കടയിലേയ്ക്ക് മിട്ടായി വാങ്ങാൻ ഓടിയിരുന്ന ആറു വയസ്സുകാരൻ ഒരു ഗെയ്റ്റിനു മുമ്പിലെത്തിയപ്പോൾ പെട്ടെന്ന് നിന്നു. അകത്ത് അവന്റെ ശ്രദ്ധയാകർഷിച്ച എന്തോ ഉണ്ടായിരുന്നു. ആ ഒറ്റനിലക്കെട്ടിടത്തിന്റെ ഇടതു വശത്തുള്ള ചെറിയ മുറി തുറന്നു കിടക്കയാണ്. വളരെ അപൂർവ്വമായേ ആ മുറി തുറന്നുകണ്ടിട്ടുള്ളു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് നാലാമത്തെ തവണയാണ് അങ്ങിനെ കണ്ടിട്ടുള്ളത്. ആ മുറിക്കുള്ളിൽ ഒരു വയസ്സായ മനുഷ്യനിരുന്ന് എന്തോ ചെയ്യുന്നുണ്ട്, അതീവ ശ്രദ്ധയോടെ. അയാൾക്കു ചുറ്റും നിരന്നിരിക്കുന്നത്........?
അവൻ ഗെയ്റ്റു കടന്ന് മുറ്റത്തു നിരത്തിയ മണലിൽക്കൂടി നടന്ന് അല്പം സങ്കോചത്തോടെ ഉമ്മറത്തെത്തി, മുറ്റത്തുനിന്നുതന്നെ മുറിയിലേയ്ക്കു നോക്കി. മുണ്ടും, കയ്യുള്ള വെളുത്ത ബനിയനും ധരിച്ച ആ അപ്പൂപ്പൻ എന്തോ ഉണ്ടാക്കുകയാണ്. അയാൾക്കു ചുറ്റും കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്നു. പാവകൾ, ബസ്സുകൾ, ട്രക്കുകൾ, എല്ലാം മരംകൊണ്ടുണ്ടാക്കി നിറം കൊടുത്തവ. ആ കളിപ്പാട്ടങ്ങൾ അടുത്തുനിന്നു കാണുവാനായി അവൻ ഉമ്മറത്തേയ്ക്ക് കയറി മുറിയുടെ വാതിൽക്കൽ ശങ്കിച്ചു നിന്നു. വെളിച്ചം മറഞ്ഞതിനാലായിരിക്കണം അപ്പൂപ്പൻ തലയുയർത്തി നോക്കി. അവൻ ചിരിച്ചു. ആ മനുഷ്യനും ചിരിച്ചു. മുഖത്തെ പാടെ നരച്ച താടി ചൊറിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.
'എന്താ മോനെ?'
അവൻ ആ മനുഷ്യന്റെ ചോദ്യത്തെപ്പറ്റി ഒരു നിമിഷം ആലോചിച്ചു. എന്താണാ ചോദ്യത്തിന്റെ അർത്ഥം? അവൻ തിരിച്ചു ചോദിച്ചു.
'ഈ കളിപ്പാട്ടങ്ങളൊക്കെ വിൽക്കാന്ള്ളതാണോ?'
'അല്ലാതെ? എല്ലാം വിൽക്കാനുള്ളതാണ്. എന്താ മോന് ഏതെങ്കിലും വേണോ?'
അവൻ തലയാട്ടി.
'അകത്ത് വന്നു നോക്കിക്കോളു, ഏതാ വേണ്ടത് ന്ന് പറഞ്ഞാ മതി.'
അതും പറഞ്ഞ് ആ മനുഷ്യൻ തിരിഞ്ഞ് ചിപ്പുളിയിട്ടു മിനുക്കിയ മരപ്പലകമേൽ വിരലോടിച്ച് അതിന്റെ മിനുസം പരിശോധിച്ചു. പിന്നെ ഓരോ കളിപ്പാട്ടങ്ങളെടുത്തു താല്പര്യത്തോടെ നോക്കുന്ന കുട്ടിയെ കൗതുകത്തോടെ നോക്കി. അവന്റെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങൾ അയാൾ പ്രത്യേകം ശ്രദ്ധിച്ചു, വീണ്ടും സമയം പാഴാക്കാതെ തന്റെ ജോലിയിലേയ്ക്കു തിരിഞ്ഞു. ഇടയ്ക്ക് ഓർമ്മ വരുമ്പോൾ അയാൾ കുട്ടിയുടെ നേരെ നോക്കും. അവൻ ഒരു ഡബ്ൾ ഡെക്കർ ബസ്സ് നിലത്ത് ഓടിച്ചു നോക്കുകയായിരുന്നു. ഒരിക്കൽ അയാൾ തലയുയർത്തി നോക്കിയപ്പോൾ അവനെ കണ്ടില്ല. അയാൾ പണിയിൽ മുഴുകി. മുറിയിൽ തീരെ സ്ഥലമില്ലാത്തതു കാരണം അവൻ മുറിക്കു പുറത്ത് ഉമ്മറത്ത് ഓടിച്ചു നോക്കാൻ പുറത്തു കടന്നതായിരുന്നു. അതയാൾ ശ്രദ്ധിച്ചില്ലായിരുന്നു.
