ആശ്രമം ഉറങ്ങുകയാണ്


ഇ ഹരികുമാര്‍

കുന്നുകൾ എന്റെ കൂട്ടുകാരായിരിക്കുന്നു. ഞാൻ എല്ലായ്‌പ്പോഴും എത്തിപ്പെടുന്നത് കുന്നിൻ പ്രദേശങ്ങളിലാണ്. ചെമ്മണ്ണു നിറഞ്ഞ വെട്ടുകൽപ്പാതകൾ എന്റെ സിരകളിൽ ആവേശത്തള്ളിച്ചയുണ്ടാക്കുന്നു. ഞാൻ എന്തിനെന്നറിയാതെ നീങ്ങുന്നു. കുന്നിൻ ചെരിവുകൾ വെട്ടിയുണ്ടാക്കിയ ആ പാതകളുടെ ഒരു വശത്ത് മുഴച്ചു നിൽക്കുന്ന കരിമ്പാറകൾ, അവയുടെ വിള്ളലുകളിൽ വർഷക്കാലം സ്വപ്‌നംകണ്ട് തപസ്സിരിക്കുന്ന പന്നൽച്ചെടികൾ, തിരിവുകളിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന അപൂർവ പുഷ്പങ്ങൾ, എല്ലാം എനിക്ക് ഉത്സാഹം പകരുന്നു.

ചരൽപ്പാത അവസാനിച്ചത് മുകളിലേയ്ക്ക് കയറുന്ന ഒതുക്കുകളുടെ മുമ്പിലാണ്. ഒതുക്കുകൾ കയറിയാൽ ഒരു നടപ്പാത, ഗെയ്റ്റ്, ചരൽ വിരിച്ച വിശാലമായ മുറ്റം. കുന്നിന്റെ ഉയരം ആ വീടുനിൽക്കുന്ന പറമ്പിലേയ്ക്കും, ആ മണ്ണ് ചവിട്ടിനിൽക്കുന്ന എന്നിലേയ്ക്കും പടർന്നു. എന്തിനാണ് വന്നതെന്ന കാര്യംതന്നെ മറന്നു ഞാൻ അവിടെ നിന്നു.

'ഇങ്ങോട്ടു കയറി ഇരിക്കാം.'

ആരാണതു പറഞ്ഞത്? ഞാൻ വീടിന്നു നേരെ നടന്നു. കാവിയിട്ട മിനുത്ത നിലമുള്ള വിശാലമായ പൂമുഖത്തിന്നു മുമ്പിൽ വീതിയുള്ള തിണ്ണ. ആ തിണ്ണമേൽ സിമന്റിന്റെ തണുപ്പറിഞ്ഞ് കിടക്കാൻ എന്തു സുഖമായിരിക്കും. രണ്ടു തിണ്ണകൾക്കിടയിലുള്ള ചതുരൻ തൂണിന്മേൽ ഉടമസ്ഥന്റെ പേര് എഴുതിവെച്ചിരിക്കുന്നു.

'ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി.'

പേരെഴുതിയ പ്രാചീനമായ മരപ്പലക അല്പം ചെരിഞ്ഞിരുന്നു. ഞാനതിൽ നോക്കിയിരിക്കേ ആരോ പറഞ്ഞു.

'അത് അപ്പന്റെ പേരാണ്.'

പൂമുഖത്ത് ഒരു പഴയ ചാരുകസേലയിൽ കിടക്കുന്ന പടുവൃദ്ധനെ ഞാനപ്പോഴാണ് കാണുന്നത്. എൺപത് അല്ലെങ്കിൽ എൺപത്തഞ്ച് വയസ്സായിട്ടുണ്ടാകും. ഒരോന്തുപോലെ അയാൾ ചുറ്റുമുള്ള വീട്ടു സാമാനങ്ങളുമായി താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ വീണ്ടും പേരെഴുതി വെച്ചത് നോക്കി. 'ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി' പെട്ടെന്ന് ആ പേർ അന്വേഷിച്ചാണ് ഞാൻ വന്നതെന്നോർത്തു. ആ പേരിന്റെ ഉടമയ്ക്ക് കൊടുക്കുവാൻ തന്നയച്ച കത്ത് എന്റെ കീശയിലുണ്ട്.

'അപ്പന്ന് കൊടുക്കാൻ ഒരു കത്തുണ്ട് എന്റെ കയ്യിൽ.'

