'ഇന്നലെ രാത്രി ദിനോസറിന്റെ കുട്ടി വീണ്ടും വന്നു.' രാജീവൻ പറഞ്ഞു. 'അത് ജനലിക്കൂടെ കൊറെ നേരം എന്നെ നോക്കി.'
പ്രാതൽ സമയം രാജീവന്റെ കഥകളുടെ സമയമാണ്. സ്വപ്‌നങ്ങളുടെ കഥകൾ. വെയിൽ ജനലഴികളിലൂടെ മേശമേൽ പതിക്കുമ്പോൾ അവൻ സ്വപ്‌നങ്ങളുടെ വിശദാംശങ്ങൾ ഓർക്കുന്നു. പിന്നെ കഥകൾ ഓരോന്നോരോന്നായി പുറത്തു വരുന്നു. മോഹനൻ കേൾക്കാൻ ബാദ്ധ്യസ്ഥനാണ്, കാരണം ഒരേ ഒരു അനുവാചകനേയുള്ള. ശൈലജ അടുക്കളയിൽ ദോശയുണ്ടാക്കുന്ന തിരക്കിലാണ്.
'ഞാനൊറങ്ങ്വായിരുന്നു.' അവൻ തുടർന്നു. 'ദിനോസറിന്റെ കുട്ടി കൊറേ നേരം എന്നെ നോക്കിനിന്നു. അതിന് എന്നെ നല്ല ഇഷ്ടായി. അത് ജനലിന്റെ അഴീക്കൂടെ നാവിട്ട് എന്നെ നക്കി. നല്ല മയണ്ടായിരുന്നു അതിന്റെ നാവിന്. മുഖം എന്തു ഭംഗിയാണെന്നോ. ഒരു നായ്ക്കുട്ടിടെപോലെ.'
ഇതു രണ്ടാം ദിവസമാണ്. ആദ്യത്തെ ദിവസം അതായത് മിനിഞ്ഞാന്ന്, അതു വന്ന് രണ്ടാംനിലയിലെ ജനലിലൂടെ രാജീവൻ കിടക്കുന്നത് നോക്കി. പിൻകാലിൽ നിന്നുകൊണ്ടാണ് നോക്കിയത്. കുറിയ മുൻകാലുകൾ പുറത്തെ ചുമരിൽ അമർത്തിപ്പിടിച്ചുവെന്നാണ് അവൻ പറയുന്നത്. ഇരുപതടി ഉയരമുണ്ട്. പക്ഷേ, അതൊരു കുട്ടി ദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവന് അതിനെ ഉമ്മവെയ്ക്കാൻ തോന്നി. പക്ഷേ വെച്ചില്ല. അറിയില്ലല്ലോ അതിന് ഉമ്മ ഇഷ്ടമാവുമോ എന്ന്.
ഇത് പുതിയൊരു സീരിസ്സിന്റെ തുടക്കമാണ്. സ്വപ്‌നങ്ങളിൽ വന്ന് അവനെ സ്‌നേഹിച്ചിട്ടുള്ള, ഉപദ്രവിച്ചിട്ടുള്ള മൃഗങ്ങൾ കുറച്ചൊന്നുമല്ല. അവയിൽ പൂച്ച മുതൽ ആന വരെയുള്ള മൃഗങ്ങളുണ്ട്. പക്ഷേ ഇത്രയും വലുപ്പമുള്ള ഒരു മൃഗം, അതാദ്യമായാണ്. കഥാപാത്രങ്ങളുടെ വലുപ്പം കൂടുംതോറും കഥയും ദീർഘിക്കുന്നു. അവ കൂടുതൽ ദിവസങ്ങൾ നിൽക്കുന്നു.
'നീയെന്താണ് ദോശ കഴിക്കാത്തത്?' ശൈലജ ചോദിക്കുന്നു. അവന് മറുപടിയില്ല. അവൻ അപ്പോഴും വർണ്ണിക്കുകയാണ്.
'അതിന്റെ പിൻകാലുകൾക്ക് നല്ല വണ്ണണ്ട്. മുൻകാലുകള് ചെറീതാണ്. അതും തൂക്കിയിട്ട് അത് നില്ക്ക്വായിരുന്നു. പാവം അതിന് വെശന്നിട്ടായിരിക്കും. ഡാഡി, ദിനോസറുകള് എന്താണ് തിന്നുക?'
ദിനോസറുകളുടെ ഭക്ഷണം എന്താണെന്നയാൾക്കറിയില്ല. പുല്ലാണോ? പത്തു കോടി വർഷങ്ങൾക്കു മുമ്പ് ഭൂതലത്തിൽ പുല്ലുകളുണ്ടായിരുന്നോ? അറിയില്ല.
'നീ നിന്റെ ദോശ തിന്നുന്നുണ്ടോ?' അയാൾ ചോദിച്ചു. 'ഓട്ടോറിക്ഷ ഇപ്പാൾ വരും. അപ്പോൾ ഓടാനും ചാടാനും നിൽക്കണ്ട.'
അവന്റെ സ്വപ്‌നാടനം തകർന്നു. അവൻ ധൃതിയിൽ ദോശ വിഴുങ്ങാൻ തുടങ്ങി.
'മമ്മീ, എന്റെ ബ്ലൂ സോക്‌സ് കണ്ടുവോ? ഇന്നലെ ബ്ലാക് സോക്‌സിട്ടു പോയപ്പോൾ പോൾസാറ് പനിഷ് ചെയ്യുംന്ന് പറഞ്ഞു. എന്റെ ലഞ്ച് ബോക്‌സ് തരൂ.'
'ലഞ്ച് ബോക്‌സ് എവിടെ? വൈകുന്നേരം വന്നാൽ കഴുകാൻ തരണമെന്ന് ഞാൻ എന്നും പറയാറില്ലേ?..... ഇങ്ങട്ടു തരൂ വേഗം. ഇതാ ഇതിൽ രണ്ടിഡ്ഡലി ബാക്കി വെച്ചിട്ടുണ്ടല്ലോ. എന്താ മുഴുവൻ കഴിക്കാതിരുന്നത്?'
ഇനി ബഹളമാണ്. എട്ടര മണിക്ക് ഓട്ടോ വരുന്നവരെ രാജീവൻ ശൈലജയെ ഇട്ടു വട്ടംകറക്കുന്നു. ഓട്ടോ പോയിക്കഴിഞ്ഞാൽ അവൾ തളർന്ന് ഒരു കസേരയിൽ വീഴുന്നു.
'ആവൂ ഒരുത്തനെക്കൊണ്ടുള്ള പരാക്രമാണിത്. ഇക്കണക്കിൽ ഒരു നാലെണ്ണമുണ്ടായാൽ എന്തായിരിക്കും സ്ഥിതി?'
