തുള്ളിക്കൊരു കുടം


ഇ ഹരികുമാര്‍

'ഇന്നലെ ഞാൻ മഴയത്താ കുളിച്ചത്.' സുനിൽ പറഞ്ഞു. കുറച്ചുറക്കെയായി പറഞ്ഞതെന്നു തോന്നുന്നു, പെട്ടെന്ന് ക്ലാസ്സ് നിശ്ശബ്ദമായി. പുറത്ത് മഴയുടെ ആരവം. ഇടിവെട്ടിലേയ്‌ക്കെത്താത്ത അടക്കിപ്പിടിച്ച മുരൾച്ച. ഇടവപ്പാതിയുടെ തുടക്കത്തിലുള്ള കുതിപ്പാണ്. കുട്ടികളുടെ മുഖത്തുണ്ടായ ഭാവങ്ങൾ അവനെ അദ്ഭുതപ്പെടുത്തി. അത്രമാത്രം ഞാൻ എന്താണ് പറഞ്ഞത്. ഇന്നലെ വൈകുന്നേരം കുളിക്കാൻ കിണറ്റിൽനിന്ന് വെള്ളം കോരുകയായിരുന്നു. ഒരു ബക്കറ്റ് വെള്ളം കോരി മേലൊഴിച്ചു. സോപ്പു തേക്കാൻ തുടങ്ങി. അപ്പോഴാണ് മഴ തുടങ്ങിയത്. മഴകൊണ്ട് കുളിക്കാൻ നല്ല രസമുണ്ടാവും. അത്ര മാത്രമേ സുനിൽ കരുതിയുള്ളു. കിണറ്റിൽനിന്ന് വീണ്ടും വെള്ളം കോരാൻ നോക്കുമ്പോഴാണ് മഴ പെട്ടെന്നു കനത്തത്, തുള്ളിക്കൊരു കുടം എന്ന പോലെ. അതോർത്തുകൊണ്ട് അവൻ പറഞ്ഞു.

'എന്തൊരു രസായിരുന്നു. പിന്നെ കിണറ്റീന്ന് വെള്ളം കോരേണ്ടി വന്നേ ഇല്ല്യ.'

പെട്ടെന്ന് നിശ്ശബ്ദത കനത്തു. അതവന്റെ ചുമലുകളിൽ തൂങ്ങിക്കിടന്ന് അവനെ വേദനിപ്പിച്ചു. ഞാനെന്തിനാണതു പറഞ്ഞത്? സ്‌കൂൾ തുറന്ന് ഒരാഴ്ചയായിട്ടേയുള്ളു. ക്ലാസ്സിലുള്ളവരെ ആരെയും നന്നായി പരിചയപ്പെടുവാനുള്ള അവസരം കിട്ടിയിട്ടില്ല. എല്ലാ കണ്ണുകളും അവന്റെ മുഖത്താണ്. പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞപോലെ അവൻ ഉൾവലിഞ്ഞു. അതിനിടയ്ക്ക് സുജനപാലൻ ഉറക്കെ പറഞ്ഞു.

'അതിലെന്താത്ര പറയാന്ള്ളത്? ഞാൻ എന്നും മഴയത്താണ് കുളിക്കാറ്.'

ഏഴാം ക്ലാസ്സിന്റെ കണ്ണുകൾ ലക്ഷ്യം മാറി സുജനപാലന്റെ മേൽ പതിഞ്ഞു. ഒരര മിനുറ്റിന്റെ നിശ്ശബ്ദതയ്ക്കു ശേഷം മാലിനി ഉറക്കെ ചോദിച്ചു.

'സുജനൻ നൊണ പറയ്യാണ്. എന്നും മഴണ്ടാവ്വോ? അപ്പൊപ്പിന്നെ എങ്ങിന്യാ എന്നും മഴേത്താ കുളിക്കണത്ന്ന് പറേണത്.'

'ന്റെ വീട്ടില് എല്ലാ മുറീലും അറ്റാച്ച്ഡ് ബാത്ത്‌റൂമ്ണ്ട്. താഴത്ത് മൂന്നെണ്ണം മോളില് രണ്ടെണ്ണം. ഈ അഞ്ചെണ്ണത്തിലും ഷവറ്ണ്ട്. അതാ ഞാൻ പറഞ്ഞത് ഞാൻ എന്നും മഴേത്താ കുളിക്കണത്ന്ന്.'

'ഓ, ഷവറിലല്ലെ?' മാലിനി ചോദിച്ചു.

അതിലെന്താണ് ഇത്ര വലിയ കാര്യമെന്ന സ്വരം സുജനപാലന് ഇഷ്ടമായില്ല. അവൻ ചോദിച്ചു.

'എന്താ വ്യത്യാസം?'

'ശര്യാണ്..........' മാലിനി പറഞ്ഞു. 'ന്റെ വീട്ടിലും എല്ലാ കുളിമുറീലും ഷവറ്ണ്ട്. ഇത്‌പ്പൊത്ര പറയാൻ മാത്രം എന്താള്ളത്. അങ്ങിന്യാണെങ്കിൽ ഞാനും എന്നും മഴേത്തന്യാ കുളിക്കണത്.'

