അച്ഛന്റെ ശ്രാദ്ധത്തിന്റെ ബലികർമ്മത്തിന് അവസാനത്തെ വെള്ളം കൂടി കിണ്ടിയുടെ കുരലിലൂടെ പകർന്ന് അയാൾ എഴുന്നേറ്റു. മുമ്പിൽ ചാണകം മെഴുകിയ കളത്തിൽ നെടുങ്ങനെ വെച്ച ഇലയിൽ പരന്നുകിടക്കുന്ന ബലിദ്രവ്യങ്ങൾ അയാൾ കുറച്ചുനേരം നോക്കിനിന്നു. ഉണക്കച്ചോറിന്റെ വലിയ ഉരുളകൾ അല്പം കുതിർന്നു കിടന്നതിനു ചുറ്റും തുളസിപ്പൂവും എള്ളും ചന്ദനവും കറുകപ്പുല്ലിന്റെ മോതിരവും ചിതറിക്കിടക്കുന്നു. ജ്യോതി മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വെള്ളത്തിനും പിശുക്കു കാണിക്കുക കാരണം അവളുടെ ഇലയിൽ ഉരുളകൾ ഇടിയാതെ കിടന്നു. അല്പം കലാബോധമുള്ളതുകൊണ്ട് എല്ലാം ഒരടുക്കും ചിട്ടയോടും കൂടിയാണവൾ ചെയ്യുക.
ഗെയ്റ്റിൽ അപ്പോഴും ആ കുട്ടികൾ നിന്നിരുന്നു. ബലിയിടാൻ തുടങ്ങിയ സമയംതൊട്ട് നിൽക്കുന്നതാണ്, പുതുതായി എന്തോ കാണുന്ന കൗതുകത്തോടെ. അവർ അന്യനാട്ടുകാരാണ്. അടുത്ത കവലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിലെ ജോലിക്കാരുടെ മക്കൾ. അവിടെ ഇങ്ങിനെ കുറേ എണ്ണത്തിനെ കാണാറുണ്ട്. അമ്മമാർ സിമന്റിന്റെ ഇഷ്ടികകൾ ചുമന്ന് കോണികൾ കയറുമ്പോൾ മക്കൾ തെരുവിൽ അലയുന്നു, വിശപ്പടക്കാനെന്തെങ്കിലും കിട്ടാൻ, അല്ലെങ്കിൽ കക്കാൻ.
'ജ്യോതി, ആ കിണ്ടീം പാത്രങ്ങളും ഒക്കെ എടുത്തു കൊണ്ടു പോയ്‌ക്കോളു. ഗെയ്റ്റില് പിള്ളേര് നോക്കി നിൽക്ക്ണ്‌ണ്ട്. ചെലപ്പോൾ അടിച്ചുകൊണ്ടു പോയീന്ന് വരും.' അയാൾ പെങ്ങളോടു പറഞ്ഞു.
'ശര്യാണ്, ന്നാള് എന്റെ കണ്ണ് ഒന്ന് തെറ്റിയപ്പഴാ വടക്കോറത്ത്ന്ന് പുത്യേ ബക്കറ്റ് പോയത്.'
'അവർക്ക് എന്തെങ്കിലും തിന്നാൻ കൊട്ത്ത് ഒഴിവാക്കായിരുന്നു.'
'നമ്ക്ക് എന്തെങ്കിലും കഴിക്ക്യാ ആദ്യം, ന്ന്ട്ടാവാം അവര്‌ടെ കാര്യം. ഏട്ടന് ഓഫീസില് പോണ്ടെ?'
'വേണം, വേണം. അല്പം വൈക്യാലും എത്തുംന്ന് പറഞ്ഞിട്ട്ണ്ട്. തെരക്ക്ള്ള സമയാണ്. ഒരു മിന്റ്റ് വിട്ടു നിൽക്കാൻ വയ്യ.'
'ന്നാ വരു.'
