ഇ ഹരികുമാര്‍
മലനിരകളിൽനിന്നു മഞ്ഞിന്റെ ആവരണം തുടച്ചുമാറ്റപ്പെട്ടു. മുകളിൽ സഹ്യന്റെ ഹിമം മൂടിയ കൊടുമുടികൾ സൂര്യവെളിച്ചത്തിൽ തിളങ്ങി. മലമുകളിലെ പാറകളിൽ നിന്നൂർന്നുചാടുന്ന ജലധാര ഇപ്പോൾ വ്യക്തമാണ്. പർണ്ണശാലയുടെ വാതിലിലൂടെ നോക്കിയിരിക്കെ ആനന്ദഗുരു അസ്വസ്ഥനായി. ജ്ഞാനാനന്ദൻ പൂവറുക്കാൻ പോയിട്ടു നേരം അധികമായിരിക്കുന്നു.
ഗുരു പുറത്തേക്കിറങ്ങി. ജ്ഞാനാനന്ദനെപ്പറ്റി എന്തിനാണ് ഇത്രയും ആകാംക്ഷ എന്ന് ആലോചിക്കും. ജ്ഞാനാനന്ദനെ കാണുമ്പോൾ ആഴത്തിലെവിടെയോ ഒക്കെ വേരുകൾ ഇറങ്ങിച്ചെന്ന് മമതയുടെ ചില്ലകളിൽ കനിവിന്റെ തളിർവിരിയും. മറ്റെല്ലാ ചരടുകളും അറുത്തു. ഒന്നുമാത്രം ബാക്കിവച്ചു. അതു മരണത്തോടെ മാത്രമേ അറുക്കാവു എന്നായിരിക്കും ദൈവനിശ്ചയം. അതുകൊണ്ടായിരിക്കണം ജ്ഞാനാനന്ദനെ തന്റെ അടുത്തേക്ക് എത്തിച്ചത്. ദൈവത്തിന്റെ വഴികൾ അജ്ഞാതവും അപരിമേയവുമാണ്.
കാറ്റ് ഹോമകുണ്ഡത്തിലെ ചാരം മുറ്റത്തു വിതറി. അത് ശ്രീകോവിലിനു മുമ്പിൽ കർമി വരച്ച കളംപോലെ പരന്നുകിടന്നു.
പാറക്കെട്ടിനുള്ളിൽ പേരാൽ വിരിച്ച തണലിൽ അവർ നിന്നു. മൂന്നു വശത്തും പാറകൾ മാത്രം. പാറകളില്ലാത്ത ചെരിവുകൾ വള്ളികളാൽ മൂടിയിരുന്നു. മുകളിൽ ആകാശം മുക്കാലും മറയ്ക്കുന്ന പേരാൽ. പുറംലോകത്തിന് അവരെ സംബന്ധിച്ചിടത്തോളം നിലനിൽപുണ്ടായിരുന്നില്ല. അവരുടേതായ ഒരു ചെറിയ ലോകം മാത്രം.
സരള ചോദിച്ചു.
'നിന്നെ ഞാൻ വിനൂന്നു വിളിക്കട്ടെ'
ജ്ഞാനനാന്ദൻ ചിരിച്ചു. നിഷ്‌ക്കളങ്കമായ ചിരി. അവൾ പതുക്കെ വിളിച്ചു.
'വിനു'
ബാലിശമായ ആ വിളികേട്ട ജ്ഞാനാനന്ദൻ ചിരിച്ചു. പേരാലിനു ചുവട്ടിൽ ബെഞ്ചുപോലെ പരന്ന പാറയിൽ അവർ ഇരുന്നു.
ഗുരു കാത്തുനിൽക്കുന്നുണ്ടാവുമെന്ന് ജ്ഞാനാനന്ദനോർത്തു. പൂജയ്ക്കുള്ള സമയമായിരിക്കുന്നു.
'ചേച്ചീ, നമുക്കു പോകാം, ഗുരു കാത്തിരിക്കുന്നുണ്ടാവും'.
'സാരമില്ല വിനൂ, കുറച്ചു നേരം മാത്രം'
വിനു എന്ന വിളിയിൽ മാസ്മരികതയുണ്ടായിരുന്നു. അവൻ അമ്മയെ ഓർത്തു. മരിക്കുന്നതിന്റെ തലേന്ന് അമ്മ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചിരുന്നു.
