ഡോ ബി പാര്‍വ്വതി
ഹരികുമാറിന്റെ ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവൽ, അദ്ധ്യാത്മികതയുടെ വഴിയിലും മനുഷ്യമനസ്സിൽ അണയാതെ ജ്വലിച്ചുനില്ക്കുന്ന ലൗകികമായ ആസക്തികളെപ്പറ്റിയുള്ള ഒരു അന്വേഷണമാണ്. ഈ നോവലിലെ കേന്ദ്രകഥാപാത്രമായ സരള ഭർത്തൃസഹോദരനായ വിനുവിനോടുള്ള അവിഹിതബന്ധത്തിന്റെ പാപസ്മരണയിൽ നിന്ന് മോചനം തേടി ഒരു ആശ്രമത്തിലെത്തിച്ചേരുന്നു. എന്നാൽ അവിടെകണ്ട ജ്ഞാനാനന്ദൻ എന്ന യുവസന്യാസിയിൽ വിനുവിന്റെ ഛായ കാണുകയും അയാളെ തന്റെ ആസക്തികളിലേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു അവൾ. അതുവഴി, ''ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴവോളവും''എന്ന ചിരന്തന സത്യത്തെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് ഹരികുമാർ നടത്തുന്നത്. ഒരു പാപഭീതിയും മനുഷ്യന്റെ സുഖവാസക്തിയെ തടഞ്ഞുനിർത്താൻ പര്യാപ്തമല്ലെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുകയാണ്.
പ്രമേയത്തെ ആവിഷ്‌ക്കരിക്കാൻ ഫാന്റസിയുടെ പിൻബലവും ഹരികുമാർ സ്വീകരിക്കുന്നുണ്ട്. ആ ആശ്രമത്തിൽ വെച്ച് കാലത്തിന് ഏതോ വിള്ളൽ സംഭവിച്ചതുകൊണ്ട് സരള ഇരുപതു വർഷങ്ങളുടെ കടന്നുപോക്ക് അറിയാതെ യൗവനത്തിൽ തന്നെ നിൽക്കുകയാണ്. അവളുടെ ഭർത്താവാണ് ആ ആശ്രമത്തിലെ സന്യാസിഗുരു; അയാളാകട്ടെ വൃദ്ധനായിരിക്കുന്നു. അവർ പരസ്പരം തിരിച്ചറിയുന്നതുമില്ല. ഈ ഫാന്റസിയിലൂടെ മനുഷ്യമനസ്സിലെ ആസക്തിയുടെ നിത്യയൗവനത്തെയാണ് നോവലിസ്റ്റു സൂചിപ്പിക്കുന്നത്.
ആശ്രമത്തിലെ അനുഭവങ്ങളും പൂർവ്വകാല ജീവിതത്തിലെ നിഷിദ്ധബന്ധത്തെക്കുറിച്ചുള്ള ഓർമ്മകളും ഇടകലർത്തി പ്രയോഗിക്കുന്ന രചനാരീതിയാണ് നോവലിസ്റ്റ് സ്വീകരിക്കുന്നത്. തന്റെ പ്രമേയത്തിന് ഗാംഭീര്യം വരുത്താൻ ആശ്രമത്തിനും, ആശ്രമപരിസരത്തിനും അവിടത്തെ പാറക്കെട്ടുകൾക്കിടയ്ക്കുള്ള പുനർജനിതീർത്ഥമെന്ന ജലധാരയ്ക്കും മറ്റും ഒരു അജ്‌ഞേയപരിവേഷം നൽകാനും നോവലിസ്റ്റ് മറന്നിട്ടില്ല. ഇത്തരം ടെക്‌നിക്കുകളുടെ പ്രയോഗമൊക്കെ ഉണ്ടെങ്കിലും ആന്തരികമായൊരു ഗൗരവം കൈവരിക്കാൻ ഈ നോവലിന് കഴിയുന്നില്ല. രക്തിയും വിരക്തിയും തമ്മിലുള്ള പോരാട്ടം എന്നും എഴുത്തുകാരെ അലട്ടുന്ന ഗംഭീരമായ ഒരു ദാർശനിക പ്രശ്‌നമാണ്. ആ പ്രശ്‌നത്തെ ഹരികുമാർ കൈകാര്യം ചെയ്തിരിക്കുന്നത് തെല്ലും ഗൗരവമില്ലാതെയാണ്. 'ദിനോസറിന്റെ കുട്ടി' യും 'ശ്രീപാർവതിയുടെ പാദ' വും എഴുതിയ കൃതഹസ്തനായ ഒരു എഴുത്തുകാരനിൽ നിന്ന് വായനക്കാർ ഒരിക്കലും പ്രതീക്ഷിക്കാത്ത വാചാലതയും വികാരചാപല്യവും ഈ നോവലിനെ ദുർബ്ബലമായൊരു രചനയാക്കുന്നു.