ക്രൂരത്വത്താലുയർത്തപ്പെടുക, ഹൃദയമേ


ഇ ഹരികുമാര്‍

ബ്ലോഗുകൾ പലപ്പോഴും അതിലെഴുതുന്ന വ്യക്തിയുടെ അജ്ഞത വെളിപ്പെടുത്താനേ ഉതകു എന്ന തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു മുമ്പിൽ കാണുന്ന പേജ്. മെഹ്ദി ഹസ്സൻ സാഹിബിനെപ്പറ്റിയുള്ള ഒരു ലേഖനത്തിനു താഴെ അദ്ദേഹത്തിന്റെ മരണം കൊണ്ടുളവായ നഷ്ടബോധങ്ങൾക്കിടയിൽ വിലക്ഷണമായി ഒരു കുറിപ്പുമുണ്ടായിരുന്നു. 'മെഹദി ഹസ്സനോ? ആരാണയാൾ? ഇന്ത്യയിൽ ആരാണ് അയാളെ അറിയുക?'

മാപ്പു കൊടുക്കാൻ അർഹതയില്ലാത്ത ആ അറിവില്ലായ്മയ്ക്കു മുമ്പിൽ അയാൾ പകച്ചുനിന്നു.

'ഗുലോം മെ രംഗ് ഭരേ, ബാദ്-എ-നൗബഹാർ ചലേ-

ചലേ ഭി ആവോ കി ഗുൽഷൻ കാ കാരോബാർ ചലേ.'

മെഹ്ദി ഹസ്സൻ ഗസൽ ആലപിയ്ക്കുകയാണ്. 'പുതുവസന്തത്തിന്റെ മന്ദമാരുതൻ പൂക്കളിൽ നിറങ്ങൾ ചാർത്തട്ടെ. ആരാമം ഒരിക്കൽക്കൂടി സജീവമാക്കാനായി വരൂ.' മുഖത്തെ ചുളിവുകൾക്കിടയിൽ വാർദ്ധക്യത്തിന്റെ നിഴലുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഓജസ്സുള്ള സ്വരത്തിൽ ആ അനുഗ്രഹീത ഗസൽ സംഗീതജ്ഞൻ പാടുന്നു.

ഇടതുപക്ഷക്കാരനായിരുന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ വിപ്ലവാത്മകമായ ഗസൽ. എഴുപതുകളുടെ തുടക്കത്തിൽ ഇതേ ഗസൽ മെഹ്ദി ഹസ്സൻ സാഹിബ് പാടുന്നത് അയാൾ കേട്ടിട്ടുണ്ട്. ശബ്ദത്തിൽ ചൊറുചൊറുക്കുണ്ടായിരുന്നു. അന്ന് ബോംബെയിൽ ടി.വി. കളർ ട്രാൻസ്മിഷൻ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ബ്ലാക്ക് ഏന്റ് വൈറ്റ് മോണിറ്ററിൽ ആ നാല്പത്തഞ്ചു വയസ്സുകാരന്റെ മുഖം ഓജസ്സോടെ കാണപ്പെട്ടു. തലയുടെ മുൻവശത്തുള്ള മുടി മുകളിലേയ്ക്കുള്ള കയറ്റം തുടങ്ങിയിട്ടേയുള്ളു.

മെഹ്ദി സാഹിബ് അന്തരിച്ചു. ആ വാർത്ത വായിച്ച ദിവസം അയാൾ കുറേനേരം നിരുന്മേഷനായി ഇരുന്നു. ജീവിതത്തിൽ നിന്ന് എന്തൊക്കെയോ അടർന്നുപോയ പോലെ. ഷെൽഫിൽ നിന്ന് പഴയ കാസ്സറ്റുകളുടെ ശേഖരം തപ്പി മൂന്നു കാസ്സറ്റുകൾ പുറത്തെടുത്തു. സി.ഡി.കളുടെ മുന്നേറ്റത്തിൽ പിൻതള്ളപ്പെട്ട ടേപ്‌റെക്കോർഡർ കുറേക്കാലമായി ഉപയോഗിക്കാറില്ല. അലമാറിയിൽ ഭദ്രമായി മൂടിവെച്ച റെക്കോർഡർ അയാൾ പൊടിതുടച്ച് പ്ലഗ്ഗിൽ കുത്തി. യന്ത്രങ്ങളെ മനുഷ്യരേക്കാൾ നന്നായി വിശ്വസിക്കാമെന്നയാൾ അനുഭവത്തിൽനിന്ന് പഠിച്ചിരുന്നു. മനുഷ്യർ ചതിച്ചേടത്ത് അയാളുടെ സഹായത്തിനെത്തിയത് എപ്പോഴും യന്ത്രങ്ങളായിരുന്നു. അതു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ അയാൾ കാസറ്റിട്ടു. അയാളുടെ പ്രതീക്ഷ പതിവുപോലെ തെറ്റായില്ല.

