൽക്കുമ്പോൾ കാണുക അരയ്ക്കുകീഴെ നഗ്നമായ രണ്ടു രൂപങ്ങൾ ചലിക്കുന്നതാണ്. മങ്ങിയ വെളിച്ചത്തിലും അവരുടെ സൂക്ഷ്മമായ കണ്ണുകൾ വിശദാംശങ്ങൾ പഠിക്കും. സംശയ നിവാരണത്തിനായി അമ്മമാരെ വിളിച്ചുകൊണ്ടുവരും.

'അമ്മേ അവിടെ രണ്ടുപേര് തുണിയില്ലാതെ എക്‌സൈസ് എടുക്കുന്നു.'

പൊന്തിവരുന്ന ചിരിയമർത്തിപ്പിടിച്ചുകൊണ്ടവർ പറയും. 'മോളിങ്ങുവന്നേ, ഇതാ ടീവീ.ല് നല്ല കാർട്ടൂണ്ണ്ട്...'

കാർട്ടൂൺ ആർക്കുവേണം. അവർ ചാനൽമാറ്റി എടിയെന്നോ സൺ ടിവിയോ ആക്കുന്നു. അല്പ വസ്ത്രം ധരിച്ച് അരക്കെട്ടിളക്കി നൃത്തം ചെയ്യുന്നത് നോക്കിയിരിക്കുന്നു.

മുതിർന്ന കുട്ടികൾക്ക് ആ പ്രശ്‌നമില്ല. അച്ഛനമ്മമാരുടെ ഒപ്പമാണ് നിൽക്കുന്നതെങ്കിൽ അങ്ങനെയൊന്നു കണ്ടില്ലെന്നു നടിച്ച് മാന്യതയോടെ സ്ഥലം വിടും; ഒറ്റയ്ക്കാണെങ്കിൽ അതുകണ്ട് ആസ്വദിക്കുകയും ചെയ്യും.

മാസത്തിൽ അവസാനത്തെ ശനിയാഴ്ച 'ഗെറ്റ്ടുഗദർ' ആണ്. കെട്ടിടത്തിലെ ഇരുപത്തിനാലു ഫ്ലാറ്റുകളിൽ പതിനെട്ടു വീട്ടുകാരേ താമസമാക്കിയിട്ടുള്ളു. അവർ വൈകുന്നേരം ആറുമണിയോടെ ടെറസ്സിൽ ഒത്തുചേരുന്നു. അന്യോന്യം അസൂയപ്പെടുത്താൻ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുന്നു. സാരിയുടെ വിലയെപ്പറ്റി പൊങ്ങച്ചം പറയുന്നു. റെസ്‌റ്റോറണ്ടിൽ നിന്നു വരുത്തിയ ഭക്ഷണം സ്ത്രീകൾ ആർത്തി പുറത്തുകാണിക്കാതെ കഴിക്കുമ്പോൾ ടെറസ്സിന്റെ മറ്റൊരു വശത്ത് ആണുങ്ങൾ, നിറഞ്ഞ ഗ്ലാസ്സുകൾക്കു മീതെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. എല്ലാ ചർച്ചയും ഓരോ അപവാദങ്ങളിൽ ചെന്നവസാനിക്കുന്നു. കേൾക്കാൻ സുഖമുള്ള, രതിയുടെ ഹർഷം പകരുന്ന അപവാദങ്ങൾ. സാരിയുടെ വിലയെപ്പറ്റിയും നഗരത്തിലെ ചുരിദാറിന്റെ ഫാഷനെപ്പറ്റിയും സംസാരിക്കുന്ന പാവം വനിതകളേ നിങ്ങൾക്കു നഷ്ടപ്പെടുന്നതെന്താണെന്ന് നിങ്ങളറിയുന്നില്ല.

ഇപ്പോൾ പക്ഷേ സംസാരം എല്ലാവരേയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നത്തെപ്പറ്റിയാണ്. ഒരു പൊതുശത്രു ആ കെട്ടിടത്തിലെ സ്ത്രീപുരുഷന്മാരെ ഒന്നിച്ചിരിക്കുന്നു. നവജാതമായ ഐക്യത്തിന്റെ വെളിച്ചത്തിൽ അവർ പോംവഴികൾ ആരാഞ്ഞു.

കമലാമുകുന്ദൻ ഡ്രൈവറെ സ്വാധീനിച്ച് പുരുഷവിഭാഗത്തിൽ നിന്നും അതീവ രഹസ്യമായി കടത്തിയ ബിയർ കൊക്കക്കോളയാണെന്ന മട്ടിൽ കുടിച്ചുകൊണ്ടിരുന്നു. നിറംകൊണ്ടും മണംകൊണ്ടും നിജസ്ഥിതി മനസ്സിലാക്കിയ നാൻസി ഫിലിപ്പ് കമലയെ ഭീഷണിപ്പെടുത്തി അതേ വഴിയിലൂടെ ഒരു ഗ്ലാസ്സ് ബീയർ തനിക്കും വരുത്തിച്ചു.

പുരുഷ സ്ത്രീ വിഭാഗങ്ങൾ യോജിച്ചപ്പോൾ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടായി. കമല ഭർത്താവിനരികിലൂടെ നടന്ന് തന്റെ ബീയർ ഗ്ലാസ്സ് മേശമേൽ വച്ച് പകുതികുടിച്ച വിസ്‌കി ഗ്ലാസ്സുമായി സ്ഥലം വിട്ടു.

'പോലീസിൽ പരാതി കൊടുത്താൽ മതി.'

