ഉമ്മുക്കുൽസൂന്റെ വീട്


ഇ ഹരികുമാര്‍

പതിനഞ്ചു കൊല്ലത്തിനു ശേഷം മീനാക്ഷി വീണ്ടും ഓർത്തു. വീട് വാങ്ങി താമസം മാറുന്നതിന്റെ തലേന്ന്, അവർ രണ്ടുപേരും പടിക്കൽ നിന്നുകൊണ്ട് സംസാരിക്കുകയായിരുന്നു. തിരുവാതിരക്കാലം. കിഴക്കുനിന്ന് വീശിയ തണുത്ത കാറ്റിൽ മരങ്ങളാടിയിരുന്നത് അവൾക്കോർമ്മയുണ്ട്. കാറ്റിൽ ഏതോ പൂവിന്റെ സുഗന്ധം. ഗെയ്റ്റിന്റെ സിമന്റിട്ട് ഇളംപച്ചയടിച്ച തൂണിലേയ്ക്ക് നോക്കിക്കൊണ്ട് ജയകൃഷ്ണൻ പറഞ്ഞു.

'നമുക്കീ പേരു മാറ്റണം.'

അപ്പോഴാണ് മീനാക്ഷി അതു ശ്രദ്ധിക്കുന്നത്. ജയകൃഷ്ണൻ ചൂണ്ടിക്കാട്ടിയത് തൂണിന്മേലുള്ള നെയിംപ്ലെയ്റ്റിലേയ്ക്കായിരുന്നു. ഏകദേശം മുക്കാലടി വീതിയും അരയടി ഉയരവുമുള്ള മാർബ്ൾ പലകമേൽ എഴുതിവച്ചിരിക്കുന്നു. 'ഉമ്മുക്കുൽസു'.

'ഹായ്, നല്ല പേര്.' മാർബ്ൾ പലക പതുക്കെ, ഒരു പൂച്ചക്കുട്ടിയെ തലോടുന്ന പോലെ തടവിക്കൊണ്ട് മീനാക്ഷി പറഞ്ഞു.

'നമുക്കാ പേര് മാറ്റണം.' അയാൾ വീണ്ടും പറഞ്ഞു.

'എന്തിനാ മാറ്റണത്, നല്ല പേരല്ലേ?' അവൾക്കാ പേര് ഇഷ്ടമായി. അതു വായിക്കുമ്പോൾ തട്ടനും കൊലുസുമിട്ട ഒരു സുന്ദരി ഉമ്മക്കുട്ടിയെ കാണുംപോലെ. ഒരു ഉപ്പ മോൾക്കു താമസിക്കാനുണ്ടാക്കിയ വീടാണെന്ന് ദല്ലാൾ പറഞ്ഞിരുന്നു.

'പേരൊക്കെ നല്ലത് തന്നെ, പക്ഷെ നമ്മളെ കാണാൻ വരണോര് ഇതു കണ്ടാൽ വല്ല കാക്കച്ചീടെ വീടാണ്ന്ന് പറഞ്ഞ് തിരിച്ചു പോവും.' ജയകൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മീനാക്ഷി ഒരു നിമിഷം ആലോചിച്ചു. അവൾക്ക് എന്ത് കുസൃതിയും ആലോചിച്ചുണ്ടാക്കാൻ ഒരു നിമിഷം മതി.

'നമുക്കൊരു കാര്യം ചെയ്യാം. അതിന് താഴെ, അല്ലെങ്കിൽ വേണ്ട, മറ്റെ തൂണിന്മേല് ജയേട്ടന്റീം എന്റീം പേര് ഇതു പോലത്തന്നെ മാർബ്‌ളില് എഴുതിക്കാം. അപ്പൊ വരണ ആൾക്കാർക്ക് മനസ്സിലാവും ഇത് നായരിച്ചീടെ വീടാന്ന്.'

പേരെഴുതിവെയ്ക്കലുണ്ടായില്ല. പിന്നെ ചെയ്യാം, പിന്നെ ചെയ്യാമെന്ന് പറഞ്ഞ് നീണ്ടു. വീട് നന്നായിരുന്നു. സാമാന്യം വലുപ്പമുള്ള ഒരു സ്വീകരണമുറി, അതിൽനിന്ന് കമാനത്തിലൂടെ ഊൺമുറിയിലേയ്ക്ക് കടക്കാം. ഇടതുവശത്ത് അടുക്കള. വലതുവശത്ത് രണ്ടു കിടപ്പറകൾ. സ്വീകരണമുറിയിൽനിന്ന് ഗെസ്റ്റ്‌റൂമിലേയ്ക്ക് വാതിലുണ്ട്. അങ്ങിനെ മൂന്ന് കിടപ്പറകൾ. വളരെ സൂക്ഷ്മതയോടെ നിർമ്മിച്ച ഒരു വീട്. വീടു കാണാൻ ആദ്യം വന്നപ്പോൾ മീനാക്ഷിയെ അദ്ഭുതപ്പെടുത്തിയത് എന്തിനാണ് ഇത്ര നല്ലൊരു വീട് ഉടമസ്ഥർ വിൽക്കുന്നതെന്നായിരുന്നു.

ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഓഫീസിൽവച്ച് നൂർജഹാനുമായി സംസാരിച്ചതാണ്. ഉച്ചഭക്ഷണം എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴാണ് സംസാരം. രാവിലെമുതൽ കസ്റ്റമേഴ്‌സിന്റെ ചോദ്യങ്ങൾക്കുത്തരം നൽകി ക്ഷീണിച്ച് ഊൺമേശയിലെത്തുമ്പോഴാണ് ആ തളർച്ച മുഴുവൻ മാറ്റിയെടുക്കുന്നത്. പ്രധാന കഥാപാത്രം മീനാക്ഷിയായിരുന്നു. കഴിഞ്ഞ ആറു മാസമായി നൂർജഹാനും വന്നിട്ടുണ്ട്. അവർ രണ്ടുപേരും ഒത്താൽ ഊൺമുറി പൊട്ടിച്ചിരികൾ കൊണ്ട് നിറയുന്നു. ഊണു കഴിഞ്ഞാൽ അവർ വീണ്ടും അവരവരുടെ ലോകത്തേയ്ക്ക്, കമ്പ്യൂട്ടറുകളുടെ നിശ്ശബ്ദസംഗീതത്തിലേയ്ക്ക് വലിയുന്നു. ഇന്നലെ എന്തോ ഊണു കഴിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇടയ്ക്ക് അങ്ങിനെയും സംഭവിക്കാറുണ്ട്. മീനാക്ഷിയും നൂർജഹാനും മാത്രം. പ്രാസംഗികർ മാത്രമുള്ള ഒരു സമ്മേളനം. ശ്രോതാക്കളില്ലാതെ എന്തു സംസാരം. കുറച്ചുനേരം അവർ മിണ്ടാതിരുന്ന് ഭക്ഷണം കഴിച്ചു. നൂർജഹാന്റെ ചിക്കൻ കറിയും മീനാക്ഷി കൊണ്ടുവന്ന പഴപ്പുളിശ്ശേരിയും പങ്കുവെക്കുമ്പോൾ മീനാക്ഷിക്കറിയാം ഇതത്ര ശരിയല്ലെന്ന്. കൂടുതലാളുകളുള്ളപ്പോൾ അതറിയില്ല. രണ്ടുപേർ മാത്രമുള്ളപ്പോൾ ഈ പങ്കുവെയ്ക്കലിന്റെ അസമത്വം മുഴച്ചു നിൽക്കുന്നു. നൂർജഹാൻ പറഞ്ഞു. 'ഇങ്ങിന്യാണ് ലോകത്ത് അസമത്വം തൊടങ്ങണത്.'

'സാരല്യ, നാളെ ഞാൻ മീൻ പൊരിച്ചത് കൊണ്ടരാം.' മീനാക്ഷി ചിരിച്ചുകൊണ്ടു പറഞ്ഞു.

'മീനാക്ഷിച്ചേച്ചിടെ വീടെവിട്യാ?'

എല്ലാവരും ഒത്തുകൂടുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ ആർക്കും ആരുടേയും വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും അറിയില്ല.

'പുത്തൂര്....'

'ഫ്‌ളാറ്റാണോ?'

'അല്ല ഒറ്റവീടാണ്. മനോഹരമായ വീട്. ചുറ്റും മരങ്ങൾ, കിളികൾ. രാവിലെ എഴുന്നേറ്റാൽ നമ്മളെ തഴുകുന്ന ഇളംകാറ്റ്.'

'എന്നെ അസൂയപ്പെടുത്താംന്നൊന്നു വിചാരിക്കണ്ട. ഞാൻ താമസിക്കണടത്തും മരങ്ങളും കിളികളും ഒക്കെണ്ട്.' നൂർജഹാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'പിന്നെ കൊരങ്ങന്റെ സൊഭാവള്ള രണ്ട് മക്കളുംണ്ട്. പോരെ? അവരേതു സമയും മരത്തിമ്മലാ.'

പെട്ടെന്ന് എന്തോ ഓർത്ത് മീനാക്ഷി ഇരുന്നു.

'എന്താ മീനാക്ഷിച്ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കണേ?'

'ഞാനൊരു കാര്യം ആലോചിക്ക്യായിരുന്നു' മീനാക്ഷി പറഞ്ഞു. 'ഞങ്ങടെ വീട് ഒരു ഉപ്പ സ്വന്തം മോൾക്ക് വേണ്ടിണ്ടാക്ക്യേതായിരുന്നൂന്ന് കേട്ടിട്ട്ണ്ട്. വീടിന്റെ പേര്തന്നെ ഉമ്മുക്കുൽസുന്നാണ്?'

'ഉമ്മുക്കുൽസൂന്നോ?' തെല്ലതിശയത്തോടെ നൂർജഹാൻ ചോദിച്ചു. 'ഉപ്പാന്റെ പേരറിയോ?'

'അറീല്ല്യ. അങ്ങേര് കൊറേ കഷ്ടപ്പെട്ടിട്ട്ണ്ടാക്കീതാത്രെ ആ വീട്. പിന്നെ എന്തിനാത് വിറ്റത് ന്നറിയില്ല.'

