പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ


ഇ ഹരികുമാര്‍

വാതിലിൽ മുട്ടു കേട്ടാൽ അതാരാണെന്ന് അയാൾക്കറിയാം. രാജി ബെല്ലടിക്കാറില്ല, പതിയെ വാതിലിന്മേൽ മുട്ടി ശബ്ദമുണ്ടാക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളായി അവളുടെ അമ്മ പ്രത്യേകം പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളതാണത്. 'സാറ് ഒറങ്ങുമ്പോ ശല്യം ചെയ്യരുത്, ഒട്ടും ശബ്ദമുണ്ടാക്കരുത്.' തന്റെ മകൾ സ്‌കൂൾ വിട്ടു വരുമ്പോൾ കുറച്ചു ഭക്ഷണം കൊടുക്കുന്നതു തന്നെ വലിയ കാര്യമായി എടുത്തിരിക്കയാണ് ആ പാവം സ്ത്രീ. അവൾ നിലം തുടച്ചുകൊണ്ടിരിക്കേ മകളോട് പതിഞ്ഞ സ്വരത്തിൽ സ്‌കൂളിലെ വിശേഷങ്ങൾ ചോദിക്കും. രാജിയും ഒട്ടും ശബ്ദമുണ്ടാക്കാതെത്തന്നെ മറുപടി പറയും.

അയാൾ പക്ഷെ കുറച്ചുകാലമായി ഉച്ചയ്ക്ക് ഉറങ്ങാറില്ല. റിട്ടയർ ചെയ്തു രണ്ടു മാസത്തോളം അയാൾ ഉച്ചയുറക്കം ഒരു കലയായി, ഒരനുഷ്ഠാനമായി കൊണ്ടുനടന്നു. ഹരം പിടിച്ച ഉറക്കം. ശരിക്കു പറഞ്ഞാൽ ഈ ഉച്ചയുറക്കത്തിന്നുവേണ്ടിയാണ് അയാൾ നീട്ടിക്കിട്ടിയ രണ്ടു കൊല്ലം വേണ്ടെന്നുവെച്ച് അമ്പത്തെട്ടാമത്തെ വയസ്സിൽത്തന്നെ ജോലിയിൽനിന്ന് പിരിഞ്ഞത്. പിന്നെ എന്തുകൊണ്ടോ പകലുറക്കം അയാളെ പിരിഞ്ഞുപോയി. ഇപ്പോൾ ഊണു കഴിഞ്ഞാൽ അയാൾ വെറുതെ കിടക്കുകമാത്രം ചെയ്യും. പക്ഷെ രാജി വാതിൽക്കൽ മുട്ടുന്ന പഴയ ശീലംതന്നെ തുടർന്നു.

വാതിൽക്കൽ വീണ്ടും മുട്ട് കേട്ടു. ഉറങ്ങിയിരുന്നില്ലെങ്കിലും താൻ ഒരു സ്വപ്‌നലോകത്തായിരുന്നുവെന്ന് അയാൾ മനസ്സിലാക്കി. താൻ വീട്ടിൽ ഒറ്റക്കാണെന്നും, അനിതയും ജോലിക്കാരിയും കൂടി പുറത്ത് എന്തോ വാങ്ങാൻ പോയിരിക്കയാണെന്നും ഓർത്തപ്പോൾ അയാൾ പിടഞ്ഞെഴുന്നേറ്റ് വാതിൽ തുറന്നു.

'സാറ് ഒറങ്ങ്വായിരുന്നോ?'

രാജി ചോദിച്ചു. അവളുടെ സ്വരത്തിൽ ഭയമുണ്ടായിരുന്നു.

'അല്ല.'

അവൾ തോളത്തുനിന്ന് സ്‌കൂൾ സഞ്ചിയെടുത്ത് നിലത്തു വെച്ചുകൊണ്ട് ചോദിച്ചു.

'അമ്മയില്ലെ?'

'ഇല്ല.'

'കൊച്ചമ്മയോ?'

'അനിതയും കമലവും കൂടി പുറത്തുപോയിരിക്കയാണ്. ഇപ്പോ വരും.'

