എന്റെ പ്രവാസജീവിതവും സാഹിത്യവും

23 കൊല്ലം നീണ്ടുനിന്ന പ്രവാസജീവിതം എന്റെ ലോകത്തെ വലുതാക്കുകയായിരുന്നു. പൊന്നാനിയെപ്പോലെ ഒരു നാട്ടിന്‍പുറത്തുനിന്ന് കല്‍ക്കത്ത പോലുള്ള മഹാനഗരത്തിലേയ്ക്കുള്ള മാറ്റം എന്റെ അനുഭവമണ്ഡലത്തെ സമ്പന്നമാക്കുകയും ജീവിതവീക്ഷണം വികസിപ്പിക്കുകയും ചെയ്തു. നാട്ടിന്‍പുറത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കപ്പുറത്ത് വിശാലമായൊരു ലോകവും അതിൽ വളരെ സങ്കീര്‍ണ്ണമായ ജീവിതങ്ങളും ഉണ്ടെന്ന് മനസ്സിലാവുന്നത് നമ്മൾ ഒരു മഹാനഗരത്തിൽ താമസിക്കുമ്പോള്‍ മാത്രമാണ്. അതുവരെ നഗരജീവിതത്തെക്കുറിച്ച് നമ്മുടെ ഭാവനയിലുള്ള ചിത്രങ്ങള്‍ എത്ര അപൂര്‍ണ്ണവും അവ്യക്തവുമാണെന്ന് മനസ്സിലാവുന്നു. തൊള്ളായിരത്തി അറുപതു മുതല്‍ തൊള്ളായിരത്തി എഴുപതുവരെ നീണ്ടുനിന്ന കല്‍ക്കത്തയിലെ ജീവിതമാണ് എന്നെ ഞാനാക്കിയത് എന്നു പറയാം. അനുഭവങ്ങളുടെ സമ്പന്നത മാത്രമായിരുന്നില്ല എന്റെ നേട്ടം. നമ്മിലേയ്ക്കിറങ്ങിവരുന്ന സംസ്കാരം. ന്യൂ ആലിപ്പൂരിലെ നാഷനല്‍ ലൈബ്രറി അറിവിന്റെ ഭണ്ഡാരമായിരുന്നു. എന്റെ വായനയുടെ മുഴുവന്‍ സ്രോതസ്സ് നാഷനൽ ലൈബ്രറിയായിരുന്നെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എഴുപതില്‍ കല്‍ക്കത്ത വിട്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്റെ വായനയായിരുന്നു. എനിക്കു നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരു വലിയ നിരയായിരുന്നു. സാഹിത്യത്തിനു പുറമെ ചിന്തകന്മാരുടെയും കലാവിമര്‍ശകരുടെയും മറ്റും വിലമതിക്കാനാവാത്ത ഒരു ശേഖരം നാഷനൽ ലൈബ്രറിയിലുണ്ടായിരുന്നു. ധാരാളം ശാസ്ത്രഗ്രന്ഥങ്ങള്‍ എനിക്ക് വായിക്കാൻ ഇടവന്നത് നാഷനൽ ലൈബ്രറിയില്‍നിന്നാണ്. അവിടെ മലയാളം വകുപ്പിന്റെ മേധാവിയായിരുന്ന ശ്രീ കെ.എം. ഗോവി വളരെയധികം സഹായിച്ചിട്ടുണ്ട്. ചിത്രകലയിലെ ആചാര്യന്മാരെ ഞാൻ പരിചയപ്പെടുന്നത് അവിടെവച്ചാണ്. കാള്‍ ഗുസ്റ്റവ് യുങ്ങ്, ഫ്രോയ്ഡ്, ഹെര്‍ബര്‍ട്ട് റീഡ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ എങ്ങിനെ കലയുടെ ആഴങ്ങളിലേയ്ക്കു കടന്നു ചെല്ലാമെന്ന് എന്നെ പഠിപ്പിച്ചു. ഇതിന്റെയൊക്കെ ഫലമായി എന്റെ സര്‍ഗ്ഗാത്മകയത്നങ്ങള്‍ക്ക് ആഴവും പരപ്പും ലഭിക്കുകയുണ്ടായി. ചിത്രകലയോടുണ്ടായ അഭിനിവേശം എന്റെ സാഹിത്യത്തെ ഒരു പ്രത്യേക വഴിയ്ക്ക് നയിക്കുകയുണ്ടായി. 'കൂറകള്‍' എന്ന ആദ്യസമാഹാരത്തിലെ കഥകള്‍ ശ്രദ്ധിച്ചാൽ മനസ്സിലാവും മിക്കവാറും കഥകൾ ചിത്രകലയുടെ സ്വാധീനത്തിന്‍ എഴുതപ്പെട്ടവയാണെന്ന്.