മഴയത്ത് കുളിക്കുന്നവരുടെ എണ്ണം കൂടിവന്നു, കാരണം ഏഴാം ക്ലാസ്സ് ബി ഡിവിഷനിൽ പഠിക്കുന്ന മുപ്പത്തെട്ടു പേരുടെ വീട്ടിലും ഷവറുണ്ട്. എല്ലാവരുടെ വീട്ടിലും, സുനിലിന്റെ വീട്ടിലൊഴികെ. അവൻ ഇരിക്കുന്നിടത്ത് ആകെ ചെറുതായി വന്നു. കോരിച്ചൊരിയുന്ന മഴയുടെ ഇരമ്പം അവനെ സന്തോഷിപ്പിച്ചില്ല. മിന്നലിന്റെ തിളക്കം എത്താത്തവിധം അവന്റെ മനസ്സിൽ ഇരുട്ടായിരുന്നു. ഒരു പിരീയഡുകൂടി കഴിഞ്ഞാൽ സ്‌കൂൾ വിടും. ഒരു കുടയില്ലാതെ ഈ മഴയത്ത് എങ്ങിനെ ഇവരുടെ മുമ്പിൽക്കൂടി നനഞ്ഞു പോകും? താനിപ്പോൾ ഒരു നോട്ടപ്പുള്ളിയായിരിക്കുന്നു. മഴ കൊണ്ട് നനഞ്ഞു നടക്കാൻ അവനിഷ്ടമായിരുന്നു. വീട്ടിലെത്തിയാൽ അതിന്റെ തുടർച്ചയായി കുളിക്കുകയും ചെയ്യാം. കുളി കഴിഞ്ഞ് ട്രൗസറിടുമ്പോഴേയ്ക്ക് അമ്മ ചായയുണ്ടാക്കിയിട്ടുണ്ടാവും. ഒപ്പം എന്തെങ്കിലും തിന്നാനും. ചായ കുടിച്ചശേഷം ഉമ്മറത്തിരുന്ന് പകൽവെളിച്ചത്തിൽത്തന്നെ ഹോംവർക്ക് ചെയ്യും.

എന്തായാലും കുടയുള്ള സഹപാഠികൾ പുറപ്പെട്ടു പോയശേഷം ഇറങ്ങാം. പലരും സ്‌കൂൾ ബസ്സിലാണ് പോകുന്നത്. സ്‌കൂൾ വിട്ട് പത്തു മിനുറ്റിനുള്ളിൽ സ്‌കൂൾ കോലായയും മുറ്റവും ഒഴിഞ്ഞു. ഇനി ഇറങ്ങാം. മഴ കോരിച്ചൊരിയുകതന്നെയാണ്. പെട്ടെന്ന് തോളിൽ അമർന്ന കൈകൾ അവനെ ഭയപ്പെടുത്തി. തിരിഞ്ഞുനോക്കി, അത് അവന്റെ ക്ലാസ്സിലെ ദിലീപ് ആണ്.

'ഞാൻ പേടിച്ചുപോയി!' അവന്റെ ഹൃദയം അപ്പോഴും പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു.

'ഞാൻ കഴിഞ്ഞ ആഴ്ച എച്ച്.ബി.ഒ.വിൽ വന്ന ഒരു സിനിമേല് കണ്ടത് അനുകരിച്ചതാ. സിനിമ കണ്ടപ്പോ ഞാനും ഞെട്ടിപ്പോയി.' ദിലീപ് തോളിൽ നിന്ന് കൈയ്യെടുക്കാതെ അവന്റെ അടുത്തു നിന്നു.

'കുടയില്ല, അല്ലെ?'

'ഇല്ലാ...... അല്ല, ണ്ട്, ഞാൻ കൊണ്ടരാൻ മറന്നു.'

'കുടയില്ലാന്ന് പറയാനുള്ള ധൈര്യം കാണിക്കു. എനിയ്ക്ക് കുടണ്ട്. ഒന്നല്ല. രണ്ടെണ്ണം. പക്ഷെ എനിക്ക് മഴേത്ത് നടക്കാനാണ് ഇഷ്ടം. അതോണ്ട് കുടയെടുക്കാതെ ഇറങ്ങിയോടി. ഇനി ഞാൻ മഴ നനഞ്ഞ് ചെല്ലുന്നത് കണ്ടാൽ അമ്മയുടെ വക ശകാരങ്ങളുണ്ടാകും.'

'ദിലീപ് എവിട്യാ താമസിക്കണത്?'

'താൻ നടന്ന്‌വരണ വഴിക്ക്യാന്ന്യാണ്. താൻ മഴ നനഞ്ഞു വരണത് കണ്ടു ഞാൻ രാവിലെ. അപ്പൊ എനിക്കും ധൈര്യായി.'

'ഏതു വീടാണ്?'

'തന്റെ വീട് മൈതാനം കഴിഞ്ഞിട്ടല്ലെ?'

'അതെ.'

'അവിടുന്ന് വരുമ്പൊ ആദ്യം ഇടത്തോട്ട് തിരിയില്ല്യേ, അതു കഴിഞ്ഞാൽ വലത്തോട്ടുള്ള റോഡിൽ രണ്ടാമത്തെ വീട്. ഇടത്തു വശത്തുള്ള വലിയ ഗെയ്റ്റ്.'

'ആ മുന്ന് നെല മാളിക്യോ?'

'അതിന് മുന്ന് നെല്യൊന്നും ഇല്ല. ടെറസ്സിലൊരു മുറിണ്ട്ന്ന് മാത്രം. അവിടെ കസേലകള് ഇട്ടിരിക്ക്യാണ്. വൈകുന്നേരം ആർക്കെങ്കിലും കാറ്റു കൊള്ളണംച്ചാൽ ആ കസേര എടുത്തിട്ടാ മതീലോ?'

'വല്യേ വീടാണല്ലൊ അത്?'

'അതിലെന്തിരിക്കുന്നു. ഒരു കുടുംബത്തിനു താമസിക്കാൻ എത്ര സ്ഥലം വേണം. ഞാനും അമ്മീം അച്ഛനും അമ്മമ്മീം മാത്രം. പിന്നെ വല്ലപ്പോഴും വെക്കേഷൻ കിട്ടുമ്പോൾ വരണ ഏട്ത്തി രശ്മിയും. നീ വരുന്നോ, ഞാൻ കാണിച്ചുതരാം.'

