ഒരു പേരാലിന്റെ കഥ


ഇ ഹരികുമാര്‍

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഉമ്മറത്തിരിക്കുമ്പോഴൊക്കെ ഗോപിയ്ക്ക് തോന്നാറുണ്ട്, പെട്ടെന്ന് എല്ലാം ശാന്തമായ പോലെ. കാറ്റു വീശുന്നില്ല. മുറ്റത്തെ മൂവാണ്ടൻ മാവിന്റെ താഴ്ന്ന കൊമ്പുകളിൽ മാങ്ങകൾ തൂങ്ങിക്കിടക്കുന്നു. പറമ്പിൽ മരങ്ങളുടെ ഇലകൾ ഇളകുന്നില്ല. തെക്കെ പറമ്പിൽ കാനലില്ലാത്ത കണ്ടത്തിൽ പരമു മാത്രം ജോലി ചെയ്യുകയാണ്. അവൻ കറുത്ത എണ്ണമയമായ പേശികൾ ചലിപ്പിച്ച് നേന്ത്രവാഴ നടാനുള്ള കുഴി കുഴിക്കുകയാണ്. അവന്റെ കിളയ്ക്കലും ക്ഷീണിച്ച് മന്ദഗതിയിലായിരിക്കുന്നു.

അങ്ങിനെ നോക്കിനിന്നാൽ വൈകുന്നേരമാകും. പിന്നെ സന്ധ്യ വളരെ നിശ്ശബ്ദയായി വരുന്നു. സാവധാനത്തിൽ എല്ലാം അവ്യക്തതയിലേയ്ക്ക് തിരോധാനം ചെയ്യുന്നു. രാത്രിയാവുന്നതോടെയാണ് പറമ്പ് സജീവമാകുന്നത്. അപ്പോഴാണ് പറമ്പിലും മച്ചിനകത്തും കുടികൊള്ളുന്ന അദൃശ്യശക്തികളുടെ വിളയാട്ടം തുടങ്ങുന്നത്.

ആദ്യം പുറത്തിറങ്ങുന്നത് തെക്കെ പറമ്പിൽ കാഞ്ഞിര മരത്തിന്റെ ചുവട്ടിൽ കുടിയിരുത്തിയ ചൊവ്വയാണ്. പകൽ, ആണ്ടിലൊരിക്കൽ നെയ്യപ്പവും, മലരും,കുരുതിയും പൂജിച്ചു കിട്ടുന്നതും പ്രതീക്ഷിച്ച് ഇരിക്കുന്ന നിരുപദ്രവിയായ കരിങ്കല്ലു മാത്രമാണെങ്കിലും രാത്രിയായാൽ അവൾ വാളുമെടുത്ത് ഉറഞ്ഞെഴുന്നേൽക്കുന്നു. പടിഞ്ഞാറെ പറമ്പിലെ പ്ലാവിൻ ചോട്ടിൽ എഴുന്നേറ്റു നിൽക്കുന്ന പറക്കുട്ടിയെ പോരിനു വിളിക്കുന്നു. പിന്നെ പൊരിഞ്ഞ യുദ്ധമാണ്. രണ്ടുപേർക്കും വെട്ടേൽക്കുന്നുണ്ട്. തലയിൽനിന്ന് രക്തം ഒഴുകും. എന്നാലും നിർത്തില്ല. പാതിരയാവുമ്പോൾ രണ്ടുപേരും വിരമിക്കുന്നു, കാരണം അപ്പോൾ ദേവിയുടെ തേരോട്ടമാണ്. തേരോട്ട സമയത്ത് ആ പറമ്പിൽ ആരേയും കാണാൻ പാടില്ല. പറമ്പിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ നിന്ന് തുടങ്ങുന്ന തേരോട്ടം വീട്ടിന്റെ മുറ്റം കടന്നുപോയി വടക്കു കിഴക്കു ഭാഗത്ത് പാമ്പിൻ കാവിൽ ചെന്നവസാനിക്കുന്നു. ഈ തേരോട്ടം കണ്ടുപിടിച്ചത് നാൽപ്പത്തഞ്ചു കൊല്ലം മുമ്പ് മുത്തച്ഛൻ പ്രശ്‌നം വെച്ചു നോക്കിയപ്പോഴാണ്. മുറ്റത്തിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിലായിരുന്നു കാലിത്തൊഴുത്ത്. ഒരുകാലത്ത് വളരെയധികം പശുക്കളും കാളകളും ഉണ്ടായിരുന്നുവത്രെ. ഒരിക്കൽ അടുത്തടുത്തായി രണ്ടുമൂന്നു പശുക്കൾ ചത്തു. പ്രശ്‌നം വെച്ചുനോക്കിയപ്പോഴാണ് മനസ്സിലാവുന്നത് ദേവിയുടെ തേർവാഴ്ചയുടെ വഴിയിലാണ് തൊഴുത്ത്. പാവം കാലികൾ, അവ വളരെ പേടിച്ചിട്ടുണ്ടാവണം. എന്തായാലും തൊഴുത്ത് അവിടെനിന്നു മാറ്റി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.

