കുടുംബചിത്രം നന്നാക്കിയെടുക്കാൻ


ഇ ഹരികുമാര്‍

അയാളുടെ മുമ്പിൽ കമ്പ്യൂട്ടർ മോണിറ്ററിൽ തുറന്നിട്ട ഫോട്ടോവിൽ ആ വലിയ കുടുംബം ഒതുങ്ങി. മുമ്പിൽത്തന്നെ ഇട്ട സ്റ്റൂളിന്മേൽ വിരിച്ച ഓറഞ്ച് വിരിമേൽ കുത്തിനിർത്തിയ ചിത്രത്തിൽ മാലയിട്ടിട്ടുണ്ട്. അതവരുടെ മരിച്ചുപോയ അച്ഛനാണ് പടിഞ്ഞാറെ കളത്തിൽ കൃഷ്ണക്കുറുപ്പ്. തൊട്ടടുത്ത് നേരത്തെ മരിച്ചു പോയ ഭാരതിയമ്മയുടെ ചിത്രവുമുണ്ട്. അമ്മയുടെ ഫോട്ടോ ചെറുതാണ്. ഏറ്റവും പിന്നിൽ നിരന്നു നിൽക്കുന്ന ചെറുപ്പക്കാർക്കു മുമ്പിൽ ഇരിക്കുന്നത് കൃഷ്ണക്കുറുപ്പിന്റെ മക്കളാണ്. അഞ്ചാണുങ്ങൾ ഒരു പെണ്ണ്. അമ്പതു വയസ്സു തൊട്ട് അറുപത്തിരണ്ടു വയസ്സുവരെ പ്രായമുള്ളവർ. അച്ഛനമ്മമാരുടെ സുദീർഘമായൊരു ദാമ്പത്യജീവിതത്തിലെ മുതൽക്കൂട്ട്. ഓരോരുത്തരുടെയും അടുത്തിരിക്കുന്നത് അവരുടെ ഭാര്യമാരാണ്. നടുവിൽ മകൾ സൗദാമിനി ഇരിക്കുന്നു, അവളുടെ വലതുവശത്ത് ഭർത്താവ് വേണുഗോപാലനും. അവർക്കു തൊട്ടു മുമ്പിലായി രണ്ടു കസേരകളിൽ അവരുടെ അന്നു വിവാഹിതയായ മകൾ മിനി, വരനോടൊപ്പമിരിയ്ക്കുന്നു. രണ്ടുപേരുടെയും കൈകളിൽ പൂച്ചെണ്ടുകൾ. മുമ്പിലത്തെ വരിയിൽ കൃഷ്ണക്കുറുപ്പിന്റെ പേരക്കുട്ടികളും, അതിൽ കല്യാണം കഴിഞ്ഞവരുടെ ഭാര്യമാരും ഭർത്താക്കന്മാരും. അവർ നിൽക്കുകയോ ഇരിക്കുകയോ ആണ്. അതിനും മുമ്പിൽ ചെറിയ കുട്ടികൾ നിലത്തിരിയ്ക്കയാണ്. വെറുമൊരു സാധാരണ കുടുംബചിത്രം.

ഇതിൽ അസാധാരണമായിട്ടുള്ളത് അതിനിടയിൽ നിൽക്കുന്ന ഒരു പെൺകുട്ടിയാണ്. ആ കുടുംബചിത്രത്തിൽ ഒരധികപ്പറ്റാണെന്ന് മോഹനനെന്നു പേരുള്ള മൂത്ത മകനൊഴികെ എല്ലാവരും വിധിയെഴുതിയെക്കാവുന്ന വ്യക്തി. അറുപത്താറു വയസ്സായ ആ മകനാണ് ഇപ്പോൾ കമ്പ്യൂട്ടറിന്റെ മുമ്പിൽ, ഫോട്ടോഷോപ്പിൽ തുറന്നുവച്ച ചിത്രത്തിൽ കണ്ണുംനട്ട് ധ്യാനനിരതനായി ഇരിക്കുന്നത്. ഉദ്ദേശ്യം, താൻ നാലു കൊല്ലം മുമ്പ് സഹോദരങ്ങളോടും അവരുടെ മക്കളോടും പേരക്കുട്ടികളോടും ചെയ്ത ഒരനീതി തുടച്ചുനീക്കുക. മൂന്നു തവണ ആശുപത്രിയിൽ കിടന്ന ശേഷം അയാൾ മരണത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങിയിരുന്നു. ഇനി അധികം സമയമുണ്ടാവില്ലെന്ന തോന്നൽ. ഈ ലോകത്തുനിന്ന് യാത്രയാവും മുമ്പ് അതെന്തായാലും ചെയ്തുവയ്ക്കുക. മരിച്ചുപോയാൽ തന്നെപ്പറ്റി ആരും, പ്രത്യേകിച്ച് ബന്ധുക്കൾ ചീത്ത പറയാനിട വരരുത്.

അവർ പറയുന്നത് ശരിയായിരിക്കാം. കൃഷ്ണക്കുറുപ്പിന്റെയും ഭാരതിയമ്മയുടെയും കുടുംബചിത്രത്തിൽ ഒരു വേലക്കാരിയുടെ മകൾക്കെന്തു സ്ഥാനം?

'ഛീ, അവൾക്ക് ഏട്ടന്റെ അടുത്തിരുന്നുതന്നെ വേണോ ഊണു കഴിക്കാൻ?'

മകളുടെ കല്യാണ സദ്യയുടെ ഫോട്ടോ, ആൽബത്തിൽ ചൂണ്ടിക്കാട്ടി സൗദാമിനി ഉറക്കെ പറയുകയാണ്. 'അവളുടെയൊരു അങ്ക്ൾ വിളിയും. എനിക്കതു കേൾക്കുമ്പോൾ......'

അതും ശരിതന്നെ. പത്തഞ്ഞൂറ് ഇലകൾ വെച്ച ഹാളിൽ അവൾക്ക് വേറെ എവിടെയെങ്കിലും പോയി ഇരിക്കാമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന ജിനിയോട് താൻ തന്നെയാണ് പറഞ്ഞത്, 'മോളെ ഇവിടെ ഇരുന്നോളു.'

'സൗദാമിനീ, ഞാനാണവളെ വിളിച്ച് എന്റെ അടുത്തിരുത്തിയത്. അവൾ നമ്മുടെ അതിഥിയാണ്. അവളെ പ്രത്യേകം ക്ഷണിച്ചത് നിന്റെ മോൾ തന്നെയാണ്, വധുവായ മിനി. 'ജിനി എന്തായാലും വരണംട്ടോ.' മടിച്ചുനിന്ന ജിനിയെ വരാൻ നിർബ്ബന്ധിച്ചത് നിന്റെ നാത്തൂനാണ്, അതായത് എന്റെ ഭാര്യ. 'സുറിയാനിപ്പെണ്ണ് നായമ്മാര്‌ടെ കല്യാണം ഇതുവരെ കണ്ടിട്ടില്ലല്ലോ, നല്ല രസാണ്', എന്നു പറഞ്ഞ്. ഇതിലെല്ലാം അവളുടെ തെറ്റെന്താണ്?'

സൗദാമിനി ദേഷ്യംകൊണ്ട് തുള്ളിച്ചാടുകയാണ്.

'ഇപ്പോൾ ഇതാ അവള് നമ്മടെ ഫോട്ടോവിലും വന്നിരിക്കുണു. നാണല്ല്യല്ലോ അവൾക്ക്. അച്ഛന്റീം മക്കള്‌ടേം പേരക്കുട്ടികള്‌ടേം കൂടീട്ട് ഫോട്ടോ എടുക്കാംന്ന് പറഞ്ഞിട്ടാണ് നിന്നത്. ഇനി ഇങ്ങനെ ഒത്തുകൂടൽ എപ്പഴാണ്ടാവാന്നറീല്ല. അപ്പഴാണ്......... അവള് നിന്നത് ഞാൻ കണ്ടില്ല.'

