വെറുമൊരു നിഴൽ മാത്രം


ഇ ഹരികുമാര്‍

അറുപത്തിനാലു വയസ്സായ ശ്രീധരന്നും അമ്പത്തെട്ടു വയസ്സായ ഭാര്യ ദേവിയ്ക്കും ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ്. ഞായറും ബുധനും. ആ ദിവസങ്ങളിലാണ് മകന്റെ ഫോൺ വരുന്നത്. രണ്ടുപേരും നേരത്തെ എഴുന്നേറ്റ് കുളിച്ച്, ഭൂമിയുടെ മറുഭാഗത്തുനിന്ന് മകൻ ആദർശും മരുമകൾ മഞ്ജുവും സ്‌കൈപ് എന്ന അദ്ഭുതത്തിലൂടെ എത്താൻ കാത്തിരിക്കുന്നു. അവരുടെ രൂപം കമ്പ്യൂട്ടറിന്റെ സ്‌ക്രീനിൽ തെളിയുന്നത് ഒരു വർഷത്തെ പരിചയത്തിനുശേഷവും അയാൾ അദ്ഭുതത്തോടെ കാണുന്നു. അതിനിടയ്ക്ക് അവർക്കിടയിലേയ്ക്ക് ഓടിവന്ന് മുഖം കാണിച്ച് 'അച്ഛച്ഛാ, ഉമ്മ' 'അച്ഛമ്മേ, ഉമ്മ' എന്ന് വിളിച്ചുപറഞ്ഞ് കളിയുടെ ലോകത്തേയ്ക്ക് തിരക്കിട്ട് ഓടിപ്പോകുന്ന മീനുമോളും. സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രം കണ്ട് മതിയാവാതെ നോക്കിനിൽക്കുന്നതിനിടയിൽ സംസാരിക്കാൻ മറക്കുന്നു. അല്ലെങ്കിലും സംസാരത്തിന്റെ ചുമതല ദേവിയ്ക്കാണ്. അയാൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന വെബ്ക്യാമിനുമുമ്പിൽ ചിരിച്ചുകൊണ്ടിരിക്കുകയേയുള്ളു. മുമ്പിൽ ഒരു മുറി തുറന്നിട്ടിരിയ്ക്കയാണ്. പതിനാലായിരം കിലോമീറ്റർ ദൂരം ചുരുങ്ങി ഏതാനും സെന്റിമീറ്ററാവുകയും ആ മുറി തന്റെ വീട്ടിലെ മുറികളിലൊന്നാവുകയും ചെയ്യുന്നു. ആദർശ് അവന്റെ വസ്ത്രങ്ങൾ ഇസ്തിരിയിടുകയാണ്. അവൻ ഒരാഴ്ചയ്ക്കു വേണ്ട വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് അവരുടെ ശനിയാഴ്ച വൈകുന്നേരമാണ്. അതിനിടയിലാണ് സംസാരം. സംസാരത്തിനിടയിൽ അവൻ അമ്മയെ കളിയാക്കുകയും ചെയ്യും. എല്ലാം പഴയ പോലെത്തന്നെ. മഞ്ജു അടുക്കളയിൽ ജോലിയിലാണ്. അടുക്കളയ്ക്കും സ്വീകരണമുറിയ്ക്കുമിടയിൽ ഒരര തിണ്ണ മാത്രമാണുള്ളത്. അതുകൊണ്ട് അവൾ ജോലിയെടുക്കുന്നത് ആദർശിനു പിന്നിലായി കാണാം. അടുക്കളയിൽ ജോലിയെടുക്കുന്നതിനിടയിലാണ് അവൾ സംസാരിക്കുന്നത്. 'അച്ഛനൊരു ചായയുണ്ടാക്കി തരു മോളെ' എന്നു പറഞ്ഞാൽ ഒരു പക്ഷെ അവൾ ചായയുണ്ടാക്കി കപ്പുമായി വന്ന് മോണിറ്ററിലൂടെ അത് തനിക്കുനേരെ നീട്ടുമെന്നയാൾക്കു തോന്നി. മുമ്പിൽ കാണുന്ന ചലനാത്മകമായ ചിത്രം അത്രത്തോളം മിഴിവുള്ളതായിരുന്നു.

'അച്ഛനെന്താ ഒന്നും മിണ്ടാത്തത്?' ആദർശ് ചോദിക്കുന്നു.

'അമ്മടെ സംസാരത്തിന്റെ എടേല് ഒരു പഴുത് കിട്ടീട്ട് വേണ്ടെ എനിക്ക് സംസാരിക്കാൻ.'

'അച്ഛൻ ചെക്കപ്പിനു പോയോ?'

'ഇല്ല, അടുത്ത ആഴ്ച പോവാം.'

'മറക്കണ്ടാ. അമ്മേ അച്ഛനെ ഓർമ്മിപ്പിക്കണേ.'

'നല്ല ആളോടാ പറയണത്.' മഞ്ജു അടുക്കളയിൽനിന്ന് വിളിച്ചു പറഞ്ഞു. 'ഭേദം ആദർശ് തന്നെ ഒരു ഇ-മെയിൽ അയക്ക്യാണ്.'

'ശര്യാ അവള് പറേണത്.' ദേവി പറഞ്ഞു. 'എനിക്ക് ഇപ്പൊ അച്ഛന്റത്രേം ഓർമ്മല്ല്യാതായിരിക്കുണു.'

