സന്ധ്യയുടെ നിഴലുകൾ


ഇ ഹരികുമാര്‍

അയാൾ ബെല്ലടിച്ച് കാത്തു നിന്നു. സൂട്ട്‌കേസും കാർഡ്‌ബോർഡിന്റെ പെട്ടിയും ഏറ്റി മൂന്നു നില കയറിയപ്പോഴേയ്ക്ക് അയാൾ കിതച്ചിരുന്നു. ഒന്നും ഏറ്റിയിരുന്നില്ലെങ്കിൽകൂടിയും ശാരദയും കിതച്ചിരുന്നു. അവളുടെ തലമുടി നെറ്റിമേൽ വീണത് രാജു ശരിയാക്കിക്കൊടുത്തു. ചന്ദ്രൻ കാണുമ്പോൾ തന്റെ ഭാര്യ നല്ല സുന്ദരി തന്നെയാവണം.

വാതിൽ തുറക്കാൻ താമസിച്ചു. അയാൾ വീണ്ടും ബെല്ലടിച്ചില്ല. ഏതു ഉറക്കത്തിലായാലും ഒരു ബെല്ലടിച്ചാൽ ചന്ദ്രൻ അറിയും. രണ്ടാമത് ആരും ബെല്ലടിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. അകത്ത് വെളിച്ചം തെളിഞ്ഞു. വാതിലിന്റെ കുറ്റിനീക്കുന്ന ശബ്ദം. പിന്നെ ചന്ദ്രൻ.

അയാൾ തുറന്നുപിടിച്ച വാതിലിലൂടെ രാജുവും ശാരദയും കടന്നു. സൂട്ട്‌കേസും കടലാസു പെട്ടിയും അകത്തേക്കു എടുത്തു വെക്കുന്നിതിനിടയിൽ രാജു ആലോചിച്ചു. ചന്ദ്രന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. അതിനർത്ഥം തന്റെ കത്തു കിട്ടിയിട്ടുണ്ടെന്നാണ്. അപ്പോൾ എന്തുകൊണ്ട് അയാൾ സ്റ്റേഷനിൽ വന്നില്ല?

'ഇതാ ഇതാണ് ശാരദ!' രാജു ശാരദയെ അടുക്കിപ്പിടിച്ചുകൊണ്ടു പറഞ്ഞു. അവൾ നാണത്തോടെ കുതറി മാറി.

ചന്ദ്രന്റെ മുഖത്ത് ഒരു ചിരി വന്നുവോ എന്ന് സംശയം. സാധാരണ ഇങ്ങിനെ ഒരു സന്ദർഭത്തിൽ നിർത്താൻ കഴിയാത്ത പൊട്ടിച്ചിരിയുടെ ഉടമസ്ഥന് ഇന്ന് എന്തു പറ്റി. അയാൾ ചോദിച്ചു.

'എന്റെ കത്തു കിട്ടിയില്ലെ?'

'കിട്ടി.'

മറുപടി തണുത്തതായിരുന്നു. കൂടുതൽ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. എന്താണ് സ്റ്റേഷനിൽ വരാഞ്ഞതെന്ന ചോദ്യം ആ തണുപ്പിൽ പുറത്തു വരാതെ മരവിച്ചു പോയി.

എന്താണ് പറ്റിയത്? എവിടെയാണ് കുഴപ്പം?

'ശാരദ ഇരിയ്ക്കു.' രാജു പറഞ്ഞു. 'ഇതു നിന്റെ വീടുമാതിരി തന്നെ കരുതാം. ഞാനും ചന്ദ്രനും കൂടിയുള്ള ബന്ധത്തെപ്പറ്റി പറഞ്ഞില്ലെ? ഞങ്ങൾ സുഹൃത്തുക്കളല്ല, അതിലും കൂടുതൽ അടുത്ത ഒന്നാണ്.'

വീണ്ടും ചന്ദ്രൻ ഒന്നു ചിരിക്കാൻ ശ്രമിച്ചുവോ എന്നു സംശയം. മുമ്പൊരവസരത്തിൽ ചന്ദ്രനെ ഇങ്ങിനെ ഒരാൾക്കു പരിചയപ്പെടുത്തിയിരുന്നെങ്കിൽ ചന്ദ്രൻ തന്നെ പൂരിപ്പിച്ചിരുന്നു.

'കാമുകന്മാർ.'

ആ ബന്ധത്തിന് എന്തുപറ്റി?

അയാൾ ചന്ദ്രന്റെ മുഖത്തു നോക്കി. ചന്ദ്രൻ രാജുവിന്റെ കണ്ണുകളെ നേരിടാതെ കഴിച്ചു കൂട്ടുകയായിരുന്നു. അയാളുടെ ഓമനത്തമുള്ള മുഖത്ത് വളർന്നു തുടങ്ങിയ കുറ്റിരോമങ്ങൾ, താഴോട്ട് ഇറങ്ങുന്ന മീശ, കഴുത്തോളം വളർന്ന തലമുടി, ബ്രൂസ് ലിയുടെ ചിത്രമുള്ള മഞ്ഞബനിയൻ, പാച്ചുകൾ തുന്നിപ്പിടിപ്പിച്ച നീല ജീൻസ്. ഒന്നും മാറ്റമില്ല. പിന്നെ എവിടെയാണ് കുഴപ്പം?

'പാൽ ഇരിക്കുന്നുണ്ടോ ചന്ദ്രൻ? നമുക്ക് കുറച്ചു ചായയുണ്ടാക്കാം.'

