ഇ ഹരികുമാര്‍
മുമ്പിൽ അനിത ഷോർട്ട്ഹാന്റ് നോട്ടുമായി കാത്തിരിക്കെ സുനിൽ വാക്കുകൾക്കു വേണ്ടി തപ്പി. ഡിക്‌ടേറ്റ് ചെയ്തിരുന്ന കത്തു പകുതിയിൽ നിന്നു പോയിരുന്നു. അഞ്ചുമണിക്കു ശേഷം പിടിച്ചിരുത്തി ചെയ്യിക്കാൻ മാത്രം ധൃതിയുള്ള കത്തല്ല അതെന്ന് അവൾ മനസിലാക്കിയിരുന്നു. അടുത്ത വാചകത്തിനു വേണ്ടി സുനിൽ തപ്പുമ്പോൾ അനിത ഷോർട്ട് ഹാൻഡ് പുസ്തകത്തിൽ പെൻസിൽ കൊണ്ടു പൂക്കൾ വരച്ചു.
കത്തിലെ വാചകങ്ങൾക്കു വേണ്ടിയായിരുന്നില്ല സുനിൽ തപ്പിയിരുന്നത്. ഇടതുകൈകൊണ്ടു താടിക്കു താങ്ങു കൊടുത്ത് അനിത ഒരു റോസിന്റെ ദലങ്ങൾ വരയ്ക്കുകയായിരുന്നു. മനോഹരമായ ഒരു പൂവ് അവളുടെ വിരൽത്തുമ്പിൽ ഉടലെടുക്കുന്നു. ആദ്യമായിട്ടെന്നപോലെ അയാൾ അവളെ നോക്കി പഠിച്ചു. അവൾ സുന്ദരിയായിരുന്നു. തലമുടി മുകളിൽ കെട്ടിവച്ചതിനു താഴെ നീണ്ട കഴുത്തിൽ മുകൾഭാഗത്തു ചെറിയ മിനുത്ത രോമങ്ങൾ കാറ്റിൽ ഇളകുന്നു. ഒരു നിമിഷത്തേക്കു തന്റെ ദൗത്യം മറന്ന് അയാൾ ആ സൗന്ദര്യത്തിൽ മുഴുകി.
പെട്ടെന്ന് അവൾ തലയുയർത്തിക്കൊണ്ടു ചോദിച്ചു:
''ഇനി എന്താണ് എഴുതേണ്ടത്?''
അയാൾ ഞെട്ടിയുണർന്നു. അവളുടെ പ്രതികരണം എന്തു തന്നെയായാലും വേണ്ടില്ല. അയാൾ സംസാരിക്കാൻ തന്നെ തീർച്ചയാക്കി. ചേമ്പറിന്റെ ചില്ലു വാതിലിലൂടെ പുറത്തേക്കുള്ള വാതിൽ കാണാം. കുറച്ചുമുമ്പു പ്യൂൺ രാഘവൻ പോസ്റ്റ് ചെയ്യാനുള്ള കത്തുകളുമായി വാതിൽ കടന്നുപോയതാണ്. ഇനി അവൻ പോസ്റ്റാഫീസിൽ കത്തുകളിട്ടു നേരേ വീട്ടിലേക്കു പോകും.
സുനിൽ നിവർന്നിരുന്ന്, അനിതയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.
''അനിതയും ചാരിയുമായി എന്താണ് ബന്ധം?''
''ബന്ധം...?'' അനിത പുരികമുയർത്തിക്കൊണ്ടു ചോദിച്ചു.
''അതെ. എന്താണ് ബന്ധം?''
''യാതൊരു ബന്ധവുമില്ലല്ലോ.''
അയാൾ അക്ഷമനായി.
''എന്താണ് നിങ്ങൾ തമ്മിൽ നടക്കുന്നത് എന്നാണു ഞാൻ ചോദിച്ചത്. ''
അനിത മുഖം താഴ്ത്തി, വീണ്ടും പെൻസിൽ കൊണ്ടു പുസ്തകത്തിൽ ചിത്രപ്പണി തുടങ്ങി.
സുനിൽ മയത്തിൽ ചോദിച്ചു.
''എന്താ പറയാൻ താൽപര്യമില്ലേ?''
''ഇതു ചോദിക്കാനാണോ എന്നോട് അഞ്ചു മണിക്കുശേഷം നിൽക്കാൻ പറഞ്ഞത്?'' അനിത മുഖമുയർത്താതെ ചോദിച്ചു.
''അതെ.''
''എന്നാൽ കേട്ടോളൂ. അതൊരു ആത്മീയബന്ധമാണ്. എ വെരി ഡീപ്പ് ഫ്രെൻഷിപ്പ്.''
സുനിൽ തളർന്നു. അവൾ എല്ലാം നിഷേധിക്കുമെന്നയാൾ ആശിച്ചിരുന്നു. അല്ലെങ്കിൽ അമ്പത്തഞ്ചു വയസ്സായ ചാരി പിന്നാലെ നടന്നു തന്നെ ശല്യപ്പെടുത്തുകയാണെന്ന് ആവലാതി പറയുമെന്നെങ്കിലും. പക്ഷേ ഒന്നുമുണ്ടായില്ല. താൻ കഴിഞ്ഞ ഒരു മാസമായി ഭയപ്പെട്ടിരുന്നതെല്ലാം ശരിയാണെന്നയാൾക്കു മനസിലായി. ആറുമാസം മുമ്പു തന്റെ സ്‌റ്റെനോയായി നിയമിച്ച ഈ ഇരുപത്തിരണ്ടുകാരി തന്റെ കൺമുമ്പിൽവച്ച് ഒരു പ്രഹേളികയായി മാറിയത് അയാൾ ഓർത്തു. അതിന്റെ ആഴം എത്രയുണ്ടെന്നു മനസ്സിലാക്കിയേ പറ്റൂ. ഡീപ്പ് ഫ്രെൻഷിപ്പ്. മണ്ണാങ്കട്ട.
മദ്രാസിൽ നിന്ന് എറണാകുളത്തേക്കു മാറ്റമായപ്പോൾ മാനേജ്‌മെന്റ് ചില ടാർജറ്റുകൾ തന്നിരുന്നു. അതിന്റെ അടുത്തെങ്കിലും എത്തണമെങ്കിൽ ഒരു കഴുതയെപ്പോലെ ജോലിയെടുക്കണം. അതുകൊണ്ടു രാവിലെ ഓഫിസീൽ വന്ന് അത്യാവശ്യം കത്തുകൾ ഡിക്‌ടേറ്റ് ചെയ്തു പുറത്തിറങ്ങുന്നു. ബൈക്കിൽ നീണ്ട യാത്രകൾ. ചിലപ്പോൾ ഉച്ചയ്ക്കു തിരിച്ചെത്തും അല്ലെങ്കിൽ വൈകുന്നേരം. നേരേ മാനേജരുടെ മുറിയിൽ പോയി അന്നത്തെ യാത്രകളുടെ വിവരങ്ങൾ ചർച്ച ചെയ്യുന്നു. പിന്നെ തിരിച്ചു തന്റെ ചേമ്പറിൽ പോയി അനിത ടൈപ്പ് ചെയ്തുകൊണ്ടു വന്ന കത്തുകൾ ഒപ്പിട്ടു കൊടുക്കുന്നു. ടെലിഫോണിൽ കസ്റ്റമേഴ്‌സുമായി സംസാരം. അതിനിടയ്ക്കു തന്റെ സ്‌റ്റെനോ അമ്പത്തഞ്ചു വയസുകാരനായ സ്‌റ്റോർകീപ്പറുമായി അടുക്കുന്നതൊന്നും അയാൾ ശ്രദ്ധിച്ചില്ല. അഞ്ച് അഞ്ചേകാൽ ആയാൽ കത്തുകൾ പ്യൂണിനെ ഏല്പിച്ച് അയാൾ പുറത്തു കടക്കും. ബൈക്ക് സ്റ്റാർട്ടാക്കി തന്നെ കാത്തിരിക്കുന്ന ഭാര്യയുടെയും രണ്ടു വയസ്സുള്ള മകളുടെയും അടുത്തേക്കു പോകും. ഒരു ദിവസം പുറത്തുനിന്നു വന്നപ്പോൾ കണ്ടതു ചാരി അനിതയുടെ അടുത്തിരുന്നു കൊണ്ട് എന്തോ ടൈപ്പ് ചെയ്യിക്കുകയാണ്. അതിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല, എങ്കിലും കത്തുകളുമായി അനിത വന്നപ്പോൾ അയാൾ ചോദിച്ചു.
''എന്താണ് ടൈപ്പ് ചെയ്തിരുന്നത്?''
''ചാരിയുടെ വീക്കിലി സ്‌റ്റേറ്റ്‌മെന്റാണ്.''
''അയാൾ സ്വയം ചെയ്യേണ്ടതല്ലേ?'' സുനിൽ ചോദിച്ചു. ''അയാൾക്കു വേണ്ടി ടൈപ്പിസ്റ്റിനെ വച്ചിട്ടില്ലല്ലോ.''
''ചെയ്തുതരാൻ പറ്റുമോ എന്നു ചോദിച്ചു.''
സുനിൽ ആലോചിച്ചു. താൻ കൊടുത്ത ജോലിയെല്ലാം അവൾ ചെയ്തു തീർത്തിരിക്കുന്നു. അപ്പോൾ ആ പ്രായമായ മനുഷ്യനെ സഹായിച്ചാൽ കുഴപ്പമൊന്നുമില്ല.
''എന്റെ ജോലി കഴിഞ്ഞിട്ടേ മറ്റുള്ളവരെ സഹായിക്കാൻ പോകാവൂ.'' സുനിൽ പറഞ്ഞു.
''ശരി സർ.''
ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുനിൽ ഒരു കാര്യം മനസ്സിലാക്കി. ചാരി മുന്നേറുകയാണെന്ന്. ഇപ്പോൾ അയാൾ അനിതയുടെ വളരെ അടുത്തിരുന്നാണു പറഞ്ഞുകൊടുക്കുന്നത്. പിന്നീടൊരു ദിവസം കണ്ടപ്പോൾ ചാരിതന്നെയാണു ടൈപ്പ്‌റൈറ്ററിന്റെ റോളർ പിടിച്ചു തിരിക്കുന്നത്. ഓരോ വരി കഴിഞ്ഞാൽ അയാൾ തന്നെ കൈനീട്ടും. റോളർ പിടിച്ചു തിരിക്കും. കൈയിൽ പുകയുന്ന സിഗരറ്റുമുണ്ടായിരിക്കും. അല്ലെങ്കിൽ അനിതയുടെ തൊട്ടടുത്തിരുന്നു ലഞ്ചു ബോക്‌സ് തുറന്നു ഭക്ഷണം പങ്കിട്ടു കഴിക്കുകയായിരിക്കും. അനിത അതെല്ലാം ആസ്വദിക്കുന്നപോലെ തോന്നി. സുനിൽ ഒട്ടു നീരസത്തോടെ ആ കാഴ്ച നോക്കി തന്റെ ചേമ്പറിലേക്കു പോകും. മറ്റു ചിലപ്പോൾ അനിത ചാരിയുടെ മേശയ്ക്കു മുമ്പിലിരുന്നു സംസാരിക്കുകയാവും. തന്നെ കണ്ടാൽ അവൾ വേഗം എഴുന്നേറ്റ് അവളുടെ സ്ഥാനത്തേക്കു പോകും.