അവൾ മുഖം കഴുകാനായി കുളിമുറിയിലേയ്ക്കു കയറി. അയാൾ സോഫയിലിരുന്ന് റിമോട്ടുകണ്ട്‌റോൾ ഉപയോഗിച്ച് ടിവി പ്രവർത്തിപ്പിച്ചു. ചായ കുടിക്കാൻ ധൃതിയായി. എന്താണിവർ വരാത്തത്. അര മണിക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞ് ഇറങ്ങിയതാണ്. ക്രമേണ അയാൾ ടിവിയുടെ വർണാഭയിൽ മുഴുകിപ്പോയി. എന്താണ് നടക്കുന്നതൊന്നും അയാൾ ശ്രദ്ധിച്ചില്ല. ചലിക്കുന്ന ചിത്രങ്ങൾ നോക്കി ഒഴിഞ്ഞ മനസ്സുമായി അയാളിരുന്നു. പെട്ടെന്ന് ചുമരിലെ ഇലക്‌ട്രോണിക് ക്ലോക്ക് സംഗീതം പൊഴിച്ചപ്പോൾ അയാൾക്ക് വീണ്ടും പരിസരബോധമുണ്ടായി. സമയം നാലുമണി. രാജി എന്തു ചെയ്യുകയായിരിക്കുമെന്നയാളോർത്തു. അയാൾ അടുക്കളയിലേക്ക് നടന്നു.

അവിടെ വെറും നിലത്ത് അവൾ കിടന്നുറങ്ങുകയായിരുന്നു. തലമുടി വീണ് അവളുടെ മുഖം പാതി മറഞ്ഞിരുന്നു. അവൾ തളർന്നുകിടന്നുറങ്ങുകയാണ്. അവൾ ഭക്ഷണം കഴിച്ചുവോ എന്നു പോലും താൻ അന്വേഷിച്ചില്ല. എന്തൊരു മനുഷ്യൻ! അയാൾ അടുക്കളയിൽ പരതി. ചോറിൻചെമ്പു കാണാനില്ല, അതുപോലെ കറികളും. അയാൾ ഫ്രിജ്ജ് തുറന്നുനോക്കി. ഇല്ല, ഒന്നുമില്ല. പാവം കുട്ടി, അവൾ ഒന്നും കഴിച്ചുകാണില്ല. രാവിലെ ഏഴുമണിക്ക് വീട്ടിൽനിന്ന് അമ്മയോടൊപ്പം തിരിക്കുമ്പോൾ വല്ലതും കഴിച്ചതായിരിക്കും. അയാൾ കുമ്പിട്ടിരുന്ന് വിളിച്ചു.

'രാജീ.'

അവൾ അനങ്ങി, മലർന്നു കിടന്നു. അവളുടെ ഒട്ടിയ വയർ കണ്ടപ്പോൾ അയാൾക്ക് വിഷമമായി. അയാൾ അവളെ വീണ്ടും വിളിച്ചു. അവൾ ഞെട്ടിയുണർന്നു. തൊട്ടുമുമ്പിൽ സാറിനെ കണ്ടപ്പോൾ അവൾക്കു ഭയമായി. അവൾ പിടഞ്ഞെഴുന്നേറ്റു.

'നീ വല്ലതും കഴിച്ചുവോ?'

'ഇല്ല' അവൾ പറഞ്ഞു, 'കൊച്ചമ്മ ഒന്നുംണ്ടാക്കീട്ടില്ലാന്ന് തോന്നുന്നു.'

'അപ്പോ നീയെന്തേ എന്നോടത് പറയാതിരുന്നത്?'

'സാറ് ടിവി കണ്ടോണ്ടിരിക്ക്യായിരുന്നു. ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി.'

'എന്റെ മോളെ, അതുവിചാരിച്ച് നീ പട്ടിണി കിടക്ക്വേ?'

പെട്ടെന്നാണയാൾ ആ സംഭാഷണം ഓർത്തത്. അനിതയും കമലവും കൂടി പുറത്തിറങ്ങുമ്പോൾ പറഞ്ഞതായിരുന്നു. 'രാജി വരുമ്പോഴേക്ക് എത്തണം, അവൾക്ക് കഴിക്കാൻ ഒന്നുംല്ല്യ, വന്നിട്ട് എന്തെങ്കിലുംണ്ടാക്കണം.' അവർ എപ്പോൾ വരുമെന്ന്‌വെച്ചാണ് കാത്തിരിക്കുന്നത്? അയാൾ പറഞ്ഞു.

'വാ, നമുക്ക് പുറത്തുപോയി എന്തെങ്കിലും കഴിക്കാം.'

അയാൾ ഭാര്യയ്ക്ക് ഒരു കുറിപ്പ് എഴുതിവെച്ചു പുറത്തു കടന്നു. കാറിൽ അയാളോടൊപ്പം ഇരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ വളരെ ഉല്ലാസവതിയായിരുന്നു.

