|| Novel

തടാകതീരത്ത്

ഇ ഹരികുമാര്‍

അദ്ധ്യായം 17

'ഞാൻ മിസ്സിസ് ടേണറെ കൊണ്ടുപോകാൻ വന്നതാണ്.' വന്ന ആൾ അകത്തേയ്ക്കു നോക്കിക്കൊണ്ട് പറഞ്ഞു.

'എനിക്കു മനസ്സിലായില്ല.' ഞാൻ പറഞ്ഞു. ആ നിമിഷത്തിലാണ് എന്‍റെ ഭാര്യ അകത്തുനിന്ന് വന്നത്. അവൾ പരിഭ്രമിച്ചിരുന്നു.

'എന്തിനാണ് ഇവിടെ വന്നത്?' അവൾ അടക്കിയ സ്വരത്തിൽ അയാളോട് ചോദിച്ചു. 'പോവൂ, ഞാനിതാ വന്നു.'

അയാൾ പുറത്തേയ്ക്കു പോയി. ഞാൻ വാ പൊളിച്ചു നിൽക്കേ എന്‍റെ ഭാര്യ അകത്തേയ്ക്കു പോയി, രണ്ടു മിനിറ്റിനുള്ളിൽ തരിച്ചുവന്നു. 'ഞാനിപ്പോൾ വരാം.'

'എങ്ങോട്ടെന്നും എന്തിനെന്നും ചോദിക്കുന്നതിനു മുമ്പ് അവൾ സ്ഥലം വിട്ടിരുന്നു. ഞാൻ കുറേ നേരം അനങ്ങാൻ പറ്റാതെ ഇരുന്നു. എന്തൊക്കെയാണ് ആലോചിച്ചതെന്നു പറയാൻ വിഷമം. എനിക്കു കാര്യങ്ങൾ മനസ്സിലായി വരികയായിരുന്നു. സ്‌നേഹിതകളെ കാണാനെന്നോ, ഷോപ്പിങ്ങിനെന്നോ പറഞ്ഞ് അവൾ ദിവസവും പുറത്തിറങ്ങിയിരുന്നത് എന്തിനാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഇത്രയും കാലം അതു മനസ്സിലാക്കാൻ എടുത്തു എന്നത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തി. ചില വൈകുന്നേരങ്ങളിൽ അവൾ വീടണയാൻ രാത്രി എട്ടുമണി, ഒമ്പതു മണിയാകും. എന്നിട്ടും ഞാൻ ഒന്നും സംശയിച്ചില്ല എന്നത് അദ്ഭുതമല്ലെ? ഒരു പക്ഷേ എന്നോട് ഈ പണി നിർത്താൻ ആവശ്യപ്പെട്ടതിന്‍റെ പിന്നിലെ സന്മനസ്സും സദാചാരബോധവും അപ്പോഴും പ്രവർത്തിച്ചിരുന്നു എന്ന് ഞാൻ കരുതിക്കാണും.'

ഫ്രാങ്ക് ഒരു കുപ്പിയിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.

'ഭാര്യ ഈ തൊഴിൽ സ്വീകരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?' രമേശൻ ചോദിച്ചു.

'ഞാൻ ചതിക്കപ്പെട്ടതായി തോന്നി.' ഫ്രാങ്ക് ഉറച്ച മുഖത്തോടെ പറഞ്ഞു. 'എന്നെ അറിയിക്കാതെ ഭാര്യ മറ്റുള്ളവരുമായി ബന്ധത്തിലേർപ്പെട്ടു എന്നതുകൊണ്ടല്ല. ഐ കെയർ എ ടപ്പെൻസ് ഫോർ ദാറ്റ്. പതിനാലു വയസ്സിൽ അമ്മയ്ക്കു വേണ്ടി കൂട്ടിക്കൊടുപ്പു നടത്താൻ വിധിക്കെപ്പട്ടവനായിരുന്നു ഞാൻ. അതിലും വലുതൊന്നുമല്ല ഇത്. പക്ഷേ എന്‍റെ തഴച്ചു വളരുന്ന കച്ചവടം നിർത്താനായി ഒരു കൊല്ലം എന്‍റെ ജീവിതം ദുഷ്‌കരമാക്കിയ സ്ത്രീ എന്നെ അറിയിക്കാതെ, ഒരു പാപവിചാരവുമില്ലതെ അതേ തൊഴിൽ സ്വീകരിച്ചപ്പോൾ അത് ചതിക്കലായി തോന്നി.