അയാൾ നനഞ്ഞ കൈകൊട്ടി മൃത്യുവിന്റെ അറിയപ്പെടാത്ത കയങ്ങളിലെവിടെയോ വസിക്കുന്ന അച്ഛന്റെ ആത്മാവിനെ ആവാഹിക്കാൻ ശ്രമിച്ചു. കാക്കകൾ, അവ ഈ നാട്ടിലുണ്ടോ? ഒരു കാക്കയെ കണ്ടിട്ട് കാലം കുറേയായി. ഈ ബലിച്ചോറ് കൊത്താനെങ്കിലും ഒരു കാക്കയെ അച്ഛൻ പറഞ്ഞയക്കില്ലേ? ഗെയ്റ്റിൽ അപ്പോഴും നോക്കിനിൽക്കുന്ന കുട്ടികളെ അയാൾ അല്പം നീരസത്തോടെ നോക്കി. ഓരോ മാരണങ്ങള്! അവരില്ലെങ്കിൽ തനിയ്ക്ക് അകത്തുപോയി ഈറൻ വസ്ത്രങ്ങൾ മാറ്റി അലോസരപ്പെടുത്തുന്ന കിഴക്കൻ കാറ്റിന്റെ തണുപ്പിൽനിന്ന് രക്ഷപ്പെടാമായിരുന്നു. അയാൾ വീണ്ടും കൈകൊട്ടി. അതിനു മറുപടിയായിട്ടായിരിക്കണം അപ്പുറത്തെ വാഴക്കൂട്ടത്തിൽനിന്ന് ഒരു കാക്ക കരഞ്ഞത്.
'എന്തിനാ കാത്ത് നിക്കണത്?' അയാൾ ചോദിച്ചു. അത് ഗെയ്റ്റിൽ നിൽക്കുന്ന കുട്ടികളോടല്ല, കാക്കകളോടാണ്. കുട്ടികൾക്ക് താൻ പറയുന്നത് മനസ്സിലാവുന്നുണ്ടാവില്ല. ബീഹാറിൽ നിന്നോ അയൽവക്കത്തെ സംസ്ഥാനങ്ങളിലേതെങ്കിലും നിന്നോ വരുന്നവർക്ക് എന്തു മലയാളം? നാട്ടില്ള്ള കുട്ടികൾക്ക്തന്നെ ഇപ്പൊ മലയാളം പറഞ്ഞാൽ മനസ്സിലാവില്ല.
കാക്ക നിലത്തിറങ്ങാൻ തീരുമാനിച്ചു. ബലിച്ചോറു വെച്ച ഇലയ്ക്കു കുറച്ചകലെ നിന്നുകൊണ്ട് അതയാളെ സംശയത്തോടെ നോക്കി. ഇത് അച്ഛൻ തന്നെയാണ്, അയാൾ മനസ്സിൽ പറഞ്ഞു. തന്റെ ഓരോ നീക്കങ്ങളും സംശയത്തോടെ നോക്കിയിരുന്ന ആളാണ് അച്ഛൻ. പിച്ചവെച്ച നാൾ തൊട്ട് അങ്ങിനെയാണ്. അവസാനം മരിക്കാൻ കിടക്കുമ്പോൾ പോലും..... പോട്ടെ, അതൊന്നും ഇനി ഓർക്കണ്ട.
അയാൾ ഉമ്മറത്തു കയറി. ഇനി താൻ നോക്കിനിൽക്കുന്നതുകൊണ്ട് അച്ഛൻ ഭക്ഷണം കഴിക്കാൻ മടിക്കണ്ട. കാക്ക അടുത്തുവന്ന് ബലിച്ചോറ് നോക്കി, എത് കോണിൽനിന്നാണ് തുടങ്ങേണ്ടത്. അവസാനം വടക്കുഭാഗത്തേയ്ക്കു ചാടി അത് ഉരുള കൊത്തി, ജ്യോതിയുടെ ഉരുളതന്നെ. ചിലപ്പോൾ തോന്നും ഈ വിശ്വാസങ്ങളിലെല്ലാം കാമ്പുണ്ടെന്ന്. അച്ഛന് മകനേക്കാളിഷ്ടം മകളോടായിരുന്നു.
അയാൾ അകത്തു പോയി വസ്ത്രം മാറ്റാൻ തുടങ്ങി. ജ്യോതി മേശപ്പുറത്ത് ഇഡ്ഡലിയും ചട്ടിണിയും കൊണ്ടുവന്നു വച്ചിരുന്നു. മേശക്കു മുമ്പിലിരിക്കുന്നതിനു മുമ്പ് അയാൾ പറഞ്ഞു.