'മീനാക്ഷിച്ചേച്ചി താമസിക്കണത് പുത്തൂര്, വീടിന്റെ പേര് ഉമ്മുക്കുൽസു.'

'എന്തേ?'

'നിങ്ങക്ക് കാണണോ ആ ഉപ്പാനെ?'

'കാണണംന്ന്ണ്ട്. ഞാനിതുവരെ കണ്ടിട്ടില്ല.'

'അവര് താമസിക്കണത് ഞങ്ങടെ വീട്ടീന്റട്ത്താണ്. അട്ത്ത പറമ്പില്.'

'അത്യോ?'

'നല്ല കൂട്ടരാണ്. ഈ വീട് നല്ല ഇഷ്ടൊക്കെത്തന്ന്യായിരുന്നു. പക്ഷെ മോള് കല്യാണം കഴിഞ്ഞപ്പൊ കെട്ട്യോന്റെകൂടെ കോയമ്പത്തൂരില് പോയി. അവിടെ ഓള്ക്ക് ഒരു സ്‌കൂളില് ജോലിംണ്ട്. അതോടെ അവിടെ സ്ഥിരതാമസാക്കി. അപ്പൊ വിറ്റതാ. ഉപ്പാന് ഒരു സമ്മതുംല്യായിരുന്നു. പാവം വെയിലത്തും മഴേത്തും നിന്ന് ഓരോ ഇഷ്ടിക വെയ്ക്കണതും നോക്കിണ്ടാക്കീതാ.'

'പാവം ഉപ്പ.' മീനാക്ഷിക്ക് ആ വൃദ്ധനെ ഓർത്ത് സങ്കടം വന്നു. 'എത്ര വയസ്സായി ഉമ്മുക്കുൽസൂന്റെ ഉപ്പയ്ക്ക്?'

'എമ്പത്തിരണ്ട്. ഉമ്മാക്ക് അറുപത്തഞ്ചും. ഉപ്പ ഒറ്റ പ്രാവശ്യേ നിക്കാഹ് കഴിച്ചിട്ടുള്ളൂ. ഉമ്മാന്റെ പതിനാലാം വയസ്സിലാ നിക്കാഹ് കഴിഞ്ഞത്. നല്ല മൊഞ്ചത്തിപ്പെണ്ണായിരുന്നൂത്രേ, ഉമ്മ.'

മീനാക്ഷി ചിരിച്ചു. 'അപ്പൊ ലൗ മാരേജായിരുന്നു അല്ലെ?'

'ഏയ്, കണ്ടിട്ട് പെരുത്തിഷ്ടായി, ചെന്നു കെട്ടി, അത്ര്യന്നെ.'

'എന്തായാലും എനിക്കാ ഉപ്പാനെ ഒന്ന് കാണണം.'

'ഈ ശന്യാഴ്ച കൊണ്ടോവാം. ചേച്ചി കാറെട്ത്ത് വന്നാമതി, ജയേട്ടന് കാറ് ആവശ്യല്ലെങ്കില്. അല്ലെങ്കി ബസ്സീ പോവാം. അര മണിക്കൂറ് ബസ്സിലിരിക്കണം.'

'എനിക്ക് ബസ്സിൽ പോവാനിഷ്ടാ. നോക്കട്ടെ കാറ് കിട്ട്വെങ്കീ കൊണ്ടരാം. ന്ന്ട്ട് നമുക്കിവിട്ന്ന് നേരിട്ട് പോവാം.' ഒരു നിമിഷം ആലോചിച്ച ശേഷം മീനാക്ഷി തുടർന്നു. 'പിന്നെ, ആ ഉപ്പാന് ഇപ്പൊ വീട് കാണണംന്ന്ണ്ടാവില്ലേ?'

'ണ്ടാവും, ഇങ്ങള് സമ്മതിക്ക്യോ? അത്‌പ്പൊ ഇങ്ങടെ ബീടല്ലെ?'

'എന്താ സമ്മതിക്കാതെ?'

വാർത്ത ജയകൃഷ്ണനിൽ വലിയ അദ്ഭുതമൊന്നുമുണ്ടാക്കിയില്ല. അങ്ങിനെയൊരു മനുഷ്യൻ നമ്മുടെയിടയിലൊക്കെ താമസിക്കുന്നുണ്ടാവുമെന്നയാൾക്കറിയാമായിരുന്നു. അയാൾ പറഞ്ഞു.

'അങ്ങേര്ക്ക് ഈ വീട് കാണണംന്ന് പറഞ്ഞാലോ?'

'അപ്പൊ നമ്ക്ക് കൊണ്ടന്ന് കാണിക്കണം. അല്ലാണ്ടെന്താ?'