ലത പറഞ്ഞു. ഒന്നാം നിലയിൽ താമസിക്കുന്നതുകൊണ്ട് താൻ കുഴപ്പങ്ങൾക്ക് കൂടുതൽ അടുത്താണെന്നവൾ കരുതിക്കാണും. അവളും അമ്മയും ആ വീട്ടിൽ ഒറ്റയ്ക്കാണ്. അച്ഛൻ ഗൾഫിൽ. ലതയുടെ ആശങ്ക മനസ്സിലാക്കാവുന്നതേ ഉള്ളു.

'ഒന്നും വേണ്ട, നമുക്കാ ഗെയ്റ്റ് പൂട്ടിയിട്ടാൽ മതി.'

നന്ദകുമാർ പറഞ്ഞു.

'അതു ശര്യാ,' നാൻസി ഫിലിപ്പ് പറഞ്ഞു. 'പോലീസിനെയൊന്നും കൊണ്ടുവരാതിരിക്ക്യാ നല്ലത്.'

'നമുക്ക് നേരിട്ട് കൈകാര്യം ചെയ്താൽ മതി.'

ഇരുപത്തിനാലാം വയസ്സിന്റെ എടുത്തുചാട്ടം പുരുഷുവിന്റെ വാക്കുകളിൽ മുഴച്ചുനിന്നു.

'ഇതെങ്ങനെ ബീയറായി?' ഒരുകവിൾകൂടി കുടിച്ച് അതു ബീയർതന്നെയെന്നുറപ്പു വരുത്തി മുകുന്ദൻ പറഞ്ഞു. 'ഞാൻ വിസ്‌കിയായിരുന്നല്ലൊ കുടിച്ചുകൊണ്ടിരുന്നത്?'

'മുകുന്ദന് തലയ്ക്കു പിടിച്ചുവെന്നാണ് തോന്നണത്.'

പീറ്റർ പറഞ്ഞു. 'ഇതെത്രാമത്തേതാണ്?'

'രണ്ടു ലാർജ്ജ് വീശിയിട്ടേയുള്ളു.'

രണ്ടു ലാർജ്ജുകൊണ്ടൊന്നും മുകുന്ദൻ വീഴില്ലെന്ന് പീറ്ററിനറിയാം. അയാൾ ആശയക്കുഴപ്പത്തിലായി. പച്ചവെള്ളം വീഞ്ഞാക്കി മാറ്റാൻ കർത്താവിനു മാത്രമല്ലെ കഴിയു. വിസ്‌കി ബീയറായി തരംതാഴ്ത്താനും. അപ്പോൾ ഈ കാണുന്നതോ?

'എനിക്ക് തലയ്ക്കു പിടിച്ചുവെന്നാണ് തോന്നുന്നത്.'

പരമേശ്വരൻ ഇതിലൊന്നും അഭിപ്രായം പറയാതെ എല്ലാ കാര്യങ്ങളും നോക്കിനടന്നു. സെക്രട്ടറിയെന്ന നിലയിൽ ഗെറ്റ്ടുഗദറുകളുടെയും ഉത്തരവാദിത്വം അയാൾക്കായിരുന്നു.

'ഏയ് പരമേശ്വരൻ സാറെ' ഫിലിപ്പ് പറഞ്ഞു.

'ഒന്നുകിൽ നിങ്ങൾ ആ ഗെയ്റ്റിൽ ഒരു പൂട്ടിട്ട് ഈ പരിപാടി നിർത്തുക. അല്ലെങ്കിൽ അവിടേക്ക് ഒരു നല്ല ഫ്‌ളഡ്‌ലൈറ്റ് ഇട്ട് വെളിച്ചമുണ്ടാക്കുക. ഞങ്ങൾക്കെല്ലാം ഗാലറി ടിക്കറ്റെടുത്ത് അതൊന്നുകണ്ട് ആസ്വദിക്കാമല്ലോ.'

കൂട്ടച്ചിരിയിൽ പങ്കെടുക്കാൻ രാമചന്ദ്രനു കഴിഞ്ഞില്ല. ഫിലിപ്പിന്റെ വാക്കുകൾ തമാശയാണെങ്കിലും ക്രൂരവുമായിരുന്നു. പാവം സ്ത്രീ! ജീവിതത്തിന്റെ പരുക്കൻ ഭാവങ്ങൾ സമ്മാനിച്ച അകൽച്ചയിൽ ഒട്ടും പരിചയമില്ലാത്ത ഒരു പുരുഷന്റെ ഒപ്പം കിടന്ന് താൻ മറ്റു വല്ലതുമാണ് ചെയ്യുന്നതെന്ന് മനസ്സിനെ കബളിപ്പിച്ച് വസ്ത്രങ്ങൾ ഉരിയുമ്പോൾ, പിന്നെ അയാൾ പോയിക്കഴിഞ്ഞാൽ അരികിൽകിടക്കുന്ന പഴംതുണിയോ കടലാസുകഷ്ണമോ എടുത്ത് കൊഴുത്ത വൃത്തിക്കേടുകൾ തുടച്ചുകളയുമ്പോൾ, പിന്നീട് തലമുടിയിലും സാരിയിലും പറ്റിപ്പിടിച്ച മൺതരികളും കരടും തട്ടിക്കളഞ്ഞ് വേറൊരാൾക്കുവേണ്ടി കാത്തുനിൽക്കുമ്പോൾ എല്ലാം ഉണ്ടാവുന്ന ഏകാന്തത ആർക്കു മനസ്സിലാവാൻ?