പിന്നീട് ഞാന്‍ ശൈലി മാറ്റുകയും കൂടുതൽ ജീവിതഗന്ധിയായ കഥകൾ എഴുതുകയും ചെയ്തു. നഗരങ്ങളിലെ ജനജീവിതത്തെ കൂടുതല്‍ അടുത്തറിയാനും ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനും അവസരം ലഭിച്ചതും ഇതിനൊരു കാരണമാകാം. രണ്ടുകൊല്ലം മുമ്പ് കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു നോവൽ (തടാകതീരത്ത്) എഴുതാന്‍ തുടങ്ങിയപ്പോൾ കല്‍ക്കത്ത ജീവിതം എന്നില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുകയാണെന്ന് അദ്ഭുതത്തോടെ ഞാൻ മനസ്സിലാക്കി. എഴുപതിലാണ് ഞാന്‍ ദില്ലിയിലെത്തുന്നത്. അവിടെ ധാരാളം മലയാളി സാഹിത്യകാരന്മാരുണ്ടായിരുന്നു. നാഷനല്‍ ആര്‍ട്ട് ഗ്യാലറിയും മറ്റ് സ്വകാര്യ ഗ്യാലറികളും ഉള്ളതുകൊണ്ട് അവിടെ നല്ലൊരു സാസ്കാരിക അന്തരീക്ഷമുണ്ടായിരുന്നുവെന്ന് പറയാം. സാഹിത്യകാരന്മാര്‍ക്കു പുറമെ കെ. ദാമോദരന്‍, മുത്തുകോയ തുടങ്ങിയ ചിത്രകാരന്മാരുമായി ഞാൻ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പക്ഷെ എന്തുകൊണ്ടോ എന്റെ സാഹിത്യം ശരിക്കും വികസിച്ചത്, ഞാന്‍ ഇന്നത്തെ നിലയിലാവാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചത് മുംബൈയിൽ നിന്നായിരുന്നു. എഴുപത്തിഒന്നിലാണ് ഞാന്‍ ബോംബെയിലെത്തിയത്. അവിടത്തെ അന്തരീക്ഷം കല്‍ക്കത്തയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംസ്കാരികമായി താഴെത്തട്ടിലായിരുന്നെങ്കിലും എന്നെ സംബന്ധിച്ചേടത്തോളം എന്തുകൊണ്ടോ വളരെ സൃഷ്ടിപരമായാണ് അനുഭവപ്പെട്ടത്. ധാരാളം അനുഭവങ്ങള്‍, അവ പലതും കഥകളായി രൂപം കൊണ്ടു. ശരിയ്ക്കു പറഞ്ഞാല്‍ ഞാൻ ബോംബെയില്‍നിന്നെഴുതിയ മിക്ക കഥകളും അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയവയാണ്. ജീവനുള്ള കഥാപാത്രങ്ങള്‍, അവ എന്റെ കഥയ്ക്ക് മിഴിവു കൊടുത്തു. പല അനുഭവങ്ങളും വേദനാജനകമായിരുന്നു. പക്ഷെ കഥകള്‍ എത്രതന്നെ ദുഃഖപര്യവസായിയായാലും ശരി അതിന്നെല്ലാം അപ്പുറത്ത് പ്രത്യാശയുടെ മിന്നല്‍വെളിച്ചം ഞാൻ കണ്ടിരുന്നു. അതെന്റെ കഥകളെ ഒരു പ്രത്യേകതലത്തിലേയ്ക്ക് ഉയര്‍ത്താറുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ അളവറ്റ ശുഭാപ്തിവിശ്വാസമായിരിക്കണം അതിനു കാരണം.

