എം. ഗോകുല്‍ദാസ്
1. ഗോകുല്‍ദാസ്: കേരളസമൂഹം ഭാവിയില്‍ രൂപപ്പെട്ടുവരുന്നത് എങ്ങനെയായിരിക്കും?
ഹരികുമാര്‍: വളരെ അപകടമുള്ള ഒരു മാര്‍ഗ്ഗത്തിലൂടെയാണ് കേരളസമൂഹം ഇന്ന് സഞ്ചരിക്കുന്നത്. ഒരുപക്ഷേ ഭാവിയില്‍ സമൂഹം എങ്ങിനെയാണ് രൂപപ്പെടുന്നത് എന്നതിന്റെ സൂചന നമുക്കതിൽ ദര്‍ശിക്കാം. ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കയാണ്. ഒരു പരിധിവരെ രാഷ്ട്രീയ പാര്‍ട്ടികൾ ഇതിനുത്തരവാദികളാണ്. നമുക്ക് അവകാശങ്ങള്‍ മാത്രം, കര്‍ത്തവ്യമില്ല എന്നു പഠിപ്പിക്കുന്ന പാര്‍ട്ടികൾ സമൂഹത്തിന് വളരെ ദ്രോഹമാണ് ചെയ്യുന്നത്. കഴിഞ്ഞ നാലു ദശാബ്ദമായി മലയാളികളെ പഠിപ്പിക്കുന്നത് ഇതാണ്. എന്നുവച്ചാൽ രണ്ടു തലമുറയായി ഈ പാര്‍ട്ടികൾ അവരുടെ ചിന്തയെ, യുക്തിയെ നിയന്ത്രിച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്തി അവരെ സ്വന്തമായി ചിന്തിക്കാന്‍ കഴിയാത്തവരാക്കി മാറ്റിയിരിക്കുന്നു. ഇത് വളരെ അപകടമുള്ള കാര്യമാണ്. സ്വേഛാധിപത്യത്തിനുള്ള ആദ്യപടിയാണിത്. ഇനി ഒരു പാര്‍ട്ടിയ്ക്കോ ഒരു വ്യക്തിയ്ക്കോ സ്വന്തം ഇഛയ്ക്കനുസരിച്ച്, പ്രതിരോധമൊന്നുമില്ലാതെ ഭരിക്കാന്‍ പറ്റും. അടുത്ത രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളിൽ ഇതു സംഭവിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
2. ഗോകുല്‍ദാസ്: ചോദ്യം: ഭാഷാപരവും സാംസ്കാരികപരവുമായ ഒരന്യവല്‍ക്കരണം പ്രവാസിമലയാളികൾ അനുഭവിക്കുന്നുണ്ടോ?
ഹരികുമാര്‍: ഭാഷാപരവും സാംസ്കാരികവുമായ അന്യവല്‍ക്കരണം പ്രവാസിമലയാളികളുടെ മാത്രം പ്രശ്നമല്ല. കേരളത്തില്‍ ഇന്ന് സംഭവിക്കുന്ന ഒന്നുതന്നെയാണത്. ഇതിനു പല കാരണങ്ങളുണ്ട്. നമ്മുടെ ചരിത്രവും സംസ്കാരവും ഭാഷയും തമസ്കരിക്കാനുള്ള മതമൗലികവാദികളുടെയും അവരുടെ പ്രേരണയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോധപൂര്‍വ്വമായ പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങൾ കഴിഞ്ഞാൽ നമ്മുടെ ചരിത്രം നമ്മുടെ ബോധമണ്ഡലത്തില്‍നിന്ന് എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടും. ഒപ്പംതന്നെ ഭാഷയും സംസ്കാരവും. ശരിക്കു പറഞ്ഞാല്‍ കേരളത്തിനു പുറത്തുള്ളവർ ഇതില്‍നിന്നൊഴിവാകുന്നതായാണ് കാണുന്നത്. ഇന്നും മുംബൈ പോലുള്ള ഒരു മഹാനഗരത്തില്‍ മലയാളികള്‍ ഓണം ഓര്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഇവിടെ ഓണം ഒരു ഹര്‍ത്താല്‍കൊണ്ട് കിട്ടുന്ന മറ്റൊരു ഒഴിവുദിവസംപോലെ ആസ്വദിക്കാനുള്ളതാണ്.