'അപ്പന്നോ?' ആ വൃദ്ധൻ ചോദിച്ചു.

'അതേ.'

'താനാ കസേരയിലിരിക്ക്.'

ഉമ്മറത്തു ചിതറിക്കിടന്ന പരസഹസ്രം പുരാതന വസ്തുക്കളിലൊന്ന് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു. ചെളിയും എണ്ണയും അടരായി ഉണങ്ങിപ്പിടിച്ച കൈകളുള്ള ആടുന്ന കസേരയിൽ ഞാനിരുന്നു.

'ആ കത്ത്, അതെനിക്കായിരിക്കും.' അയാൾ പറഞ്ഞു. 'അപ്പന്ന് ഇനി ആരും കത്തയക്കില്ല.'

കത്തിന്റെ മേൽ എഴുതിയ പേര് ഞാൻ ഓർമ്മിച്ചു. അതേ, ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി. ഞാൻ പേരെഴുതിയ പലകയിലേക്കു നോക്കി. പലക കാണാം, പേരെഴുതിയത് ഇവിടെ ഇരുന്നു കൊണ്ട് കാണാൻ പറ്റില്ല. ഞാൻ നോക്കുന്നതു കണ്ടുകാണും, അയാൾ പറഞ്ഞു.

'എന്റെ പേരും ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി എന്നു തന്നേയാ. ആരുടെ കത്താ?'

'കൊച്ചീന്നാ, ശങ്കരമേനോന്റെ.'

പേട്ടെന്നയാൾ കത്തു കൈയ്യിൽ കിട്ടുവാൻ ഒരു ധൃതിയുമില്ലാത്തപോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു. സമയം കുറേയായിക്കാണും. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഈ കുന്നിനു മുകളിൽ കയറിവന്നതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ആരാണ് ശങ്കരമേനോൻ? ഞാനും അയാളുമായുള്ള ബന്ധം? എന്റെ കീശയിൽ കത്തൊന്നുമില്ലെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി. ഞാൻ ചുമരിൽ തൂക്കിയിട്ട ഫോട്ടോകളിൽ കണ്ണുംനട്ട് നിൽക്കയാണ്. രണ്ടോ മൂന്നോ തലമുറകളുടെ ഛായാചിത്രങ്ങൾ. ഓരോ മുഖവും പരിചയമുള്ള പോലെ. ഇവരെയൊക്കെ ഞാൻ എവിടെയാണ് കണ്ടിട്ടുള്ളത്.

'അതാ അതെന്റെ കെട്ട്യോളാ, കഴിഞ്ഞ വർഷം മരിച്ചു. ആറു മാസം കെടന്നു. അപ്പുറത്തുള്ളത് മൂത്തമകനാ, രണ്ടു കൊല്ലം മുമ്പേ മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു. അതിനപ്പുറത്ത്....'

ഞാൻ തലേന്ന് രാത്രിവരെ സ്വാമിജിയുടെ ആശ്രമത്തിലായിരുന്നു. അതും ഒരു കുന്നിൻപുറത്തുതന്നെ. ഒരു പഴയ വീട്. ഒരുകാലത്ത് ഏതെങ്കിലും നായർ തറവാടായിരിക്കണം. മുറ്റത്ത് പൊളിഞ്ഞുതുടങ്ങിയ തുളസിത്തറയിൽ ആരോഗ്യമുള്ള തുളസിച്ചെടി പടർന്നുനിന്നു. മരിച്ചുപോയവരെപ്പറ്റിയായിരുന്നു സ്വാമിജി പറഞ്ഞിരുന്നത്. മുറിയിൽ സാമ്പ്രാണിയുടേയും കുന്തുരുക്കത്തിന്റേയും മണം ചൂഴ്ന്നു നിന്നു.

'ഞാൻ മരിച്ചിട്ടുണ്ടോ അല്ലാ ജീവിച്ചിരിക്കയാണോ എന്നാണറിയേണ്ടത്.'

എന്റെ ചോദ്യം സ്വാമിയെ അമ്പരപ്പിച്ചില്ല. സ്വാമി ചോദിച്ചു.

'എന്താണങ്ങിനെ തോന്നാൻ?'

