ഇ ഹരികുമാര്‍
ഉണർന്നപ്പോൾ ഉറങ്ങാൻ കിടന്ന അതേ ചുറ്റുപാടുകൾ തന്നെയാണെന്നത് ഭാമയെ നിരാശപ്പെടുത്തി. മുനിഞ്ഞു കത്തുന്ന ബെഡ്‌റൂം ലാമ്പ് ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നു. സുനിലിനുപകരം വേറെ ആരെയെങ്കിലുമായിരുന്നെങ്കിലെന്നവൾക്ക് ഭാവിക്കാമായിരുന്നു. അമ്പലത്തിൽ പോകുമ്പോൾ വഴിയിൽ കാണുന്ന ആരെങ്കിലും, അല്ലെങ്കിൽ പ്രദക്ഷിണവഴിയിൽ അറിയാത്ത മട്ടിൽ തന്നെ ഉരസിപ്പോയി തിരിഞ്ഞുനോക്കി ചിരിച്ച ആ ചെറുപ്പക്കാരനോ ആണെന്ന ഭാവനയിൽ കുളിമുറിയിൽ പോയി തിരിച്ചുവന്ന് കിടക്കാമായിരുന്നു. ഇപ്പോൾ സുനിൽ സ്വന്തം നഗ്നത ഇങ്ങിനെ പ്രദർശിപ്പിച്ച് എന്റെ സ്വപ്നങ്ങൾക്ക് തടയിട്ട് കിടക്കുകയാണ്. ഒരു കൈ തലയ്ക്കു താഴെ വെച്ച് മറ്റെകൈകൊണ്ട് തന്നെ കെട്ടിപ്പിടിച്ചിരിക്കുന്നു. പുതപ്പ് കട്ടിലിനു താഴെ വീണു കിടക്കുന്നു. അതാണ് ഇങ്ങിനെ തണുക്കാൻ കാരണം. അവൾ കാമുകന്റെ കൈ ദേഹത്തുനിന്ന് പതുക്കെ എടുത്തു മാറ്റി എഴുന്നേറ്റു കുളിമുറിയുടെ നേരെ നടന്നു. പോകുന്നതിനുമുമ്പ് കുനിഞ്ഞ് പുതപ്പെടുത്ത് കാമുകനെ പുതപ്പിച്ചു. ഫ്‌ളഷ് വലിക്കുന്നതിനുമുമ്പ് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വാതിലടച്ചു. ഫ്‌ളഷ് വലിക്കുന്നതിന്റെ ശബ്ദം കേട്ടാൽ ഭർത്താവ് ഉണരുമായിരുന്നു. അതു മൂപ്പർക്കിഷ്ടമല്ല. നിനക്കൊന്ന് വാതിലടച്ചു ഫ്‌ളഷ് വലിച്ചുകൂടെ എന്നു ചോദിക്കുമായിരുന്നു. അങ്ങിനെയാണ് ആ ശീലമുണ്ടായത്. കഴിഞ്ഞ മൂന്നു മാസമായി അങ്ങേര് ഈ ശബ്ദങ്ങളൊന്നും ഏശാത്ത ലോകത്താണ്. ഡോക്ടർ പറഞ്ഞത് ഈ നിലയ്ക്ക് ഒരു കൊല്ലം കിടക്കാൻ സാധ്യതയുണ്ടെന്നാണ്. സുനിൽ പിന്നെ ഉറങ്ങിയാൽ ഇടിവെട്ടിയാലും ഉണരില്ല.
തിരിച്ചു ചെന്നപ്പോൾ അയാൾ തിരിഞ്ഞു കിടന്ന് കൂർക്കം വലിച്ചുതുടങ്ങിയിരുന്നു. ഭാമ പുതപ്പിനുള്ളിൽ നുഴഞ്ഞുകയറി കണ്ണുമടച്ച് കിടന്നു. ഉറങ്ങണം. അഞ്ചു മണിവരെ മാത്രമെ ഉറങ്ങാൻ വിടു. അഞ്ചു മണിയ്ക്ക് സുനിൽ ഉണരും. പിന്നെ തന്നെ ഉറങ്ങാൻ വിടുകയൊന്നുമില്ല. ആറുമണിവരെ ഒരാഴ്ചയ്ക്ക് വെറുതെയിരിക്കേണ്ടതിന്റെ ആർത്തി മുഴുവൻ തീർത്തേ ആൾ സ്ഥലം വിടൂ. ബാക്കി ആറു ദിവസവും അയാൾ വെറുതെ ഇരിക്കുകയായിരിക്കുമോ? അതെയെന്നാണ് അയാൾ പറയുന്നത്. ഭാര്യ നാല്പത്തഞ്ചാം വയസ്സിൽത്തന്നെ സന്യാസം സ്വീകരിച്ചമട്ടാണത്രെ.