3. ഗോകുല്‍ദാസ്: ചോദ്യം: മലയാളിയുടെ ബോധമനസ്സ് മതമൗലികതയുടെയും കടുത്ത യഥാസ്ഥിതികയുടെയും കോളനിയായി മാറിയിരിക്കുകയാണല്ലൊ. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമൊ?
ഹരികുമാര്‍: ഇത് ആഗോളതലത്തിലുള്ള ഒരു പ്രതിഭാസമാണ്. ചരിത്രം ഇങ്ങിനെ പല അനിവാര്യതകളിലൂടെയും ആപല്‍ക്കരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് ആഗോളതലത്തിലുള്ള ഒരു പദ്ധതിയുടെ ഭാഗമായി കാണുന്നതായിരിക്കും യുക്തി. കൂടുതലൊന്നും ഇതിനെപ്പറ്റി പറയാന്‍ എനിക്കു താല്പര്യമില്ല.
4. ഗോകുല്‍ദാസ്: ചോദ്യം: പ്രയോഗതലത്തിലും സൈദ്ധാന്തികതലത്തിലും മാര്‍ക്‌സിസത്തിന് തകര്‍ച്ച നേരിടുന്ന സ്ഥിതിയ്ക്ക് മാര്‍ക്‌സിസം പുനര്‍നിര്‍മ്മിക്കേണ്ടതല്ലെ?
ഹരികുമാര്‍: പ്രയോഗതലത്തിലും സൈദ്ധാന്തികതലത്തിലും തകര്‍ച്ച നേരിടുന്ന എന്നല്ല പറയേണ്ടത്, തകര്‍ന്ന എന്നാണ്. അങ്ങിനെയുള്ള ഒരു പ്രത്യയശാസ്ത്രത്തെ എന്തിനാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഒരു സിദ്ധാന്തം പ്രായോഗികമല്ല എന്നു കണ്ടാല്‍ അതിന്റെ പിന്നാലെ പോകാതെ പുതിയ ഒന്നിനെപ്പറ്റി ആലോചിക്കുകയല്ലെ വേണ്ടത്? 'വെളിച്ചം തൂകീടുവോളം പൂജാര്‍ഹം താനൊരാശയം, അതിരുണ്ടഴല്‍ചാറുമ്പോൾ പൊട്ടിയാട്ടുകതാൻ വരം - പൊട്ടി പുറത്ത് ശീവോതി അകത്ത് (ഇടശ്ശേരി)'
5. ഗോകുല്‍ദാസ്: ചോദ്യം: മതവിശ്വാസത്തില്‍ ഊന്നിയിട്ടുള്ള ധാര്‍മ്മികമൂല്യങ്ങള്‍ക്ക് മാത്രമെ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുള്ളുവെന്ന് വിശ്വസിക്കുന്നുണ്ടോ?
ഹരികുമാര്‍: ഇല്ല, മാത്രമല്ല അതപകടമാണുതാനും, കാരണം ഏറ്റവും എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന ഒന്നാണ് മതം. അവനവനോടു സത്യസന്ധത പുലര്‍ത്തിയും മറ്റുള്ളവരെ ജീവിക്കാനനുവദിച്ചുകൊണ്ടുമുള്ള ഒരു ജീവിതരീതി സ്വായത്തമാക്കുകയേ ഒരു വഴിയുള്ളു. ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയില്‍ അതു സംഭവിക്കുമെന്നു തോന്നുന്നില്ല.
6. ഗോകുല്‍ദാസ്: ചോദ്യം: മലയാളസാഹിത്യത്തിന് സര്‍ഗ്ഗാത്മവളര്‍ച്ച ഉണ്ടാക്കുന്നതിനും ഭാവുകത്വപരമായ ഒരു പരിണാമം ഉണ്ടാക്കുന്നതിനും പത്രാധിപര്‍ എന്ന നിലയിൽ എം.ടി.യുടെ അര്‍പ്പണബോധത്തെ നമ്മള്‍ വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്ന് തോന്നുന്നു. എന്തു പറയുന്നു?
