ഇ ഹരികുമാര്‍
അമ്മു കഥ പറയുകയാണ്. നിലത്ത് കുഞ്ഞിക്കാലുകളുറപ്പിച്ച് കട്ടിലിലേക്ക് ചാരിനിന്ന്, വിരിച്ചിട്ട വിരിപ്പിലെ ചിത്രം നോക്കി അവൾ കഥ പറയുന്നു. അവളുടെ കഥകൾ വളരെ ഹ്രസ്വമാണ്. ഒന്നര വയസ്സിൽ സമ്പാദിച്ചുവെച്ച വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം അവൾ ഉപയോഗിച്ചു. വ്യാകരണം കടന്നുകൂടി അവളുടെ ഭാഷ ദുഷിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കഥ ഏതാനും വാക്കുകളിൽ ഒതുങ്ങി. ഏതാനും വാക്കുകളിൽ ഒരു വികാര പ്രപഞ്ചം മുഴുവൻ.
'ചേച്ചി.... മുട്ടപ്പാപ്പം.... കോയി.... ഖൊ.'
ഒരു കഥയാണ്. ഒരു മുഴുവൻ കഥ. ഇതിൽ അനുവാചകന്റെ മനോധർമമാണ് പ്രധാനം. നിങ്ങൾക്ക് ഭാവനയുണ്ടെങ്കിൽ അത് ഒരു മുഴുക്കഥയായി. സഹായത്തിന് കിടക്കവിരിയിലെ ചിത്രമുണ്ട്. അതിൽ കുസൃതിയായ ഒരു പെൺകുട്ടി ഒരു കൂട മുട്ട കട്ടുകൊണ്ടുപോകുകയാണ്. വിരിയാൻ വെച്ച മുട്ടകളാണ്. ചിലതെല്ലാം വിരിയാൻ തുടങ്ങുന്നു. ഒന്നു രണ്ട് താറാവുകുട്ടികൾ പറന്ന് രക്ഷപ്പെടുന്നുണ്ട്. പിന്നിൽ ചിറകിട്ടടിച്ച് പറന്നു വന്ന് പെൺകുട്ടിയുടെ ഉടുപ്പിന്മേൽ കൊത്തി വലിക്കുന്ന തള്ളത്താറാവ്.
'മോളെ ഇത് താറാവല്ലെ?' അങ്കിൾ താറാവിനെ ചൂണ്ടിക്കൊണ്ട് പറയുന്നു.
'അല്ല, കോയി.' അമ്മു സമ്മതിക്കുന്നില്ല. അവൾ താറാവിനെ കണ്ടിട്ടില്ല. അതു കോഴിയാണ്..
'കോയി.' അവൾ പറഞ്ഞു. 'കോയി.... ഖൊ.'.
അയാൾ ആ കൊച്ചു സുന്ദരിയെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കും. അയാൾ ചോദിക്കും..
'ചേച്ചിയെന്തു ചെയ്തു?'.
'മുട്ടപ്പാപ്പം.' അവൾ മറുപടി പറഞ്ഞു..
'ചേച്ചി മുട്ടപ്പാപ്പം എടുത്ത് ഓട്വാണ് അല്ലെ?'.
അവൾ തലയാട്ടും..
'അപ്പൊ കോഴി എന്തു ചെയ്തു?'.
'കോയി ഖൊ....'.
'കോഴി ചേച്ചീടെ ഉടുപ്പ്മ്മല് കൊത്തി അല്ലെ?'.
അവൾ തലയാട്ടും. ഇനി നിങ്ങളുടെ മനോധർമത്തിനനുസരിച്ച് ആ കഥ നീട്ടാം. താറാവിന്റെ കുട്ടികൾ എങ്ങനെ പറന്നു രക്ഷപ്പെട്ടു. താറാവിന് തന്റെ കുട്ടികളെ തിരിച്ചു കിട്ടിയോ എന്നെല്ലാം നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ആ കഥ നന്നാക്കാം, അല്ലെങ്കിൽ നശിപ്പിക്കാം. അമ്മുവിനെ സംബന്ധിച്ചിടത്തോളം ആ കഥ പറഞ്ഞു കഴിഞ്ഞു. അവളുടെ ശ്രദ്ധ ഒരു കുഞ്ഞിക്കിളിയുടെ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു. അവൾ പറഞ്ഞു.
'കിളി...'
എത്ര നേരിയ ശബ്ദവും അവൾ ശ്രദ്ധിക്കും. അതെന്താണെന്ന് അവൾ തിരിച്ചറിയുകയും ചെയ്യും. താഴെ ഗേയ്റ്റിൽ പച്ചക്കറിക്കാരൻ വണ്ടിയുമായി വന്നാൽ അവൾ മൂന്നാം നിലയിൽ നിന്ന് അറിയും. തുലാസിന്റെ ശബ്ദം കൊണ്ടാണവൾ പച്ചക്കറിക്കാരനാണെന്നു മനസിലാക്കുന്നത്. അമ്മു ഉടനെ അടുക്കളയിലേക്കോടി പച്ചക്കറി വാങ്ങാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കൂട എടുത്ത് ആന്റിയുടെ സാരി പിടിച്ച് വലിക്കും.
'പച്ചക്കിരി.... വാ... പോവ്വാ....'