മാനേജരുടെ മുറിക്കു തൊട്ടു പുറത്ത് ഒരു ചെറിയ മുറിയിലാണ് മാനേജരുടെ പി. എ. ഇരുന്നിരുന്നത്, മേരി തോമസ്. മുപ്പതു വയസ്സ് പ്രായമുണ്ടാകും. വളരെ ശാന്തമായ പ്രകൃതി. വളരെ കുറച്ചേ സംസാരിക്കൂ. ചേമ്പറിൽ നിന്നു പുറത്തു വരികയേ ഇല്ല. അനിത ഒരിക്കലെങ്കിലും മേരിയുടെ ചേമ്പറിലേക്കു പോകുന്നതു കണ്ടിട്ടില്ല. സാധാരണ ഓഫീസിൽ രണ്ടു സ്ത്രീകളുണ്ടെങ്കിൽ അവർ തമ്മിൽ നല്ല കൂട്ടായിരിക്കും, അല്ലെങ്കിൽ നല്ല വഴക്കായിരിക്കും. ഇതു രണ്ടുമില്ല. പിന്നെയുള്ളത് ഫീൽഡ് സ്റ്റാഫാണ്. അവർ ആഴ്ചയിലൊരിക്കലേ ഓഫീസിൽ വരികയുള്ളൂ. ഗോഡൗൺ ജോലിക്കാരും വല്ലപ്പോഴുമേ ഓഫീസിൽ വരൂ. അപ്പോൾ മാനേജരും സുനിലും പുറത്തു പോയാൽ ചാരിയും അനിതയും രാഘവനും മാത്രമേ ഓഫീസിൽ തുറന്ന സ്ഥലത്തു കാണൂ. ജോലി കുറവായ സമയങ്ങളിൽ അവർ എന്തെങ്കിലും സംസാരിച്ചിരിക്കയാവും എന്നു സുനിൽ കരുതി.
ഇടയ്ക്കു ചാരി തന്റെ ചേമ്പറിലേക്കു വരുന്നു. വെറുതെ സംസാരിക്കാൻ. വായിൽ നിന്നു സിഗരറ്റ് വലിച്ചതിന്റെ വൃത്തികെട്ടമണം മുറി നിറയുന്നു. മേശയുടെ വീതി ഇപ്പോഴുള്ളതിന്റെ നാലിരട്ടിയെങ്കിലും ഇല്ലാത്തതിൽ സുനിൽ പരിതപിക്കും, പ്രത്യേകിച്ചും ചാരി മുന്നോട്ടാഞ്ഞിരുന്നു വല്ലതും പറയുമ്പോൾ.
ചാരി പോയിക്കഴിഞ്ഞാൽ സിഗരറ്റിന്റെയും വിയർപ്പിന്റെയും നാറ്റം കളയാൻ ഫാൻ വേഗം കൂട്ടി മേശവലിപ്പിൽ സൂക്ഷിച്ചുവച്ച റൂം സ്‌പ്രേ എടുത്ത് ആരും കാണാതെ അടിക്കുന്നു. എങ്ങിനെയാണാവോ അനിത അയാളുടെ ഇത്ര അടുത്തു മൂക്കു പൊത്താതെ ഇരിക്കുന്നത്?
ഇന്നലെ മാനേജരാണ് ആ ബോംബു പൊട്ടിച്ചത്. മാനേജരുടെ ഒപ്പം നടത്തുന്ന ബിസിനസ് ട്രിപ്പുകൾ അവസാനിക്കുന്നതു ഗ്ലാസുകൾക്കു മുമ്പിലാണ്. വൈൻഷാപ്പിനു മുമ്പിൽ കാർ നിർത്തി ഡ്രൈവറോടു രണ്ടു കുപ്പി ചിൽഡ് ബീയർ വാങ്ങാൻ പറയുന്നു. അതു സുനിലിനുള്ളതാണ്. മാനേജർക്കുള്ള സ്‌കോച്ച് വീട്ടിൽത്തന്നെയുണ്ട്.
വീട്ടിലെത്തിയാൽ പത്തുറുപ്പിക ടിപ്പ് കൊടുത്തു ഡ്രൈവറെ പറഞ്ഞയയ്ക്കുന്നു. അന്നു പകൽ മുഴുവൻ ചീത്ത പറഞ്ഞതിന്റെ പ്രായശ്ചിത്തമാണ്. കാറിലിരുന്നു ഡ്രൈവർക്കു നിർദ്ദേശങ്ങൾ കൊടുത്തകൊണ്ടിരിക്കും. എല്ലാം കഴിഞ്ഞാൽ അയാൾ സുനിലിനോടു പറയും: ''അയാം ഡ്രൈവിംഗ് ഫ്രം ദ ബാക്ക് സീറ്റ്.'' നാലാം നിലയിലെ ഏകാന്തമായ ഫ്‌ളാറ്റിലെത്തിയപ്പോൾ മാനേജർ പറയും.
''സുനിൽ, ഹെൽപ് യുവഴ്‌സെൽഫ്. ഐവിൽ ഹാവ് എ വാഷ് ആന്റ് കം.''
മാനേജർ അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ബോട്ട്ൽ ഓപ്പനറും ഗ്ലാസും തരും. ബീയർ ദേഹം തണുപ്പിച്ചു തുടങ്ങുമ്പോഴേക്കും മാനേജർ സ്‌കോച്ചും സോഡയും ഐസ് ക്യൂബുകളിട്ട ഫ്‌ളാസ്‌ക്കുമായി എത്തും. മാനേജർ, ചെയ്യുന്ന കാര്യങ്ങളിലെല്ലാം ആഢ്യത്വം പുലർത്തിയിരുന്നു. സ്‌കോച്ചിലും താഴെ അദ്ദേഹം കുടിക്കാറില്ല. ചുരുങ്ങിയത് മറ്റുള്ളവരുടെ മുമ്പിൽ വെച്ചെങ്കിലും.
രണ്ടു പെഗ്ഗ് അകത്തു ചെന്നപ്പോഴാണു മാനേജർ ചോദിച്ചത്.
''സുനിൽ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഓഫീസിൽ അത്ഭുതകരമായ ചിലതു സംഭവിക്കുന്നു.''
''അത്ഭുതകരമായ?''
''അതെ. സ്‌ട്രേഞ്ച് ഹേപ്പനിംഗ്‌സ്.''
സുനിലിനു മനസിലായില്ല. അയാൾ പറഞ്ഞു.
''എനിക്കു മനസിലായില്ല, സാർ എന്തിനെപ്പറ്റിയാണ് പറയുന്നതെന്ന്.''
ഒരു വലിയ കവിൾ കുടിച്ചുകൊണ്ടു മാനേജർ പറഞ്ഞു.
''ഞാൻ ഒരു മാസമായി ശ്രദ്ധിക്കുന്നു. സംതിങ്ങ് ഈസ് ഗോയിംഗ് ഓൺ ബിറ്റ്‌വീൻ ചാരി ഏന്റ് അനിത. സുനിൽ ശ്രദ്ധിച്ചിട്ടുണ്ടോ ചാരി എപ്പോഴും അനിതയുടെ കൂടെയാണ്. പശവച്ച് ഒട്ടിച്ചപോലെ. ഹി ഹാസ് നോ ബിസിനസ് ടു ബി വിത്ത് ഹേർ. ചാരി അവളെ നിർബന്ധിക്കുന്നുണ്ടെന്നാണു ഞാൻ ഊഹിക്കുന്നത്.''
''എന്തിന്?''
''യു സ്റ്റുപ്പിഡ്,'' മാനേജർ പറഞ്ഞു, ''എന്തിനാണ് ഒരു പുരുഷൻ ഒരു സ്ത്രീയെ നിർബന്ധിക്കുക?
തന്റെ ചോദ്യം വിഡ്ഢിത്തമായിരുന്നെന്നു സുനിലിനു തോന്നി. അപ്പോൾ മാനേജരുടെ പരിചയമേറിയ കണ്ണുകൾ തന്നെക്കാൾ മുമ്പു കാര്യം ഗ്രഹിച്ചിരിക്കുന്നു. ''സുനിലിന് സൗകര്യമാകുമെങ്കിൽ ആ വങ്കത്തിയോടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കൂ. സ്റ്റുപ്പിഡ് ഗേൾ. ഞാനിതിലിടപെട്ടാൽ അതൊരു സ്‌കാന്റലാകും.'' സുനിലിന് അതു ശരിയാണെന്നു തോന്നി. മാനേജർ അമ്പതു വയസായ ഒരു മനുഷ്യനാണ്. കുടുംബം മദ്രാസിലാണ്. ഇവിടെ ഒറ്റയ്ക്കു കമ്പനിവക ഫ്‌ളാറ്റിൽ താമസിക്കുന്നു. അതിനിടയ്ക്ക് ഇരുപത്തിരണ്ടു വയസായ സുന്ദരിയെങ്കിലും വങ്കത്തിയായ ഒരു പെണ്ണിന്റെ കാര്യത്തിൽ ഇടപെട്ടാൽ അതു മറ്റു വിധത്തിൽ വ്യാഖ്യാനിച്ചെന്നിരിക്കും.
ഇപ്പോൾ അനിതയുടെ മറുപടികൂടി കേട്ടപ്പോൾ സുനിൽ ആലോചിച്ചു. താനെന്തിനാണ് ഈ ഏടാകൂടത്തിൽ ഇടപെടുന്നത്? ആത്മീയബന്ധം. അത് എന്തുമാകാം. പക്ഷേ, നാളെ രാവിലെ ഓഫീസിൽ വന്നാൽ തന്റെ ദൗത്യത്തെപ്പറ്റി മാനേജർക്കു റിപ്പോർട്ട് കൊടുക്കേണ്ടതുണ്ട്. പുറത്തു കസ്റ്റമേഴ്‌സിനെ കണ്ടു വന്നാൽ കൊടുക്കുന്ന റിപ്പോർട്ട് പോലെ. സുനിൽ ചോദിച്ചു.
''ഈ ആത്മീയബന്ധമെന്നത് വളരെ അബ്‌സ്ട്രാക്ടാണ്. അതൊന്ന് വിശദീകരിക്കാമോ?''
അനിത ചിത്രംവര നിർത്തി. അവളുടെ മുഖത്തു നീരസം ഉണ്ട്.
''സുനിൽസാർ,'' അവൾ പറഞ്ഞു. ''അതെന്റെ വ്യക്തിപരമായ കാര്യമല്ലേ? നിങ്ങളെന്തിനാണ് ഇടപെടുന്നത്?''
''ശരി.'' സുനിൽ പെട്ടെന്ന് എഴുന്നേറ്റു ടൈ നേരെയാക്കി, ബ്രീഫ് കേസെടുത്തു.