'ഞാൻ ആദ്യായിട്ടാണ് ഒരു കാറിൽ പോണത്.'

അവൾ പറഞ്ഞു. അവളുടെ വാക്കുകൾ എന്തുകൊണ്ടോ അയാളെ വേദനിപ്പിച്ചു. സാറിന്റെ കാറിൽ സാറിന്റെ ഒപ്പം ഒരു യാത്ര. അതവൾക്ക് എത്ര കാര്യമായിരുന്നു എന്നയാൾക്കു മനസ്സിലായി. അവൾ നോക്കിനിൽക്കെ സജീവൻ തന്റെ ഒപ്പം കാറിൽ പലേടത്തും പോകാറുണ്ട്. അവളേക്കാൾ എട്ടു വയസ്സ് പ്രായം കൂടും സജീവന്. അന്നെല്ലാം അവൾ നോക്കിനിന്നിരുന്നതിന്റെ അർഥം അയാൾക്കിപ്പോഴാണ് മനസ്സിലാവുന്നത്. അവൾക്കും ഒപ്പം വരണമെന്നുണ്ടാവും. വിളിച്ചാൽ വരുമായിരുന്നു. പലതും ചെറിയ യാത്രകളായിരിക്കും. ജോസ് ജംഗ്ഷൻ വരേയോ, അല്ലെങ്കിൽ ബ്രോഡ്‌വേ വരേയോ. തനിക്കവളെ വിളിക്കാമായിരുന്നു.

റസ്റ്റോറണ്ടിന്റെ ഉള്ളിൽ കടന്നപ്പോൾ അവൾ അമ്പരന്നു പോയി. ഭംഗിയുള്ള വിളക്കുകൾ തൂങ്ങിക്കിടക്കുന്ന തട്ടിന്റെ ഉയരമാണവളെ അത്ഭുതപ്പെടുത്തിയത്. ആകാശംമുട്ടുന്ന ഒരു കുടയ്ക്കുകീഴിൽ ഒരുറുമ്പെന്ന പോലെ അവൾക്കു തോന്നി. ചില്ലിട്ട വലിയ അലമാറകൾക്കുള്ളിൽ പലതരം മധുരപദാർഥങ്ങൾ, കേക്കുകൾ. അന്തരീക്ഷത്തിൽ ദോശയുടേയും അവൾ ജീവിതത്തിലൊരിക്കലും രുചിച്ചിട്ടില്ലാത്ത വിഭവങ്ങളുടേയും വാസന. അവൾ മൂക്കു വിടർത്തി.

'ഇവിടെയാണോ സജിച്ചേട്ടൻ വരാറ്?'

അയാൾ തലയാട്ടി. സജിച്ചേട്ടന്റെ ഭാഗ്യത്തെപ്പറ്റി ആലോചിട്ടാകണം അവൾ ഒരു നിമിഷം നിശ്ശബ്ദയായി.

'അച്ഛൻ എന്നെ ഇങ്ങിനത്തെ ചായക്കടേലൊന്നും കൊണ്ടുപോകാറില്ല.' അവൾ പറഞ്ഞു. അയാൾ ഒന്നും പറഞ്ഞില്ല.

'ഇവിടെയൊക്കെ വരാൻ കൊറേ പണം വേണ്ടിവരും അല്ലേ?'

'അതേ കുറേ പണം.'

അയാൾ സിങ്കപ്പൂർ നൂഡിൽസ് ഓർഡർ ചെയ്തു. അതു തയ്യാറാകുന്നവരെ കുടിക്കാൻ പഴച്ചാറും. പഴച്ചാറ് മൊത്തിക്കുടിച്ചുകൊണ്ടവൾ പറഞ്ഞു.

'നല്ല സ്വാദുണ്ട്'

അവൾ ഭക്ഷണം കഴിക്കുന്നത് അയാൾ വാത്സല്യത്തോടെ നോക്കിയിരുന്നു. വഴുതിപ്പോകുന്ന നൂഡിൽസ് ഫോർക്കുകൊണ്ട് എങ്ങിനെ ചുരുട്ടിയെടുക്കാമെന്ന് അയാൾ കാണിച്ചുകൊടുത്തു. നൂഡിൽസ് കഴിഞ്ഞപ്പോഴേക്കും അവളുടെ കൊച്ചു വയർ നിറഞ്ഞിരുന്നു. അയാൾ ഐസ്‌ക്രീം കൗണ്ടറിൽ പോയി കോക്‌ടെയ്ൽ ഐസ്‌ക്രീം കൊണ്ടുവന്നപ്പോൾ അവൾ വയറിൽ കൈ വെച്ചു.