സാവധാനത്തിൽ അയാൾ ആ ലോകത്തുനിന്ന് തെന്നിമാറി. മുമ്പിൽ കമ്പ്യൂട്ടർ മോണിറ്ററിന്റെ കവാടത്തിലൂടെ കാണുന്ന മുറി. ഇസ്തിരിയിടുന്ന മകൻ, അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും ചുറുചുറുക്കോടെ നടന്ന് ജോലിയെടുക്കുന്ന മരുമകൾ, താഴെ കാർപ്പെറ്റിൽ കളിപ്പാട്ടങ്ങളുമായി ഇരിക്കുകയും ഇടയ്ക്ക് എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷയാവുകയും ചെയ്യുന്ന പേരക്കുട്ടി, ഇവരെല്ലാം ഒരു ചലിക്കുന്ന ചിത്രം ഉറച്ചതുപോലെ നിശ്ചലമാവുകയാണ്. അയാളുടെ മനസ്സ് ചെന്നെത്തുന്ന ലോകത്ത് ആദർശ് ഒരു പതിനെട്ടു വയസ്സുകാരനാണ്. വെള്ളിയാഴ്ച രാത്രി അവൻ കോളജിൽ നിന്ന് വീട്ടിലെത്തുന്നു. ആലപ്പുഴയിൽ ട്രെയിൻ നിന്നാൽ പ്ലാറ്റ്‌ഫോമിലിറങ്ങി ഫോൺ ചെയ്യുന്നു.

'അമ്മേ, ചപ്പാത്തിണ്ടാക്കു. കോളിഫ്‌ളവറും ഉരുളൻകിഴങ്ങും മതി. തക്കാളി സാലഡും.'

കോളിഫ്‌ളവറും ഉരുളൻകിഴങ്ങും കൂടി വെള്ളമൊഴിക്കാതെ കുറച്ച് എണ്ണയിൽ മൊരിയിച്ചെടുക്കുന്നതാണവനിഷ്ടം. രാത്രി വീട്ടിലെത്തുമ്പോൾ അവൻ തോളിൽനിന്ന് ഭാരിച്ച സഞ്ചി താഴേയ്ക്കിറക്കുന്നു. ഒരു ഇരുപത്തഞ്ചു കിലോവെങ്കിലും തൂക്കം കാണും. അതിനുള്ളിലെന്താണെന്നറിയുമെങ്കിലും അയാൾ ചോദിക്കും.

'ഇതൊക്കെ രണ്ടു ദിവസത്തേയ്ക്ക് പഠിക്കാന്ള്ള പുസ്തകങ്ങളായിരിക്കും അല്ലെ?'

അച്ഛൻ കളിപ്പിക്കുകയാണെന്നറിയുന്നതുകൊണ്ട് അവൻ ചിരിക്കും.

'അവൻ ശനി, ഞായറായിട്ട് വരണത് പഠിക്കാനും അച്ഛനേം അമ്മേം കാണാനും ആണ്ന്നാ വിചാരം?' ദേവി പറയും. 'ഒരാഴ്ചത്തെ തുണികളാണ്. അത് അമ്മടെ മണ്ടക്കിട്ട് പോവാനാണ്.'

അവൻ വേഗം അമ്മയുടെ തോളിൽ കയ്യിട്ട് കൊഞ്ചിക്കാൻ തുടങ്ങും.

'അല്ലമ്മേ, ഞാനിവിടെ വരണത് അമ്മേം അച്ഛനേം കാണാനല്ലെ? ഉമ്മ....' കണ്ണിറുക്കിക്കൊണ്ട് അവൻ തുടരും. 'പിന്നെ അമ്മണ്ടാക്കണ നല്ല ചപ്പാത്തി തിന്നാനും.'

'വേഗം കുളിച്ച് വാ. അച്ഛൻ നെന്നെ കാത്തിരിക്ക്യാണ് ഒപ്പം ഊണു കഴിക്കാൻ.'

'ചപ്പാത്തി തരൂ.'

'കുളിച്ച് വാ, വെയർപ്പ് നാറീട്ട് വയ്യ.'

'അവന് വെശക്ക്ണ്ണ്ടാവും. അവൻ കയ്യും മുഖോം കഴുകീട്ട് കഴിച്ചോട്ടെ. കെടക്ക്‌ണേന്റെ മുമ്പെ അവൻ കുളിച്ചോളും.' അച്ഛന്റെ ശുപാർശയിൽ അവന് ഭക്ഷണം കിട്ടുന്നു.

'താങ്ക്യു ഡാഡ്.'

ഓർമ്മയിൽ അയാൾ ഉറക്കെ ചിരിച്ചു.

'അച്ഛൻ സാധാരണപോലെ ഇവിട്യൊന്നും അല്ല, എങ്ങോട്ടോ പോയിരിക്ക്യാണ് അമ്മേ.' സ്‌കൈപ്പിന്റെ ജാലകത്തിലൂടെ ആദർശ് ചിരിച്ചുകൊണ്ട് പറയുകയാണ്.

അയാൾക്ക് പരിസരബോധം തിരിച്ചു കിട്ടി. താനിരിക്കുന്നത് കമ്പ്യൂട്ടറിന്റെ മുമ്പിലാണെന്നും, മുമ്പിലുള്ള സ്‌ക്രീനിൽ ആദർശ് ഇസ്തിരിയിടൽ നിർത്തി വെബ്ക്യാമിനു മുമ്പിൽ വന്നിരിക്കുകയാണെന്നും അയാൾ മനസ്സിലാക്കി.