അനിത അത്ഭുതത്തോടെ അയാളെ നോക്കി. ഷോർട്ട് ഹാൻഡ് പുസ്തകം എടുത്തുകൊണ്ട് അവളും എഴുന്നേറ്റു.
''കത്ത്...?''
''അത് സാരമില്ല.'' സുനിൽ പറഞ്ഞു. ''നമുക്കു പോകാം. ഞാൻ മാനേജരോടു പറയാം അനിതയും ചാരിയും തമ്മിൽ വളരെ അഗാധമായ ആത്മീയ ബന്ധമാണ്, അത് അവരുടെ വ്യക്തിപരമായ കാര്യമാണ്, മറ്റാർക്കും അതിൽ തലയിടേണ്ട കാര്യമില്ല എന്നും.''
അതൊരു ബ്ലാക്ക് മെയ്‌ലിങ്ങായിരുന്നു.
അവളുടെ മുഖം വിളറി. അവൾ മേശയുടെ അറ്റം തിരുപ്പിടിച്ചുകൊണ്ടു പറഞ്ഞു.
''സുനിൽ, ഇതെന്തിനാണ് മാനേജരോട് പറയുന്നത്?''
അവൾ ആദ്യമായിട്ടാണ് തന്നെ സർ എന്നു വിളിക്കാതെ പേരു മാത്രം വിളിക്കുന്നത്. അതിൽ കോൾമയിർ കൊള്ളേണ്ടതാണ്. പക്ഷേ, വിജയം അയാളെ ഉന്മത്തനാക്കിയതുകാരണം അതൊന്നുമുണ്ടായില്ല.
''കാരണം, നിങ്ങൾ തമ്മിൽ എന്താണു നടക്കുന്നതെന്നന്വേഷിച്ചു പറയാൻ മാനേജർ എന്നെ ഏല്പിച്ചിരിക്കയാണ്. എന്നെ ഈ മാസ്റ്റർ സ്‌പൈ പണിയിൽ നിന്നെഴിവാക്കണമെന്നു പറയാം.''
അവൾ സാവധാനത്തിൽ കസേരയിലേക്കു വീണു. സുനിൽ ബ്രീഫ് കേസ് തുറന്നു താക്കോൽ കൈയിലെടുത്തു.
''എഴുന്നേൽക്കു. ഞാൻ ഓഫീസ് പൂട്ടാൻ പോകയാണ്.''
അനിത പെട്ടെന്നു മേശമേൽ വച്ച കൈകളിൽ മുഖം താഴ്ത്തി കരയാൻ തുടങ്ങി. സുനിൽ പകച്ചുനിന്നു. കൂസലില്ലാതെ നിന്നപ്പോൾ അവളെ കൈകാര്യം ചെയ്യാൻ എളുപ്പമായിരുന്നു. ഇപ്പോൾ പ്രതിരോധമില്ലാതെ അവൾ നിന്നപ്പോൾ അയാൾക്ക് ഒന്നും ചെയ്യാനായില്ല.
മഴ തോരുന്നതും കാത്തു സുനിൽ അയാളുടെ റിവോൾവിംഗ് കസേരയിൽ ഇരുന്നു. രണ്ടു മിനിറ്റ് നേരത്തെ തേങ്ങലിന്റെ അവസാനത്തിൽ അവൾ മുഖമുയർത്തി. കരഞ്ഞു ചുവന്ന കണ്ണുകൾ അവളുടെ സൗന്ദര്യം വർദ്ധിപ്പിച്ചു.
''സോറി സർ.'' അവൾ എഴുന്നേറ്റു കൊണ്ടു പറഞ്ഞു: ''ഞാൻ പോട്ടെ.''
അനിത സ്പ്രിംഗ് ഡോർ തുറന്നു പുറത്തേക്കു കടന്നു.
''അനിതാ...'' സുനിൽ വിളിച്ചു.
ആ വിളി അവൾ കാത്തു എന്നു തോന്നുന്നു. അതിൽ അത്ഭുതമില്ല. ഒരു പെൺകുട്ടി കരയുമ്പോൾ ഏതു മുഠാളനും എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കും.
''സോറി അനിത. ഞാൻ നിങ്ങളെ വ്യസനിപ്പിക്കണമെന്നുദ്ദേശിച്ചില്ല.''
ആശ്വസിപ്പിക്കപ്പേടേണ്ടത് തന്റെ അവകാശമാണെന്ന മട്ടിൽ അവൾ നിന്നു, വാതിൽ വിടാതെ തന്നെ.
''വരൂ..... പോകാൻ ധൃതിയില്ലെങ്കിൽ നമുക്കല്പം സംസാരിക്കാം.''
അനിത അകത്തു കടന്നു കസേരയിൽ ഇരുപ്പായി.
എന്താണു പറയേണ്ടതെന്നറിയാതെ അയാൾ മുറിയിൽ ഉലാത്തി. പിന്നെ കസേരയിൽ വന്നിരുന്നു മയത്തിൽ ചോദിച്ചു.
''എന്താണ് നിങ്ങൾ തമ്മിൽ ശരിക്കുള്ള ബന്ധം?''
''ബന്ധം?''
''അതെ, അതിനെ ഏതു കാറ്റഗറിയിൽ പെടുത്തണമെന്നാണ് ഞാൻ ചോദിക്കുന്നത്? അച്ഛനും മകളും തമ്മിലുള്ള ബന്ധമാണോ, സഹോദര സഹോദരീ ബന്ധമാണോ?''
അവൾ മൗനം പാലിച്ചു.
''പറയൂ...'' സുനിൽ നിർബന്ധിച്ചു: ''നിങ്ങളുടെ മൗനത്തിൽ നിന്നു ഞാൻ മനസിലാക്കേണ്ടത് ഞാൻ പറഞ്ഞ തരത്തിലുള്ള ബന്ധമൊന്നുമല്ല നിങ്ങൾ തമ്മിലെന്നാണ് അല്ലേ?''
''എനിക്ക ഇഷ്ടമുള്ള ഒരാളെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നാണോ സുനിൽ പറയുന്നത്?''
''ഇഷ്ടപ്പെടുകയോ? ചാരിയെപ്പോലത്തെ ഒരാളെയോ?''
മൗനം.
''നിങ്ങൾ കാണിക്കുന്നതു മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയിട്ടുണ്ടോ? മാനേജർ മാത്രമല്ല, ഞാനും മറ്റുള്ള ജോലിക്കാരും എല്ലാം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങൾ പുറത്തുവച്ച് കാണുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയാണെങ്കിൽ ഭംഗിയായി. നിനക്ക് നല്ല വല്ല ചെറുപ്പക്കാരനെയും കല്യാണം കഴിച്ചുകൂടേ? ഈ ഏർപ്പാടു കാരണം വല്ല ചീത്തപ്പേരും വന്നാൽ പിന്നെ നിനക്കു കല്യാണമേ ഉണ്ടായില്ല എന്നു വരും.''
സുനിൽ തുടർന്നു.
''ആട്ടെ, എങ്ങനെയാണ് ഇതു തുടങ്ങിയത്?''
അനിത കസേരയിൽ ചാരിയിരുന്നു. ഒരു നെടുനിശ്വാസം അവളുടെ മാറുകളെ ഉലച്ചു. ചാരി അവളെ തൊട്ടിട്ടുണ്ടാവും അല്ലെങ്കിൽ ചുംബിച്ചിട്ടുണ്ടാകും എന്നോർത്തപ്പോൾ അയാൾ അസൂയാലുവായി. ചാരി അവളുടെ അടുത്തിരിക്കുന്നതു കണ്ടപ്പോഴെല്ലാം തനിക്കുണ്ടായിരുന്ന വികാരം അസൂയയാണെന്നയാൾ മനസിലാക്കി.
സമയം അഞ്ചരയായി.
അനിത സംസാരിക്കാൻ തീർച്ചയാക്കി.
''ചാരി എന്റെ അച്ഛനെപ്പോലെയായിരുന്നു. അയാൾക്ക് ഞാൻ മകളെപ്പോലെയും. അതുകൊണ്ടാണ് ചാരിയുടെ സ്‌റ്റെനോവായി എന്നെ എടുത്തത്?''
''ചാരിയുടെ സ്റ്റെനോ ആയിട്ടോ?'' ആരു പറഞ്ഞു.?''
''ചാരി തന്നെ.''
''ചാരിക്ക് സ്റ്റെനോഗ്രാഫറോ? എന്തിന്?'' അയാൾക്ക് ദ്വേഷ്യം പിടിച്ചിരുന്നു. ''നിന്നെ നിയമിച്ചത് എനിക്ക് വേണ്ടിയാണ്. എന്നെ ട്രാൻസ്ഫർ ചെയ്യാൻ തീർച്ചയാക്കിയപ്പോഴാണ് ഇവിടെ എനിക്കുവേണ്ടി ഒരു സ്റ്റെനോഗ്രാഫറെ നിയമിക്കാൻ മാനേജർക്ക് എഴുതിയത്.''
''എന്നോട് അങ്ങനെയാണു പറഞ്ഞത്. എട്ടു കുട്ടികളെ ഇന്റർവ്യു ചെയ്തതിൽ എന്നെയാണ് ഇഷ്ടമായതെന്ന്. നല്ല ശാലീനതയുള്ള കുട്ടിയാണ്, സ്വന്തം മകളെപ്പോലെ ഇഷ്ടംതോന്നി, എന്നെല്ലാം. ചാരിക്ക് രണ്ട് ആൺമക്കളല്ലേ, അതുകൊണ്ട് പെൺകുട്ടികളെ ഇഷ്ടമാണെന്നു പറഞ്ഞു.''
''പിന്നീട് നീ എനിക്കുവേണ്ടി ജോലിയെടുക്കാൻ തുടങ്ങിയപ്പോൾ ചാരി എന്തു പറഞ്ഞു?''
''നിങ്ങൾ എന്നെ തട്ടിയെടുത്തതാണ് എന്നൊക്കെ പറഞ്ഞു.
''അനിത അതു വിശ്വസിച്ചോ?''
മൗനം.
''എന്റെ ചോദ്യത്തിന് മറുപടിയില്ലേ?''
''ഞാൻ അന്ന് അതു വിശ്വസിച്ചു. പിന്നീടു ഞാൻ അതിനെപ്പറ്റി ആലോചിച്ചില്ല. ചാരി എനിക്ക് ആലോചിക്കാൻ അവസരം തന്നില്ല. നിരന്തരം സംസാരി ച്ചുകൊണ്ടിരിക്കും. സുനിൽ ഓഫീസിലില്ലാത്ത സമയമെല്ലാം ചാരി എന്റെ അടുത്തു വന്നിരുന്നു സംസാരിക്കും. ഇപ്പോൾ എനിക്ക് ഓരോന്നു മനസിലാവുന്നു. എന്നെ ആകെ ബ്രെയ്ൻവാഷ് ചെയ്തിരിക്കയായിരുന്നു ആ മനുഷ്യൻ. എനിക്ക് ഒന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നു മാത്രം എന്റെ തലയിൽ കയറി. ആ മനുഷ്യൻ ജീവിക്കുന്നത് എന്റെ സ്‌നേഹം കൊണ്ടാണ്. ഒരു ഹൃദ്രോഗിയാണ്, സ്‌നേഹമില്ലാത്ത ഒരു ഭാര്യ കാരണം കുടംബ ജീവിതം ആകെ താറുമാറിലാണ് എന്നെല്ലാം പറഞ്ഞ് എന്റെ അനുകമ്പ വാങ്ങിക്കുകയായിരുന്നു അയാൾ.