പത്തുപന്ത്രണ്ടു കൊല്ലമായി അദ്ദേഹം ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു. പക്ഷെ മരണം!

'രഞ്ജിഷ് ഹി സഹി, ദിൽ ഹി ദുഖാനേകേലിയേ ആ.......'

അയാൾ കണ്ണടച്ചിരുന്നു. 'ഈ പാക്കിസ്ഥാനി ഗസല്കാരനെ ഇന്ത്യയിൽ ആരാണ് അറിയുക?' കഷ്ടം! അതെഴുതിയ ബ്ലോഗറുടെ അറിവില്ലായ്മയിൽ അയാൾ ദു:ഖിതനായി. സാധാരണമായി വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും പറയാനുദ്ദേശിക്കുന്നത് ധരിപ്പിക്കാനുള്ള വിഷമങ്ങളും ബ്ലോഗുകളിലുണ്ടാവാറുണ്ട്. അതയാൾക്ക് മനസ്സിലാവും. എല്ലാവരും വൈയാകരണന്മാരവണമെന്നില്ല. പക്ഷെ അജ്ഞത! അത് സഹിക്കാവുന്നതിലപ്പുറമാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകർക്കുവേണ്ടി, അദ്ദേഹത്തിന്റെ മരണത്തിൽ സങ്കടപ്പെടുന്നവർക്കുവേണ്ടി അയാൾ ടേപ്‌റെക്കോർഡറിന്റെ വാള്യം കൂട്ടിവച്ചു.

'അതിപ്പഴും കേടില്ലാതെ ഇരിക്കുന്നുണ്ടല്ലേ?' ഭാര്യ ചോദിച്ചു. കമ്പ്യൂട്ടറിലാണ് ആ ഗസൽ കേൾക്കുന്നതെന്നായിരുന്നു അവൾ കരുതിയത്. മുറിയിലേയ്ക്ക് വന്നപ്പോഴാണ് മനസ്സിലായത് പഴയ ടേപ്പ്‌റെക്കോർഡറിൽനിന്നാണ് ശബ്ദം വരുന്നതെന്ന്. സിഡിപ്ലെയറും കമ്പ്യൂട്ടറും കൂടി പാവം ആഡിയോ കാസറ്റിനെ എന്നേ പുറംതള്ളിയിരുന്നു. അവൾക്ക് മെഹ്ദി ഹസ്സനെ ഇഷ്ടമാണ്. കൂടുതൽ ഇഷ്ടം ഗുലാം അലിയേയും ജഗദീഷ് സിങ്ങിനേയുമാണെന്നു മാത്രം. പിന്നെയാണ് മെഹ്ദി സാഹിബ്ബും പങ്കജ് ഉദാസും.

'എന്നോട് പിണക്കമാണെങ്കിലും എന്റെ ഹൃദയത്തെ നോവിപ്പിക്കാനായെങ്കിലും വരൂ....'

സ്വരവിന്യാസത്തിലുള്ള സൂക്ഷ്മവ്യതിയാനങ്ങൾ കോരിത്തരിപ്പിയ്ക്കുന്നതായിരുന്നു.