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ നിന്നു. എന്റെ തോന്നലുകളായിരിക്കാം. പക്ഷെ ഏതാനും മാസങ്ങളായി ഞാൻ യാത്രയിലായിരുന്നു. എന്തിനെന്നറിയാതെ, എവിടേക്കെന്നറിയാതെ. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവരെത്തേടി, ജീവിതത്തിലൊരിക്കലും കാൽകുത്തിയിട്ടില്ലാത്ത ഇടങ്ങളിൽ ഞാൻ അലയുന്നു.

'മരണത്തെപ്പറ്റി ആലോചിക്കുന്നത് നല്ലതുതന്നെ. എന്താണ് മരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? മരണം ഒരവസാനമല്ല. അനുസ്യൂതം ചാക്രികമായി ഒഴുകുന്ന നദിയുടെ അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ ഒരു ബിന്ദുമാത്രമാണ് മരണം. മരിക്കുന്ന വ്യക്തി മരണം അറിയുന്നില്ല. അയാൾ ഒരു വാതിൽ കടക്കുക മാത്രമാണ് ചെയ്യുന്നത്. സ്ഥലകാലനിബദ്ധമല്ലാത്ത ഒരു ലോകത്തേയ്ക്കുള്ള വാതിൽ.'

ഒരു നിമിഷം കണ്ണടച്ചിരുന്നുകൊണ്ട് സ്വാമിജി തുടർന്നു.

'വിശാലമായ വാതിൽ കൊത്തു പണികളാൽ അലങ്കൃതമാണ്. വാതിൽ കടന്നാൽ എത്തുന്നത് വിശാലമായൊരു മണ്ഡപത്തിലേയ്ക്കാണ്. കൊത്തുപണികളുള്ള എട്ടുകാൽ മണ്ഡപം. എട്ടു കാലുകൾ ശരഭത്തിന്റെ കാലുകളാണ്. അതിന്റെ ഭീമമായ ചിറകുകൾ സമയമെന്ന മിഥ്യയെ നിരന്തരം തുടച്ചു നീക്കുന്നു......'

സ്വാമിജി എവിടെയാണ്? എന്റെ മുമ്പിൽ ഇരിക്കുന്ന വൃദ്ധൻ സംസാരിക്കുകയാണ്. മരണത്തെപ്പറ്റിത്തന്നെ.

'അത് മകളാണ്, രണ്ടാമത്തേത്. കഴിഞ്ഞ ആണ്ടിൽ മരിച്ചു. കാൻസറായിരുന്നു. അമേരിക്കയിലായിരുന്നു, എന്നിട്ടെന്തുണ്ടായി. അപ്പുറത്തുള്ളത് അവളുടെ മക്കളാണ്. അവര്...'

'ചായ കുടിക്കാം' കൈലിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വാതിൽക്കൽ. ജോലിക്കാരിയായിരിക്കണം.

'ങും, ചായ കുടിക്ക്.' വൃദ്ധൻ പറഞ്ഞു.

ഞാൻ എഴുന്നേറ്റു. അടുത്ത മുറിയിലായിരുന്നു ചായ വെച്ചിരുന്നത്. പ്ലേയ്റ്റിലെ ദോശ ചട്ടിണിയിൽ മുക്കി തിന്നുമ്പോൾ ഞാൻ ആ സ്ത്രീയെ ശ്രദ്ധിച്ചു. അവർ ഒരു ചിരിയുമായി അടുക്കളയിലേയ്ക്കുള്ള വാതിൽക്കൽ നിൽക്കുകയാണ്. പ്രസരിപ്പുള്ള മുഖം. ആരോഗ്യമുള്ള ദേഹം. ആ ചുറ്റുപാടിൽ അവൾ ഒരധികപ്പറ്റായിരുന്നു.

'കാർണോര് ഇവിടെ ഒറ്റയ്ക്കാണോ താമസം?'

ഒരു തുടക്കത്തിന്നുവേണ്ടി കാത്തിരുന്നപോലെ അവൾ സംസാരിക്കാൻ തുടങ്ങി.

'എല്ലാരുംണ്ടായിരുന്നു. ഓരോരുത്തരായി പോയി. ആദ്യം പോയത് മൂത്തമോൻ തന്നെ. പിന്നെ ഓരോരുത്തരായി പോയി. ഇപ്പോ ആരുംല്ല്യ. തലമുറടെതന്നെ വേരറ്റു. നൂറു കണക്കിന് ഏക്കർ സ്ഥലംണ്ട്. കോടികള് ബാങ്കില്ണ്ട്. ന്ന്‌ട്ടെന്താ. ഒരു തരി ബാക്കീല്ലാതെ എല്ലാം മോളില്ള്ള ആള് കൊണ്ടുപോയില്ലെ?'