''സുനിലും മാനേജരും ടൂറിൽ പോകുന്ന ദിവസങ്ങളിൽ എന്നോടു വൈകുന്നേരം ഇരിക്കാൻ പറയും. ഒരു സ്‌റ്റേന്റ്‌മെന്റ് ടൈപ്പ്‌റൈറ്ററിൽ തിരുകി അതു ചെയ്യുകയാണെന്ന ഭാവത്തിൽ ഇരിക്കും. രാഘവനോടു പൊയ്‌ക്കൊള്ളാൻ പറയും. അതുകഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കും. കുറച്ചു കഴിഞ്ഞാൽ വാതിലടയ്ക്കും. അപ്പോൾ അകത്ത് ആരെങ്കിലുമുണ്ടെന്നു മനസിലാവില്ലല്ലോ.''
''ഒരു ദിവസം പെട്ടെന്നു ചാരിക്കു നെഞ്ചുവേദന വന്നപ്പോൾ എന്നോടു തലോടിക്കൊടുക്കാൻ പറഞ്ഞു. ഞാൻ കുറെ നേരം തലോടിക്കൊടുത്തു. എന്റെ കൈകൾക്കും ഹീലിംഗ് ടച്ച് ഉണ്ടെന്നെല്ലാം പറഞ്ഞു. വേദന മാറിയപ്പോൾ എന്നോട് മടിയിലിരിക്കാൻ ആവശ്യപ്പെട്ടു.''
അവൾ നിർത്തി. സുനിൽ പുകയുകയായിരുന്നു. അനിത ചാരിയുടെ മടിയിൽ ഇരിക്കുന്നതും അയാൾ അവളെ കെട്ടിപ്പിടിക്കുന്നതുമെല്ലാം കണ്ണിൽ കണ്ടുകൊണ്ട് അയാൾ പല്ലിറുമ്മി. ഇല്ല, അനിത അയാൾക്കു വഴങ്ങിക്കൊടുത്തിട്ടുണ്ടാവില്ല. സുനിൽ സമാശ്വസിച്ചു.
''ചാരി എന്നോടു മടിയിലിരിക്കാൻ പറഞ്ഞപ്പോൾ എനിക്കു കുഴപ്പമൊന്നും തോന്നിയില്ല. ഞാൻ കുട്ടിക്കാലത്ത് അച്ഛന്റെ മടിയിൽ ഇരിക്കാറുള്ളത് ഓർമ്മ വന്നു. അച്ഛനും ചാരിയുടെ ഗന്ധമായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ ആദ്യമായി ആ ഗന്ധം ശ്വസിക്കുകയായിരുന്നു. എനിക്ക് സ്വീകാര്യമായി തോന്നി. ചാരി എന്നെ ഉമ്മവച്ചപ്പോഴും തലോടാൻ തുടങ്ങിയപ്പോഴും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ മനസ് ഒരു കറുത്ത തുണികൊണ്ടു മൂടിയിരിക്കയായിരുന്നു. എന്റെ യുക്തി നഷ്ടപ്പെട്ടിരുന്നു.''
''ഇന്ന് സുനിലാണ് എന്റെ കണ്ണുകൾ തുറന്നത്. മാനേജരുടെ മുമ്പിൽ ഞാൻ എത്രത്തോളം വിലകുറഞ്ഞവളായിക്കാണും എന്ന് എനിക്കിപ്പോൾ മനസിലായി. എനിക്ക് ലജ്ജ തോന്നുന്നു.''
''പിന്നീട് അയാൾ എന്തു ചെയ്തു? സുനിൽ അക്ഷമനായി ചോദിച്ചു. കൂടുതൽ വല്ലതും സംഭവിച്ചുവോ എന്നാണെനിക്കറിയേണ്ടത്.''
''ഇല്ല, പക്ഷേ, സംഭവിക്കുമായിരുന്നു. ഇന്ന് സുനിൽ എന്നോട് സംസാരിച്ചിരുന്നില്ലെങ്കിൽ. അന്നു നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു. പിന്നീട് നെഞ്ചുവേദനയെന്ന ഒഴിവുകഴിവിന്റെ ആവശ്യമുണ്ടായിരുന്നില്ല. അയാൾ ഒരു വലിയ പ്ലാൻ തയ്യാറാക്കിയിരിക്കയാണ്.''
''എന്തു പ്ലാൻ?''
''ഞാൻ പിന്നീടു പറയാം. എന്തായാലും അതു നടക്കാൻ പോകുന്നില്ല.''
അവൾ വാച്ചു നോക്കി.
''ഓ സമയം അഞ്ചേമുക്കാൽ. ഞാൻ പോട്ടെ.''
സുനിൽ എഴുന്നേറ്റു. ''ശരി. അപ്പോൾ അങ്ങനെയാണു കാര്യങ്ങൾ. ഇനിയെങ്കിലും അനിത ശ്രദ്ധിക്കണം. ചീത്തപ്പേരുണ്ടാക്കരുത്.''
''താങ്ക്‌സ് സർ. പിന്നെ ദയവു ചെയ്ത് ഞാനിന്നു പറഞ്ഞതൊന്നും മാനേജരോടു പറയരുത്.''
''മുഴുവൻ പറയുന്നില്ല. ഇനി ഇതൊന്നും ആവർത്തിക്കില്ല എന്ന് അനിത വാക്കു തന്നിട്ടുണ്ടെന്ന് പറയാം.''
പിന്നീട് ആലോചിച്ചപ്പോൾ അനിതയുടെ ഈ സ്വഭാവം സുനിലിനെ അത്ഭുതപ്പെടുത്തി. എത്ര പെട്ടെന്നാണവൾ മാറിയത്. ഒരു നിമിഷം മുമ്പുവരെ അവൾ ആത്മീയബന്ധത്തെപ്പറ്റി പറയുമായിരുന്നു. പെട്ടെന്ന് ആ മനുഷ്യൻ അവളുടെ കണ്ണിൽ കരടായി.
മാനേജരോടു തന്റെ ദൗത്യത്തിന്റെ വിജയത്തെപ്പറ്റി പറയുമ്പോൾ സുനിൽ മനസിൽ ചിരിച്ചു. ഒരു എക്‌സ് റേറ്റഡ് ഫിലിം കുട്ടികൾക്കുള്ള സിനിമയാക്കിയാലെങ്ങനെയുണ്ടാകും അതേപോലെയാണു താൻ കഥ സെൻസർ ചെയ്തത്. അനിത അതൊന്നും ഇനി ആവർത്തിക്കില്ലെന്നു വാക്കു തന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഗൗരവത്തോടെ തലയാട്ടി.
''ഇറ്റ് ഈസ് ഗുഡ് ഫോർ ഹേർ.''
അദ്ദേഹം മേശമേൽ നിന്നൊരു കടലാസെടുത്തു നീട്ടി.
''ഇതാ, ചാരിയുടെ അപേക്ഷ. അയാൾക്ക് ഒരാഴ്ചത്തെ ലീവ് വേണമത്രേ. തിങ്കൾ മുതൽ. ഞാൻ സാങ്ഷൻ ചെയ്യുകയാണ്. സുനിൽ അയാളുടെ ജോലികൂടി ഒരാഴ്ച നോക്കേണ്ടി വരും.''
''സാരമില്ല.'' സുനിൽ പറഞ്ഞു.
അയാൾക്ക് എന്തോ മണത്തു തുടങ്ങിയിരുന്നു. ചാരിയുടെ മാസ്റ്റർ പ്ലാനിനെപ്പറ്റി അനിത സൂചിപ്പിച്ചത് ഓർമ്മവന്നു. കത്തുകൾ ഡിക്‌ടേറ്റ് ചെയ്തു കൊടുക്കുമ്പോൾ അയാൾ അനിതയോടു പറഞ്ഞു.
''ചാരി തിങ്കൾ മുതൽ ഒരാഴ്ചത്തെ ലീവിലാണ്.''
അനിത ചിരിക്കാൻ തുടങ്ങി. വളരെ ലാഘവമായി, എന്നാൽ പുറത്താരെങ്കിലും അറിയുന്നുണ്ടോ എന്നു നോക്കിക്കൊണ്ട് അവൾ ചിരിക്കുകയാണ്.
''ഞാൻ ഇത്ര തമാശക്കാരനാണെന്നറിഞ്ഞില്ല.'' സുനിൽ ഗൗരവത്തോടെ പറഞ്ഞു.
''എന്താണെന്നറിയ്യോ?'' അനിത പറഞ്ഞു. ''ഞാൻ ചാരിയുടെ ഒരു വലിയ പ്ലാനിനെപ്പറ്റി പറഞ്ഞില്ലേ?''
''ഉം, പിന്നീട് പറയാമെന്നാണ് പറഞ്ഞത്.''
''ഇതാണ് പ്ലാൻ. ഞാൻ പറയാം.'' അവൾ ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി.
ചേമ്പറിന്റെ ചില്ലു വാതിലിലൂടെ അനിത ഹാളിലേയ്ക്കു നോക്കി. ഇല്ല, ആരും ശ്രദ്ധിക്കുന്നില്ല. അവൾ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.
''ചാരിയുടെ ഒരു പ്ലാനിനെപ്പറ്റി ഞാൻ പറഞ്ഞതോർമ്മയുണ്ടോ?''
അയാൾ തലയാട്ടി. ''എന്തായിരുന്നു അത്?''
''ചാരി കുറെയായി എന്നെ നിർബന്ധിക്കുന്നു ഒരു കാര്യത്തിന്. എന്താണെന്നറിയാമോ? ചാരിക്ക് രണ്ട് ആൺ മക്കളല്ലേ ഉള്ളത്. ഒരു മകളെയെങ്കിലും വേണമെന്നുണ്ട്. ആ മകളെ ഞാൻ പ്രസവിച്ചു കൊടുക്കണം. പ്ലാൻ ഇതാണ്. ചാരി ഒരാഴ്ചത്തെ ലീവെടുക്കും. ആ ആഴ്ച ഞാൻ സിക്ക് ലീവെടുക്കും. ഞങ്ങൾ രണ്ടുപേരും ആലുവായിൽ പോകും. അവിടെ ചാരിയുടെ ഒരകന്ന സഹോദരിയുടെ വീടുണ്ട്, പെരിയാറിന്റെ കരയിൽ. ഒരാഴ്ച ആ വീട്ടിൽ താമസിച്ചു തിരിച്ചുവരും.''
''ദ പ്ലോട്ട് തിക്കൻസ്.'' സുനിൽ പറഞ്ഞു. ''കഥ സങ്കീർണ്ണമാവുകയാണല്ലോ.''