'നീ തുടങ്ങിക്കോ, ഞാനൊന്നുകൂടി നോക്കി വരാം. വല്ല നായ്ക്കളും വന്ന് തിന്നാൽ ശര്യാവില്ല.'
ഉമ്മറത്തെത്തിയപ്പോഴേയ്ക്ക് നാലഞ്ചു കാക്കകളെത്തിയിരിക്കുന്നു. അവരെല്ലാം നിലത്തിറങ്ങാതെ ഇടമതിലിന്മേൽ ഇരിക്കുകയാണ്. അവർക്ക് ക്ഷണം പോരായിരിയ്ക്കും. ഒതുക്കിറങ്ങി മുറ്റത്തേയ്ക്കു കടക്കുമ്പോഴാണ് കാക്കകൾ മതിലിന്മേൽ മടിച്ചിരിക്കാനുള്ള കാരണം അയാൾക്കു മനസ്സിലായത്. അതുവരെ ഗെയ്റ്റിനു പുറത്തു നിന്നിരുന്ന രണ്ടു പെൺകുട്ടികൾ ഗെയ്റ്റ് തുറന്ന് മുറ്റത്തേയ്ക്കു കടന്ന് ബലിച്ചോറിനു മുമ്പിലെത്തിയിരിക്കുന്നു. അവർ ഒരു കീറവസ്ത്രം, ഏഴെട്ടു വയസ്സായ മുത്ത കുട്ടിയുടെ ഷാളായിരിക്കണം, നിലത്തു വിരിച്ച് ബലിച്ചോറുള്ള ഇലയടക്കം അതിലേയ്ക്കു ധൃതിയിൽ മാറ്റുകയാണ്. കാക്കകൾ കൊത്തിച്ചിതറിയ ചോറ് എടുത്ത് ഇലയിലേയ്ക്കിടുകയാണവൾ. ഒരില തുണിയിലേയ്ക്കു മാറ്റി, അടുത്ത ഇലയിൽ കൈ വെക്കുമ്പോഴാണ് അയാൾ മുറ്റത്തേയ്ക്കു ചാടിയിറങ്ങിയത്.
'എന്താ ചെയ്യണത്, അശ്രീകരങ്ങള്?' അയാൾ അലറി, 'കടന്ന് പോണുണ്ടോ ഇവിട്ന്ന്. പോ.'
കുട്ടികൾ പേടിച്ചരണ്ട് ഓടാൻ ശ്രമിക്കുകയാണ്. അതിനിടയിൽ രണ്ടാമത്തെ ഇലയും തുണിയിലേയ്ക്കിട്ട് ആ തുണി ചുറ്റിപ്പിടിച്ച് എടുക്കുകയാണ് മുത്തവൾ. ഭയത്തോടെ അയാളെ നോക്കുന്നുമുണ്ട്. ഇളയവൾ ഗെയ്റ്റിലേയ്ക്കുള്ള ദൂരം പാതി താണ്ടിയിരുന്നു. പെട്ടന്നാണതു സംഭവിച്ചത്. മുറ്റത്തേയ്ക്കിറങ്ങിവന്ന രൗദ്രമുഖം മാത്രം നോക്കി ഓടിയിരുന്ന മൂത്തവൾ ചെറിയവളുടെ ദേഹത്തു തട്ടുകയും രണ്ടുപേരുംകൂടി വീഴുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ രണ്ടു കുട്ടികളും കോൺക്രീറ്റിട്ട മുറ്റത്ത് വീണുരുണ്ടു. മൂത്തവൾ കയ്യിൽ ഭദ്രമായി പിടിച്ചിരുന്ന തുണിയുടെ കെട്ട് അഴിയുകയും ബലിച്ചോറ് നിലത്തെല്ലാം ചിതറുകയും ചെയ്തു. മൂത്തവൾ എഴുന്നേറ്റ് ഇളയവളെ എഴുന്നേൽക്കാൻ സഹായിച്ചു. പെട്ടെന്ന് അവൾക്ക് ഭയം എന്ന വികാരം നഷ്ടപ്പെട്ടു. വീണ്ടെടുക്കാനാവാത്ത വിധം ചിതറിക്കിടക്കുന്ന ഭക്ഷണം നിസ്സഹായയായി ശ്രദ്ധിച്ച ശേഷം അവൾ അയാളെ ഒന്നുകൂടി നോക്കിക്കൊണ്ട് പോകാൻ തിരിഞ്ഞു. അവളുടെ നോട്ടത്തിലുണ്ടായിരുന്ന വികാരമെന്തെന്നയാൾക്കു മനസ്സിലായില്ല. അവജ്ഞയാണോ, അതോ അവഗണനയാണോ, അതോ നിസ്സഹായതയോ?