ദില്ലിയില്‍ ധാരാളം സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൂട്ടുകെട്ടുണ്ടായിരുന്നുവെങ്കിലും ഞാന്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയിരുന്നില്ല. ഞാന്‍ കഥയെഴുത്ത് ഒരു മാതിരി നിര്‍ത്തിവച്ചിരുന്നു. മറിച്ചായിരുന്നു ബോംബെജീവിതം. അവിടെ ഞാന്‍ മലയാളി സമൂഹത്തില്‍നിന്ന്, പ്രത്യേകിച്ചും സാഹിത്യകാരന്മാരില്‍നിന്ന് അകന്നുള്ള ജീവിതമാണ് നയിച്ചിരുന്നത്. വേണമെന്നുവച്ചിട്ടല്ല. അവസരമുണ്ടായില്ല എന്നുമാത്രം. അവിടെ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം അപാരമാണ്. ഞാന്‍ താമസിച്ചിരുന്ന ജുഹുവിൽ മലയാളികൾ വളരെ കുറവായിരുന്നു. പക്ഷെ ഞാന്‍ ധാരാളം എഴുതാൻ തുടങ്ങി. സാഹിത്യകാരന്മാരുമായുള്ള സംസര്‍ഗ്ഗമല്ല മറിച്ച് ജനജീവിതവുമായുള്ള അടുത്ത ബന്ധമാണ് സാഹിത്യസൃഷ്ടിയ്ക്ക് വേണ്ടത് എന്ന് എനിക്കു മനസ്സിലായി. അനുഭവങ്ങളുടെ സമൃദ്ധി മാത്രമായിരുന്നില്ല എഴുതാന്‍ കാരണം. എഴുപത്തി അഞ്ചിലാണ് കലാകൗമുദി പ്രസിദ്ധീകരണം തുടങ്ങിയത്. രണ്ടാമത്തെ ലക്കത്തില്‍ത്തന്നെ എന്റെ 'കുങ്കുമം വിതറിയ വഴികള്‍' എന്ന കഥ പ്രസിദ്ധീകരിച്ചു. പിന്നീട് അതിന്റെ പത്രാധിപന്മാരായിരുന്ന ശ്രീ എം.എസ്. മണിയുടെയും ശ്രീ എസ്. ജയചന്ദന്‍ നായരുടെയും നിരന്തര പ്രോത്സാഹനവും നിര്‍ബ്ബന്ധവും കാരണം മൂന്നു കൊല്ലമായി നിര്‍ത്തിവച്ച കഥയെഴുത്ത് വീണ്ടും തുടങ്ങി.

എന്റെ സൗന്ദര്യദര്‍ശനത്തെയും ചിന്തയെയും സ്വാധീനിച്ചത് യൂറോപ്യൻ, അമേരിക്കൻ എഴുത്തുകാരായിരുന്നു. പക്ഷെ ഞാന്‍ എന്റേതായ ഒരു സൗന്ദര്യദര്‍ശനം രൂപപ്പെടുത്തിയത് തികച്ചും ഭാരതീയമായ ഒരു പശ്ചാത്തലത്തിലാണ്. നമുക്ക് നമ്മുടെതായ ഒരു സംസ്കൃതിയുണ്ടെന്നും അതിനുമുകളിലേ നമ്മുടെ ഇഷ്ടികകള്‍ പടുക്കാൻ പാടുള്ളു എന്നും ഞാൻ മനസ്സിലാക്കി. ഈ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ എന്റെ അച്ഛനടക്കം നമ്മുടെ കവികൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. കുമാരനാശാന്റെ പേര്‍ പ്രത്യേകം എടുത്തു പറയണം.