ദേവിയുടെ തേർവാഴ്ചയ്ക്കു മുമ്പുതന്നെ പുറത്തിറങ്ങുന്നവർ പിന്നേയുമുണ്ട്. മച്ചിനകത്തെ മുത്തപ്പൻ. പന്ത്രണ്ടു മണിയോടെ അദ്ദഹം പതുക്കെ മുരടനക്കുന്നു. പിന്നെ ശബ്ദമില്ലാതെ വാതിൽ തുറന്ന് പുറത്തിറങ്ങുന്നു. തട്ടുമ്പുറത്തെ മുത്തി അറിഞ്ഞാൽ കുഴപ്പമാണ്. അതുകൊണ്ട് മച്ചിന്റെ വാതിൽ ശബ്ദമുണ്ടാകാതിരിക്കാൻ എല്ലാ വെള്ളിയാഴ്ചയും എണ്ണയിടുന്ന പതിവുണ്ട്. മുത്തി സംസാരിക്കുമ്പോൾ താൻ അവിടെത്തന്നെയുണ്ടെന്ന് അറിയിക്കാൻ തന്റെ മൂളൽ ശബ്ദം മച്ചിനകത്ത് വെച്ചാണ് മുത്തപ്പൻ പുറത്തിറങ്ങാറ്.

പിന്നെ പാമ്പിൻ കാവിനടുത്തുള്ള തറയിലെ ബ്രഹ്മരക്ഷസ്സാണ് പുറത്തിറങ്ങുന്നത്. അദ്ദേഹം തറ വിട്ടിറങ്ങുന്നത് ദേവിയുടെ തേർവാഴ്ചയ്ക്ക് തൊട്ടുമുമ്പാണ്. ഒരിക്കൽ ബ്രഹ്മരക്ഷസ്സ് ഇറങ്ങാൻ കുറച്ചു വൈകി. മുമ്പിൽ കണ്ടത് ആറു കുതിരകൾ വലിക്കുന്ന തേരാണ്.

ആ കൊല്ലം വീട്ടിൽ ആറു പേർ മരിച്ചുവത്രെ. അതും പ്രശ്‌നം വെച്ചപ്പോൾ മനസ്സിലായതാണ്.

പിന്നെ ബ്രഹ്മരക്ഷസ്സിന്റെ തറയുടെ അടുത്തു തന്നെയുള്ള പാലമുകളിലെ യക്ഷികളാണ്. അവരെക്കൊണ്ട് ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല.

എന്തായാലും ഈ വിളയാട്ടങ്ങളെല്ലാം തുടങ്ങുന്നത് രാത്രി പത്തു മണി കഴിഞ്ഞിട്ടാണെന്ന് ഓർത്ത് ഗോപി സമാധാനിക്കാറുണ്ട്. രാത്രി ചിലപ്പോൾ പടിഞ്ഞാറൻ കാറ്റിൽ കുരുതിയും കുങ്കുമപ്പൂക്കളും കലർന്ന വാസന വരുമ്പോൾ അവൻ തല മൂടിപ്പുതച്ചു കിടക്കും. മച്ചിനകത്ത് രാത്രി പോയാൽ മുത്തപ്പന്റെ ഇടവിട്ടുള്ള മൂളൽ കേൾക്കാമത്രെ. പലപ്പോഴും പകലും ആ മൂളൽ കേൾക്കാറുണ്ടെന്ന് മുത്തശ്ശി പറഞ്ഞു. അവൻ കിടന്നുറങ്ങിയിരുന്ന മുറി മുത്തശ്ശിയുടെ മുറിയിൽ നിന്നകന്നായിരുന്നു. അവന് മുത്തശ്ശിയുടെ മുറിയ്ക്കകത്ത് കിടക്കാൻ പേടിയാണ്, കാരണം അർദ്ധരാത്രിയിലെ ദേവിയുടെ തേർവാഴ്ചയും മുത്തശ്ശിയുമായി അവന്റെ കൊച്ചു മനസ്സ് കൂട്ടിക്കുഴച്ചിട്ടുണ്ട്. അവന്റെ സ്വപ്നങ്ങളിൽ തേരിലിരിക്കുന്ന ദേവിക്ക് മുത്തശ്ശിയുടെ ഛായയായിരുന്നു. വെള്ളിക്കമ്പിപോലത്തെ തലമുടിയും ചുളിഞ്ഞ മുഖവും അതേ ചുറുചുറുക്കും.