'അവർക്കിപ്പൊ വീട് കണ്ടാ നല്ല ഇഷ്ടാവും. നമ്മള് കൊറെക്കൂടി നന്നാക്കിയെടുത്തിട്ട്ണ്ടല്ലൊ. ഉള്ളില് അലമാറികളൊക്കണ്ടാക്കീട്ട്ണ്ട്. പുതുതായി പെയ്ന്റ് ചെയ്തിട്ട്ണ്ട്. മുറ്റത്ത് ഒരു ചെറിയ ആമ്പൽക്കുളംണ്ടാക്കീട്ട്ണ്ട്. അതില് മീനുകള്. ഇതൊക്കെ കണ്ട് ഈ വീട് അവർക്ക്തന്നെ തിരിച്ച് വേണംന്ന് പറഞ്ഞാലോ?'

'കൊടുക്കണം.' മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു. 'ആ കാരണവര് വളരെ കഷ്ടപ്പെട്ടുണ്ടാക്കീതല്ലേ?'

'നീ ആള് കൊള്ളാലോ!'

മീനാക്ഷി ഗെയ്റ്റിന്റെ തൂണിലെഴുതിയ പേര് ജയകൃഷ്ണന് കാണിച്ചുകൊടുത്തു.

'ഓർമ്മണ്ടോ, നമ്മള് ഈ വീട് വാങ്ങ്യ സമയത്ത് ഈ പേര് മാറ്റണംന്ന് ജയേട്ടൻ പറഞ്ഞില്ലേ?'

ജയകൃഷ്ണൻ തലയാട്ടി.

'എന്തൊക്ക്യോ നിമിത്തങ്ങള്ണ്ട്. നമ്മളന്നീ വീടിന്റെ പേര് മാറ്റീല്യ. ഇപ്പൊ ഈ പേരിന്റെ ഒടമസ്ഥ കോയമ്പത്തൂരില്ണ്ട്. ഉപ്പേം ഉമ്മേം പാലക്കാട്ടുതന്നെ. ഇതുവരെ കണ്ടിട്ടില്ലാത്ത അവരെ ഞാൻ ആദ്യായിട്ട് കാണാൻ പോണു.'

'അപ്പൊ നീയവരെ കാണാൻ തീർച്ച്യാക്ക്യോ?'

'ങും, നൂർജഹാൻ കൊണ്ടോവാംന്ന് പറഞ്ഞിട്ട്ണ്ട്. ഒരു ദിവസം പോവും, കാണും, കൂട്ടിക്കൊണ്ടരും. അവര് വന്ന് കണ്ടാൽ കൊത്യാവും.'

അയാൾ മീനാക്ഷിക്ക് വട്ടാണെന്ന് വിരൽ ചുഴറ്റി ആംഗ്യം കാണിച്ചു.

പിറ്റേന്ന് ഉച്ചഭക്ഷണസമയത്ത് നൂർജഹാൻ ഇരുന്നത് മീനാക്ഷിയുടെ അടുത്തായിരുന്നു. അവൾ ചെവിയിൽ ചോദിച്ചു.

'എവിടെ മീൻ പൊരിച്ചത്?'

'അയ്യോ, ഞാൻ കരുതി നൂർജഹാനത് മറന്നിട്ടുണ്ടാവുംന്ന്? അപ്പൊ രക്ഷപ്പെടാൻ പറഞ്ഞതല്ലെ.'

'പിന്നെ ഒരു കാര്യം.' അവൾ സ്വരം താഴ്ത്തി പറഞ്ഞു. 'ഞാൻ ആ ഉപ്പാനോടും ഉമ്മാനോടും പറഞ്ഞിക്ക്ണ് ഇങ്ങടെ കാര്യം. ന്റെ റബ്ബേ, ഉപ്പാനെ കാണണ്ടതന്ന്യാ. എന്താ സന്തോഷം.'

'അത്യോ?'

'അല്ലാ പിന്നെ? അപ്പ ഉമ്മ പറയ്യാണ് ഉപ്പ എടക്കെടക്ക് പറയാറ്ണ്ട്ന്ന്, ഇങ്ങടെ ബീട് കാണാൻ വരണംന്ന്. അപ്പ ഉമ്മ പറീം, ഒന്ന് മുണ്ടാണ്ടിരിക്കീൻ, വിറ്റ പെര ഇങ്ങനെ പോയിനോക്ക്യാ ഓല്ക്ക് ബെസമാവില്ലേ? അപ്പ പാവം മിണ്ടാണ്ട്യാവും ഉപ്പ.'

'പാവം.'

'ഞാൻ പറഞ്ഞി, ഉപ്പായ്ക്ക് ബേണങ്കി ഞാങ്കാണിച്ച് തരാംന്ന്. ബല്ല്യേ സന്തോഷായേട്ക്ക്ണ്.'

നൂർജഹാന്റെ വീട് കണ്ടപ്പോൾ മീനാക്ഷിക്ക് അദ്ഭുതമായി. ഏകദേശം തന്റെ വീടു മാതിരിതന്നെയുണ്ട്. സ്വീകരണമുറിയുടെ കമാനം കടന്നാൽ ഊൺമുറി, വലത്തുവശത്ത് കിടപ്പറയിലേയ്ക്കുള്ള വാതിലുകൾ........

'ഈ വീട് ഉമ്മുക്കുൽസൂന്റെ ഉപ്പയാണോ ഡിസൈൻ ചെയ്തിരിക്കണത്?' മീനാക്ഷി ചോദിച്ചു.