കാറിൽ തിരിച്ചുപോകുമ്പോൾ അവൾ പറഞ്ഞു.

'വലുതായാൽ ഞാൻ കൊറെ പണംള്ള ആളെ കല്യാണം കഴിക്കും. അപ്പോ എനിക്ക് ഇടക്കിടക്ക് ഇവിട്യൊക്കെ വന്ന് ഭക്ഷണം കഴിക്കാലോ.'

അങ്ങിനെ സംഭവിക്കട്ടെ എന്നയാൾ മനസ്സിൽ പ്രാർഥിച്ചു.

ആ പത്തു വയസ്സുകാരിയെ ഒരു പുതിയ കണ്ണോടെ നോക്കാൻ അന്നു മുതൽ അയാൾ പഠിച്ചു. അവൾക്ക് അവളുടേതായ ഒരു ലോകമുണ്ട്, അഭിലാഷങ്ങളുണ്ട്, ഭാവനയുണ്ട് എന്നെല്ലാം അയാൾക്കു മനസ്സിലായി. ഇതു മനസ്സിലാക്കാൻ മൂന്നു കൊല്ലമെടുത്തുവെന്നത് അയാളെ ലജ്ജിപ്പിച്ചു. അയാളെ സംബന്ധിച്ചേടത്തോളം അവൾ വേലക്കാരിയുടെ മകൾ മാത്രമായിരുന്നു. ഉച്ചയ്ക്ക് വരുന്നു, ഉള്ള ഭക്ഷണം കഴിക്കുന്നു, അമ്മയെ ജോലിയിൽ സഹായിക്കുന്നു. നാലോ അഞ്ചോ മണിയോടെ അമ്മയുടെ ഒപ്പം വീട്ടിലേയ്ക്കു പോകുന്നു. അത്ര മാത്രം.

പിറ്റേന്ന് ഉച്ചയ്ക്ക് കിടന്ന് എഴുന്നേറ്റപ്പോൾ അയാൾ കണ്ടത് യൂനിഫോം അഴിച്ചുവെച്ച് പൂക്കളുള്ള ഉടുപ്പിട്ട് നിൽക്കുന്ന രാജിയേയാണ്. അയാൾ അത്ഭുതത്തോടെ നോക്കിനില്ക്കുന്നതു കണ്ടപ്പോൾ അവൾക്കു നാണമായി. അവളുടെ അമ്മ പറഞ്ഞു.

'ഇന്നലെ ഇവിടുന്ന് പോയിട്ട് ഉറങ്ങണവരെ സാറിന്റെ ഒപ്പം ഹോട്ടലീപ്പോയ കഥ്യായിരുന്നു. ഇന്ന് രാവിലെ വീട്ടീന്ന് പുറപ്പെടുമ്പോ സ്‌കൂളീന്ന് വന്നാ മാറാനുള്ള ഉടുപ്പ് എടുക്കാൻ വാശിപിടിക്ക്യായിരുന്നു.'

ഇന്നലെ റസ്റ്റാറണ്ടിൽ പോയപ്പോൾ നല്ല ഉടുപ്പിട്ട ധാരാളം പെൺകുട്ടികളെ കണ്ടിരുന്നു. പകൽ മുഴുവൻ ഇട്ട് മുഷിഞ്ഞ യൂനിഫോം അവൾക്ക് അപകർഷതാബോധമുണ്ടാക്കിയിരിക്കണം. പക്ഷെ അവൾ ഒന്നും പുറത്തു കാട്ടുകയുണ്ടായില്ല. പക്ഷെ കുറച്ചു കൂടി വൃത്തിയായും ഭംഗിയായും നടക്കാൻ അതവളെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

റെസ്റ്റോറണ്ടിലേക്കുള്ള യാത്ര അവളുടെ ജീവിതവീക്ഷണം തന്നെ മാറ്റിയിരിക്കുന്നുവെന്ന് അയാൾക്ക് താമസിയാതെ മനസ്സിലായി. തന്നെ കണ്ടാൽ ഭയത്തോടെ നോക്കിയിരുന്ന അവൾ ഇപ്പോൾ അടുത്ത് വന്ന് സംസാരിക്കുന്നു. സ്‌കൂളിലെ വിശേഷങ്ങൾ, അവളുടെ വീട്ടിലെ കാര്യങ്ങൾ, അവളുടെ അയൽക്കാരുടെയും സ്‌നേഹിതരുടേയും കാര്യങ്ങൾ.