ചന്ദ്രൻ മൂളി. അതിന് ഉണ്ടെന്നോ ഇല്ലെന്നോ അർത്ഥം കൽപ്പിക്കാം. രാജു അടുക്കളയിലേയ്ക്കു നടന്നു. ഫ്രിഡ്ജിൽ പാൽ ഉണ്ടായിരുന്നു. ഗ്യാസ് സ്റ്റൌവിൽ ചായയ്ക്കുള്ള വെള്ളം വെച്ച് അയാൾ തിരിച്ചു വന്നിരുന്ന് ഷൂസ് അഴിച്ചുമാറ്റി. ഷൂസ് സാധാരണ മട്ടിൽ സോഫയുടെ അടിയിലേയ്ക്കു തള്ളി, അയാൾ കിടപ്പറയിലേയ്ക്കു നടന്നു. അലമാരിയിൽ നിന്ന് ചന്ദ്രന്റെ ലുങ്കി എടുക്കാൻ നോക്കിയപ്പോഴാണ് വേറൊരു ഞെട്ടൽ. അലമാരി ഭദ്രമായി അടച്ചിരുന്നു. ഇതു പതിവില്ലാത്തതാണ്. ചന്ദ്രൻ ഒരിക്കലും അലമാരി അടയ്ക്കാറില്ല. അതുകൊണ്ട് അലമാരിയ്ക്ക് ഒരു താക്കോൽ ഉണ്ടെന്ന കാര്യം തന്നെ രാജുവിന് അറിയില്ലായിരുന്നു. അലമാരിയുടെ വാതിൽപ്പിടിയിൽ അമർന്ന കൈകൾ മരവിക്കുന്നത് അയാൾ അറിഞ്ഞു. ചന്ദ്രൻ മറുവശത്ത് ചുമരിൽ തൂക്കിയ കലണ്ടറിൽ എന്തോ നോക്കുകയാണെന്ന ഭാവത്തിൽ നിൽക്കുന്നുണ്ടായിരുന്നു. രാജുവിനെ അയാൾ ശ്രദ്ധിക്കുന്നുണ്ടെന്നു വ്യക്തം. പക്ഷെ താക്കോൽ എടുത്തുകൊടുക്കാനോ, അലമാരി തുറക്കാനോ അയാൾ യാതൊരു സന്നദ്ധതയും കാണിച്ചില്ല.

രാജു കിടപ്പുമുറിയിൽ നിന്ന് പുറത്തു കടന്നു. ശാരദ സോഫയിൽ ഇരിയ്ക്കുകയാണ്. രാജുവിന് ശാരദയുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല. അയാൾ അധൈര്യത്തോടെ ശാരദയുടെ അരികിൽ ചെന്നിരുന്നു. ശാരദ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു അയാൾക്കു മനസ്സിലായി. അയാൾ തല താഴ്ത്തിയിരുന്നു. പെട്ടെന്ന് ചായക്കുള്ള വെള്ളം അടുപ്പത്ത് വെച്ചത് തിളച്ചിട്ടുണ്ടാകുമെന്ന് ഓർത്ത് അയാൾ അടുക്കളയിലേയ്ക്ക് നടന്നു. ചന്ദ്രൻ അടുക്കളയിലുണ്ടായിരുന്നു. വെള്ളം തുള്ളിത്തിളക്കുന്നത് കണ്ട ഭാവം നടിക്കാതെ അയാൾ ഷെൽഫിൽ ഏതോ ടിൻ കയറ്റി വെക്കുകയായിരുന്നു.

രാജു നിശ്ശബ്ദമായി ചായ കൂട്ടി. മൂന്നു കപ്പുകളിലാക്കി കൊണ്ടുവന്നു.

ചന്ദ്രൻ, ചായ കുടിക്കാൻ വരു.

ചന്ദ്രൻ അയാളുടെ പ്രത്യേക സ്ഥാനത്ത് വന്നിരുന്നു. വാതിലിനടുത്ത് ഇട്ട സോഫയിൽ കാപ്പിറ്റൽ കെട്ടിടത്തിലെ ലിങ്കൻ പ്രതിമപോലെ കൈ രണ്ടും സോഫയുടെ കൈകളിൽ സ്ഥാപിച്ച് ഒരു ഇരുപ്പുണ്ട് ചന്ദ്രന്.

ചായ കുടിക്കുമ്പോൾ രാജു ചന്ദ്രന്റെ മുഖത്തു നോക്കി. എന്താണ് ആ മുഖത്തുള്ള വികാരം? ദേഷ്യമില്ല. വെറുപ്പില്ല. ഒരു നിർവ്വികാരത മാത്രം. എങ്ങിനെയാണ് ഇതൊന്നു മാറ്റിയെടുക്കുക?

'കല്യാണദിവസം നല്ല മഴയായിരുന്നു.' രാജു പറഞ്ഞു. 'ആരും പ്രതീക്ഷിച്ചിരുന്നില്ല മഴ പെയ്യുമെന്ന്. അതുകൊണ്ട് ഓലപ്പന്തലാണ് കെട്ടിയുണ്ടാക്കിയത്. താലി കെട്ടുന്ന സമയത്ത് പെരുമഴയായിരുന്നു. പന്തലിനു താഴെയാണെങ്കിലും കുട പിടിച്ചാണ് ഞങ്ങൾ ഇരുന്നത്.'

ചന്ദ്രന്റെ മുഖത്ത് ഭാവേഭദമൊന്നുമില്ല.

'ശാരദേ എവിടെ ഫോട്ടോകൾ? ചന്ദ്രന് കാണിച്ചു കൊടുക്ക്.'