ഈ സ്ത്രീയുടെ സംസാരം നല്ല പരിചയമുള്ളപോലെ. അവരുടെ മുഖവും. എവിടെയാണവരെ കണ്ടിട്ടുണ്ടാകുക?

'ഈ വീട് കണ്ടാൽ തോന്ന്വോ ഇവിടെള്ള ആള്‌ടെ മതിപ്പ്?'

ശരിയാണ്. മരം കൊണ്ടുണ്ടാക്കിയ തട്ട് ഒന്നുരണ്ടു സ്ഥലത്ത് പൊളിഞ്ഞു വീഴാറായി നിൽക്കുന്നു. ഒരു കാലത്ത് നന്നായി തേച്ച് വെള്ള വലിച്ച ചുമരുകൾ അടർന്നു തുടങ്ങി.

'അരുടേയോ ശാപാണ്ന്ന് പറേണു. ആർക്കറിയാം. ഏതായാലും കുറ്റിയറ്റു എന്നു പറഞ്ഞാൽ പോരെ.'

അവർ മേശക്കടുത്തു വന്നു ചട്ടിണിയുടെ പാത്രം എടുത്തു ചട്ടിണി വിളമ്പി.

സ്വാമിജി സംസാരിക്കുകയായിരുന്നു. ഇഹലോകത്തെപ്പറ്റി, പരലോകത്തെപ്പറ്റി. സമയമെന്ന മിഥ്യയെപ്പറ്റി.

'സമയാതീതമായ ആ യാത്രയ്ക്കുശേഷം വീണ്ടും നമ്മൾ തിരിച്ചുവരുന്നു. തിരിച്ചു വരുമ്പോഴും നമ്മൾ അറിയുന്നില്ല, കാരണം ജനനവും മരണത്തെപ്പോലെത്തന്നെ അനുസ്യൂതമായ ഒരൊഴുക്കിന്റെ തിരിച്ചറിയാനാകാത്ത ബിന്ദുവാകുന്നു. കാലമാകുന്ന തിരമാലകളുടെ ഒഴുക്കിൽപെട്ട് അറിവിന്റെ യോനീമുഖത്തിലൂടെ വീണ്ടും പരിചിതമായൊരു ലോകത്തേയ്ക്ക്. സമയമെന്ന മായ നിങ്ങളുടെ പ്രവാസത്തിന്നിടയിൽ ആ ലോകത്തെ ഒട്ടുമുക്കാലും അപരിചിതമാക്കിയിരിക്കുന്നു. പിന്നെ നിങ്ങളുടെ ദൗത്യം ആ പഴയ ജീവിതം ഒരിക്കൽക്കൂടി ജീവിച്ചു പോരുക എന്നതാണ്. നിങ്ങൾ മുമ്പത്തെ ജീവിതത്തിൽ കണ്ടവർ, ഒപ്പം പെരുമാറിയവർ, ഒപ്പം ജീവിച്ചിരുന്നവർ, എല്ലാവരേയും വീണ്ടും കാണുന്നു. നിങ്ങളേപ്പോലെ അവരും തലമുറകൾ പിന്നിട്ടിട്ടുണ്ടാകും. കാലത്തിന്റെ കാന്തവീചികൾ ഓർമ്മകളെ മാച്ചുകളഞ്ഞ് നിങ്ങളെ അപരിചിതരാക്കിയിരിക്കും. എന്നാലും ജനിതകശ്രേണിയിലൂടെ കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ ബോധപൂർവമല്ലാതെത്തന്നെ നിങ്ങൾ പിന്നിട്ട പാത വീണ്ടും കണിശമായി അനുപഥം പിന്തുടരുന്നു.'

സ്വാമിജി വാതോരാതെ സംസാരിക്കുകയാണ്, എനിക്കു മനസ്സിലാവുന്നുണ്ടോ എന്ന ചിന്തയില്ലാതെ.

'ചില അപൂർവസന്ദർഭങ്ങളിൽ നിങ്ങളിൽ, പിന്നിട്ട പാതകളെപ്പറ്റി ഓർമ്മയുടെ സ്പുലിംഗങ്ങളുണ്ടാകുന്നു. ഇതു പോലെത്തന്നെ മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ടല്ലൊ എന്ന തോന്നൽ.'

