ഒരു കങ്ഫൂ ഫൈറ്റർ


ഇ ഹരികുമാര്‍

ഷേറാൻസ് ഒരു കങ്ഫൂ ഫൈറ്ററാണ്. രാജു അങ്ങിനെയാണ് പറഞ്ഞത്. അവന്റെ വിവരണങ്ങളിൽ നിന്ന് ഒരു പേടിപ്പെടുത്തുന്ന ചിത്രമാണ് കിട്ടുന്നത്. രാജു വൈകുന്നേരം സ്‌ക്കൂൾവിട്ടു വന്നാൽ പുസ്തകസഞ്ചിയും വാട്ടർ ബോട്ടിലും വലിച്ചെറിഞ്ഞ് എന്റെ മുമ്പിൽ ചാടി വീഴുന്നു. കാൽമുട്ട് അൽപം മടക്കി കുറച്ച് കുനിഞ്ഞ് കൈമുഷ്ടികൊണ്ട് എനിയ്ക്കു ഒരിടി സമ്മാനിക്കുന്നു. എനിയ്ക്ക് നല്ലവണ്ണം വേദനിക്കുമെങ്കിലും ഞാൻ വേദനയൊന്നുമില്ലെന്ന് ഭാവിക്കുന്നു. ഞാൻ അച്ഛനും അവൻ മകനുമാണ്. ആറു വയസ്സുള്ള മകൻ.

''വേദനയില്ലെ?'' അവൻ ചോദിക്കുന്നു.

''ഉംഉം. ഇതൊക്കെ ഒരിടിയാണോ?''

''ഞാൻ കാണിച്ചുതരാം.''

അവൻ നിന്നിടത്തുനിന്ന് ഒരു ചാട്ടവും എന്റെ പുറത്ത് രണ്ടാമതൊരിടിയും.

''അയ്യോ വേദനയുണ്ട്,'' ഞാൻ അലറുന്നു. എനിയ്ക്ക് ദ്വേഷ്യം പിടിക്കുന്നു. അവന് രണ്ടാമത് ഇടിക്കേണ്ട കാര്യമൊന്നുമില്ല.

''ആ, ഇങ്ങിനെയാണ് ഷേറാൻസ് ഇടിക്കുക. കങ്ഫൂ ഫൈറ്റിങ്ങാണ്.''

ഇവൻ ഷേറാൻസിനെ അനുകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. അതുതന്നെ ഇത്ര ഉഗ്രം. അപ്പോൾ ഷേറാൻസിന്റെ ഒറിജിനൽ ഇടി എന്തായിരിക്കും സ്ഥിതി?

ഷേറാൻസ് നടന്നുവരുമ്പോൾ മറ്റുകുട്ടികൾ ഓടി ഒളിക്കുന്നു. അവന്റെ മുമ്പിൽ ആരും ശ്വാസം വിടാറില്ല. ക്ലാസ് മിസ്സിനും കൂടി അവനെ പേടിയാണ്. അവൻ രാജുവിന്റെ ഫ്രണ്ടാണ്. എനിയ്ക്കും അവന്റെ അമ്മയ്ക്കും ആശ്വാസമായി. ഷേറാൻസിന്റെ തണലിൽ നിൽക്കുന്ന ഇവനെ ആരും തൊടില്ലല്ലൊ.

ഒരിക്കൽ ഏതോ ഒരു കുട്ടി രാജുവിനെ ചവുട്ടി എന്ന കുറ്റത്തിന് ഷേറാൻസ് ആ കുട്ടിയുടെ മുഖത്ത് മാന്തി ചോര പൊട്ടിച്ചിട്ടുണ്ട്. എനിയ്ക്ക് സ്വകാര്യമായി സന്തോഷം തോന്നി, അതു കേട്ടപ്പോൾ. പക്ഷെ പറഞ്ഞത് മറിച്ചായിരുന്നു.

''ആ കുട്ടിയൊന്ന് ചവുട്ടി എന്നുവെച്ച് അവന്റെ മുഖത്ത് മാന്താനൊക്കെ പാട്വോ?''

''ഷേറാൻസ് എന്റെ ഫ്രണ്ടാണ്.''

''അതുകൊണ്ട്?''

''എന്നെ ആരെങ്കിലും ഉപദ്രവിച്ചാൽ ഷേറാൻസ് അവരേയും ഉപദ്രവിക്കും.''