മുത്തശ്ശിയെ ഓർമ്മ വന്നപ്പോൾ അവന് ആ പേരാലിന്റെ ഓർമ്മ വന്നു. കിഴക്കെ പറമ്പിൽ തടിച്ച് ആരോഗ്യമുള്ള കുട്ടിയെപ്പോലെ നിൽക്കുന്ന ഒരു ആലിൻ തൈ താൻ അടുത്ത് കണ്ടുപിടിച്ചിരുന്നതും, ഒരു സ്വകാര്യമായി വെച്ചിരുന്നതും, ഇപ്പോൾ മരണവിധിയുടെ കീഴിൽ നിൽ ക്കുന്നതുമായ ഒരു പേരാൽ മരം.

അവന് ആ മരം രക്ഷിക്കേണ്ടതുണ്ട്.

രാവിലെയാണതുണ്ടായത്. പതിന്നാലു ദിവസം കിടപ്പിലായിരുന്ന മുത്തശ്ശി രാവിലെ എഴുന്നേറ്റ് മുറിയ്ക്കു പുറത്തു കടന്നു. ക്ഷീണം വകവെയ്ക്കാതെ ചുമരു പിടിച്ച് ഇടനാഴി കടന്ന് ഉമ്മറത്തെത്തി. രാവിലത്തെ വെയിൽ പ്രകാശമയമാക്കിയ ഉമ്മറത്ത് കസേരയിലിരുന്നപ്പോൾ മുത്തശ്ശി പറഞ്ഞു.

ആവൂ!

പുറത്തെ പച്ചപ്പ് ആവോളം ആസ്വദിച്ച് ഇരിക്കുമ്പോൾ മുത്തശ്ശിയ്ക്കു തോന്നി ഒന്നു പറമ്പിലിറങ്ങി നടക്കണം.

'അമ്മ ഇപ്പോൾ നടക്കാനൊന്നും പോണ്ട. കുറച്ചു കൂടി ശേഷിയുണ്ടാകട്ടെ.' അമ്മ പറഞ്ഞു.

മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കുകയല്ലാതെ സ്വന്തം അനുസരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല മുത്തശ്ശി. ഒരു കാര്യം പറഞ്ഞാൽ അതു നടത്തുക തന്നെ ചെയ്യും.

'ഗോപി', അമ്മ വിളിച്ചു. 'മുത്തശ്ശിക്ക് പറമ്പിലൊക്കെ നടക്കണംത്രെ. ഒന്ന് ഒപ്പം ചെല്ലു.സൂക്ഷിക്കണംട്ടോ മോനെ.'

'ആ അമ്മെ. ഞാൻ മുത്തശ്ശിയുടെ കൈ പിടിക്കാം.'

'ശരി.'

കൈ പിടിക്കലെല്ലാം മുറ്റം കടക്കുന്നവരേയെ വേണ്ടി വന്നുള്ളു. പറമ്പിലെത്തിയപ്പോളേയ്ക്ക് മുത്തശ്ശിയുടെ തേരോട്ടമായി. വാഴത്തോപ്പിലൂടെ,കവുങ്ങിൻ പറമ്പിലൂടെ മുത്തശ്ശി യാതൊരാശ്രയവും കൂടാതെ നടന്നു. കയ്പ പടർത്തിയതിൽ തൂങ്ങിക്കിടക്കുന്ന കൊച്ചു കായകൾ സസൂക്ഷ്മം പരിശോധിച്ചു. ഇനിയും പൂത്തിട്ടില്ലാത്ത മത്തവള്ളിയെ പ്രാകി.

'നീയിങ്ങനെ തിന്നു കൂടിക്കോ.'

അപ്പുറത്ത് നിറയെ കായ്ചു നിൽക്കുന്ന വെണ്ടച്ചെടികളെ അനുഭാവപൂർവ്വം നോക്കി. അവയ്ക്കിടയിൽ വളർന്നു വരുന്ന പുല്ലുകൾ കണ്ടപ്പോൾ മുത്തശ്ശിക്ക് ദേഷ്യം പിടിച്ചു.

'പരമു എവിടെ? അവനിപ്പോൾ വരാറില്ലെ? ഞാനൊരു രണ്ടു ദിവസം കിടപ്പിലായാൽ എല്ലാം അവതാളത്തിലായി. അവനോട് പറയണം ഈ പുല്ലൊക്കെ പറിച്ചുകളയാൻ.

'ശരി, മുത്തശ്ശി.'

പറമ്പിൽ നടക്കുമ്പോൾ മുത്തശ്ശിക്കുണ്ടാകുന്ന ചുറുചുറുക്ക് അവനെ അദ്ഭുതപ്പെടുത്താറുണ്ട്. തൊഴുത്തിൽ കെട്ടിയിട്ട പശുക്കൾ കയറഴിച്ചാൽ ഓടുന്നതു അവൻ കണ്ടിട്ടുണ്ട്. അതുപോലെയാണ് മുത്തശ്ശി. പുല്ലന്വേഷിച്ചുകൊണ്ടുള്ള ആ ഓട്ടം മുത്തശ്ശിയെ പറമ്പിൽ എല്ലായിടത്തും എത്തിച്ചു. അവസാനം കുലയ്ക്കാറായി നിൽക്കുന്ന നാല് തൈത്തെങ്ങിന്റെ നടുവിൽ മൂക്കുകയറിട്ടപോലെ നിന്നു.