ജോലിക്കാരി ചട്ടിണി വിളമ്പി എന്റെ അടുത്തുതന്നെ നിൽക്കുകയാണ്. അവളുടെ ഗന്ധം എന്നെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു. വെളിച്ചെണ്ണയും വിയർപ്പും കൂടിയുള്ള ഗന്ധം. ചായകുടിച്ച് എഴുന്നേൽക്കുമ്പോൾ അവൾ മാറിയില്ല. അവൾ മാറുമെന്ന പ്രതീക്ഷയോടെ എഴുന്നേറ്റതുകാരണം കൈകൾ അവളുടെ ദേഹത്തു തട്ടി.

അവൾ കാണിച്ചുതന്ന വാഷ്‌ബേസിൻ അടുത്ത മുറിയുടെ കുളിമുറിയിലായിരുന്നു. ഞാൻ കൈകഴുകുമ്പോൾ അവൾ തോർത്തു പിടിച്ച് തൊട്ടടുത്തുതന്നെ നിന്നു. തിരിഞ്ഞ് തോർത്ത് വാങ്ങുമ്പോഴാണ് കണ്ടത്, അവളുടെ തിങ്ങുന്ന ബ്ലൌസിന്റെ മുകളിലെ രണ്ടു കുടുക്കുകൾ അഴിഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ കൈകൾ ബ്ലൗസിലേയ്ക്കു കൊണ്ടുപോയി. കൈകളെടുത്തപ്പോൾ ബാക്കിയുണ്ടായിരുന്ന കുടുക്കുകളും വിട്ടിരുന്നു. തോർത്തിന്നു പകരം ആ നഗ്നതയിൽ മുഖമുരസുമ്പോൾ ആ കിടപ്പറ എനിക്കു പരിചയമുണ്ടല്ലോയെന്ന് ഞാൻ ആലോചിച്ചു. അടുത്തു കിടക്കുന്ന സ്ത്രീയുടെ കാമാവേശവും ഗന്ധവും എനിക്കു പരിചിതമായിരുന്നു.

ഞാൻ ചോദിച്ചു.

'ഉമ്മറത്ത് ഗീവർഗീസു മാപ്പിളയില്ലേ?'

അവൾ എന്നെ പകച്ചുനോക്കി. ഞാൻ ചോദിച്ചു.

'അയാളെങ്ങാനും വരുമോ.'

'ആര് സ്വാമിജിയോ?' കിതച്ചുകൊണ്ടവൾ തടർന്നു. 'സ്വാമിജി ഇപ്പോൾ ഉറക്കമായിരിക്കും.'

അവളുടെ അഴിച്ചുമാറ്റപ്പെട്ട കാവി വസ്ത്രം കിടക്കയിൽ ഉലഞ്ഞുകിടന്നു. ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. സമയമെത്രയായിട്ടുണ്ടാകും? ഞാനെന്തിനാണ് ഇവിടെ വന്നത്?

ചാണകം തേച്ച ചുമരിൽ ഒരു പൊത്തിൽ ചുവന്ന ചായം പുരട്ടിയ വിഗ്രഹമുണ്ടായിരുന്നു. കാളിയുടേതായിരിക്കണം. മേൽക്കൂരയുടെ കരിമ്പനപ്പട്ടകൾ കാറ്റിൽ ശബ്ദമുണ്ടാക്കി. മരോട്ടി എണ്ണയുടെ മണം വന്നിരുന്നത് ചുമരിന്റെ ഒരു പൊത്തിൽ കത്തിച്ചു വെച്ച വിളക്കിൽനിന്നായിരുന്നു. അതിന്റെ വെളിച്ചത്തിൽ എന്റെ അടുത്ത് തളർന്നുറങ്ങിയിരുന്ന നഗ്നയായ സ്ത്രീയെ ഞാൻ നോക്കിക്കണ്ടു. എന്റെ നെഞ്ചിൽ വരിഞ്ഞു കിടന്ന ഉരുണ്ട കൈകൾ മാറ്റി ഞാൻ എഴുന്നേറ്റു.

ആശ്രമം ഉറക്കത്തിലായിരുന്നു.

ചങ്ങമ്പുഴ ജന്മവാര്‍ഷികപ്പതിപ്പ് - 1996