ഇ ഹരികുമാര്‍
ജ്ഞാനാനന്ദന്റെ ഒപ്പം പൂവറുക്കാൻ പോകാൻ സരളക്കിഷ്ടമായിരുന്നു. അവന്റെ സംസാരം കേൾക്കാൻ രസമുണ്ട്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി തൊട്ടുള്ള ശാസ്ത്രമതങ്ങൾ അവൻ പറഞ്ഞുതരും. കോടാനുകോടി ഗാലക്‌സികൾ, ഓരോ ഗാലക്‌സിയിലും കോടാനുകോടി നക്ഷത്രങ്ങൾ, അവയിൽ ഒരിടത്തരം നക്ഷത്രമായ സൂര്യൻ....
'ചേച്ചീ, ഈ പ്രപഞ്ചത്തെക്കുറിച്ചോർത്താൽ നമുക്കു വിശ്വാസിയാവാതിരിക്കാൻ വയ്യ.'
ജ്ഞാനാനന്ദൻ ധാരാളം വായിച്ചിരുന്നു. അവന്റെ അറിവു പ്രായത്തിൽ കൂടുതലുള്ളതായിരുന്നു. അവൾ കളിയായി പറഞ്ഞു.
'ഇത്രയും അറിവുണ്ടെന്നു കണ്ടതുകൊണ്ടാണോ ഗുരു ജ്ഞാനാനന്ദനെന്ന പേരിട്ടത്?'
അവൻ ചിരിച്ചു. പിന്നെ ആലോചിച്ചുകൊണ്ടു പറഞ്ഞു:
'അങ്ങനെയല്ല. നമ്മളെല്ലാം നമ്മുടെ പേരിനോടു നീതി പുലർത്താൻ ശ്രമിക്കയാണ് ചെയ്യുക. ആദ്യം പേർ കിട്ടുന്നു വലിയ പ്രതീക്ഷകളോടെ. പിന്നെ ആ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ, അതു നീതീകരിക്കാൻ നമ്മൾ ശ്രമിക്കുന്നു.'
ജ്ഞാനാനന്ദന് വിനോദിന്റെ പല ചേഷ്ടകളുമുണ്ട്. സംസാരത്തിൽ, അംഗവിക്ഷേപത്തിൽ. അതുകൊണ്ട് അവൻ സംസാരിച്ചുകൊണ്ടിരിക്കെ സരളയുടെ മനസ്സ് മധുരമായ ഓർമ്മയിലേക്കു വഴുതിപ്പോകുന്നു.
വിനോദിന്റെറ കയ്യിൽ തളർന്നു കിടന്ന് സരള അവൻ പറയുന്നതു ശ്രദ്ധിക്കും.
'ഏട്ടത്തിയമ്മ അടുത്തുള്ളപ്പോൾ എനിക്കെന്തു സമാധാനമാണെന്ന് അറിയ്യോ? അടുത്തില്ലാത്തപ്പോൾ ഏട്ടത്തിയമ്മ മാത്രമാണെന്റെ മനസ്സിൽ. ഒരു നോട്ടത്തിനായി, ഒരു സ്പർശത്തിനായി ഞാൻ ദാഹിക്കും.'
സരള അവൻ പറയുന്നതു കേട്ടുകിടക്കും, സംതൃപ്തയായി, അവനിൽനിന്നകലാൻ കഴിയാതെ.
'രാത്രിയാണ് ഏറ്റവും വിഷമം.' അവൻ പറയും. 'പത്തുമണിക്കു ഗോപിയേട്ടൻ കോണി കയറി വരുന്ന ശബ്ദം കേൾക്കാം. അതുകഴിഞ്ഞാൽ പത്തുമിനിറ്റിനുള്ളിൽ ഏട്ടത്തിയമ്മയുടെ കാലടി ശബ്ദം കേൾക്കാം. എത്ര മൃദുലമാണെന്നറിയാമോ ആ ശബ്ദം. എന്നാലും ഞാൻ കേൾക്കും.'
സരള ഓർക്കും. താൻ കൂജയിലും ഗ്ലാസിലും വെള്ളമായിവരും. കൂജയിലെ വെള്ളം മേശപ്പുറത്തു വച്ചു ഗ്ലാസിലെ വെള്ളവുമായി വിനോദിന്റെ മുറിയിലേക്കു പോകും. അവൻ വായിക്കുന്നതിന്റെ അടുത്തുചെന്ന് അവനോടു ചേർന്നുനിന്നു വെള്ളം മേശപ്പുറത്തുവയ്ക്കും. അവൻ പരിഭവത്തോടെ പറയും.