'എന്താ പരമേശ്വരൻ ഒന്നും പറയാത്തത്?'

നാൻസി ഫിലിപ്പ് ചോദിച്ചു. 'സെക്രട്ടറിക്ക് ഇതിൽ ഒന്നും പറയാനില്ലേ?'

സെക്രട്ടറി എന്ന സംബോധന ആൾക്കാരിൽ പ്രതീക്ഷിച്ചതിലധികം പ്രതികരണമുണ്ടാക്കി. എല്ലാവരും പരമേശ്വരനു ചുറ്റും നിന്നു. അയാളുടെ മറുപടി നിർണ്ണായകമാകുമെന്നവർ പ്രതീക്ഷിച്ചു.

പരമേശ്വരൻ തന്റെ ഗ്ലാസ്സ് മേശപ്പുറത്തു വച്ചു. അയാൾ കുടിക്കാറില്ലെന്ന പരമാർത്ഥം രാമചന്ദ്രനറിയാം. നിറഞ്ഞ ഗ്ലാസ്സ് കൈയിൽ വച്ചുകൊണ്ട് അയാൾ നടക്കും. ഒരിക്കൽപ്പോലും അതു ചുണ്ടോടടുപ്പിക്കുന്നതു കണ്ടിട്ടില്ല. പാർട്ടി കഴിയുന്നതുവരെ ആ ഗ്ലാസ്സ് ഒരമൂല്യ നിധിപോലെ അയാൾ നിലത്തുവയ്ക്കാതെ നടക്കും. പാർട്ടി കഴിഞ്ഞ് എല്ലാവരും പോയാൽ ഏതെങ്കിലും മൂലയിൽ ഉപേക്ഷിക്കപ്പെട്ട ആ ഗ്ലാസ്സ്, കുപ്പികളിൽ ബാക്കി വരുന്നതെല്ലാം ഊറ്റിയെടുത്തു, മോന്തി മതിവരാത്ത ലിഫ്റ്റ്മാൻ അകത്താക്കും.

'കാര്യം വളരെ സങ്കീർണ്ണമാണ്.' പരമേശ്വരൻ പറഞ്ഞു. ശരിക്കുപറഞ്ഞാൽ ഏതു കാര്യവും സങ്കീർണ്ണം തന്നെ. നമ്മൾ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടുപിടിച്ചെന്നു കരുതുമ്പോഴായിരിക്കും ഒരു ഡസൻ പ്രശ്‌നങ്ങൾ പൊന്തിവരിക. ഈ ഒരു ഡസൻ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് ഒരു പ്രശ്‌നവും തീർക്കാനുമാവില്ല.

'ഒരു സ്ത്രീ നമ്മുടെ തൊട്ടടുത്ത പറമ്പിൽ അനാശാസ്യമെന്ന് നമ്മൾ കരുതുന്ന പ്രവൃത്തികൾ ചെയ്യുന്നു. നമുക്കത് പലവിധ വിഷമങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും അതു നിർത്തലാക്കണം. ശരി?'

'ശരി.' ഒന്നിലധികംപേർ പറഞ്ഞു. 'അതു നിർത്തുകതന്നെ വേണം.'

'അതിനുള്ള പല നിർദ്ദേശങ്ങളും നമുക്കിപ്പോൾ കിട്ടിയിട്ടുണ്ട്.' പരമേശ്വരൻ തുടർന്നു. 'ഒന്ന് ഗെയ്റ്റ് പൂട്ടിയിടാം. രണ്ട്, പോലീസിലറിയിക്കാം. മൂന്ന്...'

മുകുന്ദൻ ഇപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. ബീയറോ വിസ്‌കിയോ? തലയ്ക്കല്പം വെളിവുകിട്ടാനായി അയാൾ പകുതി ഗ്ലാസ്സ് ബിയറുള്ളതിൽ വിസ്‌കി ഒഴിച്ച് കുടിക്കാൻ തുടങ്ങി.

'ഇതിലേതെങ്കിലും ഒരു വഴി നമുക്ക് സ്വീകരിക്കണം. അങ്ങനെ നമ്മൾ അവളെ ഓടിച്ചു, ശരി?'

എല്ലാവരും തലയാട്ടി. പ്രശ്‌നങ്ങൾ ഇത്ര എളുപ്പം പരിഹരിക്കപ്പെട്ടതുകണ്ട് എല്ലാവരും ആശ്വസിച്ചു. പിന്നെയാണതുണ്ടായത്. പരമേശ്വരൻ ഗ്ലാസ്സിൽനിന്ന് ഒരു വലിയ കവിൾ കുടിച്ചു. രാമചന്ദ്രൻ അന്തംവിട്ടുനിന്നു. ശരിക്കും പകുതി ഗ്ലാസ്സ് അകത്താക്കിയിരിക്കുന്നു. ചിറി തുടച്ചുകൊണ്ട് പരമേശ്വരൻ പറഞ്ഞു.

'ശരി, നമ്മൾ അവളെ ഓടിച്ചു. പക്ഷെ അവൾ പിന്നെ എന്തു ചെയ്യും?'

'അവളൊ?' എല്ലാവരും ഒന്നിച്ചുപറഞ്ഞു. ഇയാൾക്കെന്താ വട്ടാണോ എന്നമട്ടിൽ പരമേശ്വരനെ തുറിച്ചുനോക്കി.

'അവൾ എവിടെയെങ്കിലും പോയി തുലയട്ടെ.'