ഒരു നിമിഷത്തിനകം അയാൾ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു. അയാൾ ഉറക്കെ പറഞ്ഞു.
'നിക്കവിടെ.'
അയാളുടെ ശബ്ദത്തിലെ രോഷം അവൾ തിരിച്ചറിഞ്ഞു. അവൾക്കതു പരിചിതമായിരുന്നു. വിശപ്പിന്റെ നിരവധി പടിവാതിലുകളിൽ അവൾ ആ ശകാരം ഏറ്റുവാങ്ങിയിട്ടുണ്ട്. രാത്രികളിൽ ഉറക്കത്തിൽ അതവളെ ഭയപ്പെടുത്തിയിട്ടുണ്ട്. അവൾ തിരിഞ്ഞുനിന്നു.
'ഇതാര് അടിച്ചുകൂട്ടുംന്നാ നെന്റെ വിചാരം?'
അവൾക്കയാൾ പറഞ്ഞതു മനസ്സിലായില്ല. ഒരു ചോദ്യത്തോടെ നോക്കി നിൽക്കുന്ന അവളോട് ആംഗ്യം കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
'ഇതൊക്കെ അടിച്ചുകൂട്ടി അവിടെ കൊണ്ടെ ഇട്ടിട്ട് പോയാമതി.' ബലിയിട്ട സ്ഥലം ചൂണ്ടിക്കാട്ടി അയാൾ വീണ്ടും പറഞ്ഞു.
'അതാ അവ്‌ടെ.'
അവൾക്കു കാര്യം മനസ്സിലായി. അവൾ അതേ പോലെ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.
'ജാഡു.'
'എന്ത് ജാഡു.' അയാൾക്ക് ഹിന്ദി അറിയില്ല.
'ജാഡു.' അവൾ വീണ്ടും അടിച്ചുവാരുന്ന ആംഗ്യം കാട്ടിക്കൊണ്ട് പറഞ്ഞു.
'വേണ്ട, ചൂലോണ്ടൊന്നും അത് തൊടാൻ പാടില്യ. നെന്റെ തുണീല്തന്നെ ഇട്ടാമതി.' അയാൾ അവളുടെ തോളിലിട്ട ഷാൾ ചൂണ്ടിക്കാട്ടി.
അവൾ ഷാൾ കൊണ്ട് നിലത്തു ചിതറിയ വറ്റുകൾ അടിച്ചുകൂട്ടാൻ തുടങ്ങി. അപ്പോഴാണ് അയാൾ കണ്ടത്. ഇളയ കുട്ടിയുടെ മുട്ടിന്മേൽ ഉണ്ടായ മുറിവിൽനിന്ന് ചോരയൊലിക്കുന്നു. ആ നാലു വയസ്സുകാരി അതു നോക്കി വിതുമ്പാനുള്ള ഒരുക്കത്തിലാണ്. വേദനിക്കുന്നുണ്ടാവും. അവൾ ഒരിക്കൽ ആ ചോര കൈകൊണ്ട് തുടച്ചു, ആ കൈ മുഷിഞ്ഞ് നിറം തിരിച്ചറിയാതായ ഉടുപ്പിൽ തുടച്ചു. മുറിവിൽനിന്ന് വീണ്ടും ചോരയൊലിക്കുന്നു.
അയാൾ വല്ലാതായി. 'ഇത് എന്റെ തെറ്റല്ല. ഞാനെന്തു ചെയ്തിട്ടാണ്. അല്ലെങ്കിൽ സമ്മതംല്യാതെ മറ്റൊരാള്‌ടെ ഗെയ്റ്റ് തുറന്ന് വരണത് ശര്യല്ലല്ലൊ.' അയാൾ സ്വയം പറയുകയാണ്. 'അല്ലെങ്കിൽ ഞാനെന്തിനാണ് ഒരു കുറ്റം ചെയ്ത ആളെപ്പോലെ സംസാരിക്കണത്. നല്ല കഥ.'