അതൊരു നല്ല വണ്ടിയാണ്. കറുപ്പു ചക്രങ്ങൾ തടസ്സമില്ലാതെ തിരിയുന്ന ബസ്സിന് രണ്ടു തട്ടുകളുണ്ട്. ബസ്സിന്റെ പുറത്ത് മൂന്നു നിറങ്ങൾ. നടുവിൽ മഞ്ഞ, താഴെ ചുവപ്പ് മുകളിൽ നീല. താഴത്തുനിന്ന് മുകളിലെ തട്ടിലെത്താൻ തവിട്ടു നിറത്തിലുള്ള കോണി. ഉള്ളിലെ സീറ്റുകളിൽ ഇരിക്കുന്ന ആളുകൾ. അവൻ അതുംകൊണ്ട് അപ്പൂപ്പന്റെ അടുത്തു ചെന്നു.
'അപ്പൂപ്പാ, ഈ ബസ്സിന് എന്താ വില?'
ആദ്യമായിട്ട് തന്റെ കളിപ്പാട്ടങ്ങൾ വാങ്ങാൻ വന്ന കസ്റ്റമറെ അയാൾ ആശ്ചര്യത്തോടെ നോക്കി. അവൻ പോയെന്നായിരുന്നു കരുതിയത്. എന്നെങ്കിലും, ആവശ്യക്കാർ നിരനിരയായി തന്റെ അടുത്തേയ്ക്കു വരുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്ര ആകസ്മികമായി, തീരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കസ്റ്റമർ, ഒരു കുട്ടി.
ഭാര്യ പറയാറുണ്ട്.
'അതെ, അങ്ങിനെ നോക്കിയിരുന്നാ മതി. ഇപ്പൊക്കെ ആരെങ്കിലും ഈ വക കളിപ്പാട്ടങ്ങള് വാങ്ങ്വോ? കടേല് പോയാൽ നല്ല പ്ലാസ്റ്റിക്കിന്റെ മിനുസള്ള കളിപ്പാട്ടങ്ങള് കിട്ടുന്നു. പിന്നെ ആരെങ്കിലും വര്വോ ഇവിടെ? നിങ്ങക്കത് പറഞ്ഞാ മനസ്സിലാവില്ല.
'നോക്ക്, പ്ലാസ്റ്റിക്കിന്റെ കളിപ്പാട്ടങ്ങളും ഈ മരത്തിന്റെ കളിപ്പാട്ടങ്ങളും ആയിട്ട് വളരെ വ്യത്യാസംണ്ട്. ഈ കളിപ്പാട്ടങ്ങൾ ആരെയും ഉപദ്രവിക്കില്ല. ഇത് മണ്ണില് ലയിച്ചു ചേരും. അതുപോല്യാണോ പ്ലാസ്റ്റിക്. ആയിരം കൊല്ലം കഴിഞ്ഞാലും അത് ദ്രവിക്കില്ല, മണ്ണ് തരിശാക്കിക്കൊണ്ട്, മനുഷ്യനെ ഉപദ്രവിച്ചോണ്ട് കിടക്കും. അതെടുത്ത് കളിക്കണ കുട്ട്യോൾക്ക് അലർജീം വരും. മരത്തിന്റെ ഈ കളിപ്പാട്ടങ്ങളെടുത്ത് കളിക്കണ കുട്ട്യോൾക്ക് അലർജി വരില്ല.'
'ന്ന്ട്ട് എന്താ നിങ്ങടെ അട്‌ത്തേയ്ക്ക് ആരും വരാത്തത്? എത്ര്യാണ്ടാക്കിവച്ചിട്ട്ള്ളത്. ആർക്കും വേണ്ടാത്ത സാധനങ്ങള്.'
'ഒരീസം വരും, ഇതൊക്കെ ഇഷ്ടള്ളോര്. അവര് കൊണ്ടോവും ചെയ്യും. നോക്കിക്കോ.'
'എനിക്ക് കേക്കണ്ട. ഞാനാച്ചാ ഈ സാധനങ്ങള് എന്റെ കുട്ട്യോൾക്ക് വേണ്ടി വാങ്ങില്ല്യ. ഒപ്പംള്ള കുട്ട്യോള് പ്ലാസ്റ്റിക്കിന്റെ തെളങ്ങണ കളിപ്പാട്ടങ്ങളുമായി കളിക്കുമ്പോ ഈ കളിപ്പാട്ടങ്ങളോണ്ട് കളിക്കണ കുട്ട്യോളെ പഴഞ്ചനെന്നു പറഞ്ഞ് കള്യാക്കും.'