'ഒന്നു മിണ്ടാതിരിക്കു.' മോഹനൻ പറയുന്നു. 'ഇവിടെ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനുണ്ട്. ഉദാഹരണമായി ദിനോസറിന്റെ ഭക്ഷണരീതി. വൈകുന്നേരം രാജീവൻ വരുമ്പോഴേയ്ക്കും അതു കണ്ടുപിടിച്ചു വെക്കണം. ഇന്ന് രാത്രി അവന് ഒരു ദിനോസറിന്റെ കുട്ടിക്ക് ഭക്ഷണം കൊ ടുക്കേണ്ടതുണ്ട്. പിന്നെ എനിക്ക് എന്റേതായിട്ടുള്ള ചെറിയ കാര്യങ്ങളുമുണ്ട്. ഒന്നാമത്തേത് അമ്പതിനായിരം ഉറുപ്പികയുടെ ബാറ്ററി എലിമിനേറ്റർ പെട്ടെന്ന് വിൽക്കേണ്ടതുണ്ട്.'
ദില്ലിയിൽനിന്നു വന്ന സേയിൽസ്മാൻ സംസാരിച്ച് തന്നെ വീഴ്ത്തിയതാണ്. കേരളത്തിൽ രണ്ടു ജില്ലകളിൽനിന്നു മാത്രമായി അയാൾക്കു കിട്ടിയ ഓർഡറുകൾ കാണിച്ചുതന്നു. നാൽപതിനായിരത്തിലധികമുണ്ട്. മോഹനൻ അതിൽ വീണു. ആ കമ്പനിയുമായി ഒരു സോൾ സെല്ലിങ് എജൻസിയിൽ ഏർപ്പെടുകയും ചെയ്തു. വളരെ ആകർഷകമായ കണ്ടീഷൻസ് ആണ്. ആദ്യത്തെ കൺസൈൻമെന്റ് അമ്പതിനായിരത്തിന്റെതിനായിരിക്കും. പിന്നെ മാസംതോറും അവർ പതിനായിരത്തിന്റെ കൺസൈൻമെന്റ്അയച്ചുതരും. ഇതു വളരെ ഡിമാന്റുള്ള ഒരു ഐറ്റമാണ്.
ഇപ്പോൾ ഇതാ താൻ അമ്പതിനായിരത്തിന്റെ സ്റ്റോക്കും ചുമലിലേറ്റി പീടികകളുടെ പടി കയറിയിറങ്ങുന്നു.
'ബാറ്ററി എലിമിനേറ്ററോ. അയ്യോ ഇവിടെ ധാരാളം സ്റ്റോക്കുണ്ടല്ലൊ. ഇതൊക്കെ വല്ലപ്പോഴും ഒന്നുരണ്ടെണ്ണം പോയെങ്കിലായി. നിങ്ങളുടെ കയ്യിൽ ട്രാൻസ്‌ഫോമറുകളുണ്ടോ? അതിനു നല്ല ഡിമാന്റാ.'
അങ്ങനെ പോകുന്നു. ഒന്നുകിൽ താൻ വളരെ മോശപ്പെട്ട സെയിൽസ്മാനായിരിക്കുന്നു. അല്ലെങ്കിൽ താൻ വിൽക്കുന്ന സാധനം തീരെ ആവശ്യക്കാരില്ലാത്ത ഒന്നായിരിക്കണം. എന്തായാലും ഇപ്പോൾ പണം കടം തന്നവർ, ബാങ്കടക്കം ഓരോന്നായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. പണം തിരിച്ചു കൊടുക്കേണ്ട അവധി എന്നേ കഴിഞ്ഞുപോയിരിക്കുന്നു.
പിന്നത്തെ പ്രശ്‌നം താമസസ്ഥലത്തിന്റേതാണ്. ടൗണിൽ ഒരു ചെറിയ വീട് വാടകയ്ക്ക് കിട്ടിയിട്ടുണ്ട്. അയ്യായിരം ഉറുപ്പിക ഡിപ്പോസിറ്റ് കൊടുക്കണം. വാടക ഇപ്പോഴുള്ളതു തന്നെയാണ്. യാത്ര കുറയ്ക്കാമെന്നു മാത്രം. അതുപക്ഷേ നല്ലൊരു കാര്യമാണ്. വീട്ടുടമസ്ഥന് നോട്ടീസ് കൊടുത്തു കഴിഞ്ഞു. അയാൾ ഡിപ്പോസിറ്റ് സംഖ്യ തന്നാലെ പുതിയ സ്ഥലത്ത് ഡിപ്പോസിറ്റ് കൊടുക്കാൻ പറ്റൂ.
'ഞാൻ ചായ കുടിക്കട്ടെ.' ശൈലജ പറഞ്ഞു.
ചായ കുടിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു. 'ഒന്നിലധികം പ്രശ്നങ്ങളുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നറിയുമോ? എന്റെ മുത്തച്ഛൻ പറയാറുണ്ട്. ആദ്യമായി പ്രശ്നങ്ങളെ പ്രാധാന്യമനുസരിച്ച് ക്രമത്തിൽ വെക്കുക. പിന്നീട് ഏറ്റവും പ്രധാനപ്പെട്ടത് ഉടനെ ചെയ്യാൻ തുടങ്ങുക. പിന്നെ അടുത്ത പ്രാധാന്യമുള്ളത് ചെയ്യുക. അങ്ങനെ, അങ്ങനെ. അതു വളരെ എളുപ്പമാണ്. നോക്കൂ, ആ ദോശ ഒന്ന് എടുത്തു കൊണ്ടുവരാമോ? ഒരു ദോശ പരത്തുകയും വേണം.'
അയാൾ എഴുന്നേറ്റ് ദോശ എടുത്തു കൊണ്ടുവന്നു.
'എന്തൊക്കെ അത്ഭുതസിദ്ധികളുള്ള മനുഷ്യനാണ് ഞാൻ! ഇവിടെ ഇതാ ഭാര്യയ്ക്ക് ദോശയുണ്ടാക്കി സമയം കളയുന്നു. നിന്റെ മുത്തച്ഛന് ഇത്തരം വിഷമങ്ങളൊന്നും ഉണ്ടായിരിക്കാനിടയില്ല.'
'ഇല്ല. മുത്തച്ഛൻ കാലത്ത് കഞ്ഞിയാണ് കുടിക്കാറ്. പിന്നെ അമ്മമ്മയുടെ കല്യാണം കഴിയാത്ത രണ്ടനുജത്തിമാർ ഒപ്പം താമസിച്ചിരുന്നു. അവർ മത്സരിച്ച് മുത്തച്ഛന് കഞ്ഞിയും തേങ്ങാസമ്മന്തിയും ഉണ്ടാക്കി കൊടുത്തിരുന്നു.'
'ആട്ടെ കുട്ടിയുടെ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതേതാണ്?'
'ദിനോസറിന്റെ ഭക്ഷണം.'
'ഏതിന്റെ ഭക്ഷണം?'
'ദിനോസറിന്റെ. ഒരു കുട്ടിദിനോസറിന്റെ. ഇത് രാജീവിന്റെ ഏറ്റവും പുതിയ ഡ്രീം സീരീസ്സിലുള്ളതാണ്. അവന്റെ ഓരോ സീരീസ്സ് കഴിയുമ്പോഴും ഞാൻ ആ വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കും. ഇതാണ് അതിലേക്കുവെച്ച് ഏറ്റവും പുതിയതും വിഷമം പിടിച്ചതും. ഗവേഷണത്തിന് എവിടെപ്പോകണമെന്നറിയില്ല.'