ഷേറാൻസിനെ കാണാൻ താൽപര്യമായി ഒരു ദിവസം ഞാനും ഭാര്യയും മകന്റെ സ്‌ക്കൂളിൽ പോയി. ക്ലാസ്സിൽ വരുന്നുണ്ടെന്ന് രാജുവിനോട് പറഞ്ഞില്ല. പറഞ്ഞാൽ അവൻ സമ്മതിക്കില്ല. ഡാഡി സ്‌ക്കൂളിൽ വരേണ്ട എന്നാണ് അവൻ പറയുന്നത്. മമ്മി മാത്രം വന്നാൽ മതിയത്രെ.

''എന്താണ് കാരണം.''

''ഡാഡിയെ കാണാൻ ഒരു ഭംഗിയുംല്ല്യ.''

ഡാഡി തളരുന്നു.

''എന്താ മോൻ പറയുന്നത് ഡാഡിയെ കാണാൻ നല്ല ഭംഗിണ്ടല്ലൊ.'' അമ്മ.

''ഇല്ല ഒരു ഭംഗീംല്ല്യാ. മമ്മി മാത്രം വന്നാൽ മതി സ്‌ക്കൂളിലേക്ക്.''

''മമ്മിയെ കാണാൻ ഭംഗീണ്ടോ?''

''ഉം.''

പിന്നെ മമ്മി ഇല്ലാത്ത അവസരത്തിൽ ഞാൻ രാജുവിനോട് ചോദിക്കുന്നു. ''എന്താണ് ഡാഡിയെ ഭംഗിയില്ലെന്നു പറയാൻ കാരണം?''

''ഡാഡിക്കു വയസ്സായിരിക്കുന്നു. പിന്നെ തലമുടീം മീശയും ഒന്നും ഭംഗിയില്ല. തനായിയുടെ ഡാഡിയെ കാണാൻ നല്ല ഭംഗിണ്ട്.''

അപ്പോൾ അങ്ങിനെയാണ് സംഗതി. അതുകൊണ്ട് സ്‌ക്കൂളിൽ രണ്ടുപേരുംകൂടി പോകുന്നകാര്യം അവനോട് പറഞ്ഞില്ല. ഓഫീസിൽ പോയി ഫീസു കൊടുത്ത് ക്ലാസ്സിലേക്കു നടന്നു. ക്ലാസ്സിൽ രാജൂവിനെ തിരിച്ചറിയാൻ കുറച്ച് മിനക്കെടേണ്ടിവന്നു. യൂനിഫോമിൽ എല്ലാ കുട്ടികളും ഒരേപോലെ തോന്നിച്ചു. രാജു ശബ്ദമുണ്ടാക്കാതെ ഞങ്ങളെ നോക്കുകയായിരിക്കും. എല്ലാവരുടെയും നോട്ടം ഞങ്ങളുടെ നേരെയായിരുന്നു. അതിനിടയ്ക്ക് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു.

''രാജൂ തുമാര മമ്മി ആയി ഹെ.''

നോക്കിയപ്പോൾ രാജു പെട്ടെന്ന് ഡസ്‌കിന്നടിയിലേക്ക് നൂഴുന്നത് കണ്ടു.

ഇടവേളയിൽ അവനെ വിളിച്ചു ചോദിച്ചു.

''ഏതാണ് ഷേറാൻസ്?''

രാജു കുറച്ചകലെ ഞങ്ങളെ നോക്കി നിന്നിരുന്ന ഒരു കുട്ടിയെ ചൂണ്ടിക്കാട്ടി. രാജു ചൂണ്ടിക്കാട്ടിയപ്പോൾ നാണം തോന്നി, അവൻ ഓടിപോയി.

''ഇതാണ് ഷേറാൻസ്?'' ഞാൻ ഭാര്യയോട് പറഞ്ഞു. ''എത്ര ചെറിയ കുട്ടി! മോന്റെ അത്ര തന്നെയെയുള്ളു.''

''അതു നന്നായി.'' അവൾ പറഞ്ഞു. ''പിന്നെ എത്ര വലുതാണെന്നാണ് വിചാരിച്ചത്.''

ഇവൻ എങ്ങിനെയാണ് കങ്ഫൂഫൈറ്ററാവുന്നത്?

എന്റെ മനസ്സിൽ നല്ല തടിയും ഉറച്ച മാംസപേശികളുമുള്ള ഒരു രൂപമാണുണ്ടായിരുന്നത്. ഞാനെന്തു വിഡ്ഢിയാണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെപ്പറ്റി ഞാൻ എന്താണ് വിചാരിച്ചിരുന്നത്?

അങ്ങിനെ ഷേറാൻസ് എന്ന കങ് ഫൂ യുദ്ധക്കാരൻ, ഒരു ക്ലാസിനെയാകെ കിടിലം കൊള്ളിച്ചിരുന്ന ഗാങ്ങ്സ്റ്റർ വെറും ഒരു മെലിഞ്ഞ കുട്ടിയായി മാറി. നഷ്ടം എന്റേതുതന്നെ. ഞാനന്ന് സ്‌ക്കൂളിൽ പോകാൻ പാടില്ലായിരുന്നു.