പരമേശ്വരൻ ഗ്ലാസ്സിൽ പകുതിയുണ്ടായിരുന്നതും ഒറ്റവീർപ്പിന് കുടിച്ചു.

'തുലയുകയോ?' അയാൾ ചോദിച്ചു കുറച്ചൊരു സാർക്കസത്തോടെ. 'നമ്മുടെ മകളെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ അങ്ങനെ പറയുമോ? അവരും ഒരു മനുഷ്യസ്ത്രീതന്നെയാണ്. നമ്മെപ്പോലെ വിശപ്പും ദാഹവും മോഹങ്ങളും ഒക്കെയുള്ളവൾ. അവൾ ഒരു ലൈംഗികപ്രവർത്തകയാണ്. എ സെക്‌സ് വർക്കർ. വേശ്യ എന്ന പദം ഇപ്പോൾ പരിഷ്‌കൃത രാജ്യങ്ങളിലൊന്നും ഉപയോഗിക്കാറില്ല. അറിയില്ലേ? ഞാൻ ടാറ്റായിൽ ജോലി ചെയ്യുന്ന പോലെ, നിങ്ങൾ ഓരോരുത്തരും ബാങ്കിലും ഇൻഷൂറൻസിലും ജോലിയെടുക്കുന്നപോലെ അവൾ അവളുടെ ജോലി ചെയ്യുന്നു. അതു മര്യാദയ്ക്കു കൊണ്ടുനടത്താനുള്ള സാഹചര്യവും സൗകര്യവും, നമ്മുടെയത്രതന്നെ ഭാഗ്യം ചെയ്തിട്ടില്ലാത്ത അവൾക്ക് കുറവാണെന്നു മാത്രം.

'നിങ്ങൾ അവളുടെ കുടുംബത്തെപ്പറ്റി ഓർത്തുനോക്കു. അവളുടെ...'

'പാർട്ടി അലമ്പാക്കിയതിന്റെ മുഴുവൻ ബഹുമതിയും പരമേശ്വരന് കൊടുക്കുകതന്നെവേണം.'

ലിഫ്റ്റിൽ ഇറങ്ങുമ്പോൾ നാൻസി പറഞ്ഞു.

'ഇങ്ങനത്തെ ഒരു പാർട്ടി കൂടി, പിന്നെ നാൻസിയെ ഒരു പാർട്ടിക്കും കിട്ടില്ല.'

പാർട്ടി അലമ്പായി എന്നതിൽ സംശയമില്ല. സാധാരണ ഭക്ഷണം കഴിഞ്ഞാൽ ഗാനമേളയും മിമിക്രി പരിപാടികളും ഉണ്ടാവാറുണ്ട്. തുടക്കത്തിൽത്തന്നെ പ്രയാസപ്പെട്ടു പിടിച്ചുനിൽക്കുന്ന ശ്രുതിയും വാക്കുകളും ക്രമേണ നട്ടെല്ലു തകർന്ന പാമ്പിനെപ്പോലെ ഇഴയുന്നതും, പതഞ്ഞുപൊങ്ങുന്ന ലഹരിയിൽ വീണു ചാവുന്നതും നോക്കി രാമചന്ദ്രൻ ഇരിക്കും. പിന്നെ സംഗീതമില്ല, വാക്കുകളില്ല, മഴക്കാലത്ത് തവളകളുണ്ടാക്കുന്ന കൂട്ടക്കരച്ചിലിന്റെ ശബ്ദം മാത്രം. മാന്യത ഒരു വിളിപ്പാടകലെ മാറിനിൽക്കുന്നു.

മൂന്നാം നിലയിലെത്തിയപ്പോൾ രാമചന്ദ്രനും രമയും പുറത്തു കടന്നു. നാൻസി അപ്പോഴും ക്ഷോഭിച്ച് സംസാരിക്കുകയായിരുന്നു.

ദിവ്യ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ ഉടനെ പഠിക്കാനായി ഇറങ്ങി വന്നതായിരുന്നു അവൾ.

കിടക്കുമ്പോൾ രമ പറഞ്ഞു.

'മാർക്ക് ആന്റണിയുടെ പ്രസംഗം നന്നായിരുന്നു.'

പരമേശ്വരൻ പറഞ്ഞതിനെപ്പറ്റിത്തന്നെയായിരുന്നു രാമചന്ദ്രനും ആലോചിച്ചുകൊണ്ടിരുന്നത്.

'നമുക്കു മാത്രം ജീവിച്ചാൽ പോര, മറ്റുള്ളവരെക്കൂടി ജീവിക്കാൻ അനുവദിക്കു. ലിവ് ഏന്റ് ലെറ്റ് ലിവ്.... അവൾ ചെയ്യുന്നത് തെറ്റാണെങ്കിൽ മയക്കുമരുന്നു മാഫിയകൾ ചെയ്യുന്നതോ, കള്ളക്കടത്തുകാർ ചെയ്യുന്നതോ, തീരെ സംശയിക്കാതെ വിദഗ്ദ്ധ ചികിത്സയ്ക്കായി വരുന്ന പാവങ്ങളെ ഓപ്പറേഷൻ തിയേറ്ററിൽ മയക്കിക്കിടത്തി അവരുടെ വൃക്കകൾ മോഷ്ടിക്കുന്ന ഡോക്ടർമാരുടെ എത്തിക്‌സോ...... അവരെല്ലാം മാന്യരായി ജീവിക്കുന്നു. കോടികൾ സ്വരൂപിക്കുന്നു. ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഒരു സ്ത്രീ....'