മൂത്തവൾ ചോറ് അടിച്ചുകൂട്ടി തുണിയിൽ ഒരു കൂമ്പാരമായി കൂട്ടി ഒരു കിഴിയാക്കി തിരിച്ച് എടുത്തിടത്തുതന്നെ കൊണ്ടുപോയി ഇല വിരിച്ച് അതിൽ നിക്ഷേപിച്ചു, വളരെ ശ്രദ്ധയോടെ. തുണി ഒന്ന് കുടഞ്ഞ് അയാളെ നോക്കുക കൂടി ചെയ്യാതെ ഗെയ്റ്റിലേയ്ക്കു നടന്നു. ഇളയ കുട്ടി ഗെയ്റ്റിനു പുറത്തെത്തി ചേച്ചിയെ കാത്തുനിൽക്കയാണ്. ഗെയ്റ്റു കടന്ന ഉടനെ മൂത്തവൾ അനുജത്തിയുടെ കാൽമുട്ടിനു പറ്റിയ മുറിവ് കുനിഞ്ഞു നോക്കി, പിന്നെ അവളുടെ കൈ പിടിച്ച് നടന്നു പോയി. അവൾക്ക് പരാതികളൊന്നുമുണ്ടായിരുന്നില്ല. വേട്ടയാടപ്പെടുന്നത് അവളുടെ ആദ്യത്തെ അനുഭവമല്ല.
കാക്കകൾ പരേതാത്മാവ് ഏല്പിച്ച കാര്യം ഭംഗിയായി ചെയ്തുകൊണ്ടിരുന്നു. അയാൾ ഉമ്മറത്തേയ്ക്കു കയറി.
ഇഡ്ഡലി നാളികേരച്ചട്ടിണിയിൽ മുക്കി തിന്നുമ്പോൾ അയാൾ കുറച്ചുറക്കെ പറഞ്ഞു.
'അല്ല ഇതൊന്നും എന്റെ തെറ്റല്ല.'
'എന്താണ് ഏട്ടാ?'
'ഒന്നുംല്ല്യ.'
ജ്യോതി ഈറൻ മാറ്റി മുണ്ടും വേഷ്ടിയും ധരിച്ചിരുന്നു. ഇതെല്ലാം ഒരു കൊല്ലവും മുടക്കാത്ത ചിട്ടകളാണ്. കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി ഒരേ മട്ടിൽ. തലേന്ന് രാത്രി താൻ വരുന്നു. ശ്രാദ്ധ ഒരിക്കലിന്റെ ഗോതമ്പു കഞ്ഞിയും ചെറുപയറും കഴിക്കുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിച്ച് ശക്തിയായി വീശുന്ന കിഴക്കൻ കാറ്റിന്റെ കുളിരിൽ ഈറനുടുത്ത് ബലിയിടുന്നു. അതിനിടയ്ക്ക് അളിയൻ ഏഴു മണിയുടെ ട്രെയിൻ പിടിക്കാൻ ഓടിയിട്ടുണ്ടാകും. അതുകഴിഞ്ഞ് ഈറൻ മാറ്റി ജ്യോതിയുടെ മറുവശത്തിരുന്ന് ഇഡ്ഡലി കഴിക്കുന്നു. ധൃതിപിടിച്ച് വീട്ടിലേയ്ക്ക് തിരിക്കുന്നു. തിടുക്കത്തിൽ മുണ്ടു മാറ്റി ഷർട്ടും പാന്റ്‌സും അണിഞ്ഞ് ഓഫീസിലേയ്ക്കു പോകുന്നു. എന്താണിതിനൊക്കെ അർത്ഥം?