അതുപോലെ കപ്പലണ്ടിക്കാരൻ ചീനച്ചട്ടിയിൽ കപ്പലണ്ടി വറക്കുമ്പോഴുണ്ടാകുന്ന ചട്ടുകത്തിന്റെ ശബ്ദം അവൾ തിരിച്ചറിയും. അവൾ പറയും.
'കപ്പണ്ടി, വാ.'
അവൾ അങ്കിളിന്റെ കൈപിടിച്ച് വലിക്കും; താഴെ പോകാൻ.
കുഞ്ഞിക്കിളികളെ കാണാൻ അങ്കിളിന്റെ സഹായം വേണം. ആദ്യമെല്ലാം അവൾ ബാൽക്കണിയിൽ വന്നിരുന്ന് കലപില കൂട്ടുന്ന കിളികളെ കൗതുകപൂർവ്വം നോക്കി നിൽക്കാറുണ്ടായിരുന്നു. അന്ന് അങ്കിൾ കുഞ്ഞിക്കിളികൾക്കായി ഇത്രയധികം കൂടുകൾ ഉണ്ടാക്കിയിരുന്നില്ല. കുളിമുറിയുടെ വെന്റിലേറ്ററിനു പുറത്ത് ഒരു കൂടുമാത്രം. ചെരിപ്പിന്റെ കാർഡ്‌ബോർഡ് പെട്ടിക്ക് വാതിലും ജനലും ഉണ്ടാക്കി വെന്റിലേറ്ററിനു പുറത്ത് തൂക്കിയിട്ടു. ഒരാഴ്ച നിരന്തരം അങ്കിളും മോളും കൂടി വെന്റിലേറ്ററിന്റെ ചെരിച്ചുവെച്ച ചില്ലുകളിലൂടെ നോക്കി നിന്നു. ആറാം ദിവസം ഒരു കിളി പറന്നുവന്ന് തൂക്കിയിട്ട പെട്ടിമേൽ ഇരുന്നു. സുന്ദരനായ കിളി. കഴുത്തിന് ഇരുവശവും വെള്ളനിറം. അതിനു താഴെ ചാരനിറത്തിൽ ഒരു പട്ട. വയർ വെള്ള തന്നെ. മുഷിഞ്ഞ വെള്ള. ചിറകുകൾ തവിട്ടും വെള്ളയും കലർന്നത്. അത് വീടിനുമുകളിൽ ഇരുന്നു കൊണ്ട് വാതിലിലൂടെ അകത്തേക്ക് നോക്കി. പിന്നെ ഒന്നു പറന്നുയർന്ന് വാതിൽപടിമേൽ ഇരുന്നു. പതുക്കെ അകത്തേക്കു കയറി, കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു കടന്നു, ധൃതിയിൽ പറന്നുപോയി.
പിറ്റേന്ന് അവർ വന്നു. അങ്കിളും മോളും കൂടി തളത്തിലിരിക്കുകയായിരുന്നു. മോള് പുതിയ ടെഡ്ഡിയ്ക്ക് മാമു കൊടുക്കാനുള്ള ശ്രമത്തിലാണ്. ഭാവനയിലുള്ള ഒരു പാത്രത്തിൽ നിന്ന് അവൾ ചോറെടുത്ത് ടെഡ്ഡിയുടെ വായിൽ വെച്ചു.
'ആ, ആ, മാമുണ്ടോ....'
പെട്ടെന്നവൾ എന്തോ ശ്രദ്ധിച്ചുകൊണ്ട് എഴുന്നേറ്റ് എടുക്കാനാവശ്യപ്പെട്ടു.
'എന്താ മോളേ?'
'കിളി.' അവൾ പറഞ്ഞു. 'ഇക്കു. പോവ്വാ.'
അയാൾ അവളെ എടുത്ത് കുളിമുറിയിലേക്കു നടന്നു. വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ കിളികളെ കണ്ടു. അവർ വീട്ടുസാമാനങ്ങൾ കടത്തുകയാണ്. ആൺകിളി ഒരു ഉണങ്ങിയ പുൽക്കൊടി കൊത്തിക്കൊണ്ടുവന്ന് പെട്ടിക്കുള്ളിലിട്ട് പുറത്തേക്കു പോകും. പിന്നാലെ പെൺകിളി വരും, കൊക്കിൽ ഉണക്കപ്പുല്ലുമായി. അവൾ വന്നാൽ ഭർത്താവ് വലിച്ചിട്ട സാധനങ്ങൾ ഒതുക്കി വെച്ചേ പോകൂ.
അമ്മു കിളികളെ ശ്രദ്ധിക്കുകയാണ്. അവളുടെ കൊച്ചു കണ്ണുകളിൽ അത്ഭുതം.
അതു തുടക്കമായിരുന്നു. ആദ്യത്തെ വീടുപണിയുടെ വിജയം അങ്കിളിനു ലഹരി പകർന്നു. പിന്നെ കിട്ടുന്ന കടലാസുപെട്ടിയെല്ലാം എടുത്ത് വീടുപണി തുടങ്ങി. ഇസ്തിരിപ്പെട്ടിയുടെ കവർ, കപ്പും സോസറും വാങ്ങിയപ്പോൾ കിട്ടിയ കാർഡ്‌ബോർഡ് പെട്ടി, ഫ്‌ളാസ്‌ക്കിന്റെ പെട്ടി ഇവയെല്ലാം ബാൽക്കണിയിൽ കിളിക്കൂടുകളായി തൂങ്ങിത്തുടങ്ങി. വാടകവീടുകൾക്ക് സ്വതവേ ക്ഷാമമുള്ളതുകൊണ്ട് കിളികൾ അധികം കാത്തുനിൽക്കാതെ തന്നെ അവയിൽ താമസവും തുടങ്ങി.