'സാറിനെന്തായാലും നല്ല ശല്യായി.' കമലം പറയും. 'ഞാനവളോട് എന്നും പറയുന്നുണ്ട് സാറിനെ ശല്യപ്പെടുത്തര്ത്ന്ന്.'

'എനിക്കെന്താണ് ശല്യം?'

പുറത്തിറങ്ങുമ്പോൾ രാജിക്ക് മിട്ടായി വാങ്ങുന്നത് അയാളുടെ പതിവായി. സജീവൻ കുട്ടിയായിരിക്കുമ്പോൾ അയാൾ മിട്ടായി വാങ്ങിക്കൊണ്ടുവന്നിരുന്നു. പിന്നെ അവൻ വലുതായി ഹൈസ്‌കൂളിലെത്തിയപ്പോൾ അയാൾ അതു നിർത്തി. അവൻ കോളേജിൽ ചേർന്ന് ദൂരെ പോയപ്പോൾ, വീട്ടിലേക്ക് വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരുന്ന സ്വഭാവംതന്നെ അയാൾക്ക് തീരെയില്ലാതായി. ഇപ്പോൾ വേറൊരു കുട്ടിക്കുവേണ്ടി അയാൾ മിട്ടായി ഓർമ്മിച്ചു വാങ്ങുന്ന സ്വഭാവമുണ്ടാക്കി.

മാസത്തിലൊരിക്കൽ അലമാറികളൊക്കെ ഒതുക്കുന്ന ഏർപ്പാടുണ്ട് അനിതയ്ക്ക്. ഒരു ഭീകരസംഭവമാണത്. ആദ്യം അലമാറിയിൽനിന്ന് തുണികളെല്ലാം വലിച്ച് താഴെയിടുന്നു. മുറി നിറയെ കുന്നുകുന്നായി വസ്ത്രങ്ങൾ. പിന്നെ കമലത്തിന്റെ സഹായത്തോടെ ഓരോന്നായി മടക്കി തിരിച്ചുവെക്കുന്നു. കമലത്തിന്ന് ഉത്സാഹമാണ്, കാരണം അന്നു വൈകുന്നേരം പോകുമ്പോൾ വലിയ കേടുപാടുകളൊന്നുമില്ലാത്ത കുറേ തുണിത്തരങ്ങൾ കിട്ടും. അവൾ പറയാറുണ്ട് .

'ചേച്ചീടെ അടുത്ത് ജോലി ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ തുണിയൊന്നും കാശുകൊടുത്തു വാങ്ങിയിട്ടില്ല. ചേച്ചിക്ക് സജീവനു പകരം ഒരു പെൺകുട്ടിയായിരുന്നെങ്കിൽ രാജിയ്ക്കും ഒന്നും കാശുകൊടുത്തു വാങ്ങേണ്ടിവരില്ലായിരുന്നു.'

അന്നു വൈകുന്നേരം പോകുമ്പോൾ കമലത്തിന്റെ കയ്യിൽ സാമാന്യം വലിയ ഒരു കെട്ടുണ്ടായിരുന്നു. അലമാറിയൊതുക്കിയ ദിവസം അതു സാധാരണമായതിനാൽ അയാൾ അനിതയോട് ഒന്നും ചോദിച്ചില്ല. എന്നാൽ പിറ്റേന്നും അതേപോലെ വലിയ കെട്ടു കണ്ടപ്പോൾ അയാൾക്ക് ജിജ്ഞാസ അടക്കാൻ പറ്റിയില്ല. കമലവും രാജിയും പോയി വാതിലടച്ചപ്പോൾ അയാൾ ചോദിച്ചു.

'എന്താണ് ഇത്ര വലിയ കെട്ട്?'

'അത് നമ്മുടെ പഴയ കർട്ടനുകളാണ്. രാജിക്ക് ഇപ്പോ വീടൊക്കെ നന്നാക്കി വെക്കണംത്രേ. അവള് ആളാകെ മാറിയിരിക്കുന്നു. ഇപ്പോ വീട്ടിലെത്തിയാൽ വീട് വൃത്തിയാക്കലാണത്രെ പണി. അച്ഛനോട് ജനലൊക്കെ ചായം തേക്കാൻ ഉത്തരവിട്ടിരിക്കയാണവൾ. നമ്മുടെ ജനലിന്റെ നിറംതന്നെ വേണത്രെ. അതുപോലെ ഇപ്പോ സ്റ്റീലിന്റെ പ്ലേയ്റ്റിലൊന്നും അവൾ ഭക്ഷണം കഴിക്കില്ല. കുപ്പി പ്ലേയ്റ്റ് തന്നെ വേണംന്ന്.'