വയസ്സൻ നിശ്ശബ്ദനായി. എന്നും ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ ആലോചിച്ചിരുന്നത് ഇതൊക്കെയായിരുന്നു. സ്വന്തം ഭാര്യകൂടി തന്നെ അഭിനന്ദിക്കുന്നില്ല. താനുണ്ടാക്കുന്ന സാധനങ്ങളുടെ മേന്മ അയാൾക്കറിയാമായിരുന്നു. കളിപ്പാട്ടങ്ങളുടെ ഓരോ കഷ്ണങ്ങളും എത്ര മിനുക്കിയെടുത്തിട്ടാണ് ഉണ്ടാക്കുന്നത്. ചിലപ്പോൾ ഒരു ചെറിയ കഷ്ണം മിനുക്കിയെടുക്കാൻ മണിക്കൂറുകൾ അദ്ധ്വാനിക്കേണ്ടി വരും. ഒടുക്കം തൃപ്തിവരാതെ കളയേണ്ടി വരാറുമുണ്ട്. ഓരോ കുട്ടിയ്ക്കും അദ്ഭുതങ്ങളുടെ നിമിഷങ്ങൾ പ്രദാനം ചെയ്യാൻ അയാൾ കളിപ്പാട്ടങ്ങളിൽ ഏറെ സമയം ചെലവാക്കി എന്തെങ്കിലും ഉണ്ടാക്കിവയ്ക്കാറുണ്ട്. എന്നെങ്കിലും ഇതിന്റെ വില അറിയുന്നവർ വരാതിരിക്കില്ല. ഇതിനെല്ലാം ആവശ്യക്കാരുണ്ടാകും.
റിട്ടയർ ചെയ്ത ശേഷം കുറേക്കാലം വെറുതെയിരുന്നു. പിന്നെ പുറത്തെങ്ങും പോകാൻ വയ്യാതായപ്പോൾ വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യാമെന്നു കരുതി. അങ്ങിനെ കളിപ്പാട്ടങ്ങളുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ വളരെയധികം പ്രോത്സാഹനം തന്നവളാണ് ഇപ്പോൾ ഇതു പറയുന്നത്. അന്നെല്ലാം താനുണ്ടാക്കിയ ഓരോ കളിപ്പാട്ടവും അവളെടുത്ത് കുറേ നേരം നോക്കി ആസ്വദിക്കാറുണ്ടായിരുന്നു. മനസ്സിലാവാത്തത് അയാളോട് ചോദിച്ചിരുന്നു. ചിലപ്പോൾ ഒരു കളിപ്പാട്ടത്തിന്റെ ഒരു പലകയ്ക്കു താഴെ അദ്ഭുതങ്ങളുടെ നിലവറ ഒരുക്കാറുണ്ടായിരുന്നു അയാൾ. അതു കണ്ടുപിടിക്കാൻ അവൾക്കാവില്ല. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്ന് ഒരു വീടെടുത്തു നോക്കി പറയുമ്പോഴാണ് അയാൾ മരത്തിന്റെ ഒരു ചെറിയ ബട്ടണമർത്തുകയും വെറും നിലമാണെന്നു കരുതിയിടത്ത് കുഞ്ഞു പാവകളുടെ വിരുന്ന് കാണപ്പെടുകയും ചെയ്യുക. അവളുടെ വിടർന്ന കണ്ണുകൾ അയാളുടെ മനസ്സിൽ ഇപ്പോഴുമുണ്ടായിരുന്നതു കൊണ്ടാണ് അവളുടെ മനസ്സിന്റെ ഇപ്പോഴത്തെ പരുക്കൻ അവസ്ഥയിൽ അയാൾക്ക് പരിഭവമൊന്നും തോന്നാത്തത്. ഒരുപക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളിൽ ഭർത്താവിന്റെ കളിപ്പാട്ടങ്ങൾ തഴയുന്നവർക്കെതിരെ രോഷമുണ്ടാകും. കാലങ്ങളായുള്ള നൈരാശ്യം അവളുടെ മനസ്സിനെ കഠിനമാക്കിയിട്ടുണ്ടാകും.
മുറിയിൽ വച്ച രണ്ടു ഷെൽഫുകളിൽ നിറയെ പലതരം കളിപ്പാട്ടങ്ങളാണ്. പല നിറങ്ങളിൽ, പല വലുപ്പത്തിൽ. വിടർന്ന കണ്ണുകളോടെ ആ കുട്ടി അതെല്ലാം നോക്കിക്കണ്ടു. അവന് ആ മുറിയിലെ എല്ലാ കളിപ്പാട്ടങ്ങളും വാങ്ങണമെന്നുണ്ട്.
അവൻ ട്രൗസറിന്റെ പോക്കറ്റിൽ തപ്പിനോക്കി. മിട്ടായി വാങ്ങാൻ അമ്മ തന്ന അഞ്ചുറുപ്പികയുടെ നാണ്യം കുറച്ചു നേരം തടവി നോക്കിയിട്ട് അവൻ വീണ്ടും ചോദിച്ചു.