'അവളെ എന്റെ മകളായിട്ട് കൂട്ടിയാൽ പോരെ?'

'മകള്! ഞാൻ പറയ്ണ്‌ല്യ. ഇതാ ഈ ഫോട്ടോ ഏട്ടൻതന്നെ വച്ചോളു, എനിക്ക് വേണ്ട.'

തന്റെ കാൽക്കൽ വീണ ആ വലിയ ഫോട്ടോ അയാൾ പെറുക്കിയെടുത്തു. അയാളെ സംബന്ധിച്ചേടത്തോളം അതു വളരെ വിലപിടിച്ചതാണ്. അതിൽ ഒരു ഇരുപത്തിരണ്ടുകാരിയുടെ ജീവിതമുണ്ട്. പെട്ടെന്നാണയാൾ ശ്രദ്ധിച്ചത്. ആ ഫോട്ടോവിൽ കുട്ടികളുടേതൊഴിച്ചാൽ ചിരിക്കുന്ന ഒരേയൊരു മുഖം ജിനിയുടേതായിരുന്നു. ചില മുതിർന്ന കുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും മുഖം കനപ്പെട്ടു കണ്ടു. താനായിരുന്നു ആ ഫോട്ടോ എടുക്കാൻ ക്യാമറയുടെ പിന്നിലെങ്കിൽ അങ്ങിനെയൊരു ഫോട്ടോ എടുക്കുകയില്ലായിരുന്നു. ഫോട്ടാഗ്രാഫർ സദാനന്ദന് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു.

പിന്നീടാണയാൾ കണ്ടത്. മുമ്പിലെ വരിയിൽ പുൽപ്പായിൽ ഇരിക്കുന്ന കുട്ടികൾക്കിടയിൽ മൂന്നു കുട്ടികൾ. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും. അവർ പത്തു വയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. അവരാരാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അയാൾ അനുജത്തിയോട് ചോദിച്ചു.

'ഈ മൂന്നു കുട്ടികൾ. അവരാരാണ്?'

അവൾ നോക്കി. ഏട്ടന്റെ ചോദ്യത്തിലെ കെണി അവൾക്കു മനസ്സിലായില്ല.

'ആ, അത് വേണുവേട്ടന്റെ പെങ്ങളടെ മക്കളാണ്. ജയടെ മക്കള്. ഏട്ടൻ കണ്ടിട്ട്ണ്ടാവും......'

'ഓ, ഞാൻ വിചാരിച്ചു കൃഷ്ണക്കുറുപ്പിന്റെ പേരക്കുട്ടികളാണെന്ന്.'

'അല്ലാ.....'

പറഞ്ഞു കഴിഞ്ഞപ്പോഴാണ് സൗദാമിനിയ്ക്ക് ചോദ്യത്തിന്റെ ആഴം മനസ്സിലായത്.

'അല്ലാ, നീ പറഞ്ഞുവല്ലോ അച്ഛന്റെ മക്കള്ടീം പേരക്കുട്ടികള്ടീം ഫോട്ടോ എടുക്കാനാണ് നിന്നത്ന്ന്. നിന്റെ ഭർത്താവിന്റെ പെങ്ങളുടെ മക്കളെങ്ങിന്യാണ് കൃഷ്ണക്കുറുപ്പിന്റെ പേരക്കുട്ടികളാവണത്.'

സൗദാമിനി തന്നെ ഒന്നു വല്ലാതെ നോക്കി ചവിട്ടി മെതിച്ചുകൊണ്ട് അകത്തേയ്ക്കു പോയി. മോഹനൻ ബ്രീഫ്‌കേസ് തുറന്ന് ഫോട്ടോ വച്ച് അടച്ചു. അതുമെടുത്ത് വാതിലിനു പുറത്തു കടന്നു. അയാൾക്ക് ആശ്വാസമായി. തന്റെ സ്ഥാനം ഇവിടെയാണ്, വാതിലിനു പുറത്ത്. ഒരുപക്ഷെ കൃഷ്ണക്കുറുപ്പിന്റെ കുടുംബത്തിന്റെതന്നെ പടിക്കു പുറത്ത്. അയാൾ തുറന്നിട്ട ഗെയ്റ്റിനുനേരെ നടന്നു. ഇനി മറ്റുള്ളവരുടെ വീട്ടിൽ പോകുന്നതിൽ അർത്ഥമില്ല. ഇതേ അനുഭവം അനുജന്മാരിൽ നിന്നും കിട്ടുവാൻ അയാൾ ആഗ്രഹിച്ചില്ല. ഒരുപക്ഷെ കിട്ടില്ലായിരിക്കാം. അവർ ഒരു ചിരിയോടെ അതു വാങ്ങിവയ്ക്കും. അത് ആൽബത്തിൽ വയ്ക്കുകയുണ്ടാവില്ല.

ഇപ്പോൾ നാലു കൊല്ലത്തിനുശേഷം അന്നു ചെയ്തതെല്ലാം തിരുത്താൻ കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കുമ്പോൾ അയാൾ ആലോചിച്ചു, ഇങ്ങനെയൊക്കെയാണോ വേണ്ടത്? അന്ന് തൃശ്ശൂരിൽനിന്ന് തിരിച്ച് വീട്ടിലെത്തിയ തന്റെ ബ്രീഫ്‌കേസിൽ ഫോട്ടോകളെല്ലാം അതേപോലെ കണ്ടപ്പോൾ ജിനി ചോദിച്ചിരുന്നു. 'അങ്ക്ൾ തൃശ്ശൂർക്കല്ലെ പോയത്?'

'അതെ മോളെ. പക്ഷെ, ആരീം കാണാൻ പറ്റീല്ല്യ.'

അതു നുണയാണെന്നവൾക്കു മനസ്സിലായി. തന്റെ മുഖം പഠിക്കുന്നതിൽ അവൾ വിദഗ്ദയായിരുന്നു. ആറു കൊല്ലംകൊണ്ട് മോഹനങ്കിളിനെ അവൾ നന്നായി പഠിച്ചിരുന്നു. അവൾ തുടർന്നൊന്നും ചോദിച്ചില്ല. അവൾ സ്വന്തം അനുഭവങ്ങൾ ഇതിനോടൊപ്പം കൂട്ടിവായിച്ചിട്ടുണ്ടാകണം. അനുഭവങ്ങൾ പലപ്പോഴും ദുഃഖകരമായിരിക്കും. അങ്ങിനെയുള്ള അനുഭവങ്ങൾ അവൾ തന്നിൽ നിന്നു മറച്ചുവച്ചു. കേൾക്കാൻ സുഖമുള്ളവ മാത്രം പറഞ്ഞു. പക്ഷെ അതിനിടയിലും അവളുടെ മനസ്സു വായിക്കാൻ അയാൾ പഠിച്ചിരുന്നു. ഇനി അവൾ സാവധാനത്തിൽ ശ്രീജച്ചേച്ചിയോട് ചോദിച്ച് എല്ലാം മനസ്സിലാക്കും. വൈകുന്നേരം ജോലിയിൽ നിന്ന് അല്പനേരം മാറി അടുക്കളയിൽ പോയി ശ്രീജയെ ഭക്ഷണമുണ്ടാക്കാൻ സഹായിക്കുമ്പോൾ അവൾ എല്ലാം ചികഞ്ഞെടുക്കും. തന്റെ ഭാര്യ ഒന്നും മറച്ചുവയ്ക്കാതെ എല്ലാം പറഞ്ഞുകൊടുത്തെന്നും വരും. ആ ഫോട്ടോവിൽ ഒരധികപ്പറ്റാണെന്ന അറിവ് അവളെ തളർത്തും. മോഹനങ്കിളിന്റെ അനുജന്മാരും അനുജത്തിയുമെല്ലാം അവളുടെയും വീട്ടുകാരാണെന്ന ധാരണയിലാണ് അവളിരിക്കുന്നത്. സൗദാമിനി ഇന്നു രാവിലെ പറഞ്ഞതിന്റെ ഒരംശം മാത്രം അറിഞ്ഞാൽ മതി അവളുടെ മനസ്സ് തകരാൻ. അവളുടെ സ്വാഭിമാനവും മനോധൈര്യവും വളർത്താൻ വർഷങ്ങളായി താൻ ചെയ്തതെല്ലാം ഒരു നിമിഷംകൊണ്ട് പാഴാവും.