അടുത്ത പറമ്പ് ഈ കെട്ടിടത്തിലെ വൃത്തികേടുകൾ വലിച്ചെറിയുന്ന സ്ഥലമാണ്. ഗെയ്റ്റിനു പുറത്ത് കോർപ്പറേഷൻ പെട്ടിവച്ചിട്ടുണ്ടെങ്കിലും ഈ വശത്തുള്ളവർ നാറുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞിരുന്നത് ഈ പറമ്പിലാണ്. ചുറ്റുവശത്തുള്ള പീടികത്തിണ്ണയിൽ അന്തിയുറങ്ങുന്ന അഗതികൾ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചിരുന്നതും ഈ പറമ്പിലാണ്. വേനലിൽ പെയ്ത മഴയ്ക്കുശേഷം ആ പറമ്പാകെ പുല്ലും ചെടികളും വളർന്നുപൊന്തിയിരുന്നു. അവയ്ക്കിടയിൽ വല്ല ഇഴജന്തുക്കളും കാണും. അതിനിടയിലാണ് ഈ സാധു സ്ത്രീ കല്ലുകളുടെ മെത്തയിൽ ചുറ്റുമുള്ള കെട്ടിടങ്ങളുടെ ജനലിലൂടെ വരുന്ന ഒളിനോട്ടത്തിനു മുമ്പിൽ....

'പരമേശ്വരൻ പറഞ്ഞതു ശരിയല്ലെ' രാമചന്ദ്രൻ പറഞ്ഞു. 'നമ്മുടെ സ്ഥലത്തു വന്നിട്ടല്ല അവൾ ചെയ്യുന്നത്. നമ്മൾ അതുകണ്ടില്ലെന്നു നടിക്കുക. അവളെ ജീവിക്കാനനുവദിക്കുക.'

പരമേശ്വരന് മാനവികതയുടെ ഒരു മുഖവുമുണ്ടോ? താമസിക്കാൻ വന്ന കാലത്ത് അയാളുടെ സ്വേഛാധിപത്യത്തിനെതിരെ നിരന്തരം വഴക്കിടേണ്ടിവന്നിട്ടുണ്ട്.

മാർക്ക് ആന്റണിയുടെ പ്രസംഗത്തിന് ഫ്‌ളാറ്റ് നിവാസികൾ പിറ്റേന്നുതന്നെ പകരം വീട്ടി.

രാമചന്ദ്രൻ ടി.വി.ക്കു മുമ്പിലായിരുന്നു; ഏഴുമണിക്കുള്ള വാർത്തയിൽ താത്പര്യമുള്ള എന്തെങ്കിലും വരുമോ എന്ന് അരിച്ചുനോക്കിക്കൊണ്ട്, ഏഴുമണി വാർത്തകൾ പ്രധാന വാർത്താ പരിപാടിയാണെങ്കിലും ഒരുതരം തട്ടിക്കൂട്ടലാണ്. ഉച്ചയ്ക്ക് ദില്ലിയിൽ നിന്നുവരുന്ന ഇംഗ്ലീഷ് വാർത്തയിൽ നിന്ന് പിടിച്ചെടുത്ത കുറെ ചിത്രങ്ങൾ അവ പലപ്പോഴും പഴയതും അപ്രസക്തവും ആയിരിക്കും, തറക്കല്ലിടാൻ ഓടിനടക്കുന്ന മന്ത്രിമാരുടെ പിന്നാലെ പോയി പിടിച്ചെടുത്ത കുറെ ചിത്രങ്ങൾ, അവരുടെ ആഹ്വാനങ്ങൾ. പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കാൻ പോകുന്ന പദ്ധതികളുടെ മന്ത്രിവിവരണം. അങ്ങനെ പോകുന്നു. നഗരത്തിൽ നടന്ന ബഹളത്തെപ്പറ്റിയോ, നാളെ നടക്കുമെന്നു പ്രഖ്യാപിച്ച ഹർത്താലിനെപ്പറ്റിയോ ഒന്നും വാർത്തയിലുണ്ടാവില്ല.

'കാഷ്മീർ.... മന്ത്രി.... ശിലാസ്ഥാപനം.... മന്ത്രി.... പട്ടികജാതി പട്ടികവർഗ്ഗം.... മന്ത്രി....'

രമ ഓടിവന്നു.

'ഒന്ന് ബാൽക്കണിയിലേക്ക് വന്നുനോക്കൂ.'

ബാൽക്കണിയിൽ നിന്നുകണ്ട കാഴ്ച അയാളെ മരവിപ്പിച്ചു. ആ ഭാഗത്തുള്ള ഓരോ ഫ്‌ളാറ്റുകാരും ബാൽക്കണി വിളക്കുകൾ കത്തിച്ചതിന്റെ വെളിച്ചത്തിൽ അപ്പുറത്തെ പറമ്പ് നഗ്നമായി കിടന്നു. സാധാരണ നിലയിൽ ബാൽക്കണിയിലെ വിളക്ക് ആരും കത്തിക്കാറില്ല. നിരത്തുവക്കിലെ കെട്ടിടമായതുകൊണ്ട് അതവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു. ഇന്ന് എന്താണ് പ്രത്യേകത? പെട്ടെന്ന് ഏതോ ബാൽക്കണിയിൽനിന്ന് ആരോ ടോർച്ചടിച്ചു. ഇഷ്ടികയട്ടിക്കു പിന്നിൽ അരയ്ക്കുകീഴിൽ നഗ്നരായി കിടക്കുന്ന രണ്ടു രൂപങ്ങളുടെ മേൽ അതു പതിച്ചു.

