ഇ ഹരികുമാര്‍
മിക്കവാറും കൊയ്ത്തു കഴിഞ്ഞ ആ വയലിന്റെ നടുവിലെത്തിയപ്പോൾ ഞാൻ തലയുയർത്തി നോക്കി. കറപിടിച്ച ഓടുകൾ വൃക്ഷങ്ങളുടെ ഇടയിലൂടെ അവ്യക്തമായി കാണാമായിരുന്നു. പണ്ട് പത്തൊൻപതു വർഷങ്ങൾക്കുമുൻപ് ഞാൻ കണ്ടപ്പോൾ അവ പുത്തനോടുകളായിരുന്നു. കറപിടിക്കാത്ത ഓടുകൾ. പാടത്തിന്റെ വക്കത്ത് വാതിലുകളില്ലാത്ത ഗേയ്റ്റ് അപ്പോഴുമുണ്ടായിരുന്നു.
ഗേയ്റ്റിന്റെ ഒതുക്കുകൾ കയറുമ്പോൾ പൂമുഖത്ത് ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. ഒന്നു രണ്ടു കുട്ടികളും. ഞാൻ ഒതുക്കിൽ കാലുരച്ച് ശബ്ദമുണ്ടാക്കി. ആ സ്ത്രീ പെട്ടെന്ന് തിരിഞ്ഞു നോക്കി. അത് അമ്മായിയായിരുന്നു. അവരുടെ തലമുടിയെല്ലാം നരച്ചുതുടങ്ങിയിരുന്നു. ഒരു കറുത്ത കരയുള്ള വേഷ്ടിയാണ് അവർ ധരിച്ചിരുന്നത്. അമ്മായി എത്രമാത്രം മാറിയിരിക്കുന്നു. പത്തൊൻപതു വർഷങ്ങൾക്കു മുൻപ് ഞാൻ ഇവിടെ നിന്നു പോകുമ്പോൾ അവർ പ്രസരിപ്പുള്ള ഒരു തറവാട്ടമ്മയായിരുന്നു. പക്ഷേ, അതിന്നുശേഷം പലേ സംഭവങ്ങൾ നടന്നു കഴിഞ്ഞു.
ഞാൻ പൂമുഖത്തെ ഒതുക്കുകൾ കയറിത്തുടങ്ങി.
''ഹരിയോ? എനിക്ക് കണ്ടിട്ടു മനസ്സിലായില്ല. ഉണ്ണി പറഞ്ഞിട്ടാ മനസ്സിലായത്.'' അമ്മായി പറഞ്ഞു. അവരുടെ വാക്കിലും പണ്ടത്തെ ഉത്സാഹം കാണുവാൻ സാധിച്ചില്ല. മറുപടിയൊന്നും പറയാതെ ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു.
''ഇതാ ഈ കസേരയിലിരുന്നോ'' മുറിയൻ കൈയുള്ള ഒരു കസേര പൊടിതട്ടിക്കൊണ്ട് അമ്മായി പറഞ്ഞു. ''എന്തൊരു പൊടിയാണ് ഉം, കാറ്റുകാലല്ലെ.''
ഞാൻ ആ കസേരയിലിരുന്ന് ചുറ്റും നോക്കി. വെള്ളവലിച്ച് കാലം കുറെയായതിനാൽ ചുമരുകളെല്ലാം മങ്ങി വൃത്തികേടായിരിക്കുന്നു. പത്തുപന്ത്രണ്ടു വയസ്സു പ്രായമായ ഒന്നുരണ്ടു കുട്ടികൾ വാതിൽപ്പടിമേൽ ഇരിക്കുന്നുണ്ട്. അമ്മായിയുടെ മക്കളായിരിക്കാം.
''എന്തൊക്കെയാണ് വിശേഷങ്ങൾ?'' അമ്മായി ചോദിച്ചു. ''എസ്‌റ്റേറ്റില് സുഖം തന്നെയല്ലെ?''
''ആ, അങ്ങനെ കഴിയുന്നു.''
''കുറെ നേരം നിശ്ശബ്ദത''
ഞാൻ അകലെ ചക്രവാളത്തിലേക്ക് നോക്കിയിരുന്നു. ഏതാനും കടൽക്കാക്കകൾ മേഘങ്ങളില്ലാത്ത ആകാശത്തിൽ പറക്കുന്നുണ്ട്.
''ഹരി അമ്മു ഏടത്തിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നറിഞ്ഞു. അപ്പോ ഉണ്ണീനെ അയച്ചതാ. കുറെക്കാലായില്ലേ ഒന്നു കണ്ടിട്ട്!''