രാജുവിന്റെ കങ്ഫൂഫൈറ്റിങ്ങ് സ്പിരിറ്റ് എന്റെ ഭാഗ്യംകൊണ്ട് അധികനാൾ നീണ്ടുനിന്നില്ല. ഇപ്പോൾ അവൻ പറയുന്നത് വേറൊരു കുട്ടിയെപ്പറ്റിയായിരുന്നു. റോമിദ്. റോമിദ് പാട്ടുകാരനാണ്. അവൻ അമിതാഭ്ബച്ചനെ പോലെ നന്നായി പാടും.

''അമിതാഭ് ബച്ചൻ പാട്ടു പാടാറില്ലല്ലൊ.'' ഞാൻ പറയുന്നു.

''പിന്നെ? അമിതാഭ് ബച്ചൻ പാടാറുണ്ടല്ലൊ. ദോ ഔർ ദോ പാഞ്ചിൽ പാടിയിട്ടില്ലെ? തുനെ അഭിദേഖാനഹി എന്ന പാട്ട്?''

''അത് അമിതാഭല്ല. കിഷോർകുമാറാണ് പാടുന്നത്.''

അവന് വിശ്വാസമായില്ല. സിനിമയിൽ അമിതാഭു തന്നെയാണ് പാടുന്നത്. കിഷോർകുമാർ വേണമെങ്കിൽ വേറെ പാടിയിട്ടുണ്ടാകും. റോമിദ് എത്ര നന്നായിട്ടാണെന്നറിയ്വോ പാടുക.

പെട്ടെന്ന് മനസ്സിൽ ഉയർന്നു വന്ന ചിത്രം സ്റ്റേജിൽ മൈക്കും പിടിച്ച് ഡാൻസു ചെയ്തുകൊണ്ട് പാട്ടു പാടുന്ന ഒരാളായിരുന്നു. കങ്ഫൂഫൈറ്ററുടെ ഓർമ്മ വന്നപ്പോൾ ആ ചിത്രം താനെ മാഞ്ഞുപോയി. ഞാൻ രാജുവിന്റെ കണ്ണിൽക്കൂടിയെ അവന്റെ സ്‌നേഹിതന്മാരെ നോക്കാൻ പാടുള്ളു.

''റോമിദ് ഇന്ന് ക്ലാസ്സിൽ ഷേറിന്റെ പാട്ടുപാടി. ''

''ഷേറിന്റെ പാട്ടോ?''

''അതെ. അമിതാഭ്ബച്ചൻ പാടിയ പാട്ട്. നട്ട്‌വർലാലിൽ ഇല്ലെ ആ പാട്ട്.''

''ഓ അതോ? സിംഹത്തെ നായാടാൻ പോയ കഥ. അതൊരു പാട്ടാണോ?''

''ഉം. എത്ര നല്ല പാട്ട്. റോമിദ് അതെത്ര നന്നായി പാടിയെന്നറിയ്വോ?''

റോമിദിനെപ്പറ്റി അവന്റെ പ്രശംസക്കതിരില്ല. കുറെ ദിവസത്തേക്ക് റോമിദ് മാത്രമായിരുന്നു സംസാരവിഷയം. സ്‌ക്കൂളിൽ നിന്നു വന്നാൽ തുടങ്ങി ഉറങ്ങാൻ കിടക്കുന്നതുവരെ റോമിദ് എന്ന പാട്ടുകാരൻ നൂറുകണക്കിന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാടുന്നു. പുതിയ ഹിറ്റ്‌സോങ്ങ്‌സ് ഓരോന്നോരോന്നായി കാതിൽ വന്നലയ്ക്കുന്നു. അതിൽ കിഷോർ കുമാറുണ്ട്, യേശുദാസുണ്ട്, റാഫിയുണ്ട്.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം അവൻ റോമിദിനെപ്പറ്റി പറയുന്നില്ല. അവൻ അവന്റെ ക്രയോൺ സെറ്റ് കയ്യിലെടുത്ത് എന്തോ അന്വേഷിച്ചു നടക്കുകയായിരുന്നു. പാട്ടുകളില്ല. ശബ്ദമില്ല. ഞാൻ കുറച്ച് അസ്വസ്ഥനാവുന്നു. എവിടെയാണ് കുഴപ്പം? അവസാനം ക്ഷമ കെട്ടപ്പോൾ അന്വേഷിക്കുന്നു.

''ഇന്ന് റോമിദ് പാടിയില്ലെ?''