'ഞാൻ അപ്പോൾ തന്നെ പുറത്തിറങ്ങി. എന്‍റെ പഴയ ബന്ധങ്ങൾ അങ്ങിനെത്തന്നെയുണ്ടായിരുന്നു. ഞാൻ അതെല്ലാം പുതുക്കി, കൂടുതൽ ഊർജ്ജസ്വലമായി കച്ചവടം തുടങ്ങി. യുദ്ധത്തിന്‍റെ അലകൾ എത്തിത്തുടങ്ങി. ഒരു ഭാഗത്ത് സ്വാത്രന്ത്യ സമരത്തിന്‍റെ ബഹളങ്ങൾ, മറുഭാഗത്ത് മഹായുദ്ധത്തിന്‍റെ കെടുതികൾ. ജീവിതം അനിയന്ത്രിതമായ ഒരൊഴുക്കിൽ പെട്ടു പോകുന്ന പോലെ. സാധനങ്ങൾ കിട്ടാനില്ല, ഉണ്ടെങ്കിൽത്തന്നെ തീപിടിച്ച വില. അതിനിടയിൽ പെട്ട് സാധാരണക്കാർ വലയുകയാണ്.

'കുറച്ചു കാലമായി ഭാര്യ എന്നെ അറിയിക്കാതെ ഡോക്ടറെ കാണുന്നുണ്ടായിരുന്നു. ഞാനത് അറിയുന്നുമുണ്ടായിരുന്നു. അവൾ സ്വന്തം ചെയ്തിയുടെ ഫലം അനുഭവിക്കുകയായിരുന്നു. യുദ്ധം കാരണം മരുന്നുകൾ കിട്ടാനുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽത്തന്നെ കരിഞ്ചന്തയിൽ. സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത വിലയിൽ. അവൾ വേദനകൊണ്ട് പുളയാൻ തുടങ്ങി. എനിക്ക് ആശ്വാസ വചനങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഞാൻ എല്ലാം വിധിയ്ക്കു വിട്ടുകൊടുത്തിരിക്കയാണ്.

'അവൾ ഒരു രാത്രി ജീവനൊടുക്കി. പിന്നെ ഞാനും എന്‍റെ മകളും മാത്രം. കരയാതിരിക്കാൻ ഞാൻ അവളെ പഠിപ്പിച്ചു. സംഗതികൾ വളരെ വിഷമമായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കണം. ഒറ്റയ്ക്ക് സ്വന്തം മകളുടെ കാര്യം നോക്കേണ്ടി വരുന്ന ഒരു കൂട്ടിക്കൊടുപ്പുകാരന്‍റെ നില അത്ര അസൂയാർഹമൊന്നുമല്ല. ഞാൻ ഒരു ആയയെ നിയമിച്ചു. എല്ലാവരും ഒരു മാസം, അല്ലെങ്കിൽ ഒന്നര മാസം മാത്രം ജോലിയെടുത്തു സ്ഥലം വിടും. എന്താണ് കാര്യമെന്നു ചോദിച്ചാൽ അവർ പറയില്ല. എന്താണ് കാര്യമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനെന്തു ചെയ്യാൻ?'