'കാഴ്ചബംഗ്ലാവിൽ പോയാൽ പോരെ? അവർ എന്താണ് കൊടുക്കാറ് എന്നന്വേഷിച്ചാൽ മതി.'
മോഹനൻ ഒന്നും പറഞ്ഞില്ല. ഒന്നുകിൽ അവൾക്ക് തെറ്റു പറ്റിയതായിരിക്കണം. ദിനോസറിനെ റിനോസറസ്സായി കരുതിയിരിക്കണം. അല്ലെങ്കിൽ ദിനോസറിനെപ്പറ്റി അവൾ കേട്ടിട്ടുണ്ടാവില്ല. രാജീവൻ ഇല്ലാത്തത് അവൾക്കു നന്നായി. അവൻ ഉണ്ടായിരുന്നെങ്കിൽ ചിരിച്ചു ചിരിച്ച് തല കുത്തി മറിയുമായിരുന്നു.
അവൻ ഒരു മെയ്ൽ ഷോവനിസ്റ്റായി വളരുന്നുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണതുണ്ടായത്. അയാൾ കുളിമുറിയിൽ കയറി മൂത്രമൊഴിക്കുകയായിരുന്നു. മുകളിൽ ഞങ്ങളുടെ മുറിയ്ക്കും രാജീവിന്റെ മുറിയ്ക്കും കൂടിയുള്ള കുളിമുറിയാണത്. രാജീവിന്റെ കിടക്ക വിരിച്ച് ശൈലജ കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് എന്നെയാണ്. അവൾ വേഗം പുറത്തു കടന്ന് വാതിലടച്ചു. രാജീവൻ അതു കണ്ടു. ഞാൻ മൂത്രമൊഴിക്കുകയായിരുന്നെന്ന് അവനറിയാമായിരുന്നു. അവൻ മമ്മിയുടെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു. മമ്മി കുളിമുറിയിൽ കടന്നതും ഉടനെ പുറത്തു ചാടി കടന്നതും അവൻ കണ്ടു.
അവൻ ചിരിക്കാൻ തുടങ്ങി. കട്ടിലിൽ തലകുത്തിമറിഞ്ഞ് ചിരിക്കുകയായിരുന്നു അവൻ.
പിന്നെ കിടക്കുന്നതിനുമുമ്പ് വീണ്ടും കുളിമുറിയിലേക്കു പോയപ്പോൾ അവനും കൂടെ വന്നു, സ്വകാര്യമായി ചോദിച്ചു.
'മമ്മി കണ്ടുവോ?'
അയാളും സ്വകാര്യമായി പറഞ്ഞു. 'ഇല്ല.'
'ഭാഗ്യായി അല്ലെ? കണ്ടിരുന്നെങ്കിൽ മോശമായിരുന്നു അല്ലെ? ആൺകുട്ടികൾ കണ്ടാൽ കുഴപ്പമില്ല. പെൺകുട്ടികൾ കാണുന്നത് എന്ത് മോശാണല്ലെ?'
അതും പറഞ്ഞ് അവൻ ട്രൌസർ വലിച്ചു താഴ്ത്തി ചീനമുളകും പുറത്തെടുത്തു ഫിറ്റ് ചെയ്തു.
'ശരിയാണ്.' മോഹനൻ ഗൌരവം വിടാതെ പറഞ്ഞു.
അവൻ ഉറങ്ങിയെന്നുറപ്പായപ്പോൾ ഈ സംഭാഷണശകലം ശൈലജക്ക് പറഞ്ഞുകൊടുത്തപ്പോൾ ചിരിയടക്കാൻ കഴിയാതെ അവൾ വയർ അമർത്തിപ്പിടിച്ചു.
ലൈബ്രറിയിൽ റഫറൻസ് സെക്ഷനിൽ പൌരാണികജീവികളെപ്പറ്റിയുള്ള പുസ്തകത്തിനു മുമ്പിൽ ഇരുന്ന് അയാൾ ആലോചിച്ചു. എവിടെയൊ എന്തോ പിശകുണ്ട്. എല്ലാം കീഴ്‌മേൽ മറിഞ്ഞപോലെയാണ്. എന്തു ചെയ്താലും ശരിയാവുന്നില്ല. മാർവാഡി തന്നെചൂഷണം ചെയ്യുകയാണെന്നു തോന്നിയപ്പോൾ അയാളുമായി തല്ലുകൂടി ഓഫീസിൽ നിന്നും പുറത്തു കടന്നു. രണ്ടായിരം ഉറുപ്പികയുടെ ജോലി വെള്ളത്തിൽ. അന്നു തുടങ്ങിയതാണ് സെൽഫ് സ്റ്റെയിൽഡ് ബിസിനസ്സുകാരനായി നടക്കാൻ. ഇതിനകം മൂന്നു കമ്പനികളുടെ പേരിൽ വിസിറ്റിങ്ങ് കാർഡുകൾ അടിച്ചു. ഇരുമ്പാണി തൊട്ട് റേഡിയോ പാർട്ടുകൾ വരെ കച്ചവടം നടത്തി. എല്ലാം അവസാനിച്ചത് നഷ്ടത്തിൽ. എല്ലാം ഒരേ പാറ്റേണിൽത്തന്നെ വരുന്നു. വളരെയധികം ഡിമാന്റുള്ള ഒരു സാധനം താൻ വരുത്തി വിൽക്കാൻ തുടങ്ങുമ്പോഴേയ്ക്ക് തീരെ ആവശ്യക്കാരില്ലാതാവുന്നു.
'ഇതോ, ഈ സാധനം ഞങ്ങളുടെ ഗോഡൌണിൽ പെട്ടിക്കണക്കിനു കെട്ടിക്കിടക്കുന്നു.'
അല്ലെങ്കിൽ.
'പതിനെട്ടുറുപ്പികയോ. പന്ത്രണ്ടുറുപ്പികയ്ക്ക് എടുക്കുന്നോ? എത്ര വേണേമെങ്കിലും അങ്ങോട്ടു തരാം. റെഡിസ്റ്റോക്കുണ്ട്.'
കച്ചവടക്കാർ തന്റെ സെയിൽസ് സംസാരം കേൾക്കുമ്പോൾ തന്നെ കോട്ടുവായിടുന്നു. അവരുടെ എതിരാളികളുടെ പേർ നിർദ്ദേശിക്കുന്നു. അവിടെപ്പോയിനോക്കൂ. ഒരു പക്ഷെ എടുത്തേക്കും.
മാർവാഡിക്ക് ലക്ഷക്കണക്കിന് വില വരുന്ന യന്ത്രങ്ങളുടെ ഓർഡറുകൾ നിഷ്പ്രയാസം ഉണ്ടാക്കിക്കൊടുത്ത തന്റെ സെയിൽസ്മാൻഷിപ്പ് എവിടെപ്പോയി അസ്തമിച്ചു? എവിടെയോ കുഴപ്പമുണ്ട്.