അവിടെ നാലു തെങ്ങിൻ തൈകൾക്കിടയിൽ അപ്പോഴും നനവു വിട്ടിട്ടില്ലാത്ത മണ്ണിൽ ഒരു പേരാലിൻ തൈ പിച്ചവെയ്ക്കാൻ തുടങ്ങുന്ന കുട്ടിയെപ്പോലെ നിന്നിരുന്നു.

'പേരാലോ? ഇതെങ്ങിനെ ഇവിടെ വന്നു? ആ പരമൂന് കണ്ണില്ലെ? വാക്കത്തികൊണ്ട് ഇതൊന്നു വെട്ടിക്കളയായിരുന്നില്ലെ? തെങ്ങിന്റെ വളം മുഴുവൻ വലിച്ചെടുക്കും. പോരാത്തതിന് പറമ്പിന്റെ നടുവിൽ ആൽമരം നന്നോ?'

ഗോപി ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. മുത്തശ്ശി ആ ഭാഗത്തേയ്ക്കു പോകുമ്പോഴേ അവനു ഭയമായിരുന്നു. ആ പേരാലിൻ തൈ അവൻ കാണാൻ തുടങ്ങിയിട്ട് ഒരു മാസമായി. അതിന്റെ ഓരോ ഇലകൾ വിടരുന്നതും അവൻ നോക്കിനിന്നിരുന്നു. പരമു ഒരിക്കലത് വെട്ടിക്കളയാൻ ഭാവിച്ചപ്പോൾ അവൻ തടഞ്ഞതാണ്. പിന്നെ തെങ്ങിന് നനയ്ക്കുമ്പോഴൊക്കെ അവൻ കുറച്ചു വെള്ളം ആലിൻ തൈയ്യിനും ഒഴിച്ചിരുന്നു. ഒരു മാസത്തിനകം കൺമുമ്പിൽ വെച്ചുതന്നെ ആ തൈ ആരോഗ്യമുള്ള ചെടിയായി വളർന്നു. ഇപ്പോൾ നാലടി പൊക്കം വരും. വലിയ ഇലകൾ, മൃദുവായ തളിരുകൾ.

ഒരു മറുപടിക്കെന്നപോലെ മുത്തശ്ശി കാത്തു നിൽക്കുകയാണ്.

'അധോഗതി തന്നെ. ഞാൻ രണ്ടു ദിവസം കിടപ്പിലായപ്പോഴേക്ക് എന്തൊക്ക്യാണ് സംഭവിച്ചത്?.... ഗോപി, നീ പോയി ആ വെട്ടുകത്തി എടുത്തോണ്ടുവാ.'

'മുത്തശ്ശീ, നമുക്ക് പരമൂനോട് പറയാം. ഗോപി മടിച്ചുകൊണ്ട് പറഞ്ഞു. തൽക്കാലം മുത്തശ്ശിയുടെ കയ്യിൽനിന്ന് അതിനെ രക്ഷ്‌ക്കാമെങ്കിൽ പിന്നെ എന്തെങ്കിലും ചെയ്യാമെന്നവൻ കരുതി.

'വേണ്ട,' മുത്തശ്ശി പറഞ്ഞു, 'നീ പോയി ആ വെട്ടുകത്തി എടുത്തുകൊണ്ടുവാ.'

അവൻ മനസ്സില്ലാമനസ്സോടെ നടന്നു. വീട്ടിനു പിന്നിൽ പോയി കുറച്ചു നേരം വെറുതെ നിന്നു.മുത്തശ്ശി ആ പേരാലിൻ തയ്യിന്മേൽ കൈ വയ്ക്കരുതേ എന്നവൻ പ്രാർത്ഥിച്ചു.

എന്തായാലും രാവിലെ അതിനെ രക്ഷിക്കാൻ അവനു കഴിഞ്ഞു. വെട്ടുകത്തി കിട്ടിയില്ലെന്നും, അന്നുതന്നെ പരമു വരുമ്പോൾ അവനെക്കൊണ്ട് അതി കിളപ്പിച്ചു കളയാമെന്നും ഗോപി വാക്കു കൊടുത്തു.

ഇപ്പോൾ ഉച്ചയ്ക്ക് ഒറ്റയ്ക്ക് ഉമ്മറത്തിരിക്കുമ്പോൾ ആ പേരാലിൻ തയ്യിന്റെ ഗതിയോർത്ത് അവൻ വ്യസനിച്ചു. അച്ഛനോട് പറഞ്ഞ് അതിനെ എങ്ങിനെയെങ്കിലും രക്ഷിക്കാൻ പറ്റുമോ എന്നു നോക്കണം. മുത്തശ്ശി ഇനി നാളെ രാവിലെയോ പുറത്തിറങ്ങു. അതുവരെ സമയമുണ്ട്.