'ഞാനേയ് പഴേ കാര്യങ്ങള് ഓരോന്നാലോചിക്ക്യായിരുന്നു.' അയാൾ പറഞ്ഞു. 'നീയ് കോളജീന്ന് വെള്ള്യാഴ്ചകളില് വന്നിര്ന്നതും ആലപ്പുഴ എത്ത്യാൽ അമ്മേ വിളിച്ച് ചപ്പാത്തിണ്ടാക്കാൻ പറേണതും ഒക്കെ.'

'അന്നൊക്കെ നിങ്ങൾക്കെന്നെ എന്തിഷ്ടായിരുന്നു.' അവൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

'ഇന്നും ഒട്ടും കൊറവില്ല,' അപ്പോഴേയ്ക്ക് അടുക്കളജോലി നിർത്തിവെച്ച് ആദർശിന്റെ അടുത്ത് വന്നിരുന്ന മഞ്ജു പറഞ്ഞു.

'പിന്നെ, വേറൊരു കാര്യം.' മഞ്ജു തുടർന്നു. 'ഞാൻ വീണ്ടും ജോലിയ്ക്ക് പോകുന്നു. പഴേ കമ്പനിതന്നെ വിളിച്ചിട്ട്ണ്ട്. ഒന്നാന്തി ചേരും.'

'അപ്പൊ മോളടെ കാര്യോ?' ശ്രീധരനും ദേവിയും ഒന്നിച്ചു ചോദിച്ചു. മരുമകൾക്ക് അമേരിക്കയിലെ ഏറ്റവും നല്ല ഇരുപത്തഞ്ചു കമ്പനികളിലൊന്നിൽ വീണ്ടും ജോലിയായിട്ടുണ്ടെന്നതിലെ സന്തോഷമായിരുന്നില്ല അവരുടെ സ്വരത്തിൽ. അവരുടെ ആകാംക്ഷ മൂന്നു വയസ്സുള്ള പേരക്കുട്ടിയെപ്പറ്റിയായിരുന്നു.

'ഞങ്ങക്കൊരു ബേബിസിറ്ററെ കിട്ടീട്ട്ണ്ട്.'

'നല്ല സ്ത്രീയാണോ?'

'കണ്ടിട്ട് തോന്നണത് നല്ല സ്ത്രീയാന്നാ. നല്ല ഏജൻസീന്നാ എട്ത്തത്.' മഞ്ജു പറഞ്ഞു.

'അവള്‌ടെ അമ്മേക്കാൾ നന്നായി നോക്കും. നല്ല ക്ഷമള്ള സ്ത്രീയാണ്.' ഒരു ഫോട്ടോ വെബ് ക്യാമറയുടെ മുമ്പിൽ പിടിച്ചു കാണിച്ചുകൊണ്ട് ആദർശ് പറഞ്ഞു.

ഒരു തടിച്ച കറുത്ത വർഗ്ഗക്കാരി. ഒറ്റ നോട്ടത്തിൽ നമുക്കവരെ ഇഷ്ടമാവും. മുഖത്ത് വാത്സല്യമുണ്ട്, ചിരിയുണ്ട്. ഒരു പ്രൊഫഷനൽ അമ്മ. പ്രായം അമ്പതിന്റെ പരിസരത്തിലായിരിക്കണം.

'മോൾക്ക് അവരെ ഇഷ്ടായോ?'

'അവള്‌ടെ അമ്മടെ അട്ത്ത്ന്ന് രക്ഷപ്പെടാൻ ഏതു ചെകുത്താന്റെ കൂടെ ഇരിക്കാനും മീനു തയ്യാറാണ്.'

മഞ്ജു ചിരിച്ചുകൊണ്ട് തലയാട്ടി. ആദർശ് എന്തു പറഞ്ഞ് കളിപ്പിച്ചാലും അവൾക്ക് കൂസലില്ല, പരാതിയുമില്ല.

തന്റെ പേർ പറയുന്നത് കേട്ടപ്പോൾ മീനു എഴുന്നേറ്റുവന്നു. കയ്യിൽ ഒരു ബാർബി ഡോളുമുണ്ട്.

'എന്താ അമ്മേ?'

'അച്ഛച്ഛൻ ചോദിക്ക്യാണ് മോക്ക് നാനിയെ ഇഷ്ടായോന്ന്.'

'ഊം.' അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു. 'നല്ല ഇഷ്ടായി.'

സംസാരം തുടർന്നുകൊണ്ടിരിക്കെ മുമ്പിലുള്ള മുറിയും തട്ടിൽനിന്ന് തൂങ്ങുന്ന ഷാന്റലീറിൽ കത്തിനിൽക്കുന്ന വിളക്കുകളുടെ ശോഭയിൽ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മക്കളും പേരക്കുട്ടിയും, പിന്നെ ഒരു വലിയ കോട്ടുവായിടുന്ന ശബ്ദത്തോടെ സ്‌കൈപ്പും അപ്രത്യക്ഷമായപ്പോൾ അയാൾ പറഞ്ഞു.

'ഞാൻ കുറച്ചു നേരം കെടക്കട്ടെ.'

'ഇപ്പഴോ, എന്തിനാ ഈ സമയത്ത് കെടക്ക്ണത്? പുറപ്പെടാൻ തൊടങ്ങു. സമയം ഒമ്പത് മണിയായിട്ടെള്ളു. ഇന്ന് രാവില്യല്ലെ ദാസേട്ടന്റെ അട്ത്ത് ചെല്ലാംന്ന് പറഞ്ഞിട്ട്ള്ളത്, മറന്ന്വോ? ങും, എണീക്കു. ഞാൻ ദോശണ്ടാക്കാൻ പോവ്വാണ്.'

