എങ്ങിനെ ഒരു ഭാര്യയെ ഒഴിവാക്കാം


ഇ ഹരികുമാര്‍

എങ്ങിനെ ഒരു ഭാര്യയെ ഒഴിവാക്കാം?

നിങ്ങളുടെ ജീവിതം വിലപിടിച്ചതാണ്. ഒരിക്കൽമാത്രം ജീവിച്ചനുഭവിക്കാനും ആസ്വദിക്കാനും പറ്റുന്ന അപൂർവ്വ പ്രതിഭാസം. അത് ദുഷ്‌കരമാക്കുന്ന ഭാര്യയെ എങ്ങിനെ ഒഴിവാക്കാം എന്നതിന് ഏതാനും സൂചനകൾ.

ഒന്ന്. ആത്മഹത്യ. ജീവിക്കുന്നതിൽ യാതൊരർത്ഥവുമില്ലെന്ന് ഭാര്യയെ മനസ്സിലാക്കിക്കുക. രണ്ടുപേരുംകൂടി മരിക്കുന്നതിന്റെ രസം ഒരു ഹരമാക്കി മാറ്റുക. രമണനിൽ നിന്ന് ധാരാളം വരികൾ ഹൃദിസ്ഥമാക്കി ഇടയ്ക്കിടയ്ക്ക് ചൊല്ലിക്കൊടുക്കുന്നത് നന്നായിരിക്കും. 'എങ്ങിനെ എളുപ്പം ആത്മഹത്യ ചെയ്യാം?' അല്ലെങ്കിൽ 'ആത്മഹത്യയ്ക്ക് നൂറു മാർഗ്ഗങ്ങൾ' തുടങ്ങിയ ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കണം. (പാശ്ചാത്യർ എഴുതിയത് ഉത്തമം.) ഒപ്പംതന്നെ അവസാന നിമിഷത്തിൽ അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴികളും കണ്ടുവയ്ക്കണം. ഉദാഹരണമായി കിണറ്റിൽ ചാടുകയാണെങ്കിൽ ആദ്യം ചാടാൻ ഭാര്യയെ പ്രേരിപ്പിക്കുകയോ, ഒപ്പം ചാടണമെന്ന് ഭാര്യ നിർബ്ബന്ധിക്കുകയാണെങ്കിൽ നമ്മുടെ അരയിൽ ഭാര്യ അറിയാതെ ഒരു കയർ കെട്ടി അതിന്റെ തലപ്പ് അടുത്തുള്ള തെങ്ങിന്മേൽ കെട്ടുകയോ ചെയ്യുക. തലേന്ന് പോയി തെങ്ങിന്റെ ബലം പരീക്ഷിക്കുന്നതാണ് ഉത്തമം. വിഷം കുടിക്കുകയാണെങ്കിൽ അതും ഭാര്യയെക്കൊണ്ട് ആദ്യം കുടിപ്പിക്കാൻ ശ്രമിക്കണം. കഴിയുന്നതും നിങ്ങളുടെ പാനീയത്തിൽ വിഷം ചേർക്കാതിരിക്കുക. പഴയ ഓർമ്മയിൽ കൊക്കൊക്കോലയോ പെപ്‌സിയോ ഉപയോഗിക്കുന്നത് റിസ്‌കിയാണ്.

രണ്ട്. ഭാര്യയുടെ ആരോഗ്യം നന്നാക്കുകയാണെന്ന മട്ടിൽ അവൾക്ക് ധാരാളം മുട്ടയും കൊഴുപ്പു കലർന്ന ആഹാരങ്ങളും കൊടുക്കുക. അവളെ ഒന്നാംതരം റസ്റ്റോറണ്ടിൽ കൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുക. താമസിയാതെ അവളുടെ രക്തത്തിൽ കൊളസ്റ്റ്രോൾ വർദ്ധിക്കുകയും ഹൃദയാഘാതമുണ്ടാവുകയും ചെയ്യും. പക്ഷെ ഇതൊരു ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യമാണ്. മാത്രമല്ല ധാരാളം പണച്ചെലവുള്ള കാര്യമാണുതാനും. (ഈ പരിപാടി കഴിയുമ്പോഴെയ്ക്ക് നിങ്ങൾ കുത്തുപാളയെടുത്താൽ അതിന് ഞാൻ ഉത്തരവാദിയല്ല.) ഇതു രണ്ടും ഫലിച്ചില്ലെങ്കിൽ,

മൂന്ന്. ഇന്ന് മലയാളത്തിലുള്ള ഏതെങ്കിലും ഉത്തരാധുനിക നിരൂപകന്റെ പഠനം അഞ്ചുമിനുറ്റ് വായിച്ചുകേൾപ്പിക്കുക.

നാല്. ശവപ്പെട്ടി ഓർഡർ ചെയ്യുക.

ജീവിതം ദുഷ്‌കരമാക്കുന്ന ഭർത്താവിനെ എങ്ങിനെ ഒഴിവാക്കാമെന്നതിന് മുകളിൽ കാണിച്ച നിർദ്ദേശങ്ങൾതന്നെ തലതിരിച്ച് പ്രയോഗിക്കാം. മൂന്നാമത്തേതൊഴിച്ച്. ഉത്തരാധുനിക നിരൂപണം വായിച്ചു കൊടുത്താൽ മരിക്കുന്നതിനു പകരം ആ ദുഷ്ടൻ ഉത്തരാധുനിക കഥകളെഴുതാൻ തുടങ്ങും. പിന്നെ ഭാര്യതന്നെയായിരിക്കും ഡെത്താവുക.

(ഉത്തരവാദിത്വ നിഷേധം: മുകളിൽ കൊടുത്ത പദ്ധതികളിൽ ഏതെങ്കിലും വിധത്തിൽ പാളിച്ചയുണ്ടായാൽ ഗ്രന്ഥകാരനോ പ്രസാധകനോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ജ്വാല ഓണപ്പതിപ്പ് - 2004