ഒരുറക്കം പടിച്ചപ്പോഴാണ് തോന്നിയത്, അടുത്ത മുറിയിൽനിന്ന് എന്തെങ്കിലും ശബ്ദം കേട്ടുവോ? ദൈവമേ എന്തു ശബ്ദമാണത്? ഭാമ കണ്ണിറുക്കിയടച്ചു കിടന്നു. ഇപ്രാവശ്യം ഉറക്കത്തിന്റെ വക്കിലൊന്നും എത്തിയില്ല, അപ്പോഴാണ് ആ ശബ്ദം വീണ്ടും കേട്ടത്. മുപ്പർ ഇടയ്ക്കിടയ്ക്ക് ഇടത്തെ കൈ അനക്കാറുണ്ട്. അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമല്ല അതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. കൈ എന്തിന്റെയെങ്കിലും മേൽ തട്ടിയിട്ടുണ്ടാവും. പക്ഷെ അങ്ങിനത്തെ ശബ്ദമായിരുന്നില്ല ഇത്. തൊണ്ടയിൽനിന്നു വരുന്ന ഒരു ശബ്ദം. ഭാമയുടെ ബാക്കിയുള്ള ഉറക്കവും തെളിഞ്ഞു. അവൾ അടുത്ത മുറിയിൽപ്പോയി ലൈറ്റിട്ടു. ഭർത്താവിന്റെ കിടത്തത്തിൽ എന്തോ ഒരു പന്തിയില്ലായ്മ. അവൾ അടുത്തു ചെന്നു. അനക്കമില്ല. സാധാരണഗതിയിൽ ശ്വാസം വിടുന്നത് വളരെ വ്യക്തമായി മനസ്സിലാവാറുള്ളതാണ്. നെഞ്ഞ് ഉയരുന്നതും താഴുന്നതും കാണാൻ പറ്റും. അതിപ്പോൾ നിശ്ചലമായിരിക്കുന്നു. അവൾ അയാളുടെ മൂക്കിനു മീതെ കൈവച്ചുനോക്കി. ശ്വാസം നിന്നിരിക്കുന്നു.
ഭാമ ഓടിപ്പോയി സുനിലിനെ വിളിച്ചുണർത്തി.
'എന്താ, എന്താ?' അയാൾ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു.
'അങ്ങേര്.......'
എന്താണ് പറയുക? മരിച്ചുവെന്ന് ആരും പറയാറില്ല. ഇങ്ങിനെ കിടക്കുന്ന ഒരാളെപ്പറ്റി പറയുമ്പോൾ മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാവും. സുനിലിനും മനസ്സിലായി. അയാൾ ചോദിച്ചു.
'ഉറപ്പോണോ?'
'അതെ, ശ്വാസം വിടുന്നില്ല.'
അയാൾ അടുത്ത മുറിയിൽ ചെന്നു കട്ടിലിൽ അനങ്ങാതെ കിടക്കുന്ന ക്ഷീണിച്ച രൂപത്തെ നോക്കി. ആവൂ, അയാൾ ആലോചിക്കാൻ തുടങ്ങി. ഇനി ഇവിടെ വരാൻ നാളും സമയവുമൊന്നും നോക്കണ്ടല്ലൊ. രോഗിയെ നോക്കാൻ നിർത്തിയ പൂതത്തിനെ നാളെത്തന്നെ പറഞ്ഞയക്കാൻ പറയണം. അവളുള്ളപ്പോൾ ഒന്ന് കാണാനുംകൂടി പറ്റാറില്ല. അമ്പലത്തിൽവച്ച് അപൂർവ്വമായി കാണുമ്പോൾ സംസാരിക്കാൻ പറ്റാറുമില്ല. ഒരിക്കലേ വന്നുള്ളു, അപ്പോഴേയ്ക്ക് അവളുടെ ചോദ്യങ്ങൾ തുടങ്ങി. 'ഇതാരാ ചേച്ചീ?' ഭാഗ്യത്തിന് പൂതം വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ പോകും. പിന്നെ ഞായറാഴ്ച വൈകുന്നേരമേ തിരിച്ചുവരൂ. ആ ഒരു ദിവസംകൂടിയില്ലായിരുന്നെങ്കിൽ തന്റെ കാര്യം കഷ്ടമായേനേ. ഇനി യാതൊരു തടസ്സവുമില്ല. എപ്പോൾ വേണമെങ്കിലും വരാം. ഉച്ചയ്ക്ക് ലഞ്ചുടൈമിൽ ഇതൊരു സ്ഥിരം പരിപാടിയാക്കി മാറ്റാം.