അവന് കേട്ട ഭാവമില്ല. അവൻ മേശമേൽ തപ്പുകയായിരുന്നു. പുസ്തകങ്ങൾ മറിച്ചു നോക്കുന്നു. അവസാനം അവന്റെ നോട്ട്ബുക്കിൽ നിന്ന് ഒരു ഏട് ചീന്തിയെടുക്കാൻ നോക്കുന്നു.

''പുസ്തകത്തിൽ നിന്ന് ഏട് ചീന്തരുതെന്ന് പറഞ്ഞിട്ടില്ലെ?'' ഞാൻ ഒച്ചയെടുക്കുന്നു.

അവൻ ചീന്തുന്നതു നിർത്തി. പക്ഷെ കൈ പുസ്തകത്തിൽത്തന്നെ. മുഖത്തു കള്ളത്തരമുണ്ട്. എന്റെ കണ്ണുകൾ മാറിയാൽ പെട്ടെന്ന് ഏടു ചീന്തിയെടുത്ത് അവിടെ നിന്ന് രക്ഷപ്പെടാമെന്നഭാവം.

''എന്തിനാണ് കടലാസ്?''

''എനിക്ക് ചിത്രം വരക്കാനാണ്.''

''നിന്റെ ഡ്രോയിംഗ് ബുക്ക് എവിടെ?''

''അത് ക്ലാസ്സിൽ നിന്നു വരക്കാനല്ലെ? എനിയ്ക്കു വീട്ടിൽ നിന്നും വരക്കണം. എനിയ്ക്ക് വേറൊരു ഡ്രോയിംഗ് ബുക്ക് വാങ്ങിത്തരു.''

''വാങ്ങിത്തരാം.'' ഞാൻ സമ്മതിച്ചു.

രാജു പുസ്തകത്തിൽനിന്ന് കൈയ്യെടുത്തു. പക്ഷെ അരമണിക്കൂറിനുള്ളിൽ ഞാൻ അവന്റെ കയ്യും പിടിച്ച് പുസ്തകപ്പീടികയിലേക്ക് നടക്കുകയായിരുന്നു. പിന്നെ കുറെ ദിവസത്തേക്ക് വീട്ടിൽ എവിടെ നോക്കിയാലും മൃഗങ്ങളാണ്. പൂച്ചകൾ, എലികൾ, നായ്ക്കൾ, മുയലുകൾ. അങ്ങിനെയാണ് തനായി എന്ന ചിത്രകാരനെപ്പറ്റി അറിയാനിടയായത്. തനായ് ഭയങ്കര ചിത്രകാരനാണ്. എത്ര നന്നായിട്ടാണെന്നറിയ്യോ ചിത്രം വരക്ക്യാ? ഷേറിന്റെ ചിത്രം വരച്ചാൽ ശരിക്കുംള്ള ഷേറാണെന്നു വിചാരിക്കും.

അവൻ സിംഹത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. സിംഹമാണ് അവന്റെ ഫേവറിറ്റ് മൃഗം.

''ഷേറിന് ഒരു എലിഫെന്റിനെ അടിക്കാൻ പറ്റുമോ?''

''ഷേറല്ലെ കാട്ടിലെ രാജാവ്? അപ്പോൾ ഷേറിന് ഒരു കൊട്ടാരംണ്ടാവില്ല്യെ?''

''ഛീ വിഡ്ഢിത്തം പറയാതിരിക്കു. സിംഹം താമസിക്കുക വല്ല ഗുഹയിലുമായിരിക്കും. കൊട്ടാരമെല്ലാം മനുഷ്യരാജാക്കന്മാർക്കുള്ളതാണ്.''

രാജുവിന്റെ മുഖം മങ്ങി.

''അപ്പോൾ ശരിക്കും ഷേറിന് കൊട്ടാരംണ്ടാവില്ലെ?''

''ഇല്ല.''

അവൻ നിരാശനായി. അപ്പോൾ അവന്റെ ഭാവനയിലെ കൊട്ടാരം നശിപ്പിച്ചതിൽ എനിയ്ക്ക് വിഷമം തോന്നി. ഒരു സിംഹത്തിന് കൊട്ടാരമുണ്ടാകുന്നുവെങ്കിൽ എന്താണതിൽ തെറ്റ്? പ്രത്യേകിച്ചും അതൊരു കുട്ടിയുടെ ഭാവനയ്ക്ക് നിറം കൊടുക്കുകയാണെങ്കിൽ!

''തനായ് ഷേറിനെ നന്നായി വരക്കും.'' രാജു ആലോചിച്ചുകൊണ്ട് പറഞ്ഞു. ''എനിയ്ക്ക് അങ്ങിനെ വരക്കാൻ പറ്റില്ല. തനായ് ഷേറിന്റെ കൊട്ടാരവും വരക്കും.''