ശാരദ കൈസഞ്ചി തുറന്ന് ഒരു കവർ പുറത്തെടുത്തു. ആദ്യം രാജുവിന് നീട്ടി, പിന്നെ രാജു വാങ്ങുന്നില്ലെന്നു കണ്ടപ്പോൾ ചന്ദ്രനു നേരെ നീട്ടി. ചന്ദ്രൻ അതു വാങ്ങിതുറന്ന് ഫോട്ടോകൾ ഓരോന്നായി നോക്കി യാതൊരു വികാരവുമില്ലാതെ തിരിച്ചു കവറിലിട്ട് ശാരദയ്ക്കു നീട്ടി.

രാജു നിരാശനായി. ചന്ദ്രൻ ഫോട്ടോവിനെപ്പറ്റി വല്ല അഭിപ്രായവും പറയും, അതിൽ നിന്ന് സംഭാഷണത്തിന്റെ ഇഴകൾ കോർത്തെടുക്കാം എന്നൊക്കെ അയാൾ വ്യാമോഹിച്ചിരുന്നു. തീവണ്ടിയിൽ ശാരദയുടെ ഒപ്പം തോളുരുമ്മിയിരുന്ന് ഫോട്ടോകൾ ഓരോന്നോരോന്നായി വീണ്ടും വീണ്ടും നോക്കി അഭിപ്രായം പാസ്സാക്കി ചിരിച്ചിരുന്നത് അയാൾ ഓർത്തു. ആ ഫോട്ടോകൾ അവരെ രണ്ടുപേരെയും കൂട്ടിയിണക്കുന്ന കണ്ണിയാണ്. വളരെയധികം ദൃഢബദ്ധമാണ്. അയാൾക്കു ശാരദയെ ഓർത്ത് വ്യസനം തോന്നി. അവളോട് ചന്ദ്രനെപ്പറ്റി പറഞ്ഞിരുന്നത് ഇങ്ങിനെയൊന്നും ആയിരുന്നില്ല. തീവണ്ടിയിൽ വെച്ച് ചന്ദ്രനെപ്പറ്റി തന്നെയായിരുന്നു സംസാരം. അവസാനം അവൾ പറഞ്ഞു.

'എനിയ്ക്ക് അസൂയയാവുന്നു. അവിടെ ചെന്നാൽ എന്നെ ഉപേക്ഷിച്ച് ചന്ദ്രന്റെ ഒപ്പം താമസിക്കുമോ ആവോ.'

എന്തെങ്കിലും ചെയ്‌തേ തീരൂ. രാജു ആലോചിച്ചു. ഒരുപക്ഷെ താനും ചന്ദ്രനും ഒറ്റയ്ക്കായാൽ ചോദിയ്ക്കാൻ അവസരം കിട്ടുമായിരിക്കും. അയാൾ ശാരദയോട് പറഞ്ഞു.

'നീ പോയി കുളിച്ചു വരു.'

ശാരദ പെട്ടെന്നെഴുന്നേറ്റു. അവൾക്ക് വീർപ്പു മുട്ടുന്നുണ്ടായിരുന്നു. അവിടെ നിന്ന് എങ്ങിനെയെങ്കിലും ഓടി രക്ഷപ്പെട്ടാൽ മതിയെന്നായിട്ടുണ്ട് അവൾക്ക് എന്ന് രാജുവിന് മനസ്സിലായി. ശാരദ സൂട്ട്‌കേസ് തുറന്ന് മാറ്റാനുള്ള അടിവസ്ത്രങ്ങൾ സങ്കോചത്തോടെ പുറത്തെടുത്തു, ചന്ദ്രനു പുറം തിരിഞ്ഞിരുന്ന് അവയെ മാറാനുള്ള സാരിയിൽ പൊതിഞ്ഞു.

ശാരദ കുളിമുറിയിൽ കടന്നു വാതിലടച്ചു എന്നുറപ്പായപ്പോൾ രാജു ചന്ദ്രനെ നേരിട്ടു.

'ചന്ദ്രൻ, എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്?'

ചന്ദ്രൻ കേട്ട ഭാവം നടിയ്ക്കാതെ ഒരു മാസികയിൽ കണ്ണും നട്ട് ഇരിക്കയായിരുന്നു. അതു വളരെ പഴകിയ വായിച്ചു കഴിഞ്ഞ മാസികയാണെന്ന് രാജു ഓർത്തു. അയാൾ ചോദ്യം ആവർത്തിച്ചു.

ചന്ദ്രൻ മാസികയിൽനിന്നു മുഖമുയർത്തി ആശ്ചര്യത്തോടെ അയാളെ നോക്കി.

'മിണ്ടാതിരിക്കയോ? എന്താണ് സംസാരിക്കാനുള്ളത്?'

സ്വരത്തിൽ ദേഷ്യമില്ല. പരിഭവമില്ല.

അയാൾ ചന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കി. ചന്ദ്രൻ അയാളുടെ കണ്ണുകളെ ഇപ്പോൾ ഒഴിഞ്ഞുമാറുന്നില്ല. പക്ഷെ ആ കണ്ണുകളിലെ തണുപ്പ് സഹിക്കാൻ പറ്റുന്നില്ല.