ദേവി പോയി. അയാൾ എഴുന്നേറ്റ് കിടപ്പറയിലേയ്ക്ക് നടന്നു. എന്തോ ഒരു പന്തിയില്ലായ്മ. തലചുറ്റുന്നപോലെ. ചുറ്റുമുള്ള എല്ലാ വസ്തുക്കളും അവ്യക്തതയിലേയ്ക്ക് നീങ്ങിപ്പോകുന്നു. തനിയ്ക്ക് അതിന്റെയൊന്നും ഒപ്പമെത്താൻ കഴിയുന്നില്ല. അവയുടെ സ്ഥാനത്ത് ശൂന്യത നിറയുകയാണ്. പിന്നെ നീണ്ട അകലങ്ങളെപ്പറ്റിയുള്ള ബോധം മാത്രം. ഓർമ്മ വരുമ്പോൾ അയാൾ കിടക്കയിൽ കിടക്കുകയാണ്. അവിടേയ്ക്ക് എങ്ങിനെയാണ് എത്തിയതെന്ന് ഓർമ്മയില്ല.

ദേവിയുടെ ശബ്ദം ദൂരത്തുനിന്നെന്നപോലെ കേൾക്കാനുണ്ട്.

'കെടക്ക്വാണല്ലെ? ചായയായി, വരൂ.'

മറുപടി കിട്ടാത്തതുകൊണ്ടായിരിക്കണം അവൾ വാതിൽക്കൽ വന്നുനോക്കി.

'എഴുന്നേറ്റില്ലെ?'

വീണ്ടും മറുപടിയില്ലെന്നു കണ്ടപ്പോൾ അവൾ കട്ടിലിനടുത്തേയ്ക്ക് വന്നു.

'എന്തേ വയ്യായ ഒന്നുംല്ല്യല്ലൊ.'

'ഒന്നുംല്ല്യ, നമുക്കൊന്ന് ആശുപത്രീല് പോയാലോ?'

അടിവയറ്റിൽ നിന്നുയർന്നു വന്ന ആന്തലടക്കി അവൾ ചോദിച്ചു.

'എന്തു പറ്റി?' ആശുപത്രിയില് പോണംന്ന് ഒരിക്കലും പറയാത്ത മനുഷ്യനാണ്. സാധാരണ നിർബ്ബന്ധിച്ചാലേ പോകാറുള്ളു. ഇന്നെന്തു പറ്റിയാവോ?

'സാരല്യ, ഒരു തലകറക്കം മാത്രം. പേടിക്കാനൊന്നുംല്യ. പിന്നെ മോനെ അറിയിക്ക്യൊന്നും വേണ്ട. അവര് വെറ്‌തെ പരിഭ്രമിക്കും.'

'നെഞ്ചുവേദനണ്ടോ? വരു, നമ്ക്ക് വേഗം എറങ്ങാം.'

ലിഫ്റ്റിന്റെ ഉരുണ്ടു തണുത്ത കൈവരിയിൽ പിടിച്ചുകൊണ്ടയാൾ നിന്നു. എവിടെയെങ്കിലും ഇരിക്കണം. കണ്ണുകളടഞ്ഞു പോകുന്നപോലെ. നെഞ്ചിനുള്ളിൽ ഒരു കനം. ദേവിയുടെ പരിഭ്രമിച്ച മുഖം അയാൾക്ക് കണ്ണാടിയിൽക്കൂടി കാണാനുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ ജോണിയും ആലീസും ലിഫ്റ്റിനു കാത്തുനിൽക്കുന്നു.

'ഗുഡ് മോണിങ് അങ്കിൾ..........' പെട്ടെന്ന് ശ്രീധരന്റെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ അയാൾ ചോദിച്ചു. 'എന്താ അങ്കിളിന് സുഖംല്യേ?'

'നല്ല സുഖല്യ, ആശുപത്രീല് പോവ്വാണ്.' ദേവിയാണ് പറഞ്ഞത്.

'എന്നാൽ വരു, ഞാൻ കൊണ്ടോവാം.'

ജോണി തിരിച്ച് അവരോടൊപ്പം പുറത്തിറങ്ങി കാർ സ്റ്റാർട്ടാക്കി.

'അങ്കിൾ എപ്പഴും ചെക്കപ്പിനു പോണ ഹോസ്പിറ്റല് തന്ന്യല്ലെ?'

'അതെ.'

ജോണി സംസാരിച്ചുകൊണ്ടിരുന്നു. അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ദേവിയാണ് മറുപടി പറയുന്നത്. പിന്നെപ്പിന്നെ ആ സംസാരവും അവ്യക്തമായി.

ഓർമ്മ വന്നപ്പോൾ താൻ കിടക്കുന്നത് ഐ.സി.യുവിലാണെന്ന് മനസ്സിലായി. രണ്ടു വട്ടം അവിടെ കിടന്നതിനാൽ ആ മുറി നല്ല പരിചിതമാണ്. ആ ആശുപത്രിയിലെ നഴ്സുകളും. ഒരു നഴ്‌സ് അടുത്തു വന്നു, ഡ്രിപ് കേറ്റിക്കൊണ്ടിരിക്കുന്ന കൈ മൃദുവായി തലോടിക്കൊണ്ട് ചോദിച്ചു.

'അങ്കിൾ, ഇപ്പൊ എങ്ങിനെണ്ട്?'

'മോളെ എന്റെ അസുഖം മാറീന്ന് തോന്നുണു. ഇന്ന് തന്നെ വീട്ടീ പോവാൻ പറ്റ്വോ?'