എന്തോ ഭാഗ്യത്തിന് ശ്രീജ അതു പറയുകയുണ്ടായില്ല. തനിക്കവളെ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ആരോട് എന്തു പറയാം, എന്തു പറയരുത് എന്ന കാര്യത്തിൽ അവൾക്കൊരു ട്യൂഷന്റെ ആവശ്യം ഒരു കാലത്തുമില്ലായിരുന്നു. ഓരോ വാക്കും അവൾ സൂക്ഷ്മതയോടെ, അളന്നെടുത്ത് ഉപയോഗിച്ചു. തൃശ്ശൂരിൽനിന്ന് തിരിച്ചെത്തിയാൽ ശ്രീജയുടെ വക പരതലുണ്ട്. 'എന്തൊക്ക്യാണ് എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടന്നിരിക്കണത്? നോക്കട്ടെ.'

ഒന്നുമില്ലെങ്കിൽ ചെട്ടിയങ്ങാടിയിലുള്ള സ്വീറ്റ് ഷാപ്പിൽനിന്ന് അവളുടെ ഇഷ്ടഭോജ്യമായ ലഡ്ഡുവെങ്കിലും ഉണ്ടാവും. ഇന്ന് ബ്രീഫ്‌കേസ് തുറന്നപ്പോൾ അതിൽ ഒന്നുമുണ്ടായിരുന്നില്ലെന്നത് അവളെ നിരാശപ്പെടുത്തി. വലിയ ബ്രൗൺ കവറിൽ ഫോട്ടോയുടെ അഞ്ച് കോപ്പികളും കണ്ടപ്പോൾ അവൾ അദ്ഭുതത്തോടെ ചോദിച്ചു.

'എന്തേ ആരീം കണ്ടില്ലേ?'

'ഒരാളെ കണ്ടു, അവൾക്കാവശ്യമില്ലെന്നു പറഞ്ഞു. പിന്നെ മറ്റുള്ളിടത്ത് എന്റെ ഭാഗ്യം പരീക്ഷിക്കാൻ പോയില്ല.'

'എന്തേ? സൗദാമിനിച്ചേച്ചിയല്ലെ മിനിഞ്ഞാന്നുകൂടി ആ ഫോട്ടോവിനു വേണ്ടി ഫോൺ ചെയ്തത്.'

'അപ്പൊ അറിഞ്ഞിട്ട്ണ്ടാവില്ല ജിനിടെ ചിത്രം അതിലുണ്ടാവുംന്ന്. നോക്ക്യപ്പഴല്ലെ കാണണത്.' അയാൾ നിർത്തി. ഫോട്ടോ ശ്രീജയുടെ കയ്യിൽ നിന്ന് വാങ്ങി നോക്കിക്കൊണ്ട് അയാൾ തുടർന്നു. 'ഇതിനുമാത്രം എന്ത് അക്രമാണ് ആ പാവം കുട്ടി ചെയ്തത്? അവര്യൊക്കെ സ്വന്തം വീട്ടുകാരെപ്പോലെ സ്‌നേഹിച്ചു എന്നതോ?'

ശ്രീജ ഒന്നും പറയാതെ ഫോട്ടോവിന്റെ മറ്റൊരു കോപ്പിയെടുത്ത് നോക്കുകയായിരുന്നു. അവളുടെ മുഖത്ത് പ്രത്യേക വികാരങ്ങളൊന്നും കണ്ടില്ല. സാധാരണപോലെ ഇന്നും അവളുടെ മനസ്സ് പഠിക്കുന്നതിൽ അയാൾ പരാജയപ്പെട്ടു. ഇനി നാളെ രാവിലെ ഒമ്പത് മണിയ്ക്ക് ജിനി വന്നാൽ ആദ്യം ചോദിക്കുക എന്തായിരിക്കുമെന്നയാൾക്കറിയാം.

'അങ്കിൾ തൃശ്ശൂരിൽ പോയിട്ട് എല്ലാരേം കണ്ട്വോ?'

എല്ലാരേം കണ്ട്വോ എന്നതിനു മറുപടിയായി ഓരോരുത്തരും ഫോട്ടോവിനെപ്പറ്റി എന്തഭിപ്രായം പറഞ്ഞുവെന്ന് അവൾക്കറിയണം. ശനിയാഴ്ച സ്റ്റുഡിയോവിൽനിന്ന് ഫോട്ടോപ്രിന്റുകൾ കൊണ്ടുവന്നപ്പോൾ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ പറഞ്ഞത് ജിനിയായിരുന്നു. അവൾ ഓരോരുത്തരുടെയും മുഖഭാവത്തെപ്പറ്റി പറഞ്ഞു. ചില മുഖഭാവങ്ങൾ അവളിൽ ചിരിയുണർത്തിയപ്പോൾ ചിലത് അവൾ അനുകരിക്കുകയായിരുന്നു.

'എന്താ സൗദാമിനിച്ചേച്ചീടെ മുഖം കണ്ടാൽ ഇരുപത്തഞ്ചു ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റ് കളഞ്ഞുകുളിച്ചപോലെണ്ടല്ലൊ. മോള് കല്യാണം കഴിച്ച് പോണേന്റെ സങ്കടായിരിക്കും അല്ലെ?....... മിനിയുടെ ഫോട്ടോ നന്നായിട്ട്ണ്ട് അല്ലെ ശ്രീജച്ചേച്ചി? കല്യാണപ്പുടവതന്നെ ഇട്ടിരുന്നെങ്കില് ഇതിലും ഭംഗിണ്ടായിരുന്നു.......'

കല്യാണസാരി അവൾ വീട്ടിലെത്തിയ ഉടനെ അഴിച്ചുവച്ചിരുന്നു, അതൊരു ഭാരമാണെന്ന മട്ടിൽ. പിന്നെയാണ് എല്ലാവരും കൂടി ഒന്നിച്ചൊരു ഫോട്ടോ എടുക്കുന്നതിനെപ്പറ്റി സംസാരം വന്നത്. അവളോടത് ഒരിക്കൽക്കൂടി ഉടുക്കാൻ പറഞ്ഞതാണ് സൗദാമിനി. പക്ഷെ മിനി കൂട്ടാക്കിയില്ല. 'ഇപ്പൊ ഉടുത്ത സാര്യൊക്കെ മതി ഒരു ഫോട്ടോ എട്ക്കാൻ......' കുട്ടിക്കാലംതൊട്ട് അവൾ അങ്ങിനെയായിരുന്നു. ഒരു വിധം ജാഡയും ഇഷ്ടമല്ല.