അയാൾ ഗെയ്റ്റ് തുറന്ന് പുറത്തേയ്ക്കു കടക്കുമ്പോഴേയ്ക്ക് കാക്കകൾ ബലിക്കളം ഒരുമാതിരി വൃത്തിയാക്കിയിരിക്കുന്നു. അവയുടെ ചിറകുകൾ അലങ്കോലപ്പെടുത്തിയിരുന്ന ശക്തിയായ കാറ്റ് ഒരുവിധം ശമിച്ചു. അയാൾ നടന്നുനീങ്ങി. അടുത്ത വീട്ടിന്റെ ഗെയ്റ്റിനുള്ളിൽ...... അയാൾ ഒന്നുകൂടി നോക്കി. അതെ അവർതന്നെ. ആ കുട്ടികൾ. അവർ മുമ്പിൽ വെച്ച ഇലയിൽനിന്ന് ചോറ് വാരിത്തിന്നുകയാണ്. ബലിച്ചോറുതന്നെ. കൃഷ്ണൻകുട്ടിയുടെ അമ്മയുടെ ശ്രാദ്ധവും ഇന്നാണെന്നയാൾ ഓർത്തു. ചെറിയ കുട്ടിയുടെ മുട്ടിന്മേൽ ഒരു ബാന്റേജ് ഒട്ടിച്ചിരിക്കുന്നു. അയാൾ ഇലയിലേയ്ക്കു നോക്കി. അവർ ഭക്ഷണം തുടങ്ങിയിട്ടേയുള്ളു. ഇലയിൽ ബലിച്ചോറിനോടൊപ്പം തൈരുമൊഴിച്ചിട്ടുണ്ട്, ചുവന്ന നിറത്തിൽ കിടക്കുന്നത് അച്ചാറായിരിക്കണം.
അതു ശരി. കുട്ടികൾ കട്ടുതിന്നുന്നതല്ല. അവർക്ക് ആരോ കൊടുത്തതുതന്നെയാണ്. അപ്പോഴാണയാൾ കണ്ട്ത് ഗെയ്റ്റിന്റെ തൂണും ചാരി കൃഷ്ണൻകുട്ടി നിൽക്കുന്നു. കയ്യിൽ രണ്ടു പാത്രങ്ങളും അതിലിട്ട സ്പൂണുകളും.
'ഞാനവര് തിന്നണതും നോക്കി നിക്ക്വാണ്.' കൃഷ്ണൻകുട്ടി പറഞ്ഞു. 'എന്തു രസായിട്ടാ ഉണ്ണണത്. ഉണക്കല്ലരിച്ചോറ് തൈരും അച്ചാറുംകൂട്ടി തിന്നാൻ നല്ല സ്വാദായിരിക്കും. കാണുമ്പൊ എനിക്കും തിന്നാൻ തോന്നുണു.'
അയാൾ വെറുതെ തലയാട്ടി.
'അവര് ഗെയ്റ്റില് നോക്കിനിക്ക്വായിരുന്നു. ബലിയിടലൊക്കെ കഴിഞ്ഞ് ഞാൻ അകത്ത് പോയപ്പൊണ്ട് അവര് ഓടിവന്നിട്ട് എല്യോടെ എല്ലാം എടുത്ത് ഓടാൻ നിക്കുണു. ഞാൻ ഹിന്ദീല് പറഞ്ഞു, ഓട്വൊന്നും വേണ്ട, ആ മതിലിന്റെ അരികില് ഇര്ന്ന് തിന്നിട്ട് പൊയ്‌ക്കോന്ന്. ഞാൻ പോയി കൊറച്ച് തൈരും നാരങ്ങക്കറീം കൊണ്ടന്ന് കൊടുത്തു. പാവങ്ങള്, വല്ല കാക്കേം പട്ടീം തിന്നുപോണേക്കാൾ നല്ലതല്ലെ വെശക്കണ ഈ കുട്ട്യാൾക്ക് കൊടുക്കണത്. പിന്നെ പറയാൻ പറ്റില്ല, അമ്മേടെ ആത്മാവന്ന്യായിരിക്ക്യോ ഈ കുട്ടീടെ ഉള്ളില്ള്ളത്.' അയാൾ തെല്ലിട നിർത്തി ശബ്ദം കുറച്ചുകൊണ്ട് തുടർന്നു. 'അല്ലെങ്കില് എല്ലാരടേം ഉള്ളില്ള്ളത് പ്രപഞ്ചത്തിന്റെ ആത്മാവ് തന്ന്യല്ലെ..........'
അയാൾ ചിരിച്ചെന്നു വരുത്തി. ഇനി അവിടെ നിന്നാൽ ശര്യാവില്ല. കൃഷ്ണൻകുട്ടി ആത്മീയത പുറത്തെടുക്കും.
'ഞാൻ പോട്ടെ, വീട്ടീ പോയി ഉടുപ്പൊക്കെ മാറ്റീട്ട് വേണം ഓഫീസില് പോവാൻ.'