സത്യഭാമയും അവളുടേതായ വഴിയിൽ ചിന്തിക്കുകയായിരുന്നു. കാമുകന്റെ മനസ്സിൽ നടക്കുന്ന വ്യാപാരങ്ങൾ അവൾ ഒപ്പിയെടുത്തിരുന്നു. കഴിഞ്ഞ മൂന്നു മാസമായി, ഭർത്താവിന് സ്റ്റ്രോക്ക് വന്ന് കോമയിൽ കിടപ്പിലായ അന്നുതൊട്ട് അയാളുടെ മനസ്സിലുള്ള മോഹങ്ങളാണ് അതൊക്കെ. അയാൾ ഉറക്കെ ചിന്തിക്കാതെത്തന്നെ അവൾക്കറിയാവുന്ന രഹസ്യങ്ങൾ. ഇടയ്ക്ക് അയാളുടെ മനസ്സിൽ തോണ്ടിനോക്കിയപ്പോഴാണ് അവൾക്കതെല്ലാം മനസ്സിലായത്. അവളുടെ പ്രശ്‌നം അതായിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പലത്തിൽ രാവിലെ തൊഴാൻ പോകുമ്പോൾ കാണാറുള്ള ചെറുപ്പക്കാരന് അയാൾ അർഹിക്കുന്ന ഒരു സ്ഥാനം കൊടുക്കണം. വളച്ചുകെട്ടില്ലാതെ പറയട്ടെ, അവൾ സ്വന്തം മനസ്സാക്ഷിയോട് പറഞ്ഞു. എനിക്കയാളെ ഇഷ്ടമാണ്. അയാളെ ഒരു ദിവസം വീട്ടിലേയ്ക്ക് വിളിക്കണം. അയാള് ഒരീസം വീടൊക്കെ ചോദിച്ചു മനസ്സിലാക്കിയിട്ട്ണ്ട്. പറഞ്ഞു വരുമ്പ അറിയണ വീട്ടിൽത്തെത്തന്ന്യാണ്. സുനീലിനെ വേണ്ടെന്നു വയ്ക്കാനല്ല. പക്ഷെ കാര്യം പറയട്ടെ എനിക്കിയാളെ കുറേശ്ശെ മടുത്തു തുടങ്ങിയിരിക്കുന്നു. എത്ര കാലായി ഇയ്യാള്‌ടെ ഒരേ തരം...... വല്ലപ്പോഴും വന്നോട്ടെ. എന്താ അതിൽ തെറ്റുള്ളത്. എനിക്ക് കൂടുതൽ സ്‌നേഹം കിട്ടുന്നതല്ലെ?
'ഭാമ വരൂ, സമയം അത്രെ്യാന്നും ആയിട്ടില്ല. ആരെയെങ്കിലും ഫോൺ ചെയ്തുണർത്തണങ്കിൽ ഒരഞ്ചു മണിയെങ്കിലും ആവണ്ടെ? ധൃതി കൂട്ടണ്ട.'
അവൾ അയാളുടെ പിന്നാലെ വരുമ്പോൾ ഭർത്താവ് കിടക്കുന്ന മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു.
'ഇനി പോവാൻ നോക്കു,' ഭാമ പറഞ്ഞു. 'ആരെങ്കിലും ഒക്കെ വരണേന്റെ മുമ്പെ എനിക്ക് കൊറേ ജോലിണ്ട്.'
'എന്ത് ജോലി?' അക്ഷമനായ സുനിൽ അവളെ മുറിയിലേയ്ക്ക് വലിച്ചുകൊണ്ട് പറഞ്ഞു. 'ഇനി ചുരുങ്ങീത് രണ്ടാഴ്ചക്കെങ്കിലും കാണാൻ കിട്ടില്ല. അപ്പൊ ഉള്ള സമയം ജോലീന്ന് പറഞ്ഞ് കളയ്യാണ്?'
'നോക്കു,' കട്ടിലിൽ സുനിലിന്റെ ഒപ്പം ഇരുന്നുകൊണ്ട് ഭാമ പറഞ്ഞു. 'അങ്ങേര് അങ്ങിനെ കെടക്കുമ്പോ....?'
'അതൊന്നും സാരല്യ.' ഭാമയെ കുറച്ചു നിർബ്ബന്ധിച്ച് കിടക്കയിൽ കിടത്തിക്കൊണ്ട് അയാൾ പറഞ്ഞു.