അയാളുടെ മുമ്പിൽ വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ദിനോസറുകൾ പല്ലിളിച്ചു കാട്ടി. ബീഭത്സമായ മുഖങ്ങളുള്ള, മാംസഭോജികളായ, സസ്യഭോജികളായ ഭീമാകാരജന്തുക്കൾ നടന്നപ്പോൾ ഭൂതലം വിറച്ചു. പിന്നെ മഞ്ഞുയുഗം വന്ന് ഒരോന്നോരോന്നായി ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി. അവസാനത്തെ ദിനോസർ, ഹിമം മൂടിയ താഴ്‌വരകളിൽ നിസ്സഹായനായി തലയുയർത്തി നോക്കുന്നത് അയാൾ കണ്ടു. കുറച്ചൊരു ഊഷ്മാവിനുവേണ്ടി, കുറച്ച് ഭക്ഷണത്തിനു വേണ്ടി.
ഇപ്പോൾ, ആറു കോടി വർഷങ്ങൾക്കുശേഷം ഒരു ആറുവയസ്സുകാരന്റെ വളർത്തുമൃഗമാവാനായി, കൌതുകമുള്ള മുഖത്തോടെ, നനുത്ത നാവോടെ, ജാലകത്തിനു പുറത്ത് കാവൽ നിൽക്കാനായി ഉണർന്നെഴുന്നേൽക്കാൻ ആ മൃഗം ഒരു ദീർഘനിദ്രയിലേർപ്പെട്ടു. യുഗങ്ങളായുള്ള നിദ്ര.
എനിക്കൊരു ജോത്സ്യനെ കാണണം. കുറച്ചു ദിവസമായി അയാൾ ആലോചിക്കുന്നു. അതിനായി ജാതകക്കുറിപ്പ് അയാൾ എടുത്തു വെച്ചിരുന്നു. തന്റെ യുക്തിവാദത്തിനതീതമായി എന്തൊക്കെയോ തനിക്കു ചുറ്റം നടക്കുന്നുണ്ട്. അതു കണ്ടുപിടിക്കണം.
സാംബിളുകൾ നിറച്ച ഹാൻഡ്ബാഗുമെടുത്ത് അയാൾ പുറത്തിറങ്ങി. പണ്ടൊരിക്കൽ ഒരു ജാതകം ഒത്തു നോക്കാൻ ഒരു ജോത്സ്യൻ സ്വാമിയുടെ വീട്ടിൽ പോയ ഓർമ്മയുണ്ട്.
സ്വാമി ഇന്നും അതേ ഇരിപ്പാണ്. പുലിത്തോലിൽ. ഒരു വെള്ളമുണ്ട്, പുതയ്ക്കാൻ തോർത്ത്. ചന്ദനക്കുറി. മൂക്കി നു മുകളിൽ സ്വർണ്ണഫ്രെയിമിട്ട കണ്ണട. മുമ്പിൽ തന്നെ ഒരു വയസ്സനും ചെറുപ്പക്കാരനും ഇരിക്കുന്നുണ്ട്. ജാതകം ഒത്തുനോക്കാൻ വന്നവരാണ്.
'ഈ ജാതകങ്ങൾ ഒരു വിധത്തിലും ചേർക്കാൻ പറ്റില്ല.' സ്വാമി തറപ്പിച്ചു പറഞ്ഞു.
വയസ്സൻ നന്നേ നിരാശനായിരിക്കുന്നു.
'സ്വാമീ, എങ്ങനെയെങ്കിലും ഇതൊന്നു യോജിപ്പിക്കാൻ പറ്റില്ലെ?'
'എനിക്കു നിങ്ങൾ പറഞ്ഞതൊക്കെ മനസ്സിലായി. സ്വാമി പറഞ്ഞു. ഇവിടുന്നങ്ങോട്ട് എട്ടു മാസം കഴിഞ്ഞാൽ ഈ രണ്ടു ജാതകങ്ങളുടെ ചേർച്ച വളരെ വിഷമങ്ങളുണ്ടാക്കും. കുട്ടിക്ക് ഇരുപത്തിയാറു വയസ്സു കഴിഞ്ഞു. ശരി തന്നെ. പക്ഷെ, ഇത് ഒട്ടും യോജിക്കില്ല. പോരാത്തതിന് ദശാസന്ധിയുമുണ്ട്.'
സ്വാമിക്ക് ദക്ഷിണ കൊടുത്ത് അവർ സാവധാനം നടന്നു പോയി. ഇരുപത്തിയാറു കഴിഞ്ഞ പെൺകുട്ടി. ബാക്കിയെല്ലാം ഒത്തു വന്നു. ജാതകം മാത്രം ഒത്തില്ല. ഇനിയും അന്വേഷണം. നിലയ്ക്കാത്ത അന്വേഷണം.
'എന്താണ് വേണ്ടത്?' സ്വാമി ചോദിച്ചു.
മോഹനൻ ഉണർന്നു. ബ്രീഫ്‌കേയ്‌സ് തുറന്ന് ജാതകക്കുറിപ്പെടുത്ത് നിവർത്തി സ്വാമിയുടെ മുമ്പിൽ വെച്ചു. ഗ്രഹനിലയും അംശക നിലയും വെവ്വേറെ കുറിച്ച കടലാസ്. സ്വാമി കണ്ണടയെടുത്ത് മൂക്കിന്മേൽ വെച്ച്, കുറിപ്പെടുത്ത് നോക്കി. നോക്കുംതോറും അയാളുടെ നെറ്റിമേൽ വരകൾ കൂടിക്കൂടിവന്നു. മുഖം ചുളിഞ്ഞു.
'ഇതാര്‌ടെ ജാതകം? നിങ്ങളുടെയാണോ?'
അതെ.
'നിങ്ങളുടെ ജോലി ശരിക്കും മൂന്നുകൊല്ലം നാലുമാസംമുമ്പ് പോയിട്ടുണ്ടാകണമല്ലൊ. തല്ലുകൂടി പിരിഞ്ഞു പോന്നതാവാനേ വഴിയുള്ളു. തൽക്കാലം ജോലിയില്ലല്ലൊ.'
മോഹനൻ ഒന്നും പറഞ്ഞില്ല. സെൽഫ് സ്റ്റെയിൽഡ് ബിസിനസ്സ്മാൻ എന്ന പദവി ജോലിയല്ലല്ലൊ.
സ്വാമി കണക്കു കൂട്ടുകയായിരുന്നു.
'കേതു ദശയാണ് കഴിഞ്ഞ നാലുകൊല്ലം ഏഴുമാസമായിട്ട്. ഇനി രണ്ടര കൊല്ലം കൂടിയുണ്ട്. കാര്യമായിട്ടുള്ള അഭിവൃദ്ധിയുണ്ടാവാൻ വയ്യ ഈ കാലത്ത്. ഇപ്പോൾ പോരാത്തതിന് ഏഴരശ്ശനിയുമുണ്ട്. വളരെ ചീത്തകാലമാണ്. സൂക്ഷിച്ചിരിക്കണം. ധനനഷ്ടം, മാനനഷ്ടം ഇതെല്ലാം ഉണ്ടാവുന്ന പരിത:സ്ഥിതിയാണ്. എന്തിനും പ്രതിബന്ധമുണ്ടാവും. ശരിയാവുമെന്ന് വിചാരിച്ച് നിങ്ങൾ എന്തെങ്കിലും തുടങ്ങി വെക്കും. പക്ഷെ നഷ്ടത്തിലേ കലാശിക്കു. അഞ്ചിറക്കിയാൽ പത്തു നഷ്ടം വരും. അങ്ങിനെയാണ്.'