എന്റെ രാഷ്ട്രീയ ചിന്താഗതിയെ രൂപപ്പെടുത്തുന്നതില്‍ പക്ഷെ യൂറോപ്യൻ അമേരിക്കൻ എഴുത്തുകാരാണ് കാര്യമായ പങ്ക് വഹിച്ചിട്ടുള്ളത്. ജോണ്‍ ഗന്തർ, ഹവാഡ് ഫാസ്റ്റ്, ആര്‍തർ കെസ്റ്റല്ർ, ബോറീസ് പാസ്റ്റര്‍നാക് തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ ഇരുമ്പുമറയെ പിച്ചിച്ചീന്തുന്നതായിരുന്നു. അതുപോലെ ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും എന്റെ ചിന്താഗതിയെ കാര്യമായി സ്വാധീനിക്കുകയുണ്ടായി. ഹങ്കറിയിലെ തൊഴിലാളിസമരം അടിച്ചമര്‍ത്താൻ റഷ്യൻ ടാങ്കുകള്‍ അയച്ചത്, പോളണ്ട്, ചെക്കസ്ലോവാക്യ, ഹങ്കറി തുടങ്ങിയ രാഷ്ട്രങ്ങൾ റഷ്യയുടെ കോളനികളായി മാറിയത്, ചൈന ഇന്ത്യയെ കടന്നാക്രമിച്ചത്, ആ കാലത്ത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ രാജ്യദ്രോഹപരമായ നിലപാട്, എല്ലാം എന്നില്‍ ആഴമുള്ള ആഘാതമുണ്ടാക്കി. ബെര്‍ലിൻ മതിൽ പൊളിക്കാനിടയായ സംഭവവികാസങ്ങളും, കിഴക്കും പടിഞ്ഞാറും ജര്‍മ്മനികൾ തമ്മിലുണ്ടായിരുന്ന അവിശ്വസനീയമായ സാമ്പത്തിക അസമാനതയും പാവപ്പെട്ടവരുടെ ഉന്നതിയ്ക്ക് കമ്യൂണിസമല്ല വേണ്ടതെന്നും, നിസ്വനെ നിസ്വനായിത്തന്നെ നിലനിര്‍ത്താനുള്ള ഒരു പ്രത്യയശാസ്ത്രമാണതെന്നും തെളിയിച്ചു. ഞാന്‍ അമ്പത്തൊമ്പതുമുതൽ വിശ്വസിച്ചു പോന്നതെല്ലാം ശരിയാണെന്ന് പിന്നീട് ആഗോളതലത്തില്‍ കമ്യൂണിസത്തിനുണ്ടായ തകര്‍ച്ച തെളിയിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ എന്റെ ചിന്താഗതിയെയും സൗന്ദര്യദര്‍ശനത്തെയും സ്വാധീനിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സൗന്ദര്യദര്‍ശനം ഒരു പുകമറയാണെന്നും അത് സ്വന്തം നിലനില്‍പിനുള്ള മുദ്രാവാക്യങ്ങളുടെ തടവറയിലാണെന്നും ഞാന്‍ മനസ്സിലാക്കി.

ബോംബെയിലെ താമസത്തിനുള്ളില്‍, അത് എഴുപത്തൊന്നുമുതൽ എണ്‍പത്തിമൂന്ന് വരെ നീണ്ടുകിടക്കുന്നു, ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതും അവിസ്മരണീയങ്ങള്‍തന്നെ. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഈ അനുഭവങ്ങള്‍ എന്റെ കഥകളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പോരാത്തതിന് ഞാന്‍ അനുഭവക്കുറിപ്പുകൽ തന്നെ ഒരു പരമ്പരയായി വനിത, സ്ത്രീധനം (രാഷ്ട്രദീപിക), ഗൃഹലക്ഷ്മി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കൊടുത്തിട്ടുണ്ട്. അവ താമസിയാതെ 'നീ എവിടെയാണെങ്കിലും' എന്ന പേരില്‍ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തിലെഴുതപ്പെട്ട കഥകളില്‍ പ്രധാനപ്പെട്ടവ 'ദിനോസറിന്റെ കുട്ടി', 'സൂര്യകാന്തിപ്പൂക്കള്‍', 'ഒരു കങ്ഫൂഫൈറ്റര്‍', 'ഒരു വിശ്വാസി' തുടങ്ങിയവയാണ്. ഈ കഥകളിലെല്ലാംതന്നെ നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ തിരനോട്ടം കാണാം.

ചില അനുഭവങ്ങള്‍ പക്ഷെ ഹൃദയത്തിൽ വല്ലാത്തൊരു മുറിവ് സമ്മാനിച്ചുകൊണ്ടേ കടന്നു പോകുന്നുള്ളു. ഒരു കാലത്ത് വേദന തന്ന അനുഭവങ്ങളാണെങ്കിലും ഇന്ന് ഞാന്‍ അതില്‍നിന്നെല്ലാം വളരെ ദൂരം സഞ്ചരിച്ചുവെന്ന ആശ്വാസമുണ്ട്. അവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇപ്പോള്‍ അതെല്ലാമോര്‍ത്ത് ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. എന്റെ ജീവിതത്തിന്റെ എറ്റവും വിഷമം പിടിച്ച ഘട്ടം ബോംബെയിലാണുണ്ടായിട്ടുള്ളത്. ആ നഗരത്തിന്റെ കുറ്റമല്ല, ജനങ്ങളുടെ കുറ്റമല്ല, എന്റെ തലയിലെഴുത്തിന്റെ പ്രത്യേകത മാത്രമാണതിനു കാരണം.