ഈ വാടകക്കാരെല്ലാം ശരിക്ക് വാടക തരികയാണെങ്കിൽ അങ്കിൾ ഒരു പണക്കാരനായേനെ.
അയാൾ അമ്മുവിനോട് പറഞ്ഞു. അവൾക്ക് മനസിലായില്ല. അയാൾ വിശദീകരിച്ചു.
'ഇവരൊക്കെ വാടക തര്വാണ് എങ്കിൽ അങ്കിളിന്റെ പോക്കറ്റിൽ നിറയെ പൈസയുണ്ടാവും. ആ പൈസകൊണ്ട് എന്താണ് വാങ്ങുക?'
'മിട്ടായി.'
അങ്കിളിന്റെ പൈസ അവൾക്ക് മിട്ടായി വാങ്ങാൻ മാത്രമാണെന്ന് അവൾ ദൃഢമായി വിശ്വസിച്ചു. അങ്കിൾ പുറത്തിറങ്ങുന്നതുപോലും അവൾക്ക് മിട്ടായി വാങ്ങാനാണ്.
ബാൽക്കണിയിലെ വാടകക്കാർ പക്ഷെ അമ്മുവിന് പ്രശ്‌നങ്ങളുണ്ടാക്കി. അവൾ ബാൽക്കണിയിലേക്കു കടക്കുമ്പോഴായിരിക്കും കൊച്ചു വാതിലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരു കിളി പെട്ടെന്നു പറന്നു പോകുന്നത്. അതവളെ പേടിപ്പിച്ചു. അവൾ കുഞ്ഞിക്കാലുകളും നീട്ടി വലിച്ചൊരോട്ടം കൊടുക്കും. അങ്കിളിന്റെ അടുത്തെത്തിയാൽ അവൾ കിതച്ചുകൊണ്ട് പറയും.
'കിളി, കിളി.'
'കിളി മോളെ പേടിപ്പിച്ചുവോ?'
'അങ്കിളിന്റെ കിളികൾ കാരണം മോൾക്ക് ബാൽക്കണിയിൽ പോകാൻ വയ്യാന്നായിരിക്കുന്നു.' ആന്റി കുറ്റപ്പെടുത്തി. 'എവിടെ നോക്കിയാലും കിളികള്.' അയാൾ ആ കൊച്ചു സുന്ദരിയെ നോക്കി നിൽക്കും. തന്റെ ജീവിതം ധന്യമാക്കാൻ താഴത്തെ നിലയിൽ നിന്ന് കോണിപ്പടികൾ കയറി വരുന്ന ആ ഒന്നര വയസുകാരിയും താനുമായി എന്തു ബന്ധം? സംതൃപ്തമായിരുന്ന മുൻജന്മങ്ങളിലൊന്നിൽ അവൾ തന്റെ അരുമ മകളായിരുന്നിരിക്കണം.
അയാൾ സ്വന്തം മകനെപ്പറ്റി ഓർത്തു. ഈ പ്രായത്തിൽ അവനുമായി കളിക്കുക രസകരമായിരുന്നു. ഏഴെട്ടുവയസാവുന്ന വരെ അവൻ നല്ല കൂട്ടായിരുന്നു. അവന്റെ ഒപ്പം വൈകുന്നേരം നടക്കാനിറങ്ങാറുള്ളതെല്ലാം അയാൾ ഓർത്തു. പിന്നെ, വളരെ പതുക്കെ അവൻ അയാളിൽ നിന്നകന്നുപോയി. അവന്റെ ലോകം അച്ഛന്റേതിൽനിന്നും വ്യത്യസ്തമായി. വിജ്ഞാനത്തിനും ഉന്മേഷത്തിനും അവൻ വേറെ സ്രോതസുകൾ കണ്ടു പിടിച്ചു. ഒരു പന്ത്രണ്ടു വയസായപ്പോഴേക്ക് തനിക്കവനെ തീരെ നഷ്ടപ്പെട്ടു എന്നയാൾക്ക് മനസിലായി. പിന്നീടുള്ള ജീവിതം തികച്ചും യാന്ത്രികമായിരുന്നു. ഒരു കൂരയ്ക്കുള്ളിൽ മൂന്ന് അപരിചിതർ. ഭക്ഷണം കഴിക്കുന്നതുപോലും ഒന്നിച്ചല്ല. രാജീവന് വിശന്നാൽ അവൻ പ്ലേയ്റ്റുമെടുത്ത് ചോറും കറികളും വിളമ്പി അവന്റെ മുറിയിലേക്ക് പോകും. കട്ടിലിന്മേൽ വെച്ച് ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ട് നിശബ്ദനായി ഭക്ഷണം കഴിക്കും. ഒരേ സമയത്താണ് ഊണു കഴിക്കുന്നതെങ്കിലും അവൻ ഇതു തന്നെയാണ് ചെയ്യുക. അവൻ നിന്നുകൊണ്ട് പ്ലേയ്റ്റിൽ ചോറും കറികളും എടുക്കും. ശൈലജ ചോദിക്കും.