'ഇങ്ങനെയെങ്കിലും ഒന്നു കാണാൻ പറ്റുന്നുണ്ടല്ലോ.'
സരള നിസ്സഹായയായി അവനെ നോക്കും, കുനിഞ്ഞ് അവന്റെ കവിളിൽ ഉമ്മവച്ചു പുറത്തേക്കു പോകും.
'ഏട്ടത്തിയമ്മ പോയിക്കഴിഞ്ഞാൽ ഞാൻ ശരിക്കും വിഷമിക്കുന്നുണ്ട്.' വിനോദ് പറയും. 'നിങ്ങളുടെ വാതിൽ ചാരുന്ന ശബ്ദം കേൾക്കും. ഏട്ടത്തിയമ്മ സാരി അഴിച്ചു മാറ്റുന്നതു ഞാൻ ഭാവനയിൽ കാണും. വിളക്ക് ഊതിക്കെടുത്തി ബ്ലൗസും പാവാടയുമായി ഗോപിയേട്ടന്റെ അടുത്തുചെന്നു കിടക്കുന്നത്, ഗോപിയേട്ടൻ കെട്ടിപ്പിടിക്കുന്നത്, ഉമ്മവയ്ക്കുന്നത്.... ചെരിഞ്ഞുകിടക്കുമ്പോൾ താലിച്ചെയിൻ ഒളിപ്പിക്കുന്ന ഭംഗിയായ മാറിടം ഓർമ്മവരും. ഞാൻ തേങ്ങിക്കരയാൻ തുടങ്ങും'
സരള എല്ലാം കേട്ടുകിടക്കും. അവന്റെ മുഖം തന്റെ നഗ്നമായ മാറിൽ വെച്ചമർത്തും എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത്?'
'ഞാൻ നിന്റേതാണ് വിനൂ' അവൾ പറയും. 'നിന്റേതു മാത്രം.'
തീർച്യാണോ?'
'അതെ വിനു, തീർച്ച.'
അവൻ കുറച്ചു ശാന്തനാവും. പക്ഷേ മനസ്സാക്ഷി കാത്തുനിൽക്കുകയാവും അവനെ വേദനിപ്പിക്കാൻ. അവൻ പറയും.
'ഏട്ടൻ എന്റെ അച്ഛനെപ്പോലെയാണ്. എനിക്കുവേണ്ടിയാണ് പഠിത്തം നിർത്തിയത്, എന്നെ കോളജിലയയ്ക്കാൻ, എന്നിട്ട് ആ ഏട്ടനെ ഞാൻ വഞ്ചിക്കുകയാണ്. ഞാനൊരു പാപിയാണ്.'
'അതു സാരമില്ലല്ലോ,' സരള ആശ്വസിപ്പിക്കാൻ ശ്രമിക്കും. ഇതിൽ വഞ്ചനയൊന്നുമില്ല. ഞാൻ രണ്ടുപേരുടെയും ഭാര്യയാണെന്നു കരുതിയാൽ മതി. എനിക്കു രണ്ടു ഭർത്താക്കന്മാരാണെന്നു മാത്രം. അതിൽ തെറ്റൊന്നുമില്ല.'
വാസ്തവത്തിൽ സരളയ്ക്കു മനസ്സാക്ഷിക്കുത്തൊന്നുമുണ്ടായിരുന്നില്ല. അവളുടെ പുരുഷന്മാർ രണ്ടുപേരും ജ്യേഷ്ഠാനുജന്മാരാണ്. അവർ തമ്മിൽ സ്‌നേഹത്തിലാണുതാനും. സ്‌നേഹരാഹിത്യമുണ്ടാവുമ്പോഴെ പ്രശ്‌നങ്ങളുണ്ടാവു.
സരള അറിയാതെ പക്ഷേ അവളുടെ മനസ്സിലും പ്രശ്‌നങ്ങളുണർന്നിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവളിലെ ന്യായാധിപ ഉണർന്ന് അവളെ വിചാരണ ചെയ്യാറുണ്ട്. എന്തിനു വിനോദുമായി ഈ വിധത്തിൽ അടുത്തു? ആറുകൊല്ലത്തെ വൈവാഹിക ജീവിതത്തിൽ അവളുടെ ഗർഭപാത്രം തരിശായി കിടന്നുവെങ്കിലും മനസ്സിൽ സ്‌നേഹത്തിന്റെ, കരുണയുടെ നീരോട്ടമുണ്ടായിരുന്നു. വിനോദ് ഒരു മകനെന്നേ തോന്നിയിരുന്നുള്ളൂ. എന്നിട്ടു പെട്ടെന്നെന്തേ ഈ മാറ്റം?