ഇയ്യാൾക്ക് ഒരുതരം ഭ്രാന്തുതന്നെയായിരിക്കുണു. ഭാമ ചിന്തിച്ചു. ഇതെങ്ങിനെയെങ്കിലും നിർത്ത്വാണ് നല്ലത്. അമ്പലത്തിൽ കണ്ട ചെറുപ്പക്കാരനുമായി ഒരു ദിവസേ സംസാരിച്ചിട്ടുള്ളു. വഴീന്ന് കാണുമ്പഴൊക്കെ നല്ല ചിരിയാണ്. അതു മതി, ബാക്കി കാര്യങ്ങളൊക്കെ എളുപ്പല്ലെ. താല്പര്യല്ലാതെ ഒരു ചെറുപ്പക്കാരൻ തന്നെ നോക്കി ചിരിക്ക്യൊന്നുംല്ല്യ. വെളുത്ത വിരിഞ്ഞ മാറിൽ നിറഞ്ഞു നിൽക്കുന്ന രോമങ്ങൾ തനിക്കു കാണാനായിരിക്കും തോർത്തുമുണ്ട് ഇടയ്ക്ക് കൈവിട്ടു പോകുന്നത്. ആ മുപ്പത്തഞ്ചു വയസ്സുകാരന്റെ ദേഹം ഓർമ്മ വന്നപ്പോൾ അവളുടെ ദേഹം ചൂടു പിടിച്ചു.
കാമുകിയുടെ മനസ്സിലെ വ്യാപാരങ്ങൾ മനസ്സിലാവാത്തതുകൊണ്ട് അവളുടെ ദേഹത്തിന്റെ പ്രതികരണത്തിന്റെ കർത്താവ് താൻ തന്നെയാണെന്ന കാര്യത്തിൽ സുനിലിന് സംശയമുണ്ടായിരുന്നില്ല. എനിക്കറിയാം. അയാൾ സ്വയം പറഞ്ഞു. ഈ കാട്ടിക്കുട്ടൽ തന്നെയേ ഉള്ളൂ. താൻ ഒന്ന് തൊട്ടാൽ മതി പെണ്ണ് ചൂടായിക്കോളും.
അര മണിക്കൂറിനുള്ളിൽ സുനിലിനെ പറഞ്ഞയച്ചശേഷം ഭാമ സ്വയം പറഞ്ഞു. എന്തൊക്കെ ജോലി ചെയ്തു തീർക്കാനുണ്ട്? ബ്യൂട്ടി പാർളറിൽ പോണമെന്ന് വിചാരിച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. ഫേഷ്യലിന്റെയും പുരികത്തിന്റെയും സമയം വൈകിയിരിക്കുന്നു. പുരികം ഒരു കാടുപോലായിരിക്കുന്നു. തലമുടിയും കറുപ്പിക്കണ്ട സമയം അതിക്രമിച്ചു. ദൈവമേ, ഇന്ന് എത്രപേർ വന്നു കാണുന്നതാണ്! ഏതായാലും വേഗം ഒരു കുളി കഴിക്കാം. തലമുടി നരച്ചേടത്ത് തല്ക്കാലം കുറച്ച് കൺമഷി പുരട്ടാം. ഇപ്പോൾ ഡൈചെയ്യാനുള്ള സമയൊന്നുംല്ല്യ. അവൾ കുളിമുറിയിൽ കയറി. ഷാമ്പൂവിട്ട് തല പതപ്പിക്കുമ്പോൾ അവൾ ആലോചിച്ചു ആരെയൊക്കെ വിളിക്കണം? സുമിയെ ആദ്യം വിളിക്കാം. അതു കഴിഞ്ഞിട്ട് അങ്ങേര്‌ടെ പെങ്ങളെ വിളിച്ചിട്ട് എല്ലാവരേം അറിയിക്കാൻ പറയാം. പിന്നെ നാരായണേട്ടനെ അറിയിക്കണം. മൂപ്പര് എല്ലാ കാര്യങ്ങളും ഏറ്റെടുത്തോളും. തോർത്തിയശേഷം അവൾ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. അവൾക്കു പെട്ടെന്നു നാണമായി. അയ്യടാ, അവൾ സ്വയം പറഞ്ഞു, ഈ നാല്പത്തഞ്ചാം വയസ്സിലാണ് ഇതുവരെണ്ടായിട്ടില്ലാത്ത നാണം! ഡ്രൈയറെടുത്ത് തലമുടിയിൽക്കൂടി ധൃതിയിൽ ഓടിച്ച് അവൾ വസ്ത്രം ധരിക്കാൻ തുടങ്ങി. അലമാറ തുറന്ന് തന്റെ സാരികളുടെ കളക്ഷനിൽക്കൂടി കയ്യോടിച്ചുപോകുമ്പോൾ അവളെ കുഴക്കിയ പ്രശ്‌നം ഏതു സാരിയുടുക്കും എന്നതായിരുന്നു. സാരികൾ ഹാങ്ങറിൽ തൂക്കിയിട്ടിരിക്കയാണ്. വിലപിടിച്ച സാരികളെല്ലാം മടക്കി കവറിലാക്കി വച്ചിരിക്കയാണ്. ഒരു രണ്ടലമാറികൂടിയുണ്ടെങ്കിലേ അതെല്ലാം തൂക്കിയിടാൻ പറ്റൂ. മകൾ എപ്പോഴൂം കൊതിയോടെ തന്റെ സാരികൾ നോക്കിനിൽക്കാറുണ്ട്. അവൾ പറയും.