നൈജീരിയയിൽ കാർഷികയന്ത്രങ്ങളുടെ ബിസിനസ്സ് നടത്തിയിരുന്ന സുരിന്ദർ ചോപ്രയിൽനിന്നാണ് ആദ്യമായി മെഹ്ദി ഹസ്സന്റെ ഗസൽ കാസറ്റ് കടം കിട്ടുന്നത്. ഒരിക്കൽ ഉസ്താദ് പാടിയ സിനിമാ ഗാനങ്ങളുടെ കാസറ്റ് കൊണ്ടുവന്നു. നാട്ടിലേയ്ക്കു ഗൾഫ് വഴി വരുമ്പോഴാണ് അദ്ദേഹം കാസറ്റുകൾ വാങ്ങിയിരുന്നത്. ആസ്വാദനത്തിന്റെ ഇത്രയും മനോഹരമായ ഒരുറവ കാട്ടിത്തന്ന ആ ചെമ്പൻമുടിക്കാരനെ അയാൾ ഇപ്പോഴും നന്ദിപൂർവ്വം ഓർക്കുന്നു. അദ്ദേഹം മരിച്ചിട്ട് എട്ടുവർഷമായി.

മനസ്സിൽ എവിടേനിന്നോ വേദന നുഴഞ്ഞു കയറുന്നു. എഴുപതുകളിൽ എല്ലാം നഷ്ടപ്പെട്ട്, ഭാര്യയെയും നാലു വയസ്സുള്ള മകനേയും നാട്ടിലാക്കി ആത്മഹത്യയെപ്പറ്റി ചിന്തിച്ച് ജുഹു ബീച്ചിൽ അലഞ്ഞുനടന്നപ്പോൾ എവിടേനിന്നോ ഒഴുകിവന്ന ഒരു ഗസലിന്റെ ഈണം സാന്ത്വനപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ടിട്ടില്ല, ഇനിയും നേടാനുണ്ടെന്ന സാന്ത്വനസന്ദേശം. സംഗീതത്തിൽ ആശ്വസിപ്പിയ്ക്കുന്ന ഒരംശമുണ്ട്. തന്റെ കയ്യിലുള്ള ഗാനശേഖരം ഇല്ലായിരുന്നുവെങ്കിൽ താൻ അന്നേ മണ്ണിലലിയുമായിരുന്നു. ജോലി നഷ്ടപ്പെട്ട് എങ്ങും പോകാനില്ലാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കുമ്പോൾ വിശപ്പ് മറന്ന് സ്വയം ലയിച്ചിരുന്നത് അതിന്റെ മുമ്പിലായിരുന്നു. അതിൽ തലത്ത് മെഹ്മൂദുണ്ടായിരുന്നു, മെഹ്ദി ഹസ്സനുണ്ടായിരുന്നു, ഹേമന്ത്, റഫി, ലത, ഗുലാമലി എല്ലാരും ഉണ്ടായിരുന്നു.

മെഹ്ദി ഹസ്സൻ പാടുകയാണ്. 'ഇതുവരെ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച പ്രതീക്ഷയുടെ അവസാനത്തെ മെഴുകുതിരിനാളം കൂടി കെടുത്താനായെങ്കിലും നീ വരു.'

'......... യെ ആഖ്‌രി ഷമ്മെയ്ൻ ഭി ബുജാനേകേലിയെ ആ.'

ആ ഗസൽ ഉസ്താദിന്റെ അവസാന നാളുകളെപ്പറ്റിയുള്ള പത്രവാർത്തകൾ വായിക്കാൻ അയാൾ നെറ്റിൽ പരതുകയായിരുന്നു. ഗൂഗിൾ തന്റെ മുമ്പിൽ നിരത്തിയത് ലക്ഷക്കണക്കിന് പേജുകളായിരുന്നു. ഏതാനും പ്രധാനപ്പെട്ടവ നോക്കി ഓരോന്നോരോന്നായി വായിക്കാൻ തുടങ്ങി. വായിച്ചപ്പോൾ തോന്നി അത് വേണ്ടിയിരുന്നില്ല എന്ന്. പതിനാറു തലമുറകളായി സംഗീതോപാസന ചെയ്തു ജീവിച്ച ഒരു കുടുംബത്തിലെ സംഗീതജ്ഞൻ, ലക്ഷക്കണക്കിന് ജനഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരതയിൽ ആറാടിച്ച ഗസൽ രാജാവ്. അദ്ദേഹത്തിന്റെ അവസാന കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ആശുപത്രിയിലെ ബില്ലടക്കാൻ പണമില്ലാതെ മക്കൾക്ക് നെട്ടോട്ടമോടേണ്ട ഗതികേട്. ജീവിതം മുഴുവൻ സംഗീതം മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഒരു മനുഷ്യൻ, അവസാന കാലങ്ങളിൽ........ അദ്ദേഹത്തിന്റെ സംഗീതത്തിൽ ആനന്ദിയ്ക്കുകമാത്രമല്ല ഒപ്പം സ്വജീവിതത്തിന്റെ അർത്ഥം കണ്ടുപിടിക്കുകകൂടി ചെയ്ത തന്നെപ്പോലുള്ള ജനലക്ഷങ്ങൾ എവിടെയായിരുന്നു?