'പിന്ന്യൊരു ദിവസം.'

'എന്തുകൊണ്ട് ഇന്നുതന്നെ ആയിക്കൂടാ?'

സുനിൽ ഒന്നും പറഞ്ഞില്ല. ശരിയ്ക്കു പറഞ്ഞാൽ ഒരു വലിയ മാളികയുടെ ഉൾഭാഗം എങ്ങിനെയുണ്ടാകുമെന്ന് കാണണമെന്നുണ്ട് അവന്. സിനിമകളിൽ കണ്ടിട്ടുണ്ട്. അതുപോലെയല്ലല്ലൊ നേരിട്ട് കാണുന്നത്. സിനിമയിൽ അതിന്റേതായ അവ്യക്തതയുണ്ടാകും, പരിമിതികളും. വിശദാംശങ്ങൾ പഠിക്കുമ്പോഴേയ്ക്ക് ഷോട്ട് മാറിയിട്ടുണ്ടാവും.

മഴ പെട്ടെന്ന് നിന്നു. അവർ രണ്ടുപേരും മുറ്റത്തേയ്ക്കിറങ്ങി. ദിലീപ് അപ്പോഴും സുനിലിന്റെ തോളത്തു കൈയ്യിട്ടാണ് നടന്നത്. സുനിലിന് അല്പം വല്ലായ തോന്നി, ഒപ്പം തന്നെ വല്ലാത്തൊരു സുരക്ഷാബോധവും.

പകുതി വഴിയെത്തിയപ്പോൾ ഓഫാക്കി നിർത്തിയ മഴ ആരോ സ്വിച്ചിട്ട പോലെ പെയ്യാൻ തുടങ്ങി. കനത്ത മഴ. നാലടി നടന്നപ്പോഴേയ്ക്ക് രണ്ടു പേരും നനഞ്ഞ് കുതിർന്നിരുന്നു.

'ഇങ്ങിനെ മഴേത്ത് നടക്കണേന്റെ രസം ആർക്കും മനസ്സിലാവില്ല.' ദിലീപ് പറഞ്ഞു.

ശരിയാണെന്ന മട്ടിൽ സുനിൽ തലയാട്ടി. ഇങ്ങിനെ നനഞ്ഞുകൊണ്ട് മറ്റൊരാളുടെ വീട്ടിൽ. അതും ഒരു വലിയ മാളികയിൽ എങ്ങിനെ കയറിച്ചെല്ലും എന്നാണവൻ ആലോചിച്ചത്.

'ഞാൻ വേറൊരു ദിവസം വന്നാൽ പോരെ?'

ദിലീപ് അവനെ നോക്കി, അവന്റെ മനസ്സ് വായിക്കാൻ ശ്രമിക്കുന്നപോലെ.

'താനിപ്പോൾ ആലോചിക്കുന്നത് എന്താണ്ന്ന് പറയട്ടെ? എങ്ങിനെ നനഞ്ഞുകൊണ്ട് മറ്റൊരാളുടെ......... അല്ലെ? അതുകൊണ്ട് കുഴപ്പമില്ല, മാത്രല്ല, താനെനിക്കൊരു ധാർമ്മിക പിന്തുണ തര്വാണ്, താനറിയാതെത്തന്നെ.'

'അതെങ്ങനെ?'

ഒപ്പം ഒരു സ്‌നേഹിതനുള്ളപ്പോൾ, അതും എന്നെപ്പോലെത്തന്നെ നനഞ്ഞു കുളിച്ച ഒരു സ്‌നേഹിതനുള്ളപ്പോൾ അമ്മ എനിക്കു നേരെ ഉപയോഗിക്കാൻ കരുതിയ കടുത്ത ശകാരവാക്കുകൾ മറന്നുപോകും.'

സുനിൽ ചിരിച്ചു. ദിലീപ് പറഞ്ഞതുപോലെത്തന്നെയായി സംഭവങ്ങൾ. അവരെ കണ്ടതും അമ്മ തലയിൽ കൈവെച്ചുകൊണ്ട് വന്നു.

'ആകെ നനഞ്ഞിരിക്കുന്നു. എന്നിട്ട്‌ണ്ടോ വല്ല ധൃതീം? സാ ന്ന് നടന്നു വരുണു രണ്ടെണ്ണം, ചിരിച്ചോണ്ട്. ഇതേതാ കുട്ടി?'

ദിലീപ് പറഞ്ഞത് ശരിയാണ്. ശകാരവാക്കുകൾ അമ്മ മറന്നിരിക്കുന്നു.

'ഇതെന്റെ ഫ്രന്റാണമ്മേ, സുനിൽ.'

'രണ്ടും വേഗം പോയി കുളിക്ക്, അവൻ രശ്മീടെ കുളിമുറീല് കുളിച്ചോട്ടെ. എന്നിട്ട് ഇടാൻ നെന്റെ ഷർട്ടും ട്രൗസറും കൊടുക്കു.'

'ഈ സദ്‌വിചാരങ്ങളൊക്കെ അമ്മ പറയുന്നതിനു മുമ്പുതന്നെ എന്റെ മനസ്സിലുണ്ടായിരുന്നു.'

'നാക്കിന് നല്ല നീളണ്ട്. ആര്‌ടെ നാവാണാവോ കിട്ടീട്ട്ള്ളത്.'

'സ്ഥിതിഗതികൾ വഷളാവുന്നതിനു മുമ്പ് നമുക്ക് രക്ഷപ്പെടാം.' സുനിലിന്റെ കൈ പിടിച്ചുകൊണ്ട് ദിലീപ് നടന്നു.