സ്വാമി എന്റെ മനസ്സുവായിക്കുകയാണോ?
'ശനിദശ കഴിഞ്ഞാൽ പിന്നെ ശിഷ്ടം കേതുദശ. അത്ര മോശാന്നു പറയില്ല. പക്ഷെ, അഭിവൃദ്ധിയുണ്ടാകണമെങ്കിൽ കേതുദശ കഴിയുക തന്നെ വേണം. ശനിദശ ഇനിയും ഒമ്പതുമാസമുണ്ട്. അതുവരെ സൂക്ഷിച്ചിരിക്യാ.'
സ്വാമി പറഞ്ഞുകൊണ്ടിരുന്നു. അയാൾ ആലോചിച്ചു. അപ്പോൾ ഇതൊക്കെ ആദ്യം തന്നെ എഴുതിവെച്ചിരിക്കുന്നു. ഇത്രാമാണ്ടിൽ, ഇത്രാം നാളിൽ, മണിക്കൂറിൽ, വിനാഴികയിൽ ജനിച്ചു വരുന്ന ഒരു കുട്ടി എന്തുചെയ്യാൻ പോകുന്നു, എന്താവാൻ പോകുന്നു എന്നെല്ലാം പ്രപഞ്ച രഹസ്യങ്ങളുടെ കലവറയിലെവിടെയോ കൂട്ടിയിട്ട താളിയോലക്കെട്ടിൽ എഴുതി വെക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ, ദിനോസറുകളും മറ്റു പ്രാചീനജീവികളും ജീവിച്ചിരുന്നതിനും വളരെ മുമ്പുതന്നെ കോടാനുകോടി വർഷങ്ങൾക്കു മുമ്പുതന്നെ പ്രപഞ്ചത്തിന്റെ ഭാവി ഇന്ന തരത്തിലാവണമെന്ന് സൃഷ്ടികർത്താവ് തീർച്ചയാക്കിയിട്ടുണ്ടായിരിക്കണം.
'നിങ്ങൾ ഭാവി പ്രവചിക്കുന്നതുപോലെ ഭൂതകാലത്തിലേക്കും പൊയ്ക്കൂടെ?' അയാൾ ചോദിച്ചു.
'തീർച്ചയായും. പക്ഷെ, ഭൂതം നിങ്ങൾക്കറിയുന്നതല്ലെ? നിങ്ങളുടെ ജോലി പോയത് നിങ്ങൾ അറിയുന്നപോലെ. ഭാവി അറിയാനല്ലെ എല്ലാവർക്കും ആഗ്രഹമുണ്ടാവുക?'
'ഞാനുദ്ദേശിക്കുന്നത് അടുത്ത ഭൂതകാലത്തിലേക്കല്ല. ആറുകോടി വർഷങ്ങൾക്കുമുമ്പ്, ദിനോസറുകൾ മേഞ്ഞു നടന്നിരുന്ന കാലം വരെ.'
സ്വാമി അയാളെ ഒന്നു നല്ല പോലെ നോക്കി. മാറ്റി വെച്ച കണ്ണട വീണ്ടും എടുത്തണിഞ്ഞു. ജാതകക്കുറിപ്പിൽ കണ്ണോടിച്ചു. വീണ്ടും കണക്കുകൂട്ടൽ. പിന്നെ കണ്ണട അഴിച്ചുവെച്ച് വീണ്ടും അയാളെ നോക്കി.
'ഇല്ലല്ലൊ. മാനസികരോഗങ്ങളൊന്നുമുള്ളതായി കാണുന്നില്ലല്ലൊ നിങ്ങൾക്ക്. നിങ്ങൾക്ക് തൽക്കാലം ചീത്ത കാലമാണെന്നെ ഉള്ളു. കുറച്ചു കാലം കൂടി ക്ഷമിച്ച്, സാവകാശത്തിൽ കാര്യങ്ങൾ ചെയ്യുക. ഇനി വരാൻ പോകുന്നത് ശുക്രദശയാണ്. അത് വളരെ അഭിവൃദ്ധിയുണ്ടാക്കും. അതുവരെ ഒതുങ്ങിക്കഴിയുക. ദിവസവും രണ്ടുനേരം ദേവീദർശനം നടത്തുക....'
ദക്ഷിണ കൊടുത്ത് പുറത്തിറങ്ങിയപ്പോൾ അയാൾ ഓർത്തു. തന്റെ മാനസികനില തെറ്റിയെന്നാണ് സ്വാമി ധരിച്ചിരിക്കുന്നത്. തനിയ്ക്കറിയേണ്ടിയിരുന്നത് സ്വാമിക്ക് യുഗങ്ങൾ പിന്നിട്ട് പോകാൻ പറ്റുമോ എന്നാണ്. യുഗങ്ങൾ പിന്നിട്ട്, മഞ്ഞുയുഗത്തിന്റെ ശൈത്യവും പിന്നിട്ട്, ഭീമാകാരന്മാരായ ദിനോസറുകൾ തലയുയർത്തി നടന്നിരുന്ന ഭൂപ്രദേശത്തെത്താൻ. മേഞ്ഞു നടക്കുന്ന ദിനോസറുകളിൽ ഒന്നിന് യുഗങ്ങൾക്കു ശേഷം വീണ്ടും പിറക്കാൻ യോഗം വന്നിരിക്കുന്നു. ഒരു ആറു വയസ്സുകാരന്റെ വളർത്തു മൃഗമാവാൻ. അവൻ ഉറങ്ങുമ്പോൾ രണ്ടാം നിലയിലെ ജാലകത്തിനപ്പുറത്ത് ഓമനമുഖവും, മൃദുവായ നാവുമായി കാവൽ നിൽക്കാൻ, സ്നേഹപൂർവ്വം അവന്റെ കവിളിൽ നക്കാൻ.
സ്വാമിക്കതു മനസ്സിലാവില്ല.
ഇനി ഒരു കച്ചവടക്കാരനെ കാണണം. സ്റ്റോക്ക് എടുക്കുമോ എന്ന് ഇന്നു പറയാമെന്നു പറഞ്ഞതാണ്. ഈ കച്ചവടക്കാരനും എടുക്കാൻ താൽപര്യം കാണിച്ചില്ലെങ്കിൽ അമ്പതിനായിരത്തിന്റെ ബാറ്ററി എലിമിനേറ്ററുകൾ തട്ടിൻ പുറത്തേക്ക് ഒരേറു കൊടുക്കാം.