'ഞാൻ വല്ല തെറ്റും ചെയ്തിട്ടുണ്ടോ ചന്ദ്രൻ? എനിയ്ക്ക് ഒരു തെറ്റും ചെയ്തതായി ഓർമ്മിക്കാൻ പറ്റുന്നില്ല. ഞാൻ ക്ഷണക്കത്ത് അയയ്ക്കാഞ്ഞിട്ടാണോ? പക്ഷെ ചന്ദ്രൻ തന്നെയാണ് അത് അച്ചടിപ്പിച്ചത്. ചന്ദ്രൻ തന്നെയാണ് എല്ലാവർക്കും വിലാസമെഴുതി അയച്ചത്. അപ്പോൾ പിന്നെ അതാവാൻ വഴിയില്ല. പിന്നെ എന്താണ്? എനിക്കൊന്നും മനസ്സിലാവുന്നില്ല. പറയൂ. ഞാനെന്തു തെറ്റാണ് ചെയ്തതെന്ന്.'

ചന്ദ്രൻ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ രാജുവിനെ നോക്കുകയായിരുന്നു. ഒന്നും മനസ്സിലാവാത്ത പോലെ.

ഒരു നിമിഷത്തേയ്ക്ക്, ചന്ദ്രൻ സംസാരിക്കാൻ പോകുകയാണെന്ന്, ചന്ദ്രന്റെ മൌനത്തിന്റെ കാരണം അറിയാൻ പോകുകയാണെന്ന് രാജു മോഹിച്ചു. പക്ഷെ ചന്ദ്രൻ ഒന്നും പറയാതെ തിരിഞ്ഞിരുന്ന് ടീപോയ്‌യുടെ അടിയിൽ നിന്ന് ഒരു മാസിക തിരഞ്ഞെടുത്തു മറിച്ചു നോക്കാൻ തുടങ്ങി.

'നോക്കു ചന്ദ്രൻ, എന്റെ മുഖത്തു നോക്കു. നാട്ടിൽ പോകാൻ വണ്ടി കയറ്റുമ്പോൾ ചന്ദ്രൻ എന്താണു പറഞ്ഞത്? രാജു പോയി വരൂ, ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ ശരിയാക്കിക്കോളാം എന്നല്ലെ? അതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? നമ്മുടെ സ്‌നേഹബന്ധങ്ങൾ എങ്ങിനെയാണ് മറക്കാൻ പറ്റുന്നത്?'

'അതൊക്കെ പോട്ടെ,' രാജു തുടർന്നു. 'ആ ഫ്‌ളാറ്റിന്റെ കാര്യമെന്തായി? ശരിയായോ?'

രാജു വരുമ്പോഴേയ്ക്ക് അയ്യായിരം ഉറുപ്പിക ഡെപ്പോസിറ്റ് കൊടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് സംഘടിപ്പിക്കാമെന്ന് ചന്ദ്രൻ ഏറ്റതായിരുന്നു. രാജു നാട്ടിൽ പോകുന്നതിനു മുമ്പു തന്നെ ഫ്‌ളാറ്റ് ശരിയായിരുന്നു. അയ്യായിരത്തിന്റെ ഡ്രാഫ്റ്റ് കൊടുത്താൽ താക്കോൽ കൊടുക്കാം എന്നാണ് വീട്ടുടമസ്ഥൻ പറഞ്ഞിരുന്നത്.

പതിനായിരത്തിന്റെ ഒരു ഫിക്‌സെഡ് ഡെപ്പോസിറ്റ് ഒരാഴ്ചക്കുള്ളിൽ ഡ്യൂ ആയതു കിട്ടിയാൽ ഉടനെ കൊടുത്ത് താക്കോൽ വാങ്ങാമെന്നു ചന്ദ്രൻ പറഞ്ഞിരുന്നതാണ്. താക്കോൽ വാങ്ങുക മാത്രമല്ല. അതിൽ ആവശ്യത്തിനു വേണ്ട വീട്ടുസാമഗ്രികൾ എല്ലാം ഒരുക്കാമെന്നും പറഞ്ഞിരുന്നതാണ്.

'ആ ഫ്‌ളാറ്റു ശരിയായോ?' രാജു ആകാംക്ഷയോടെ ചോദിച്ചു.

'ഓ, ആ ഫ്‌ളാറ്റോ? ഞാൻ അയാളെ പിന്നെ കണ്ടില്ല. ഒരു പക്ഷെ അയാൾ അത് മറ്റു വല്ലവർക്കും കൊടുത്തുകാണും.'

ഒരു ദീർഘനിശ്വാസം രാജുവിൽ നിന്നുയർന്നു. നല്ല ഫ്‌ളാറ്റായിരുന്നു. ഒരു വിശാലമായ മുറി, പിന്നെ ഗ്രില്ലിട്ടു മറച്ച വലിയ ഒരു വരാന്ത, അടുക്കള മുതലായവ. മൂന്നൂറ്റമ്പതു ഉറുപ്പിക മാത്രം വാടക. തന്റെ കൊക്കിലൊതുങ്ങുന്നതായിരുന്നു. ഏറ്റവും വലിയ ആകർഷണം അയ്യായിരം ഉറുപ്പിക ഡെപ്പോസിറ്റ് ചന്ദ്രനാണ് കൊടുക്കുന്നത് എന്നതായിരുന്നു. തന്റെ കയ്യിൽ പണമൊന്നും ഇല്ല. ഇത്രയും പണം ഇപ്പോൾ ഉണ്ടാക്കാനും പറ്റുമെന്നു തോന്നുന്നില്ല.

രാജു നിശ്ചേതനായി, നിർവീര്യനായി കഴിഞ്ഞിരുന്നു.