വളരെ വിശാലമായ തളത്തിലേയ്ക്കാണവർ കടന്നത്. നടുവിൽ വലിയൊരു പരവതാനി, സിനിമയിൽ കാണുന്നപോലെത്തന്നെ. അവിടെനിന്ന് വീതിയുള്ള ഒരു കോണി മുകളിലേയ്ക്കു വളഞ്ഞു പോകുന്നു. മുകളിലെത്തിയപ്പോൾ ദിലീപ് ദീർഘമായി ശ്വസിച്ചു. 'ആവു രക്ഷപ്പെട്ടു. ഇനി വരൂ.'

ഇടത്തുവശത്ത് ആദ്യം കണ്ട തുറന്നിട്ട മുറി ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു. 'ഇതാണ് രശ്മിയുടെ, എന്റെ പുന്നാരച്ചേച്ചിയുടെ മുറി. നമുക്ക് എന്റെ കുളിമുറിയിൽ കുളിക്കാം. അവളുടെ മുറി ഉപയോഗിച്ചുവെന്നെങ്ങാനറിഞ്ഞാൽ രാക്ഷസി എന്റെ തലയെടുക്കും.'

അടുത്ത മുറിയിലേയ്ക്കു കടന്ന് ചുറ്റും ചൂണ്ടിക്കാട്ടി അവൻ തുടർന്നു.

'വരൂ, ഇരിയ്ക്കൂ. ഇവിടെ എല്ലാം വാരിവലിച്ചിട്ടതായി കാണും. സാരല്യ, വന്നിരുന്ന് സംസാരിക്കു. ഈ മുറി എപ്പോഴും ഇങ്ങിനെ അല്ലാട്ടോ.' ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. 'ചെല ദിവസം ഇതിലും മോശായിരിക്കും.'

സുനിൽ ചിരിച്ചു. ദിലീപ് തുടർന്നു.

'സോറി കെട്ടോ, ഇത് ഞാൻ രശ്മീടെ മുറീല് ഒട്ടിച്ചുവെച്ച ഒരു സ്റ്റിക്കറീന്ന് മോഷ്ടിച്ച വാക്കുകളാ.'

കുളിമുറി കണ്ടപ്പോൾ എന്തെന്തു വികാരങ്ങളാണുണ്ടായതെന്ന് പറയാൻ പറ്റില്ല. രാവിലെ തന്റെ ആത്മവീര്യം മുഴുവൻ നശിപ്പിച്ച ഷവർ മുകളിൽ തൂങ്ങിക്കിടക്കുന്നു.

അതു നോക്കുന്നതു കണ്ടപ്പോൾ ദിലീപ് പറഞ്ഞു.

'അതാണ് നമ്മുടെ ക്ലാസ്സിലെ ഒരുമാതിരി എല്ലാ കുട്ടികളും മഴയായിക്കാണണത്. മഴയെന്താണെന്ന് അവരെന്നെങ്കിലും കണ്ടിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ?'

സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് ഒരാത്മസ്‌നേഹിതനെ കിട്ടിയിരിക്കുന്നു. മനസ്സിലുണ്ടായ കറയുടെ അവസാനത്തെ പാടുകൂടി മാഞ്ഞുപോയി. രണ്ടുപേരുംകൂടി ഷവർമഴയുടെ താഴെനിന്ന് കുളിച്ചു. ദിലീപിന്റെ ഷർട്ടും ട്രൗസറും ധരിച്ച് താഴെയെത്തി അമ്മ മേശപ്പുറത്തു നിരത്തിയ പലഹാരങ്ങൾ കഴിച്ച് പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് നനഞ്ഞ യൂണിഫോം മുകളിൽനിന്ന് എടുത്തില്ലെന്ന് അവൻ ഓർത്തത്.

'അയ്യോ എന്റെ യൂണിഫോം എടുക്കാൻ മറന്നു.' അവൻ പറഞ്ഞുകൊണ്ട് മുകളിലേയ്ക്കു പോകാനൊരുങ്ങി.

'അതു സാരല്യ, അതിവിടെ തിരുമ്പി ഇസ്തിരിയിട്ടു വെയ്ക്കാം.' അമ്മ പറഞ്ഞു. 'നനഞ്ഞ ഉടുപ്പ് വീട്ടിലേയ്ക്ക് ഏറ്റണ്ട.'

'അത് മതിയെടോ.' ദിലീപ് ചെവിയിൽ മന്ത്രിച്ചു. 'നാളെ സ്‌കൂൾ വിട്ടു പോമ്പ കൊണ്ടോവാം.'

വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.

'നീ എവിട്യായിരുന്നു ഇത്രനേരം. റോട്ടില് ഒറ്റ കുട്ടികളെ കാണാനില്ലല്ലോ. ഇതാര്‌ടെ ഷർട്ടാ നീ ഇട്ടിരിക്കണത്?'

'ഞാനൊരു ക്ലാസ്സ്‌മേറ്റിന്റെ വീട്ടീ പോയി. ദിലീപിന്റെ. ആ വീട് കാണണം അമ്മേ. മൂന്ന് നെലണ്ട്. കടക്കണതന്നെ ഒരു വല്യേ മുറി. നമ്മടെ വീട്ടിന്റെ അത്ര്യന്നെ വലുപ്പം കാണും ആ മുറിയ്ക്കന്നെ. അതില് വല്യൊരു പരവതാനി വിരിച്ചിട്ട്ണ്ട്, സിനിമേലൊക്കെ കാണാറില്ലേ, അതുപോലെ.............'