'അമ്മ മരിച്ചാൽ ഈ സാരിയൊക്കെ എനിക്ക് കിട്ടില്ലേ?'
'എന്റെ കാലത്തിന് ശേഷം നീ എന്താച്ചാ ചെയ്‌തോ. പക്ഷെ നിനക്കെന്തിനാ സാരി? നീയുണ്ടോ ഇതൊക്കെ ഉടുക്കാൻ പോണു?'
'ഉടുക്കാനല്ല.' സുമി പറയും. 'അമ്മ ചെയ്യണപോലെ എല്ലാം അലമാറിയിൽ ഇങ്ങനെ തൂക്കിയിടാനാ. എന്നാ അമ്മ മരിക്ക്യാ?'
'പോടി, കരിനാവോണ്ടൊന്നും പറയല്ലെ.'
ഇന്നവൾ കല്യാണം കഴിഞ്ഞ് ആസ്റ്റ്രേല്യയിലാണ്. അവൾ പറയാറുണ്ട്. അമ്മയോ അച്ഛനോ മരിച്ചാൽ എന്നെ അറിയിച്ചാ മതി. ഞാൻ വരാൻ കാത്തുനിൽക്ക്വൊന്നും വേണ്ട. ഞങ്ങൾക്ക് ലീവു കിട്ട്വോന്നൊന്നും അറീല്യ. എന്തായാലും ആദ്യം അവളെ ഫോൺ ചെയ്യണം. നളിനി വന്നാ ആദ്യം ചോദിക്ക്യ സുമിയ്ക്ക് ഫോൺ ചെയ്‌ത്വോന്നാവും.
സാരിയെടുത്ത് കട്ടിലിന്മേൽ വച്ച ശേഷം ബ്‌ളൗസും പാവാടയുമായി അവൾ മേക്കപ്പ് ചെയ്യാൻ തുടങ്ങി. ഫേസ്‌ക്രീമിട്ടു, കണ്ണെഴുതി, ബാക്കി വിരലിൽ നില്ക്കുന്ന കൺമഷി തലമുടി പല്ലിളിച്ചു കാട്ടുന്നിടത്തൊക്കെ പുരട്ടി. തലമുടി പിന്നിൽ റബ്ബർബാന്റിട്ട് കെട്ടിവച്ചു. കണ്ണാടിയിൽ നോക്കി. കുഴപ്പമില്ല. സാരിയെടുത്തുടുത്തു വീണ്ടും കണ്ണാടിയിൽ നോക്കി. സുന്ദരിയായിരിക്കുന്നു.
സമയം? അഞ്ചര മണി. ദൈവമേ. അവൾ ഭർത്താവു കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് അകത്തു കടന്നു. അനക്കമില്ലാതെ കിടക്കുകയാണ്. കണ്ണുകൾ അടഞ്ഞ നിലയിലാണ്. അവൾ തിരിച്ചുവന്ന് ഫോൺ ചെയ്യാൻ തുടങ്ങി. സുമി ഓഫീസിലായിരിക്കും.
ഭാഗ്യത്തിന് എളുപ്പം ലൈൻ കിട്ടി. ഭാമ പറയാൻ തുടങ്ങി. എങ്ങിനെയാണ് തുടങ്ങേണ്ടത്?
'ഇതേയ് അമ്മ്യാണ്.'
'പറയൂ.'
'അതേയ് അച്ഛനേയ്......'
'എന്താ അമ്മേ?'
'അച്ഛനേയ്...... ഇന്ന് രാവിലെ....'
'അയ്യോ, എപ്പഴേണ്ടായത്?'
'ഇതാ ഇപ്പത്തന്നെ. ഒരു പത്തു മിനുറ്റായിട്ടെള്ളു.'