നൂർജഹാൻ ചിരിച്ചു. 'ന്റെ റബ്ബേ, നിങ്ങക്കത് തിരിഞ്ഞാ? ഞാനേയ് കുൽസുത്താടെ വീട് കണ്ടപ്പൊ അതേമാതിരിണ്ടാക്കാംന്ന് വിചാരിച്ചു. അതേ കോൺട്രാക്ട്രറാണ് ഈ വീടുംണ്ടാക്കീത്.'

'അതു ശരി. പിന്നെ എനിക്ക് നൂർജഹാന്റെ ഭാഷ നല്ല ഇഷ്ടാണ്. ബി.എ. പാസ്സായിട്ടും നിങ്ങടെ മലബാർ സംസാരംതന്നെ ഇപ്പഴും. എനിക്കത് കേൾക്കാൻ ഇഷ്ടാ.'

'അതേയ്, എനിക്ക് കോളേജില് കൂട്ടുണ്ടായിരുന്നോരും രണ്ട് ഉമ്മക്കുട്ടികളായിരുന്നു. ഞങ്ങടെ ഭാഷ കേട്ട് മറ്റുള്ളോരും അതേപോലെ പറയാറ്ണ്ട്.'

'നൂർജഹാന്റെ അബൂക്കാ എപ്പഴാ വര്വാ? മക്കളെവിടെ?'

'മൂപ്പര് വരാൻ ഏഴെട്ട് മണ്യാവും. മക്കള് അട്ത്ത വീട്ടീ കളിക്കാൻ പോയതാ.'

'ഏതാ ഉമ്മുക്കുൽസൂന്റെ ഉപ്പേടെ വീട്?'

'ഇതിന്റെ പിന്നീത്തന്നെ. ബാ നമുക്ക് പോവാം. ഉപ്പാക്ക് കണ്ണ് കാണാനിത്തിരി വെഷമണ്ട്. അത് മാത്രേ കൊഴപ്പള്ളു.'

പഴയതാണെങ്കിലും വലിയ വീട്. കറുത്ത സിമന്റിട്ട നിലം കിടന്നുറങ്ങാൻ പറ്റിയതരം വീതിയുള്ള ഇരുത്തികൾ. ഉമ്മറത്ത് ഒരു ചാരുകസേലയിൽ വൃദ്ധനിരിക്കുന്നു. നിറയെ നരച്ച താടിയും മുടിയും. ചുളിഞ്ഞ കഴുത്തും മുഖവും. ഐശ്വര്യമുള്ള മുഖം.

'ഉപ്പാ ഞങ്ങള് ബര്ണ്ണ്ട്‌ട്ടോ.' നൂർജഹാൻ പടിക്കൽനിന്നുതന്നെ വിളിച്ചു പറഞ്ഞു. ഉപ്പ ചിരിച്ചുകൊണ്ട് നിവർന്നിരുന്നു.

'ബരീൻ, ബരീൻ.' തിരിഞ്ഞ് അകത്തേയ്ക്ക് നോക്കി വിളിച്ചു. 'അയിശേ, ഇങ്ങ് ബാ, ഇതാ ആ കുട്ടി ബന്നിട്ടിണ്ട്.'

'മക്കളിരിക്കീ.' ഇടത്തുവശത്തുള്ള ഇരുത്തി ചൂണ്ടിക്കാട്ടി ഉപ്പ പറഞ്ഞു. 'മോളെ നീയിക്കുട്ടിയ്ക്ക് ചായണ്ടാക്കിക്കൊണ്ടാ.'

നൂർജഹാൻ അകത്തേയ്ക്കു പോയി. വാതിൽ കടന്ന് ഉമ്മ പുറത്തേയ്ക്കു വന്നു. നല്ല സുന്ദരിയായ ഐശ്വര്യമുള്ള സ്ത്രീ. കാതിൽ വലുപ്പമുള്ള സ്വർണ്ണവളയം കിടന്നാടുന്നു. കഴുത്തിൽ കട്ടികൂടിയ ഒരു മാല. സാരിയാണ് വേഷം. മീനാക്ഷി എഴുന്നേറ്റു.

'ഇരിക്ക് മോളെ.....' അവർ അവളുടെ കൈപിടിച്ച് ഇരുത്തി, അടുത്തുതന്നെ ഇരിക്കുകയും ചെയ്തു. അപ്പോഴും മീനാക്ഷിയുടെ വലത്തുകൈ അവർ മൃദുവായി പിടിച്ചിരുന്നു.

'ന്നാലും മോക്ക് ഉപ്പാനെ ഒന്ന് ബന്ന് കാണാൻ തോന്നീലോ?' ഉമ്മ പറഞ്ഞു.

ആ വൃദ്ധൻ അവളെ നോക്കി പഠിക്കുകയായിരുന്നു. ആ മനുഷ്യന്റെ നോട്ടത്തിൽനിന്ന് മീനാക്ഷിയ്ക്കു മനസ്സിലായി കാര്യമായിട്ടൊന്നും കാണുന്നില്ലെന്ന്. കുറച്ചു നേരം തിരിഞ്ഞ് മുറ്റത്തേയ്ക്ക് നോക്കി ആലോചനയിലായിരുന്ന അദ്ദേഹം വീണ്ടും അവളെ നോക്കിക്കൊണ്ട് ചോദിച്ചു.