പെട്ടെന്ന് ആരെല്ലാമോ ചേർന്ന് പാടാൻ തുടങ്ങി.

'മുക്കാല, മുകാബ്‌ല, ലൈല.'

രാമചന്ദ്രൻ തരിച്ചിരുന്നു. ക്ഷോഭംകൊണ്ട് അയാൾക്ക് വാക്കുകൾ കിട്ടിയില്ല. അവർ ചെയ്യുന്നത് തെറ്റാണ്, കാടത്തമാണ്.

ആ പാട്ടാകട്ടെ അയാൾ വെറുക്കുകയും ചെയ്തു. യാദൃച്ഛികമായി അയാൾ ഒരു കാസ്സറ്റുകടയിൽനിന്ന് ആ പാട്ടിന്റെ പാരഡികേട്ടു. പാരഡികളോട് അയാൾക്ക് എതിർപ്പായിരുന്നു. കേൾക്കാൻ സുഖമുള്ള പഴയ പാട്ടുകൾ വികൃതമാക്കുകയാണ് അവർ ചെയ്യുന്നത്. ഭംഗിയുള്ള ഒരു പൂവിനെത്തന്നെ കശക്കി എറിയുന്നപോലെ. ഇവിടെ പക്ഷെ ഒരു വിരൂപമായ പാട്ട് പാരഡിയിലൂടെ സുന്ദരമായി പുനർജനിച്ചിരിക്കുന്നു.

'മുക്കാണെടി, മുക്കാണെടി ലൈലെ, ഈ മാല....'

നശിപ്പിക്കേണ്ടത് നശിപ്പിച്ചു എന്ന ആശ്വാസത്തോടെ അയാൾ ആ പാട്ട് മുഴുവൻ കേട്ടു. സ്ത്രീധനമായി കിട്ടിയ പണ്ടങ്ങളെല്ലാം മുക്കുപണ്ടങ്ങളാണെന്നു മനസ്സിലായ നവവരന്റെ രോദനം ഉയർന്നുവന്നപ്പോൾ അയാൾ ആ കാസ്സറ്റ് വാങ്ങി. ആ പാട്ടിൽ കാപട്യമില്ല, തുടിക്കുന്ന ജീവിതം മാത്രം. തകർപ്പൻ ജീവിതം.

രാവിലെ താഴെ വീരന്മാരെ കണ്ടപ്പോൾ അയാൾ അഭിനന്ദിച്ചു.

'മിടുക്കന്മാർ.'

ഷട്ടിൽ കളിക്കുകയായിരുന്ന ജോജോവും പുരുഷുവും കളി നിർത്തി ഒരേ ശബ്ദത്തിൽ ചോദിച്ചു.

'എന്താ അങ്ക്ൾ?'

'ഒന്നുമില്ല നിങ്ങളെ അഭിനന്ദിച്ചതാണ്.'

അവർ മിഴിച്ചുനിന്നു. അയാൾ തുടർന്നു.

'ഇന്നലെ നിങ്ങളെല്ലാംകൂടി ഒരു സ്ത്രീയുടെ ദുർന്നടപ്പ് നിർത്തിക്കൊടുത്തു. പാവം സ്ത്രീയുടെ കുടുംബം ഇന്നുമുതൽ പട്ടിണിയിലാകും. സാരമില്ല. ഇനി നമ്മുടെ കഴിവുകൾ വ്യഭിചാരത്തിന്റെ അത്രതന്നെ പ്രധാനമല്ലാത്ത മേഖലകളിലേക്കു തിരിക്കാം. അതായത് മയക്കുമരുന്നു വില്പന, കള്ളക്കടത്ത്, അഴിമതി, വൃക്കകക്കൽ തുടങ്ങിയ അപ്രധാനങ്ങളും നിസ്സാരങ്ങളുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരായി നമുക്ക് പോരാടം.'

'അങ്ക്ൾ എന്താണ് പറയുന്നത്....'

അവർ തലകുനിച്ചുകൊണ്ട് പറഞ്ഞു.

അവരെ പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ സംസ്‌കാരത്തിനുതന്നെ എന്തോ പാകപ്പിഴയുണ്ട്. കോടികൾ കക്കുന്നവരെയും കൊലപാതകികളെയും ബഹുമാനിക്കുകയും വിശപ്പു സഹിക്കാനാവാതെ കഞ്ഞിവെള്ളം കട്ടവനെ തൂക്കിലേറ്റുകയും ചെയ്യുന്ന പാരമ്പര്യം.

അയാൾ ആ രംഗം ഒരിക്കൽക്കൂടി ഓർത്തു. ടോർച്ചു വെളിച്ചത്തിന്റെ കേന്ദ്രബിന്ദുവിൽ അരയ്ക്കു താഴെ നഗ്നരായിക്കിടക്കുന്ന രണ്ടു രൂപങ്ങൾ. മുകളിൽ നിന്നുള്ള മുക്കാലപ്പാട്ടിന്റെ ബഹളത്തിലും പ്രകാശധാരയ്ക്കുമിടയിൽ തുടരാനും നിർത്താനും വയ്യാത്ത ചലനത്തിന്റെ അമ്പരപ്പിൽ രണ്ടു നഗ്നരൂപങ്ങൾ.