അയാൾ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചു. പുറത്ത് വെളിച്ചം വന്നു തുടങ്ങിയിരുന്നു. കിടപ്പുമുറിയുടെ ഗ്യാലറിയിൽ നിന്നാൽ സൂര്യോദയം കാണാമെന്ന് രാജു ഓർത്തു. ശാരദയെ അത് ആദ്യ ദിവസം തന്നെ കാണിക്കണമെന്ന് രാജു വിചാരിച്ചതായിരുന്നു. പടിഞ്ഞാറ് ഏഴുനിലക്കെട്ടിടത്തിന്റെ ജനവാതിൽ പൊളികളിൽ ചുവപ്പു പകർന്നു. ഉദയം!

പെട്ടെന്ന് രാജുവിന് ഇതെല്ലാം അന്യമായി തോന്നി. ഈ ഉദയ ചുമപ്പും, വൃക്ഷത്തലപ്പുകളിലൂടെ കാണുന്ന കടലിന്റെ നീലിമയും, ശ്വസിക്കുന്ന തണുത്ത ഓജസുള്ള കാറ്റും, പിന്നെ സ്‌നേഹത്തിന്റെ ഊഷ്മളതയും എല്ലാം.

ശാരദ കുളി കഴിഞ്ഞു വന്നപ്പോൾ രാജു തലയുയർത്തി നോക്കി. ഇളം പച്ച നിറത്തിലുള്ള സാരി അവൾക്ക് നന്നായി യോജിക്കുന്നുണ്ട് അവളുടെ മുഖത്ത് ഓമനത്തം. ചന്ദ്രൻ മുഖമുയർത്തി അവളെ അഭിനന്ദനത്തോടെ നോക്കിയെങ്കിലെന്ന് രാജു ആശിച്ചു. തന്റെ സിലക്ഷൻ നന്നായിട്ടുണ്ടെന്ന പ്രശംസക്കു വേണ്ടി അയാൾ കാത്തു. അങ്ങിനെയൊന്നുണ്ടാവില്ലെന്ന അറിവോടെത്തന്നെ.

അയാൾ പറഞ്ഞു.

'ഞങ്ങൾ ഇറങ്ങാം. ഇനി വീട്ടിൽ ശാരദയെ കൊണ്ടുപോയാക്കി കുളിച്ച് ഓഫീസിൽ പോണം. കുറച്ചു വൈകിയാലും ഇന്ന് പോകാതിരിക്കാൻ പറ്റില്ല. രണ്ടു ദിവസത്തെ ലീവ് പോകും.'

ചന്ദ്രനിൽ നിന്നും അയാൾ മറുപടിയൊന്നും പ്രതീക്ഷിച്ചില്ല. എങ്കിലും ഒരു മിനിറ്റ് കാത്തിരുന്ന് ശാരദയോടു പറഞ്ഞു.

'നമുക്ക് ഇറങ്ങാം.'

അയാൾ എഴുന്നേറ്റ് സൂട്ട്‌കേസ് അടച്ചുപൂട്ടി. എന്തോ ഓർത്ത്, കടലാസു പെട്ടി തുറന്ന് അതിൽ നിന്ന് രണ്ടുപൊതികൾ എടുത്ത് പുറത്തു വെച്ചു.

'ഇത് ലഡുവാണ്. ഈ പൊതിയിൽ കുറച്ച് ഉപ്പേരിയും. കല്യാണത്തിന്റെതാണ്. ചന്ദ്രനുവേണ്ടി പ്രത്യേകം കൊണ്ടുവന്നതാണ്.'

അയാൾ അത് താൻ ഇരിയ്ക്കുന്നതിന്റെ അടുത്തുള്ള ടീപോയ്‌മേൽ കൊണ്ടുവെക്കുന്നത് ചന്ദ്രൻ തണുത്ത കണ്ണുകളോടെ നോക്കി.

രാജു പുറത്തിറങ്ങി. യാത്ര പറയലില്ല. യാത്ര കൊടുക്കലില്ല. കണ്ണുകളിലെ ശൈത്യം മാത്രം ഹൃദയത്തിലേയ്ക്ക് ഊർന്നിറങ്ങുന്ന ഔദാസീന്യം മാത്രം.

ടാക്‌സിയിൽ ഇരിക്കുമ്പോൾ ടാക്‌സിക്കാരന് കൊടുക്കാനുള്ള പണം ഉണ്ടാവുമെന്നയാൾ ഓർത്തു. വീട്ടിൽ നിന്ന് ഓഫീസുവരെ എത്താനുള്ള ബസ്സുകൂലിയും. പിന്നെ ഓഫീസിൽ നിന്ന് ആരോടെങ്കിലും കടം വാങ്ങാം.

ശാരദ ഒന്നും സംസാരിച്ചിരുന്നില്ല. അയാൾക്ക് അവളുടെ മുഖത്തു നോക്കാൻ തന്നെ ഭയമായിരുന്നു. ഭയം മാത്രമല്ല, ജാള്യത. ശാരദയോട് പറഞ്ഞിരുന്നത്, ചന്ദ്രൻ അവരെ ഒരാഴ്ചയെങ്കിലും താമസിപ്പിച്ചേ വിടു എന്നതാണ്. അയാൾ ഉദ്ദേശിച്ചത്, ഒരാഴ്ച അവിടെ താമസിച്ച് അതിനിടയ്ക്ക് പുതിയ വീട്ടിലേയ്ക്ക് സാവധാനത്തിൽ മാറാമെന്നായിരുന്നു. അതൊക്കെ പോയി ഇപ്പോൾ തങ്ങൾ പോകുന്ന വീട് ഒരു കുടിലിനേക്കാൾ കുറച്ചു ഭേദമാണെന്നു മാത്രം. അയാൾ സങ്കോചത്തോടെ പറഞ്ഞു.