ഇരുപത്തിരണ്ടു കൊല്ലം ജോലിയെടുത്തുകൊണ്ടിരുന്ന കമ്പനിയില്‍ അതൃപ്തി തോന്നിത്തുടങ്ങിയപ്പോള്‍ ഞാൻ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാമെന്നു വെച്ചു. നാലു കൂട്ടുകാരുമൊത്ത് ഒരു കമ്പനി തുടങ്ങി. ഗുജറാത്തില്‍ ഒരു വലിയ മൈക്രോബെയറിങ് തുടങ്ങാനുള്ള പ്രൊജക്ടായിരുന്നു അത്. കാലദോഷം കൊണ്ട് അതു നടന്നില്ല. അതിനിടയില്‍ പഴയ കമ്പനിയിൽ തൊഴുത്തില്‍ക്കുത്തുകൾ കാരണം ഞാൻ പുറത്തായിരുന്നു. എനിയ്ക്കു മീതെ ഒരു സര്‍ദാറിനെ കമ്പനി മാനേജ്‌മെന്റ് കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അയാളുടെ സംശയാസ്പദമായ പ്രവര്‍ത്തന രീതിയ്ക്ക് ഞാൻ വിലങ്ങുതടിയാണെന്നു കണ്ട അയാൾ എന്നെ പുകച്ചുചാടിക്കുകയാണുണ്ടായത്. അതിനു ശേഷം ഞാന്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങി. അതും വലിയ നഷ്ടത്തില്‍ കലാശിച്ചു. ഞാന്‍ വര്‍ഷങ്ങളായി കെട്ടിപ്പടുത്ത എല്ലാം എനിയ്ക്കു നഷ്ടമായി. തിരിച്ച്, കുറേ കടങ്ങളും കൈയ്ക്കുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളും മാത്രം കൈയ്യില്‍വച്ച് ഞാൻ നാട്ടിലേയ്ക്കു വന്നു, ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍. ഇക്കാലത്തെ എന്റെ ബോംബെ ജീവിതം സംഭവബഹുലമായിരുന്നു. പട്ടിണി എന്തെന്നറിഞ്ഞ നാളുകള്‍. ആ കാലത്തും മനുഷ്യനന്മയില്‍ ഉണ്ടായിരുന്ന എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ബിസിനസ്സിനു വേണ്ടി കുറച്ചു പണം അത്യാവശ്യമായി വന്നപ്പോള്‍ ഞങ്ങൾ താമസിക്കുന്നതിന്റെ താഴത്തെ നിലയിലുള്ള ഒരു പഞ്ചാബി സ്നേഹിതനെ സമീപിച്ചു. മിസ്റ്റര്‍ ചോപ്ര. അദ്ദേഹം ഒരു ചോദ്യവും ചോദിക്കാതെ പണമെടുത്തുതന്നു. ഒരു രസീത് കൊടുക്കാന്‍ തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ മാന്യനാണെങ്കിൽ എനിക്ക് ഒരു രസീതിന്റെ ആവശ്യമില്ല. അല്ലെങ്കില്‍ എനിക്കീ രസീതുകൊണ്ടും കാര്യമില്ല. നിങ്ങള്‍ ഒരു മാന്യനാണെന്ന് എനിക്കറിയുന്നതുകൊണ്ടല്ലെ ഞാന്‍ ഇത്രയും സംഖ്യ കടമായി തരുന്നത്?'

എനിക്ക് എറ്റവും വേദന തന്ന സംഭവവും അദ്ദേഹത്തോടു ബന്ധപ്പെട്ടായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു വയസ്സായ ഏക മകന്‍ ഒരു സ്‌കൂട്ടറപകടത്തിൽ മരിച്ചതായിരുന്നു അത്. ചെറിയച്ഛന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അവന്‍. ആ സംഭവത്തെ ഉപജീവിച്ച് എഴുതിയതാണ് 'വൃഷഭത്തിന്റെ കണ്ണ്' എന്ന കഥ. രണ്ടു വയസ്സായ ഞങ്ങളുടെ മകന്റെ ഒപ്പം കളിക്കുവാന്‍ അവന്‍ ചേച്ചിമാരുടെ ഒപ്പം കോണി കയറിവരാറുണ്ട്. ഏറ്റവും സന്തോഷം തന്ന നിമിഷം എന്റെ മകനെ ആദ്യമായി കണ്ടപ്പോഴാണ്. നാട്ടില്‍വെച്ചായിരുന്നു പ്രസവം. എനിക്കാകട്ടെ നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നുമില്ല. റെയില്‍വേ സ്റ്റേഷനില്‍വച്ച് ആദ്യമായി അവനെ കയ്യിലെടുത്ത നിമിഷമാണ് എന്റെ ജീവിതത്തില്‍ത്തന്നെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം.