'കഷ്ടായി. ഞങ്ങക്ക് ഇപ്പ വരാൻ പറ്റില്ലല്ലൊ അമ്മേ. ആഗസ്റ്റിലേ ലീവു കിട്ടു. എന്താ വേണ്ടത്ച്ചാ ചെയ്‌തോളു. പണം വേണോ? അല്ലെങ്കില് ഞാനൊരു പതിനായിരം അയക്കാം. ശരി, ഓഫീസില് തെരക്ക്ള്ള സമയാണ്‌പ്പോ.' അവൾ ഫോൺ വെച്ചു.
ഭാമ നളിനിയെ വിളിച്ചു. ഫോണെടുത്തത് അളിയനായിരുന്നു.
'എന്താ ഏടത്തിയമ്മേ?'
വിവരം പറഞ്ഞപ്പോൾ അയാൾ ഭാര്യയെ വിളിച്ചു. നളിനി വന്ന് ഫോണെടുത്തു.
'ഇന്ന് ശനിയാഴ്ച്യല്ലെ. ഞാനേയ് കുളിച്ച് അമ്പലത്തീല് പോവാൻ പൊറപ്പെട്ടതായിരുന്നു. അപ്പഴാണ് മുപ്പര് കെടക്കണേടത്ത്ന്ന് ഒരു ശബ്ദം കേട്ടത്. ഇതാ ഇപ്പൊ ഒരു പത്ത് മിനുറ്റായിട്ടില്ല. ഞാൻ ഒടനെ സുമീനെ വിളിച്ചു. ഇല്ല അവൾക്കിപ്പൊ വരാൻ പറ്റില്ലാന്ന്.'
മറുഭാഗത്തുനിന്ന് ഒരു തേങ്ങലും തുടർന്ന് ഒരു പൊട്ടിക്കരച്ചിലും. അളിയൻ ഭാര്യയുടെ കയ്യിൽനിന്ന് ഫോൺ വാങ്ങി.
'ഏടത്തിയമ്മേ ഞങ്ങളിപ്പൊ അങ്ങട്ട് എത്താം. അതിനെടേല് ഡോക്ടറെ ഒന്ന് വിളിച്ചു പറയൂ. അയാള് വന്ന് സർട്ടിഫിക്കറ്റ് തരണം.'
ഡോക്ടറെ വിളിച്ചു കഴിഞ്ഞാൽ ഇനി നാരായണേട്ടനിംകൂടി വിളിക്കണം. ബാക്കി കാര്യങ്ങളൊക്കെ അവരൊക്കെക്കൂടി ചെയ്‌തോളും.
പതിനഞ്ചു മിനിറ്റിനുള്ളിൽ ഡോക്ടർ വന്നു, നേരെ മുറിയിലേയ്ക്കു പോയി. പിന്നാലെ നളിനിയും അളിയനും. ഭാമയെ കണ്ടതോടെ പെങ്ങൾ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അതോടെ ഭാമയും കരച്ചിലായി. അളിയൻ ഡോക്ടറോട് സംസാരിച്ച് സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. പെങ്ങൾ തേങ്ങിത്തേങ്ങി കരയുകയാണ്. പിന്നെ വന്നത് ഭാമയുടെ ഏട്ടൻ നാരായണേട്ടനായിരുന്നു. ഒപ്പം ഏട്ടത്തിയമ്മയുമുണ്ട്. ഭാമ അവരുടെ അടുത്തു ചെന്നു കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു. നളിനി അപ്പോഴും കരയുകയാണ്. ഡോക്ടർ സർട്ടിഫിക്കറ്റു തന്ന് പോയപ്പോൾ അളിയൻ ഭാര്യയെ വിളിച്ചു.
'നോക്കു, ഒന്നിങ്ങട്ടു വരു.'
എന്താണ് കാര്യമെന്ന മട്ടിൽ നളിനി ഭർത്താവിന്റെ അടുത്തേയ്ക്കു പോയി. അയാൾ അവളെ പിടിച്ച് സിറ്റിങ് റൂമിന്റെ അറ്റത്തു കൊണ്ടുപോയി.
'എന്തിനാണ് ഇങ്ങനെ വാവിട്ട് കരേണത്?'
'എനിക്കിപ്പൊ ചേട്ടത്തിയമ്മടെ സങ്കടം കണ്ടിട്ടാ. പാവം.'
'പാവം! മണ്ണാങ്കട്ട.' അയാൾ ദേഷ്യത്തോടെ പറഞ്ഞു. 'നെനക്കൊരു കാര്യം അറിയോ? നെന്റെ ഏട്ടൻ മരിച്ചിട്ട് രണ്ട് മണിക്കൂറായിരിക്കുണു. അങ്ങിന്യാണ് ഡോക്ടറ് പറഞ്ഞത്.'