അയാൾ അച്ഛനെ ഓർത്തു. മുപ്പതാം വയസ്സിൽ, ദൈവത്തിന്റെ സൃഷ്ടിയുടെ അപാകതകളെപ്പറ്റിയും അതു സൃഷ്ടകളിലുണ്ടാക്കിയ ദണ്ഡനത്തെയും വൈരൂപ്യത്യത്തെയും പറ്റി ഓർത്ത്, എങ്കിൽ അങ്ങിനെയൊരീശ്വരൻ......... എന്ന അർദ്ധോക്തിയിൽ നിർത്തി, തന്റെ വഴി വേറെയാണ് എന്നെഴുതിയ കവിയുടെ അവസാനവും കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. ആശുപത്രിയിൽ പോകാനുള്ള പണംകൂടിയില്ലാതെ ചികിത്സ തേടാതെ മരിച്ചു. 'ഞാനോ ക്ഷതത്തിങ്കൽത്തേനിടുമൻപിനെ തിരകയാം മണ്ണിന്നെഴും മാൺപിനെ.' എന്നാണ് അദ്ദേഹം എഴുതിയത്. അതദ്ദേഹം ജീവിതകാലം മുഴുവൻ അനുഷ്ഠിച്ചു. ദരിദ്രനായി ജീവിച്ചപ്പോഴും അദ്ദേഹം പാവപ്പെട്ടവരെ സഹായിച്ചു. സ്വന്തം ജോലിയ്ക്ക് മറ്റുള്ളവർ നൽകിയ പ്രതിഫലം എത്രയാണെന്ന് നോക്കുകപോലും ചെയ്യാതെ സ്വീകരിച്ചു. അതിൽ വളരെ സമ്പന്നരുണ്ടായിരുന്നു, ദരിദ്രരും. പാവപ്പെട്ടവർക്കു വേണ്ടി പ്രതിഫലമില്ലാതെ ജോലിയെടുത്തു. അദ്ദേഹത്തിന്റെ കവിതകൾ കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ആസ്വദിച്ചുവെങ്കിലും ആ കവിതകൾ പ്രസിദ്ധീകരിച്ച വാരികകൾ വളരെ തുഛമായ പ്രതിഫലം മാത്രം നൽകി. പത്തോ പതിനഞ്ചോ രൂപ മാത്രം. തൊള്ളായിരത്തി അമ്പത്തഞ്ചിൽ നവയുഗത്തിലോ അതോ അമ്പത്തൊമ്പതിൽ ജനയുഗത്തിലോ പ്രസിദ്ധീകരിച്ച കവിതയ്ക്ക് ഇരുന്നൂറു രൂപ പ്രതിഫലമായി കിട്ടിയപ്പോൾ അദ്ദേഹത്തിന് അദ്ഭുതമായി. സ്വന്തം കഴിവിന് കിട്ടിയ ആദ്യത്തെ അംഗീകാരമായി അതദ്ദേഹത്തിന് തോന്നിയിരിക്കണം. അക്കാദമികൾകൂടി വളരെ മടിച്ചുമടിച്ചാണ് അദ്ദേഹത്തെ അംഗീകരിക്കാനുള്ള പുരസ്‌കാരങ്ങൾ നൽകിയത്. കവിതയ്ക്കുള്ള പുരസ്‌കാരം അറുപത്തൊമ്പതിൽ നൽകിയത് തന്നേക്കാൾ ചെറുപ്പമായിരുന്ന കവികൾക്കുകൂടി കൊടുത്തതിനു ശേഷമാണ്. കാവിലെ പാട്ട് പ്രസിദ്ധീകരിച്ചത് അറുപത്താറിലാണ്. വേണമെങ്കിൽ അവർക്ക് അവസാനകാലങ്ങളിൽ അദ്ദേഹത്തിന് വിശിഷ്ടാംഗത്വം കൊടുക്കാമായിരുന്നു. അതദ്ദേഹത്തിന് വലിയ ഉപകാരമാകുമായിരുന്നു. പകരം അവർ ചെയ്തത് തൊള്ളായിരത്തി എഴുപത്തിരണ്ടിൽ അതിനർഹതപ്പെട്ടവർ ആരുമില്ലെന്ന് വിധി കല്പ്പിക്കുകയായിരുന്നു. പൂതപ്പാട്ടും, കാവിലെ പാട്ടും, പുത്തൻകലവും അരിവാളും, കുറ്റിപ്പുറം പാലവും എഴുതിയ കവി അതിനർഹനാണോ? പിന്നെ അതിനടുത്ത വർഷം രണ്ടുപേർക്കു കൊടുത്തു. അഞ്ചുപേർക്കുവരെ ആ പദവി ഒറ്റയടിക്കു നൽകിയ വർഷങ്ങളുണ്ടായിട്ടുണ്ട്, എൺപത്തൊന്നിൽ.