'എന്താ മോടെ പേര്?'

'മീനാക്ഷി.'

'മോക്ക് ആ ബീട് ഇഷ്ടായി അല്ലെ?'

'എന്താ ഇഷ്ടാവാതെ ഉപ്പാ? നല്ല വീടല്ലെ? ഞാൻ ജയേട്ടനോട് എപ്പഴും പറയാറ്ണ്ട്, എന്തിനാണാവോ അവര് ഈ വീട് വിറ്റത്ന്ന്.'

'ഉപ്പ അവളെ നോക്കി. ശര്യാ മോളെ. ഞാനത് ന്റെ കുൽസൂന് വേണ്ടിണ്ടാക്കീതാ. ഓള് പക്ഷെ പറഞ്ഞു, ഉപ്പാ ഞങ്ങളതില് താമസിക്കാൻ പോണില്ല. പിന്നെ വെറ്‌തെ എന്തിനാ ഇട്ടിരിക്കണ്. അതങ്ങട് കൊടുത്തോളീന്ന്. ഓല്ക്ക് കോയമ്പത്തൂരില് നല്ല സ്ഥലം കിട്ടീട്ട്ണ്ട്, ഒരേക്കറ് പറമ്പും നല്ലൊരു പെരീം ആയിട്ട്. അപ്പ ഞാനതങ്ങട് ബിറ്റ്. ഒന്നരക്കൊല്ലം മോളെ ഞാനവ്‌ടെത്തന്ന്യായിരുന്നു പകലൊക്കെ, പണിക്കാര് ജോലിയെട്ക്കണതും നോക്കീട്ട്.'

'അത് സാരല്യ ഉപ്പാ, ഉമ്മുക്കുൽസൂനെപ്പോലത്തെ വേറൊരു മോളാണതില് താമസിക്കണത്ന്ന വിചാരിച്ചാ മതി.'

വൃദ്ധനത് ഉള്ളിലെവിടെയോ കൊണ്ടു. അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. മുഖം തിരിച്ച് തോളത്തിട്ട് തോർത്തുമുണ്ടിൽ കണ്ണു തുടച്ചുകൊണ്ട് സാവധാനത്തിൽ പറഞ്ഞു.

'ശര്യാ മോള് പറഞ്ഞത്. കുട്ടീം ന്റെ മോളെപ്പോലെതന്നെ. എല്ലാരും പടച്ചോന്റെ മക്കള്. നന്നായി വരട്ടെ.'

നൂർജഹാൻ രണ്ടു കപ്പ് കാപ്പിയുമായി വന്ന് മീനാക്ഷിയുടെ അടുത്തിരുന്ന് കപ്പ് നീട്ടിക്കൊണ്ട് പറഞ്ഞു.

'കുടിച്ചോളീ....'

സ്വന്തം വീടുപോലെ അവൾക്ക് ആ വീട്ടിലുണ്ടായിരുന്ന സ്വാതന്ത്ര്യം കണ്ട് മീനാക്ഷി ചിരിച്ചു. 'നീ വേണംച്ചിട്ട് നിന്റെ മലബാറ് ഭാഷ പറഞ്ഞതാല്ലെ?' അവൾ കപ്പ് വാങ്ങി. 'ഉപ്പാന് കാപ്പി ഇല്ലേ?'

'ഉപ്പ കാപ്പീം ചായേം ഒന്നും കുടിക്കൂല.' ഉമ്മ പറഞ്ഞു. വെറും കരിങ്ങാലി ഇട്ട് തെളപ്പിച്ച ബെള്ളം മാത്രം.'

ആ മനുഷ്യൻ എന്തായിരിക്കും ആലോചിക്കുന്നുണ്ടാവുക? മീനാക്ഷി ആലോചിച്ചു. അവൾക്ക് ആ മനുഷ്യന്റെ മനസ്സിനുള്ളിലേയ്ക്ക് കടന്നുചെല്ലാനാഗ്രഹമുണ്ടായി. കഷ്ടപ്പെട്ടുണ്ടാക്കി നഷ്ടപ്പെട്ട വീടിനെപ്പറ്റിയായിരിക്കണം. തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടത്തെപ്പറ്റിയായിരിക്കണം.

'ഉപ്പാന് ആ വീട് കാണണോ?' മീനാക്ഷി ചോദിച്ചു.

അദ്ദേഹം പെട്ടെന്ന് തിരിഞ്ഞുനോക്കി. ആ മുഖത്ത് എന്തൊക്കെയോ ഭാവവ്യത്യാസങ്ങൾ. എല്ലാറ്റിന്റെയും അർത്ഥം ഒന്നുതന്നെയായിരുന്നു. വേണം, കാണണമെന്നുണ്ട്.

'കാണണംന്നൊക്കെണ്ട് മോളെ. പക്കെങ്കില് നിങ്ങക്കത് ബെസമാവില്ലെ?'