'നിനക്ക് ഞങ്ങളുടെ ഒപ്പമിരുന്ന് ഊണു കഴിച്ചുകൂടെ?'
'ഉം ഉം.'
'എന്താണ് ഉം ഉം എന്നതിന്റെ അർത്ഥം?' അയാൾ അല്പം നീരസത്തോടെ ചോദിക്കും.
'അവിടെ ഇരുന്നാൽ എനിക്ക് ഊണു കഴിക്കുന്നതോടൊപ്പം വായിക്കുകയും ചെയ്യാം.' അവൻ പറയും, ഒപ്പം തന്നെ നടക്കുകയും ചെയ്യും.
അവൻ പോയിക്കഴിഞ്ഞാൽ ഭാര്യയും ഭർത്താവും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് നിശബ്ദമായി ഭക്ഷണം കഴിക്കും. എന്തൊക്കെയോ വാരിവലിച്ചു തിന്നുന്നു എന്നല്ലാതെ ഒന്നിന്റെയും രുചി അറിയുന്നുണ്ടാവില്ല. എങ്ങിനെയെങ്കിലും ഭക്ഷണം കഴിച്ച് അവിടെ നിന്ന് രക്ഷപ്പെടണമെന്ന മട്ടിൽ വാരി വിഴുങ്ങുക മാത്രം. മിക്കവാറും വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും അവന്റെ സ്‌നേഹിതമാർ ഉണ്ടാവും; ഒന്നുകിൽ പഠിത്തത്തെപ്പറ്റി സംസാരിക്കാൻ, അല്ലെങ്കിൽ ചതുരംഗം കളിക്കാൻ. അവർ രാജീവിന്റെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ അയാൾ രാവിലെ വായിച്ച വർത്തമാനപ്പത്രം വീണ്ടുമെടുത്ത് വായിക്കും. ഒരിക്കൽ വായിച്ച വാർത്തകൾ വീണ്ടും, പിന്നെ പരസ്യങ്ങൾ. ഒന്നും തലയിൽ കയറുന്നുണ്ടാവില്ല. എങ്കിലും യാന്ത്രികമായി വായിച്ചുകൊണ്ടിരുന്നു, വാശിയോടെ, രോഷത്തോടെ. ജോലിയെടുത്തിരുന്ന കമ്പനി പൊളിഞ്ഞു. നാലപ്പത്തഞ്ചാം വയസിൽ, നഷ്ടപരിഹാരമായി കിട്ടിയ പണം ബാങ്കിലിട്ട് സ്വസ്ഥമായി ഇരിക്കാൻ തീർച്ചയാക്കി. പിന്നീട് വീട്ടിലിരുന്ന് മടുത്തപ്പോൾ ഒരു പാർട്ട് ടൈം ജോലി സ്വീകരിച്ചു. രാവിലെ പത്തു മുതൽ ഒരു മണിവരെ. അതുകഴിഞ്ഞാൽ വീണ്ടും വിരസത. ഉച്ചയുറക്കം കഴിഞ്ഞ് മൂന്നരയ്ക്ക് എഴുന്നേറ്റാൽ ശൈലജ കൊണ്ടുവരുന്ന ചായ ഒറ്റയ്ക്കിരുന്ന് കുടിക്കും. വീണ്ടും വിരസത തന്നെ.
അങ്ങിനെയുള്ള ഒരു അപരാഹ്നത്തിൽ ശൈലജ പറഞ്ഞു.
'ഞാനിപ്പോ വരാം.'
എങ്ങോട്ടാണ് പോകുന്നത്?
'താഴേക്ക്. നിങ്ങൾക്കു പറ്റിയ ഒരു മരുന്നുണ്ട് അവിടെ.'
അവൾ പോയ്ക്കഴിഞ്ഞു. താഴെയുള്ള ഫ്‌ളാറ്റിൽ പുതുതായി താമസിക്കാൻ വന്ന ഒരു കുടുംബമാണ്. ഒരു മാസമേ ആയിട്ടുള്ളു. ശൈലജ പോയി പരിചയപ്പെട്ടുവെങ്കിലും മോഹനൻ പോയില്ല. സൗഹൃദ സന്ദർശനങ്ങൾ അയാൾ നിർത്തിയിരുന്നു.
പത്തുമിനിറ്റ് കഴിഞ്ഞ് വാതിൽ കടന്നു വന്ന ശൈലജയുടെ കയ്യിൽ ഏകദേശം രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ്. അയാൾ ചോദ്യത്തോടെ ശൈലജയെ നോക്കി. 'താഴത്തെ വീട്ടുകാരുടേതാണ്.'
'ആവു സമാധാനമായി.' അയാൾ പറഞ്ഞു. 'ഉടമസ്ഥരുണ്ടല്ലോ.'