'അതൊക്കെ പണക്കാര്‌ടെ വീടാ മോനെ. അതൊന്നും പറഞ്ഞിട്ട് കാര്യല്ല.'

'മോളില് കുളിമുറീല്...........നമുക്ക് കുളിമുറീല് ഒരു ഷവറ് വെയ്ക്കണം അമ്മേ. നല്ല സുഖംണ്ട് അതില് കുളിക്കാൻ.'

'ഷവറോ?'

'ങാ അമ്മേ, ഷവറ്. കുളിമുറീല് കുളിക്കാന്ള്ളത്?'

'മനസ്സിലായി മോനെ, അതൊന്നും നമ്മടെ വീട്ടില് പറ്റുംന്ന് തോന്ന്ണില്ല. നീ അച്ഛനോട് ചോദിച്ചു നോക്ക്.'

'എന്താ പറ്റാതെ?'

'അതിന് വീട്ടിന്റെ മോളില് ടാങ്കൊക്കെ വേണം, അതില് വെള്ളം നെറക്കണം. അതൊക്കെണ്ടൊ നമ്ക്ക് പറ്റുണു?'

'അതൊക്കെ നമുക്കും ചെയ്തൂടെ?'

'മോനെ നമ്മടെ വീട് ഓടിട്ടതാ. അതന്നെ പട്ടികേം കഴുക്കോലും ഒക്കെ ദ്രവിച്ചുതൊടങ്ങീരിക്കുണു. മോളില് ടാങ്കൊക്കെ വെക്കണങ്കില് ടെറസ്സ് വീടാവണം. നീ വേണ്ടാത്തതൊന്നും ആലോചിച്ച് മനസ്സ് കേടു വരുത്തണ്ട.'

അവൻ പിന്നെ ഒന്നും പറയാതെ കുറേ നേരം സഹപാഠികളും താനും തമ്മിലുള്ള അകലത്തെപ്പറ്റി ഓർത്തു. അത് എത്രത്തോളം വലുതാണെന്ന് കാണുംതോറും മനസ്സ് കലുഷമായി. അച്ഛൻ ജോലിയെടുക്കുന്ന വർക് ഷാപ്പിന്റെ ഉടമസ്ഥന്റെ ദയ കാരണമാണ് തനിക്ക് ഈ സ്‌കൂളിൽ പ്രവേശനം തന്നെ കിട്ടിയത്. ഫീസ് ആ മനുഷ്യൻ കൊടുക്കും. മറ്റുള്ള കാര്യങ്ങളൊക്കെ അച്ഛൻതന്നെ നോക്കണം. അപ്പോൾ വലിയ കാര്യങ്ങളെക്കുറിച്ചൊന്നും ആശിക്കാതിരിക്കയാണ് നല്ലത്. പക്ഷെ ഇതത്ര വലിയ ഒരു കാര്യമാണോ?

അച്ഛനോട് കാര്യങ്ങൾ പറഞ്ഞത് അമ്മ തന്നെയായിരുന്നു. വർക് ഷാപ്പിൽനിന്നു വന്ന് കുളിച്ച് അടുക്കളയിലെ മേശക്കു മുമ്പിലിരുന്ന് ഭാര്യ വിളമ്പിയ പലഹാരം തിന്നുന്നതിനിടയിൽ അയാൾ എല്ലാം കേട്ടു. ശ്വാസം പിടിച്ചുകൊണ്ട് സുനിൽ ഉമ്മറത്തിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു.

'നമ്മടെ ഈ കൂരേലൊന്നും അതുണ്ടാക്കാൻ പറ്റില്ല. പിന്നെ അതിന്റെ ചെലവെന്താവുംന്നറിയ്യോ? മോനോട് നല്ലോണം പഠിച്ച് നല്ലൊരു ജോലി പിടിക്കാൻ പറേ ആദ്യം. എന്നിട്ട് അവൻ വീട് നന്നാക്കട്ടെ. അപ്പൊ അവന് വേണ്ട മാതിരി ഷവറോ എന്താച്ചാൽണ്ടാക്കാം. ഒരു ഷവറില്ലാഞ്ഞിട്ടായിരുന്നു.'

തന്റെ കാര്യം താൻതന്നെ നോക്കേണ്ടി വരുമെന്ന് സുനിലിന് ഉറപ്പായി. മാർക്കറ്റിനുമപ്പുറത്ത് പഴയ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു കട അവന് ഓർമ്മവന്നു. അതിലൂടെ നടക്കുമ്പോൾ കുറച്ചുനേരം അതിനുമുമ്പിൽ നിന്ന് അകത്തവിടവിടെയായി കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് അവൻ. ഒരിക്കൽ അതിനുള്ളിലും നടന്നുകണ്ടിട്ടുണ്ട്. കടയ്ക്ക് പേരൊന്നുമില്ല, ഉസ്മാന്ക്കാടെ കട എന്ന പേരിലാണതറിയപ്പെടുന്നത്. ഉസ്മാന്ക്കായെ വല്ലപ്പോഴുമേ കടയിൽ കാണാറുള്ളു. അവിടെയുള്ളത് മകൻ അനീസാണ്. പത്തുപതിനാലു വയസ്സായ അവൻ അതിനുള്ളിൽ ഉരുണ്ടുകളിക്കുന്നതു കാണാം. എന്തുകൊണ്ടോ തന്റെ പ്രശ്‌നത്തിനുള്ള പരിഹാരം അനീസാണെന്ന് സുനിലിനു തോന്നി.

ക്ലാസ്സിൽ ദിലീപ് സുനിലിനടുത്തു തന്നെ ഇരുന്നു.