ഭാഗ്യത്തിന് കച്ചവടക്കാരൻ പീടികയിലുണ്ടായിരുന്നു. അയാൾ പക്ഷെ കണ്ട ഭാവം നടിക്കുന്നില്ലെന്നു മാത്രം. തലേന്നു വൈകുന്നേരം അര മണിക്കൂർ നേരം അയാളുമായി സംസാരിച്ചതും വില ഇരുപതു ശതമാനം കുറച്ചതുമെല്ലാം അയാളെ ഓർമ്മിപ്പിച്ചു. ഇരുപതു ശതമാനം കുറയ്ക്കുകയെന്നതിനർത്ഥം തനിക്ക് പത്തു ശതമാനം നഷ്ടമുണ്ടാവുകയെന്നാണ്. എന്നാലും മുടക്കിയ പണം കുറെയെങ്കിലും തിരിച്ചു കിട്ടുമല്ലൊ.
'മോഹനൻ പറഞ്ഞു. സ്റ്റോക്ക് എടുക്കുവാൻ പറ്റുമോ എന്ന് ഇന്ന് അറിയിക്കാംന്നല്ലെ പറഞ്ഞിരുന്നത്.'
'ആ, ബാറ്ററി എലിമിനേറ്ററല്ലെ? കച്ചവടക്കാരൻ പറഞ്ഞു. അതിനു വലിയ ഡിമാന്റൊന്നുമില്ല. വേണങ്കി രണ്ടു ഡസൻ വെച്ചൊ. വിറ്റ ശേഷം പണം തരാം.'
രണ്ടു ഡസൻ എവിടെ? അമ്പതിനായിരത്തിന്റെ സ്റ്റോക്കെവിടെ?
അയാൾ തിരിഞ്ഞുനടന്നു. ആശിക്കാനൊന്നുമില്ലാതായിരിക്കുന്നു.
വീട്ടിലെത്തിയപ്പോൾ ശൈലജ പറഞ്ഞു.
'ഇന്നു വീടു നോക്കാൻ രണ്ടു പേർ വന്നിരുന്നു. അരമണിക്കൂർ മുമ്പ്. ഞാൻ കുട്ടി വന്നിട്ട് വരാൻ പറഞ്ഞിട്ടുണ്ട്.'
രണ്ടു മിനിറ്റിനകം അവർ വാതിലിൽ മുട്ടി.
'നിങ്ങളീ വീട് ഒഴിയാൻ പോവ്വാണ്ന്ന് കേട്ടൂലൊ. എന്നാ ഒഴിയുന്നത്?'
'ഈ ഒന്നാന്തി.'
'ഒന്നു കാണുന്നതിൽ വിരോധല്യല്ലൊ.'
'ഹെയ് ഇല്ല, വരൂ.'
'ഇതാ ഇതാണ് സിറ്റിംഗ്‌റൂം. ഫാൻ വീട്ടുകാരൻ തന്നെ വെച്ചതാണ്. ഇതു തളം. വളരെ വിശാലമാണ്. തളത്തിൽ നിന്ന് അടുക്കളയിലേക്കാണ്. നല്ല സൌകര്യമുണ്ട് അടുക്കള; റാക്കുകൾ, ഗ്യാസടുപ്പ് വെക്കാൻ പ്ലാറ്റ്‌ഫോം ഉണ്ട്. അപ്പുറത്ത് സിങ്ക്. ഈ വാതിൽ ബെഡ്‌റൂമിലേക്കാണ്. ഞാൻ തൽക്കാലം ഓഫീസ് ആവശ്യത്തിനുപയോഗിക്കുകയാണ്. മുകളിലും രണ്ടു ബെഡ്‌റൂം ഉണ്ട്. രണ്ടിനും കൂടി ഒരു അറ്റാച്ച്ഡ് ബാത്തും. നോക്കാം വരൂ.'
'വെള്ളമോ? ഇരുപത്തിനാലു മണിക്കൂറും കിട്ടും. മോട്ടോറുണ്ട്.'
ക്ഷീണിച്ച് ഒരു കപ്പു ചായ കുടിക്കാൻ ധൃതിയായി കയറിവന്നതാണയാൾ. അവർ ഇറങ്ങിപ്പോയപ്പോൾ ശൈലജ ചോദിച്ചു.
'കുട്ടിയെന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? ലോനപ്പൻ മാപ്പിളയ്ക്ക് താമസക്കാരെ ഉണ്ടാക്കാൻ കുട്ടിയെന്തിനാണ് ഈ വെപ്രാളമൊക്കെ കാണിക്കുന്നത്?'
ശരിയാണ്. അയാൾ ആലോചിച്ചു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ചുരുങ്ങിയത് എട്ടു കൂട്ടരെങ്കിലും ഈ വീട് വന്നു നോക്കിയിട്ടുണ്ട്. അതിൽ രണ്ടുപേർ തൊട്ട് പന്ത്രണ്ടു പേരുള്ള ടീം വരെയുണ്ടായിരുന്നു. ഈ എട്ടു പ്രാവശ്യവും അയാൾ ഒരു ബ്രോക്കറെപ്പോലെ വീടിന്റെ ഗുണങ്ങൾ പ്രകീർത്തിച്ചിട്ടുമുണ്ട്.
അഞ്ചു കിലോമീറ്റർ ദൂരെയിരുന്നുകൊണ്ട് തന്നെ ചരടില്ലാതെ നിയ്രന്തിക്കുന്ന ലോനപ്പൻ മാപ്പിളയുടെ കഴിവ് അപാരം തന്നെ. ആരെങ്കിലും വീടെടുത്ത് ഡിപ്പോസിറ്റ് കൊടുത്താലെ തനിയ്ക്ക് ഡിപ്പോസിറ്റ് തിരിച്ചു കിട്ടുകയുള്ളു. ഒന്നാം തീയ്യതിക്കുള്ളിൽ പുതിയ സ്ഥലത്ത് ഡിപ്പോസിറ്റ് കൊടുത്തില്ലെങ്കിൽ ആ വീട് പോകും. അതുകൊണ്ട് ഓരോ കൂട്ടരും വീടു കാണാൻ വരുമ്പോഴും അയാൾ ഒരു ബ്രോക്കറുടെ ആടയണിയുന്നു. 'ഇതാ ഇതാണ് സ്വീകരണമുറി....'
രാജീവൻ പതിവുപോലെ കുറച്ച് സസ്‌പെൻസുമായാണ് സ്‌ക്കൂളിൽ നിന്നു വന്നത്.
'ഞാനിന്ന് സ്‌ക്കൂളിൽ നിന്ന് എന്താണ് വരച്ചതെന്ന് പറയാമോ മമ്മീ? ഡാഡി പറയണ്ട ട്ടൊ.'
ചോദ്യം അമ്മയോടാണ്. ഡാഡി അവന്റെ രഹസ്യങ്ങളെല്ലാം ഊഹിച്ചെടുക്കുന്നു എന്നാണവന്റെ പരാതി. അതുകൊണ്ട് ചോദ്യങ്ങളും കടംകഥകളും അമ്മയോടായിരിക്കും. ഒപ്പം ഒരു താക്കീതും. ഡാഡി പറയരുത് കേട്ടോ.
മോഹനൻ ഊഹിച്ചു കഴിഞ്ഞിരുന്നു.