'നമുക്ക് എന്റെ പഴയ വീട്ടിൽത്തന്നെ കഴിയേണ്ടിവരും.'

ശാരദ ഒന്നും പറഞ്ഞില്ല.

'ചന്ദ്രൻ പറയുന്നത് പുതിയ ഫ്‌ളാറ്റിന്റെ ഉടമസ്ഥൻ ആ ഫ്‌ളാറ്റ് വേറൊരാൾക്കു കൊടുത്തു എന്നാണ്. നല്ല ഫ്‌ളാറ്റായിരുന്നു അത്.'

തന്റെ പഴയ താമസസ്ഥലത്തെപ്പറ്റി ശാരദയോട് ഒന്നും പറഞ്ഞിരുന്നില്ല. അത് അവളെ കാണിക്കേണ്ട യോഗം ഉണ്ടാവും എന്നുതന്നെ ഓർത്തിരുന്നതല്ല. ഒരു വിവരണവും കൊടുക്കാതെ അവളെ പെട്ടെന്നു കൊണ്ടുചെന്നു കാണിച്ചാൽ അവൾക്ക് ഒരു പരുഷമായ ഞെട്ടലുണ്ടായെന്നു വരും. പക്ഷെ അത് വിവരിച്ചു കൊടുക്കാൻ തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ സമ്മതിക്കുന്നില്ല.

വീതി കൂടിയ രാജവീഥികളിൽനിന്ന് ടാക്‌സി വീതി കുറഞ്ഞ റോഡിലേയ്ക്കു തിരിഞ്ഞു. വീണ്ടും ചെറിയ ഇടവഴികൾ. തുറന്ന ഓടകളിൽ നിന്നു വരുന്ന നാറ്റം. ഇരുവശത്തും ചെറിയ ചെറിയ വീടുകൾ. താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി സർക്കാർ നിരയായുണ്ടാക്കിയ ഒറ്റനിലകെട്ടിടങ്ങൾ. അവയിൽ ഒരു കെട്ടിടത്തിന്റെ മുമ്പിൽ ടാക്‌സി നിർത്തിയപ്പോൾ താൻ താമസിച്ചിരുന്ന സ്ഥലം ഇത്ര അധമമായിരുന്നെന്ന തോന്നൽ അയാൾക്ക് അടക്കാൻ കഴിഞ്ഞില്ല. ചന്ദ്രൻ താമസിക്കുന്ന സ്ഥലവുമായി നോക്കുമ്പോൾ ഇത് വെറും ഒരു കുടിലാണ്.

അയാൾ ടാക്‌സിയിൽനിന്ന് പുറത്തിറങ്ങി. ശാരദയ്ക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നുപിടിച്ചു.

സൂട്ട്‌കേസും, കടലാസു പെട്ടിയും താങ്ങി അയാൾ മുന്നിൽ നടന്നു. പഴയ ചായമടർന്ന ഒരു വാതിലിനു മുന്നിൽ അയാൾ നിന്നു. കീശയിൽനിന്ന് താക്കോലെടുത്ത് തുരുമ്പ് പിടിച്ച പൂട്ട് തുറന്നു. അകത്തു കടന്നപ്പോൾ ഓടയുടെ നാറ്റം കുറെക്കൂടി രൂക്ഷമായി മൂക്കിലടിച്ചു. ഒപ്പം മണ്ണെണ്ണയുടെ നാറ്റവും.

വാതിലടച്ച് അയാൾ ഇരുമ്പു കട്ടിലിന്മേൽ വന്നിരുന്നു. ശാരദയും കട്ടിലിന്മേൽ ഇരുന്ന് ചുറ്റുപാടും നോക്കുകയായിരുന്നു. നിറം മങ്ങിയ പ്ലാസ്റ്റർ അടർന്ന ചുമരുകൾ, ചെറിയ ജനൽ, പിന്നിലൂടെ പുറത്തേയ്ക്കുള്ള വാതിൽ, ഒരു മൂലയിൽ ഇട്ട പഴഞ്ചൻ മേശമേൽ ഒരു ജനത സ്റ്റൌ, കുറച്ച് അലുമിനിയപ്പാത്രങ്ങൾ. അടുക്കള വേറെയില്ലെന്നു വ്യക്തമായി. കക്കൂസും, കുളിമുറിയും?

'കക്കൂസും, കുളിമുറിയും എവിടെയാണ്?'

'കുളിമുറി പുറത്തുണ്ട്. കക്കൂസ് കുറച്ചപ്പുറത്താണ്. നാലുവീട്ടുകാർക്കുകൂടി ഒരു കക്കൂസാണ്.'

അവൾ ദീർഘമായി നിശ്വസിച്ചു.

ഓഫീസിലിരിക്കുമ്പോൾ രാജു ആലോചിച്ചു. രാവിലെ ശാരദയോട് കുറെക്കൂടി അടുപ്പമായി പെരുമാറാമായിരുന്നു. ഒരുപക്ഷെ അയാളുടെ സ്ഥിതി അവൾക്ക് മനസ്സിലാവും. അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെ ആരോട് പറയാനാണ്?