അതൊരു സുന്ദരിയായിരുന്നു. നിറയെ തലമുടി. കണ്ണെഴുതിയിട്ടുണ്ട്. കാതുകുത്തി രണ്ടു കൊച്ചു കമ്മലുകളിട്ടിട്ടുണ്ട്. നേരിയ കൈവിരലുകളും കാൽവിരലുകളും. അയാൾ എടുക്കാൻ കൈ കാണിച്ചു. അവൾ അയാളെ കണ്ണിമയ്ക്കാതെ നോക്കി. കാലദേശാന്തരങ്ങളിലെവിടേയോ നഷ്ടപ്പെട്ടുപോയ ഒരു ജന്മത്തിലെ പരിചയം അവളുടെ മനസിൽ എത്തിയിരിക്കണം. അവൾ ചിരിച്ചു. ഒരു നിമിഷനേരത്തേക്കു മാത്രം. ആ ചിരി അവളും അയാളും തമ്മിലുള്ള ഒരു കരാറായി.
അമ്മുവിന്റെ ഓമനമുഖത്ത് നോക്കി നിന്നപ്പോൾ അയാൾ ആ രംഗം വീണ്ടും ഓർത്തു. അതിൽപിന്നെ ആ കൊച്ചുസുന്ദരിയെ കാത്തുനിൽക്കുകയെന്ന കർമ്മത്തിൽ അയാൾ സ്വന്തം വിരസത, ഏകാന്തത മറന്നു. ആദ്യമെല്ലാം അവളെ പതിനഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചുകൊണ്ടാക്കുമായിരുന്നു. അത് അരമണിക്കൂറായി, ഒരു മണിക്കൂറായി. ഇപ്പോൾ അവളുടെ ജീവിതം പകൽ സമയങ്ങളിൽ അങ്കിളിന്റേയും ആന്ററിയുടെയും അടുത്തും രാത്രി താഴെ അമ്മയുടെയും അച്ഛന്റെയും അടുത്തും. അവളുടെ ആറുവയസ്സുള്ള കൊച്ചു ചേച്ചിക്ക് ഇതിൽ ആക്ഷേപമുണ്ടായിരുന്നു. അവൾ സ്‌കൂൾ വിട്ടുവന്നാൽ കൊച്ചനുജത്തിയെ കാണില്ല. പിന്നീട് അവളും അതൊരു യാഥാർത്ഥ്യമായി അംഗീകരിച്ചു. അവൾക്കു കാണണമെന്നു തോന്നിയാൽ മുകളിലേക്കു വന്ന് അനുജത്തിയുമായി കളിക്കും.
കളിച്ചുകൊണ്ടിരിക്കെ ഇടയ്ക്ക് മോൾ ഓടിവരും. അങ്കിളിന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് ചേച്ചി ഇരിക്കുന്നിടത്തേക്ക് കൊണ്ടുപോകും. എന്നിട്ട് പറയും.
'മ്പാ, കൊക്ക്.'
'എന്തിനാ മോളെ ചേച്ചിയെ അടിക്കുന്നത്?'
'ചേച്ചി മ്പാ അച്ചു.'
'അയ്യോ കള്ളി....' ചേച്ചി കയർക്കും. 'ഞാൻ ഒന്നും ചെയ്തിട്ടില്ല.'
'സാരമില്ല.' അങ്കിൾ പറയും. അയാൾ കുഞ്ഞിച്ചേച്ചിയുടെ പുറത്ത് സ്വന്തം കൈ വച്ച് അതിന്മേൽ ശബ്ദമുണ്ടാക്കി അടിക്കും. അമ്മുവിന് സമാധാനമാകും. കളി തുടരുകയും ചെയ്യും. ആദ്യത്തെ പ്രാവശ്യം അങ്ങിനെ അടിച്ചപ്പോൾ കുഞ്ഞിച്ചേച്ചിക്കും സങ്കടമായി. പിന്നീട് അത് അനുജത്തിയെ സമാധാനിപ്പിക്കാനുള്ള അടവാണെന്നു മനസ്സിലായപ്പോൾ അവളും ആ ഗൂഢാലോചനയിൽ പങ്കു കൊണ്ടു.
ചേച്ചിയെ അടിക്കാൻ സാധാരണ മട്ടിൽ അവൾ സമ്മതിക്കില്ല. തന്നെ അടിക്കുന്നതിനു ശിക്ഷയായിട്ടു മാത്രമെ ചേച്ചിയെ അടിക്കാവു. അല്ലാത്തപക്ഷം അവൾക്ക് സങ്കടം വരും, പൊട്ടിപ്പൊട്ടിക്കരയുകയും ചെയ്യും. ചിലപ്പോൾ താഴെ നിലയിൽ നിന്ന് അമ്മുവിന്റെ കരച്ചിൽ കേട്ട് ശൈലജ പോയി നോക്കുമ്പോഴാണ് മനസിലാവുക, ചേച്ചിക്ക് അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടിയതു കാരണമാണ് അവൾ കരയുന്നതെന്ന്.
'എനിക്കും സങ്കടം വരുന്നുണ്ട്.' ശൈലജ പറയും. 'എന്തുറക്കെയാണെന്നോ അവൾ സിന്ധുവിനെ തല്ലുക.'
'എന്തിനാണവർ തല്ലുന്നത്?'
'പഠിപ്പിക്കലാണ്.' ശൈലജ രോഷത്തോടെ പറയും. 'പാവം അതിന്റെ യോഗം. സ്‌കൂൾ വിട്ടു വന്നാൽ ട്യൂഷൻ. അതുകഴിഞ്ഞാൽ അമ്മയുടെ വക പഠിപ്പിക്കൽ, ശിക്ഷയും.'