'എന്താ ധൃതി?'

അവൾ ചിരിച്ചുകൊണ്ട് പോയി, ഒരു മിനുറ്റിനുള്ളിൽ തിരിച്ചുവന്നത് ദേവിയേയും കൊണ്ടാണ്. പാവം അവൾ ഐ.സി.യുവിനു പുറത്ത് ടെൻഷനടിച്ച് കാത്തുനിൽക്കുകയായിരുന്നു.

'സമയെത്ര്യായി?'

'മൂന്നര.'

'അപ്പൊ ഇത്രേം സമയം ഞാനൊറങ്ങ്വായിരുന്നോ?'

'ഒറങ്ങ്വേ, അല്ലാ........ എനിക്കറിയില്ല.'

'നീ ഊണു കഴിച്ച്വോ?'

'ഇല്ല, ഇനി കാന്റീനിൽ പോയി കഴിക്കാം. ഒന്നും കഴിക്കാൻ തോന്ന്ണില്യ.'

'ഒക്കെ ശരിയാവും, നീ പരിഭ്രമിക്കണ്ട. പിന്നെ മക്കളോട് ഒന്നും പറയണ്ട. അവര് വിളിച്ചാൽ ചെക്കപ്പിന് വന്നതാന്ന് പറഞ്ഞാമതി. ബുധനാഴ്ച സ്‌കൈപ്പില് കണ്ടില്ലെങ്കില് അവര് മൊബൈലില് വിളിക്കും. അപ്പഴേയ്ക്കും ഡിസ്ചാർജ് ചെയ്താ മത്യായിരുന്നു.'

'അതൊക്കെ ഞാൻ ശര്യാക്കാം. ഇപ്പൊ അതൊന്നും ആലോചിക്കണ്ട. വിശ്രമിക്കു.'

'ചേച്ചീ,' നഴ്‌സ് വന്ന് പറഞ്ഞു. 'മതീന്ന് ഡോക്ടറ് പറഞ്ഞു. ഇനി പിന്നെ കാണാം. ചേച്ചി ഇനി പോയി ഊണു കഴിച്ചോളു. സാറിന് ഭേദായി.'

അയാൾ കണ്ണടച്ചു കിടന്നു. വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതിവീഴുകയാണ്. പത്തു കൊല്ലം മുമ്പാണ് ആദ്യത്തെ അറ്റാക്കുണ്ടായത്. അന്ന് ആദർശ് ചെന്നൈയിൽ ജോലിയെടുക്കുകയായിരുന്നു. ലീവിൽ വന്ന സമയത്തായിരുന്നു അതുണ്ടായത്. അന്ന് അവനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഇന്ന് അവൻ അടുത്തില്ല, ജോണിയാണ് സഹായത്തിനു വന്നത്. ജോണിയ്ക്കും ആദർശിന്റെ പ്രായമാണ്. ആലീസിന് മഞ്ജുവിന്റെയും. സ്വന്തം മക്കൾ പോലെത്തന്നെയാണവർ. ആത്മാവിലെവിടെയൊക്കയൊ നന്മയുടെ ഓളങ്ങൾ തഴുകിക്കൊണ്ട് പോകുന്നു. ഒരിക്കൽ താൻ പനിച്ച് കിടപ്പിലായപ്പോൾ അന്ന് നാലു വയസ്സു മാത്രം പ്രായമുള്ള ആദർശ് അടുത്തുവന്ന് മേൽ തലോടാൻ തുടങ്ങി, താൻ ആവശ്യപ്പെടാതെത്തന്നെ. അവൻ ചോദിച്ചു. 'ഇപ്പൊ അച്ഛന് സുഖണ്ടോ?'

'നല്ല സുഖണ്ട് മോൻ തലോടുമ്പോൾ.'

കൈ കഴയ്ക്കുന്നതുവരെ അവൻ തലോടി. അന്ന് ആ സുഖത്തിൽ മേൽവേദന ഇല്ലാതായി, പതുക്കെ ഉറങ്ങാനും തുടങ്ങി. ഇന്നും അവൻ അടുത്തുണ്ടെങ്കിൽ തലോടിത്തന്നേനെ.

ആശുപത്രി ഒരു തടവറയാണ്. നിങ്ങളുടെ സ്വാതന്ത്ര്യം പണയം വച്ചേ അകത്തു കടക്കാനൊക്കൂ. മൂത്രമൊഴിക്കാൻ പോണമെങ്കിൽ നഴ്‌സിനോട് പറയണം. അവർ വന്ന് കട്ടിലിനു താഴെ വച്ച യൂറിനൽ പോട്ട് എടുത്തുതരുന്നു. കഴിഞ്ഞാൽ അവരോടു പറയണം. അവർ വന്ന് നിറഞ്ഞ പാത്രം എടുത്തുകൊണ്ടുപോകുന്നു. തന്റെ മൂത്രം മറ്റുള്ളവരെക്കൊണ്ട് ഏറ്റിക്കാനുള്ള വിഷമം മനസ്സിൽ ഇടിവുണ്ടാക്കുന്നു. അങ്ങിനെയിരിക്കുമ്പോൾ സ്റ്റ്രെച്ചർ ഉന്തിക്കൊണ്ട് ബ്രൗൺ നിറത്തിൽ യൂണിഫോമിട്ട തടിച്ച സ്ത്രീകൾ വരുന്നു. പിന്നെ ആജ്ഞകളാണ്. 'എണീറ്റ് ഇതിലേയ്ക്ക് കെടക്കു. പിടിക്കണോ.' ഭാഗ്യത്തിന് ഡ്യൂട്ടി നഴ്‌സ് വന്ന് സഹായിക്കുന്നു.