'ഞാൻ രണ്ടു കുട കൊണ്ടുവന്നിട്ടുണ്ട്.' ദിലീപ് പറഞ്ഞു. 'ഒന്ന് തനിയ്ക്കുള്ളതാണ്.'

'എനിക്കുള്ളതോ?' സുനിൽ വിശ്വാസം വരാതെ ചോദിച്ചു.

'അതെ, ഒരാൾ രണ്ടു കുടചുടി നടക്കുന്നത് കണ്ടാൽ ആളുകൾ ചിരിക്കും.'

'അപ്പൊ ദീലീപിനെങ്ങിനെ രണ്ടു കുടയുണ്ടായി?'

'കാര്യം ഇതാണ്. എന്റെ കഴിഞ്ഞ കൊല്ലം വാങ്ങിയ കുടയ്ക്ക് ഒരു കേടും പറ്റീട്ടില്ല. പക്ഷെ പുതിയത് വാങ്ങണം എന്ന് അമ്മയ്ക്ക് നിർബ്ബന്ധം. പണക്കാരാവുമ്പോൾ ഒരു പ്രത്യേക ചട്ടക്കൂടിലാണ് നമ്മൾ ജീവിയ്ക്കുന്നത്. നമ്മൾ അതിന്റെ തടവുകാരാണ്. പണമില്ലെങ്കിൽ ആ കുഴപ്പമേയില്ല. നിങ്ങൾ എപ്പോഴും സ്വതന്ത്രർ. മനസ്സിലാവുന്നുണ്ടോ? അപ്പോൾ കുട സ്വീകരിക്കാൻ ഒട്ടും മടിക്കണ്ട.'

അവൻ ആലോചിക്കുകയാണ്. രണ്ടു കുടകളുള്ളവർ ഓരോ കുട ഇല്ലാത്തവർക്കു ദാനം ചെയ്താൽ എത്ര നല്ലതാണ്. അതുപോലെത്തന്നെ മറ്റുസാധനങ്ങളും. ദാരിദ്ര്യം ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമാകും.

'നന്ദി.'

'എന്റെ സൽക്കർമ്മത്തെ ഒരു നന്ദി പറഞ്ഞു കൊണ്ട് തരംതാഴ്ത്തണംന്നില്ല.'

ഞായറാഴ്ച സുനിൽ മാർക്കറ്റിനപ്പുറത്തുള്ള ഉസ്മാന്ക്കായുടെ കടയിൽ പോയി. കട ഞായറാഴ്ച തുറക്കുന്നതിന്റെ യുക്തി അവനു മനസ്സിലായി. ഒഴിവു ദിവസമേ ആൾക്കാർക്ക് വീട്ടിലെ പഴയ സാധനങ്ങൾ കൊണ്ട്‌ചെല്ലാൻ കഴിയൂ. അതുപോലെ വലിയ കേടൊന്നുമില്ലാത്ത ഫാനോ, മിക്‌സിയോ, ചിലപ്പോൾ ഫ്രിഡ്‌ജോതന്നെ ചുളുവിലയ്ക്ക് തരമാക്കാനും പറ്റു. ഉസ്മാന്ക്കാ എത്തിയിട്ടില്ല. പത്തര മണിയാവുമ്പോഴേയ്‌ക്കേ എത്താറുള്ളു. അപ്പോഴേയ്‌ക്കേ ആൾക്കാർ ഉറക്കമുണർന്ന് ചൂടായിവരു.

'എന്താടാ സുനീലേ?'

'ഒന്നുംല്ല്യ അനീസേ.'

'ന്നാ താനെന്യൊന്ന് സഹായിക്ക്. ബാ.'

സാധനങ്ങൾ ഉള്ളിൽനിന്ന് പൊക്കി മുൻഭാഗത്ത് വെയ്ക്കാൻ സുനിൽ അനീസിനെ സഹായിച്ചു. അതിനിടയ്ക്ക് അവന്റെ കണ്ണുകൾ നിരത്തിവച്ച സാധനങ്ങൾക്കിടയിൽ പരതുന്നുമുണ്ടായിരുന്നു. പെട്ടെന്നവൻ നിന്നു. കൂട്ടിയിട്ട പൈപ്പുകൾക്കുമപ്പുറത്ത് അവൻ കണ്ടു. ടാപ്പുകൾ, ഷവറുകൾ, മറ്റു പലതരം ഉപകരണങ്ങൾ. മിക്കവയും തുരുമ്പു പിടിച്ചവയാണ്. ഉള്ളതിൽ നല്ലൊരെണ്ണം കയ്യിലെടുത്ത് അവൻ നിന്നു. അതൊരു ധ്യാനമായിരുന്നു. അവന്റെ തലയ്ക്കു മീതെ ഷവറിൽനിന്നുള്ള തണുത്ത ധാര ഒഴുകുകയാണ്. ദേഹം കുളിരണിഞ്ഞു വന്നു.

'എന്തു പറ്റീ മാഷെ, എന്താ ആലോചിക്ക്ണ്.'

'ഏയ് ഒന്നുംല്യ. പെട്ടെന്ന് എന്തൊ ആലോചിച്ചതാ.' കയ്യിൽ പിടിച്ചിരുന്ന സാധനം അപ്പോഴാണവൻ ശ്രദ്ധിക്കുന്നത്. 'പിന്നേയ് ഇങ്ങനത്തെ ഒരെണ്ണത്തിന് എന്തു വെല്യാവും?'

'എന്തേയ്, നെണക്കത് വേണോ?'

സുനിൽ തലയാട്ടി.

'ന്നാ എട്‌ത്തോ.'

'വെല?'

'വെല്യൊന്നും വേണ്ട മാഷെ, താനത് എടുത്തോ. ബാപ്പ വര്‌ണേന്റെ മുമ്പെ സ്ഥലം വിട്ടോ പക്ഷെ.'