സ്വന്തം മുറിയുടെ ഇരുട്ടിൽ കിടന്നുകൊണ്ട് രമേശൻ ആലോചിച്ചു. എന്താണ് ഇതിനൊക്കെ അർത്ഥം? അല്ലെങ്കിൽ ഇതിനൊക്കെ വല്ല അർത്ഥവുമുണ്ടോ. ഓർമ്മകൾ അയാളെ നാട്ടിലേയ്ക്ക് നയിച്ചു. വല്ലാതെ വേദന തിന്നശേഷം അമ്മ ഒരു ദിവസം മരിച്ചു. എന്തിനു വേണ്ടി? ആർക്കു വേണ്ടി. ഇനി അച്ഛനും മരിക്കും. അച്ഛന്‍റെ ആരോഗ്യം കണ്ടാൽ അധികമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛൻ പറയാറുണ്ട്. 'മൂത്ത മകൻ എന്നുവച്ചാൽ വല്ല്യേ ഒരു ഉത്തരവാദിത്താണ്. അച്ഛൻ മരിച്ചൂന്നറിഞ്ഞാൽ ഒന്ന് കരയാൻകൂടി സമയംണ്ടാവില്ല. ദഹിപ്പിക്കാന്ള്ള പണം കടം വാങ്ങാൻ നടക്കേണ്ടിവരും.'

അതും കഴിഞ്ഞാൽ ഒരു കൊച്ചുകുടുംബത്തിന്‍റെ ഭാരം മുഴുവൻ തന്‍റെ തലയിൽ. ചിലപ്പോൾ ദേഷ്യം പിടിക്കും. അച്ഛന് ഒന്നോ രണ്ടോ കുട്ടികളായപ്പോൾ നിർത്താമായിരുന്നില്ലേ? ലതിക മാത്രമേ ഉള്ളുവെങ്കിൽ അവളുടെ കല്യാണം കഴിച്ചു കൊടുത്താൽ താൻ സ്വത്രന്തനായേനെ. തനിക്കും അത്ര വയസ്സല്ലേ ആയിട്ടുള്ളൂ. അനുജത്തിയുടെ കല്യാണത്തിന് കടം വാങ്ങിയാൽത്തന്നെ അതു തിരിച്ചു വീട്ടിയ ശേഷം സ്വന്തം ജീവിതം തുടങ്ങാം. ഇപ്പോൾ അവൾക്കു താഴെ ഇനിയും മൂന്നു പേരുണ്ട്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഏറ്റവും താഴെയുള്ള അനുജത്തിയ്ക്ക് പത്തു വയസ്സു മാത്രം. അവളെ എസ്.എസ്.എൽ.സി. വരെയെങ്കിലും പഠിപ്പിച്ച് കല്യാണം കഴിച്ചുകൊടുക്കുമ്പോഴേയ്ക്ക് തന്‍റെ നടു ഒടിയും. മറ്റുള്ളവരെ കോളേജിൽ അയയ്ക്കണം. തനിയ്‌ക്കോ പറ്റാതിരുന്ന കാര്യമാണ് കോളേജ് വിദ്യാഭ്യാസം. അവരെങ്കിലും പഠിച്ചു നന്നാവട്ടെ. ഇതെല്ലാം കഴിഞ്ഞ് താൻ ഒരു ജീവിതം തുടങ്ങുന്നത് എപ്പോഴാണ്? അയാൾ തലയിൽ കൈവച്ചുപോയി.

ഇന്ന് നിരഞ്ജൻ ബാബു വന്നിട്ടുണ്ടെന്നു തോന്നുന്നു. പുറത്ത് ചെരിപ്പു കണ്ടിരുന്നു. ഇനി ആനന്ദമയീദേവിയെ അടുത്തൊന്നും കാണാൻ കിട്ടുകയില്ല. ശനിയാഴ്ച മായ വന്നപ്പോൾ പറഞ്ഞിരുന്നത് നിരഞ്ജൻ ബാബുവിനെപ്പറ്റിത്തന്നെയായിരുന്നു. എങ്ങിനെ ആ മനുഷ്യൻ മൂന്നു കുട്ടികളുടെ ജീവിതം താറുമാറാക്കിയെന്ന്. എങ്ങിനെ അവരുടെ അഭിലാഷങ്ങളെയും സ്വപ്‌നങ്ങളെയും ക്രമനിബദ്ധമായി നശിപ്പിച്ചുവെന്ന്.