ജിനിയുടെ സംസാരം ഏകദേശം മിനിയുടേതു പോലെയാണ്. ജിനിയെ ഇഷ്ടമാകുവാൻ ഒരു കാരണം അതായിരിക്കണം. ആറു കൊല്ലംകൊണ്ട് മമത വാത്സല്യമായി രൂപപ്പെട്ടു. സ്വന്തം മകൻ ദൂരെ കടലുകൾക്കപ്പുറത്താണ്. അവന്റെ സ്‌നേഹം ഇ-മെയിലായി, ശനിയാഴ്ച വൈകുന്നേരം സ്‌കൈപ്പിലൂടെ നേരിൽ കണ്ടുള്ള, ഒന്നര മണിക്കൂർ നീളുന്ന സംസാരമായി ഒഴുകിവരുന്നു. എ.ടി.എം. കാർഡുപയോഗിച്ച് ശ്രീജ മാസത്തിൽ രണ്ടുപ്രാവശ്യം അവന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണമെടുക്കുന്നു. പക്ഷെ ഇതിനൊക്കെ പുറമെ സ്‌നേഹത്തിന് മറ്റ് മാനങ്ങളുമുണ്ട്. ദൂരെ നിന്നുള്ള സ്‌നേഹം അതു തരുവാൻ പര്യാപ്തമാവുന്നില്ല. മോണിട്ടറിൽ കാണുന്നതും കേൾക്കുന്നതും മകന്റെയും ഭാര്യയുടെയും പേരക്കുട്ടിയുടെയും രൂപവും ശബ്ദവുമാണെന്നറിയുമെങ്കിലും അത് സമ്മതിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. അത് ഓരോ നിമിഷവും പറയുന്നു, ഇത് നിന്റെ മക്കളുടെയും പേരക്കുട്ടിയുടെയും നിഴൽ മാത്രമാണ്, അവർ അടുത്തല്ല, മറിച്ച് ഭൂമിയുടെ മറുഭാഗത്താണ്. വേറെ ഏതോ ഗ്രഹത്തിലെന്നപോലെ. അതോടെ എല്ലാം ഇല്ലാതായി ശൂന്യതയിലെത്തുകയാണ്. ആ ശൂന്യതയാണ് ജിനി അവളുടെ സ്‌നേഹവും ആത്മാർത്ഥതയും കൊണ്ട് കുറച്ചെങ്കിലും നികത്തിയിരുന്നത്. അധികം ജോലിയില്ലാത്ത അവസരങ്ങളിൽ അവൾ ശ്രീജയെ ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചു. ഒരിക്കൽ ശ്രീജ ടൈഫോയ്ഡു പിടിച്ചു രണ്ടു മാസം കിടന്നപ്പോൾ ഓഫീസ് ജോലിക്കൊപ്പം ആ ജോലിയും മുഴുവനായി അവൾ ഏറ്റെടുത്തു. ഒപ്പം ശ്രീജയെ ശുശ്രൂഷിക്കലും. എല്ലാം ചിരിച്ചു കൊണ്ടുള്ള മുഖത്തോടെ. മുറുമുറുപ്പ് അവൾക്ക് അന്യമായിരുന്നു.

കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു വീട്ടിൽനിന്ന് വന്നതുമൂലം ഇന്നത്തെ സ്ഥിതിയിൽ അവൾ തൃപ്തയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അവൾ സ്വന്തം വീട്ടിലേയ്ക്കു പോകും. അവിടെ അമ്മ ഒറ്റയ്ക്കാണ്. ആ അമ്മയും തൃപ്തയാണ്. മകൾ നല്ല നിലയിൽ കഴിയുന്നുണ്ടല്ലൊ. അവളുടെ കല്യാണം കഴിയുന്നതുവരെയെങ്കിലും ഇങ്ങനെത്തന്നെ പോട്ടെ എന്നവർ ആശിക്കുന്നുണ്ട്. 'സാറും ചേച്ചിയും ദൈവദൂതന്മാരാണ്.' അവർ മകളോട് പറയും. 'അവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്.' പാവം സ്ത്രീ.

ഈ കാര്യങ്ങളെല്ലാം സൗദാമിനിയ്ക്കറിയാം. അവൾക്കറിയാത്തത് ആ പാവം കുട്ടിയോടുള്ള മമത ഏട്ടന്റെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്നതാണ്. അവളുടെ കണ്ണിൽ ആ പെൺകുട്ടി തങ്ങൾക്കൊപ്പം നിൽക്കാൻ അർഹതയില്ലാത്ത ഒരാൾ മാത്രമാണ്. ഒരു ജോലിക്കാരി മാത്രം.

'അങ്കിൾ തൃശ്ശൂരിൽ പോയിട്ട് എല്ലാരേം കണ്ട്വോ?' എന്ന ജിനിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്ന് അയാൾ ഓർത്തു. അവൾ ഒരു ചോദ്യവും രണ്ടാമതൊരുവട്ടം ചോദിക്കാറില്ല. അർഹിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കിട്ടുമെന്നവൾക്കറിയാം. മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നു കയറാൻ അവൾക്കിഷ്ടമല്ലായിരുന്നു.

'ഇല്ല, മോളെ, അങ്കിളിന് ആരീം കാണാൻ പറ്റീല്ല്യ. പറ്റീല്ല്യാന്ന് പറയ്ണില്ല്യ. സൗദമിനിച്ചേച്ച്യേ കണ്ടു. അവൾക്കീ ഫോട്ടോ ഇഷ്ടായില്ല്യ. ഇത് വേണ്ട, ഇനി വേറെ എപ്പഴേങ്കിലും അവസരം കിട്ടുമ്പൊ എടുക്കാംന്ന് പറഞ്ഞു. അപ്പൊപ്പിന്നെ ഞാൻ മറ്റുള്ളോര്‌ടെ അട്ത്ത് പോയില്ല്യ. ഏതായാലും ഒരിക്കൽക്കൂടി എടുക്കണല്ലൊ.'

ഇഷ്ടമാവാതിരിക്കാൻ എന്താണ് കാരണമെന്നൊന്നും അവൾ ചോദിച്ചില്ല. അങ്കിളിന്റെ മറുപടിയിൽ പറഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ പാവം പെൺകുട്ടിയ്ക്ക് മനസ്സിലായി. അങ്ങിനെ കടംകഥകളിലൂടെ സംസാരിക്കാത്ത ആളാണ് അങ്കിൾ. അപ്പോൾ അതവളെ വേദനിപ്പിച്ചിട്ടുണ്ടാവും. ബുദ്ധിയുള്ളതുകൊണ്ട് കാരണമെന്തായിരിക്കാമെന്നവൾ ഊഹിച്ചെടുത്തിട്ടുമുണ്ടാവും.

ഇതെല്ലാം കഴിഞ്ഞത് നാലു കൊല്ലം മുമ്പാണ്. അതിനു ശേഷം അവളുടെ കല്യാണം കഴിഞ്ഞു. മൂന്നു മാസം വീട്ടിലിരുന്നശേഷം ഒരു ദിവസം അവൾ വീണ്ടും വന്നു, ജോലി തുടരാൻ.

'ജോലിയില്ലാതെ പറ്റില്ല, അങ്ക്ൾ.' അവൾ പറഞ്ഞു. 'ജോസിന്റെ ശംബളം കൊണ്ടൊന്നും ചെലവ് നടക്ക്ണില്ല്യ. എന്റെ കല്യാണം കഴിഞ്ഞശേഷം അമ്മ പണിക്ക് പോണില്ല്യ. അപ്പൊ ഞാൻ ജോലി ചെയ്യന്നേ നിവൃത്തിള്ളു.'

'നീ ഇന്നുതൊട്ട്തന്നെ ജോലി തുടങ്ങിക്കോ. രണ്ടു കമ്പ്യൂട്ടറില്ലേ. എനിക്ക് നിങ്ങള് രണ്ടു പേരും പോയതിന് ശേഷേ കമ്പ്യൂട്ടറ് വേണ്ടു.'

ജിനിയുടെ കല്യാണം കഴിഞ്ഞപ്പോൾ ജോലിയ്ക്ക് വരാൻ തുടങ്ങിയ പെൺകുട്ടി ആശ്വാസത്തോടെ അയാളെ നോക്കി. ജിനിയെ കണ്ടപ്പോൾ തന്റെ ജോലി പോയെന്നാണ് പാവം കരുതിയിരുന്നത്. അവൾക്കും ജോലി അത്യാവശ്യം തന്നെ.