പിന്നെ ദിവസവും അവനെപ്പറ്റിയുള്ള വർണ്ണന മാത്രമേയുള്ളു. അതാണ് തനായ് എന്ന ചിത്രകാരന്റെ മഹിമ.

രാജുവിന്റെ ക്രയോൺ കഷ്ണങ്ങളായി കാപ്‌സ്യൂളുകൾ പോലെ അവിടവിടെ കിടന്നു. ഡ്രോയിംഗ് പുസ്തകത്തിന്റെ ഏടുകൾ വിമാനങ്ങളും കപ്പലുകളുമായി മാറി. ശേഷിച്ച പേജുകളിൽ അപൂർണ്ണരായ സിംഹങ്ങളും അവയുടെ പണി തീരാത്ത കൊട്ടാരങ്ങളും ചിതറിക്കിടന്നു.

''നമ്മുടെ മകൻ എന്തായാലും ഒരു ചിത്രകാരനാവില്ല.'' ഞാൻ പറഞ്ഞു.

''ഉം? എന്താ കാരണം?''

ഭാര്യ ഡ്രോയിംഗ് പുസ്തകത്തിലെ പേജുകളൊന്നിൽ നോക്കി പറയുന്നു.

''ഈ പൂച്ചയെ കാണാൻ നല്ല ഭംഗിയുണ്ടല്ലൊ. കണ്ടില്ലെ അതിനൊരു വീടും പണിതിരിക്കുന്നു.''

''അതവൻ സിംഹത്തെ വരച്ചതാണ്.''

''ഓ!''

ക്രമേണ തനായി എന്ന ചിത്രകാരനും അപ്രസക്തിയുടെ മറവിലേക്ക് നീങ്ങിയപ്പോൾ ഞാൻ വീർപ്പടക്കി നിന്നു. ഇനി എന്താണ് സംഭവിക്കുക എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അവൻ പറഞ്ഞു.

''ഡാഡി എനിക്കൊരു കാറ് വേണം.''

''നിനക്ക് കുറെ കാറുകളുണ്ടല്ലൊ. ഇനി വാങ്ങാനൊന്നും പറ്റില്ല.''

''അങ്ങിനത്തെ കാറല്ല. ഇതാ ഇങ്ങനെ ഓണാക്കി വിട്ടാൽ ചുമരിന്റെ അവിടെ എത്തിയാൽ ആട്ടോമാറ്റിക്കായി തിരിച്ചുവരും. അതുപോലെ മേശമേൽ വെച്ച് ഓടിച്ചാൽ അരികിലെത്തിയാലും ആട്ടോമാറ്റിക്കായി തിരിച്ചുവരും. വീഴുകയേയില്ല.''

''അങ്ങിനത്തെ കാറ് ഇവിടെ കിട്ടില്ല മോനെ.'' ഞാൻ പറഞ്ഞു.

''തപാസിന്റെ കയ്യിലുണ്ടല്ലൊ അങ്ങിനത്തെ കാറ്.''

''അതവന് ആരെങ്കിലും ഇന്ത്യയ്ക്കു പുറമെ നിന്ന് വാങ്ങിക്കൊടുത്തതായിരിക്കും.''

''തപാസിന്റെ വീട്ടിൽ അങ്ങിനത്തെ എത്ര കാറുകളാണുള്ളത്. പിന്നെ ബാറ്ററികൊണ്ട് ഓടുന്ന ട്രെയിനും ഉണ്ട്.''

അപ്പോൾ രാജു തപാസിന്റെ ക്ഷണപ്രകാരം അവന്റെ വീട്ടിലും പോയിരിക്കുന്നു.

''നമുക്ക് പീടികയിൽ പോയി നോക്കാം.'' അവൻ പറഞ്ഞു. ''ചെറിയ ഫോറിൻ കാറൊക്കെ കിട്ടുന്നുണ്ടല്ലൊ അവിടെ. അപ്പോൾ ഈ കാറും കിട്ടുംന്നാണ് തോന്നണത്.''

ചുമരരുക്കിൽ എത്തിയാൽ തിരിഞ്ഞ് ഓടുന്ന ഒരു ആട്ടോമാറ്റിക് കാർ എന്റെയും മകന്റെയും ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഞാൻ അവനെയും കൂട്ടി പീടികകൾ കയറിയിറങ്ങിയപ്പോൾ അവൻ പറഞ്ഞു.

''ക്ഷീണിച്ചു. നമുക്കൊരു തമ്പ്‌സപ്പ് കുടിക്ക്യാ.''

