ഇ ഹരികുമാര്‍
വാക്കുകൾ മൂർച്ചയുള്ള കല്ലുകൾപോലെ അന്യോന്യം എറിയപ്പെട്ടു. മുറിവുകളിൽ നിന്നു ചോര വാർന്നു. അമ്മയുടെ അടുത്തുനിന്ന അഞ്ചു വയസ്സുകാരി പകച്ചുനിന്നു. എന്താണു സംഭവിക്കുന്നതെന്നറിയും മുമ്പ് അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. കുന്നിന്റെ താഴ്‌വരയിലൂടെ പോയ അച്ഛൻ മരങ്ങൾക്കിടയിൽ അപ്രത്യക്ഷനായി. അതിനുമപ്പുറത്ത് തേയിലത്തോട്ടങ്ങളാണ്. അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭൂപ്രദേശം.
അച്ഛൻ പിന്നെ ഒരിക്കലും വന്നില്ല. അവൾ വിശപ്പറിഞ്ഞു. അച്ഛന്റെ പിണങ്ങിപ്പോകലും വിശപ്പുമായുള്ള ബന്ധം അവൾ അറിയാറുണ്ട്. ഇപ്രാവശ്യം അത് വളരെ രൂക്ഷമായെന്നു മാത്രം. ഒരു രാവിലെ എഴുന്നേറ്റപ്പോൾ അവൾ കണ്ടു, അമ്മയുടെകൂടെ ഒരാൾ കിടക്കുന്നു. അച്ഛനായിരിക്കുമെന്നു കരുതി അവൾ സന്തോഷിച്ചു. അയാൾ എഴുന്നേറ്റപ്പോൾ അവൾക്കു മനസ്സിലായി, അത് വേറെ ആരുടെയോ അച്ഛനാണെന്ന്. എന്നാലും കുഴപ്പമില്ല. ഒരച്ഛനല്ലേ.
അച്ഛന്മാർ മാറിമാറി വന്നു. വന്നവർ അവളോട് നന്നായി പെരുമാറി. ചിലർ അവൾക്കു മിട്ടായി കൊണ്ടുവന്നു. പക്ഷേ രാവിലെയായാൽ എല്ലാവരും തിരിച്ചുപോയി. കുന്നിൽചെരുവിലൂടെയുള്ള പാതയിൽ മരങ്ങൾക്കിടയിൽ അവർ നഷ്ടപ്പെടുന്നതുവരെ അവൾ ജനലിലൂടെ നോക്കിനിൽക്കും. ഒരച്ഛനെ സ്വന്തമായി കിട്ടാൻ അവൾ ആഗ്രഹിച്ചു.
കുന്നിന്റെ മുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകയറി. മരങ്ങൾക്കിടയിൽ ഇരുട്ടു പരന്നു. കാലവർഷത്തിന്റെ ആദ്യത്തെ ചൊരിച്ചിൽ അവൾ ജനലിലൂടെ നോക്കിക്കണ്ടു. പിന്നെ ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ വെള്ളച്ചാലുകൾ ഉണ്ടായി, അവ അരുവികളും തോടുകളുമായി മാറി. അവരുടെ കുന്നിനു തേയിലത്തോട്ടങ്ങളുമായി ബന്ധമില്ലാതായി. ഇനി രണ്ടു മാസത്തേക്ക് അവിടെ ആർക്കും വരാൻ കഴിയില്ല. അവൾ വീണ്ടും വിശപ്പറിഞ്ഞു. കുത്തിയൊഴുകുന്ന വെള്ളം ജനലിലൂടെ നോക്കിനിൽക്കുന്ന അവളുടെ അടുത്ത് അമ്മ വന്നുനിന്നു. അവൾ തലയുയർത്തിയപ്പോൾ അമ്മയുടെ കണ്ണിലൂറിയ ജലം കണ്ടു. അവൾ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു:
''അമ്മേ, അവരൊക്കെ എങ്ങോട്ടാ പോയത്?''