സ്വന്തം കാര്യം വിളിച്ചുകൂകി മുമ്പിലേയ്ക്കു തള്ളിക്കയറുന്നവർക്കു മാത്രമേ സദ്യയുള്ളു എന്നതാണ് സ്ഥിതി. അതു ചെയ്യാനുള്ള വൈമുഖ്യമാണ് വ്യക്തിജീവിതത്തിലെ അദ്ദേഹത്തിന്റെ പരാജയം. എഴുപത്തിനാലിൽ അച്ഛൻ മരിച്ചു. അവസാനകാലങ്ങളിൽ ഒരു വിശിഷ്ടാംഗത്വത്തിന്റെ പരിവേഷം ആവശ്യമില്ലെങ്കിലും അതിനോടൊപ്പം ലഭിക്കുമായിരുന്ന തുക അദ്ദേഹത്തിന് കുറച്ചെങ്കിലും ആശ്വാസമായേനേ; ചുരുങ്ങിയത് കോഴിക്കോട്ടു പോയി അത്യാവശ്യം വേണ്ടിയിരുന്ന ഒരു ചെക്കപ്പ് നടത്താനെങ്കിലും.

പതിനേഴാം വയസ്സിൽ അച്ഛനെ സഹായിക്കാനായി കൽക്കത്തയ്ക്ക് വണ്ടി കയറിയ താൻ മുപ്പതാം വയസ്സിൽ സാമ്പത്തികമായി ആകെ തകർന്നു. അതുവരെ ആർജ്ജിച്ചതെല്ലാം നഷ്ടമായി, കിടപ്പാടം പോലും. അതിനിടയ്ക്ക് അച്ഛനെ സഹായിക്കാൻ പറ്റാതായി. മറ്റു മക്കളെല്ലാം കര കയറിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അച്ഛന്റെ ആരോഗ്യം മോശമായി വരുന്നുണ്ടെന്നല്ലാതെ എത്രത്തോളമെത്തിയിരുന്നുവെന്ന് അയാളറിഞ്ഞില്ല. സ്വന്തം പരാധീനതകൾ മറ്റുള്ളവരെ, സ്വന്തം മക്കളെപ്പോലും അറിയിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം. അറിയിക്കരുതെന്ന് അമ്മയെയും വിലക്കിയിരിക്കണം. കഷ്ടപ്പാടുകൾ ആരോടും പറയാതെ സ്വയം സഹിക്കുക, സന്തോഷങ്ങൾ എല്ലാവരുമായി പങ്കിടുക എന്നതായിരുന്നു അച്ഛന്റെ സ്വഭാവം. അച്ഛനെ ദിവസവും കാണാറുള്ള സ്‌നേഹിതന്മാർക്കെങ്കിലും തനിയ്ക്ക് കത്തയക്കാമായിരുന്നു. പോട്ടെ, എല്ലാം കഴിഞ്ഞു. ഇനി മുപ്പത്തെട്ടു വർഷങ്ങൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിന്റെ ആവശ്യമെന്ത്? അവസാന