'അപ്പൂപ്പാ ഇതിനെന്താ വെല?'
'അതിനോ?' അയാൾ തല ചൊറിഞ്ഞുകൊണ്ട് അവനെ നോക്കി. ശരിക്കു പറഞ്ഞാൽ തന്റെ കളിപ്പാട്ടങ്ങളുടെ മൂല്യമല്ലാതെ വിലയെപ്പറ്റി അയാൾ ആലോചിച്ചിരുന്നില്ല. ഇവിടെ ഇതാ ഒരു കസ്റ്റമർ അതു വാങ്ങാൻ തയ്യാറായി നിൽക്കുന്നു. ചെറുതെങ്കിലും താല്പര്യമുള്ള കസ്റ്റമർ.
'വിലയോ? നിന്റെ കയ്യിൽ എത്ര കാശുണ്ട്?'
അവൻ ധൃതിയിൽ പോക്കറ്റിൽനിന്ന് അഞ്ചു രൂപയുടെ സ്വർണ്ണനിറമുള്ള ഒരു നാണ്യമെടുത്ത് കാണിച്ചു.
'എവിടന്നാണ് പണം കിട്ടീത്?'
'അമ്മ തന്നതാ.'
'അമ്മ എന്തിനാ പണം തന്നത്?'
'മിട്ടായി വാങ്ങാൻ.'
'അപ്പൊ മോന് മിട്ടായി വാങ്ങണ്ടെ?'
'വേണ്ട ഇതു മതി.'
'തരൂ, അത് പൊതിഞ്ഞു തരാം.'
'പൊതിയണ്ട അപ്പൂപ്പാ, എന്റെ വീട് അടുത്തന്ന്യാ.'
അയാൾ അവൻ നീട്ടിയ അഞ്ചു രൂപയുടെ നാണ്യം വാങ്ങി. ആ കുട്ടി ധൃതിയിൽ മുറിയ്ക്കു പുറത്തു കടന്നു ഉമ്മറത്തുനിന്ന് മുറ്റത്തേയ്ക്ക് ചാടി പടിക്കലേയ്ക്കു ഓടിപ്പോകുന്നത് അയാൾ കൗതുകത്തോടെ നോക്കി.
ഒരു കുട്ടി ഭർത്താവുണ്ടാക്കിയ കളിപ്പാട്ടവുമായി ഓടിപ്പോകുന്നത് കണ്ട ഭാര്യ ധൃതിയിൽ പണിപ്പുരയിലേയ്ക്കു വന്നു.
'എതാ ആ കുട്ടി?'
'എനിക്കറീല്യ. അവൻ പക്ഷെ ഒരു കളിപ്പാട്ടം വാങ്ങി.' അയാൾ വിടർന്ന മുഖത്തോടെ അഭിമാനത്തോടെ പറഞ്ഞു.
'അവൻ വാങ്ങ്വേ? എത്ര രൂപ കിട്ടി.'
അയാൾ ആ വിലപിടിച്ച അഞ്ചു രൂപ നാണ്യം ഭാര്യയ്ക്ക് കാണിച്ചു കൊടുത്തു.
'അഞ്ചു രൂപയോ?' അവർ മൂക്കത്ത് വിരൽ വെച്ചുകൊണ്ട് ചോദിച്ചു.'അത്ണ്ടാക്കാൻ നിങ്ങള് ഒരാഴ്ചയെടുത്തതല്ലെ? മരത്തിന്റെ വെലകൂടി കിട്ടിയിട്ടില്ല, കഷ്ടം.'
'പക്ഷെ അവൻ ഞാനുണ്ടാക്കിയ കളിപ്പാട്ടം വാങ്ങി.'
'വലിയ കാര്യായി. അതിനുപയോഗിച്ച പെയിന്‍റിനു തന്ന്യായിട്ട്ണ്ടാവും ഇരുപതു രൂപ.'
അയാൾക്ക് വിഷമമൊന്നുമുണ്ടായില്ല. ഒരു കുട്ടി വീട്ടിൽ പോയി ആ ഇരുനില ബസ്സ് ഓടിക്കുന്നത് സ്വപ്നം കാണുകയായിരുന്നു അയാൾ. അതൊന്ന് തുടച്ച് വൃത്തിയാക്കി കൊടുക്കായിരുന്നു. ഇരുന്നിരുന്ന് അതു പൊടി പിടിച്ചിട്ടുണ്ടാവും. സാരല്യ അവന്റെ അമ്മയോ അച്ഛനോ അതു വൃത്തിയാക്കിക്കൊടുത്തിട്ടുണ്ടാവും. എന്നാലും അത് ഒരു കറയായി ആ മനുഷ്യന്റെ മനസ്സിൽ നിന്നു.