അനീസ് കുറേ മാസികകൾ അട്ടിയായി വച്ചതിൽനിന്ന് ഒരേടു ചീന്തി ആ ഷവർ പൊതിഞ്ഞുകൊടുത്തു.

അവൻ വീട്ടിലെത്തിയ ഉടനെ അതിന്റെ അടഞ്ഞ ദ്വാരങ്ങളെല്ലാം ഒരീർക്കിലുപയോഗിച്ച് തുറന്ന് അതിലൂടെ ബക്കറ്റിൽനിന്ന് വെള്ളമൊഴിച്ചു നോക്കി. സുഷിരങ്ങളിലൂടെ വെള്ളം വീഴുന്നതു കാണുമ്പോഴുണ്ടാകുന്ന സന്തോഷം അപാരമായിരുന്നു. ഇനി അത് കുളിമുറിയിൽ ഘടിപ്പിച്ച് അതിലൂടെ വെള്ളം വരുത്തുക എന്നത് എളുപ്പമല്ല എന്നവൻ മനസ്സിലാക്കി. തന്റെ ലക്ഷ്യത്തിലേക്കുള്ള കിലോമീറ്റർ യാത്രയിൽ ഈ ഷവർ ഒരു കാൽവെപ്പു മാത്രമേ ആയിട്ടുള്ളു എന്നും അവൻ മനസ്സിലാക്കി.

അവന്റെ ഷവർകൊണ്ടുള്ള കളികളെല്ലാം അച്ഛൻ കാണുന്നുണ്ടായിരുന്നു. അയാൾക്ക് വിഷമമായി. ആകെയുള്ള ഒരു മകനാണ്. അവനാകട്ടെ അനാവശ്യമായ വാശികളൊന്നുമില്ല. സ്‌കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞു. ഇപ്പോഴും ആവശ്യമുള്ള പുസ്തകങ്ങൾ മുഴുവൻ വാങ്ങിയിട്ടില്ല. തോരാത്ത മഴയിൽ നനഞ്ഞുകൊണ്ടാണ് സ്‌കൂളിൽ പോയിരുന്നത്. ഒരു പരാതിയുമില്ല. എങ്ങിനെയെങ്കിലും ഒരു കുട വാങ്ങണമെന്നു വിചാരിച്ചപ്പോഴാണ് ഏതോ നല്ല കൂട്ടുകാരൻ കയ്യിൽ കൂടുതലുള്ള കുട അവന് സമ്മാനിച്ചത്. ഇക്കൊല്ലം കുട വാങ്ങാതെ രക്ഷപ്പെട്ടു. അങ്ങിനെയാണ് കാര്യങ്ങൾ കിടക്കുന്നത്. അതിനിടയിൽ എങ്ങിനെയാണ് കുളിമുറിയിൽ ഒരു ഷവർ വെയ്ക്കുക?

രാവിലെ ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു.

'ഞാനൊരു സ്വപ്നം കണ്ടു.'

ഭാര്യ ചോദ്യത്തോടെ അയാളുടെ മുഖത്തു നോക്കി. അങ്ങിനെയൊന്നും പതിവില്ല. സ്വപ്നം എന്നും കാണുന്നുണ്ടാവും, പക്ഷെ അതിനെപ്പറ്റിയൊന്നും പറയാറില്ല. അയാളുടെ സംസാരം വർക്‌ഷോപ്പിലെ കാര്യങ്ങളോ, മുതലാളിയുടെ ഭാവി പരിപാടികളോ ഒപ്പം ജോലിയെടുക്കുന്നവരുടെ വീട്ടുകാര്യങ്ങളോ കൊണ്ട് നിറഞ്ഞു. സ്വപ്നങ്ങൾ മുതലായ നനുത്ത ഭാവങ്ങൾ അയാളുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിരുന്നു.

'ഞാൻ ഷവറിനു താഴെ നിന്നു കുളിച്ചൂന്ന്. ശരിയ്ക്കുംണ്ടായപോലെ. നല്ല സുഖണ്ടായിരുന്നു. കൊറേ നേരം നിന്നു കുളിച്ചു.'

താൻ കൊണ്ടുവന്ന ഷവർകൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടാവട്ടെ, സ്വപ്നത്തിലെങ്കിലും. സുനിൽ കരുതി.

'ഷവറില്ലെങ്കിലും സാരല്യ ഒരു ടാപ്പെങ്കിലും വെയ്ക്കാൻ പറ്റിയാൽ നന്നായിരുന്നു.' അമ്മ പറഞ്ഞു. 'വെള്ളം കോരി വയ്യാതായി. ചെല ദിവസം നല്ല നടുവേദനണ്ട്.'

'നോക്കട്ടെ, എങ്ങനേങ്കിലും കൊറച്ച് പണണ്ടാക്കാൻ പറ്റ്വോന്ന്. ഒരു ചെറ്യേ ടാങ്കെങ്കിലും വാങ്ങാൻ പറ്റിയാൽ നന്ന്. ഉസ്മാന്ക്കാടെ കടേല് പരത്യാൽ കിട്ടും. അതുപോലെ അവ്ട്ന്നന്നെ ഒരു സെക്കനാന്റ് പമ്പ്‌സെറ്റും കിട്ടും. ആദ്യം മുതലാളിടട്ത്ത്ന്ന് കൊറച്ച് പണം തരാവ്വോന്ന് നോക്കട്ടെ.'