ദിവസങ്ങളിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന നില വന്നപ്പോഴാണ് അദ്ദേഹം തനിയ്ക്ക് കത്തയക്കുന്നത്. കുറച്ചു പണം അയച്ചു തരൂ. ആ കത്തിലെ ആവേഗവും നിസ്സഹായതയും മനസ്സിലാക്കാൻ തനിയ്ക്ക് കഴിഞ്ഞില്ല. സാധാരണ അയക്കാറുള്ള പണത്തിനു പുറമെ ഇടയ്ക്ക് പണമാവശ്യം വരുമ്പോൾ അയക്കാറുള്ള കത്തുപോലെ ഒന്നാണെന്നു കരുതി. ബാങ്കിൽ ആകെയുണ്ടായിരുന്ന നൂറ്റിപ്പത്തു രൂപയിൽനിന്ന് നൂറിന്റെ ഒരു ചെക്ക് അയച്ചുകൊടുത്തു. പണമയക്കാതെ ചെക്കയക്കാൻ കാരണം ചുരുങ്ങിയത് നൂറുറുപ്പിക അക്കൗണ്ടിൽ വെക്കണമെന്ന ബാങ്കിലെ വ്യവസ്ഥയാണ്. ചെക്കാവുമ്പോൾ അത് ക്ലീയർ ചെയ്ത് പൊയ്‌ക്കോളും. നേരിട്ട് പോയാൽ കിട്ടില്ല. വേറെ പണമൊന്നും കയ്യിലുണ്ടായിരുന്നുമില്ല. വല്ലാത്തൊരു കാലമായിരുന്നു അത്.

ഒരാഴ്ചക്കുള്ളിൽ അച്ഛൻ മരിച്ചെന്ന് ഫോൺ കിട്ടി. ബോംബെയിൽനിന്ന് വൈകുന്നേരത്തിനുള്ളിലോ അല്ലെങ്കിൽ പിറ്റേന്നോ നാട്ടിലെത്താൻ കഴിയില്ലെന്നറിയുന്ന അയാൾ തന്നെ കാത്തുനിൽക്കാതെ അച്ഛനെ സംസ്‌കരിച്ചുകൊള്ളാൻ ടെലഗ്രാമയച്ചു. പിന്നീട് വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത് അച്ഛന് ആ നൂറുറുപ്പിക പോലും, ബാങ്കിൽ വന്നിട്ടുണ്ടെങ്കിലും എടുക്കാൻ പറ്റിയില്ലെന്ന്. അല്ലെങ്കിൽ അതെടുക്കുന്ന കാര്യത്തിൽ അദ്ദേഹം ഉദാസീനനായിരുന്നു. അച്ഛൻ മരിച്ചുവെന്നറിഞ്ഞപ്പോൾ കരയാതിരുന്ന അയാൾക്കുണ്ടായത് ഒരു തേങ്ങലാണ്. അച്ഛനെ സംസ്‌കരിച്ചേടത്തയാൾ കുമ്പിട്ടിരുന്നു. ഉണങ്ങിത്തുടങ്ങിയ മൺകട്ടകൾ കണ്ണീർ വീണ് കുതിർന്നു.

ആ മണ്ണിൽ നമസ്‌കരിച്ചശേഷം അയാൾ എഴുന്നേറ്റു.