'നിങ്ങള് ഇനീം കാശു ചെലവാക്കി ഓരോന്ന്ണ്ടാക്കി വച്ചോളു. വരുന്നോർക്കെല്ലാം വെറുതെ കൊടുക്കാലോ.'
അയാൾ ഒന്നും പറയാതെ, ദേഷ്യത്തിൽ നടന്നുപോകുന്ന ഭാര്യയെ നോക്കി. പിന്നെ വീണ്ടും കളിപ്പാട്ടങ്ങളുണ്ടാക്കുന്നതിൽ മുഴുകി.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. അയാൾക്ക് ഞായറാഴ്ചയെന്നോ തിങ്കളാഴ്ചയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. രാവിലെ കഞ്ഞി കുടിച്ച ശേഷം അയാൾ ജോലിയിലേർപ്പെട്ടു. ഒരു വിളി കേട്ടാണ് അയാൾ തലയുയർത്തിയത്.
'അപ്പൂപ്പാ....'
അവൻ വീണ്ടും വന്നിരിക്കുന്നു. അയാളുടെ മുഖം വികസിച്ചു. അവൻ വാതിലിനു പുറത്ത് മറഞ്ഞുനിൽക്കുന്ന ആരെയോ മാടി വിളിക്കുകയാണ്. 'വരൂ.'
അവർ മടിയോടെ വാതിലിനു മുമ്പിൽ വന്നുനിന്നു.
'അച്ഛനും അമ്മീം ആണ്.' അവൻ പരിചയപ്പെടുത്തി. 'അപ്പൂപ്പനെ കാണണംന്ന് പറഞ്ഞിട്ട് വന്നതാ.'
'വരൂ.'
അവർ അകത്തു കടന്നു. ഷെൽഫുകളിലും നിലത്തുമായി വെച്ച കളിപ്പാട്ടങ്ങൾ അവർ അദ്ഭുതത്തോടെ നോക്കുകയാണ്. തൊട്ട അടുത്ത് താമസിച്ചിട്ടും ഇങ്ങിനെ ഒരു സ്ഥലം ഉണ്ടെന്ന് അറിയാതിരുന്നതെന്താണ്?
'ഇവൻ ഇന്നലെ ഇവിട്ന്ന് ഒരു മരത്തിന്റെ ബസ്സ് കൊണ്ടു വന്നിരുന്നു. അതവൻ വാങ്ങിയതാണെന്നു പറഞ്ഞു. നിങ്ങളവന് വെറുതെ കൊടുത്തതാണോ?'
'അല്ല, ഞാനത് അവന് വിറ്റതാണ്.' അയാൾ ഷെൽഫിന്മേൽ വച്ച അളുക്കിൽനിന്ന് ഒരു അഞ്ചു രൂപ നാണ്യം എടുത്തു കാട്ടി. സ്വർണ്ണനിറമുള്ള ആ കൈനേട്ടം അയാൾ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചിരിക്കയാണ്.
'അഞ്ചു രൂപയ്ക്ക് ആ കളിപ്പാട്ടമോ'
'അതെ, അവന്റെ കയ്യിൽ അത്രയേ ഉണ്ടായിരുന്നുള്ളു.'
'അതെങ്ങിന്യാ ശര്യാവ്വാ?'
അവർക്കാ കണക്കു മനസ്സിലായില്ല. ഒരു കസ്റ്റമറുടെ കയ്യിലുള്ള പണത്തിന്, അത് അത്രയേ ഉള്ളു എന്ന കാരണംകൊണ്ട്, അതിന്റെ എത്രയോ ഇരട്ടി വിലയുള്ള സാധനങ്ങൾ വിൽക്കുക!
'ഇതുപോലത്തെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾവരെ നൂറും ഇരുന്നൂറും വിലയ്ക്കാണ് കടകളിൽ വിൽക്കണത്. അപ്പൊ നിങ്ങളെന്തിനാണ് ഈ വിലയ്ക്ക് ഇത്രീം നല്ല സാധനം വിൽക്കണത്?'
അതിന് ആ മനുഷ്യന് മറുപടിയുണ്ടായിരുന്നില്ല. വിലയെപ്പറ്റി അയാൾ ഓർത്തിരുന്നില്ല. അതു വാങ്ങിയവർക്ക് കിട്ടുന്ന സംതൃപ്തിയും സന്തോഷവും മാത്രമേ അയാൾ പരിഗണിക്കുന്നുള്ളു. പക്ഷെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളേക്കാൾ മികച്ച സാധനമാണ് തന്റേതെന്ന് ആ മനുഷ്യൻ പറഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. വൈകീട്ടെങ്കിലും കിട്ടിയ അംഗീകാരം! അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
'അതിൽ അത്ര കാര്യമുണ്ടോ?'
'പക്ഷെ നഷ്ടത്തിലെന്തിനാണ് വില്ക്കണത്? അതാ ഞങ്ങൾക്ക് മനസ്സിലാവാത്തത്.'