അമ്മ തോറ്റുവെന്നു മനസ്സിലായപ്പോൾ അവൻ മോഹനനു പറയാൻ കൂടി അവസരം കൊടുക്കാതെ ബാഗിൽനിന്ന് ഒരു കടലാസ്സെടുത്തു കാട്ടി.
ഒരു കുട്ടി ദിനോസർ. നായ്ക്കുട്ടിയുടേതുപോലെ ഓമനത്തമുള്ള മുഖം. തിളങ്ങുന്ന കണ്ണുകൾ, നീണ്ട കഴുത്ത്, തടിച്ച പിൻകാലുകൾ, വലിയ വയർ, കുറിയ മുൻകാലുകൾ, പിന്നിൽ നീണ്ടു കിടക്കുന്ന വാൽ.
ചിത്രം ആകപ്പാടെ മോശമായിരുന്നില്ല. ഒരു കങ്കാരുവും, ജിറാഫും, പൊമറേനിയനും കൂടിയ രൂപം.
പെട്ടെന്ന്, താൻ ഒരു പൌരാണികജീവി പണ്ഡിതനായിട്ടുണ്ടെന്നും, ദിനോസറിനെപ്പറ്റി രാജീവനോട് ആധികാരികമായി സംസാരിക്കാമെന്നും അയാൾ ഓർത്തു. അവൻ ചോദ്യം ചോദിക്കുന്നതും കാത്ത് അയാൾ ഇരുന്നു. അവനിൽ മതിപ്പുണ്ടാക്കാവുന്ന ഒരു സന്ദർഭമാണ് വരുന്നത്.
അപ്പോഴാണ് ശൈലജ രണ്ടു കത്തുകളുമായി വരുന്നത്. ഒന്ന് ബാങ്കിൽ നിന്നാണ്. പതിനയ്യായിരം ഉറുപ്പിക ഉടനെ അടയ്ക്കണം. മറ്റേ കത്ത് കടം തന്ന ഒരാളുടേതാണ്. പണം ഇത്ര വൈകിക്കുന്നത് മര്യാദയല്ല. അതുകൊണ്ട് കത്ത് കിട്ടിയ ഉടനെ ചുരുങ്ങിയത് പത്തെങ്കിലും, പലിശയടക്കം അയച്ചു തരണം.
കുറച്ചെങ്കിലും ഇടയുണ്ടാകുമെന്നാണ് കരുതിയത്. കേതുവും ശനിയും എതിരെ നിന്ന് തന്നെ ഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ്.
രാജീവൻ വന്നു. അവന്റെ കയ്യിൽ പെയിന്റുണ്ട്. ബ്രഷുകളും.
'ഡാഡി, ഞാൻ വലിയ ഒരു ദിനോസറിനെ വരയ്ക്കാൻ പോവുകയാണ്. ഒരു കടലാസ് തരൂ.'
'ഇപ്പോൾ എന്നെ ഉപദ്രവിക്കാതെ പോകൂ. അയാൾ പറഞ്ഞു. എനിയ്ക്കു തലവേദനയുണ്ട്.'
'കടലാസു തന്നാൽ മാത്രം മതി. പിന്നെ ഞാൻ ഉപദ്രവിക്കില്ല.'
കുറച്ചെന്തെങ്കിലും സഹായം, ഒരു നല്ലവാക്ക്, എവിടെനിന്നാണ് കിട്ടുക? കൈകൊണ്ട് തലയും താങ്ങി അയാളിരുന്നു. ഇത്രയും നിസ്സഹായത ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. തന്നോടു തന്നെ ദേഷ്യം തോന്നി.
രാജീവൻ അപ്പോഴും കടലാസിനു വേണ്ടി നിൽക്കുകയാണ്. അയാൾ പെട്ടെന്ന് പൊട്ടിത്തെറിച്ചു.
'പോകാനല്ലെ പറഞ്ഞത്. അയാൾ അലറി. നീയും നിന്റെ ഒരു ദിനോസറും. ഇത്ര വൃത്തികെട്ട ഒരു മൃഗത്തിനെയാണോ നിനക്കു കിട്ടിയത്. നിന്റെ ഒരു വളർത്തു മൃഗം! അതിന്റെ മുഖം എത്ര ബീഭത്സമാണെന്നറിയാമോ?'
അവൻ നിശ്ശബ്ദനായി, അയാൾ പറയുന്നതു കേട്ടുനിന്നു. അവന്റെ മുഖം വാടി. അട്ടഹാസം കഴിഞ്ഞപ്പോൾ അവൻ പതുക്കെ അടുക്കളയിലേക്കു പോയി.
അവന്റെ തേങ്ങലുകൾ അയാൾക്കു കേൾക്കാം. അതിനിടയിൽ പരാതികളും.
'എന്റെ ദിനോസർ നല്ല ഭംഗിയുണ്ട്. എന്താണ് ഡാഡി പറയുന്നത് ഭംഗിയില്ലെന്ന്. നോക്കു ഞാൻ വരച്ചിരിക്കുന്നത്. അതു രാത്രി വന്ന് എന്നെ നക്കുന്നുണ്ട്. അതിനിഷ്ടമായതുകൊണ്ടല്ലെ അതു നക്കണത്.'
അയാൾക്കിപ്പോൾ രാത്രികളിൽ ഉറക്കം കുറവായിരിക്കുന്നു. രാജീവന്റെ ദിനോസർ തന്നെ കഷ്ടപ്പെടുത്തുകയാണ്. കണ്ണടച്ചാൽ കാണുന്നത് ഇരുപതടി ഉയരമുള്ള ഒരു ദിനോസറിന്റെ കഴുത്തിൽ കെട്ടിയ കയറിന്റെ അറ്റം പിടിച്ചുകൊണ്ട് ഒരു ചെറിയ കുട്ടി വിജനമായ പാതയിലൂടെ നടന്നകലുന്നതാണ്. ആ മൃഗത്തിന്റെ ഓരോ കാൽവയ്പിലും ഭൂമി ചലിക്കുന്നുണ്ട്. എത്ര നടന്നാലും പാതയുടെ സ്വഭാവത്തിന് മാറ്റമില്ല. ഒരേ മാതിരിയുള്ള അന്തമില്ലാത്ത വഴിയിലൂടെ അവർ നടന്നുനീങ്ങുകയാണ്. അതിനിടയിൽ, അമ്പതിനായിരത്തിന്റെ നഷ്ടമോ, ഒന്നാം തീയതി മുതൽ താമസിക്കാൻ വീടില്ലാത്ത അവസ്ഥയോ ഒന്നും അയാളെ ബാധിക്കുന്നില്ല.
പുതിയ താമസസ്ഥലത്തെപ്പറ്റി രാജീവന് ഉൽക്കണ്ഠയുണ്ട്. ഒരു നിലക്കെട്ടിടമായതുകൊണ്ട് മുകൾഭാഗമില്ല. അവന്റെ കിടപ്പുമുറിയും താഴത്താണല്ലൊ. ഇത് അവന്റെ കുട്ടി ദിനോസറിന് വിഷമങ്ങളുണ്ടാക്കുമെന്ന് അവൻ പറയുന്നു. താഴെയുള്ള ജനലിലൂടെ കുനിഞ്ഞുനോക്കുമ്പോൾ അതിന്റെ കഴുത്ത് വേദനിക്കും.