വൈകുന്നേരം അച്ഛൻ വന്നപ്പോൾ അവൻ ആശ്വസിച്ചു. സൗകര്യമായി പറയാനുള്ള അവസരവും പാർത്ത് അവൻ അച്ഛന്റെ പിന്നാലെ കൂടി. അച്ഛൻ വന്നാൽ ചായ കുടിക്കുന്നതിനു മുമ്പുതന്നെ പറമ്പിൽ നടന്നു നോക്കും. പരമുവിന്റെ ജോലിയുടെ പുരോഗതി പരിശോധിക്കും. പശുക്കളുടെ വയർ നിറഞ്ഞിട്ടില്ലെയെന്നു നോക്കും. എല്ലാ തെങ്ങുകൾക്കും കവുങ്ങുകൾക്കും വെള്ളം വിട്ടിട്ടുണ്ടോ എന്നു നോക്കും. അങ്ങിനെ നോക്കുമ്പോഴാണ് അവൻ പറഞ്ഞത്.

'മുത്തശ്ശി ആ പേരാൽ തയ്യ് വെട്ടിക്കളയാൻ പറഞ്ഞിരിക്കുന്നു.

അവൻ ആ പേരാലിന്റെ അരികിൽ നിന്നു. ആ ചെടിക്ക് അവനേക്കാൾ കുറച്ച് ഉയരം കൂടും.

'ആ, അതു വെട്ടിക്കളയണം.'

അച്ഛൻ പറഞ്ഞു.

മുത്തശ്ശി എഴുതിയ മരണക്കുറിമാനം അച്ഛൻ ഒപ്പിട്ടു എന്നർത്ഥം. ഇനി വലിയ ആശയ്‌ക്കൊന്നും വഴിയില്ലെന്ന് അവൻ മനസ്സിലാക്കി. ഒന്നു പറഞ്ഞു നോക്കാമെന്നു മാത്രം. അവൻ പറഞ്ഞു.

'അച്ഛാ, ഇത് നല്ല ആരോഗ്യമുള്ള ഒരു തൈയ്യല്ലെ. എന്തിനാണ് കളയണത്?'

അച്ഛൻ ഒരു നിമിഷം ആ ചെടിയെ നോക്കി. ആരോഗ്യമുള്ള ചെടിതന്നെ. വലിയ ഇലകൾ. ഇളംതണ്ടിന് ചുവപ്പു നിറം. പിച്ച വെക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെപ്പോലെ ആ പേരാലിൻ തൈ അവർക്കു രണ്ടുപേർക്കുമിടയിൽ നിന്ന് ചാഞ്ചാടി.

'ആരോഗ്യംമാത്രം ഉണ്ടായാൽ പോര. അതിന്റെ ഉപയോഗവും കൂടി നോക്കണ്ടെ. ഒരു പേരാലുകൊണ്ട് വലിയ ഉപയോഗമൊന്നുമില്ല. വലുതായാൽ കുറേ തണൽ തരുമെന്നു മാത്രം. അതാകട്ടെ വല്ല നിരത്തിന്നരികിലാണ് ആവശ്യം താനും. ഇതിവിടെ നിന്നാൽ തെങ്ങുകൾക്ക് കേടാണ്. ഇതൊരസുരവിത്താണ്. ഇതിന്റെ വേരുകൾ എത്ര ദൂരം എത്തുമെന്നറിയാമോ?'

ഗോപിയുടെ മുഖം വാടിയിരുന്നു. അവൻ മഴക്കാലമായാൽ തൊടിയിലുടനീളം നടന്ന് കിട്ടുന്ന ചെടികളെല്ലാം ഒരു തോട്ടത്തിൽ വെച്ചുപിടിപ്പിക്കാറുണ്ട്. പലതിന്റെയും പേരറിയില്ല. പലതും പൂവിടാത്തതും ഇലകൾക്ക് ഭംഗിയില്ലാത്തതുമായിരിക്കും. പക്ഷെ മഴ പെയ്തു കഴിഞ്ഞാൽ നനഞ്ഞു കുതിൽന്ന മണ്ണിൽ വളർന്നു വരാനുള്ള ആ ആവേശം, ആ കുതിപ്പ് അവനിഷ്ടമാണ്.

അവൻ ഒരിക്കൽ കൂടി കെഞ്ചി നോക്കി.

'അതു വെട്ടണ്ട അച്ഛാ.'

'ഞാൻ പറഞ്ഞതുകൊണ്ടും കാര്യമില്ല.' അച്ഛൻ പറഞ്ഞു. 'മുത്തശ്ശി വിധി പ്രഖ്യാപിച്ചാൽ അത് നടന്നതു തന്നെയാണ്. ഇനി അപ്പീലില്ല.'

'അച്ഛൻ പറഞ്ഞുനോക്കു.'

