അലാവുദ്ദീനും യക്ഷിയും


ഇ ഹരികുമാര്‍

ദുഷ്ടനും മാന്ത്രികനുമായ അമ്മാവൻ പുറത്തു കാത്തു നിൽക്കെ അലാദിൻ ഗുഹക്കുള്ളിൽ അദ്ഭുതവിളക്കിന്നായി പരതുകയായിരുന്നു. അവസാനം അവൻ ക്ലാവു പിടിച്ച ഒരു വിളക്കു കണ്ടെത്തി.

അതുമായി ഗുഹാമുഖത്തെത്തിയ മരുമകനോട് അമ്മാവൻ ചോദിച്ചു.

'ബെളക്ക് കിട്ടിയോടാ ഹമ്‌ക്കേ?'

'കിട്ടി, ഇനി എന്നെ പുറത്തേയ്ക്ക് എടുക്ക്.'

'കാണട്ടടാ ബെളക്ക്. നീ നൊണ്യല്ലാതെ പറയൂലാ.'

'സത്യാണ്ന്നും. ഇതാ കണ്ടോളീ.'

അലാദിൻ പിന്നിലൊളിപ്പിച്ചുവച്ച വിളക്കെടുത്ത് ഉയർത്തിക്കാട്ടി.

അമ്മാവൻ തലയിൽ കൈവച്ചു നിലവിളിച്ചു. 'ന്റള്ളോ, അത് മലവാറീന്ന് ഇബിലീസ് കൊണ്ടന്നുബച്ച നെലബെളക്കാണെട പഹയാ. ഹറാമാണ്, വെക്കം ദൂരെക്കള.'
അതും പറഞ്ഞ് ആ ദുഷ്ടൻ ഗുഹാകവാടം ഭദ്രമായി അടച്ചു.

ഗുഹക്കകത്തെ ഇരുട്ടിലിരുന്ന് അലാദിൻ കരയാൻ തുടങ്ങി. കണ്ണീർ ധാരയായൊഴുകി നിലത്തുവച്ച നിലവിളക്കിൽ വീണു. പെട്ടെന്ന് നിലവിളക്ക് കത്താൻ തുടങ്ങി. തെളിഞ്ഞ നാളത്തിൽ നിന്ന് നീരാവിയും നിലാവും ഒരു പാടപോലെ പുറത്തുവന്നു. ഒരു നിമിഷത്തിനുളളിൽ അതു ഘനീഭവിച്ച് ഒരു സുന്ദരിയായ പെൺകിടാവായി മാറി. ചുറ്റും പാലപ്പൂമണം. അലാദിൻ ഈ കാഴ്ചയിൽ ആകൃഷ്ടനായി നിൽക്കെ എങ്ങിനെ തുടങ്ങണമെന്ന് ചിന്തിക്കുകയായിരുന്നു ആ സുന്ദരി. ആ ഇരുപതുകാരന്റെ ചോര തുടിക്കുന്ന ചുണ്ടിൽ നിന്നോ, കഴുത്തിൽനിന്നോ തുടങ്ങേണ്ടത്? അതോ..... അവൾ അലാദിനോടടുക്കുകയായിരുന്നു. അപ്പോഴാണ് അവൻ കണ്ടത്. വായിലെ കൊച്ചരിപ്പല്ലുകൾക്കു പകരം ദംഷ്ട്രകൾ നീണ്ടുവരുന്നു.

'ഇന്റള്ളോ!' അലാദിൻ നിലത്തു വീണുപോയി. എഴുന്നേറ്റ് ഓടാനായി ശ്രമിച്ചപ്പോൾ അവന്റെ മുണ്ട് സ്ഥാനം തെറ്റി മുൻഭാഗത്തെ നഗ്നത കാണപ്പെട്ടു. ആ നിമിഷത്തിൽ ഒരു നിലവിളി അവളിൽനിന്ന് പുറപ്പെട്ടു.

'എന്റെ ഭഗവതീ!'

അലാദിൻ ഭയത്തോടെ കണ്ണു തുറന്നു. അപ്പോൾ നിലവിളക്കുമില്ല, വെളിച്ചവുമില്ല, സുന്ദരിയായ പെൺകിടാവുമില്ല. ഇരുട്ടു മാത്രം.

ഇങ്ങിനെയുള്ള സംഭവങ്ങൾ ചരിത്രത്തിൽ ധാരാളം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അഹിന്ദുവായതുകൊണ്ട് ഒരു യക്ഷിയുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട സംഭവം ഇതാദ്യത്തേതാണ്.

മംഗളം വാരിക - 2004 ജൂലൈ 26