'നഷ്ടത്തിലോ?' ഇതൊരു നഷ്ടമാണോ. അയാൾക്കതു മനസ്സിലാവില്ല. ഞാനുണ്ടാക്കുന്ന സാധനത്തിന് വിലയായി കിട്ടുന്നതിനോട് അതു വാങ്ങിയ ആൾക്ക് ലഭിക്കുന്ന സംതൃപ്തിയും സന്തോഷവും കൂടി കൂട്ടുമ്പോൾ എനിക്കതു ലാഭമല്ലെ? അതുപോലെ അതുണ്ടാക്കുന്ന സമയത്ത് അനുഭവിച്ച സന്തോഷവും സംതൃപ്തിയും. അയാൾ എന്തോ വിവരിച്ചുകൊടുക്കാൻ ഓങ്ങി, പിന്നെ തനിക്കതു നന്നായി സമർത്ഥിക്കാൻ കഴിയില്ലെന്നു തോന്നിയപ്പോൾ നിർത്തി.
കുട്ടിയുടെ അച്ഛനും അമ്മയും കൂടി അടക്കിയ സ്വരത്തിൽ എന്തോ സംസാരിക്കുകയാണ്. വൃദ്ധൻ ആ കുട്ടിയുടെ മുഖത്തു നോക്കി. അവൻ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഷെൽഫിന്മേൽ നിരത്തിവച്ച കളിപ്പാട്ടങ്ങൾ വിടർന്ന കണ്ണുകളോടെ നോക്കുകയാണ്. അതിലൊരെണ്ണം അവനിഷ്ടമായെന്നു തോന്നുന്നു. അവൻ ചോദിച്ചു.
'അപ്പൂപ്പാ, ഞാനാ വീട് ഒന്ന് എടുത്തു നോക്കട്ടെ? നിലത്ത് വീഴ്ത്തില്ല.'
അയാൾ എഴുന്നേറ്റ് സാമാന്യം വലുപ്പമുള്ള ആ ഇരുനില മാളിക ഷെൽഫിൽനിന്നെടുത്ത് നിലത്തു വച്ചുകൊടുത്തു. ചുറ്റും ഇളം നീലനിറത്തിൽ ചുമരുകളുള്ള മനോഹരമായ കെട്ടിടം. മുകളിൽ രണ്ടും താഴെ മൂന്നും മുറികളുണ്ട്. ജനലുകളിൽക്കൂടി വീട്ടിലെ അംഗങ്ങളെ കാണാം. ഊൺമേശമേൽ ഒരു തളികയിൽ പഴങ്ങൾ വച്ചിട്ടുണ്ട്. അടുക്കളയുടെ ഓടു മേഞ്ഞതിനു വശത്തായി പുക പോകാൻ ചിമ്മിനി. അവൻ ഷെൽഫിൽനിന്നു തന്നെ ഒരു കാറെടുത്ത് ആ വീട്ടിനു മുമ്പിൽ ചടഞ്ഞിരുന്നു. കാറെടുത്ത് വീടിന്റെ പോർട്ടിക്കോയിൽ വച്ചു.
കുട്ടിയുടെ അച്ഛൻ അതു ശ്രദ്ധിച്ചിരുന്നില്ല. അയാൾ എന്തോ പറയാനായി വൃദ്ധന്റെ നേരെ തിരിഞ്ഞു. വയസ്സൻ കുട്ടിയുടെ കളികൾ ഒരു പുഞ്ചിരിയോടെ ശ്രദ്ധിക്കുകയായിരുന്നു. മകൻ കളിപ്പാട്ടമെടുത്ത് കളിക്കാൻ തുടങ്ങിയത് അപ്പോഴാണ് അയാൾ കണ്ടത്. അയാൾ കളിപ്പാട്ടക്കാരനോട് പറഞ്ഞു.
'നോക്കു ഞങ്ങൾ ആ ബസ്സിന്റെ ശരിക്കുള്ള വില തരട്ടെ?'
'വേണ്ട.' അയാൾ പറഞ്ഞു. 'എനിക്കതിന്റെ വില കിട്ടി. ഒരാൾ എന്തു തരുന്നുവോ അതാണ് അതിന്റെ വില. പിന്നീട് ആ കുട്ടി അതെടുത്തു കളിക്കുമ്പോഴുണ്ടാകുന്ന കൗതുകവും സന്തോഷവും എനിക്ക് ബോണസ്സാണ്.'
'ശരി.' അയാൾ മകനോടു ചോദിച്ചു. 'നിനക്കാ വീട് ഇഷ്ടായോ?'
'ഊം......' അവൻ നീട്ടി മൂളി. 'എനിക്കീ കാറും ഇഷ്ടായി.'
'നോക്കു,' വൃദ്ധന്റെ നേരെ തിരിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. 'ഞങ്ങൾ ഈ വീടും കാറും വാങ്ങാൻ പോണു. എന്താ വില?'