ഗവാസ്‌കർ കുടിക്കുന്ന പാനീയമായതു കൊണ്ടു മാത്രം തമ്പ്‌സപ്പ് കുടിക്കാൻ ഞാൻ തയ്യാറില്ലായിരുന്നു. ഞാൻ പറഞ്ഞു.

''നീ കുടിച്ചോ.''

തമ്പ്‌സപ്പ് സ്റ്റ്രോവിൽക്കൂടി കുടിച്ചുകൊണ്ടിരിക്കെ അവൻ മുഖമുയർത്തി പറഞ്ഞു.

''ഒരു പക്ഷെ ആട്ടോമാറ്റിക് കാറുകൾ കോസ്റ്റ്‌ലിയായിരിക്കും. അതാണ് ഈ പീടികക്കാർ വെക്കാതിരിക്കുന്നത്.''

മകന്റെ സാമ്പത്തിക ശാസ്ത്രത്തിലുള്ള അറിവിൽ ഞാൻ അഭിമാനിച്ചു. എന്തായാലും പിന്നീട് ആ കാറിനെപ്പറ്റി അവൻ സംസാരിച്ചിട്ടില്ല. അവന്റെ ചെറിയ കാറുകൾ ചുമരരുക്കുവരെ കൊണ്ടു ചെന്ന് കൈകൊണ്ടു തന്നെ തിരിച്ച് ഓടിച്ച് അവൻ തൃപ്തിയടഞ്ഞു.

ക്രമേണ അവൻ നിശ്ശബ്ദനായി. രാജുവിന്റെ മാറ്റം ഞാൻ ശ്രദ്ധിച്ചു.

ഇപ്പോൾ അവൻ കങ്ഫൂഫൈറ്റിങ്ങിനെപ്പറ്റി പറയാറില്ല. റോമിദ് എന്ന പാട്ടുകാരനെപ്പറ്റി പറയാറില്ല, തനായി എന്ന ചിത്രകാരനെപ്പറ്റി പറയാറില്ല, തപാസിന്റെ ആട്ടോമാറ്റിക്ക് കാറുകളെപ്പറ്റി പറയാറില്ല. വൈകുന്നേരം വന്നാൽ വെറുതെ എവിടെങ്കിലും ഇരിക്കും. എപ്പോഴും എന്തെങ്കിലും ആലോചിച്ചുകൊണ്ടിരിക്കും. അവൻ ക്ഷീണിച്ചു വരുന്നുണ്ടായിരുന്നു.

''അവന്റെ വയറ്റിൽ വിരയുണ്ടെന്നാണ് തോന്നണത്.'' ഭാര്യ പറഞ്ഞു. ''നമുക്ക് മരുന്ന് കൊടുത്ത് നോക്കാം.''

മരുന്നുകൊണ്ട് ഫലമൊന്നുമുണ്ടായില്ല. ഡോക്ടറെ കാണിച്ചപ്പോൾ അയാൾ വെറുമൊരു ടോണിക് എഴുതിക്കൊടുക്കുക മാത്രമെ ചെയ്തുള്ളു.

''അവൻ വേണ്ടപോലെ ഭക്ഷണം കഴിക്കുന്നില്ലെ?'' ഞാൻ ചോദിച്ചു.

''ഉണ്ടല്ലൊ. ഉച്ചയ്ക്ക് അഞ്ചുചപ്പാത്തി കൊണ്ടുപോകുന്നുണ്ട്. അവൻ തന്നെയാണ് ചപ്പാത്തി ലഞ്ചു ബോക്‌സിലാക്കുന്നത്. വൈകുന്നേരം വരുമ്പോൾ ബോക്‌സ് കാലിയാണ്.''

രാത്രി അവൻ സ്വതവെ അധികം ഭക്ഷണം കഴിക്കാറില്ല. പക്ഷെ ഉച്ചയ്ക്ക് അവൻ അഞ്ചു ചപ്പാത്തി കഴിക്കുന്നുണ്ടെന്നു പറഞ്ഞത് കുറച്ച് അത്ഭുതമുണ്ടാക്കുന്നതാണ്. എവിടെയോ പിശകുണ്ട്. ഞാൻ ചോദിച്ചു.

''നീ എത്ര ചപ്പാത്തി തിന്നാറുണ്ട് ഉച്ചയ്ക്ക്?''

''ഫൈവ് ചപ്പാത്തി.''

''ഫൈവ് ചപ്പാത്തി തിന്നുന്ന തടിയൊന്നും കാണുന്നില്ലല്ലൊ നിന്റെ ദേഹത്ത്?''

''ഉം? ഞാൻ നല്ല തടിണ്ടല്ലൊ. മുഹമ്മദാലിയെപ്പോലെയുണ്ടല്ലൊ ഞാൻ.''