'നിനക്കൊന്ന് പറഞ്ഞു നോക്കായിരുന്നില്ലെ?'
'ഞാൻ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. നിങ്ങൾക്കറിയാഞ്ഞിട്ടാ അതിന്റെ കുറുമ്പ് എന്നാണ് പറയുക.'
'പാവം കുട്ടി.'
കരച്ചിൽ സമാധാനിപ്പിക്കാൻ മുകളിലേക്ക് കൊണ്ടുവരുന്ന അമ്മുവിനോട് അയാൾ ചോദിക്കും.
'എന്തിനാ മോള് കരയണത്?'
'അമ്മ ചേച്ചി മ്പാ അച്ചു.'
അവൾ തേങ്ങലിന്നിടയിൽ പറഞ്ഞു.
'സാരമില്ല.' മോഹനൻ പറയും. 'നമുക്ക് അമ്മയെ മ്പാ അടിക്കണം.'
അവൾക്ക് സമാധാനമായി. അയാൾ ചോദിക്കും.
'നമുക്ക് കളിക്യാ.'
അവളുടെ കരച്ചിൽ പെട്ടെന്ന് മാഞ്ഞു പോകുന്നു. എന്തുകളി എന്നുവരെ അവൾ തീർച്ചയാക്കിയിരിക്കുന്നു. അപ്പോഴാണ് താൻ വിഡ്ഢിത്തം പറഞ്ഞുവെന്ന് അയാൾക്ക് മനസിലായത്. രാജീവ് ചേട്ടൻ സ്‌നേഹിതനുമൊത്ത് ചതുരംഗം കളിക്കുന്നത് അവൾ കണ്ടു കഴിഞ്ഞു. അവൾ രാജീവിന്റെ മുറിയിലേക്ക് പോയി.
'അമ്മൂന് കളിക്കണം.'
നീ പോ. അവൻ അവളെ തട്ടിമാറ്റി. ഇത് കുട്ടികൾക്ക് കളിക്കേണ്ട കളിയൊന്നുല്ല.
അമ്മു കരഞ്ഞുകൊണ്ട് ഓടി വന്നു.
'എന്തു പറ്റി മോളേ?'
'പോ പഞ്ഞു.'
'വേണ്ടാ ട്ടോ ചേട്ടാ.' അയാൾ പറഞ്ഞു. 'മോളെ നമുക്ക് കളിക്കാം.'
അയാൾ ഒരു പഴയ ചെസ്‌ബോർഡെടുത്ത് കട്ടിലിന്നരികിൽ താഴെ ഇരുന്നു. മുകളിൽ ചേട്ടന്മാർ വെട്ടിയിട്ട കരുക്കൾ എടുത്ത് നിരത്തി. തകർപ്പൻ കളി തുടങ്ങി. അത്ഭുതകരമായ കളി. അതിന്റെ നിയമങ്ങൾ വശത്താക്കാൻ അയാൾക്ക് കുറച്ചു സമയം വേണ്ടി വന്നു. പിന്നെ എളുപ്പമായിരുന്നു. കാലാൾപട മുന്നേറി. കുതിരകൾ കടിഞ്ഞാണില്ലാതെ കുതിച്ചു. ബിഷപ്പുമാർ തോന്നിയ ദിശകളിൽ ഓടിരക്ഷപ്പെട്ടു. തേര് കളരിക്കകത്തും പുറത്തും നിയന്ത്രണമില്ലാതെ സഞ്ചരിച്ചു. വെട്ടിയിട്ട കബന്ധങ്ങൾ പുനർജീവിക്കുകയും കളരിക്കുള്ളിൽ അവയുടെ മാന്യസ്ഥാനങ്ങൾ കണ്ടുപിടിക്കയും ചെയ്തു.
പെട്ടെന്ന് കളിയിൽ ഒരു പ്രതിസന്ധി നേരിട്ടു. കരുക്കളെല്ലാം അമ്മുവിന്റെ കയ്യിലായി. അതു വിട്ടുതരാൻ അവൾ തയ്യാറായില്ല. യുദ്ധഭൂമി ശൂന്യം. ഭയാനകമായ നിശ്ശബ്ദത. അയാൾ മുകളിൽ ചേട്ടന്മാർ വെട്ടിയിടുന്ന കരുക്കൾക്കായി തപ്പി. ഒന്നുമില്ല. മറ്റുള്ളവർ വെട്ടിയിടുന്ന കരുക്കൾ കൊണ്ട് കളിക്കുന്നത് തീരെ ആശാവഹമായിരുന്നില്ല.
ഒരു ബഹളം കേട്ട് നോക്കിയപ്പോൾ ആകെ കുഴപ്പമായിരിക്കുന്നു. കൈയിൽ കിട്ടിയ കരുക്കൾ പോരാഞ്ഞിട്ട് അമ്മു കട്ടിലിന്മേൽ പൊത്തിപ്പിടിച്ചു കയറി ചേട്ടന്മാർ കളിക്കുന്ന കരുക്കളെല്ലാം വാരിയെടുത്തു.