'എങ്ങോട്ടാ പോണത്?' അറിഞ്ഞതുകൊണ്ട് വലിയ കാര്യമൊന്നുമില്ലെങ്കിലും ചോദിക്കുന്നു.

'അൾട്രാസോണിക് സ്‌കാൻ ചെയ്യാന്ണ്ട്, എക്കോവും ചെയ്യണം.'

പിന്നെ കിടന്നുകൊണ്ടുള്ള യാത്രയാണ്. ഇടനാഴികയ്ക്കിരുവശത്തും നിൽക്കുന്നവരുടെ സഹതാപപൂർവ്വമായ നോട്ടങ്ങൾ നേരിടാതിരിയ്ക്കാൻ കണ്ണടച്ചു കിടക്കും.

'എന്താ കണ്ണടയ്ക്കണത്?' ഒപ്പം നടക്കുന്ന ദേവി ചോദിക്കുന്നു. 'മയക്കംണ്ടോ ഇപ്പഴും?'

'ഇല്ലാ, പക്ഷെ കണ്ണടയ്ക്കുമ്പൊ സുഖംണ്ട്.'

ബുധനും ഞായറുമാണ് മക്കൾ വിളിക്കുന്നത്. ഞായറാഴ്ചത്തെ കളി തമാശകളൊന്നും ബുധനാഴ്ച ഉണ്ടാവില്ല. രാവിലെ ഏഴര മണിയ്ക്ക് വിളിക്കുമ്പോൾ അവിടെ ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിയായിരിക്കും. ആദർശ് ഓഫീസിൽ നിന്ന് എത്തിയിട്ടുണ്ടാകും. ചിലപ്പോൾ മഞ്ജുവുമായി സ്‌കൈപ്പിൽ ചാറ്റുചെയ്യുമ്പോഴായിരിക്കും അവൻ വരുന്നത്. അപ്പോൾ മീനുമോളുടെ പരാക്രമം കാണണം. അമ്മയുടെ മടിയിലിരുന്ന് അച്ഛച്ഛനും അച്ഛമ്മയുമായി കൊഞ്ചിക്കൊണ്ടിരുന്ന അവൾ ഓടിപ്പോയി അച്ഛന്റെ മേൽ പാഞ്ഞുകയറുന്നു, മുഖത്ത് ധാരാളമായി ഉമ്മകൾ വർഷിക്കുന്നു. ഒരിക്കൽ അതു നോക്കിക്കൊണ്ടിരിക്കെ ആദർശ് ചോദിച്ചു.

'അച്ഛന് കൊതിയാവ്ണ്‌ണ്ടോ?'

'ഇല്ല,' അയാൾ പറയും, 'എനിക്ക്ള്ള ഓഹരിയൊക്കെ മുപ്പത്തിനാലു കൊല്ലം മുമ്പെ കിട്ടീട്ട്ണ്ട്.'

'ഓ.......'

ശരിക്കു പറഞ്ഞാൽ കൊതിയാവുന്നുണ്ട്, സന്തോഷവും. ഇനി പാവം അമ്മയും ഓഫീസിൽ പോകാൻ തുടങ്ങിയാൽ അവളുടെ കാര്യം കഷ്ടമാവും. വെറും മൂന്നു വയസ്സുമാത്രം പ്രായമായ കുട്ടി. വരാൻ പോകുന്ന ആയ നന്നായാൽ മതിയായിരുന്നു. എത്ര നല്ല ആയയായാലും കുറച്ചു നേരം കഴിഞ്ഞാൽ അവൾക്ക് അമ്മയെ കാണാൻ തോന്നില്ലെ? പകൽ അമ്മയെ കിട്ടില്ലെന്ന ബോധം ആ കൊച്ചുമനസ്സിൽ വളർന്നു വരും. ഇത്ര കുട്ടിയിൽത്തന്നെ താൻ ഒറ്റയ്ക്കാണെന്ന തോന്നൽ അവളിലുണ്ടാകും. അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടുവെന്ന അറിവിൽ അവൾ വളർന്നു വലുതാകും. പിന്നെ?........... എനിക്കറിയില്ല.

'എന്താ പറഞ്ഞത്?' ദേവി കുനിഞ്ഞു നിന്ന് ചോദിച്ചു.

'ഒന്നും പറഞ്ഞില്ല്യല്ലൊ.'

'എനിക്കറിയില്ല' എന്ന് കുറച്ചുറക്കെ പറഞ്ഞുവെന്ന് തോന്നുന്നു.

ഒരു മുറിയിൽനിന്ന് വേറൊരു മുറിയിലേയ്ക്ക്, അവിടെനിന്ന് വീണ്ടും മറ്റൊരു മുറിയിലേയ്ക്ക്. മുറിഞ്ഞു തൂങ്ങുന്ന സംസാരങ്ങൾ, അവ കഷ്ണങ്ങളായി മരുന്നിന്റെ മണമുള്ള വായുവിൽ അലഞ്ഞുനടക്കുന്നു. അതിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സാരിയുടുത്ത തടിച്ച അറ്റന്റർമാരിൽ നിന്ന് സ്റ്റ്രെച്ചർ ഏറ്റെടുത്ത രണ്ട് ചെറുപ്പക്കാരായ വാർഡ് ബോയ്‌സിന്റെയും ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ഇടകലർന്നിരുന്നു. സ്റ്റ്രെച്ചറിൽ തിരിച്ച് യാത്ര ചെയ്യുമ്പോൾ അയാൾ ഇടയ്ക്കിടയ്ക്ക് നോക്കി. ഉണ്ട്, ദേവി ഒപ്പമുണ്ട്. അതയാൾക്ക് ആത്മവിശ്വാസം നൽകി.