'ആദ്യമുണ്ടായ ഭയം ജിജ്ഞാസയ്ക്ക് വഴി മാറിയപ്പോൾ ഞാൻ രാത്രികളിൽ ഉണർന്നു കിടക്കാൻ തുടങ്ങി.' മായ പറയുകയാണ്. വിക്ടോറിയ മെമ്മോറിയൽ ഗ്രൗണ്ടിൽ വച്ചു പറഞ്ഞു നിർത്തിയതിന്‍റെ ബാക്കി പറയുകയായിരുന്നു അവൾ. 'അപ്പാഴാണ് മനസ്സിലായത് അമ്മയും നിരൊഞ്ജൻ മാമയും തമ്മിലുള്ള ബന്ധം അക്രമത്തിന്‍റെതല്ല സ്‌നേഹത്തിന്‍റെതാണെന്ന്. മുതിർന്നവർ സ്‌നേഹം പ്രകടിപ്പിക്കുന്നത് വളരെ വിചിത്രമായ വഴികളിലാണെന്ന് ഞാൻ മനസ്സിലാക്കി. നിഷിദ്ധമായ സ്‌നേഹം എന്താണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഏറ്റവും അദ്ഭുതകരമായത് എനിക്കത് ഇഷ്ടപ്പെട്ടു എന്നതാണ്. രാത്രിയായാൽ ഞാൻ വിളക്ക് അണയ്ക്കാൻ കാത്തിരിക്കും. വിളക്കണച്ചാലും മുറിയിൽ നേരിയ വെളിച്ചം ഉണ്ടാകും. ആ വെളിച്ചത്തിൽ ഞാൻ എല്ലാം കാണും. അതു കഴിഞ്ഞ് അവർ കുളിമുറിയിൽ പോകും. പിന്നെ നിരൊഞ്ജൻ മാമയ്ക്ക് പോവാൻ വലിയ താമസമുണ്ടാവില്ല. ഞാനും ഉറക്കമാവും.'

മായ രമേശന്‍റെ അടുത്തു കിടക്കുകയാണ്. ശനിയാഴ്ചകൾ അവളുടെ കുത്തകയാണ് മറ്റുള്ള ദിവസങ്ങൾ എങ്ങിനെയായാലും വേണ്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു പൂച്ചയുടെ ചെവികളോടെ അവൾ താഴെയുള്ള ഓരോ ശബ്ദവും ശ്രദ്ധിച്ചുകൊണ്ട് മുകളിലുള്ള അവളുടെ മുറിയിൽ കിടക്കുന്നു. അനുജത്തി ഉറക്കമായിട്ടുണ്ടാവും. അമ്മയുടെ നീക്കങ്ങളാണ് അവൾ ആദ്യം ശ്രദ്ധിക്കുന്നത്. അമ്മ അടുക്കള വൃത്തിയാക്കുന്ന ശബ്ദം. പാത്രങ്ങളെല്ലാം കഴുകി എടുത്തു വയ്ക്കുന്നു. അതു കഴിഞ്ഞാൽ അടുക്കള വാതിൽ ചാരുന്ന കരകര ശബ്ദം. പിന്നെ കിടപ്പുമുറിയുടെ വാതിൽ ചാരുന്നതിന്‍റെ ശബ്ദം. ഉറങ്ങാനുള്ള ശ്രമത്തിലാണ്. കിടന്നാൽ ഒരു അഞ്ചു മിനുറ്റിനുള്ളിൽ അമ്മ ഉറങ്ങുന്നു. ഇനി രമേശൻ വരികയേ വേണ്ടു. താമസിയാതെ അയാൾ വന്ന് വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം. പിന്നെ അവൾക്ക് മുകളിൽ ഇരിക്കപ്പൊറുതിയില്ല. അവൾ എഴുന്നേൽക്കുന്നു. താഴെ രമേശന്‍റെ വാതിൽ വെറുതെ ചാരിയിട്ടേ ഉണ്ടാവൂ. അവളുടെ യാത്ര തുടങ്ങുകയാണ്. എല്ലാം കഴിഞ്ഞാൽ കുറച്ചു നേരം അവളെ താലോലിച്ചു കൊണ്ടിരിക്കണം. അതവൾക്കു നിർബ്ബന്ധമാണ്. ഒരു സെൻസ് ഓഫ് ഫുൾഫിൽമെന്‍റ് അപ്പോഴാണ് ഉണ്ടാകുന്നതെന്ന് മായ പറയുന്നു. ആ സമയത്താണ് അപൂർവ്വമായി അവളുടെ വായിൽനിന്ന് വാക്കുകൾ പുറത്തു ചാടുന്നത്. ഇടയിൽ മൗനത്തിന്‍റെ ദൈർഘ്യമുള്ള വാക്കുകൾ. അവ പിന്നീട് വാചകങ്ങളായി മാറുന്നു.