പാവം കുട്ടി. അവളുടെ വീട് വളരെ ചെറുതാണ്. രണ്ടു കൊച്ചുമുറികൾ, അടുക്കള, വരാന്ത. കഴിഞ്ഞു ആ ഓടിട്ട വീട്ടിലെ സൗകര്യങ്ങൾ. ചുറ്റുപാടുമുള്ള വീടുകളെ അപേക്ഷിച്ച് ആ വീട് മെച്ചമാണെന്നു പറയാം. വീട് ഒരുവിധം നന്നാക്കിയെടുക്കാമെന്ന് രാജിക്കു തോന്നാൻ കാരണവും അതായിരിക്കണം.

'നീ എപ്പോഴാണ് ഞാൻ തരുന്ന മിട്ടായികളൊക്കെ തിന്നുന്നത്?'

അയാൾ ഒരിക്കൽ ചോദിച്ചു. മിട്ടായി കൊടുത്താൽ അതുടനെ അവളുടെ സ്‌കുൾ സഞ്ചിയിൽ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് പതിവ്.

'ഞാൻ അതൊന്നും ഇപ്പോ തിന്നില്ല. എല്ലാം ഒരു കുപ്പീലാക്കി വെച്ചിരിക്ക്യാണ്.' അവൾ കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു പിന്നെ കാര്യമായിത്തന്നെ പറഞ്ഞു. 'ഞങ്ങളുടെ വീട് ഇപ്പോ ഏകദേശം സാറിന്റെ വീടു മാതിരിയായിട്ടുണ്ട്. ഒരു കുപ്പീല് നിറയെ മിട്ടായി. ഒരു കുപ്പീല് നിറയെ പഞ്ചസാര, ഒരു കുപ്പീല് പരിപ്പ്, അങ്ങിനെ എല്ലാം നിരത്തിവെച്ചിരിക്ക്യാണ്.'

അയാൾക്ക് ഒന്നും പറയാൻ കിട്ടിയില്ല. അവൾ ആഗ്രഹിക്കുന്നത് ഒരു രക്ഷപ്പെടലിനു വേണ്ടിയാണ്. അവളുടെ ഇന്നത്തെ നിലയിൽനിന്നുള്ള രക്ഷപ്പെടൽ. അവൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ അതു സാധ്യമാകുമെന്നവൾ കരുതുന്നു. ഏറ്റവും ഇഷ്ടമുള്ള മിട്ടായികൂടി തിന്നാതെ അവൾ ആ ലക്ഷ്യത്തിലെത്താൻ ത്യാഗമനുഷ്ഠിക്കുന്നു.

'സാറെന്നാണ് എന്റെ വീട്ടില് വരണത്?'

'ഒരു ദിവസം വരാം.'

'സാറ് കാറില് വരണം.'

'അതെന്തിനാണ്?'

അവളുടെ വീട്ടിലേക്ക് കാറിൽ പോവുകയാണെങ്കിൽ എട്ടു കിലോമീറ്റർ ചുറ്റണം. മറിച്ച് റെയിൽപ്പാലത്തിലൂടെ പുഴ കടന്നാൽ പത്തു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു. അതുകൊണ്ട് ആദ്യത്തെ പ്രാവശ്യം നടന്നാണ് പോയത്. അത് രാജിക്ക് വലിയ ക്ഷീണമായി. സാറിന് കാറുണ്ട് എന്ന് അവളുടെ കൂട്ടുകാരോടെല്ലാം അവൾ വീമ്പു പറഞ്ഞിരുന്നു. അങ്ങിനെയിരിക്കുമ്പോളാണ് സാറും കൊച്ചമ്മയും കൂടി ഒരു ദിവസം വിയർത്തൊലിച്ച് നടന്നുവരുന്നത്. അവൾ നുണ പറഞ്ഞുവെന്ന് കൂട്ടുകാരെല്ലാം പറഞ്ഞു. ആ ക്ഷീണം തീർക്കണമെങ്കിൽ സാറും കൊച്ചമ്മയും കൂടി ഒരു ദിവസം കാറിൽ വരണം.

അവൾ അയാളിരിക്കുന്ന സോഫയുടെ കയ്യിലിരുന്നു. പിന്നെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പായപ്പോൾ ചോദിച്ചു.

'ഞാൻ സാറിനെ കല്യാണം കഴിക്കട്ടേ?'