മോഹനൻ പരിഹാരം നിർദ്ദേശിച്ചു. അവന്റെ ജനലിനപ്പുറത്ത് ഒരു വലിയ മൈതാനമാണ്. ദിനോസറിന് അതിന്റെ വയർ നിലത്തമർത്തി കിടക്കാമെന്ന്. അങ്ങിനെയാവുമ്പോൾ കഴുത്ത് വേദനിക്കാതെ തന്നെ അതിന് ജനലിലൂടെ നോക്കാം.
അവന്റെ മുറിയുടെ ജാലകത്തിനപ്പുറത്ത് കൊതുക് ആർക്കുന്ന വൃത്തികെട്ട ഒരു ഓടയും അതിനുമപ്പുറത്ത് വളരെ തിരക്കേറിയ ഒരു ഇടുങ്ങിയ നിരത്തുമാണെന്ന് അവനോട് പറയാൻ കഴിഞ്ഞില്ല.
'നിനക്കു താഴെ നിലയിൽ ജനലിനടുത്ത് കിടക്കാൻ പേടിയാവില്ലെ?' ശൈലജ ചോദിക്കുന്നു.
'എന്തിനാ പേടി?' അവൻ ചോദിക്കുന്നു. 'ഇത്രയും വലിയ ദിനോസർ രാത്രി മുഴുവൻ കാവൽ നില്ക്കുമ്പോൾ കള്ളന്മാർക്ക് അടുത്തുവരാൻ ധൈര്യമുണ്ടാകുമോ?'
രാജീവൻ എന്നും ഒറ്റയ്ക്കാണ് ഉറങ്ങാറ്. അങ്ങിനെയിരിക്കുമ്പോൾ അവൻ ഒരു ദിവസം പുതപ്പും തലയിണയുമായി എത്തുന്നു.
'ഞാനിന്ന് മമ്മിയുടെ ഒപ്പമാണ് കിടക്കുക.'
'ഛീ മമ്മിയുടെ ഒപ്പമോ; പറ്റില്ല.' ശൈലജ പറയുന്നു.
തങ്ങളുടെ പ്ലാൻ എല്ലാം തകരാറിലാവുന്ന ലക്ഷണമാണ്. അയാൾ നയത്തിൽ പറയുന്നു.
'മോൻ പോയി ഉറങ്ങിക്കോ.'
അവൻ വഴങ്ങുന്നില്ല.
'ഞാൻ എന്നും ഒറ്റയ്ക്കല്ലെ കിടക്കാറ്. ഇന്നു മാത്രം മതി.'
അവൻ രണ്ടുവയസ്സുതൊട്ട് ഒറ്റയ്ക്കാണു കിടക്കാറ്.
'ഇന്നെന്താണ് പ്രത്യേകത?' ശൈലജ ചോദിക്കുന്നു.
'ഞാൻ ഹാർഡി ബോയ്‌സ് മിസ്റ്ററി പുസ്തകം വായിച്ചു.'
'നിന്നോടാരാണ് ഉറങ്ങാൻ കിടക്കുമ്പോൾ അത് വായിക്കാൻ പറഞ്ഞത്?'
'വേറെ പുസ്തകമൊന്നുമുണ്ടായിരുന്നില്ല. മമ്മീ ഞാൻ കുറച്ചുനേരം ഇവിടെ കിടക്കട്ടെ.'
'വേണ്ട വേണ്ട. വല്യ കുട്ടികൾ അമ്മമാരുടെ ഒപ്പല്ല കിടക്കുക. ചീത്ത ശീലമൊന്നും പഠിക്കണ്ട.'
'രാജീവ്, നീ പോയി കിടക്കു.' അയാൾ കുറച്ച് കർക്കശമായി പറയുന്നു.
അവൻ ഭയന്നു. സ്വന്തം തലയിണയും പുതപ്പുമായി തിരിച്ച് അവന്റെ കിടപ്പറയിലേക്ക് നടക്കുന്നു. കണ്ണിൽ നിന്നുതിരുന്ന ജലകണങ്ങൾ.
കുറച്ചുനേരം മിണ്ടാതെ കിടന്നശേഷം ശൈലജ പറഞ്ഞു. 'എനിക്ക് തീരെ മൂഡില്ല; നമുക്കവനെ ഒപ്പം കിടത്താമായിരുന്നു. അവനെ വിളിക്കു.'
മോഹനൻ ഒന്നും പറയുന്നില്ല. കണ്ണു തുറന്നു മലർന്നു കിടക്കുന്നു. സ്വാമിയെ കണ്ടതോർമ്മ വന്നു. ഒരു ദിവസം മുഴുവൻ തനിക്കാശ തന്ന് അവസാനനിമിഷത്തിൽ തട്ടി മാറ്റിയ കച്ചവടക്കാരനെയും കള്ള ഓർഡറുകൾ കാട്ടി തന്നെ പറ്റിച്ച ദില്ലി സെയിൽസ്മാനെയും ഓർമ്മ വന്നു. കടക്കാരുടെ കത്തുകളും ഭീഷണികളും ഓർമ്മവന്നു.
ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവണം. ശൈലജ ഉറക്കമായിരിക്കുന്നു. അയാൾ എഴുന്നേറ്റ് രാജീവന്റെ മുറിയിൽപോയി ലൈറ്റിട്ടു. അവൻ ഒരു തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുകയാണ്. വേറെ നാലു തലയിണകൾ നാലു ഭാഗത്തും. അത് ഒരു കോട്ടയാണെന്നാണ് അവൻ പറയുന്നത്. അതിന് നടുവിൽ കിടക്കുമ്പോൾ അവന് പേടിയാകാറില്ലത്രെ. കെട്ടിപ്പിടിക്കുന്ന തലയിണ എന്താണെന്ന് ചോദിച്ചതിനവൻ മറുപടി പറഞ്ഞില്ല. അതവന്റെ രഹസ്യമാണ്.
തലയണയ്ക്കരികെ അവൻ വരച്ച ദിനോസറിന്റെ ചിത്രം. അതിന്റെ മുഖം ചായംതേച്ച് കൂടുതൽ ഭംഗിയാക്കാൻ ശ്രമിച്ചിരിക്കുന്നു. അയാൾ കുനിഞ്ഞ് രാജീവന്റെ കൌതുകമുള്ള മുഖത്ത് ഉമ്മ വെച്ചു. പിന്നെ ആ മൃദുവായ കവിളിൽ ഒന്നു നക്കി.
ജനലിനപ്പുറത്ത് അവനെ ഉറ്റുനോക്കി നിൽക്കുകയും സ്നേഹം മൂക്കുമ്പോൾ കവിളിൽ നക്കുകയും ചെയ്യുന്ന കുട്ടി ദിനോസറിനോട് അയാൾക്ക് അസൂയ തോന്നി. രാത്രി മുഴുവൻ അങ്ങനെ കാവൽ നിൽക്കുന്ന ഒരു ദിനോസറായെങ്കിലെന്ന് അയാൾ വേദനയോടെ ആശിച്ചു.