''അതെ കുറെക്കാലമായി ഞാൻ ഇവിടെനിന്നുപോയിട്ട്. പോയേപ്പിന്നെ രണ്ടു പ്രാവശ്യം അമ്മുവല്യമ്മയുടെ വീട്ടിൽ വന്നു. അപ്പോഴൊന്നും അമ്മായീനെക്കാണാൻ സാധിച്ചില്ല.
''അതെയതെ. പഠിക്കണ കാലത്തൊക്കെ നിണക്ക് ഞങ്ങളെ വലിയ കാര്യമായിരുന്നു. അന്നൊക്കെ നീ എപ്പഴും ഇങ്ങട്ടു വന്നിരുന്നു.'' അമ്മായി പറഞ്ഞു. ''ഇപ്പോഴിപ്പൊഴായി ആരും ഇങ്ങട്ടു വരാതെയായി. ഞങ്ങൾ ആർക്കും വേണ്ടാത്തവരായി.'' അമ്മായിയുടെ കണ്ണിൽ ജലകണങ്ങൾ ഉരുണ്ടുകൂടുകയാണ്. അവരുടെ കണ്ഠമിടറി. ഞാൻ ജാലകത്തിലൂടെ ദൂരെയ്ക്കുനോക്കി. അവിടെ ഒരു തള്ളക്കോഴി തന്റെ മക്കൾക്ക് ഇര സമ്പാദിച്ചു കൊടുക്കുകയാണ്.
വാതിൽക്കൽ ഒരു സ്ത്രീ നിൽക്കുന്നു. പത്തിരുപത്തിമൂന്ന് വയസ്സുപ്രായമുണ്ടാകും. മുഷിഞ്ഞ സാരി ധരിച്ചിരുന്നു. കഴുത്ത് നഗ്നമാണ്. ആദ്യം എനിക്കാളെ മനസ്സിലായില്ല. പിന്നീട്, അനവധി വർഷങ്ങൾ മുൻപ് എന്നോടൊപ്പം ചിരട്ടയപ്പം ഉണ്ടാക്കി കളിച്ചിരുന്ന കല്യാണിക്കുട്ടിയെ ഓർമ്മവന്നു. അവളെങ്ങിനെയാണ് ഈ വിധത്തിലായത്?
''അമ്മെ, കൊണ്ടുവരട്ടെ?'' എന്റെ മുഖത്തുനോക്കാതെയാണ് അവൾ ചോദിച്ചത്. ആ മുഖത്തുണ്ടായിരുന്ന ദൈന്യഭാവം ഞാൻ ശ്രദ്ധിച്ചു.
''കൊണ്ടുവന്നൊ'' തുടർന്ന് അമ്മായി എന്നോടു പറഞ്ഞു. ''നമുക്ക് തളത്തിലിരിക്കാം.''
ഞങ്ങൾ തളത്തിലേക്കു കടന്നു. സിമന്റിട്ട നിലമെല്ലാം പൊട്ടിപ്പൊളിഞ്ഞിരുന്നു. പടിഞ്ഞാറുനിന്നും വരുന്ന കാറ്റിന് എരിഞ്ഞിപ്പൂവിന്റെ നേരിയ സുഗന്ധമുണ്ടായിരുന്നു.
പെട്ടെന്ന് കല്യാണിക്കുട്ടി ഒരു പ്‌ളേറ്റിൽ കുറച്ചു പഴവും ഒരു ഗ്ലാസ്സിൽ ചായയുമായി വാതിൽക്കൽ വന്നു.
''അതാ മേശപ്പുറത്തു വെച്ചോ മോളെ. അമ്മായി പറഞ്ഞു. കല്യാണിക്കുട്ടി അവ മേശപ്പുറത്തുവച്ചു. ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ എന്റെ മുഖത്തേയ്ക്കും. ആ നോട്ടം ദയനീയമായിരുന്നു. പെട്ടെന്നവൾ ആ മുറി വിട്ട് അകത്തേയ്ക്കുപോയി.
''കല്യാണിക്കുട്ടിയിപ്പോൾ എന്തു ചെയ്യുന്നു?'' ഒരു പഴം തൊലിയുരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
''അവളുടെ കല്യാണം കഴിഞ്ഞത് ഹരിയറിഞ്ഞില്ലേ? അഞ്ചുകൊല്ലമായി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഇവൾ പ്രസവിക്കില്ലെന്നും പറഞ്ഞ് അയാള് പോയതാ. പിന്നെയിങ്ങട്ടുകേറിയിട്ടില്ല.'' അമ്മായി വേഷ്ടിത്തലപ്പുകൊണ്ട് കണ്ണീർ തുടച്ചുകൊണ്ട് തലകുനിച്ചു നില്പായി.