''അതെ. പിന്നീട് ഒമ്പതുമാസം കഴിഞ്ഞാൽ ഞാൻ അതേ സ്ഥലത്തു തന്നെ തിരിച്ചുപോയി ഒരു പെൺകുട്ടിയെ പ്രസവിക്കണം. പ്രസവിച്ച കുട്ടിയെ ചാരിയെ ഏല്പിച്ച് എനിക്കു തിരിച്ചുവരാം. ഈ കമ്പനിയിൽ തന്നെ ഒന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ തുടരാം. വേറെ ആരെയെങ്കിലും കല്യാണം കഴിച്ച് സുഖമായി ജീവിക്കാം.''
''അനിത പ്രസവിക്കുന്നത് ആൺകുട്ടിയായാലോ?''
''ഇതൊക്കെ വീണ്ടും ആവർത്തിക്കാം.'' അനിത ഒരു ചെറിയ ചിരിയോടെ പറഞ്ഞു.
''ചാരി ധാരാളം ഹിന്ദി സിനിമകൾ കണ്ടിട്ടുണ്ടെന്നു തോന്നുന്നു.'' സുനിൽ പറഞ്ഞു.''ആട്ടെ അനിത അതെല്ലാം സമ്മതിച്ചോ?''
''ങ്ങാ. ഞാൻ അടുത്ത ആഴ്ച സിക്ക് ലീവെടുക്കാൻ പ്ലാനിട്ടിരിക്കയായിരുന്നു.''
''സോ, ഇറ്റ് വാസെ നേരോ എസ് കേപ്പ്.'' സുനിൽ പറഞ്ഞു. ''രണ്ടു ദിവസം വൈകിയിരുന്നെങ്കിൽ?''
അവൾ വശ്യമായി ചിരിച്ചു.
''ആട്ടെ നീ ചാരിയോട് വല്ലതും പറഞ്ഞോ?''
''ഉം ഉം.''
''പറയാമായിരുന്നില്ലേ?''
''പറയേണ്ട എന്നു വച്ചിട്ടാണ്. ലീവെടുക്കട്ടെ. ആലുവായിൽ കാത്തു നിൽക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച രാവിലെ.''
''മറ്റന്നാൾ?''
''അതെ.''
''എന്നിട്ട് നിന്നെ കണ്ടില്ലെങ്കിലോ?''
''കുറച്ച് വിഷമിക്കട്ടെ.''
സുനിലിനു പെട്ടെന്ന് അനുതാപമുണ്ടായി. പാവം മനുഷ്യൻ. താനെന്തിനയാളുടെ ഇര വായിൽ നിന്നു തട്ടിക്കളഞ്ഞു.
''അതു ക്രൂരതയാണ്.'' സുനിൽ പറഞ്ഞു. ''നീ അയാളോടു കാര്യം പറഞ്ഞു മനസിലാക്കൂ. പദ്ധതിയുടെ സങ്കീർണത കാരണം നിന്നെ അതിൽ നിന്നൊഴിവാക്കണമെന്നു പറയൂ. ആശ കൊടുക്കുന്നത് മഹാപാപമാണ്.''
''എനിക്കു വേറെ പ്ലാനാണുള്ളത്.'' അനിത പറഞ്ഞു. ''ഞാൻ ചാരിയുടെ ഭാര്യയോട് എല്ലാം പറയാൻ പോകുകയാണ്. എന്നിട്ട് എനിക്കു പകരം അവരോട് ആലുവയ്ക്ക് പോകാൻ പറയാനാണ് ഉദ്ദേശ്യം. രണ്ടാമതൊരു മധുവിധുവിന്. അല്പമൊരു സെൻസ് ഓഫ് ഹ്യൂമർ ഉണ്ടെങ്കിൽ അവർക്കതു സമ്മതമാവും.''
സുനിലിന് അതു ബോദ്ധ്യപ്പെട്ടില്ല.
സ്ത്രീഹൃദയം വെണ്ണപോലാണെന്ന് ആരാണു പാടിയത്?
ഉച്ചഭക്ഷണത്തിനു താഴെയുള്ള റെസ്‌റ്റോറന്റിൽ പോയി തിരിച്ചു വന്നപ്പോൾ കണ്ടതു ചാരി ഒറ്റയ്ക്ക് അയാളുടെ കസേരയിലിരുന്നു ചപ്പാത്തി തിന്നുന്നതാണ്. മറുവശത്ത് അനിത അവളുടെ കസേരയിൽ ഇരുന്ന് ഒരു മാസിക വായിക്കുന്നു. ഭക്ഷണ സമയത്തു ചാരിയുമായുണ്ടായിരുന്ന കൂട്ടുകൃഷി എങ്ങനെ നിർത്തിയെന്നറിയാൻ സുനിലിന് ആഗ്രമുണ്ടായി. അയാൾ ചോദിച്ചു.
''അനിതയുടെ ഭക്ഷണം കഴിഞ്ഞുവോ?''
അവൾ ഭവ്യതയോടെ മാസിക മടക്കിവെച്ചുകൊണ്ടു പറഞ്ഞു.
''ഇല്ല സർ. എനിക്കിന്ന് ഉപവാസമാണ്.''
തിങ്കളാഴ്ച ചാരി വന്നില്ല. അനിതയ്ക്കു ഡിക്‌ടേഷൻ കൊടുത്തുകൊണ്ടിരിക്കെ സുനിൽ ചോദിച്ചു.
''ചാരി വന്നില്ല അല്ലേ?''
അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
''ചാരി ഇപ്പോൾ പെരിയാറിന്റ തീരത്ത് ഭാര്യയുടെ കൈകോർത്തു പിടിച്ചു പാടിനടക്കുകയാവും. രണ്ടാം മധുവിധുവിന്.''
മനസിൽ വന്ന ചിത്രം അല്പം കോമിക് സ്വഭാവമുള്ളതായിരുന്നു. തലമുടി നരച്ചു പകുതിയോളം കഷണ്ടി കയറിയ ചാരിയും തലമുടി പാടേ നരച്ച ഭാര്യയുമായി പെരിയാറിന്റെ തീരത്തുകൂടെ 'പെരിയാറെ പെരിയാറെ' എന്ന പാട്ടുംപാടി നടക്കുന്നതു തമാശയുണ്ടാക്കുന്ന ഭാവനയായിരുന്നു. പക്ഷേ, സുനിലിനു ചിരിക്കാൻ കഴിഞ്ഞില്ല. അനിത ഒരു രൂപാന്തരപ്രാപ്തിയിലാണെന്നു തോന്നുന്നു. പെട്ടെന്നവൾ കൂടുതൽ സുന്ദരിയായ പോലെ. തന്റെ കണ്ണിന്റെ കുഴപ്പമാണോ ആവോ. കടും ചുവപ്പുനിറത്തിലുള്ള സാരിയാണുടുത്തിരിക്കുന്നത്. മുത്തുകൾ പിടിപ്പിച്ച പൊട്ടു നെറ്റിമേൽ. നഖങ്ങളിൽ സാരിയുടെ നിറമുള്ള പോളിഷ്. അവൾ ഇതിനുമുമ്പ് പോളിഷ് ഇട്ടു കണ്ടിട്ടില്ല. അറ്റത്തു വലിയ ലോക്കറ്റുള്ള ഒരു നീണ്ട ചെയിനാണ് ഇട്ടിരിക്കുന്നത്. ആ ചെയിൻ അവൾ മാറിന്റെ ഒരു വശത്തേക്കു തൂങ്ങിക്കിടക്കാൻ പാകത്തിൽ ഇട്ടിരിക്കയാണ്. അശ്രദ്ധമായിട്ടെന്ന പോലെ എന്നാൽ ശ്രദ്ധയോടെതന്നെ.
''എന്റെ ഒരു സ്‌നേഹിതനുണ്ട്.'' സുനിൽ പറഞ്ഞു. ''അയാൾ ഭംഗിയുള്ള' പെൺകുട്ടികളെ സ്‌റ്റെനോ ആയി വയ്ക്കില്ല.''
''എന്താണ് കാരണം?''
''സുന്ദരികളായ പെൺകുട്ടികൾ മുമ്പിലിരിക്കുമ്പോൾ ഏകാഗ്രത കിട്ടില്ലത്രേ.''
''ഓ.''
''അയാൾ നല്ല ഒരു എക്‌സിക്യൂട്ടീവാണ്. വളരെ മോശം കാമുകനും.''
''സുനിലിന് ആ വിഷമമുണ്ടാവില്ലല്ലോ.''
''എന്തേ?''
''നിങ്ങളുടെ സ്‌റ്റെനോ സുന്ദരിയല്ല, മാത്രമല്ല നിങ്ങൾക്ക് ഒരു കാമുകനാവാനുള്ള ഉദ്ദേശ്യവുമില്ല.''
''നീ പറഞ്ഞ രണ്ടും ശരിയല്ല.''
''ങ്ങേ?''
''ഈ നിമിഷം ഞാനൊരു കാമുകനായിക്കഴിഞ്ഞിരിക്കുന്നു.''
''നുണ.''
''അല്ല, വാസ്തവം.''
അവൾ വശ്യമായി ചിരിച്ചു.
ചൊവ്വാഴ്ച ചാരി വന്നു. ചാരിയുടെ പ്രേതം വന്നു എന്നു പറയുന്നതാവും ശരി. പെട്ടെന്നു പത്തുവയസു കൂടിയപോലെ. തലമുടി കൂടുതൽ നരച്ച് കട്ടി കുറഞ്ഞിരിക്കുന്നു. ഉള്ള തലമുടി തന്നെ പാറിപ്പറക്കുന്നു. മുഖത്തെ ചുളിവുകൾ കൂടുതൽ പ്രകടമായി. കണ്ണിനു താഴെ നീർക്കെട്ടു മൂലം വീർത്തിരിക്കുന്നു. മൂന്നു ദിവസം കൊണ്ട് ഒരു മനുഷ്യന് ഇത്രയധികം മാറ്റമോ?
''എന്തു പറ്റി ചാരി. ലീവ് വേണ്ടെന്നു വച്ചുവോ?'' സുനിൽ ചോദിച്ചു.
''കാൻസൽ ചെയ്തു.''
വളരെ ഹ്രസ്വമായ മറുപടി.
''എന്താ സുഖമില്ലെന്നു തോന്നുന്നുവല്ലോ.''
''സാരമില്ല. നെഞ്ചുവേദന.''
അനിത അർത്ഥഗർഭമായി സുനിലിനെ നോക്കി.
''കുറച്ച് വിശ്രമിക്കാമായിരുന്നില്ലേ?''
''ഇനിയെല്ലാം അവസാനത്തെ വിശ്രമം മാത്രം.''
ചേമ്പറിൽ വന്നിരുന്നു സുനിൽ ആലോചിച്ചു. ആ മനുഷ്യൻ അനിതയുടെ അനുകമ്പ പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ്. അത് വിജയിക്കുമോ?
അഞ്ചു മിനിറ്റിനുള്ളിൽ ഷോർട്ട് ഹാൻഡ് പുസ്തകവുമായി വന്ന അനിത പറഞ്ഞു.
''ഹണിമൂൺ കഴിഞ്ഞ് ചാരി ആകെ ക്ഷീണിച്ചുപോയി അല്ലേ?''