ഹരികുമാര്‍: എം.ടി. ഒരു ബഹുമുഖപ്രതിഭയാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മജീവിതത്തിന്റെ പല വശങ്ങളും വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നു വേണം പറയാന്‍. അതിനു കഴിവുള്ളവര്‍ അദ്ദേഹത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അറുപതുകളില്‍ ഉയര്‍ന്നുവന്ന ഞാനടക്കമുള്ള ഒരുമാതിരി എല്ലാ സാഹിത്യകാരന്മാരെയും വളര്‍ത്തിക്കൊണ്ടുവന്നത് എം.ടി.യാണെന്ന് സംശയമില്ലാതെ പറയാം. ആവശ്യം കഴിഞ്ഞപ്പോള്‍ എം.ടി.യെ തള്ളിപ്പറഞ്ഞവരുമുണ്ട് ഇതില്‍.
7. ഗോകുല്‍ദാസ്: ചോദ്യം: പ്രതിബദ്ധതയുള്ള എഴുത്തുകാരൻ എന്ന നിലയിൽ ഇതുവരെയുള്ള സാഹിത്യജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു.
ഹരികുമാര്‍: ഒരു സാഹിത്യകാരന്‍ എന്ന നിലയ്ക്ക് എന്റെ പ്രതിബദ്ധത ജനങ്ങളോടാണ്, പ്രത്യേകിച്ചും സാമ്പത്തികമായി താഴെത്തട്ടില്‍ ജീവിക്കുന്നവരോട്. എന്റെ കഥകള്‍ അവരുടെ ജീവിതത്തിലെ പൊള്ളുന്ന പ്രശ്നങ്ങൾ വായനക്കാരുടെ മുമ്പിൽ എത്തിക്കാൻ ഉതകുന്നതാണെങ്കിൽ ഞാൻ വിജയിച്ചു എന്നു പറയാം. എന്റെ കഥകള്‍ ഒരു സമൂഹത്തെ മാറ്റിമറിയ്ക്കുമെന്നൊന്നുമുള്ള മിഥ്യാധാരണകൾ എനിക്കില്ല. പക്ഷെ ഒരു വായനക്കാരനില്‍ അലിവിന്റെ ചെറിയൊരു നാമ്പ് മുളക്കാൻ അതു പ്രയോജനപ്പെടുമെങ്കിൽ ഞാൻ കൃതാര്‍ത്ഥനായി. കഴിഞ്ഞ നാല്പത്തഞ്ചു കൊല്ലമായി ഞാന്‍ എഴുതാൻ തുടങ്ങിയിട്ട്. ഇത്രയും കാലം കേരളത്തിലെ നിരൂപകര്‍ എന്നെ കണ്ടില്ലെന്നു നടിച്ചു. ഞാനതില്‍ തികച്ചും സന്തുഷ്ടനാണ്, കാരണം ഞങ്ങളാണ് നിങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത് എന്ന് ഒരു നിരൂപകനും പറയില്ലല്ലൊ. മറിച്ച് എനിക്ക് എന്റേതായിട്ടുള്ള ഒരു ആസ്വാദകവൃത്തംതന്നെയുണ്ട്. എന്റെ കഥകളും നോവലുകളും കാത്തിരിക്കുന്നവര്‍. അവരെ നിരാശപ്പെടുത്താതെ സൂക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഓരോ വാക്യം എഴുതുമ്പോഴും അവരാണെന്റെ മുമ്പില്‍. എന്റെ സാഹിത്യജീവിതം ധന്യമാണ്.
8. ഗോകുല്‍ദാസ്: ചോദ്യം: താങ്കള്‍ എഴുതിവരുന്ന പുതിയ രചനയുടെ പ്രത്യേകതകൾ എന്താണ്?