രണ്ടു മിനിറ്റ് നേരത്തെ യുദ്ധത്തിനുശേഷം ചേട്ടന്മാർ തോറ്റ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. ഒരു കൂസലുമില്ലാതെ അമ്മു എല്ലാ കരുക്കളും എടുത്ത് അയാളുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു.
'കളിക്ക്യാ.'
വീണ്ടും വിചിത്രമായ കളി. കരുക്കൾ എടുത്തു പെരുമാറുന്ന ഒരു കുഞ്ഞിക്കൈ നോക്കിയിരിക്കെ അയാൾ സ്വയം മറന്നു.
വൈകുന്നേരങ്ങളിൽ രാജീവ് ചേട്ടൻ സ്‌നേഹിതന്മാരോടൊപ്പം പുറത്തുപോയാൽ അവൾ പറയും.
'ആന്റി ഉടുപ്പ് ഊര്?'
'എന്തിനാ മോളെ?'
'ആച്ചു കുച്ചണം.'
അതാണ് സംഗതി. രാജീവ് ചേട്ടന്റെ കുളിമുറിയിൽ അവൾക്ക് കുളിക്കണം. ചേട്ടൻ ഉള്ളപ്പോൾ സമ്മതിക്കില്ലെ എന്ന് അവൾക്ക് സംശയം. അതാണ് ചേട്ടൻ പുറത്തിറങ്ങാൻ കാത്തുനിന്നത്. അങ്ക്ൾ ചുടു വെള്ളമുണ്ടാക്കിക്കൊടുക്കും. ഇനി അരമണിക്കൂർ നേരത്തേക്ക് ബഹളമാണ്. കുളിമുറിയുടെ തുറന്നിട്ട വാതിലിനു മുമ്പിൽ അങ്ക്ൾ കാത്തുനിൽക്കും. മുഖത്തൊഴികെ എവിടെ സോപ്പ് തേപ്പിച്ചാലും കുഴപ്പമില്ല. ആന്റി ഓരോ സൂത്രം പറഞ്ഞ് മുഖത്ത് സോപ്പ് തേപ്പിക്കുന്നു. പെട്ടെന്നു തന്നെ വെള്ളമെടുത്ത് കഴുകിക്കളയുകയും ചെയ്യുന്നു. തുടങ്ങാൻ ഉദ്ദേശിച്ച കരച്ചിൽ വേണ്ടെന്നു വെക്കുന്നു. ആദ്യത്തെ രണ്ടുപാത്രം വെള്ളം മാത്രമെ ആന്റിക്ക് ഒഴിക്കാൻ പറ്റു. അപ്പോഴേയ്ക്ക് അമ്മു പാത്രം തട്ടിപ്പറിച്ച് സ്വന്തം ഒഴിക്കാൻ തുടങ്ങും. ഒപ്പം തുള്ളിച്ചാടുകയും ചെയ്യും. ഇടയ്ക്ക് പ്രതീക്ഷിക്കാതിരിക്കുന്ന ശൈലജയുടെ മേലും ഒരു പാത്രം വെള്ളമൊഴിക്കും. ശൈലജ തുള്ളിച്ചാടുമ്പോൾ അവൾ കുടുകുടാ ചിരിക്കും. ബക്കറ്റിലെ അവസാനത്തെ തുള്ളി വെള്ളം ആന്റി പാത്രത്തിലേക്കൊഴിച്ചു കൊടുത്തതു കൂടി മേലൊഴിച്ചു കഴിഞ്ഞാൽ അവൾ അങ്ക്‌ളിന്റെ അടുത്തേയ്ക്ക് ഓടി വരുന്നു, തോർത്തിക്കാൻ.
അങ്ങിനെയിരിക്കെ അമ്മു ചീത്ത മൂഡിലായത് മോഹനൻ ശ്രദ്ധിച്ചു. മുഖത്ത് സന്തോഷമുള്ള സന്ദർഭങ്ങൾ വിരളമായി. രാജീവ് ചേട്ടനില്ലാത്ത അവസരങ്ങളിൽ ചേട്ടന്റെ കുളിമുറിയിൽ ചേട്ടന്റെ സോപ്പുപയോഗിച്ചുള്ള കുളിപോലും അവളെ സന്തോഷിപ്പിച്ചതായി കണ്ടില്ല. പലപ്പോഴും അവൾ എന്തോ ആലോചിച്ചുകൊണ്ട് നിൽക്കും, കാരണമില്ലാതെ കരയുകയും ചെയ്യും. അയാൾ ശൈലജയോട് ചോദിച്ചു.
'ഇവൾക്ക് എന്തു പറ്റി?'
താഴെ നിന്ന് കരച്ചിൽ കേൾക്കുന്നത് ഒരു നിത്യസംഭവമായിരിക്കുന്നു. ആദ്യം ചേച്ചിയുടെ കരച്ചിൽ, അതു കഴിഞ്ഞാൽ അമ്മുവിന്റെ. ഒപ്പം അവരുടെ അമ്മയുടെ ശകാരവും.
'എന്താണിതിന്റെയൊക്കെ അർത്ഥം?'
'പരീക്ഷ അടുത്ത കാര്യം അറിയില്ല അല്ലെ?' ശൈലജ പറഞ്ഞു. 'പഠിപ്പിക്കുന്ന ബഹളമാണീ കേൾക്കുന്നത്.'