'അതിനു മാത്രം ജോലിയൊന്നും ഇല്ല്യല്ലോ അങ്ക്ൾ, ഇവിടെ.'

'ജോലിയൊക്കെണ്ടാവും, ഉണ്ടാക്കണം.' അയാൾ പറഞ്ഞു. 'ഒന്ന് കറങ്ങിയാൽ മതി. ജോലി കിട്ടാൻ വലിയ പണിയൊന്നുംല്ല്യ. നമ്ക്ക്, മുമ്പ് പരസ്യക്കമ്പനീന്ന് കിട്ടീര്ന്ന ജോലി ഇനീം കിട്ടും. എന്നെക്കൊണ്ട് ഒരു ഭാഗത്തിരുന്ന് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഞാനത് നിർത്തിയതാണ്. അജിതയ്ക്ക് കണക്ക് ഇഷ്ടാണ്. എക്‌സെൽ നന്നായി ചെയ്യും. ഇപ്പൊ ആറു കമ്പനിടെ കണക്ക് നോക്കാന്ണ്ട്. ഒരു നാലു കമ്പനീടേം കൂടി പിടിച്ചാൽ പോരെ? ഒരാളുടെ ഫുൾടൈം ജോലിയായി. നിങ്ങള് തമ്മില് തല്ലുകൂടാഞ്ഞാൽ മതി.'

രണ്ടു പേരും ചിരിച്ചു. അങ്ങിനെയാണ് ജിനി വീണ്ടും വരാൻ തുടങ്ങിയത്. തന്നെ സംബന്ധിച്ചേടത്തോളം ഇതൊരു സമയം കളയാലാണ്. വേറൊന്നും ചെയ്യാനില്ല. വെറുതെയിരുന്നാൽ ശരിയാവില്ല. അതുകൊണ്ട് ജോലിയുണ്ടാക്കുന്നു. തിരക്കിലാണെന്നു ഭാവിക്കുന്നു. രണ്ടു പെൺകുട്ടികൾക്ക് അവർക്കത്യാവശ്യമായ ജീവിതമാർഗ്ഗവുമുണ്ടാകുന്നു.

അതിനു ശേഷമാണ് മൂന്നുതവണ അസുഖമായി ആശുപത്രിയിൽ പോകേണ്ടിവന്നത്. മൂന്നാമത്തെ പ്രാവശ്യം ഐ.സി.യു.വിൽ മയങ്ങിക്കിടക്കുമ്പോഴാണ് ആ കുടുബചിത്രം വീണ്ടും ഓർമ്മയിൽ വന്ന് അലട്ടാൻ തുടങ്ങിയത്. കണ്ണടക്കുമ്പോൾ മുമ്പിൽ വരുന്നത് ഫ്രെയിം ചെയ്തിട്ടില്ലാത്ത ഒരു ദ്രവിച്ച കുടുംബചിത്രമാണ്. ആ ചിത്രത്തിൽനിന്ന് ഓരോരുത്തരായി ഇറങ്ങിവരുന്നു. ആരുടെയും മുഖം പ്രസന്നമല്ല. അതിനെല്ലാം ഉത്തരവാദി താനാണെന്ന് മനസ്സിലാവുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത ഒരവസ്ഥ. ബന്ധുക്കൾ ഓരോരുത്തരായി ഇറങ്ങിവരുന്നു. ഒരിക്കൽ വന്നവർതന്നെ വീണ്ടും വീണ്ടും വരുന്നു, തന്നെ ആക്ഷേപത്തോടെ നോക്കാൻ. അതിനിടയിൽ ജിനി മാത്രം തലതാഴ്ത്തി നിൽക്കുകയാണ്. ഇടയ്ക്ക് തന്റെ മുഖത്ത് ഒരു ക്ഷമാപണത്തോടെ നോക്കുന്നു. മാപ്പു തരാൻ പറ്റില്ലേ എന്ന മട്ടിൽ.

ഇതു തുടരാൻ പറ്റില്ല. അതുകൊണ്ട് ഏഴാം ദിവസം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ഉടനെ അയാൾ ചെയ്തത് കമ്പ്യൂട്ടർ തുറന്ന് ഫോട്ടോഷോപ്പിൽ ആ ഫോട്ടോ എടുക്കുകയായിരുന്നു. നാലു കൊല്ലമായി ആ ഫോട്ടോ ആരും തൊടാതെ കമ്പ്യൂട്ടറിന്റെ അറിയപ്പെടാത്ത ഒരു മൂലയിൽ ഒളിച്ചിരിക്കയായിരുന്നു.

അങ്കിൾ വന്ന് കണ്ടശേഷം പോകാമെന്നു കരുതി ഏഴുമണിവരെ കാത്തുനിന്ന ജിനി ഒരു ചോദ്യത്തോടെ അയാളെ നോക്കുകയാണ്. അയാൾ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ ചോദിച്ചു.

'അങ്കിൾ ഈ ഫോട്ടോ കാണാൻ ധൃതിയായിട്ട് വന്നപോലെണ്ടല്ലൊ.'

അയാൾ ചിരിച്ചു.

'അത് മോളെ, കുറച്ച് ദിവസം ആശുപത്രീല് കെടന്നപ്പൊ നമ്മടെ ബന്ധുക്കള്യൊക്കെ കാണാൻ കൊത്യായതാ.'

അങ്കിൾ എന്താണുദ്ദേശിച്ചതെന്നവൾക്കു മനസ്സിലായി. പക്ഷെ ഇത്ര ധൃതിപ്പെട്ട് ഈ ചിത്രം പുറത്തെടുത്തതിൽ എന്തോ ദുരുദ്ദേശമുണ്ടെന്ന തോന്നൽ. അവൾ പറഞ്ഞു.

'ഞാൻ നാളെ വരുന്നുണ്ട്.'

'നാളെ ഞായറാഴ്ച്യല്ലെ, നിന്റെ ഭർത്താവില്ലെ ഇവിടെ?'

'ജോസ്, അമ്മേ കാണാൻ കോട്ടയത്തു പോകുന്നു. ഞാൻ നാളെ വന്നാൽ ചേച്ചിയെ കുറച്ച് സഹായിക്കാലോ. കഴിഞ്ഞ ഒരാഴ്ച്യായിട്ട് ചേച്ചി നല്ലോം കഷ്ടപ്പെട്ടിട്ട്ണ്ട്, ആശുപത്രീലും വീട്ടിലുമായി. ഞാനിപ്പൊ പോവ്വാണ്. നേരം ഏഴരയായി.'

'നീ എന്റെ കമ്പ്യൂട്ടർ തട്ടിയെടുക്കാനൊന്നും അല്ലല്ലൊ വരണത്? എനിക്ക് കുറച്ച് ജോലിണ്ട്.'

'ഏയ്, അങ്കിൾ പേടിക്കണ്ട. ഞാനീ മുറിയിലേയ്ക്കു തന്നെ വര്ണില്ല. പോരെ?'

ജിനി പോയി. അയാളുടെ മുമ്പിൽ ആ ഫോട്ടോ മോണിറ്റർ നിറഞ്ഞിരിയ്ക്കയാണ്. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി വലിയ രൂപമില്ല. തലച്ചോറ് ഇപ്പോഴും ആശുപത്രിയിൽനിന്ന് കുത്തിവച്ച ട്രാൻക്വിലൈസറുകളുടെ സ്വാധീനത്തിലായിരുന്നു. എന്തെങ്കിലും ചെയ്യണം. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചുണ്ടാക്കാൻ പറ്റുന്നില്ല.

'നോക്കു, മതി, അതിന്റെ മുമ്പിലിങ്ങനെ ഇരിക്കണ്ട.' ശ്രീജ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. 'നേരത്തെ ഉണ്ണാൻ നോക്കാം, മരുന്നുകള് ഒരുപാട് കഴിക്കാന്ണ്ട്.'