അയാൾ നടന്നു. അയാള്‌ടെ ഒരു ആത്മീയത! അയാളാ കുട്ടികളെ കാണണത് മൃഗങ്ങളേക്കാൾ ഒരു പടി മീതെയായിട്ടാണെന്നു മാത്രം. മുഴുവൻ മനുഷ്യരായിട്ടല്ല. പക്ഷെ ഞാനങ്ങന്യല്ല. അവരെ മുഴുവൻ മനുഷ്യരായിട്ടുതന്ന്യാണ് കാണണത്. അതുകൊണ്ടാണ് അവര് പരേതാത്മാവിനു വേണ്ടി ബലിയിട്ടത് തിന്നാൻ കൊണ്ടുപോണത് വെലക്കീത്. മരിച്ചവർക്കുള്ളത് മരിച്ചവർക്ക്, അത് ജീവിച്ചിരിക്കുന്നവർക്കുള്ളതല്ല. ജീവിച്ചിരിക്കുന്നവർക്ക് വേറെ. അവർക്ക് എന്തെങ്കിലും കൊടുക്കണംന്ന് ഞാൻ തന്ന്യല്ലെ ജ്യോതിയോട് പറഞ്ഞത്. അങ്ങിന്യൊന്നും അല്ല സംഭവിച്ചത്. അപ്പൊ എനിക്ക് ദേഷ്യം പിടിച്ചു. ശരി തന്നെ. അതുകൊണ്ടൊക്കെ ഞാനൊരു ചീത്ത മനുഷ്യനാണെന്ന് പറയാൻ പറ്റ്വോ?
അയാൾ നിന്നു. ഈ ചിന്തകളൊന്നും അയാളിലെ കറ കളയാൻ പര്യാപ്തമായില്ല. ഇനി ഞാനെന്താണ് ചെയ്യേണ്ടത്? ആ കുട്ടികൾ ബലിച്ചോറുണ്ട് വയറ് നിറച്ച് ഈ വഴിക്കുതന്നെയാണ് വരിക. അയാൾ പഴ്‌സ് തുറന്ന് ഏതാനും നോട്ടുകൾ, അതെത്രയാണെന്നുകൂടി നോക്കിയില്ല, എടുത്ത് പോക്കറ്റിലിട്ടു. ഞാനീ നോട്ടുകൾ അവർക്ക് കൊടുക്കാൻ പോകുന്നു. ഓഫീസിൽ നേരം വൈകിയാലും സാരല്ല്യ, ഇതവർക്ക് കൊടുത്തേ ഞാൻ പോണുള്ളു.
താമസിയാതെ ആ കുട്ടികൾ വളവുതിരിഞ്ഞു വരുന്നതയാൾ കണ്ടു. മൂത്ത കുട്ടിയുടെ കയ്യിൽ ഒന്നുരണ്ടു നോട്ടുകളുണ്ടായിരുന്നു. കൃഷ്ണൻകുട്ടി കൊടുത്തതായിരിക്കണം. ഇളയവൾ ഒരദ്ഭുതത്തോടെ അതു നോക്കിക്കൊണ്ട് ചേച്ചിയോട് എന്തോ ചോദിക്കുകയാണ്. നോട്ടുകൾ മടക്കി കയ്യിലൊതുക്കി തലയുയർത്തിയപ്പോഴാണ് അവരെ കാത്തുനിൽക്കുന്ന മനുഷ്യനെ അവൾ കണ്ടത്. ഒന്നും പറയാതെ അവൾ അനുജത്തിയുടെ കൈപിടിച്ച് തിരിഞ്ഞ് നിരത്തിന്റെ എതിർദിശയിലേയ്ക്ക് നടന്നുതുടങ്ങി.
'ശ്, ശ്.....' അയാൾ വിളിച്ചു.
അവൾ തിരിഞ്ഞുനോക്കി. പിന്നെ ഒന്നും പറയാതെ ഓടാൻ തുടങ്ങി. അവളുടെ കഴുത്തിലുടെ ഇട്ട ഷാൾ കാറ്റിൽ ഇരുവശത്തേയ്ക്കും പറക്കുന്നു. പിന്നാലെ അനിയത്തിയും തിരിഞ്ഞുനോക്കിക്കൊണ്ട് ഓടുകയാണ്.
അയാൾ സ്തബ്ധനായി നിൽക്കെ അവർ ഓടിയോടി അകലുകയാണ്.