'ഞങ്ങക്കെന്ത് വെഷമം? ഉപ്പേം ഉമ്മേം വര്ന്നതില് സന്തോഷേള്ളു.'

വൃദ്ധൻ സാവധാനത്തിൽ എഴുന്നേറ്റു, വളരെ സാവധാനത്തിൽ നടന്ന് അവളുടെ അടുത്തെത്തി. അവളുടെ തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു. 'പടച്ചോന്റെ കൃപണ്ടാവട്ടെ.'

അദ്ദേഹം നൂർജഹാന്റെ സഹായത്തോടെ തിരിഞ്ഞ് നടന്നത് അകത്തേയ്ക്കായിരുന്നു. പോകുമ്പോൾ തോളത്തിട്ട തോർത്തുമുണ്ടുകൊണ്ട് കണ്ണു തുടക്കുകയാണ്.

'ഉപ്പാക്ക് മോള് പറഞ്ഞത് നല്ല ഇഷ്ടായിരിക്ക്ണ്.' ഉമ്മ പറഞ്ഞു.

'ഞാൻ ശരിക്കും പറഞ്ഞതാ. ഞങ്ങക്കൊരു വെഷമുംല്യ. സന്തോഷാണേനും. ഞാൻ വന്ന് ഉപ്പാനേം ഉമ്മാനേം കൂട്ടിക്കൊണ്ടു പോവാം. നൂർജഹാനേം കൂട്ടാം.'

'നോക്കട്ടെ മോളെ, ഉപ്പ എന്തു പറേണൂന്ന്. മോള് വര്വൊന്നും വേണ്ട. ഞങ്ങളവ്‌ടെ എത്താം.'

രാത്രി കിടക്കുമ്പോൾ അന്നത്തെ യാത്രയെപ്പറ്റി മീനാക്ഷി പറഞ്ഞപ്പോൾ ജയകൃഷ്ണൻ തലയിൽ കൈവച്ചു.

'ദൈവമേ, ഇനി അവരിവിടെത്ത്വോ?'

'എത്തുംട്ടോ, ഞാനങ്ങന്യാണവരോട് പറഞ്ഞിട്ട്ള്ളത്. ഞാൻ ചെന്ന് കൂട്ടിക്കൊണ്ടരാംന്ന് പറഞ്ഞു. അപ്പൊ അവര് പറഞ്ഞു, അവരിവിടെ എത്തിക്കൊള്ളാംന്ന്.'

'സാരല്യ, വരട്ടെ. നിന്റെ മനസ്സിലെന്താന്നോ? നീ ഈ വീട് ഭംഗിയാക്കിവച്ചത് അവര് കാണട്ടേന്നാണ്. അതോണ്ട് അവർക്ക് സന്തോഷംണ്ടാവും, ശര്യാണ്, ഒപ്പംതന്നെ വെഷമും. നല്ലൊരു സാധനം കൈവിട്ടുപോയാൽ നമുക്കൊക്കെണ്ടാവില്ലേ ഒരു വിഷമം. അതുപോലെ.'

അതൊന്നും അല്ല കാര്യം. മീനാക്ഷി ആലോചിച്ചു. ജയേട്ടന് തന്റെ മനസ്സിലെന്താണെന്ന് മനസ്സിലായില്ലെന്ന് അവൾക്കു തോന്നി. ഒരു പക്ഷെ ആ വൃദ്ധനെ കണ്ടാൽ മനസ്സിലാവും.

ഞായറാഴ്ച രാവിലെത്തന്നെ ആ കുടുംബം എത്തി. എങ്ങിനെ ഈ മനുഷ്യൻ രണ്ടു ദിവസം ക്ഷമയോടെ കാത്തിരുന്നുവെന്ന് അവൾ അദ്ഭുതപ്പെട്ടു.

അവർ കാറിൽ നിന്നിറങ്ങി ഗെയ്റ്റിനു പുറത്തു നിൽക്കുകയാണ്. അബുക്കാ കാർ പാർക്കു ചെയ്യുന്നു. ഉമ്മുക്കുൽസുവിന്റെ ഉപ്പയും ഉമ്മയും നൂർജഹാനും എന്തോ നോക്കിനിൽക്കുകയാണ്. ഗെയ്റ്റിനു പുറത്തെത്തിയപ്പോഴാണ് മീനാക്ഷി അടുത്തു ചെന്നത്.

'എന്താ ഉമ്മേം നൂർജഹാനുംകൂടി അവിടെ സ്വകാര്യം?'

'മോളെ, ഇങ്ങള് ബീടീന്റെ പേര് മാറ്റീട്ടില്ലാ അല്ലെ ഇതുവരെ?' തിരിഞ്ഞ് ഉപ്പയോട് പറഞ്ഞു. 'അല്ലാ ഇങ്ങളിത് കണ്ടാ, ഇബര് ബീടിന്റെ പേര് മാറ്റീട്ടില്ല. ഇപ്പഴും ഉമ്മുക്കുൽസുന്നന്ന്യാണ്.'