തിരിച്ച് ഐസിയുവിലേയ്ക്ക് യാത്ര. സ്റ്റ്രെച്ചറിൽ നിന്ന് കിടക്കയിലേയ്ക്ക് മാറാൻ സഹായിച്ചതിന് അയാൾ വാർഡ് ബോയ്‌സിന് നന്ദി പറഞ്ഞു. അവർ പോയതോടുകൂടി രണ്ടു നഴ്‌സുമാർ വന്ന് പ്രഷർ നോക്കി. നഴ്‌സുമാർ അടക്കിയ ശബ്ദത്തിൽ എന്തോ സംസാരിക്കുന്നു. ഒരു നഴ്‌സ് ഉടനെ ഓടിപ്പോയി. ഡ്യൂട്ടി ഡോക്ടർ വന്നു. അടക്കിയ സംസാരങ്ങൾ. 'ഇപ്പോൾ എന്തു തോന്നുന്നു?' അയാൾക്ക് മറുപടി പറയാൻ പറ്റുന്നില്ല. എവിടേയ്‌ക്കോ വഴുതി വീഴുന്നപോലെ.

'ഇന്ന് ശനി. ശരിയ്ക്ക് ഒരാഴ്ച ആസ്പത്രീല് കെടന്നു.' ഡിസ്ചാർജ് ചെയ്തപ്പോൾ വൈകീട്ട് ആറു മണിയായി. ടാക്‌സിയിൽ വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ ദേവി പറഞ്ഞു. 'എന്തേ ഇങ്ങിന്യൊക്കെ വരാൻ? രണ്ടു ദിവസം ഞാൻ ശരിയ്ക്കും പേടിച്ചു. അത്രയ്ക്ക് സുഖല്ല്യാതായി.'

'ഒഴിവായിക്കിട്ടുംന്ന് കരുതി സന്തോഷിക്ക്യല്ലെ വേണ്ടൂ?'

'അതതെ ഇപ്പൊ അങ്ങന്യൊക്കെ പറയാം. അതിന്റെടയ്ക്ക് ഞാൻ മോനോട് വരണംന്ന് പറയാൻ പോയതാ. നിങ്ങള് നിർബ്ബന്ധായി പറഞ്ഞതോണ്ടാ ഞാൻ ചെയ്യാതിര്ന്നത്. എനിയ്ക്ക് വയ്യ ഈ ടെൻഷനൊക്കെ ഒറ്റയ്ക്ക് സഹിക്കാൻ. ദാസേട്ടനീം അറിയിക്കണ്ടാന്ന് പറഞ്ഞില്ലെ. ജോണീം ആലീസും രണ്ടു നേരം വന്ന് അന്വേഷിച്ചിരുന്നത് മാത്രം ഒരാശ്വാസം. കുട്ട്യോള് ദിവസും ചുരുങ്ങിയത് രണ്ടുനേരെങ്കിലും വിളിച്ചിരുന്നു. ബുധനാഴ്ച വിളിച്ചപ്പൊ ചെക്കപ്പിനു പോയതാന്ന് പറഞ്ഞതൊന്നും അവൻ വിശ്വസിച്ചില്ല. അവനേതാ പുള്ളി? അവന് മനസ്സിലായി അച്ഛൻ സുഖല്ല്യാതെ ആശുപത്രീല് പോയാതാന്ന്. അവനച്ഛനെ കാണാൻ തൊടങ്ങീട്ട് കാലം കൊറച്ചായില്ലെ? പിന്നെ ഇടയ്ക്കിടയ്ക്ക് വിളി തന്ന്യായിരുന്നു. രണ്ടു പ്രാവശ്യം ഡോക്ടറേം നേരിട്ട് വിളിച്ച് അന്വേഷിച്ചു.'

'അതൊന്നും ഞാനറിഞ്ഞില്ല.'

'അതു നന്നായി, മക്കൾ ഒന്നും അറിഞ്ഞിട്ടില്ലാന്ന വിചാരത്തിലിരിക്ക്യായിര്ന്നില്ലെ. അല്ലെങ്കിൽ അതിന്റെ ടെൻഷൻ കൂടിണ്ടാവേരുന്നു.'

'ഇപ്പൊ അവരവിടെണ്ടാവ്വോ?'

'ഇന്നവർക്ക് ശനിയാഴ്ച്യ രാവില്യല്ലെ, അവരവിടെത്തന്നെണ്ടാവുംന്ന് പറഞ്ഞിട്ട്ണ്ട്. എണീറ്റിട്ട്ണ്ടാവ്വോന്ന് അറീല്ല്യ.'