അയാൾ ചിരിച്ചില്ല. അറുപതാം വയസ്സിൽ വന്ന കല്യാണാലോചന അയാൾ ശ്രദ്ധാപൂർവം പഠിച്ചു. അവൾ വളരെ കാര്യമായിട്ടുതന്നെയാണ് ചോദിച്ചത്. രണ്ടു മിനുറ്റ് നേരം അവളെ അനിശ്ചിതാവസ്ഥയിലിട്ടശേഷം അയാൾ ചോദിച്ചു.

'അതുകൊണ്ട് എനിക്കെന്തു ഗുണം?'

തെല്ലിട ആലോചിച്ചശേഷം അവൾ പറഞ്ഞു.

'സാറിന് ഗുണൊന്നുല്ല്യ.'

അവളുടെ സ്വരത്തിൽ വ്യസനമുണ്ടായിരുന്നു. അയാൾ അവൾ മുമ്പൊരിക്കൽ പറഞ്ഞിരുന്നതോർത്തു. 'ഞാൻ ഒരു പണക്കാരനെയാണ് കല്യാണം കഴിക്കുക, എന്നാൽ എനിക്ക് ഇടക്കിടക്ക് വല്യ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാലോ.' അലസിപ്പോയ കല്യാണാലോചനയുടെ വ്യഥയോടെ അവൾ നടന്നുപോയി.

ഒരു ശനിയാഴ്ചയായിരുന്നു അവളടെ വീട്ടിലേയ്ക്കുള്ള യാത്ര. തലേന്നുതന്നെ ആസൂത്രണം ചെയ്തതുകാരണം അവൾ മാറാനായി കഴിഞ്ഞ ഓണത്തിനു വാങ്ങിയ ഉടുപ്പ് കൊണ്ടു വന്നിരുന്നു. കാറിൽ യാത്രചെയ്യുമ്പോൾ സ്റ്റൈലിൽതന്നെയാവണമെന്നവൾ തീർച്ചയാക്കിയിരുന്നു. അവൾ അനിതക്കു കയറാൻ അവസരം കിട്ടുന്നതിനു മുമ്പ് മുൻസീറ്റിൽ അയാൾക്കരികെ ഇരിപ്പുറപ്പിച്ചു. പിൻസീറ്റിലേക്കുവരാൻ കമലം ആവശ്യപ്പെട്ടതൊന്നും അവൾ കേട്ടില്ല. അനിതയ്ക്ക് പിൻസീറ്റിൽ കമലത്തിന്റെ ഒപ്പം ഇരുന്ന് തൃപ്തിയടയേണ്ടി വന്നു.

'ഇതു വല്ലാത്തൊരു സാധനായിരിക്കുന്നു.' കമലം പറഞ്ഞു. 'സാറിനേയും ചേച്ചിയേയും വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട്. എന്തു കാണിക്കാനാവോ അവള് സാറിനെ കൊണ്ടു പോണത്.'

'അവൾ കുട്ടിയല്ലെ,' അനിത പറഞ്ഞു. 'അങ്ങിനെയൊക്കെണ്ടാവും. പോരാത്തതിന് അവളിപ്പോൾ സാറിനെ സ്വന്താക്കി വെച്ചിരിക്ക്യല്ലെ.'

രാജി മുൻസീറ്റിലിരുന്നതുകൊണ്ടുള്ള ഗുണം അയാൾക്കു താമസിയാതെ മനസ്സിലായി. വഴി വളരെ ദുർഘടം പിടിച്ചതായിരുന്നു. ഓരോ കവലയിലും അവൾ വഴി പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. അവസാനിക്കില്ലെന്നു തോന്നിയ യാത്രക്കു ശേഷം അയാൾ ഒരു ചെറിയ വീട്ടിന്റെ മുമ്പിൽ കാർ നിർത്തി.

അയാളുടെ മനസ്സിടിഞ്ഞു. രണ്ടുകൊല്ലം മുമ്പ് കണ്ടതായിരുന്നുവെങ്കിലും അയാൾക്ക് ആ വീട് ഓർമ്മയിലുണ്ടായിരുന്നില്ല. അയാളുടെ മനസ്സിലുള്ളത് രാജി വരച്ചുതന്ന ചിത്രങ്ങൾ മാത്രമായിരുന്നു. അതാകട്ടെ വളരെ വർണ്ണശബളവുമായിരുന്നു. തന്റെ മുരടിച്ച, ശുഷ്‌കമായ ഭാവനക്കുകൂടി നിറം പിടിപ്പിക്കാൻ ആ ചിത്രകാരിക്കു കഴിഞ്ഞു!

