ഇ ഹരികുമാര്‍
'എനിക്ക് മറ്റൊരു പ്രമോഷൻ കിട്ടാൻ പോകുന്നു.'
രമേശൻ പറഞ്ഞു.
'ഗുഡ്.'
'അതിന്‍റെ ഒപ്പം ഒരു സ്ഥലമാറ്റവും.' രമേശൻ കൂട്ടിച്ചേർത്തു.
'ഡിഡ് യു സേ എ ട്രാൻസ്ഫർ?' ഫ്രാങ്ക് എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അയാളുടെ പ്രശാന്തമായ കിടത്തത്തിന് ഭഞ്ജം വന്നിരിക്കുന്നു. 'എങ്ങോട്ട്?'
'മദ്രാസിലേയ്ക്ക്.'
ഫ്രാങ്ക് വീണ്ടും ദിവാനിലേയ്ക്ക് വീണു. അയാൾ എന്തുകൊണ്ടോ അസ്വസ്ഥനായിരുന്നു.
'എല്ലാ നല്ല വാർത്തകൾക്കും ഒപ്പം ഒരു ചീത്ത വാർത്തയുമുണ്ടാവും. നിനക്ക് പ്രൊമോഷൻ കിട്ടുമെന്നത് നല്ല വാർത്ത, പക്ഷേ അതോടൊപ്പം നീ ഇവിടെനിന്ന് അപ്രത്യക്ഷനാവുമെന്നത്........' അയാൾ തലയ്ക്കു കൈയ്യും കൊടുത്ത് കുറച്ചു നേരം ഇരുന്നു. പിന്നെ സാവധാനത്തിൽ പറയാൻ തുടങ്ങി. മാത്രമല്ല ഈ ന്യൂസ് കിട്ടിയ ദിവസത്തിന്‍റെ പ്രത്യേകതയോ! വാട്ടെ കൊയിൻസിഡൻസ്!'
'എന്തേ?' രമേശൻ ഐസ്‌ക്രീം തിന്നുകൊണ്ട് ചോദിച്ചു.
'ഇതേ ദിവസമാണ് വർഷങ്ങൾക്കു മുമ്പ് എനിക്കെന്‍റെ മകളെ നഷ്ടപ്പെട്ടത്?'
കഴിക്കാനായി സ്പൂൺകൊണ്ട് എടുത്ത ഐസ്‌ക്രീം വായിലേയ്ക്കു കൊണ്ടു പോകാനാകാതെ രമേശൻ നിന്നു.
'നിങ്ങൾ മകളെപ്പറ്റി എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.'
ഫ്രാങ്ക് അയാളുടെ കഥ, ഓർമ്മകളുടെ തുരുമ്പു പിടിച്ച ഏതോ വാതിലിനു മുമ്പിൽ വച്ച് നിർത്തിവച്ചിരിക്കയായിരുന്നു. അതു തുറക്കാൻ താല്പര്യമില്ലാത്തപോലെ. കൂടുതൽ കേൾക്കണമെന്ന് രമേശനും നിർബ്ബന്ധമുണ്ടായിരുന്നില്ല. ചില കാര്യങ്ങൾ മുഴുവൻ മനസ്സിലാവാതെ, അറിയാതെ കിടക്കുന്നതാണ് നല്ലത്. പലപ്പോഴും മകളുടെ കാര്യം ചോദിക്കാനായി ഒരുമ്പെടും, പിന്നെ വേണ്ടെന്നു വയ്ക്കും. അവൾക്ക് ഇപ്പോൾ ഏകദേശം നാല്പതു വയസ്സായിട്ടുണ്ടാകും. ജീവിച്ചിരിപ്പുണ്ടോ, അതോ.....? ജിജ്ഞാസയുടെ ഒരു നിർബ്ബന്ധിതനിമിഷത്തിൽ രമേശൻ ചോദിച്ചു.
'മകൾക്ക് എന്തു പറ്റീ?'
'ടെസ്സിയ്‌ക്കോ?....' വയസ്സൻ ആലോചിക്കുകയായിരുന്നു. അയാൾ ക്ലാവു പിടിച്ച ഒരു താക്കോൽ കൊണ്ട് ഓർമ്മയുടെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് രമേശൻ കണ്ടു. ജോലി ശ്രമകരമായിരുന്നു. ഫ്രാങ്ക് എഴുന്നേറ്റു, രമേശിനോട് വരാൻ ആവശ്യപ്പെട്ട് കിടപ്പറയിലേയ്ക്കു നടന്നു.
ഫ്രാങ്കിന്‍റെ പിന്നാലെ രമേശൻ കിടപ്പറയിലേയ്ക്കു കടന്നു. വളരെ മങ്ങിയ ഒരു ബൾബ് പഴയ എണ്ണവിളക്കിനോടൊപ്പം തൂങ്ങിക്കിടന്നിരുന്നു. ആ വെളിച്ചമാകട്ടെ കഷ്ടിച്ച് ചുറ്റുവട്ടം കാണാൻ മാത്രമേ ഉപകരിക്കൂ. ആ മുറി ഒരു ഗുഹ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതമെന്ന് അയാൾക്കു തോന്നി. ചുമർ നിറയെ ചിത്രങ്ങൾ തൂക്കിയിട്ടിരിക്കയാണ്. ഒരു ചുമർ മുഴുവൻ അലമാറികൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ചെസ്റ്റ് ഓഫ് ഡ്രോയേഴ്‌സ്, ഒരു പുസ്തകഷെൽഫ്, അതിനു മുകളിൽ ഫോട്ടോകൾ. ചൂരൽ മെടഞ്ഞുണ്ടാക്കി പോളിഷ് ചെയ്ത പഴയ രണ്ട് വലിയ കുട്ടകൾ. നാലഞ്ചു ഇരുമ്പുപെട്ടികൾ. ഇതിന്‍റെയെല്ലാം നടുക്കായി ഒരു ഇരട്ടക്കട്ടിൽ ഞെരുങ്ങി കിടക്കുന്നു. ഒരു പറ്റം വാവലുകൾ പെട്ടെന്ന് തലയ്ക്കു മുകളിലൂടെ പറന്നുവന്നാൽ രമേശൻ അദ്ഭുതപ്പെടില്ലായിരുന്നു. ഒരു നൂറ്റാണ്ടു മുഴുവൻ ആ മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയാണെന്ന് തോന്നി.