അവൻ കയ്യിന്റെ മസിലുകൾ ഉയർത്തിക്കാണിച്ചു. ഞാൻ പേടിയഭിനയിച്ചു. അവൻ വീണ്ടും മുഹമ്മദാലിയെപ്പറ്റി പറയുമെന്നും, അവന്റെ മൌനത്തിനൊരറുതി വരുമെന്നും ഞാൻ വിചാരിച്ചു. പക്ഷെ അവൻ വീണ്ടും നിശ്ശബ്ദനായി. കുറെ നേരം ആലോചിച്ചശേഷം അവൻ ചോദിച്ചു.

''ഡാഡി എന്താണ് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തത്?''

അറിവിന്റെ ആരംഭം. ഞാൻ ആലോചിച്ചു. ഇവൻ വല്ല ബോധിവൃക്ഷത്തിന്റെയും താഴെക്കൂടി നടന്നുവോ?

മുഹമ്മദാലിയുടെ തടിയുടെ രഹസ്യം മനസ്സിലാവുന്നത് ഭാര്യ ഒരു ദിവസം സ്‌ക്കൂളിൽ പോയപ്പോഴാണ്. ലഞ്ചു സമയമായിരുന്നു. കുട്ടികളെല്ലാം അവരവരുടെ സ്ഥാനത്തിരുന്ന് കൊച്ചു ലഞ്ചു ബോക്‌സുകൾ തുറന്ന് ഭക്ഷണം കഴിക്കുന്നു. നോക്കുമ്പോൾ നമ്മുടെ കൊച്ചുമുഹമ്മദാലിയുണ്ട് ഒരരുകിലിരുന്ന് ചപ്പാത്തി കടിച്ചുതിന്നുന്നു. മുമ്പിൽ ഒരു മെലിഞ്ഞ് ഇരുണ്ട കുട്ടിയും. അവനും തിന്നുന്നത് മകന്റെ ബോക്‌സിൽ നിന്നുതന്നെയാണ്.

അമ്മയെ കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരപരാധബോധം. അവൻ പെട്ടെന്ന് മറ്റെ കുട്ടിയെ തട്ടിമാറ്റി. അവനുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ ഭക്ഷണം തുടർന്നു. മറ്റെ കുട്ടിയാകട്ടെ സ്‌നേഹിതന്റെ അമ്മ ഒരു ഭീഷണിയായ് തലക്കു മുകളിൽ തൂങ്ങിക്കിടക്കുന്നതു കാണാത്തതു കാരണം ഒന്നും മനസ്സിലാവാതെ അന്തം വിട്ട് ഇരിക്കുകയാണ്.

ക്ലാസ് മിസ്സാണ് അതു പറഞ്ഞത്. രാജു എന്നും അവന്റെ ലഞ്ച് ബൻസിയുമായി പങ്കിടാറുണ്ട്. പാവം കുട്ടിയാണ്. ഇവിടത്തെ പ്യൂണിന്റെ മകനാണ്. അവൻ മാത്രമേ കുറച്ച് പാവമായിട്ടുള്ളു ഈ സ്‌ക്കൂളിൽ. മറ്റെല്ലാവരും ഒരു മാതിരി പണമുള്ളവരുടെ മക്കളാണ്. രാജുവിനു മാത്രമെ അവനോട് കുറച്ച് ദയ കണ്ടിട്ടുള്ളു. മറ്റുള്ളവരെല്ലാം അവനെ ഉപദ്രവിക്കുകയെ ചെയ്യാറുള്ളു.

വൈകുന്നേരം മകന്റെ ദയാശീലത്തെപ്പറ്റി കേട്ടപ്പോൾ എനിയ്ക്ക് ദേഷ്യം പിടിക്കുകയാണുണ്ടായത്. കാരണം അവൻ എന്നോട് നുണ പറഞ്ഞു. ഞാൻ അവനെ വിളിച്ചു ചോദിച്ചു.

''നീ എത്ര ചപ്പാത്തി തിന്നാറുണ്ടെന്നാണ് എന്നോടു പറഞ്ഞത്?''

അവന് ഭയമായി. അവൻ സംശയിച്ചുകൊണ്ട് പറഞ്ഞു.

''ഫൈവ്.''

''നീ ഫൈവ് ചപ്പാത്തി തിന്നാറുണ്ടൊ?''

മമ്മി അവനെ വിറ്റുവെന്ന് മനസ്സിലായപ്പോൾ അവൻ പറഞ്ഞു.

''ഇല്ല.''

''പിന്നെ എത്ര ചപ്പാത്തിയാണ് തിന്നാറ്?''

''വൺ ചപ്പാത്തി.''

''ഒന്നോ?''