സുനിൽ അവളെ ആകെയൊന്നു നോക്കി. ഇത് എന്തു സാധനമാണപ്പാ.
''നിന്റെ ഹൃദയം എന്തുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത്? കല്ലു കൊണ്ടോ കാരിരുമ്പുകൊണ്ടോ?''
''സ്‌കാൻ ചെയ്തു നോക്കണം.'' അവൾ ചിരിച്ചു.
ഷോർട്ട്ഹാൻഡ് പുസ്തകവും കൊണ്ട് ഇടയ്ക്കിടയ്ക്കു ചേമ്പറിലേക്ക് വരുന്നത് അനിതയുടെ പതിവായി. ചാരിയുടെ നീക്കങ്ങളെപ്പറ്റി അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനാണ്. അനിത തീരെ നഷ്ടപ്പെട്ടുവെന്നു ചാരിക്കു മനസിലായിട്ടില്ലെന്നു തോന്നുന്നു.
എന്റെ മനസ് ഒരു ഇരമ്പുന്ന കടൽ പോലെയാണിപ്പോൾ. ചാരി അനിതയോടു പറയുന്നു. എന്നാണ് ഈ കാലവർഷത്തിന്റെ ശൈത്യം അവസാനിക്കുക. എന്നാണു വസന്തത്തിന്റെ സ്‌നേഹപ്പൂക്കൾ വിടരുക.
''സറ്റൈലൻ കവിത.'' സുനിൽ സമ്മതിച്ചുകൊടുത്തു. ''ഇങ്ങനത്തെ ഒരു വാചകം പറയാൻ എന്നെക്കൊണ്ടു പറ്റില്ല.''
''അതാണ് സുനിൽ ഇങ്ങനെ മോശം കാമുകനായിരിക്കുന്നത്. ചാരിയുടെ അടുത്തു പരിശീലനത്തിനു പോകൂ.''
അനിത ഉച്ചഭക്ഷണം ഇപ്പോൾ മേരിയുടെ ഒപ്പമാണു കഴിക്കുന്നത്. ചാരി ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കും. അതു കഴിഞ്ഞാൽ ഒരു സിഗരറ്റും കത്തിച്ചുപിടിച്ചു പുറത്തിറങ്ങും. ലഞ്ച് ടൈം കഴിയുമ്പോഴേ തിരിച്ചുവരൂ.
വൈകുന്നേരങ്ങളിൽ അനിത സുനിലിന്റെ ചേമ്പറിൽ അഭയം പ്രാപിക്കും. ഡിക്‌ടേഷൻ എടുക്കുകയാണെന്ന മട്ടിൽ. അഞ്ചു മണിയാവുമ്പോൾ ചാരി അസ്വസ്ഥനായി നടക്കുന്നതും തന്റെ വാതിലിന്റെ നേർക്കു നോക്കുന്നതും സുനിൽ കാണും. പത്തു മിനുറ്റോളം നിൽക്കുന്ന കാത്തിരിപ്പിന്റെ അന്ത്യത്തിൽ അയാൾ പുറത്തേക്കുള്ള വാതിൽ കടന്നുപോകും. അഞ്ചുമിനിറ്റു കഴിഞ്ഞാൽ രാഘവൻ വാതിൽ തുറന്നുവരും.
''സാറിരിക്കുന്നുണ്ടോ? ഞാൻ പോട്ടെ.''
അവന്റെ സമയം അഞ്ചേകാലാണ്.
അവൻ പോയിക്കഴിഞ്ഞാൽ ആ ദ്വീപിൽ അവർ രണ്ടുപേരും മാത്രമാവുന്നു. അനിത സംസാരിക്കാൻ തുടങ്ങുന്നു. ചാരി പറഞ്ഞിരുന്ന കാര്യങ്ങൾ, ചെയ്തിരുന്ന കാര്യങ്ങൾ. അയാൾ കൗതുകത്തോടെ, അമർഷത്തോടെ, ഉദ്വോഗത്തോടെ അവൾ പറയുന്നതു ശ്രദ്ധിക്കുന്നു.
അയാൾ ചോദിക്കുന്നു. ''നീ എന്തിനാണ് അയാളുടെ മുന്നേറ്റത്തിനെല്ലാം നിന്നു കൊടുത്തത്?''
''നൗ യുവാർ ബീയിംഗ് പൊസ്സസ്സീവ്. സുനിൽ ഈ ഓഫീസിൽ ഡ്യൂട്ടിക്ക് ചേർന്ന ദിവസം ഓർമ്മയുണ്ടോ?''
അയാൾക്ക് ശരിക്ക് ഓർമ്മയില്ല.
''എനിക്ക് നല്ല ഓർമ്മയുണ്ട്.'' അനിത പറഞ്ഞു. ''ഒരു മഴദിവസമായിരുന്നു. സുനിൽ ഒരു ക്രീം ഷർട്ടും ബ്രൗൺ പാന്റസും ആണു ധരിച്ചിരുന്നത്. ടൈ ഉണ്ടായിരുന്നു. വന്ന ഉടനെ ബ്രീഫ്‌കേസ് താഴെവച്ചു നനഞ്ഞ ഷർട്ടിലേക്കു പരിതാപകരമായി നോക്കി. പോക്കറ്റിൽ നിന്നു ചീർപ്പെടുത്തു തലമുടി നേരെയാക്കി. യു വേർ ലുക്കിംഗ് ഹാന്റസം. എനിക്കു നിങ്ങളുമായി ഒരു അഫേയർ തുടങ്ങാമായിരുന്നു.''
''എന്തേ തുടങ്ങാതിരുന്നത്?''
''സുനിലിന് തീരെ താൽപര്യമില്ലാത്തപോലെ തോന്നി. പിന്നെ ഒരാഴ്ചയ്ക്കകം സുനിലിന്റെ ഭാര്യയും മോളും ഓഫീസിൽ വന്നപ്പോൾ കാരണവും മനസ്സിലായി. അവൾ നല്ല സുന്ദരിയാണ്.''
''അനിതയും സുന്ദരിയാണല്ലോ.''
''എന്തുകാര്യം? വാസനിക്കാൻ ആളില്ലെങ്കിൽ പൂവിനു മണമുണ്ടായിട്ടെന്തുകാര്യം?''
''ങ്ങാ, കവിത തന്നെ.''
സുനിൽ എഴുന്നേറ്റു മേശ വലംവച്ച് അനിതയുടെ പിന്നിൽ പോയി നിന്നു. പതുക്കെ അവളുടെ ചുമലിൽ കൈ വച്ചുകൊണ്ടു ചോദിച്ചു.
''ഡു യു മൈന്റ് ഇഫ് ഐ കിസ് യു.''
അനിത ഒന്നും പറഞ്ഞില്ല. അവൾ സുനിലിന്റെ കൈ അവളുടെ കൈ കൊണ്ടു പിടിച്ചു മുഖം അമർത്തി.
മാസങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സുനിൽ ആലോചിച്ചു. എത്ര സ്വാഭാവികമായ ബന്ധമായിരുന്നു അത്. അനായാസേന തുടങ്ങിയ ഒരു ബന്ധം. ഒരവകാശവാദങ്ങളും ആവശ്യങ്ങളും ഉന്നയിക്കാത്ത ബന്ധം.
അനിത പറയും.
''നമ്മൾ തമ്മിലുള്ള ബന്ധം സ്‌നേഹത്തിന്റേതാണ്. സ്‌നേഹത്തിനു സ്‌നേഹം, സെക്‌സിനു സെക്‌സ്. അതിലപ്പുറം എനിക്കു സുനിലിന്റെ മേൽ യാതൊരവകാശവുമില്ല. അതുപോലെ സുനിലിന് എന്റെമേലും. നമ്മൾ രണ്ടു പേരും സ്വതന്ത്ര ജീവികളാണ്. കുടുംബ ജീവിതം അതല്ല. കുറെക്കൂടി സ്വാതന്ത്ര്യം പണയപ്പെടുത്തിയിട്ടുള്ള കളിയാണത്.''
''നീ കുടുംബജീവിതത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?''
സുനിൽ ചോദിച്ചു.
''കുടുംബം എന്നത് സെക്‌സിന്റെ ഒരു ബൈപ്രൊഡക്ട് മാത്രമാണ്. സെക്‌സ് പക്ഷേ, എല്ലായ്‌പ്പോഴും കുടുംബം ഉണ്ടാക്കണമെന്നില്ല.''
അനിത ഒരത്ഭുതജീവിയായിരുന്നു. തന്റെ ലാളനകൾക്ക് അവൾ വഴങ്ങിത്തന്നു, ഒരു പരിധിവരെ. അതു കഴിഞ്ഞാൽ അവൾ പറയും.
''ദ ഫൈനൽ ആക്ട് ക്യാൻ വെയ്റ്റ്.''
''ഉം?''
''പങ്കാളിയെപ്പറ്റി എനിക്കു നല്ല ഉറപ്പുണ്ടാകണം. അതിനു സമയമെടുക്കും.''
ഒരു തിങ്കളാഴ്ച ചാരി വന്നില്ല. സാധാരണ വരാൻ പറ്റില്ലെങ്കിൽ ഫോൺ ചെയ്യാറുള്ളതാണ്. അന്ന് അതൊന്നുമുണ്ടായില്ല. മാനേജരുടെ മുറിയിൽ നിന്നു പൊട്ടിത്തെറി കേൾക്കുന്നുണ്ട്. മദ്രാസിലേക്കു പോകാനുള്ള ഫ്‌ളൈറ്റിന് ഇനി രണ്ടു മണിക്കൂറേ ഉള്ളൂ. കൊണ്ടുപോകേണ്ട ചില കടലാസുകൾ ചാരിയുടെ പക്കലാണ്. സുനിലും അനിതയും കൂടി ചാരിയുടെ മേശവലിപ്പുകൾ തപ്പി വേണ്ട കടലാസുകളെല്ലാം എടുത്തുകൊടുത്തു.
രണ്ടുമണിയോടെ സന്തുഷ്ടനായ മാനേജരെ എയർപോർട്ടിലേക്ക് അയച്ച ശേഷം സുനിൽ ഭക്ഷണം കഴിച്ചു. ഓഫീസിൽ വന്ന് ഇരുന്നപ്പോഴാണു ഫോണുണ്ടായത്. ജനറൽ ആസ്പത്രിയിൽ നിന്നായിരുന്നു. ഒരു ശവശരീരം മോർഗിൽ വച്ചിട്ടുണ്ട്. ഒന്നു വന്ന് ഐഡന്റി ഫൈ ചെയ്യാമോ?
അയാൾ ഫോൺ വച്ചു. അനിതയോടു വരാൻ വൈകും എന്നു മാത്രം പറഞ്ഞു പുറത്തു കടന്നു.
മോർഗിന്റെ തണുത്ത നിലത്തു കിടത്തിയ ആ ദേഹം നോക്കി സുനിൽ കുറെ നേരം നിന്നു.