ഈ വക ചിന്തകൾക്കിടയിലും സരള ആഹ്ലാദവതിയായിരുന്നു. അനുതാപത്തിന്റെ നിമിഷങ്ങളൊഴിച്ചാൽ വിനോദും സംതൃപ്തനായിരുന്നു.
ദുരന്തം പക്ഷേ അകലെയായിരുന്നില്ല.
ജ്ഞാനാനന്ദൻ വളരെ മുമ്പിലെത്തിയിരുന്നു. ഒരു തിരിവിൽ അവൻ കാത്തുനിന്നു. സാവധാനത്തിൽ നടന്നുവരുന്ന സരളയെ നോക്കി അവൻ ചോദിച്ചു:
'ചേച്ചി ക്ഷീണിച്ചുവോ?'
അവന്റെ മുഖത്തു കുട്ടിത്തമുണ്ടായിരുന്നു. അതു നോക്കിക്കൊണ്ടു നടക്കേ ജ്ഞാനാനന്ദനും വിനോദും തമ്മിലുള്ള സാദൃശ്യത്തിന്റെ യാദൃശ്ചികതയിൽ അവൾ സ്വയം മറന്നു. അവൾ പറഞ്ഞു.
'ഇല്ല വിനു'.
അത്ഭുതംകൂറുന്ന കണ്ണുകളോടെ ജ്ഞാനാനന്ദൻ സരളയെ നോക്കി. ഒപ്പം നടക്കാൻ തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.
'വിനു ആരാണ് ചേച്ചി?'
സരളയുടെ മുഖം ചുവന്നു. തന്റെ വായിൽനിന്നു വിനുവിന്റെ പേർ വീണ്ടും വീണുവെന്ന് അപ്പോഴാണോർത്തത്.
'സന്യസിക്കുന്നതിനു മുമ്പ് എന്റെ പേര് വിനയൻ എന്നായിരുന്നു. അച്ഛനും അമ്മയും എന്നെ വിനു എന്നാണ് വിളിച്ചിരുന്നത്. ആശ്രമത്തിൽ പക്ഷേ ഗുരു ഒഴികെ ആർക്കും പൂർവാശ്രമത്തിലെ പേര് അറിയില്ല.'
സാദൃശ്യങ്ങൾ കൂടിവരുന്നു. സരള വിചാരിച്ചു.
'ഓർമ്മയുണ്ടോ, ഒരു ദിവസം ഞാൻ പൂവറുത്തുകൊണ്ടിരുന്നപ്പോൾ ചേച്ചി വിനു എന്നു വിളിച്ചത് അമ്മയുടെ ശബ്ദംപോലെ തോന്നി അത്. ഞാനന്നു കുറെനേരം കരഞ്ഞു.'
അവർ കുറച്ചു നേരം നിശ്ശബ്ദരായി നടന്നു.
'ചേച്ചി', അവൻ തുടർന്നു: 'സന്യസിച്ചതു കൊണ്ടൊന്നും മമതയില്ലാതാവുന്നില്ല. നമ്മുടെ മനസ്സിന്റെ ആഴത്തിൽ അതെന്നുമുണ്ടാവും'.
അമ്മ എവിടെയാണിപ്പോൾ?
'അവിടെ' ആകാശത്തേക്കു ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.
'എന്റെ പത്താം വയസ്സിൽ അമ്മ മരിച്ചു.'
ഏറിവരുന്ന സാദൃശ്യങ്ങളുടെ ആകസ്മികതയിൽ സ്തബ്ധയായി സരള നിന്നു. വിനോദിന്റെ അച്ഛൻ, ജ്ഞാനാനന്ദന്റെ അമ്മ, രണ്ടുപേരും മരിച്ചതു മക്കളുടെ പത്താം വയസ്സിൽ. ദ്വന്ദത്തിൽനിന്ന് ഏകത്വത്തിലേക്കുള്ള രണ്ടാത്മാക്കളുടെ സംഭ്രമജനകമായ പ്രയാണം. അവൾ നെടുവീർപ്പിട്ടു.
'നമ്മൾ കുറെയധികം നടന്നു അല്ലേ?'
സരള ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.
ഇവിടെ അടുത്തല്ലെ അന്നു നമ്മൾ പോയ സ്ഥലം. ആ പാറക്കെട്ടും നീർച്ചാലും?'
'അങ്ങോട്ടു പോണോ?'
'പോവാം'
'അതൊരപകടം പിടിച്ച സ്ഥലമാണ്. നമ്മുടെ ബുദ്ധിയെ കുഴക്കുന്ന എന്തോ ഉണ്ടവിടെ. അങ്ങോട്ടധികം പോകാതിരിക്കയാണു നല്ലത്.'