ഇ ഹരികുമാര്‍
സരളയിലുണ്ടായ മാറ്റം ആനന്ദഗുരു ശ്രദ്ധിച്ചിരുന്നു. തന്റെ പ്രഭാഷണങ്ങൾ നടക്കുമ്പോൾ ഹാളിന്റെ ഒരരികിൽ തലതാഴ്ത്തിയിരുന്നിരുന്ന അവൾ പെട്ടെന്നു ശ്രദ്ധാലുവായി. അവളുടെ നടത്തത്തിലും ഭാവത്തിലും പ്രസരിപ്പുവന്നു. പറിച്ചുനട്ട തൈപോലെയായിരുന്നു അവൾ. ക്ഷീണിച്ച വേരുകൾ പശിമയുള്ള മണ്ണിൽ പടർത്തി വെള്ളവും വളവും വലിച്ചെടുത്തു വാട്ടം തീർക്കുകയാണ്. അദ്ദേഹം സന്തോഷിച്ചു. അവൾക്ക് ആശ്രമ ജീവിതം ഇഷ്ടമായിട്ടുണ്ടാകണം. പൂജയ്ക്കുള്ള പൂക്കൾ ശേഖരിക്കാൻ സരള സഹായിക്കാറുണ്ടെന്നു ജ്ഞാനാനന്ദൻ പറഞ്ഞിരുന്നു. ക്രമേണ അവൾ ആശ്രമജീവിതവുമായി ഇണങ്ങിച്ചേരുമായിരിക്കും. മനസ്സിനേറ്റ മുറിവ് ഉണങ്ങാൻ അതെല്ലാം സഹായകമാവും.
എന്താണു മുറിവ് എന്നു ഗുരു അന്വേഷിച്ചില്ല. അവൾ പറഞ്ഞുമില്ല. കാര്യകാരണന്യായങ്ങൾക്ക് പ്രസക്തിയില്ലെന്നാണു തന്റെ ഇരുപതു കൊല്ലത്തെ ആശ്രമ ജീവിതം പഠിപ്പിച്ചത്. കർമ്മം ചെയ്യുക മാത്രം. ഫലനിർണയം ജന്മാന്തരങ്ങളിലൂടെയാണ്. നിയതിയുടെ നിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ എത്ര നിസ്സാരൻ.
താൻ കർമ്മാനുഷ്ഠാനത്തിൽ ഉറച്ചുനിന്നാൽ മതിയായിരുന്നു. ജന്മംകൊണ്ടു ലഭിച്ച കർമ്മം കൃഷിയായിരുന്നു. ആ കർമ്മം അനുഷ്ഠിക്കുകയേ വേണ്ടിയിരുന്നുള്ളു. പക്ഷേ താൻ ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നതെല്ലാം ഓരോന്നോരോന്നായി നഷ്ടപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാനായില്ല. അപ്പോഴാണ് ഒരുൾവിളിയുടെ അജ്ഞാതവീചികൾ തന്നെത്തേടിയെത്തിയതും. അതിനെ പിൻതുടർന്ന് ഈ ആശ്രമത്തിലെത്തിയതും.
വേലപ്പസ്വാമികൾ തന്നെ സ്വീകരിച്ചു. അതീന്ദ്രിയമായ ഒരുൾക്കാഴ്ചയാൽ തന്റെ വരവ് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.
'ഞാൻ നിന്നെ കാത്തിരിക്കയായിരുന്നു.' സ്വാമികൾ പറഞ്ഞു. പർണ്ണശാലയുടെ വാതിലിനു പുറത്തു ജ്വലിക്കുന്ന ഹോമകുണ്ഡത്തിലേക്കു ഉറ്റുനോക്കിക്കൊണ്ടു സ്വാമികൾ സംസാരിച്ചു.
'അമ്മ ശാന്തയായി പോയി, അല്ലേ?'
അമ്മയുടെ പതിനാറടിയന്തരം കഴിഞ്ഞതിന്റെ പിറ്റേന്നാണ് അയാൾ പുറപ്പെട്ടത്. മരണം ശാന്തമായിരുന്നു. ഇളയമകന്റെ അകാലമരണത്തിനുശേഷം അവർ മിക്കവാറും കിടപ്പുതന്നെയായിരുന്നു. ഒരു ദിവസം രാവിലെ തന്നെ അടുത്തുവിളിച്ചു വെള്ളംകുടിച്ചശേഷം തന്റെ കൈപിടിച്ചുകൊണ്ടു കണ്ണുകളടച്ചു.
സ്വാമികൾ ഹോമകുണ്ഡത്തിലേക്ക് ഏകാഗ്രതയോടെ നോക്കിയിരിക്കയായിരുന്നു. മായാക്കാഴ്ചകൾ കണ്ടുകൊണ്ട് അദ്ദേഹം തുടർന്നു.