പെട്ടെന്ന് ആ മനുഷ്യൻ വല്ലാതായി. അവർ ആ കളിപ്പാട്ടം വാങ്ങുമെന്ന് അയാൾ തീരെ പ്രതീക്ഷിച്ചില്ല.
'വില?' അയാൾക്ക് ഒന്നും പറയാൻ കിട്ടിയില്ല. പഴയ ഓർമ്മകൾ തിങ്ങി അയാളുടെ മനസ്സ് വേദനിച്ചു. ഈ കളിപ്പാട്ടങ്ങൾ വിൽക്കാൻ കടകളിൽ കയറിയിറങ്ങിയ കാലത്തെ അനുഭവങ്ങൾ. പുച്ഛഭാവം ചെറുതാക്കിയ കണ്ണുകൾ, അവഗണന. ഏതോ ഗതകാലത്തുനിന്ന് പ്രേതം കണക്കെ വന്ന് തന്റെ മുമ്പിൽ നിൽക്കുന്ന മനുഷ്യനോട് കടക്കാരൻ പറയുകയുണ്ടായി.
'ഇതൊക്കെ ആരു വാങ്ങാനാ? ഇവിടെ കെടന്ന് പൊടി പിടിച്ച് നാശാവ്വാന്നല്ലാതെ? നാലു കെട്ടിടത്തിന്റെ അപ്പറത്ത് ഒരു കടേണ്ട്, എന്തോ ഒരു എമ്പോറിയം. നിങ്ങള് അവിടെ പോയിനോക്ക്. അവിടെ ഇതുപോലത്തെ കളിപ്പാട്ടങ്ങള്ണ്ട്. ഒക്കെ പൊടിപിടിച്ച് കെടക്ക്വാണ്. ഞാൻ നാല് കൊല്ലം മുമ്പ് അതീന്റെ മുമ്പീക്കൂടെ പോയപ്പൊ കണാൻ തൊടങ്ങീതാ അതൊക്കെ. ഇപ്പഴും അതങ്ങിനെ കെടക്ക്വാ.'
കടയിലെ ചില്ലലമാറികളിൽ നിറയെ പ്ലാസ്റ്റിക്കിന്റെയും റബ്ബറിന്റെയും കളിപ്പാട്ടങ്ങൾ. കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ. ആ കളിപ്പാട്ടങ്ങൾ വാങ്ങാൻ ഒരാൾക്ക് അധികമൊന്നും ആലോചിക്കേണ്ടി വരില്ല.
അയാൾ പുറത്തിറങ്ങി, കടക്കാരൻ പറഞ്ഞ പീടികയിൽ പോയി നോക്കി. ശരിയാണ് എല്ലാം പൊടിപിടിച്ചു കിടക്കുന്നു. അയാൾ ഉള്ളിൽ കയറി. ഒരു പക്ഷെ ആ കളിപ്പാട്ടങ്ങൾ പുറത്തെ ഷോക്കേസിൽ കാഴ്ചക്ക് വെച്ചവയായിരിക്കും. അകത്തുവച്ച കളിപ്പാട്ടങ്ങളുടെയും സ്ഥിതി ഒട്ടും മെച്ചമായിരുന്നില്ല. തന്റെ സഞ്ചി നിലത്തുവച്ച് അയാൾ കൗണ്ടറിൽ നിന്ന് പെൺകുട്ടിയോട് ചോദിച്ചു. 'ഈ മരത്തിന്റെ പ്ലെയിൻ ഒന്നു കാണിച്ചു തരാമോ?'
'അത് കേടുവന്നതാ സാറെ. വിൽക്കാന്ള്ളതല്ല.' അതും പറഞ്ഞ് അവൾ അടുത്ത കൗണ്ടറിലുള്ള പെൺകുട്ടിയെ നോക്കി വായ പൊത്തി ചിരിക്കുകയാണ്.
'പറയൂ, എന്താ വില. ഇത് രണ്ടിനും കൂടി?' കുട്ടിയുടെ അച്ഛൻ വീണ്ടും ചോദിച്ചപ്പോഴാണ് വൃദ്ധന് പരിസരബോധമുണ്ടായത്.
'ശരിക്കു പറഞ്ഞാൽ എനിക്കറിയില്ല. ആരെങ്കിലും ഒരു ദിവസം വരും, ഇതെല്ലാം വാങ്ങുംന്നൊക്കെ ഒറപ്പായിരുന്നു. പക്ഷെ എനിക്കതിന്റെ വിലയെപ്പറ്റി അറിയില്ല. ഇത് മറ്റാരെങ്കിലും ആണ് ഉണ്ടാക്കീത് എന്നുവച്ചാൽ പറയായിരുന്നു. പക്ഷെ ഇത് ഞാൻ തന്നെയാണുണ്ടാക്കിയത്. ഓരോ ഭാഗവും നന്നായി മിനുക്കിയെടുത്ത്......'
'ശരി.' കുട്ടിയുടെ അച്ഛൻ പറഞ്ഞു. 'ഞാൻ അതിന്റെ വെല തരാം. വാങ്ങണം.'