ഹരികുമാര്‍: ഞാന്‍ എഴുതിവരുന്ന - ഒരുമാതിരി എഴുതിത്തീര്‍ത്ത നോവലാണ് കൊച്ചമ്പ്രാട്ടി. എന്റെ ഏതു രചനയുംപോലെ അതും നല്ല സാഹിത്യം ആസ്വദിക്കുന്ന വായനക്കാര്‍ക്കുള്ളതാണ്. ഒരുപറ്റം (കപട)ബുദ്ധിജീവികള്‍ക്ക് അവരുടെ ബൗദ്ധികസ്വയംരതി(intellectual masturbation)യ്ക്കുള്ള അവസരം ഒരുക്കാനായി ഞാന്‍ ഒന്നും എഴുതാറില്ല. അതുകൊണ്ടുതന്നെ അക്കാദമിക് വൃത്തങ്ങളില്‍ ഞാനത്ര അഭിമതനുമല്ല. പുതിയ നോവല്‍ തൊള്ളായിരത്തി അമ്പതുകളുടെ മദ്ധ്യംമുതൽ അറുപതുകളുടെ അന്ത്യംവരെ പൊന്നാനിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. നായര്‍ സമുദായത്തിന്റെ പടിപടിയായുള്ള അധഃപതനവും സാമ്പത്തികമായി താഴെക്കിടയിലുള്ള സമുദായങ്ങളുടെ ഉന്നതിയുമാണ് അതിന്റെ കാതല്‍.
രചനയുടെ പ്രത്യേകതയെന്താണെന്നുവച്ചാല്‍ ഒരു ചെടിയില്‍നിന്ന് മറ്റൊരു ചെടിയിലേയ്ക്കു ചാടിച്ചാടി തേന്‍കുടിക്കുന്ന പൂമ്പാറ്റയെപ്പോലെ ആഖ്യാനം ഒരാളുടെ മനസ്സില്‍നിന്ന് മറ്റൊരാളുടെ മനസ്സിലേയ്ക്ക് മാറിമാറിപ്പോകുന്നു. ഒരു കഥാപാത്രത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഓര്‍മ്മകളുടെ നിരയില്‍ മറ്റൊരു കഥാപാത്രം പ്രത്യക്ഷപ്പെടുമ്പോൾ ആ നിമിഷം തൊട്ട് ആദ്യത്തെ കഥാപാത്രം പിന്നിലേയ്ക്കു വഴിമാറിക്കൊടുക്കുകയും മറ്റെ കഥാപാത്രം വേഷം ഏറ്റെടുക്കുകയും ചെയ്യുന്നു. ആ കഥാപാത്രമാകട്ടെ അപ്പോള്‍ സംഭവിക്കുന്നതോ അല്ലെങ്കിൾ ഓര്‍മ്മയില്‍നിന്നെടുത്തതോ ആയ ഒരു സംഭവത്തിന്റെ ലോകത്തായിരിക്കും. അതുപോലെ ചില സംഭവങ്ങള്‍ വിശദമായി പറഞ്ഞുകഴിഞ്ഞാൽ കാലത്തിന്റെ ഒരു വിടവ് അനുഭവപ്പെടുന്നു. ആ വിടവ് നികത്തുന്നത് പലരുടെയും ഓര്‍മ്മയില്‍നിന്നാണ്. ഈ വിടവാകട്ടെ അത്രതന്നെ മൂര്‍ത്തമോ സൂതാര്യമോ ആകണമെന്നില്ല. ഓര്‍മ്മ നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും. ഇത് പുതുമയുള്ള ഒരു സങ്കേതമാണ്. ഒട്ടും വിരസത അനുഭവപ്പെടാതെ വായന സുഗമമാക്കാൻ ഈ ശൈലി ഉപകരിക്കും. സ്ത്രീസ്വാതന്ത്ര്യം, ദളിതര്‍, ലൈംഗികത തുടങ്ങിയ വിഷയങ്ങള്‍ക്ക് എന്റേതായ, സാമ്പ്രദായികമല്ലാത്ത ഭാഷ്യങ്ങള്‍ നിര്‍മ്മിക്കാനും ഞാൻ ഈ നോവലിൽ ശ്രമിച്ചിട്ടുണ്ട്.