വീടിന്റെ പുറത്തുള്ള ചുമരെല്ലാം അടർന്ന് വൃത്തികേടായിരുന്നു. പ്രധാന വാതിൽ തന്നെ പൊളിഞ്ഞ് പീഞ്ഞപ്പലക വെച്ചടിച്ചിരുന്നു. അവൾ അയാളുടെ കൈ പിടിച്ച് അകത്തേക്കു കൊണ്ടു പോയി, ഒരു കസേരയിലിരുത്തി. അയാൾ ചുറ്റും നോക്കി. എല്ലാ വാതിലുകൾക്കും ജനലുകൾക്കും കർട്ടനിട്ടിരിക്കുന്നു. ആ കർട്ടനുകൾ അയാൾ തിരിച്ചറിഞ്ഞു. കർട്ടനുകളെല്ലാം ചാക്കുചരടു കൊണ്ട് കെട്ടിയിട്ടിരിക്കയാണ്. അയാൾ നോക്കുന്നതു കണ്ടപ്പോൾ കമലം ചിരിക്കാൻ തുടങ്ങി.

'രാജിടെ അച്ഛൻ കമ്പി കൊണ്ടന്നിട്ട് കർട്ടനിടാംന്ന് പറഞ്ഞതായിരുന്നു. ഇവൾക്ക് ക്ഷമ വേണ്ടെ. സാറ് വരുമ്പളേയ്ക്ക് കർട്ടനിടണംന്ന് പറഞ്ഞിട്ട് സ്വന്തം ഇട്ടതാ.'

കമലം അകത്തുപോയപ്പോൾ രാജി അയാളുടെ അടുത്തുവന്ന് സ്വകാര്യം പറഞ്ഞു.

'ഞാൻ പറഞ്ഞില്ലെ, ഞങ്ങടെ വീട് ഇപ്പോ സാറിന്റെ വീടുമാതിരിണ്ട്ന്ന്.'

പെട്ടെന്ന് എന്തോ ഓർത്തുകൊണ്ടവൾ അകത്തേക്കോടി.

അകത്തുനിന്ന് ഒരു കരച്ചിൽ കേട്ട് അയാൾ ചാടിയെഴുന്നേറ്റു. എന്താണ് സംഭവിച്ചതെന്നറിയാതെ വിഷമിക്കുമ്പോഴേക്ക് രാജി കരഞ്ഞുകൊണ്ട് ഓടിവന്നു. അവളുടെ കയ്യിൽ ഒരു ഒഴിഞ്ഞ ഹോർലിക്‌സ് കുപ്പിയുമുണ്ടായിരുന്നു. അവൾ ഒന്നും പറയാതെ അതും പിടിച്ച് കരയുകയാണ്. പുറത്തുവന്ന കമലമാണ് കാര്യമെന്താണെന്നു പറഞ്ഞത്.

'സാറ് കൊടുക്കണ മിട്ടായിയൊക്കെ അവള് തിന്നാതെ ഈ കുപ്പീല് സൂക്ഷിച്ചിരിക്ക്യായിരുന്നു. സാറ് വന്നാൽ കാണിക്കണംന്ന് പറഞ്ഞ് വെച്ചതാ. ഇന്ന് രാവിലെ ചേട്ടന്റെ മക്കള് വന്നു. മൂന്നുപേരുണ്ട്. കൊച്ചുങ്ങളല്ലെ, എന്റെ അമ്മ കുറച്ചൊക്കെ പറഞ്ഞുനോക്കിത്രെ. അവറ്റിങ്ങള് സമ്മതിക്ക്യോ. അതു മുഴുവൻ അവര് തിന്നുതീർത്തു.'

രാജി നിലത്ത് കുഴഞ്ഞിരുന്നു. അയാൾ ഒന്നും പറയാനാവാതെ ഇരുന്നു. അവൾക്കു നഷ്ടമായത് ഒരുകുപ്പി മിട്ടായി മാത്രമല്ലെന്ന് അയാൾക്കറിയാമായിരുന്നു. ഒരുകുപ്പിക്കു പകരം രണ്ടു കുപ്പി മിട്ടായി വാങ്ങാമെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാം. പക്ഷെ ഒന്നും പറയാനാവാതെ അയാൾ ആണിപോയി ഇളകുന്ന കസേരയിൽ തരിച്ചിരുന്നു.

മാതൃഭൂമി ഓണപ്പതിപ്പ് - 1996