അയാൾ കമ്പ്യൂട്ടർ ഓഫാക്കി.

രാവിലെ വീണ്ടും ആ ചിത്രം നോക്കിയിരിക്കുമ്പോഴാണ് ജിനി കടന്നുവന്നത്.

'അങ്കിളിന് സ്വന്തക്കാരെ കണ്ടിട്ട് മത്യായില്ല അല്ലെ?'

അയാൾ വെറുതെ ചിരിക്കുക മാത്രം ചെയ്തു.

'ഇതൊന്ന് എഡിറ്റ് ചെയ്ത് ശരിയാക്കാന്ണ്ട് മോളെ, അത് ഞാൻ പിന്നെ ചെയ്‌തോളാം.'

'എന്താണ് ചെയ്യാന്ള്ളത്ന്ന് പറഞ്ഞാൽ മതി. ഞാൻ ചെയ്തു തരാം. അങ്കിൾ പോയി കിടന്നോളു. ഡോക്ടറ് പറഞ്ഞിട്ടുള്ളത് രണ്ടാഴ്‌ചേങ്കിലും വിശ്രമിക്കണംന്നല്ലേ?'

അയാൾ അവളെ നോക്കി. അവളുടെ മുഖത്തെ വികാരമെന്താണെന്ന് അയാൾക്കു തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല.

'പറയൂ, എന്ത് തന്ന്യായാലും അത് അങ്കിളിന് നല്ല മനപ്രയാസം ണ്ടാക്കുന്നുണ്ട്. ഇപ്പൊ അതൊഴിവാക്ക്വല്ലെ നല്ലത്.'

'ഒന്നുംല്ല്യ മോളെ.'

ജിനി കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ സാവധാനത്തിൽ പറയാൻ തുടങ്ങി.

'അങ്കിൾ, ഞാൻ പറയട്ടെ എന്താണ് അങ്കിളിനെ അലട്ടണത് ന്ന്? ഈ ചിത്രത്തില് അതിന്റെ യോഗ്യതയ്ക്കു ചേരാത്ത ഒരാളുടെ പടമുണ്ട്. അതു കൊണ്ടാണ് സൗദാമിനിച്ചേച്ചി ഇതു വേണ്ടാന്ന് പറഞ്ഞ് വലിച്ചെറിഞ്ഞത്. ഇപ്പൊ ആ ചിത്രം എഡിറ്റുചെയ്തു കളയണം. അതാണ് പ്രശ്‌നം. പക്ഷെ ഇതിലെന്താണ് പ്രശ്‌നം. അങ്കിൾ എണീക്കു. ഞാനത് പെട്ടെന്ന് ചെയ്തു തരാം.'

അയാൾ തളർന്നു.

'ഇതൊക്കെ ആരാണ് നിന്നോട് പറഞ്ഞത് മോളെ?'

'അതൊന്നും അങ്കിളറിയണ്ട. അതല്ലെ കാര്യം? ഇതിൽ വിഷമിക്കാനെന്താണുള്ളത്? ഓരോരുത്തർക്ക് അവരവർ ചിന്തിക്കുന്നതാണ് ശരിയെന്നു തോന്നും. ഇതിൽ കാര്യമുണ്ട് താനും. ഞാനീ കുടുംബചിത്രത്തിൽ വരാൻ പാടില്ലായിരുന്നു. എല്ലാവരും അങ്കിളിന്റെപോലെ ചിന്തിക്കണംന്ന് പറഞ്ഞാൽ വിഷമല്ലെ? അവർക്ക് പേടിണ്ടാവും. അതിന്റ്യൊന്നും ആവശ്യല്ല്യ. എവിട്യാ നിൽക്കണ്ടത്ന്ന് എനിക്കറിയാം. ഞാൻ കൂടുതൽ ഒന്നും പ്രതീക്ഷിക്കിണില്ല്യ. അങ്കിളിന്റീം ചേച്ചിടീം സ്‌നേഹം മാത്രം മതി എനിയ്ക്ക്. നിങ്ങളാണ് എന്നെ ഈ നിലയിലാക്കീത്. അതല്ലെങ്കിൽ ഞാനും അമ്മടെ പോലെ വല്ല വീട്ടുവേലയും ചെയ്ത് കഴിയുമായിരുന്നു. അപ്പൻ മരിച്ചപ്പൊ വേറെ വഴില്യാഞ്ഞിട്ടാണ് അമ്മ ആ ജോലിയ്ക്ക് പോയത്. എന്റെ മുമ്പിലും വേറെ വഴിയൊന്നുംണ്ടായിര്ന്നില്ല. അപ്പഴാണ് ഇവിടെ കണക്കെഴുതാൻ ആളെ വേണംന്ന് അമ്മേ അറിയണ ഒരു ചേച്ചി പറഞ്ഞത്. എനിക്കൊന്നും അറിയില്ല്യാന്ന് മനസ്സിലാക്കിക്കൊണ്ട്തന്നെ അങ്കിൾ ജോലി തന്നു. അങ്കിളാണ് എന്നെ കമ്പ്യൂട്ടർ പഠിപ്പിച്ചത്. കണക്കെഴുതാൻ പഠിപ്പിച്ചത്. കമ്പ്യൂട്ടർ ഗ്രാഫിക്‌സും വെബ് ഡിസൈനിങ്ങും പഠിപ്പിച്ചത്. ഒന്നും ചെയ്യാനറിയാത്ത എന്നെ ഒരാളാക്കിയത് അങ്കിളും ചേച്ചീം കൂടിയാണ്. അതിന്റെ നന്ദീം സ്‌നേഹൂം ജീവിതകാലം മുഴുവൻ ഉണ്ടാകും. അങ്കിളിനും ചേച്ചിക്കും ഞാൻ സ്വന്തം മകളെപ്പോല്യാണ്ന്ന് എനിക്കറിയാം. ആ സ്‌നേഹം അങ്ങിനെത്തന്നെ നിൽക്കട്ടെ. ഇപ്പൊ എണീക്കു, പോയി കിടക്കു. ഞാനിത് ശരിയാക്കിത്തരാം. എന്താണ് ചെയ്യേണ്ടത്ന്ന് എനിക്കറിയാം.'

അയാൾ ജിനി വന്ന ദിവസം ഓർക്കുകയായിരുന്നു. അയൽവീട്ടിൽ ജോലിയ്ക്കു സഹായിക്കുന്ന സ്ത്രീയുടെ ഒപ്പം വന്നപ്പോൾ അവൾ ആകെ പകച്ചുനോക്കുകയായിരുന്നു. അവൾ ധരിച്ചിരുന്ന ടോപ്പും മിഡിയും പഴകി നരച്ചതും ഒന്നുരണ്ടിടങ്ങളിലെ കീറൽ അറിയാത്ത വിധത്തിൽ തുന്നിയതുമായിരുന്നു.

'അറിയണ വല്ല കുട്ടികളുംണ്ടെങ്കിൽ കൊണ്ടരാൻ പറഞ്ഞില്ലെ സാറ്?' ആ സ്ത്രീ പറഞ്ഞു. 'എന്റെ തൊട്ട അയൽപക്കത്ത്യാണ്. നല്ല സ്വഭാവാ. ഒരുമാതിരി നന്നായി കഴിഞ്ഞിരുന്നോരാ. അപ്പൻ മരിച്ചേപ്പിന്നെ കഷ്ടകാലാ. ജോലി കൊടുത്താ പുണ്യം കിട്ടും.'

'അവൾക്ക് കണക്ക് നോക്കാനൊക്കെ അറിയ്യോ?'

അറിയാമെന്ന് ജിനി തലയാട്ടി.

'സാറ് പഠിപ്പിച്ചുകൊടുത്താ മതി, അവള് ജോല്യൊക്കെ നന്നായി ചെയ്യും.'