ഞാൻ പറഞ്ഞതുകൊണ്ട് കാര്യല്യ മോനെ. ഇവിടത്തെ സസ്യജാലങ്ങളെല്ലാം മുത്തശ്ശിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ്. ശരിക്കു പറഞ്ഞാൽ ആരു പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. മുത്തശ്ശി തല വെട്ട് എന്നു പറഞ്ഞാൽ തല പോയതുതന്നെ.

ഗോപിയുടെ മുഖം വല്ലാതായി. അവൻ ദീർഘമായി നിശ്വസിച്ചു.

തലേന്നു വൈകുന്നേരം വെള്ളമൊഴിച്ച നനവ് അപ്പോഴും ആ തൈയ്യിന്റെ കടയ്ക്കലുണ്ടായിരുന്നു. അതു നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു.

'നീയിതിന് നനയ്ക്കാറുമുണ്ടോ?'

അവൻ തലയാട്ടി.

'പേരാലിന് ആരും നനയ്‌ക്ക്യൊന്നുംല്ല്യ.'

അവന് സങ്കടം വരുന്നുണ്ടായിരുന്നു. അവൻ പറഞ്ഞു.

'അച്ഛൻ ഒന്നുകൂടി മുത്തശ്ശിയോട് പറഞ്ഞുനോക്കു.'

'ഞാൻ പറഞ്ഞിട്ടു കാര്യല്യ മോനെ. ഞാനെന്നല്ല, ആരു പറഞ്ഞിട്ടും. ഇനി അമാനുഷികശക്തികള് വല്ലതും വേണ്ടിവരും മുത്തശ്ശിടെ തീരുമാനം മാറ്റാൻ.'

അമാനുഷിക ശക്തികൾ!

പെട്ടെന്ന് പ്രശ്‌നത്തിന്റെ ഉത്തരം തടഞ്ഞതായി അച്ഛനും തോന്നിയിട്ടുണ്ടാകണം. അദ്ദേഹം പറഞ്ഞു.

'നോക്കട്ടെ വഴിയുണ്ടാക്കാം. ഏതായാലും പരമൂനോട് അത് വെട്ടേണ്ട എന്നു പറയ്.'

ഗോപിയ്ക്കു സന്തോഷമായി. അച്ഛൻ പോയിട്ടും അവൻ ആ ചെടിയുടെ അരികിൽ ചുറ്റിപ്പറ്റി നിന്നു. തൽക്കാലത്തേക്കെങ്കിലും ശിക്ഷ നീട്ടിക്കിട്ടിയ ആ ചെടി തന്നെ നന്ദിപൂർവ്വം നോക്കുന്നതായി അവനു തോന്നി.

രാത്രി സ്വപ്നത്തിൽ അവൻ വീണ്ടും ദേവിയുടെ തേരോട്ടം കണ്ടു. തലയിൽ വെള്ളിക്കമ്പികളും ചുളിഞ്ഞതെങ്കിലും ശ്രീയുള്ള മുഖവുമായി ഭഗവതി ഒരു വെട്ടുകത്തിയും ഉയർത്തി തേരിൽ നിൽക്കുകയാണ്. പറമ്പിലെവിടെയോ വഴിയിൽ സഹായത്തിനുവേണ്ടി നിലവിളിക്കുന്ന ആ കുട്ടി ഏതാണ്?

രാവിലെ ഉണർന്നപ്പോൾ കിണറ്റു കരയിൽനിന്നു കേൾക്കുന്ന കപ്പിയുടെ കരച്ചിൽ, അടുക്കളയിൽ നിന്നൊഴുകി വരുന്ന ദോശയുടെ മണം, കാക്കകളുടെ കരച്ചിൽ, ഇവയിലൊന്നും അപകടസൂചനയുണ്ടായിരുന്നില്ല.

ഉമ്മറത്ത് ജ്യോത്സ്യർ എത്തിയിരുന്നു. അദ്ദേഹം അച്ഛനുമായി സംസാരിക്കുകയാണ്. അപ്പോഴാണ് ഗോപി ഓർത്തത്. ഇന്ന് മുത്തശ്ശിയുടെ അസുഖകാരണമറിയാൻ പ്രശ്‌നം വെച്ചു നോക്കുകയാണ്.

അവൻ കിഴക്കേ പറമ്പിൽ പോയി നോക്കി. ഇല്ല, പേരാലിന് അപകടമൊന്നും പറ്റിയിട്ടില്ല. ഇന്ന് പ്രശ്‌നം വെക്കുന്ന തിരക്കിൽ മുത്തശ്ശി രാവിലെ പുറത്തേക്കിറങ്ങുകയുണ്ടാവില്ല. അതിനിടയക്ക് അച്ഛൻ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു.