അവസാന നാളുകൾ വളരെ കഷ്ടപ്പാടുള്ളതായിരുന്നുവെന്ന് അമ്മ പറഞ്ഞു. മോശമായ ആരോഗ്യവും വെച്ചുകൊണ്ട് അദ്ദേഹം ജോലിയ്ക്കു പോയിരുന്നു. കോടതിയിലേയ്ക്ക് രണ്ടു മൂന്ന് കിലോമീറ്റർ ദൂരം നടന്നു പോകും, പിന്നെ വല്ല കക്ഷികളുടെയും കൂടെ വസ്തു അളക്കാനും മറ്റുമായി വീണ്ടും കിലോമീറ്ററുകൾ നടത്തം. അതിനിടയ്ക്ക് ഭക്ഷണമൊന്നും കഴിച്ചില്ലെന്നു വരും. വൈകുന്നേരം ക്ഷീണിച്ച് വയ്യാതെ ഇഴഞ്ഞു നടന്നുകൊണ്ടാണ് വീട്ടിലെത്തുക. ഇതറിഞ്ഞിരുന്നെങ്കിൽ താൻ എങ്ങിനെയെങ്കിലും, ഇരന്നിട്ടോ കട്ടിട്ടോ ആശുപത്രിയിൽ ചെക്കപ്പ് നടത്താനുള്ള പണമയച്ചുകൊടുത്തേനെ. ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇതെന്നെന്നും തന്റെ മനസ്സിൽ ഒരു പാടായി കിടക്കും.

മെഹദി ഹസ്സൻ പാടുകയാണ്. അയാൾ ഓർത്തു. രണ്ടുപേരും അവസാനം വളരെ കഷ്ടപ്പെട്ടിട്ടാണ് മരിച്ചത്. ഒരാൾക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ബില്ലടക്കാൻ പണമില്ലാതെ മക്കൾ നെട്ടോട്ടമോടേണ്ട ഗതി വന്നു. അദ്ദേഹത്തെ ഗസൽ സന്ധ്യകൾക്കു വിളിച്ചു കൊണ്ടുപോയവർ പ്രതിഫലമൊന്നും കൊടുക്കാതെ അല്ലെങ്കിൽ തുഛമായ എന്തെങ്കിലും കൊടുത്ത് തടിതപ്പി. അദ്ദേഹമാകട്ടെ ശ്രോതാക്കളുടെ പ്രതികരണത്തിലും ഉത്സാഹത്തിലും തൃപ്തനായി. തന്റെ അച്ഛനാകട്ടെ ആശുപത്രിയിൽ പോകാനുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു. ആത്മാർത്ഥമായി കലയെ ഉപാസിക്കുന്നവർക്ക് വിധിച്ചതായിരിക്കുമോ ഈ അന്ത്യം?

മെഹ്ദി ഹസ്സൻ പാടുകയാണ്, നിറങ്ങളുള്ള പൂക്കൾ വിരിയുന്ന പുതുവസന്തത്തെപ്പറ്റി, സ്‌നേഹത്തെപ്പറ്റി, സ്‌നേഹരാഹിത്യത്തെപ്പറ്റി. അയാൾ അലമാറിയിൽനിന്ന് അച്ഛന്റെ പുസ്തകം പുറത്തേയ്‌ക്കെടുത്തു. പകുത്തപ്പോൾ ആ കവിതതന്നെയാണ് കിട്ടിയത്. 'മാപ്പില്ല'. ഒരുപാടു തവണ എടുത്തു വായിച്ചതുകൊണ്ടായിരിക്കണം പുസ്തകം പകുത്തപ്പോൾ ആ പേജുതന്നെ കിട്ടിയത്. ആ കവിത ആയാളെ ദുഃഖത്തിന്റെ, നിരാശയുടെ നിലയില്ലാക്കയത്തിൻനിന്ന് എപ്പോഴും കരകയറ്റാറുണ്ട്.

ചോരക്കൈവാളിനൂണാമരിയൊരജകിശോ-
രത്തെ മീളാൻ കുനിച്ചു-
ള്ളൊരാ കണ്ഠത്തിൽ നിന്നൂറിന മൃദുകരുണാ-
വായ്പിലാഴുമ്പൊഴെല്ലാം,
'ഹാ, രക്ഷക്കാത്മകർമ്മം ശരണ,മിതരമി,-
ല്ലില്ല മാപ്പെ'ന്ന ഗീരിൻ
ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ,
പിന്നെയും പിന്നെയും നീ.

ജനശക്തി വാര്‍ഷികപ്പതിപ്പ് - 2012