കൊടുത്ത പണം നഷ്ടമായതിന് അയാൾ ഫ്‌ളാറ്റുനിവാസികളെ പ്രാകിക്കാണും. അവൾക്ക് തൽക്കാലം ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ആദ്യം തന്നെ പണം എണ്ണി വാങ്ങുക എന്നത് അവളുടെ പ്രാരംഭ ചടങ്ങുകളുടെ പ്രധാനപ്പെട്ട ഭാഗമാണ്.

പിറ്റേന്നു രാത്രി വാർത്തകൾ കേൾക്കുന്നതിനിടയിൽ രമ വന്ന് പറയുംവരെ അവൾ ഇനി ആ പറമ്പിലേക്കു വരില്ലെന്നായിരുന്നു രാമചന്ദ്രന്റെ വിചാരം. എന്തോ അയാൾക്ക് വളരെ സന്തോഷം തോന്നി. അവൾ പട്ടിണി കിടക്കില്ലല്ലൊ. ഒന്നും മാറിയിട്ടില്ലെന്ന തോന്നൽ. എന്തായാലും അന്നുമുതൽ രാമചന്ദ്രൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ജീവിതത്തിന്റെ തനിക്കു പരിചയമില്ലാത്ത ഒരു വശം മുമ്പിൽ തുറന്നിടുകയാണ്. ഒന്നെത്തി നോക്കുകയേവേണ്ടൂ. നോക്കിക്കൊണ്ടിരിക്കെ അയാൾക്ക് അവളെപ്പറ്റി ഒരു പാടു കാര്യങ്ങൾ മനസ്സിലായി.

അവൾ അന്തിയുറങ്ങിയിരുന്നത് തിരിവിൽഉള്ള ഒരു പീടികത്തിണ്ണയിലായിരുന്നു. ഒപ്പം മുടന്തുകാലുള്ള ഒരാളുമുണ്ട്. അവളുടെ ഭർത്താവാണോ കൂട്ടിക്കൊടുപ്പുകാരനാണോ അതോ രണ്ടും ചേർന്നുള്ള ഒരു തസ്തികയോ ആണ്.

പച്ചക്കറിക്കടയിലെ സംസാരത്തിൽ നിന്ന് അവർ ഭാര്യാഭർത്താക്കന്മാരാണെന്നു മനസ്സിലായി. അവർ അന്തിയുറങ്ങിയിരുന്നതും ബിസിനസ്സ് ചെയ്തിരുന്നതും ആ കടയുടെ തിണ്ണയിലായിരുന്നുവെന്നും എങ്ങനെ അവരെ അവിടെനിന്ന് ഓടിച്ചെന്നും കടക്കാരൻ ഒരു പതിവുകാരന് വിവരിക്കുകയായിരുന്നു.

'എന്തൊക്കെ വൃത്തികേടുകളായിരുന്നു. ഇപ്പോ അതാ ആ പറമ്പിലാണ് അവളുടെ ബിസിനസ്സ്. മുടന്തൻ ഭർത്താവും ഒപ്പംണ്ട്, കൂട്ടിക്കൊടുക്കാൻ.'

രാത്രി ഏഴുമണികഴിഞ്ഞാൽ അയാൾ തന്റെ മുടന്തുകാലും വച്ച് നിരത്തിൽ നടക്കുന്നതുകാണാം. അങ്ങനെ നടന്നുകൊണ്ടിരിക്കെ അയാളുടെ ഒപ്പം വേറൊരാൾ കൂടുന്നു. കുശുകുശുക്കലുകൾ. പറമ്പിന്റെ ഗെയ്റ്റിനു പുറത്ത് പതിവുകാരനെ നിർത്തി ഒന്നുമറിയാത്തപോലെ മുടന്തൻ നടന്നുപോകുന്നു. താമസിയാതെ അവൾ എത്തുന്നു.

ഞായറാഴ്ചകൾ കൊയ്ത്തു ദിവസങ്ങളാണ്. അന്ന് ഏഴുമണിയോടെ പൊതുവേ വിജനമായിരുന്ന തെരുവിൽ ഒരു പ്രത്യേകതരം തിരക്കു വരുന്നു. തലങ്ങു വിലങ്ങും ആൾക്കാർ നടക്കുന്നു. ലക്ഷ്യമില്ലാതെയുള്ള നടത്തം. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. ഒരേ ആൾക്കാരാണ് തിരക്കു സൃഷ്ടിക്കുന്നത്. ലക്ഷ്യമില്ലാതെയല്ല, എന്തോ ലക്ഷ്യം വച്ചുതന്നെയാണവരുടെ നടത്തം. അതിനിടയ്ക്ക് മുടന്തൻ ഓരോരുത്തരുടെ അടുത്തുചെന്ന് കുശുകുശുക്കുന്നു. രാമചന്ദ്രന് കാര്യം പിടികിട്ടി. ഏതു ബിസിനസ്സുകാരനും അസൂയ തോന്നിയേക്കാവുന്നത്ര അധികം പതിവുകാർ. എട്ടുപേരെ എണ്ണിയതോടെ രാമചന്ദ്രന്റെ എണ്ണം തെറ്റി. പിന്നെയും ആൾക്കാർ ക്യൂ നിൽക്കുകതന്നെയാണ്.