ഞാൻ ഞെട്ടി. അതു ഞാനും പ്രതീക്ഷിച്ചില്ല. അവൻ ഒരു ചപ്പാത്തി തിന്ന്, ബാക്കി നാലെണ്ണം ആ കുട്ടിക്ക് കൊടുക്കുകയായിരുന്നു. അവൻ മെലിയുന്നതിൽ എന്താണ് അത്ഭുതം?

എനിയ്ക്ക് പെട്ടെന്ന് ദേഷ്യം പിടിച്ചു. ഇവൻ എന്നോട് നുണ പറയുകയായിരുന്നു. ഞാൻ അടുത്തു കണ്ട ഒരു സ്‌കെയിലെടുത്ത് അവനെ അടിക്കാൻ തുടങ്ങി. രാജു വേദനകൊണ്ട് പുളഞ്ഞു. ദേഷ്യം ശമിച്ചപ്പോൾ അടിനിർത്തി അവനോട് ചോദിച്ചു.

അങ്ങിനെ കൊടുക്കണമെന്നു തോ ന്നിയാൽ നിനക്ക് ഒന്നോ രണ്ടോ ചപ്പാത്തി മാത്രം കൊടുത്ത് ബാക്കി തിന്നാമായിരുന്നില്ലെ? എന്തിനാണ് നാലെണ്ണം കൊടുക്കുന്നത്?

അവൻ ഒന്നും പറഞ്ഞില്ല.

''നീ കേൾക്കുന്നുണ്ടോ?'' ഞാൻ ക്രുദ്ധനായി ചോദിച്ചു. ''എന്തിനാണ് നാലെണ്ണം കൊടുത്തത്?''

''ഡാഡി അടിക്ക്വോ?'' അവൻ വിറച്ചുകൊണ്ട് ചോദിച്ചു.

''ഇല്ല പറയു.''

''എനിയ്ക്ക് വൈകുന്നേരം വന്നാലും ഭക്ഷണം കഴിച്ചുകൂടെ? ബൻസിക്ക് വീട്ടിൽനിന്ന് ഒന്നും കിട്ടില്ല്യാത്രെ.... പിന്നെ എല്ലാ കുട്ടികളും അവനെ ഉപദ്രവിക്കുന്നുണ്ട്. അവൻ പാവാണ്.''

രാജു വീണ്ടും കരയാൻ തുടങ്ങി. ഇങ്ങിനെ ഒരു പര്യവസാനം ഞാൻ പ്രതീക്ഷിച്ചില്ല. അവൻ തേങ്ങിത്തേങ്ങി കരയുകയായിരുന്നു.

''നീ എന്തിനാണ് കരയണത്?''

അവൻ വീണ്ടും വീണ്ടും തേങ്ങിക്കരയുകയായിരുന്നു.

പെട്ടെന്ന് എനിക്ക് എന്നെത്തന്നെ ഓർത്ത് ലജ്ജ തോന്നി.

ഷേറാൻസ് എന്ന കങ്ഫൂ ഫൈറ്ററെപ്പറ്റിയും, റോമിദ് എന്ന പാട്ടുകാരനെപ്പറ്റിയും, തനായ് എന്ന ചിത്രകാരനെപ്പറ്റിയും, തപാസ് എന്ന കാറുടമസ്ഥനെപ്പറ്റിയും വാ തോരാതെ പറഞ്ഞിരുന്ന രാജു, ഈ പാവപ്പെട്ട കുട്ടിയോടുള്ള സ്‌നേഹം മനസ്സിൽ ഒരു സ്വകാര്യമായി സൂക്ഷിച്ചു. സഹജീവിയോടുള്ള അവന്റെ സ്‌നേഹത്തിന് സമ്മാനമായാണ് ഞാൻ അവനെ അടിച്ചത്. എനിയ്ക്ക് വളരെ വ്യസനം തോന്നി.

പിന്നെ അടിച്ചതിന് നഷ്ടപരിഹാരമായി ഒരു കളിസ്സാമാനം വാങ്ങാൻ എന്റെ കയ്യും പിടിച്ച് പീടികകൾ കയറിയിറങ്ങുമ്പോൾ അവൻ പറഞ്ഞു.

''വലുതാവുമ്പോൾ എനിക്കൊരു കങ്ഫൂഫൈറ്ററാവണം.''

അവൻ അപ്പോൾ അതു പറയാൻ എന്താണ് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാൻ പറഞ്ഞു.

''മനസ്സിൽ നീ ഇപ്പോൾത്തന്നെ ഒരു കങ്ഫൂഫൈറ്ററാണല്ലൊ.''

കലാകൗമുദി - ഒക്ടോബര്‍ 26, 1980