അയാൾ ചന്ദ്രനെ ഓർത്തു. അയാളുടെ പെരുമാറ്റം ഒരിയ്ക്കലും മനസ്സിലാവാത്തവിധം അവിശ്വസനീയമായിരുന്നു. ഒരുപക്ഷെ ഇതൊക്കെ ചന്ദ്രൻ ആലോചിച്ചുണ്ടാക്കിയ ഒരു തമാശ മാത്രമാണോ? വൈകുന്നേരം ചന്ദ്രൻ തന്റെ വീട്ടിലേയ്ക്ക് വരുന്നതും അവരേയും കൂട്ടി പുതിയ ഫ്‌ളാറ്റിലേക്കു പോകുന്നതും അയാൾ ഒരു മധുരസ്വപ്നംപോലെ കണ്ടു, അതോടെ ടെലിഫോണിന്റെ റിസീവർ എടുത്ത് ഡയൽ ചെയ്യാനും തുടങ്ങി.

മറുപുറത്തുള്ള സ്ത്രീശബ്ദം പരിചിതമാണ്.

'ചന്ദ്രൻ പ്ലീസ്.'

'രാജുവല്ലെ അത്.' മധുരസ്വരം ടെലിഫോണിലൂടെ വന്നു. 'കൺഗ്രാറ്റ്‌സ്. ഒരു മിനറ്റ്.'

'താങ്ക്‌യൂ.'

ചന്ദ്രന്റെ മേശയ്ക്കു മുമ്പിലെ ടെലിഫോൺ എക്‌സറ്റൻഷൻ അടിക്കുന്നത് രാജുവിന് കേൾക്കാം. പിന്നെ ചന്ദ്രൻ ടെലിഫോൺ പൊക്കിയപ്പോൾ ഓപ്പറേറ്ററുടെ ശബ്ദം.

'രാജു ഓൺ ദ ലൈൻ.'

'ഞാനിവിടെ ഇല്ലെന്നു പറയൂ.' ചന്ദ്രൻ പെട്ടെന്നു ഫോൺ വെച്ചു.

രാജു തളർന്നുപോയി ഇതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ടെലിഫോൺ ഓപ്പറേറ്ററും എന്താണ് പറയേണ്ടതെന്നറിയാതെ വിഷമിക്കുകയാണെന്ന് രാജുവിന് മനസ്സിലായി. അയാൾ പതുക്കെ ടെലിഫോൺ വെച്ചു.

അയാൾ ഓഫീസിൽ നിന്നിറിങ്ങി. ബസ്സ്‌സ്റ്റോപ്പിലേയ്ക്കു നടന്നു. താനൊരു വലിയ പ്രതിസന്ധിയിലകപ്പെട്ടിരിയ്ക്കയാണ്, അതിൽ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണം.

നേർത്തെ ആയ കാരണം ബസ്സുകൾ തിരക്കില്ലാതെയാണ് വന്നിരുന്നത്. അയാൾ പക്ഷെ ഒന്നിലും കയറിയില്ല. വീട്ടിലേയ്ക്ക് പോകാൻ വയ്യ. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. ചന്ദ്രന്റെ പെരുമാറ്റത്തിന് കാരണമാലോചിക്കാൻ പോലും വയ്യാത്തവിധം അയാൾ ക്ഷീണിച്ചിരുന്നു.

കടലിൽ നിന്നുള്ള കാറ്റ് തണുപ്പുള്ളതും ആശ്വാസപ്രദവുമായിരുന്നു. കുറച്ചുനേരം കടൽക്കരയിലൂടെ നടന്നപ്പോൾ അയാൾക്കു സമാധാനമായി. തിരിച്ചു വീട്ടിലേക്കു പേകാനായി ബസ്സിൽ നിൽക്കുമ്പോൾ ശാരദ എന്തു ചെയ്യുകയാവുമെന്നയാൾ ഓർത്തു.

ശാരദ പ്രസന്നവതിയായിരുന്നു.

'ഇത്ര നേർത്തെ എത്തിയോ? വൈകുമെന്നു പറഞ്ഞ കാരണം ഞാൻ ഒരുങ്ങിയതൊന്നുമില്ല.'

അവൾ അല്പം സങ്കോചത്തോടെ പറഞ്ഞു.

'ഞാൻ വേഗം പോയി കുളിച്ചിട്ടു വരാം.'

അവൾ പോകാനായി തിരിഞ്ഞു. അയാൾ പെട്ടെന്നവളെ തടഞ്ഞുനിർത്തി. അവളുടെ ചുമലിൽ പിടിച്ച് കണ്ണുകളിൽ നോക്കി അയാൾ ചോദിച്ചു.

'നീ ഇന്നു കരഞ്ഞുവോ?'

അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.

അവൾ തലയാട്ടി.

'ഇല്ലല്ലൊ. എന്തിനു കരയണം?'

'സത്യം പറയൂ.'

അവൾ ഒന്നും പറഞ്ഞില്ല. കണ്ണുകളിൽ ജലകണങ്ങൾ ഉരുണ്ടുകൂടുന്നത്, ആ ജലകണങ്ങളിൽ ജനലിന്റെ കമ്പിയഴികൾ പ്രതിഫലിക്കുന്നത് അയാൾ കണ്ടു. അയാൾ അവളെ പെട്ടെന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു. അവളെ എടുത്ത് കട്ടിലിൽ കിടത്തി.

'നോക്കു എന്നെ നാറുന്നുണ്ടാകും. ഞാൻ കുളിച്ചു വന്നിട്ടു മതി.'

'പോരാ.'

കട്ടിലിന്റെ കറ കറ ശബ്ദവും, മുറിയിൽ ചൂഴ്ന്നു നിൽക്കുന്ന മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അയാളറിഞ്ഞില്ല. അയാൾക്ക് വേണ്ടത് സ്നേഹത്തിന്റെ ചൂടായിരുന്നു.