ഓട്ടോറിക്ഷക്കാരൻ കൊണ്ടു വന്നതാണ്. കലൂർക്കു പോകാൻ വിളിച്ചതാണത്രേ. പാലാരിവട്ടത്തെത്തിയപ്പോൾ അറ്റാക്കുവന്നു. അതോടെ കഴിയുകയും ചെയ്തു. അയാൾ നേരെ ജനറൽ ആസ്പത്രിയിലേക്കു കൊണ്ടു പോയി. പോക്കറ്റിലെ കാർഡിൽ നിന്നാണു കമ്പനിയുടെ പേരും ഫോൺ നമ്പരും കിട്ടിയത്.
പിറ്റേന്നു രാവിലെ ഓഫീസിലെത്തിയപ്പോൾ അനിത അവളുടെ കസേരയിൽ ഇരിക്കുകയാണ്. മഞ്ഞ സാരിയും ബ്‌ളൗസും. മഞ്ഞനിറം അവൾക്കു നന്നായി ചേരുന്നുണ്ടെന്ന് അവൾക്കു തന്നെ അറിയാം. അവളുടെ ദേഹത്തിന്റെ നിറവും ബ്ലൗസിന്റെ നിറവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. പിന്നിയിട്ട മുടിയിൽ ഒരു മഞ്ഞ ചെമ്പകം തിരുകിയിരുന്നു.
സുനിൽ നേരെ അയാളുടെ ചേമ്പറിൽ പോയി. പിന്നാലെ അനിതയും വന്നു. അയാളുടെ മുമ്പിൽ ഇരുന്ന ശേഷം അവൾ ചോദിച്ചു.
''സാറിന്നെന്താ ഗൗരവത്തിൽ?''
''ചാരി മരിച്ചു....''
''ചാരിയോ? എപ്പോൾ?''
''ഇന്നലെ ഓഫീസിലേക്കു വരും വഴി. ഓട്ടോവിൽ.''
''ആക്‌സിഡന്റ്?''
''അല്ല, ഹൃദയസ്തംഭനം.''
''ഓ''
അനിത ആകെ ഉലഞ്ഞുപോകും എന്നെക്കെയാണു സുനിൽ കരുതിയത്. ഒന്നുമുണ്ടായില്ല. അവൾ പിന്നീടൊന്നും ചോദിച്ചില്ല. അയാൾ പുറത്തു കടന്നു. രാഘവനോടു വിവരം പറഞ്ഞു. കുറച്ചുനേരം സ്തബ്ധനായി നിന്നശേഷം അവൻ മുഴുവൻ വിവരങ്ങളും ചോദിച്ചു മനസിലാക്കി. ചാരിയുടെ ഭാര്യയെ വിവരം അറിയിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞു എന്നു പറഞ്ഞപ്പോൾ അവനും കരയാൻ തുടങ്ങി.
സുനിൽ ചേമ്പറിൽ തിരിച്ചു ചെല്ലുമ്പോൾ കണ്ടത് അനിത ഒരു മൂളിപ്പാട്ടു പാടിക്കൊണ്ടു പുസ്തകത്തിൽ പൂക്കൾ വരയ്ക്കുന്നതാണ്.
''നീ ഒരത്ഭുതജീവിയാണ്.'' സുനിൽ പറഞ്ഞു.
''ഉം?''
''ചാരി മരിച്ചു എന്നറിഞ്ഞിട്ട് യാതൊരു പ്രതികരണവുമില്ലാതെ...''
''മരണം ഒരു സാധാരണ പ്രതിഭാസമല്ലേ? അതിൽ പ്രതികരിക്കാനെന്തിരിക്കുന്നു.''
''മരിച്ച വ്യക്തിയുമായി അനിതയ്ക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ലേ?'' സുനിൽ ചോദിച്ചു. ചോദിച്ചപ്പോൾ അതു വേണ്ടിയിരുന്നില്ല എന്നു തോന്നി. പക്ഷേ, തലേ ദിവസം മോർഗിന്റെ തണുപ്പിൽ നിലത്തു കിടത്തിയിരുന്ന വെറുങ്ങലിച്ച ശരീരത്തിന്റെ ഓർമ്മ അയാളെ അലട്ടിയിരുന്നു.
അനിത ഒന്നും പറയാതെ കുറെ നേരം തലതാഴ്ത്തിയിരുന്നു.
''ചാരിയുമായുള്ള എന്റെ ബന്ധം എന്തായിരുന്നുവെന്ന് എനിക്കുതന്നെ അറിയില്ല.'' അനിത പറഞ്ഞു. ''ഒരു പക്ഷേ, ഞാൻ ചാരിയിൽ എന്റെ അച്ഛനെ കാണുകയായിരുന്നിരിക്കണം. ഫാദർ ഫിഗർ. അതു തകർന്നപ്പോൾ ഞാൻ പിന്നെ ശ്രദ്ധിക്കാതെയായി.''
''അയാൾ മരിച്ചപ്പോൾ നിനക്കു സന്തോഷം തോന്നിയോ?''
അനിത ഒന്നും പറഞ്ഞില്ല.
സുനിൽ അവളെ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു. മനസിലാക്കും തോറും അവളുടെ ഒരു പുതിയ മുഖം പൊന്തിവരുന്നു. ദുരൂഹതയേറിയ മറ്റൊരു മുഖം. ട്രാൻസ്ഫറായി പോകുന്നതിന്റെ തലേദിവസം മാനേജർ രണ്ടു പെഗ്ഗിനു മുകളിൽ സുനിലിനോടു പറഞ്ഞു.
''നിങ്ങൾ ആ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. അതൊരു നല്ല കാര്യം. ബട്ട് ഡോൺട് ഗെറ്റ് കാരീഡ് അവേ ബൈ ഹേർ ചാം.''
മാനേജരുടെ സൃക്ഷ്മദൃഷ്ടിയിൽ വല്ലതും ഗ്രഹിച്ചുവോ ആവോ?
മാനേജർ പോയതിന്റെ പിറ്റേന്ന് തന്നെ സുനിൽ മാനേജരുടെ ചേമ്പറിലേക്കു മാറി. വളരെ വിശാലമായ എയർകണ്ടീഷൻ ചെയ്ത മുറി. വലിയ ലാമിനേറ്റ് ടോപ്പുള്ള മേശയ്ക്കു പിന്നിൽ എക്‌സിക്യൂട്ടീവ് ചെയർ. പിന്നിലെ ചുവർ മുഴുവൻ മൂടുന്ന കട്ടിയുള്ള കർട്ടൻ. മേശയ്ക്കു മുമ്പിലെ കുഷ്യനിട്ട കസേരകൾക്കു പുറമേ ഒരു ഭാഗത്ത് ഇട്ട ദിവാൻ. നിലത്തു പച്ചനിറമുള്ള പരവതാനി.
''സുനിൽ ഭാഗ്യവാനാണ്.'' എല്ലാം നോക്കിക്കൊണ്ട് അനിത പറഞ്ഞു. ''ഇത്ര ചെറുപ്പത്തിൽത്തന്നെ വലിയൊരു പദവി.''
അനിത മേരിയുടെ മുറിയിലേക്കു മാറി. മേരി ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. പി. എ.യുടെ മുറിയിൽ നിന്നു മാനേജരുടെ മുറിയിലേക്കും പുറത്തേക്കും വാതിലുണ്ട്. ചേമ്പറിന്റെ അരികിലിട്ട ദിവാൻ ചൂണ്ടിക്കൊണ്ടു സുനിൽ ചോദിച്ചു.
''ഫൈനൽ ആക്ടിനുള്ള സമയമായിരിക്കുന്നു.''
അവൾ സുനിലിന്റെ വളരെ അടുത്തുവന്നു, ചേർന്നുനിന്നുകൊണ്ടു പറഞ്ഞു.
''വെയ്റ്റ് അൺടിൽ ഡാർക്ക്.''
ആ വാക്കുകൾ അയാളിൽ ആസക്തിനിറച്ചു. അയാൾ അപ്പോൾതന്നെ അവളെ അരക്കെട്ടിലൂടെ കൈയിട്ട് അടുപ്പിച്ചു.
വളരെ സാവധാനത്തിൽ വൈകുന്നേരമായി. അഞ്ചേകാലിനു രാഘവൻ വാതിൽ തുറന്നു ചോദിച്ചു.
''ഞാൻ പോട്ടെ സർ.''
അനിത അവളുടെ ചേമ്പറിൽ ഇരുന്ന് ഒരു കത്ത് ടൈപ്പ് ചെയ്യുകയായിരുന്നു. അഞ്ചുമണി നേരത്ത് തിരക്കാണെന്നു കാണിക്കൽ അവൾ ഒരു കലയാക്കി വികസിപ്പിച്ചെടുത്തിരുന്നു.
വാച്ചിൽ നോക്കിക്കൊണ്ടു സുനിൽ പറഞ്ഞു. ''രാഘവൻ പൊയ്‌ക്കോളൂ. എനിക്ക് കുറച്ച് ജോലിയുണ്ട്.''
രാഘവൻ പോയി. അവൻ എന്തെങ്കിലും കാര്യത്തിനു തിരിച്ചുവരികയില്ലെന്ന് ഉറപ്പാക്കാൻ പത്തു മിനിറ്റ് കാത്തുനിന്ന ശേഷം സുനിൽ പോയി പുറത്തേക്കുള്ള വാതിലടച്ചു. സുനിൽ സാധാരണ മട്ടിൽ അവളുടെ പിന്നിൽപോയി കുനിഞ്ഞ് അവളെ ചുംബിച്ചു.
''സുനിൽ എനിക്കു ഭയമാവുന്നു.''
അയാൾ ചോദ്യഭാവത്തോടെ അവളെ നോക്കി.
''ഞാൻ സുനിലിനെ സ്നേഹിച്ചു തുടങ്ങിയോ എന്ന്.''
''അതിൽ ഭയപ്പെടാനെന്തിരിക്കുന്നു. ഞാൻ അനിതയെ കണ്ട മാത്രയിൽ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. അതു കണ്ടുപിടിച്ചതു പിന്നീടാണെന്നു മാത്രം.''
''ഞാൻ സുനിലിനെ ഇപ്പോഴാണു സ്‌നേഹിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി. സുനിൽ പുറത്തുപോയി വരാൻ വൈകിയാൽ എനിക്കു പരിഭ്രമം തോന്നാറുണ്ട്. സുനിലിനു വല്ലതും സംഭവിച്ചുവോ എന്ന ഭയം. അപ്പോഴാണു ഞാൻ മനസിലാക്കുന്നതു സുനിൽ എന്റെ ഹൃദയത്തിൽ താമസമാക്കിയിരിക്കുന്നു എന്ന്.''
അവൾ അയാളുടെ അടുത്തായി ദിവാനിൽ വന്നിരുന്നു. ഫൈനൽ ആക്ട് മധുരതരമായിരുന്നു.