ജ്യോത്സ്യർ കിഴക്കോട്ട് തിരിഞ്ഞ് പുൽപ്പായിൽ ചമ്രം പടിഞ്ഞിരിക്കയാണ്. കറുത്ത സിമന്റിട്ട നിലത്ത് ചോക്കു കൊണ്ട് വരച്ച കള്ളികളിൽ ഗ്രഹങ്ങൾ ഒതുങ്ങി. കവിടികൾ അന്യോന്യം നോക്കിയിരിപ്പായി. സംഘട്ടനത്തിന്റെ നിമിഷങ്ങൾ. മുത്തശ്ശി മുമ്പിലിരുന്ന് ജ്യോത്സ്യർ പറയുന്ന ഓരോ വാക്കുകളും നിലത്തു വീഴാതെ പിടിച്ചെടുക്കുകയാണ്. പാപഗ്രഹങ്ങൾ മുത്തശ്ശിയുടെ തലയ്ക്കു മീതെ വട്ടമിട്ടു പറന്നു.

ജ്യോത്സ്യൻ ദൈവജ്ഞനായി. ദോഷകാരണങ്ങൾ പ്രവചിക്കപ്പെട്ടു. ബുധന് ലഗ്നാലും ചന്ദ്രാലും അഷ്ടമാധിപത്യമാണ്...... അരിഷ്ടകാലായിട്ട് കൂട്ടാം.

പ്രതിവിധികൾ നിർദ്ദേശിക്കപ്പെട്ടു. ഒരു വഴിപാട്, ഗണപതിഹോമം, ദേവിക്ക് പുഷ്പാഞ്ജലി.

അന്തരീക്ഷം വീണ്ടും ശാന്തമായി. ക്ഷിപ്രകോപികളായ പാപഗ്രഹങ്ങളെ തളയ്ക്കപ്പെട്ടു. അച്ഛൻ ചോദിച്ചു.

'ഇനി, മച്ചിൽ കുടിയിരുത്തിയ ഇഷ്ടദേവതകൾക്ക് അപ്രിയായതൊന്നും ഉണ്ടായിട്ടില്ലല്ലോ.'

'എന്തേ അവര് വല്ലതും പറയ്യണ്ടായോ?'

ഒരു ചിരിയോടെ ജ്യോത്സ്യർ ചോദിച്ചു. 'പൂജകളൊക്കെ മുറയ്ക്കുതന്നെ നടക്കുന്നില്ലെ?'

'ഉവ്വ് വ്വ്.' മുത്തശ്ശിയാണ് പറഞ്ഞത്. 'അതിനൊന്നും ഒരു മുടക്കും പറ്റീട്ടില്ല.'

ജ്യോത്സ്യർ കണ്ണടച്ച് കവിടിസഞ്ചയം ഉഴിയാൻ തുടങ്ങി. രണ്ടു മിനുറ്റോളം എടുത്ത ധ്യാനത്തിനു ശേഷം അദ്ദേഹം കണ്ണു തുറന്നു.

'അവർക്കൊക്കെ സുഖം തന്നെ,' ജ്യോത്സ്യർ തുടർന്നു, 'പക്ഷെ.....'

'എന്തേ?' മുത്തശ്ശി ആകാംക്ഷയോടെ ചോദിച്ചു.

'ചൊവ്വയ്ക്കിരിക്കാൻ വേറെ സ്ഥലം വേണംത്രെ.'

'കാഞ്ഞിരത്തിന്റെ താഴെ സ്ഥലം കൊടുത്തത് പോരെ?'

'പോര.'

'പിന്നെ?'

'ഒരു പേരാല് വേണംന്നാ പറയണത്. അതും കിഴക്കു ഭാഗത്ത് തന്നെ. കിഴക്കു ഭാഗത്ത് ഒരു പേരാൽ കാണണം, കാണാതെ വയ്യ. അവിടെ ഒരു തറ കെട്ടിക്കൊടുത്താ മതി.'

മുത്തശ്ശി അപ്പോഴേയ്ക്കും തലയിൽ കൈ വെച്ച് നാമജപം തുടങ്ങിയിരുന്നു. കൃഷ്ണാ, ഗുരുവായൂരപ്പാ....

അവർ എഴുന്നേറ്റ്, അൽപം ധൃതിയോടെ ഒതുക്കുകളിറങ്ങി മുറ്റത്തുകൂടെ നടന്നു പോകുന്നത് ഗോപി നോക്കിനിന്നു. മുറ്റത്ത് പറമ്പ് തുടങ്ങുന്നിടത്തുനിന്ന് അവർ കിഴക്കെ പറമ്പിലേയ്ക്കു നോക്കി.

ആവൂ അതവിടെത്തന്നെയുണ്ട്.

'ഗോപീ......' മുത്തശ്ശി വിളിച്ചു പറഞ്ഞു. 'നീ പരമൂനോട് പറേണം ആ ആലിൻ തയ്യ് ഒന്നും ചെയ്യരുത് ന്ന്. അതിനു ചുറ്റും കുറച്ച് ഇഷ്ടിക ഇപ്പൊത്തന്നെ കൊണ്ടുപോയി വെയ്ക്കണം.'