'എല്ലാം ജ്യേഷ്ഠനോട് തുറന്നു പറഞ്ഞാലോ എന്നു ഞാൻ ഒരിക്കൽ ആലോചിച്ചു. പക്ഷേ അത് ശരിയല്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. അങ്ങിനെ പുറത്തു പറയേണ്ട ഒരു കാര്യമല്ലാ ഇതെന്ന് ആ ചെറുപ്രായത്തിലും എനിക്കു മനസ്സിലായിരുന്നു. അല്ലെങ്കിലേ എന്‍റെ ജ്യേഷ്ഠൻ ഒരു ഏകാകിയായി വളരാൻ തുടങ്ങിയിരുന്നു. ഏട്ടന്‍റെ മുറി എപ്പോഴും അടച്ചിടും അതിന്‍റെ ഉള്ളിൽ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചാൽ പഠിക്കുകയാണ് എന്നേ പറയൂ. സംസാരം തീരെ ചുരുക്കി. മൂപ്പർക്ക് സ്‌നേഹിതന്മാരൊന്നും ഉണ്ടായിരുന്നില്ല. എന്നോടുള്ള സംസാരവും കുറച്ചു.

'ഞങ്ങൾക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ ആദ്യം നിരൊഞ്ജൻ മാമയുടെ സമ്മതം വാങ്ങണമെന്ന നിലയായി. സമ്മതം അമ്മ തന്നെ വാങ്ങിക്കൊള്ളും. മിക്കവാറും എല്ലാ കാര്യങ്ങളും നടന്നു കിട്ടുകയും ചെയ്തു. പക്ഷേ മറ്റൊരാളുടെ സമ്മതം വേണമെന്നത് അത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ട് ജ്യേഷ്ഠൻ പലപ്പോഴും ആവശ്യമുള്ള കാര്യങ്ങൾ കൂടി അമ്മയോട് ചോദിക്കാറില്ല. നിരൊഞ്ജൻ മാമയുമായി ഞങ്ങൾ നേരിട്ടുള്ള സംസാരം നിർത്തിയിട്ട് കാലം കുറെയായിരുന്നു.