'അമ്മ പോയാൽ നീ വ്യസനിക്ക്യോ'.
അതിന്റെ ഉത്തരം അവർക്കറിയാമായിരുന്നു. അവർ മെലിഞ്ഞ കൈ കൊണ്ട് അവന്റെ തലയിൽ തലോടി.
പത്തുവയസ്സിൽ ഒരു കുട്ടിക്കു സ്വന്തം വികാരങ്ങൾ പരിപൂർണമായി അറിയിക്കാൻ കഴിഞ്ഞെന്നുവരില്ല. അന്നു കരയാതിരുന്നതിന്, അമ്മ അടുത്തൊന്നും മരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ കഴിയാതിരുന്നതിന്, അവൻ പിന്നീട് പരിതപിച്ചിരുന്നു.
'വിനു എന്താണ് സന്ന്യാസം സ്വീകരിക്കാൻ കാരണം?'
സരള അവന്റെ ചുമലിൽ കൈവച്ചു ചോദിച്ചു. ജ്ഞാനാനന്ദൻ ആ കൈയെടുത്തു സ്വന്തം കൈകളിൽ ഒതുക്കി, വാത്സല്യത്തോടെ തടവി.
എന്താണു കാരണം? അമ്മ അകാലത്തിൽ മരിച്ചതോടുകൂടി ജീവിതത്തിന്റെ അർത്ഥമില്ലായ്മ അവൻ മനസ്സിലാക്കി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ അച്ഛൻ വേറെ കല്യാണം കഴിച്ചു. അതിൽ ഒരു മകനുണ്ടായതോടെ രണ്ടാനമ്മയുടെ ഭയാശങ്കകൾ തുടങ്ങി. പരിമിതവിഭവങ്ങൾ മൂത്ത മകനുമായി പങ്കിടേണ്ടി വരില്ലേ. മുറുമുറുക്കലുകൾ, രാത്രി കിടപ്പുമുറിയിൽ അടക്കംപറച്ചിലുകൾ, നിസ്സഹായനായ അച്ഛന്റെ അനുരഞ്ജന സ്വരം.
ആയിടയ്ക്കാണു നിശ്ശബ്ദമായ ആ വിളി അവനെ തേടിയെത്തിയത്. ഒറ്റയ്ക്കിരിക്കുന്ന സന്ദർഭങ്ങളിൽ ആ വിളി അവന്റെ മനസ്സിൽ തള്ളിക്കയറി. പിന്നെ സ്വപ്‌നസദൃശമായ ദൃശ്യങ്ങൾ. അതു മറ്റൊരു ലോകത്തിന്റേതാണ്. ചിലപ്പോൾ ആസക്തിയുടെ, ചിലപ്പോൾ ആത്മീയതയുടെ ഉദാത്തമായ അനുഭൂതികൾ.
സരള ഉത്തരത്തിനുവേണ്ടി കാത്തിരിക്കയാണ്. അവൻ പറഞ്ഞു.
'ഒരു വിളികേട്ടു, ഞാൻ വീട്ടിൽ നിന്നിറങ്ങിത്തിരിച്ചു. എത്തിയത് മലമുകളിലെ ആശ്രമത്തിൽ'.
ഒന്നു നിർത്തിക്കൊണ്ടവൻ പറഞ്ഞു. 'നമ്മുടെ ബോധമണ്ഡലത്തിനുമപ്പുറത്ത് എന്തൊക്കെയോ ഉണ്ട്. ചിലപ്പോൾ അതെന്നെ ഭയപ്പെടുത്തുന്നു.
'വിനു ഈ ആശ്രമത്തിൽ വന്നിട്ട് എത്ര കാലമായി?
'പത്തുവർഷം. അതായത് എഴുപത്തിനാലിൽ'.
എഴുപത്തിനാലിൽ?'
'അതെ എഴുപത്തിനാലു ഫെബ്രുവരി പതിനാലാം തീയതി'
'അപ്പോൾ ഇതേതാണ് കൊല്ലം?'
'ഇതോ ഇത് തൊള്ളായിരത്തി എൺപത്തിനാല്?'
അവൻ സംശയത്തോടെ സരളയെ നോക്കി.
അവളുടെ മുഖത്ത് അമ്പരപ്പായിരുന്നു.