ഇപ്പോൾ അതാലോചിച്ചുകൊണ്ട് അയാൾ തലയാട്ടി. അവൾക്കറിയാവുന്ന തരം കണക്കല്ല വേണ്ടിയിരുന്നത്. എക്‌സെല്ലിൽ ചെയ്യുന്ന അക്കൗണ്ടിങ്ങാണ്. അവൾ വീണ്ടും ഒന്നും പറയാതെത്തന്നെ അയാൾക്കു മനസ്സിലായി അവൾക്കതൊന്നും അറിയില്ലെന്ന്. പക്ഷെ ഇങ്ങനെ ഒരപേക്ഷയുമായി വീട്ടുവാതിൽക്കൽ വന്ന ആ കുട്ടിയെ വെറുംകയ്യോടെ തിരിച്ചയക്കാൻ അയാൾക്കായില്ല. ശ്രമിക്കാൻ തീർച്ചയാക്കി, അവൾക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠം തൊട്ട് പറഞ്ഞുകൊടുത്തു. ഒരു മാസം കൊണ്ടുതന്നെ അവൾക്ക് അത്യാവശ്യം വേഡും എക്‌സെല്ലും ചെയ്യാമെന്നായി. പിന്നെ സാവധാനത്തിൽപേജ്‌മേക്കറും കോറൽഡ്രോവും. എന്തും ഒരിക്കലേ പറഞ്ഞുകൊടുക്കേണ്ടു. അവളുടെ ബുദ്ധിശക്തിയിൽ അയാൾക്ക് ബഹുമാനം തോന്നി.

'എണീക്കു,' ജിനി പറഞ്ഞു, 'അല്ലെങ്കിൽ ഞാൻ ശ്രീജച്ചേച്ചിയെ വിളിക്കും. ചേച്ചിടെ അട്ത്ത്ന്ന് കേൾക്കേണ്ടിവരും.'

അവളുടെ ഭീഷണി കേട്ടപ്പോൾ അയാൾ എഴുന്നേറ്റു.

അര മണിക്കൂറിലധികം അയാൾക്ക് കിടക്കാൻ കഴിഞ്ഞില്ല. അയാൾ എഴുന്നേറ്റ് തിരിച്ച് ഓഫീസ് മുറിയിൽ പോയി. ജിനി അതീവശ്രദ്ധയോടെ ജോലിയെടുക്കുകയാണ്. ശ്രീജ പിന്നിൽ നോക്കിനിൽക്കുന്നുണ്ട്. ചിത്രത്തിൽ ഇടത്തുവശത്തുനിന്ന് ഒരാൾ അപ്രത്യക്ഷമായിരിക്കുന്നു. അതാരായിരിക്കുമെന്ന് ആലോചിക്കുകയാണ് അയാൾ. ഓർമ്മ കിട്ടുന്നില്ല. ഒരുമാതിരി എല്ലാവരും ചിത്രത്തിലുണ്ട്. ജിനിയും.

'നീ എന്താണ് ചെയ്യണത്?'

'വിവരമുള്ളവര് വല്ലതും ചെയ്യുമ്പോൾ അതു നോക്കി പഠിക്കു.' ജിനി ചിരിച്ചുകൊണ്ട് പറഞ്ഞു. 'അല്ലെ ചേച്ചി?'

'സത്യം പറഞ്ഞാൽ നീയെന്താണ് ചെയ്യണത്ന്ന് എനിക്കും മനസ്സിലായിട്ടില്ല.' ശ്രീജ പറഞ്ഞു.

അവൾ മോണിറ്ററിൽ നിറഞ്ഞുനിൽക്കുന്ന കുടുംബചിത്രം ഒരു വശത്തേയ്ക്ക് നീക്കി. അപ്രത്യക്ഷമായ ചിത്രം അവിടെ വേറൊരു ഫയലിൽ മാറ്റിനിർത്തിയത് കണ്ടു. അത് ബാലകൃഷ്ണന്റെ മകൾ നന്ദിനിയുടേതാണ്.

'എന്റെ അതേ ഉയരൂം തടീംള്ള ഒരു കുട്ടി നന്ദിനി മാത്രേള്ളു. ഇനി വല്യെ ഫോട്ടോവിൽനിന്ന് എന്റെ ചിത്രം മാറ്റണം, പകരം നന്ദിനിയെ കുടിയിരുത്തും. എന്റെ ചിത്രത്തിന്റെ അത്ര ഗ്ലാമറൊന്നുംണ്ടാവില്ല, ന്നാലും. പിന്നെ ഒന്ന് ടച്ചപ്പ് ചെയ്യണം. കഴിഞ്ഞു.'

അവൾ ഉറക്കെ ചിരിച്ചു. അയാൾ അദ്ഭുതത്തോടെ, വേദനയോടെ അതു നോക്കിനിൽക്കുകയായിരുന്നു. അയാൾ മനസ്സിൽ പറഞ്ഞു. 'എന്റെ മോളെ!'

സൗദാമിനി സംശയിച്ചാണ് ആ കവർ വാങ്ങിയത്. രണ്ടു മണിക്കൂർ തീവണ്ടിയാത്ര അയാളെ ക്ഷീണിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് വിടാൻ ശ്രീജയ്ക്ക് തീരെ സമ്മതമില്ലായിരുന്നു.

'അങ്ങിനെ യാത്രചെയ്യാറൊന്നും ആയിട്ടില്ല.'

അയാൾ സമ്മതിച്ചു. 'പക്ഷെ ഇത് ഒരു ദിവസം നേരത്തെ കഴിഞ്ഞാൽ അത്രയും വേഗം ഞാൻ സുഖം പ്രാപിയ്ക്കും. പിന്നെ, ഇത് ഞാൻ ഒറ്റയ്ക്കു ചെയ്യേണ്ടതാണ്. ആരും ഒപ്പം വരണ്ട.'

സൗദാമിനി ചോദിച്ചു. 'ഇതെന്താണ്?'

'ഞാൻ കുടുംബത്തോട് ചെയ്ത ഒരു വലിയ അനീതി തിരുത്തിയതാണ്. തുറന്നു നോക്കാം.'

അവൾ കവർ തുറന്നു. ചിത്രത്തിൽ ആകെ പരതുകയായിരുന്നു അവളുടെ കണ്ണുകൾ. അവളുടെ മുഖം പ്രകാശിച്ചു.

'ഇതെങ്ങിനെ ശര്യാക്കി, ഏട്ടൻ?'

'എനിക്കു ധൃതിണ്ട്.' അയാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. 'ഇനി മറ്റുള്ളവരീം കാണണം. അതാണ് ഈ ഞായറാഴ്ച്യന്നെ എറങ്ങിത്തിരിച്ചത്.'

അയാൾ ബ്രീഫ്‌കേസ് അടച്ച് എഴുന്നേറ്റു.

'ചായണ്ടാക്കാം.....'

'വേണ്ട.'

കിഴക്കെ കോട്ടയിലെ അഞ്ചുനില കെട്ടിടത്തിനു മുമ്പിൽ അയാൾ ആട്ടോ നിർത്തി. നാലാമത്തെ നിലയിൽ ലിഫ്റ്റിനു മുമ്പിലെ വാതിൽക്കൽ ബെല്ലടിച്ചു കാത്തുനിന്നു. ഗോപിതന്നെയാണ് വാതിൽ തുറന്നത്.

'ആശുപത്രീന്ന് പുറത്തിറങ്ങി ഒരാഴ്‌ച്യേ ആയിട്ടുള്ളു. ഇപ്പൊത്തന്നെ യാത്ര ചെയ്യാൻ ആരാണ് മോഹനേട്ടന് സമ്മതം തന്നത്?'