വൃദ്ധൻ അവരുടെ അടുത്തു ചെന്നു തൂണിലെ മാർബ്ൾ പലക തൊട്ടുനോക്കി, പിന്നെ പതുക്കെ അതിനു വേദനിക്കാത്ത വിധത്തിൽ തലോടാൻ തുടങ്ങി.'

മീനാക്ഷി ആ മനുഷ്യന്റെ അടുത്തു ചെന്നു. സ്വന്തം മകളുടെ മിനുസമായ കവിളിൽ തലോടുംപോലെ അദ്ദേഹം ആ പലക അപ്പോഴും തലോടുകയായിരുന്നു.

'ഉപ്പാ, അകത്തേയ്ക്ക് വരു.'

'മോള് ഈ ബീടിന്റെ പേര് മാറ്റീട്ടില്ല അല്ലെ?' മീനാക്ഷിയെ നോക്കിക്കൊണ്ട് അതു പറയുമ്പോൾ കാഴ്ച നശിച്ച ആ കണ്ണുകൾ ആർദ്രമായി.

'എന്തിനാ അത് മാറ്റണത് ഉപ്പാ. നല്ല പേരല്ലെ? അത് കാണുമ്പോ തട്ടനും കൊലുസും ഇട്ട ഒരു സുന്ദരി ഉമ്മക്കുട്ട്യെ കാണുംപോലെണ്ട്. എനിക്കാ പേര് ഇഷ്ടാ.'

എല്ലാവരും ചിരിക്കുകയാണ്. ജയകൃഷ്ണൻ പറഞ്ഞു. 'ഇവിടങ്ങനെ നിക്കണ്ട. അകത്തേക്കു പോവാം.'

അകത്തേയ്ക്കു പോവാൻ ആരും ധൃതി കാണിച്ചില്ല. മുറ്റത്തുണ്ടാക്കിയ ആമ്പൽ പൊയ്ക ഉമ്മ അപ്പേഴാണ് കാണുന്നത്.

'അല്ലാ, ഇങ്ങട്ടോക്കിൻ. ഇവര് മിറ്റത്ത് ആമ്പല് വളർത്തുണു. ഇതാ, അതില് മീന്കളുംണ്ട്. ഇങ്ങക്കത് കാണാൻ കയ്യൂലാ.'

അവർ ഭർത്താവിന്റെ കൈ പിടിച്ച് ആമ്പൽപൊയ്കയുടെ അടുത്തേയ്ക്ക് നയിച്ചു. ആ മനുഷ്യൻ അതിനു മുമ്പിൽ നോക്കിനിന്നു.

'മൂപ്പർക്ക് നേരീതായിട്ട് കാണാൻ പറ്റും. അതില്ള്ള മീനൊന്നും കാണാൻ പറ്റൂല.'

വീട്ടിനുള്ളിൽ ആ മനുഷ്യൻ ഇരുന്നില്ല.

'ഉപ്പ നോക്കു, ഞങ്ങള് വീട് കേടുവരുത്തീട്ടൊന്നുംല്യ.'

'കേട് ബര്‌ത്ത്വേ?' ഉമ്മ പറഞ്ഞു. 'പെര്ത്ത് നന്നാക്കിബെച്ചിക്ക്ണ്.'

ഉപ്പ നടന്ന് കമാനത്തിന്റെ ഒരു വശത്തുള്ള തൂൺ തൊട്ട് നോക്കുകയായിരുന്നു. പതുക്കെ അതു തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

'നിങ്ങള് ബീടൊക്കെ നന്നാക്കി ബെച്ചിട്ട്ണ്ട്. ഞാൻ ന്റെ രണ്ട് പെൺമക്കൾക്കും ഒരേപോലെണ്ടാക്കീതാ. ഉമ്മുകുൽസൂനും നൂർജഹാനും. ഇനിള്ളത് രണ്ടാൺകുട്ട്യോളാണ്, ജലീലും ജമാലും, രണ്ടുപേരും ഗൾഫിലാ. ഓല് ജോലി ചെയ്ത് സൊന്തംണ്ടാക്കട്ടെ.'

'അപ്പൊ ഉപ്പാന്റെ രണ്ടാമത്തെ മോളടെ പേര് നൂർജഹാൻന്ന്തന്ന്യാണോ?'

പറഞ്ഞ ഉടനെ മീനാക്ഷിക്കു മനസ്സിലായി അതിലെ വിഡ്ഢിത്തം. നൂർജഹാൻ വായുംപൊത്തി ചിരിക്കുകയായിരുന്നു. ഉപ്പയും ഉമ്മയും മനസ്സിലാവാതെ നോക്കിനിൽക്കുകയാണ്. അബൂക്കായ്ക്ക് ഭാര്യയുടെ കുസൃതിയെപ്പറ്റി നേരത്തേ അറിയാമായിരുന്നു.

മീനാക്ഷി ചിരിച്ചുകൊണ്ട് നൂർജഹാനോട് പറഞ്ഞു.

'നിനക്ക് ഞാൻ വെച്ചിട്ട്ണ്ട്.'

ജയകൃഷ്ണൻ ചിരിക്കുകയാണ്.

കലാകൗമുദി ഓണപ്പതിപ്പ് - 2014