'രണ്ടു കൊല്ലത്തിനകം നീ ഞാനിരിക്കുന്നിടത്തിരിക്കും. നിന്നെ അന്തേവാസികൾ ഗുരുവായി സ്വീകരിക്കും. വാർദ്ധക്യത്തിൽ അകാലത്തു നഷ്ടപ്പെട്ടവർ നിന്നെത്തേടിയെത്തും. നീ അറിഞ്ഞെന്നു വരില്ല. അറിയാതിരിക്കയാവും ഉത്തമം. അറിവു നിനക്കു പീഡനമാവും.'
പ്രവചനം നിന്നു. ഗുരു കണ്ണടച്ചിരിപ്പായി.
ഭൂതഭവിഷ്യത്തുകളെപ്പറ്റി പിന്നീടൊരിക്കലും സ്വാമികൾ സംസാരിച്ചില്ല. അറിവിന്റെ അപാരമായ, വിചിത്രമായ ലോകം തനിക്കായി തുറന്നുതന്നു. രണ്ടുകൊല്ലത്തിനുശേഷം ആദ്യഭാഗം ഫലിച്ചപ്പോൾ അദ്ഭുതപ്പെട്ടില്ല. വിധിയുടെ അജ്ഞാതമായ മാർഗങ്ങളെപ്പറ്റിയുള്ള അറിവ് അദ്ഭുതപ്പെടാതിരിക്കാൻ സഹായിച്ചു.
മലനിരകളെപ്പറ്റി സ്വാമികൾ പറയാറുണ്ട്. 'നമ്മുടെ പ്രജ്ഞയ്ക്കതീതമായ പലതും ഈ മലനിരകളിലുണ്ട്. അതെന്താണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കരുത്, അപകടമാണ്.'
സരളയോടു സംസാരിക്കുമ്പോൾ സ്വാമികൾ പറഞ്ഞതാണ് ഓർമ്മവരിക. അവൾ പറയുന്നത് അസംഗതമായ കാര്യങ്ങളാണ്. പക്ഷേ അവൾ പറയുമ്പോൾ അതിനു സത്യത്തിന്റെ പരിവേഷമുണ്ടാകുന്നു. ഒറ്റക്കാള വലിക്കുന്ന യാത്രാവണ്ടിയും അതിന്റെ ഉടമസ്ഥനായ താടിക്കാരനും ഉണ്ടായിരുന്നു എന്നതു സത്യമാണ്. വണ്ടി ഇല്ലാതായിട്ടു പത്തു പതിനഞ്ചു വർഷമായി. അതിന്റെ ഉടമസ്ഥൻ താടിക്കാരനും എന്നേ മരിച്ചുപോയിരുന്നു. ഇരുപത്തഞ്ചുവയസ്സുള്ള ഈ സ്ത്രീ രണ്ടാഴ്ച മുമ്പ് ആശ്രമത്തിലെത്തിയത് ആ വണ്ടിയിലാണെന്നു പറയുന്നതു സംഗതമല്ല. അതു നിഷേധിക്കാനും വയ്യാത്ത അവസ്ഥ.
പിന്നെ ദേവിക എന്ന പേരുള്ള സ്ത്രീ. അവളെപ്പറ്റി കൂടുതലൊന്നും പറയാൻ സരളയ്ക്കാവുന്നില്ല. ചോദിക്കാൻ തനിക്കും ഭയമാവുന്നു.
സരളയുമായി സംസാരിക്കുമ്പോൾ യുഗങ്ങൾക്കപ്പുറം യാത്രചെയ്യുന്ന പ്രതീതി. സമായാധിഷ്ഠിതമായ ലോകം മറഞ്ഞുപോയി തലകീഴായ ഒരു തലത്തിലെത്തുന്നു. മിനുറ്റുകൾ മണിക്കൂറുകളും മണിക്കൂറുകൾ മിനുറ്റുകളുമാവുന്നു. ഒരു നിമിഷം ഒരു യുഗമായി വലിച്ചുനീട്ടുന്ന തോന്നൽ. സരളയുടെ മുഖത്തിന്റെ പരിചിതത്വം ഗുരുവിനെ അലട്ടും. അന്വേഷണം മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടനാഴികളിൽ അവിടവിടെ വഴിമുട്ടിനിൽക്കും. ഓർമ്മയുടെ ഏതാനും ഇടങ്ങൾകൂടി ഇരുട്ടുപിടിക്കാനുണ്ട്. അതും കൂടി കഴിഞ്ഞാൽ നന്നായിരുന്നു.