'അത്യോ? അപ്പൊ?'
മരിച്ചിട്ട് രണ്ട് മണിക്കൂറിന് ശേഷാണോ ആള് ശബ്ദംണ്ടാക്കിയത്? അമ്പലത്തീ പോവാൻ കുളിച്ച് പൊറപ്പെട്ടപ്പഴാണ് ശബ്ദം കേട്ടത്ന്നല്ലെ പറഞ്ഞത്?'
'ങാ.'
'ഇനി ഞാൻ മറ്റൊരു കാര്യം പറയാം.' അയാൾ സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു. 'ഇവിടെ സിഗരറ്റിന്റെ മണംണ്ട്ന്ന്ള്ളത് നീ ശ്രദ്ധിച്ച്വോ? ഇതാ ഈ ആഷ്‌ട്രേയില് രണ്ട് കുറ്റിണ്ട്. മിറ്റത്ത് ഒരു കുറ്റി കണ്ടു നമ്മള് വരുമ്പോ. പുതിയതാണ്. ഒന്നുകില് കോമേല് കെടക്കണ നെന്റെ ഏട്ടൻ സിഗരറ്റ് വലിക്കുന്നുണ്ട്. അല്ലെങ്കിൽ നിന്റെ ഏട്ടത്തിയമ്മ.'
'അപ്പൊ നിങ്ങള് പറയണത്?.......'
'എന്ത് വേണങ്കിലും വ്യാഖ്യാനിച്ചാളു. ആരും കേൾക്കണ്ട. ഇത് അരമനരഹസ്യാണ്, എന്ന്വച്ചാ അങ്ങാടിപരസ്യം.'
'എന്റീശ്വരാ.....'
'ഇനിയെങ്കിലും നീയൊന്ന് കരച്ചില് നിർത്ത്. അങ്ങേര്‌ടെ കാര്യത്തില് എല്ലാർക്കും വ്യസനൊക്കെണ്ട്. പക്ഷെ ഇങ്ങനെ കെടക്കണതിലും ഭേദം മരിച്ചുപോവ്വല്ലേ?'
എട്ടു മണിയോടെ വരേണ്ടവരെല്ലാം വന്നു. എൻ.എസ്.എസ്സുകാർ മരണാനന്തര കർമ്മങ്ങൾ ഒരുക്കാൻ തുടങ്ങി. ഇലക്ട്രിക് ക്രിമറ്റേറിയത്തിൽ മതീന്ന അഭിപ്രായം സ്വീകരിക്കപ്പെട്ടു. ഒമ്പതു മണിയോടെ കൂട്ടക്കരച്ചിലിന്റെയും ബോധക്ഷയത്തിന്റെയും അകമ്പടിയോടെ ദേഹം പുറത്തേയ്‌ക്കെടുത്തു.
'ഇനി സ്ത്രീജനങ്ങളൊക്കെ കുളിക്കു.' ഒരു കാരണവർ ആവശ്യപ്പെട്ടു.
'ഞാനൊന്ന് കുളിച്ചു വരാം.' നളിനി നാരായണേട്ടന്റെ ഭാര്യയോടു പറഞ്ഞു. 'അതു കഴിഞ്ഞിട്ട് വേണം എന്തെങ്കിലും ഉണ്ടാക്കാൻ. പാവം ഏടത്തിയമ്മ രാവിലെത്തൊട്ട് വെള്ളംപോലും കുടിച്ചിട്ടില്ല.'
അവൾ അഞ്ചു മിനുറ്റുകൊണ്ട് കുളിച്ചുവന്ന് അടുക്കളയിൽ കയറി. തിരിച്ചുപോകാതെ അവിടവിടെ ചുറ്റിപ്പറ്റി നിന്ന ബന്ധുസ്ത്രീകളോട് കുളിക്കാൻ ആവശ്യപ്പെട്ടു. അകത്ത് കട്ടിലിന്മേൽ കരഞ്ഞു ചീർത്ത മുഖത്തോടെ, പാതി ബോധത്തോടെ കിടക്കുന്ന ഭാമയെ എങ്ങിനെയെങ്കിലും വിളിച്ചുണർത്തി കുളിമുറിയിലാക്കാനും പറഞ്ഞു. ഉപ്പുമാവ് അടുപ്പത്താക്കി വന്നു നോക്കുമ്പോൾ ഏടത്തിയമ്മ കുളിക്കാനായി കിടപ്പറയുടെ വാതിൽ അടയ്ക്കുന്നതാണ് കണ്ടത്.