'എനിക്കിപ്പൊ കൊഴപ്പൊന്നുംല്ല്യ ഗോപീ.' സോഫയിലിരുന്നുകൊണ്ട് അയാൾ പറഞ്ഞു. 'നിന്റെ മോളോട് ഒരു നല്ല ചായണ്ടാക്കാൻ പറയു. വനജേക്കാൾ നന്നായി അവൾ ചായണ്ടാക്കും.'

രജനി അതു കേട്ടു വരികയായിരുന്നു.

'ഞാനിപ്പൊണ്ടാക്കാം വല്യച്ഛാ.'

'ഏട്ടത്തിയമ്മ ഒന്നും പറഞ്ഞില്ലെ, യാത്ര ചെയ്യാറായിട്ടില്ല്യാന്ന്?........... അല്ലെങ്കിൽ പറഞ്ഞത് കേൾക്കണ ആളാവണ്ടെ?'

അയാൾ ബ്രീഫ്‌കേസ് തുറക്കുകയായിരുന്നു.

'ഏട്ടൻ അതു തുറക്കണ്ട.'

അയാൾ ഒരു ചോദ്യത്തോടെ അനുജനെ നോക്കി.

'അതിലുള്ള സാധനം അവിടെത്തന്നെ വച്ചാ മതി.'

അയാൾ ആകെ കുഴങ്ങി, ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ്.

'സൗദാമിനിച്ചേച്ചി ഫോൺ ചെയ്തിരുന്നു, ഏട്ടൻ അവിടെ ചെന്നതിനെപ്പറ്റി പറയാൻ. എനിക്കെല്ലാം മനസ്സിലായി. എനിക്കാ ഫോട്ടോ വേണ്ട.'

അയാൾ പകച്ചുനിന്നു.

'സൗദാമിനിച്ചേച്ചിയ്ക്ക് എന്റെ അടുത്ത്ന്ന് പിടിപ്പത് കിട്ടീട്ട്ണ്ട്. ഞാനിപ്പഴാണ് ഇതൊക്കെ അറീയണത്. മോഹനേട്ടന് തോന്നിയല്ലൊ നമ്മടെ ഗ്രൂപ്പ് ഫോട്ടോവിൽനിന്ന് ജിനിയെ പടികടത്താൻ? അവൾ ഏട്ടന്റെ ആരാണ്?'

അയാൾ തലതാഴ്ത്തിയിരിക്കയായിരുന്നു.

'വല്ല്യച്ഛാ, ചായ.'

അയാൾ കപ്പ് വാങ്ങി. എപ്പോഴും ചെയ്യാറുള്ളപോലെ രജനി അയാളുടെ അടുത്തിരുന്ന് ബ്രീഫ്‌കേസ് എടുത്തു തുറന്നു. കുട്ടിക്കാലം തൊട്ടവൾ ചെയ്യുന്നതാണ്. അതിൽ അവൾക്കുവേണ്ടി വല്യച്ഛൻ കരുതിയ എന്തെങ്കിലുമുണ്ടാവും, മിക്കവാറും ചോക്കലേറ്റുകൾ.

'വല്യച്ചാ, ഞാൻ വല്യച്ചന്റെ കൂടെ എറണാകുളത്തു വരട്ടെ?'

'മോള് വന്നോളു. അമ്മ സമ്മതിച്ച്വോ?'

'ങും, ഒരാഴ്ചയ്ക്ക് ലീവു തന്നിട്ടുണ്ട്. അതു കഴിഞ്ഞിട്ടേ ട്യൂഷൻ തുടങ്ങൂ. എനിക്ക് ജിനിച്ചേച്ചി ഡ്രീം വീവറും ഫ്രണ്ട്‌പേജും പഠിപ്പിച്ചു തരാംന്ന് പറഞ്ഞിട്ട്ണ്ട്. ഞാനെന്റെ സ്വന്തം വെബ്‌സൈറ്റും ബ്‌ളോഗുംണ്ടാക്കാൻ പോവ്വാണ്.'

'മിടുക്കീ......'

ചോക്കളേറ്റ് എടുത്ത് ബ്രീഫ്‌കേസ് അടക്കാൻ നോക്കുമ്പോഴാണവൾ കവറിൽനിന്ന് പകുതി പുറത്തു വന്ന ഫോട്ടോകൾ കണ്ടത്.

'ഫോട്ടോ?'

പറഞ്ഞ ഉടനെ അവൾ അതു പുറത്തെടുത്തു. 'ഹായ്, നമ്മളൊക്കെണ്ടല്ലൊ. ഇത് എപ്പ എടുത്തതാണ്?'

'മോളേ, അതവിടെത്തന്നെ വച്ച് അകത്തു പോവു.' ഗോപി കർശനമായി പറഞ്ഞു. ആ പതിനാറു വയസ്സുകാരി ഒന്നും മിണ്ടാതെ ബ്രീഫ്‌കേസ് അടച്ച് അകത്തേയ്ക്കു പോയി. അതോടെ വാതിൽക്കൽ നിന്നിരുന്ന വനജയും അകത്തേയ്ക്കു വലിഞ്ഞു.

'മോഹനേട്ടനോട് ഞാൻ സ്‌നേഹത്തെപ്പറ്റി പറയേണ്ട ആവശ്യൊന്നുംല്ല്യ. ന്നാലും പറയാണ്. ഇതിനു മുമ്പത്തെ പ്രാവശ്യം ഏട്ടൻ ആശുപത്രീല് കൊടന്നപ്പൊ ഞാൻ വന്നീരുന്നൂലോ? ഏട്ടൻ കുറച്ചൊരു ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു. കാർഡ്യാക് കെയർ യൂനിറ്റിന്റെ മുമ്പില് ജിനി ഒറ്റയ്ക്കിരിക്യായിരുന്നു, ആകെ ടെൻസായിട്ട്. ഏട്ടത്തിയമ്മ എന്തോ ടെസ്റ്റിന്റെ ബില്ലടക്കാൻ താഴത്തു പോയിരിക്ക്യായിരുന്നു. എന്നെ കണ്ടതും ജിനി പൊട്ടിക്കരയാൻ തുടങ്ങി. അവൾ ചോദിക്ക്യായിരുന്നു. 'അങ്കിൾ, എന്റെ അച്ഛൻ മരിക്ക്യോ?'

'അച്ഛൻന്നാണ് അവൾ പറഞ്ഞത്, അങ്കിൾന്നല്ല. അവളെ ആശ്വസിപ്പിക്കാൻ ഞാൻ കുറേ പണിപ്പെട്ടു. ആ കുട്ടീനെയല്ലെ ഈ ഫോട്ടോവിൽനിന്ന് ആട്ടിപ്പായിച്ചത്?.......... എനിക്കീ ഫോട്ടോ വേണ്ട. ആദ്യം എടുത്ത പ്രിന്റുണ്ടെങ്കിൽ മതി. ഇനി അതൊക്കെ ചീന്തിക്കളഞ്ഞൂന്ന് വച്ചാൽ അത് ഏട്ടന്റെ പി.സി.യില്ണ്ടാവൂലോ. എനിക്ക് ആ ഫോട്ടോ ഇമെയിലിൽ അയച്ചു തന്നാൽ മതി. ഞാനിവിടെ പ്രിന്റെടുത്തോളാം.....'

ഗോപി രോഷത്തോടെ സംസാരിക്കുകയായിരുന്നു. ആ ശകാരങ്ങൾ ആശ്വാസമായി, സാന്ത്വനമായി വന്ന് തന്നെ മൂടുന്നത് മോഹനൻ അറിയുന്നുണ്ട്. അയാൾ തല താഴ്ത്തിയിരിക്കുകയാണ്. കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ട് കണ്ണുകളെ മൂടിയ നേരിയ നനവ് ഒരു നീർച്ചാലായി,

മലവെള്ളപ്പാച്ചിലായി ഒരു തേങ്ങലിലൊടുങ്ങുന്നു.

കേരളകൗമുദി ഓണപ്പതിപ്പ് - 2010