സരള സ്തബ്ധയായി ഇരുന്നു. തൊള്ളായിരത്തി എൺപത്തിനാല് ! അപ്പോൾ....?
അവൾ ആലോചിച്ചു. താൻ വീടുവിട്ടിറങ്ങിയത് അറുപത്തിരണ്ടിലാണ്. ഏപ്രിൽ ഇരുപത്തെട്ടാം തീയതിയാണെന്നാണ് ഓർമ്മ. തീയതി തീർച്ചയില്ല. മനസ്സ് ഞെട്ടലിൽനിന്ന് ഉണർന്നിരുന്നില്ല. ഏപ്രിൽ ആണെന്നുറപ്പുണ്ട്. വിനോദ് പരീക്ഷയെഴുതാൻ പോയത് ഏപ്രിൽ മൂന്നാം തീയതിയായിരുന്നു.
അവൾ ജ്ഞാനാനന്ദനെ നോക്കി. സരളയുടെ മനസ്സിലെ കൊടുങ്കാറ്റിനെപ്പറ്റി അജ്ഞനായി ഒന്നും സംശയിക്കാതെ അവൻ ഇരിക്കയാണ്. അവളുടെ കൈ അവന്റെ കൈകളിലാണ്. അത് മൃദുലമായി അമർത്തിക്കൊണ്ട് അവൻ ചോദിച്ചു.
'എന്താണ് പ്രശ്‌നം'
ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങളുടെ ചുഴിയിൽപ്പെട്ട് അവൾ കറങ്ങുകയാണ്. ജ്ഞാനാനന്ദൻ അസത്യം പറയില്ലെന്ന് അവൾക്കറിയാം, കളിയായിട്ടു പോലും. അപ്പോൾ എന്താണു സംഭവിച്ചത്?
വീടു വിട്ട ദിവസത്തെ സംഭവങ്ങൾ മുഴുവൻ ഓർമ്മിക്കാൻ പറ്റുന്നില്ല. പുകവന്നു മൂടിയ പോലെ അവ്യക്തമാണ്. വിനോദിന്റെ മരണത്തിനുശേഷം അവൾ താഴെ അമ്മയുടെ മുറിയിലായിരുന്നു കിടന്നിരുന്നത്. ഗോപിയേട്ടൻ അവളോട് അസ്വാഭാവികമായി ഒന്നും പെരുമാറിയില്ല. പക്ഷേ അയാൾ എല്ലാം അറിഞ്ഞുവെന്ന് അവളുടെ മനസ്സ് പറഞ്ഞു. അവൾ വേദനകടിച്ചുതിന്ന് സ്‌നേഹത്തിന്റെ വിലകൊടുക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ആലോചിക്കും. അവനെന്തിനിതു ചെയ്തു?
ഉത്തരം കിട്ടാതിരുന്ന രാത്രികളിലൊന്നിൽ അവൾ യാത്രതിരിച്ചു. അമ്മ ഉറക്കത്തിലായിരുന്നു. അവർ അനുഗൃഹീതമായ മയക്കത്തിൽനിന്ന് ഉണർന്നില്ലെന്നു വേണം പറയാൻ. സരള കട്ടിലിന്റെ കാൽക്കൽ നമസ്‌കരിച്ചു. ഗോപിയേട്ടന്റെ മുറിയുടെ ചാരിയ വാതിൽക്കൽ അവൾ നിന്നു. കുറെ നേരം. വിനോദിന്റെ ഓർമ്മവന്നു. കണ്ണീർ ധാരയായി ഒഴുകി. പതുക്കെ മന്ത്രിച്ചു. മാപ്പ്.
'ചേച്ചിക്കെന്തു പറ്റി?' ജ്ഞാനാനന്ദൻ അവളുടെ പുറത്തു കൈവച്ച് ആശ്വസിപ്പിച്ചു. അവൾ അവന്റെ, അരക്കെട്ടിലൂടെ പിടിച്ച് അവന്റെ ചുമലിൽ മുഖം വച്ചു. അവൻ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.
മരങ്ങൾക്കിടയിലൂടെ വന്ന തണുത്ത കാറ്റ് അവളുടെ കണ്ണീർ ഒപ്പിയെടുത്തു. അവൾ എഴുന്നേറ്റുകൊണ്ടു പറഞ്ഞു: 'നമുക്കു പോകാം'