വയ്യ. ലോബിയിലേയ്ക്കുള്ള മൂന്നു പടികൾ കയറിയപ്പോൾത്തന്നെ ക്ഷീണിച്ചു. ലിഫ്റ്റിന്റെ ബട്ടനമർത്തി കാത്തുനിൽക്കുമ്പോൾ അയാൾ ആലോചിച്ചു. ഇനി കുറച്ചു നേരം കിടന്നിട്ടു മതി മക്കളെ വിളിക്കുക. ലിഫ്റ്റിലേയ്ക്ക് കടന്നപ്പോഴാണ് ഒരാഴ്ചയ്ക്കു ശേഷം മുഖം ശരിക്കു കാണുന്നത്. ആശുപത്രിയിലെ കണ്ണാടി വളരെ ചെറുതാണ്. മുമ്പിലൊരു ബൾബ് ഇട്ടിട്ടുമില്ല. അതിൽ നോക്കുന്ന രോഗികളുടെ മനസ്സുപോലെത്തന്നെ ആകെ ഇരുട്ടുമയമാണ്. ലിഫ്റ്റിന്റെ ഒരു വശം മുഴുവൻ മൂടുന്ന വലിയ കണ്ണാടി നുണ പറയാത്തതാണ്. ഒരാഴ്ചയുടെ അനിശ്ചിതത്വത്തിൽ വളർന്ന നരച്ച താടിരോമങ്ങൾ. അവ ഡൈ ചെയ്ത മുടിയും മീശയുമായി ബന്ധമില്ലെന്ന മട്ടിൽ നിൽക്കുന്നു. മുഖം നല്ലവണ്ണം ക്ഷീണിച്ചപോലെ കാണുന്നുണ്ട്. ആദർശിനെ വിളിക്കുന്നതിനുമുമ്പ് ഒന്ന് ഷേവു ചെയ്യണം. ഈ മുഖം അവരെ കാണിക്കണ്ട.

വീട്ടിനുള്ളിൽ പഴയ ഗന്ധങ്ങൾ, കാഴ്ചകൾ. ചുമരിൽ പേരറിയാത്ത കലാകാരന്മാരുടെ രണ്ടു പെയ്ന്റിങ്ങുകളുടെ ഫ്രെയിം ചെയ്ത പ്രിന്റുകൾ. ആദർശ് ചെന്നൈയിൽ നിന്ന് അമേരിക്കയിൽ ജോലിയായി പോകാൻ തയ്യാറായി വന്നപ്പോൾ സമ്മാനിച്ചവയാണ്. പേരു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. 'അച്ഛൻ ഇന്റർനെറ്റിൽനിന്ന് സ്വന്തം കണ്ടുപിടിക്കു.' ഒരിക്കൽ കണ്ടു പിടിച്ചു, പിന്നീടത് മറക്കുകയും ചെയ്തു. സ്പാനിഷ് ചിത്രകാരന്മാരാണെന്നു മാത്രം ഓർമ്മയുണ്ട്.

ദേവിയുടെ മൊബൈൽ ശബ്ദിച്ചു. അവൾ സംസാരിക്കുകയാണ്.

'എത്തി, മോനെ. ഇപ്പൊ കൊഴപ്പൊന്നുംല്ല്യ. ശരി, സ്‌കൈപ്പിൽ വരാം.'

അവൾ കമ്പ്യൂട്ടർ ഓണാക്കി, ഏതാനും നിമിഷങ്ങൾക്കകം സ്‌കൈപ് ഓൺലൈനാവുന്നതിന്റെ ശബ്ദം.

'നോക്കു, വരു, കുട്ട്യോള് എത്തിക്കഴിഞ്ഞു.'

അയാൾ സാവധാനത്തിൽ നടന്ന് കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നു. സ്‌ക്രീനിൽ തെളിഞ്ഞുവന്നത് മൂന്നുപേരും കൂടി ഇരിക്കുന്ന ചിത്രമാണ്. അവിടെ നേരം വെളുക്കുന്നേയുള്ളു. മുമ്പിൽ വെച്ച ടേബ്ൾ ലാമ്പിന്റെ വെളിച്ചത്തിലാണവർ ഇരിക്കുന്നത്.

'എന്തു പറ്റീ അച്ഛാ?'

'ഇടയ്ക്ക് ആശുപത്രീലൊക്കെ പോയി അന്വേഷിക്കണ്ടെ? അതിന് പോയതാ.'

'അല്ലാതെ അച്ഛന് അസുഖായിട്ട് പോയതല്ല അല്ലേ?'

'ഏയ്.'

'അച്ഛന്റെ മുഖത്തത് കാണണ്ണ്ണ്ട്.'

അയാൾ ഉറക്കെ ചിരിച്ചു.

'അച്ഛൻ നല്ലോണം ക്ഷീണിച്ച്ട്ട്ണ്ട്.' മഞ്ജു പറഞ്ഞു. മീനുമോൾ ഒരു വിചിത്രജീവിയെയെന്നപോലെ തന്നെ പകച്ചുനോക്കുകയാണ്.

'മീനുമോൾ അച്ഛച്ഛന് ഉമ്മ തന്നില്ലല്ലൊ.'

അവൾ തിരിഞ്ഞ് അമ്മയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

'എന്താ മോള് പറേണത്?'

ആദർശാണ് മറുപടി പറഞ്ഞത്. 'അവള് പറയണത് അച്ഛച്ഛന്റെ മുഖത്ത് അവളടെ ഉമ്മയ്ക്ക് ലാന്റ് ചെയ്യാൻ സ്ഥലല്യാന്നാ.'

അയാൾ മുഖത്ത് വളർന്നുവന്ന കുറ്റിരോമങ്ങൾ തലോടി. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദന സാവധാനം കിളിർക്കെ ഈ കാണുന്നതെല്ലാം വെറും നിഴൽ മാത്രമാണെന്നും താൻ കുട്ടിക്കാലത്ത് നിഴലുകളുടെ പിന്നാലെ വ്യർഥമായി, എന്തിനെന്നറിയാതെ ഓടിയിരുന്നപോലെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കയാണെന്നും അയാൾക്ക് മനസ്സിലായി.

ജനശക്തി വിഷുപ്പതിപ്പ് - 2012