സുനിലിന് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ ഇങ്ങിനെ ധാരാളം കാര്യങ്ങൾ പറഞ്ഞ് മോഹിപ്പിയ്ക്കാറുണ്ട്. ഒന്നും പ്രവർത്തിയിൽ കാണാറില്ല. അച്ഛൻ പറഞ്ഞ പ്രകാരമൊക്കെയാണ് കാര്യങ്ങൾ നടന്നിരുന്നതെങ്കിൽ അടുക്കളയിൽ എന്നേ ഗ്യാസ് സ്റ്റൗ ഉണ്ടാവുമായിരുന്നു, അതുപോലെ പഠിക്കുവാൻ ഒരു കൊച്ചുമേശയും കസേലയും, അങ്ങിനെ പലതും. അതുകൊണ്ട് ഒരു ദിവസം സ്‌കൂളിൽനിന്ന് വന്ന് പുസ്തകസഞ്ചി ഉമ്മറത്തേയ്ക്ക് എറിഞ്ഞ് കിണറ്റുകരയിലേയ്ക്ക് ഓടുന്നതിനിടയിൽ ഷർട്ടും ട്രൗസറും ഊരി വലിച്ചെറിഞ്ഞ്, ബക്കറ്റെടുത്ത് കിണറ്റിലേയ്ക്ക് ഇറക്കാൻ നോക്കുമ്പോൾ കിണറ്റിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങുന്ന കുഴൽ കണ്ടത് അവന് വിശ്വസിക്കാനായില്ല. ഞാനും അച്ഛനെപ്പോലെ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. അടുത്തു കാണുന്ന സ്വപ്നം ഷവറിനു താഴെനിന്നു കുളിക്കുന്നതായിരിയ്ക്കും. അവൻ നല്ലവണ്ണം നോക്കി. ശരിയ്ക്കും പൈപ്പ് വെള്ളത്തിൽ നാലു പടവു താഴെവരെ പോയിരിയ്ക്കുന്നു. സ്വപ്നമല്ല. മുകളിൽ ഓട്ടിൻപുറത്ത് ഒരു ചെറിയ കറുപ്പുനിറമുള്ള ടാങ്ക്. അവൻ ബക്കറ്റ് താഴെ വെച്ച് കിണറ് വലംവെച്ച് കുളിമുറിയിലേയ്ക്ക് ഓടി. ചുമരിൽനിന്ന് നീണ്ടുകിടക്കുന്ന പൈപ്പിനറ്റത്തുനിന്ന് താഴേയ്ക്ക് നോക്കുന്ന ഷവർ. അനീസ് തന്ന അതേ ഷവർ തന്നെ. അച്ഛൻ ഇത്രവേഗം കാര്യം സാധിച്ചു!

ഷവറിൽ നിന്നുതിരുന്ന ധാരയിൽ അവൻ നിന്നു. അവന്റെ ദേഹം തണുത്തു, മനസ്സ് തണുത്തു. ദേഹംമുഴുൻ സോപ്പ് പതപ്പിച്ച് അവൻ വീണ്ടും ഷവറിനു താഴെ നിന്നു. അങ്ങിനെ നിന്നുകൊണ്ടിരിക്കെ അവന് കിണറ്റിന്റെ ആഴത്തിലേയ്ക്കിറങ്ങുന്ന പായൽ പിടിച്ച പടവുകൾ ഓർമ്മ വന്നു. ആഴത്തിൽ നിന്ന് ബക്കറ്റുകൊണ്ട് വെള്ളമെടുക്കുമ്പോഴുള്ള തുടിശബ്ദവും. മഞ്ഞ സൂര്യരശ്മികൾ മരച്ചില്ലകളിൽ തങ്ങിനിൽക്കുന്നതിന്റെ ചാരുതയും, ബക്കറ്റിൽ നിന്ന് നേരിട്ട് വെള്ളമൊഴിക്കുമ്പോൾ ദേഹമാകെ തണുപ്പിക്കുന്ന ഇളംകാറ്റിന്റെ വശ്യതയും ഓർമ്മയിൽ വന്നു. അവൻ ഷവർ അടച്ച് പുറത്തേയ്ക്കു കടന്നു, കിണറ്റുകരയിലെത്തി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആശ്വാസത്തോടെ അവൻ മനസ്സിലാക്കി. പടവുകളിലെ പായലിന്റെ ഭൂപടങ്ങൾ അന്നു പെയ്ത മഴകൊണ്ട് ഉയർന്ന ജലനിരപ്പിലേയ്ക്ക് പകുതിയും താഴ്ന്നിരിക്കുന്നു. മേഘങ്ങൾക്കിടയിലൂടെ ഒരു കോണിയായി ഇറങ്ങിവരുന്ന വെയിലിന്റെ കീറ് മരച്ചില്ലകൾ വിട്ടുപോകാൻ മടിച്ച് നിൽക്കുന്നു. അവൻ ബക്കറ്റെടുത്ത് വെള്ളം കോരി ആൾമറമേൽ വെച്ചു. ഭൂമിയുടെ ആഴങ്ങളിൽനിന്ന് വന്ന ആ തണുത്ത വെള്ളം അവൻ ഒന്നായി മേലൊഴിച്ചു. പെട്ടെന്ന് ഒരാരവത്തോടെ മഴ പെയ്യാൻ തുടങ്ങി.

കുടിക്കാനുള്ള ചായയുണ്ടാക്കി മേശപ്പുറത്തു വച്ച് ഉമ്മറത്തേയ്ക്ക് വന്ന അമ്മ കണ്ടത് മുറ്റത്ത് കോരിച്ചൊരിയുന്ന മഴയിൽ തുള്ളിക്കളിയ്ക്കുന്ന മകനെയാണ്.

ചന്ദ്രിക ആഴ്ചപ്പതിപ്പ് - മെയ് 7, 2011