അവർ തിരിച്ചു വന്ന് ജ്യോത്സ്യന്റെ മുമ്പിലിരുന്നു.

'കൊടുങ്ങല്ലൂർ ഭഗവതീ,' അവർ ഉറക്കെ പറഞ്ഞു. 'അവിവേകൊന്നും ചെയ്യിക്കാതെ രക്ഷിച്ചു. ഒരഞ്ചുറുപ്പിക വഴിപാട് ഈ മാസംതന്നെ എത്തിക്കാം.'

'ഒരു സംശയം. അച്ഛൻ ജ്യോത്സ്യരോട് പറഞ്ഞു. 'ചൊവ്വയ്ക്ക് കുറച്ചുകൂടി വടക്കു ഭാഗത്ത് പാമ്പിൻകാവിന്റെ അടുത്ത് ഇരിക്കുന്നതിൽ വിരോധമൊന്നുമുണ്ടാവില്ലല്ലൊ. ഈ ആൽ തന്നെ അങ്ങോട്ട് പറിച്ചു നടാം. ഒരു ചെറിയ തറയും പണിയാം. പോരെ? അവിടെ തെങ്ങുകളൊന്നുമില്ലല്ലോ.'

'അതില് കുഴപ്പൊന്നുംല്യ.' ജ്യോത്സ്യൻ പറഞ്ഞു.

ജ്യോത്സ്യന്റെ ആ ഇരിപ്പ് ഗോപി ഇപ്പോഴും ഓർത്തു, മുപ്പതു വർഷങ്ങൾക്കു ശേഷവും. ചമ്രം പടഞ്ഞിരിക്കുകയാണെങ്കിലും ഒരു കാൽ മറ്റെ കാലിന്മേൽ കയറ്റി അല്പം ഉയർത്തിപ്പിടിച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ട്, അദ്ദേഹം പുകയിലക്കറ പറ്റിപ്പിടിച്ച പല്ലുകൾ മുഴുൻ പുറത്തു കാട്ടി ചിരിച്ചുകൊണ്ടിരുന്നു. കാലം കുറെ ആയിട്ടും ആ ചിരി ഗോപി കൃതജ്ഞതയോടെ മനസ്സിന്റെ അറകളിലൊന്നിൽ സൂക്ഷിച്ചുവെച്ചു.

ഇന്ന് അയാൾ മകന് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്രമേയ പ്രതിഭാസങ്ങളിലുള്ള വിശ്വാസം ഒരു മരത്തെ എങ്ങിനെ രക്ഷിച്ചുവെന്ന്. തണൽ വിരിച്ചു നിൽക്കുന്ന ആ മഹാവൃക്ഷത്തിനു ചുറ്റും കെട്ടിയിരുന്ന തറ പൊളിഞ്ഞു തുടങ്ങിയിരുന്നു. മരത്തിനടുത്ത് ഒരു കറുത്ത കല്ല് കിടന്നിരുന്നു. ചൊവ്വ. വർഷങ്ങളായി കുരുതി ധാരയും എണ്ണയും വീഴ്ത്തിയതിന്റെ ഫലമായി ആ കല്ലിന് ഒരു പ്രത്യേക മിനുസം വന്നിരുന്നു.

അവർ നഗരത്തിൻ നിന്ന് അച്ഛമ്മയുടെ ഒപ്പം ഒരാഴ്ച താമസിക്കാൻ വന്നതാണ്. പകൽ മുഴുവൻ അവർ പറമ്പിൽ അലഞ്ഞു നടന്നു. രാത്രി, നഗരശോഭയില്ലാതെ തെളിഞ്ഞു കാണുന്ന ആകാശത്തിനു താഴെ മുറ്റത്തിരുന്നുകൊണ്ട് ഗോപി തന്റെ പത്തു വയസ്സുള്ള മകന് മച്ചിൽ കുടിവെച്ച മൂർത്തികളെപ്പറ്റി പറഞ്ഞു കൊടുത്തു. ഒരു കോരിത്തരിപ്പോടെ അവൻ അതെല്ലാം കേട്ടു.

ഇത്രയധികം ദേവതകൾ! അച്ഛന്റെ കുട്ടിക്കാലം ബഹളമയമായിരുന്നിരിക്കണം. അവൻ ചോദിച്ചു.

'ഇതൊക്കെ ശരിക്കും ഉള്ളതാണോ അച്ഛാ?'

'നമുക്കറിയില്ല മോനെ. നമ്മുടെ അറിവിന്നതീതമായി പല പ്രതിഭാസങ്ങളും പ്രപഞ്ചത്തിലുണ്ട്. അവരൊക്കെ അവിടെ, മച്ചിനുള്ളിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് അച്ഛന് ഇഷ്ടം.'

ചില്ല - മെയ് 1991