ബോംബെ ജീവിതത്തില്‍ എനിക്ക് ധാരാളം സന്തോഷവും ഒപ്പംതന്നെ വേദനയും തന്ന ഒരു പ്രണയബന്ധമുണ്ടായിട്ടുണ്ട്. ഭാര്യ ലളിത അതിനെപ്പറ്റി അറിഞ്ഞിരുന്നു. തീവ്രമായിരുന്ന ആ ബന്ധം സ്വാഭാവികമായും ഒരു ദുരന്തമായിരുന്നു. ഞാന്‍ ഇതിനെപ്പറ്റി മുമ്പൊരിക്കൽ എഴുതിയ ലേഖനത്തില്‍നിന്ന് താഴെ എടുത്തുചേര്‍ക്കുന്നു:

'..........എഴുപതുകള്‍ എന്റെ ജീവിതത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു. ഏറെ സന്തോഷവും ഏറെ സന്താപവും ഒരുമിച്ചനുഭവിക്കേണ്ടി വന്ന കാലം. ധാരാളം സ്നേഹം ലഭിച്ചിട്ടും ഒരിത്തിരി ആശ്വാസത്തിനുവേണ്ടി അലഞ്ഞുനടന്ന നാളുകള്‍. ആ കാലത്താണ് ഞാന്‍ രേവതിയെ (പേര് ശരിക്കുള്ളതല്ല) കണ്ടുമുട്ടുന്നത്. അവളും അങ്ങിനെ ഒരു സ്ഥിതിയിലായിരുന്നു. വളരെ വൈകാരികമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആ ബന്ധത്തിന്റെ മുഴുവന്‍ പ്രക്ഷുബ്ധതയും ഈ കഥകളിലുണ്ട്. അതിന്റെ പരിസമാപ്തി വളരെ ഹൃദയഭേദകമായിരുന്നു. 'സ്ത്രീഗന്ധമുള്ള മുറി' എന്ന കഥ അതിനെപ്പറ്റിയായിരുന്നു. തന്നെക്കുറിച്ച് ഞാന്‍ കഥകളെഴുതുന്നുണ്ടെന്ന് രേവതിയ്ക്കറിയാമായിരുന്നു. ഭാഷ അറിയാത്തതുകൊണ്ട് പക്ഷേ വായിക്കാൻ പറ്റിയില്ല. ഇപ്പോള്‍ എനിക്കു തോന്നുന്നു അവയെല്ലാം അപ്പോള്‍തന്നെ ഇംഗ്ലീഷിലാക്കി രേവതിയ്ക്ക് വായിക്കാൻ കൊടുക്കേണ്ടതായിരുന്നു എന്ന്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്ന് അത് പുതിയൊരു മാനം കൊടുക്കുമായിരുന്നു. എല്ലാ കാര്യങ്ങളും അങ്ങിനെയാണ്. രണ്ടാമതൊരവസരം കിട്ടിയാൽ കൂടുതൽ നന്നായി ചെയ്യാമെന്നു കരുതും, പക്ഷേ അങ്ങിനെ ഒരവസരം പിന്നീട് നിങ്ങളെ തേടിവരികയുണ്ടാവില്ല. ലളിതയ്ക്ക് ഈ കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഒരസാധാരണ വ്യക്തിത്വമുള്ള അവള്‍ എപ്പോഴും എന്നെ ആശ്വസിപ്പിക്കാറുണ്ട്. പ്രക്ഷുബ്ധമായ ഈ ബന്ധം അവസാനിച്ചപ്പോഴും ഒരു തകര്‍ച്ചയില്‍നിന്ന് എന്നെ രക്ഷിച്ചത് അവളുടെ സാന്ത്വനമായിരുന്നു.'

എന്റെ ഹൃദയത്തിന് എറ്റ ഈ മുറിവിന്റെ കഥകളാണ് 'ആശ്വാസം തേടി' (1975), 'നഷ്ടക്കാരി'(1977), 'മേഘങ്ങള്‍ പഞ്ഞിക്കെട്ടുകൾ പോലെ' (1977), 'സ്ത്രീഗന്ധമുള്ള മുറി'(1979), 'അവള്‍ പറഞ്ഞു ഇരുളുംവരെ കാക്കൂ' (1994)എന്നിവ. ഇതില്‍ അവസാനത്തെ കഥ മാത്രം ഞാൻ നാട്ടില്‍വന്നശേഷം എഴുതിയതാണ്.