'എനിക്ക് വേണമെങ്കിൽ ജ്യേഷ്ഠനോട് കുറേക്കൂടി സ്‌നേഹം കാണിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കാരണം, ഇങ്ങിനെയൊക്കെയായാലും ദാദ കുറച്ചെങ്കിലും സംസാരിച്ചിരുന്നത് എന്നോടു മാത്രമായിരുന്നു. എനിക്ക് വേണമെങ്കിൽ ദാദയുടെ മുറിയിൽ കയറി സംസാരിക്കാമായിരുന്നു. ദാദയുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നു ചോദിച്ചു മനസ്സിലാക്കാമായിരുന്നു. ഞങ്ങൾക്കൊക്കെ അയാളെ എത്ര സ്‌നേഹമുണ്ടെന്ന് പറയാമായിരുന്നു. ഞാനതു ചെയ്തില്ല. അതു കഷ്ടമായി എന്ന് പിന്നീട് എനിക്ക് തോന്നാറുണ്ട്. അതിന്‍റെ ഫലമാണ് പിന്നീടുണ്ടായത്.'

മായ ഒരു മിനുറ്റ് മിണ്ടാതിരുന്നു.

'പിന്നീട് എന്താണുണ്ടായത്?' രമേശൻ ചോദിച്ചു.

'എന്‍റെ ജ്യേഷ്ഠൻ ഒരപകടത്തിൽ മരിച്ചു എന്നല്ലെ ഞാൻ പറഞ്ഞിരുന്നത്?'

'അതെ?'

'അങ്ങിനെയല്ല ഉണ്ടായത്. അയാൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എനിക്കെങ്കിലും ജ്യേഷ്ഠനെ രക്ഷിക്കാമായിരുന്നു.'

മായയുടെ കണ്ണുകൾ നിറഞ്ഞു. രമേശനും വല്ലാതായി. എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക? അയാൾ വിഷയം മാറ്റാനായി പറഞ്ഞു.

'നിന്‍റെ നിരഞ്ജൻ മാമയ്ക്ക് കുടുംബമൊന്നുമില്ലേ?

'അതിനെപ്പറ്റിയൊന്നും പറയാതിരിക്കയാണ് നല്ലത്.' മായ പറഞ്ഞു. 'അതു മറ്റൊരു വൈകൃതമാണ്. നിരൊഞ്ജൻ മാമ ശരിക്കു കല്യാണം കഴിച്ചിട്ടില്ല. താടകയെപ്പോലെയുള്ള ഒരു സ്ത്രീയുടെ ഒപ്പമാണ് ജീവിതം. എന്തു കണ്ടിട്ടാണ് അദ്ദേഹം അങ്ങിനെ ഒരുത്തിയെ കണ്ടു ഭ്രമിച്ചതെന്ന് എനിക്കറിയില്ല. അതിൽ മൂന്ന് ആൺമക്കളുണ്ട്. എല്ലാം രാക്ഷസവർഗ്ഗത്തിൽ പെട്ടവർ. അവിട്‌ത്തെ ലോക്കൽ ദാദമാരാണ് എപ്പോഴും അഡ്ഡ കൂടുകയാണ് പണി. അഡ്ഡ എന്നുവച്ചാൽ എന്താണെന്നറിയ്യോ. ഓരോ കവലയിലും ദാദമാര് കൂടിനിന്ന് സംസാരിച്ചു നിൽക്കാറില്ലേ? അതാണ്. എനിക്കവരെ കാണുന്നതേ പേടിയാണ്. ഭാഗ്യത്തിന് അവരൊന്നും ഇവിടെ വരാറില്ല. ഇനി അവരിൽനിന്നൊക്കെ രക്ഷപ്പെടാനാണോ അദ്ദേഹം എന്നും ഇവിടെ വരുന്നതെന്നും അറിയില്ല.'

വല്ലാത്തൊരു കുടുംബം!

മായ എഴുന്നേറ്റു വസ്ത്രം ധരിക്കാൻ തുടങ്ങി. സൂര്യവെളിച്ചം ദാലിയുടെ പെയ്ന്‍റിംഗിൽ നിന്ന് പുറത്തു കടന്നിരുന്നു.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ ദീപിക വാരാന്ത്യപ്പതിപ്പില്‍ (2004) തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 26

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2005)