'വേഗം കുളിച്ചു വരു. ഞാൻ ഉപ്പുമാവും ചായേം ഉണ്ടാക്കുന്നുണ്ട്.'
'ആ കുട്ടി ഇനി വല്ല അവിവേകും ചെയ്യോ ആവോ?' കുറച്ചു പ്രായംചെന്ന ഒരു സ്ത്രീ ആത്മഗതമായി പറഞ്ഞു. 'വാതിലും അടച്ചിട്ട്ണ്ട്...'
അടുക്കളയിലേയ്ക്കു പോകാൻ തിരിഞ്ഞ നളിനി പെട്ടെന്ന് നിന്നു. കുളിച്ചു വന്ന് വസ്ത്രം മാറ്റാനാണ് മുറിയുടെ വാതിൽതന്നെ അടയ്ക്കുന്നതെന്ന് അവൾക്കറിയാം. ജ്യേഷ്ഠൻ മരിച്ച ദിവസമായിട്ടും ഒരു നിമിഷം അവൾ എല്ലാം മറന്ന് മനസ്സിൽ ചിരിച്ചു. അവൾ അടുക്കളയിൽ പോയി ഉപ്പുമാവ് സൃഷ്ടിയിൽ ഏർപ്പെട്ടു. ഉപ്പുമാവ് വാങ്ങിവെച്ച ശേഷം ചായ ഉണ്ടാക്കുന്നതിനുമുമ്പ് എത്രപേരുണ്ടാവുമെന്ന് നോക്കാൻ അവൾ പുറത്തു കടന്നു. സംസ്‌കാരത്തിന് പോയവരെല്ലാം അര മണിക്കറിനുള്ളിൽ തിരിച്ചെത്തും. അവർക്കുകൂടി ഒന്നായിട്ട് ചായണ്ടാക്കാം. കിടപ്പറയുടെ വാതിൽ അപ്പോഴും കുറ്റിയിട്ടിരിക്കയാണ്. ഏട്ടത്തിയമ്മയുടെ നീരാട്ടിന് സമയമെടുക്കുമെന്ന് അറിയാവുന്നതുകൊണ്ട് അവൾ ശ്രദ്ധിക്കാൻ പോയില്ല. നേരത്തെ അവരെപ്പറ്റി വ്യാകുലപ്പെട്ട ആ സ്ത്രീ ഒരു കസേലയിലിരുന്ന് അടഞ്ഞ വാതിലിനുനേരെ പരിഭ്രാന്തയായി നോക്കി നാമം ജപിക്കുകയാണ്. അവരുടെ കൈവിരലുകൾ അസ്വസ്ഥമായി ഒന്നിനൊന്നു മുട്ടുന്നുണ്ട്.
ചായയുണ്ടാക്കിക്കഴിഞ്ഞപ്പോഴേയ്ക്ക് സംസ്‌കാരം കഴിഞ്ഞ് ആൾക്കാർ എത്തിയിരുന്നു. ഭർത്താവിനു കുളിക്കാനുള്ള തോർത്തുമായി നളിനി കാത്തുനിന്നു.
'പൊറത്ത്ള്ള കുളിമുറീല് കുളിച്ചോളു. ഇവിടെള്ള രണ്ട് കുളിമുറീലും ആള്ണ്ട്.'
ആ നിമിഷത്തിലാണ് കിടപ്പറയുടെ വാതിൽ തുറന്ന് ഭാമ പ്രത്യക്ഷപ്പെടുന്നത്. കുളിച്ച് തലമുടി ഉണക്കി ഭംഗിയിൽ പിന്നിൽ റബ്ബർബാന്റിട്ട് കെട്ടിവച്ചിരിക്കുന്നു. നെറ്റിയിൽ വലിയൊരു പൊട്ട് ഒട്ടിച്ചിട്ടുണ്ട്. സ്വതവേ വലിയ കണ്ണുകൾ നീട്ടിയെഴുതി കൂടുതൽ വലുതാക്കിയിരിക്കുന്നു. പച്ചയിൽ ചുവപ്പു കരയുള്ള സിൽക്ക് സാരിയുടെ മുന്താണിയുടെ അറ്റം മുമ്പിലേയ്ക്കിട്ടിരിക്കുന്നു. കാതിൽ പച്ചയും ചുവപ്പും കല്ലുകളുള്ള കമ്മൽ.
വിശ്വസിക്കാൻ കഴിയാതെ നളിനി നിന്നു. ഭർത്താവ് അവളുടെ കയ്യിൽനിന്ന് തോർത്തു വാങ്ങിക്കൊണ്ട് പറഞ്ഞു.
'നളിനീ....... വായ അടയ്ക്ക്.'