ബോംബെയിലെ ബിസിനസ്സ് പൊളിയുകയും കനത്ത നഷ്ടമുണ്ടാകുകയും ചെയ്തുവെന്നു പറഞ്ഞല്ലൊ. അതിനെപ്പറ്റി എഴുതിയ കഥയാണ് 'ദിനോസറിന്റെ കുട്ടി'. പ്രക്ഷുബ്ധമായ ആ കാലത്ത് ഞങ്ങള്‍ക്ക് മകന് വേണ്ട കാര്യങ്ങള്‍കൂടി ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല, പണവുമുണ്ടായിരുന്നില്ല. പക്ഷെ അവന്‍ വളരെ സൗമ്യതയോടും അസാധാരണമായ വിവേകത്തോടുംകൂടി പെരുമാറി. സാധാരണ ആ പ്രായത്തില്‍ കുട്ടികള്‍ക്കുണ്ടാകാറുള്ള അസംഖ്യം ആവശ്യങ്ങളൊന്നുംതന്നെ അവൻ ഉന്നയിച്ചിരുന്നില്ല. മറിച്ച് കഴിയുന്നത്ര ഞങ്ങളെ സഹായിക്കാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നു. 'ഒരു കങ്ഫൂഫൈറ്റര്‍' എന്ന കഥയിൽ അവന്റെ നല്ലൊരു ചിത്രം ഞാൻ വരച്ചിട്ടുണ്ട്. 'ചുമരില്‍ ചിത്രമായി മാറിയ അച്ഛന്‍', 'ദിനോസറിന്റെ കുട്ടി', 'ഒരു വിശ്വാസി', 'കാനഡയില്‍നിന്നൊരു രാജകുമാരി' എന്നീ കഥകളിലെല്ലാം അവനുണ്ട്.

മറ്റു പല അനുഭവങ്ങളും എന്റെ വരാന്‍ പോകുന്ന പുസ്തകത്തിലുണ്ട്. ബസ്സുകൂലിയില്ലാത്തതുകൊണ്ട് വര്‍ത്തമാനക്കടലാസിന്റെ കെട്ടും തൂക്കി ജുഹുവില്‍നിന്ന് സാന്താക്രൂസിലേയ്ക്കുള്ള എട്ടു ബസ്സ്‌സ്റ്റോപ്പു ദൂരം നടന്നിട്ടുണ്ട്. അന്ന് ജുഹുവില്‍ റദ്ദിവാലയുടെ കടയുണ്ടായിരുന്നില്ല. അതേ കാലത്തുതന്നെ ഒരു പലവ്യഞ്ജനക്കടയ്ക്കു മുമ്പില്‍നിന്ന് ഇരുനൂറു രൂപ വീണു കിട്ടിയതും, അതേ കടയില്‍ ആകെയുള്ള ഇരുനൂറു രൂപകൊണ്ട് സാധനങ്ങള്‍വാങ്ങാൻ വന്ന സ്ത്രീ പണം നഷ്ടപ്പെട്ട് കരഞ്ഞപ്പോള്‍, അവർ എടുത്തുവെച്ചസാധനങ്ങള്‍ക്കിടയിൽ ബേബിഫുഡിന്റെ ടിൻ കണ്ടതും അവരുടെ പണം തിരിച്ചുകൊടുത്തതും, ഖാറില്‍ ഒരു വൈകുന്നേരം ലൈംഗികത്തൊഴിലിൽ ഏര്‍പ്പെട്ട ഒരു സ്ത്രീയുമായി അറിയാതെ സംസാരിച്ചശേഷം അവരുടെ ജോലി മനസ്സിലായപ്പോൾ ഓടുന്ന ബസ്സില്‍ ചാടിക്കയറി രക്ഷപ്പെട്ടതും, ആയ നിരവധി സംഭവങ്ങള്‍.