ഏഴുമണിമുതൽ പത്തുമണിവരെ നിരീക്ഷണം നടത്തിയ രാമചന്ദ്രന് അവസാനം കിട്ടിയത് ഒരു ഞെട്ടലായിരുന്നു. തെരുവു വിജനമായി. അവൾ ഗെയ്റ്റിനുള്ളിൽ പതുങ്ങിനിന്നു. ഗെയ്റ്റിനുപുറത്ത് ഭർത്താവ് നടക്കുന്നു. പത്തു മിനിട്ടുനേരം വരാൻ സാദ്ധ്യതയുള്ള പതിവുകാർക്കുവേണ്ടി കാത്തുനിന്നശേഷം അയാൾ ഗെയ്റ്റ് കടന്ന് പറമ്പിലേക്കുവന്നു. ഒപ്പം അവളും അവർ വന്ന് ഇഷ്ടിക അടുക്കിനു പിന്നിൽ എത്തി. അവിശ്വസനീയമായ കാഴ്ച കാണുമ്പോഴുണ്ടാകുന്ന ഞെട്ടൽ രാമചന്ദ്രനു നൽകിക്കൊണ്ട് അവർ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി.

ഭാര്യയും ഭർത്താവും!

വേശ്യാവൃത്തിയെപ്പറ്റി തനിക്കും പരമേശ്വരനും ഉള്ള സങ്കല്പങ്ങളല്ല മറ്റുള്ളവർക്ക് എന്നു തീർച്ചയായി. അവളെ പറമ്പിൽനിന്ന് ഓടിക്കാനുള്ള ഒരു മാസ്റ്റർ പ്‌ളാൻ തയ്യാറാക്കിക്കൊണ്ടിരിക്കെ മഴ വന്നു. വേനലിന്റെ കാഠിന്യം കുറച്ചുകൊണ്ട് പെയ്ത മഴ ദിവസങ്ങളോളം നീണ്ടുനിന്നു. മഴ കുറെ പ്രശ്‌നങ്ങൾ പരിഹരിച്ചു. പുതിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി. നിരത്തും പറമ്പും വെള്ളം നിറഞ്ഞുനിന്നു. രാത്രി തവളകളുടെയും ചീവിടിന്റെയും ശബ്ദം ഉയർന്നുകേട്ടപ്പോൾ അയാൾ മുക്കാലപ്പാട്ടുകളുടെ അപശ്രുതിയിൽ മുങ്ങാറുള്ള ടെറസ്സ് പാർട്ടികൾ ഒട്ടു ഗൃഹാതുരത്വത്തോടെ ഓർക്കും.

മഴ പെയ്തു കൊണ്ടിരുന്നു. മഴയിൽ ഓർമ്മകൾ അലിഞ്ഞില്ലാതായി. ശേഷിച്ചത് ഇന്നിന്റെ ശല്യങ്ങളും നാളെയെപ്പറ്റിയുള്ള ആശങ്കകളും മാത്രം.

മിഥുനവും കർക്കിടകവും കഴിഞ്ഞു. ചിങ്ങത്തിൽ ഒരു നാൾ രാമചന്ദ്രൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് അതു കേട്ടത്. ഒരു കുഞ്ഞിന്റെ കരച്ചിൽ. പിറന്ന് അധികനാളാവാത്ത ഒരു കുഞ്ഞ്. അയാൾ പറമ്പിന്റെ ഇരുട്ടിലേക്ക് ഉറ്റുനോക്കി. ആദ്യമായി കാണുന്നപോലെ അയാൾ ആ പറമ്പ്. നോക്കിക്കണ്ടു. ഒരറ്റം മുതൽ മറ്റെ അറ്റം വരെ. നിറയെ പാഴ്‌ച്ചെടികൾ വളർന്നതൊഴിച്ചാൽ കാര്യമായ മാറ്റമൊന്നുമില്ല. വെള്ളക്കെട്ട് എന്നേ ഒഴിഞ്ഞുപോയിരുന്നു. ആ പറമ്പ് ശ്രദ്ധിക്കാറില്ലെന്ന് അപ്പോഴേ മനസ്സിലായുള്ളു.

കുഞ്ഞിന്റെ കരച്ചിൽ വന്നത് പറമ്പിൽനിന്നു തന്നെയായിരുന്നു. അവിടെ ഒരു തുണി വിരിച്ചതിൽ ഒരു പിഞ്ചു പൈതൽ കൈയും കാലുമിട്ടടിച്ച് കരയുകയാണ്. നോക്കിക്കൊണ്ടിരിക്കെ ആ കുഞ്ഞിന്റെ അമ്മ വന്ന് അതിനെ എടുത്തു മുല കൊടുത്ത് വീണ്ടും എഴുന്നേറ്റുപോയി.

അതവളായിരുന്നു. പത്തു മിനിട്ടിനകം അവൾ തിരിച്ചുവന്നത് ഒരു പതിവുകാരന്റെ ഒപ്പമായിരുന്നു.

ഇഷ്ടികയുടെ അട്ടി ഇപ്പോഴും അവിടെയുണ്ട്. പഴയ ദിവസങ്ങൾ തിരിച്ചുവന്നപോലെ. രാത്രി ഏഴെട്ടുമണിയായതോടെ ലക്ഷ്യമില്ലാതെ എന്ന പ്രതീതി നൽകി പരമലക്ഷ്യത്തോടെ നടക്കുന്ന പുരുഷന്മാർ തിരിച്ചെത്തി. എന്നിട്ടും എന്തോ പോരായ്മയുണ്ടെന്ന് മനസ്സു പറഞ്ഞു. ശരിയാണ്. മുടന്തനെ കാണാനില്ല. അയാൾ അവളെ ഉപേക്ഷിച്ചുകാണും. അഥവാ മറിച്ചും ആകാം.

അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു?

കലാകൗമുദി ഓണപ്പതിപ്പ് - 1995