'അതിന് അമ്മു എന്തിനാണ് കരയുന്നത്?'
'ചേച്ചിയെ അടിക്കുന്നത് അവൾക്കിഷ്ടമല്ല. ചേച്ചീനെ മ്പാ അച്ചു എന്ന് പറഞ്ഞ് അവളും കരയും. ചേച്ചിയെ അടിയിൽ നിന്ന് രക്ഷിക്കാൻ അവൾ മറഞ്ഞു നിൽക്കും. പാവം അവൾക്കും കിട്ടും അടി.'
'കഷ്ടം തന്നെ!'
അയാൾ ഇരുന്നു പുകയും. തനിക്കിതിൽ ഒന്നും ചെയ്യാനില്ലെന്നത് അയാളെ രോഷം കൊള്ളിക്കും.
താഴെ കരച്ചിലും ഓട്ടവും ശകാരങ്ങളും നടക്കുമ്പോൾ അയാൾ ഒരു മുറിയിൽ നിന്ന് വേറൊരു മുറിയിലേക്ക് രോഷം പൂണ്ട് പല്ലിറുമ്മിക്കൊണ്ട് നടക്കും. അമ്മുവിന്റെ കഥകൾ ദുഃഖപര്യവസായിയാകുന്നത് അയാൾ കണ്ടു. കിടക്കമേലിട്ട വിരിയിലെ ചിത്രത്തിൽ ചാഞ്ഞുകിടന്ന് അപ്പോഴേക്കും അവൾ കഥ പറഞ്ഞു.
'ചേച്ചി മുട്ടപ്പാപ്പം ......... കോയി ഖോ.........' അപ്പോഴേക്കും അവളുടെ മുഖഭാവം മാറും. കണ്ണിൽ വെള്ളം നിറയും. കഥയുടെ ഗതി മാറും. 'ചേച്ചീനെ അമ്മ മ്പാ അച്ചു. ചേച്ചിക്ക് ഉവ്വായി.....'
പിന്നെ പൊട്ടിക്കരച്ചിൽ. കഥയുടെ പുതിയ അനുബന്ധം, പുതിയ പരിണാമം വളരെ ഹൃദയസ്പർക്കായിരുന്നു. അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. പരാജയമടയുകയും ചെയ്യും. കുഞ്ഞിക്കിളികൾ അവളെ പേടിപ്പിച്ചില്ല, സന്തോഷിപ്പിച്ചതുമില്ല. ചതുരംഗക്കരുക്കൾ അവൾ താത്പര്യമില്ലാതെ മാറ്റിവച്ചു.
ഒരു ദിവസം ചുവട്ടിൽനിന്ന് വല്ലാത്ത ബഹളം കേട്ടപ്പോൾ അയാൾ ശൈലജയോടു പറഞ്ഞു.
'ഒന്നു പോയി നോക്കു. മോളെ എടുത്തു കൊണ്ടുവരൂ.'
ശൈലജ പോയി, താഴെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ കുട്ടികളുടെ കരച്ചിൽ ഉറക്കെ കേട്ടു. പിന്നെ ശൈലജയുടെ കാലൊച്ചയോടൊപ്പം അമ്മുവിന്റെ തേങ്ങലും.
അങ്കിളിനെ കണ്ടപ്പോൾ അവൾക്ക് സങ്കടം കൂടി. അവൾ എടുക്കാനായി അയാളുടെ നേരെ ചായ്ഞ്ഞു.
'അവളുടെ കൈയ്യിലെ പാടുകണ്ടോ?' ശൈലജ ചോദിച്ചു.
അയാൾ നോക്കി. മേൽക്കയ്യിന്മേൽ തണർത്ത പാടുകൾ. നാലു വിരലിന്റെ പാടുകൾ, ചുവന്നിരിക്കുന്നു.
ആ പാടിൽ മെല്ലെ തലോടിക്കൊണ്ട് അയാൾ ചോദിച്ചു.
'മോളെ അമ്മ തല്ലിയോ?'
പക്ഷെ അവളുടെ പ്രതികരണം അയാളെ അത്ഭുതപ്പെടുത്തി. അവൾക്കു വേദനിക്കുന്നുണ്ടായിരിക്കണം, തലോടിക്കൊണ്ടിരുന്ന കൈ പതുക്കെ മാറ്റി അവൾ വീണ്ടും കരയാൻ തുടങ്ങി.
'അമ്മ അച്ചു, ചേച്ചീനെ മ്പാ അടിച്ചു.'
അവളെ അടിച്ചതിന് പരാതിയില്ല. പാവം ചേച്ചിയെ അടിച്ചതിനാണ് അവളുടെ സങ്കടം. അയാൾ ആ കൊച്ചു സുന്ദരിയെ മാറോടു ചേർത്തു, പീഡനങ്ങളിൽനിന്ന് രക്ഷിക്കാനെന്നപോലെ. അവളുടെ കണ്ണുകളിൽ അപ്പോഴും ഭീതിയും നിസ്സഹായതയുമുണ്ടായിരുന്നു.
ആ കണ്ണുകളിൽ നോക്കിയിരിക്കെ നിസ്സഹായതയിൽ വലയുന്ന സ്വന്തം ആത്മാവിന്റെ തേങ്ങലുകൾ അയാൾ അറിഞ്ഞു.