ബോംബെ മലയാളികളുമായി ഞങ്ങള്‍ക്ക് അധികമൊന്നും അടുപ്പമുണ്ടായിരുന്നില്ല. താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ 180 ഫ്ലാറ്റുകളിൽ ഒന്നില്‍പ്പോലും മലയാളികളുണ്ടായിരുന്നില്ല എന്നതായിരിക്കണം ഒരു കാരണം. ഒരിക്കല്‍ വളരെ സങ്കടകരമായ ഒരനുഭവമുണ്ടായി. അവിടെ ചെന്ന കാലമായിരുന്നു. ബോംബെയുടെ രീതികളെക്കുറിച്ച് പഠിച്ചുവരുന്നേയുള്ളു. ഒരു ടേപ്‌റെക്കോര്‍ഡർ വാങ്ങിയപ്പോൾ പാട്ടുകൾ റിക്കാര്‍ഡ് ചെയ്യാനുള്ള കമ്പം വന്നു. ഇല്ലാത്ത പണവുംകൊടുത്ത് രണ്ട് സോണി സി-90 കാസ്സറ്റ് വാങ്ങി. ദാദാഭായ് നവ്‌റോജി റോഡിലെ മലയാളി പെട്ടിപ്പീടികകളിലൊന്നില്‍നിന്നാണതു വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു ഉപയോഗിച്ചപ്പോഴാണ് മനസ്സിലായത് രണ്ടും വ്യാജനിര്‍മ്മിതമാണെന്നും ഉപയോഗിക്കാൻ കൊള്ളാത്തവയാണെന്നും. ഒരു സി-90 കാസ്സറ്റിന്റെ വശത്ത് റിക്കാര്‍ഡ് ചെയ്യാൻ പറ്റിയത് രണ്ടര, മൂന്നു മിനുറ്റിന്റെ രണ്ടു പാട്ടുകള്‍ മാത്രം. അതുതന്നെ ശബ്ദം കുറഞ്ഞ് കേള്‍ക്കാൻ പറ്റാത്ത വിധത്തിൽ. ഞാന്‍ പിറ്റേന്നു രാവിലെത്തന്നെ കാസറ്റുകളുംകൊണ്ട് വാങ്ങിയ പീടിക അന്വേഷിച്ചു നടന്നു. എവിടെ കാണാനാണ്? പെട്ടിപ്പീടിക എന്നു പറയുന്നത് അന്വര്‍ത്ഥമാണ്. ഒരു പീഞ്ഞപ്പെട്ടിയുടെ വലുപ്പമേയുള്ളു ഓരോ കടയ്ക്കും. പിറ്റേന്നു ഞാന്‍ ചെന്നപ്പോഴേയ്ക്കും കടകളെല്ലാം അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരിക്കുന്നു. അതുപോലെത്തന്നെ ഇന്നലെ കണ്ട വില്പനക്കാരും അപ്രത്യക്ഷമായിരിക്കുന്നു. പകരം പുതിയ ആള്‍ക്കാര്‍. ഒരു കാലിഡോസ്‌കോപ്പിലൂടെ നോക്കുമ്പോൾ കാണുന്നപോലെ. എന്നെ കബളിപ്പിച്ച് ഇല്ലാത്ത എഴുപതു രൂപ അടിച്ചെടുത്ത മലയാളി പീടികക്കാരനെ കണ്ടുപിടിക്കാൻ യാതൊരു വഴിയുമില്ല! എനിയ്ക്കു വളരെ വിഷമമായി. പക്ഷെ അന്ന് ഞാന്‍ ഒരു പാഠം പഠിച്ചു, മാത്രമല്ല കാസ്സറ്റുകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനുള്ള വാശിയുമുണ്ടായി എനിക്ക്. അതിന്റെ ഫലമായിരിക്കണം പിന്നീട് പതിനായിരക്കണക്കിന് കാസ്സറ്റുകൾ എന്റെ കയ്യിലൂടെ കടന്നുപോയത്. എന്റെ ഏറ്റവും വിഷമം പിടിച്ച ഒരു ഘട്ടത്തില്‍ താങ്ങായി വന്നത് കാസറ്റ് റിക്കാര്‍ഡിങ്ങായിരുന്നു. അതുപോലെ ബോംബെയില്‍നിന്നു നഷ്ടപ്പെട്ടതെല്ലാം നാട്ടിൽ വന്ന് തിരിച്ചുണ്ടാക്കിയത് ഈ ഒരു ബിസിനസ്സുകൊണ്ടാണ്. എനിക്ക് ഒരിക്കലും നഷ്ടം പറ്റിയിട്ടില്ലാത്ത ഒരു ബിസിനസ്സ്.

പിന്നീട് ഞങ്ങള്‍ ബോംബെ വിട്ട കാലത്ത് ശിവസേന പ്രവര്‍ത്തകർ ആ സ്റ്റാളുകൾ തല്ലിപ്പൊളിച്ചെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലുണ്ടായത് വ്യത്യസ്ത പ്രതികരണങ്ങളാണ്.

എം. ഗോകുല്‍ദാസ് നടത്തിയ അഭിമുഖസംഭാഷണത്തിന്‌ ആമുഖമായി നല്‍കിയത്.