''ഇപ്പോൾ?...'' ഞാൻ അന്വേഷിച്ചു.
''ഇപ്പോൾ?'' അമ്മായി ഞെട്ടിത്തിരിഞ്ഞു.
''ഇപ്പോൾ... ഇവിടെ അടുക്കളയിൽ അടുപ്പുമായിക്കഴിയുകയാണ്.'' അമ്മായിയുടെ സ്വരത്തിൽ വ്യസനവും പകയും കലർന്നിരുന്നു.
ഞാൻ വീണ്ടും ജനലിലൂടെ പുറത്തേയ്ക്കു നോക്കി. മുറ്റത്ത് മൂവാണ്ടൻ മാവ് ശാഖകൾ വിരുത്തി നിൽക്കുന്നുണ്ട്. പണ്ട് ഞാൻ അതിന്മേൽക്കയറി മാങ്ങയറുത്തിട്ടുണ്ട്. അതും ഇപ്പോൾ ഒരു വൃദ്ധനായിക്കഴിഞ്ഞു. അതിന്മേൽ ഒരൊറ്റമാങ്ങപോലുമില്ല. നിരുന്മേഷമായ നിമിഷങ്ങൾ അങ്ങിനെ നീങ്ങിപ്പോയി.
''കുട്ടികളുടെ അച്ഛനുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും വരുമായിരുന്നില്ല. പക്ഷേ, ദൈവം അതല്ലല്ലോ വിധിച്ചത്.'' രാമമ്മാമയെപ്പറ്റിയാണ് പറയുന്നത്.
''രാമമ്മാമ മരിച്ചത് ഇവിടെ വെച്ചായിരുന്നില്ലേ?'' ഞാൻ വെറുതെ അന്വേഷിച്ചു.
''ഹല്ല. എന്നാലിങ്ങനെയൊക്കെവര്വോ? മദിരാശീലായിരുന്നു. ആസ്പത്രിയിൽക്കിടക്കുമ്പോൾ നോക്കാൻ അമ്മുഏടത്തിയുടെ ഭർത്താവ് പോയിരുന്നു. എനിക്കൊന്നു കാണണംന്ന് വിചാരിച്ചിട്ട് ഞാൻ അവരോടു പറഞ്ഞു. പക്ഷേ, അവരത് കൂട്ടാക്കിയില്ല. പോട്ടെ വേണ്ടപ്പെട്ടവരല്ലെ നോക്കാനുള്ളത് എന്ന് വിചാരിച്ചു സമാധാനിച്ചു. അതുകൊണ്ടു പറ്റീതാ. അല്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. ഈ കുട്ടികൾക്ക് ഇപ്പോൾ അച്ഛനില്ലാതിരിക്കില്ലായിരുന്നു. കല്യാണിക്കുട്ടി ഇങ്ങനെയിരിക്കുമായിരുന്നില്ല.'' അമ്മായി മൂക്കുചീറ്റി.
ഞാൻ അസ്വസ്ഥനായി ജനലഴികൾക്കിടയിലൂടെ പുറത്തേയ്ക്കു നോക്കി. സൂര്യനസ്തമിക്കാറായിരുന്നു. കാറ്റിന് തണുപ്പു കൂടിത്തുടങ്ങി.
''ഓ നേരം ആറുമണിയായി.'' ഞാൻ വാച്ചുനോക്കിക്കൊണ്ടു പറഞ്ഞു. ''ഇരുട്ടിയാൽ ആ ഇടവഴിയിലൂടെ പോവാൻ കഴിയില്ല.''
''ആട്ടെ'' പെട്ടന്നെന്തോ കണ്ടപോലെ അമ്മായി പറഞ്ഞു. ''ഹരി ചായ കുടിച്ചില്ലല്ലോ!''
ഞാൻ അക്കാര്യമേ മറന്നു പോയിരുന്നു. വേഗത്തിൽ അത് കുടിച്ച് ഞാൻ പൂമുഖത്തേയ്ക്കുവന്നു.
കീശയിൽനിന്ന് ഒരഞ്ചുറുപ്പികനോട്ടെടുത്ത് ഞാൻ അമ്മായിക്കു നീട്ടി. കണ്ണീർ തുടച്ചുകൊണ്ട് അമ്മായി അതു വാങ്ങി.
''എന്നാൽ വരട്ടെ.'' ഞാൻ മുറ്റത്തേക്കിറങ്ങി, വേഗത്തിൽ വയലിന്റെ നടുവിലൂടെ നടന്നു. അപ്പോഴെക്കും സൂര്യൻ തെങ്ങിൻ തലപ്പുകളിലേക്ക് മറഞ്ഞിരുന്നു.