കമ്പനിക്കു വലിയ വികസനപദ്ധതിയാണുണ്ടായിരുന്നത്. സുനിലിന്റെ പ്രമോഷൻ അതിന്റെ നാന്ദിയായിരുന്നു. സുനിലിന്റെ സ്ഥാനത്തേക്ക് അവർ മദ്രാസിൽ നിന്നു വേറൊരു ചെറുപ്പക്കാരനെ പറഞ്ഞയച്ചു. മാത്യൂസ്. നല്ല പയ്യൻ. ഇരുപത്താറു വയസ്. ഇരുനിറം, ചുരുണ്ട തലമുടി, കട്ടിയുള്ള മീശ. ചാരിയുടെ സ്ഥാനത്തേക്ക് ഇവിടെ നിന്നു തന്നെ ഒരാളെ നിയമിക്കാൻ ആവശ്യപ്പെട്ടു. മാത്യൂസിന് ഒരു സ്‌റ്റെനോഗ്രാഫറെ വച്ചു. അനിത കൊണ്ടുവന്ന ഒരു കുട്ടിയാണ്. നളിനി. ഒരു പാവം കുട്ടി. ഒരു ടൈപ്പിസ്റ്റ് പയ്യനെയും രണ്ടു സെയ്ൽസ്മാന്മാരെയും നിയമിച്ചു. ആകപ്പാടെ ഓഫീസ് വളരെ തിരക്കിലായിരുന്നു. അതിനിടയിൽ വൈകുന്നേരങ്ങളിലുള്ള കൂടിക്കാഴ്ചകൾ വളരെ കുറഞ്ഞുവന്നതു സുനിലിനെ വിഷമിപ്പിച്ചു.
മാത്യൂസ് സംസാരപ്രിയനായിരുന്നു. സംസാരം കൂടുന്നുണ്ടോ എന്നു സുനിൽ ഭയപ്പെട്ടു. ഉച്ചഭക്ഷണം കഴിഞ്ഞാൽ അയാൾ ആരെയെങ്കിലും തന്റെ ഇരയാക്കുന്നു. ചിലപ്പോൾ, നളിനിയുടെ മുമ്പിലായിരിക്കും. അല്ലെങ്കിൽ അനിതയുടെ ചേമ്പറിൽ. ആരെയും കിട്ടിയില്ലെങ്കിൽ രാഘവന്റെ മുമ്പിലെങ്കിലും പോയിരുന്നു സംസാരിക്കും കൈയിൽ പുകയുന്ന സിഗരറ്റുണ്ടാകും.
''മാത്യൂസ് വല്ലാതെ സംസാരിക്കുന്നുണ്ടെന്നു തോന്നുന്നു.'' ഒരിക്കൽ സുനിൽ അനിതയോടു പറഞ്ഞു.
''അതെ.'' അനിത പറഞ്ഞു. ''പക്ഷേ, എനിക്കതിഷ്ടമാണ്. ആള് വളരെ മാന്യനാണ്.
അവൾ പറഞ്ഞതിനെക്കാൾ കൂടുതൽ ഉദ്ദേശിച്ചിട്ടുണ്ടോ എന്നു സുനിലിനു സംശയമായി. അതു പക്ഷേ അനിതയുടെ സ്വഭാവമല്ലായിരുന്നു.
ക്രമേണ മാത്യൂസ് തന്റെ ഇരകളുടെ എണ്ണം കുറച്ചു വരുന്നതു സുനിൽ ശ്രദ്ധിച്ചു. പലപ്പോഴും അനിതയുടെ മുമ്പിലിരുന്നു സംസാരിക്കുന്നതാണു കാണാറ്. ഒന്നുരണ്ടു പ്രാവശ്യം അനിത മാത്യൂസിന്റെ ചേമ്പറിലിരുന്നു സംസാരിക്കുന്നതും കണ്ടു.
തനിക്ക് അസൂയയാണോ? എന്തിന്. അനിത അവളുടെ സ്‌നേഹം മുഴുവൻ തനിക്കു തരുന്നുണ്ട്. പിന്നെ മാത്യൂസിനോടു സംസാരിക്കരുതെന്നു പറയാൻ തനിക്കെന്തവകാശമാണുള്ളത്? അത് അവളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തലല്ലേ? ഇങ്ങനെയൊക്കെ ആലോചിച്ചാൽ അതു തന്റെ വിജയത്തെ ബാധിക്കും. മാനേജ്‌മെന്റ് വളരെ സന്തോഷത്തിലാണിപ്പോൾ. സുനിൽ മാനേജരായതിനുശേഷം സെയിൽസ് ഇരട്ടിയായിരിക്കുന്നു. കഠിനാദ്ധ്വാനം തന്നെയാണു കാരണമെന്നു മാനേജ് മെന്റിനറിയാം. ഇന്നു കിട്ടാൻ പോകുന്ന ഇരുപതുലക്ഷത്തിന്റെ ഓർഡർകൂടി കിട്ടിയാൽ ഇക്കൊല്ലത്തെ ടാർജറ്റ് കവിഞ്ഞു. ഇനിയും രണ്ടു മാസം മുമ്പിൽ കിടക്കുന്നു. കസ്റ്റമറുടെ ഓഫീസിൽ നിന്ന് അയാൾ അനിതയ്ക്കു ഫോൺ ചെയ്തു.
കസ്റ്റമറുമായുള്ള ഇടപാട് കുറെ സമയമെടുത്തു. അവസാനം ഇരുപതു ലക്ഷത്തിന്റെ ഓർഡറും ഏഴു ലക്ഷത്തിന്റെ അഡ്വാൻസ് ചെക്കും മേടിച്ചു പുറത്തു കടന്നപ്പോൾ സമയം അഞ്ചര. അയാൾ ക്ഷീണിച്ചിരുന്നു. വീട്ടിലെത്താൻ ധൃതിയായി. പക്ഷേ, ഈ വിവരം ഹെഡ്ഢാഫീസിൽ എത്തിച്ചാൽ അതൊരു നല്ല കാര്യമാണ്. അഞ്ചേമുക്കാലിന് ഓഫീസിൽ എത്താം.
ഓഫീസിന്റെ വാതിൽ തുറന്നു കണ്ടപ്പോൾ സുനിൽ അത്ഭുതപ്പെട്ടു. താൻ ഇല്ലെങ്കിൽ ആരും അഞ്ചേകാലിനപ്പുറം ഇരിക്കാറില്ല. ഓഫീസിൽ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു. അനിതയും മാത്യൂസും. അനിത മാത്യൂസിന്റെ മുറിയിലായിരുന്നു. സുനിലിനെ കണ്ടപ്പോൾ അവൾ പുറത്തു കടന്നു.
''സുനിൽ?''
''ഫോൺ ചെയ്തതുകൊണ്ടു വരില്ലെന്നു വിചാരിച്ചു അല്ലേ?'' അയാൾ അല്പം നീരസത്തോടെ ചോദിച്ചു.
അവൾ ഒന്നും പറയാതെ അയാളോടൊപ്പം ചേമ്പറിലേക്കു കടന്നു.
''ഒരു ടെലക്‌സ് കൊടുക്കണം. ഹെഡ്ഡോഫീസിലേക്ക്.'' അയാൾ പറഞ്ഞു.
അവൾ പോയി ഷോർട്ട് ഹാൻഡ് നോട്ടും പെൻസിലുമായി വന്നു. അതിനിടയ്ക്കു മാത്യൂസ് വന്നു തലകാണിച്ചു പോയി. മാത്യൂസ് വാതിൽ കടന്നു പോകുന്നത് അയാൾ ശ്രദ്ധിച്ചു.
അയാൾ ടെലക്‌സ് ഡിക്‌ടേറ്റു ചെയ്തു കൊടുത്തു.
അനിതയുടെ നീണ്ട വിരലുകൾ ടെലക്‌സ് മെഷീന്റെ കീബോർഡിൽ തത്തിക്കളിക്കുന്നതു സുനിൽ നോക്കി നിന്നു.
ഹെഡ്ഡോഫീസിൽ നിന്നു മറുപടിയുണ്ടായി.
''മോമന്റ്. ആർ യു ദേർ മി. സുനിൽ മേനോൻ?''
''യെസ ് പ്ലീസ്,'' അനിത മറുപടി അടിച്ചു.
''കൺഗ്രാജുലേഷൻസ് ഫ്രം എം. ഡി.''
''താങ്ക്‌സ്.''
സുനിൽ തിരിച്ചു ചേമ്പറിൽ പോയി ഇരുന്നു.
എം.ഡി. നേരിട്ട് അനുമോദിച്ച സംഭവങ്ങൾ മുമ്പുണ്ടായിട്ടില്ല. അയാൾക്കു താനാണു ലോകത്തിനു മുകളിൽ എന്ന തോന്നലുണ്ടാവേണ്ടതാണ്. പക്ഷേ, ഇപ്പോൾ അയാൾ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയാണ്. അയാൾ എന്തൊക്കെയോ ആലോചിച്ചു. അതിനിടയ്ക്ക് അനിത മുമ്പിൽ വന്നിരുന്നു.
''എന്താ സുനിൽ സുഖമില്ലേ?''
അയാൾ മുഖമുയർത്തി ചോദിച്ചു;
''ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായി മറുപടി പറയുമോ?''
അവൾ ഒരു നിമിഷം ആലോചിച്ചു. അവളുടെ മുഖം വാടിയപോലെ തോന്നി. അവൾ സാവധാനത്തിൽ ചോദിച്ചു.
''സുനിലിന് എന്തു തോന്നുന്നു?''
അതു സുനിലിനു ചിന്തിക്കാനുള്ള അവസരമുണ്ടാക്കി. അനിത അയാളുടെ കൈകളിൽ ദിവാനിൽ കിടക്കാറുള്ളത് ഓർത്തു. അവളുടെ മുഖത്തു സംതൃപ്തിയും കണ്ണുകളിൽ സ്‌നേഹവുമുണ്ടാകും. സമയം ആറോ ആറരയോ ആയിട്ടുണ്ടാകുമെങ്കിലും അവൾക്കു യാതൊരു ധൃതിയുമുണ്ടാവില്ല. അവളുടെ മിനുത്ത തലമുടി മാറിന്റെ നഗ്നത പാതി മറച്ചിട്ടുണ്ടാകും.
അവൾക്ക് ആത്മാർത്ഥതയില്ലെന്നു സുനിൽ വിശ്വസിക്കുന്നില്ല. അവൾ പക്ഷേ, സത്യം മുഴുവൻ പറയുന്നില്ലെ എന്നായിരുന്നു അയാളുടെ സംശയം. താൻ ചോദിക്കാൻ പോകുന്നതു സുനിലിനു തന്നെ ഇഷ്ടപ്പെട്ടില്ല. മാത്യൂസിന്റെ ചേമ്പറിനു നേരെ തള്ളവിരൽ ചൂണ്ടി അയാൾ ചോദിച്ചു.
''നിങ്ങൾ തമ്മിൽ എന്താണു നടക്കുന്നത്?''
''ഓ...''
അത്രയേയുള്ളൂ എന്ന മട്ടിൽ അവൾ പറഞ്ഞു.
''അതൊരു ആത്മീയബന്ധമാണ്.''
ഷോർട്ട് ഹാൻഡ് പുസ്തകത്തിൽ പെൻസിൽ കൊണ്ടു റോസ് പൂവ് വരച്ചുകൊണ്ട് അവൾ തുടർന്നു:
''എ വെരി ഡീപ്പ് ഫ്രെൻഡ്ഷിപ്പ്.''