അവളുടെ വിയർപ്പിന്റെ ഗന്ധം അയാളെ ഉത്തേജിപ്പിച്ചു. ആവേശം കൊണ്ട് അയാൾ അവളെ ശ്വാസം മുട്ടിക്കുകയായിരുന്നു.

അവൾ പറഞ്ഞു.

'ഒന്നു നിർത്തു.'

'ഉം? വേദനിക്കുന്നുണ്ടോ?'

'ഉം.'

'സാരമില്ല.'

അയാൾക്കു നിർത്താൻ കഴിയില്ല. നിർത്താൻ അയാൾ അശക്തനായിരുന്നു. സ്നേഹം തേടിയുള്ള ഈ യാത്രയിൽ, ഈ ഓട്ടത്തിൽ നിൽക്കുവാൻ സമയമില്ല.

തളർന്നു കിടന്നുകൊണ്ട് അയാൾ ചുറ്റും കണ്ണോടിച്ചു. മുറിയിലെ മാറാലയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

മുക്കിലെ മേശമേൽ പാത്രങ്ങളെല്ലാം അടുക്കിവെച്ചിരിക്കുന്നു. അതിനു ചുവട്ടിലെ കാലിക്കുപ്പികളൊന്നും കാണാനില്ല. നിലം വളരെ നിറം വെച്ചിരിക്കുന്നു. പാവം ശാരദ. പകൽ മുഴുവൻ അദ്ധ്വാനിക്കുകയായിരുന്നു. അവൾ ഉച്ചയ്ക്ക് വല്ലതും കഴിച്ചുവോ എന്നറിയില്ല. ചോദിക്കുവാനായി അയാൾ ഓങ്ങി. പക്ഷെ ചോദിച്ചില്ല.

ശാരദയും അയാൾ നോക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു.

'നോക്കു എത്ര കുപ്പികളാണുണ്ടായിരുന്നത്? ഇരുന്ന് കുടിക്കൽ തന്നെയായിരുന്നു പണി അല്ലെ?'

അയാൾ ചിരിച്ചു. അതെല്ലാം ചന്ദ്രന്റെ ഒപ്പമിരുന്ന് കുടിച്ചതാണെന്ന് അയാൾ ഓർത്തു.

'ഇനി കുടിക്കില്ലെന്നു സത്യം ചെയ്യു.'

'ചെയ്തു.' അയാൾ പറഞ്ഞു. അതെളുപ്പമാണെന്നയാൾ മനസ്സിലാക്കി. ഇനി അതിന്റെ ആവശ്യം വരില്ല.

അവൾ അയാളെ വരിഞ്ഞു ചുംബിച്ചു.' എനിയ്ക്കിപ്പോൾ യാതൊരു ദുഃഖവുമില്ല. ഈ വീടിന് എന്താണ് തരക്കേട്? ഈ ചുമരൊന്ന് വെള്ളയടിപ്പിക്കണം. വെള്ളയടിച്ചാൽത്തന്നെ കുറച്ചു വൃത്തിയാകും.'

അയാൾ എഴുന്നേറ്റ് ചുമർ ചാരിയിരുന്നു. സ്വന്തം നഗ്നത അയാൾക്കിഷ്ടപ്പെട്ടില്ല. അയാൾ ലുങ്കിയെടുത്ത് അരക്കെട്ടിലൂടെ ഇട്ടു. ശാരദ അയാളുടെ മടക്കിവെച്ച കാലുകൾക്കിടയിൽ കിടന്നു. അയാൾ പറഞ്ഞു.

'ശമ്പളം കിട്ടിയാൽ നമുക്കൊരു ഇരട്ടക്കട്ടിലും കിടക്കയും വാങ്ങണം. ഒരു ജോടി വിരിപ്പും. പിന്നെ സാവധാനത്തിൽ ആ മുക്കിൽ മേശയ്ക്കു ചുറ്റും ഒരു പാർട്ടിഷൻ ഉണ്ടാക്കണം. എന്നാൽ അതൊരു അടുക്കളയായി.

'ഈ ടേബിൾ ഫാൻ മാറ്റിയിട്ട് നമുക്കൊരു സീലിങ്ങ് ഫാൻ വാങ്ങണം. എല്ലാം കഴിയുമ്പോൾ....' അയാൾ തുടർന്നില്ല. എല്ലാം കൂടി കഴിയുമ്പോൾ ശാരദയ്ക്ക് ഇത്ര വിഷമം തോന്നില്ലെന്നും ജീവിതം കുറച്ചുകൂടി സുഖകരമാവുമെന്നും പറയാനാണ് അയാൾ വിചാരിച്ചത്. അതിനിടയ്ക്ക് പുറത്തു നിന്നു വരുന്ന ഓടയുടെ ഗന്ധവും സന്ധ്യയുടെ ഭൂതകാല സ്മരണകൾ ഉണർത്തുന്ന നിഴലുകളും അയാളിൽ ജീവിതവൈരുദ്ധ്യങ്ങളുടെ വഴിത്തിരിവിലെവിടെയോ വെച്ച് സ്നേഹം എന്ന വികാരം ആകസ്മികമായി നഷ്ടപ്പെട്ട സ്നേഹിതന്റെ തണുത്ത ഓർമ്മ ഉണ്ടാക്കി. അയാൾ നിശ്ശബ്ദനായി..

കലാകൗമുദി വാരിക - 1978