'ശരി.....'
അയാൾ പഴ്‌സിൽ നിന്ന് ആയിരത്തിന്റെ ഒരു നോട്ടെടുത്ത് വൃദ്ധന്റെ കയ്യിൽ കൊടുത്തു.
'ഓ..... എന്റെ കയ്യിൽ ചില്ലറയില്ല.' ആ നോട്ട് തിരിച്ചു നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. 'പിന്നെ എപ്പഴെങ്കിലും ഈ വഴിയ്ക്ക് പോകുമ്പോ തന്നാ മതി.'
'അല്ല വെച്ചോളു. അതാണ് ഇതിന്റെ വില. നിങ്ങൾ എത്ര ദിവസം മെനക്കെട്ടിട്ടാണ് ഓരോന്ന് ഉണ്ടാക്കണത്. നിങ്ങടെ സമയത്തിനും ഇല്ലേ വെല?'
'അതൊക്കെ ശര്യാണ്. പക്ഷെ ഇത് കൊറച്ച് കൂടുതലല്ലെ?'
'അത് വാങ്ങിവച്ചോളു.' വാതിലിനു പുറത്തുനിന്ന് ഒരു സ്ത്രീശബ്ദം.
അവർ തിരിഞ്ഞു നോക്കി. തലമുടി മുഴുവൻ നരച്ച ഒരു സ്ത്രീ, കോട്ടൺ സാരി. അടുക്കളയിൽ ജോലിയെടുക്കുകയായിരിക്കണം അവരുടെ സാരിയുടെ മുൻ വശം നനഞ്ഞിരുന്നു. അവരുടെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല.
'ഞങ്ങള് ഇവിട്ന്ന് രണ്ടാമത്തെ വീട്ടിലാ താമസം.' അയാൾ കൈ കൂപ്പി, ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ സ്ത്രീ പ്രതികരിച്ചില്ല. മുഖത്ത് ചിരിക്കണോ എന്ന സംശയം.
'എന്റെ ഭാര്യാണ്.' വയസ്സൻ പറഞ്ഞു. 'അവളാണ് എന്നെ നോക്കി നടത്തണത്. എനിക്ക് വയസ്സ് എൺപത്തിരണ്ടായി.'
'ഞങ്ങളിറങ്ങട്ടെ?' അയാൾ പറഞ്ഞു.
'വരട്ടെ. ഞാനത് പൊതിഞ്ഞ് തരാം.'
'ഏയ്, വേണ്ടാന്നേ. തൊട്ടട്ത്തല്ലെ വീട്?'
'എന്നാ ഞാനത് തൊടച്ച് തരാം. ഇന്നലെ മോന് വിറ്റ ബസ്സ് തൊടച്ചു കൊടുക്കാൻ മറന്നു. അവന്റെ കയ്യിലൊക്കെ അഴുക്കായിട്ടുണ്ടാവും.'
'അതൊന്നും സാരല്യ. ഇത് ഞങ്ങള് വീട്ടീ കൊണ്ടോയി നന്നായിട്ടു തുടയ്ക്കാം. എന്നാപ്പോരെ?'
അയാൾ ആ വീട് കയ്യിലെടുത്തു. മകൻ കാറും.
'അപ്പൂപ്പാ, താങ്ക്യു.'
'മോൻ എപ്പ വേണങ്കിലും വന്നോളു. ഈ കളിപ്പാട്ടൊക്കെ എട്ത്ത് കളിച്ചോളു. പണം തന്ന് വാങ്ങ്വൊന്നും വേണ്ട.'
അവർ പോയ ശേഷം അയാൾ ആ നോട്ടുമായി കുറേ നേരം ഇരുന്നു. തന്റെ താഴ്ന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഉത്സാഹത്തെ കൊച്ചു കൈകൾ കൊണ്ട് ഉയർത്തിക്കൊണ്ടുവന്ന ആ ഓമനയെ അയാൾ ഓർത്തു. കളിവീടിന്റെ രഹസ്യ അറയിൽ ഒരു ചെപ്പിൽ സൂക്ഷിച്ചുവച്ച മഞ്ചാടിക്കുരുക്കളുടെ നിധി അവൻ എപ്പോഴെങ്കിലും കണ്ടുപിടിക്കാതിരിക്കില്ല എന്നയാൾ ആശ്വസിച്ചു. അതിനിടയ്ക്ക് ഭാര്യ വന്ന് മേശമേൽ ചായ കൊണ്ടുവന്നു വച്ചതും, ആ നോട്ടു കയ്യിൽ നിന്നെടുത്തതും ഒന്നും അയാളറിഞ്ഞില്ല. അയാൾ ആ കുട്ടിയെപ്പറ്റി, അയാളുടെ ഉള്ളിലുള്ള കുട്ടിയെപ്പറ്റി, ആലോചിക്കുകയായിരുന്നു.