രണ്ട് ഇരുമ്പുപെട്ടികൾ അട്ടിയായി വെച്ചതിനു മുമ്പിൽ ഫ്രാങ്ക് ഇരുന്നു. രമേശൻ നിന്നിരുന്നതിനടുത്താണ് പുസ്തകഷെൽഫ്. അതിൽ ഡിക്കൻസിന്‍റെ ഓൾഡ് ക്യൂരിയോസിറ്റി ഷോപ്പിന്‍റെയും എ ടെയിൽ ഓഫ് ടൂ സിറ്റീസിന്‍റെയും ലൈബ്രറി എഡിഷൻ രമേശന്‍റെ ശ്രദ്ധയാകർഷിച്ചു. മകളുടെ തലമുടി സൂക്ഷിച്ചുവച്ച ചെപ്പ് തുറക്കുന്ന കിഴവനെ അയാൾ ഓർത്തു. എന്തൊക്കെയോ സാമ്യതകൾ വന്നുചേരുന്നത് അയാളെ അദ്ഭുതപ്പെടുത്തി. ഇരുമ്പുപെട്ടിയിൽ നിറയെ ഒരു ചെറിയ പെൺകുട്ടിയുടെ ഉടുപ്പുകളും പാവകളുമാണ്. അയാൾ ഒന്നും പറയാതെ അതെല്ലാം എടുത്തു നോക്കി തിരിച്ചു വച്ചു. ആ പെട്ടി അടച്ചശേഷം അയാൾ മറ്റൊരു പെട്ടി തുറന്നു. അതിൽ കുറച്ചുകൂടി മുതിർന്ന ഒരു പെൺകുട്ടിയുടെ വസ്ത്രങ്ങളാണ്. അതിൽനിന്ന് ഒരു ഉടുപ്പെടുത്ത് അയാൾ എഴുന്നേറ്റു നിന്നു. പതിനേഴു പതിനെട്ടു വയസ്സുള്ള ഒരു കുട്ടിയുടെ ഉടുപ്പാണത്. ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ ആലീസിന്‍റെ ഉടുപ്പുപോലെയുള്ള ആ ഉടുപ്പ് നിവർത്തി രമേശനു നേരെ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
'ഈ പ്രായത്തിലാണ് അവൾ പോയത്. ഒരു കൊച്ചുസുന്ദരിയായിരുന്നു ടെസ്സി.'
അയാൾ ഉടുപ്പ് ശ്രദ്ധയോടെ മടക്കി പെട്ടിയിൽ വച്ചു, പെട്ടി പൂട്ടി പിന്നിലേയ്ക്കു നിരക്കിവച്ച് എഴുന്നേറ്റ് സ്വീകരണമുറിയിലേയ്ക്കു നടന്നു. തിരിച്ച് ദീവാനിൽ ഇരുന്നുകൊണ്ട് അയാൾ നേരത്തെ അനാഥമായി വച്ച ഗ്ലാസ്സെടുത്ത് ചുണ്ടിലേയ്ക്കു കൊണ്ടു പോയി. ഒരു വലിയ കവിൾ കുടിച്ചേശഷം ഗ്ലാസ്സ് വീണ്ടും ടീപോയിമേൽ വച്ചശേഷം അയാൾ കൈകൾ തലയ്ക്കുമീതെ വച്ച് കിടന്നു.
'ഒരു കൂട്ടിക്കൊടുപ്പുകാരൻ കുടുംബം ഉണ്ടാക്കാൻ വിധിക്കപ്പെട്ടവനല്ല.' ഫ്രാങ്ക് സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു. 'അവൻ ഒരിക്കലും കല്യാണം കഴിക്കരുത്. അവന് മൃദുല വികാരങ്ങളൊന്നുമുണ്ടാകരുത്. അവൻ കല്ലുകൊണ്ട് ഉണ്ടാക്കപ്പെട്ടവനാകണം. എ സ്റ്റാച്ച്യു മെയ്ഡ് ഓഫ് ഹാർഡ് സ്റ്റോൺ.' ഐസ്‌ക്രീമിന്‍റെ ഒഴിഞ്ഞ കപ്പ് അടുക്കളയിലെ കച്ചറഡബ്ബയിലിട്ട് രമേശൻ തിരിച്ചു വന്നു. ഫ്രാങ്ക് ഒരു തകർന്ന മനുഷ്യനെപ്പോലെ തോന്നിച്ചു. രമേശൻ കസേലയിൽ വന്നിരുന്നു. വേണമെങ്കിൽ ആ പെൺകുട്ടിയെ ചൂഴ്ന്നു നില്ക്കുന്ന നിഗൂഢത ഇപ്പോൾ പുറത്തു കൊണ്ടുവരാം. പക്ഷേ ഇപ്പോൾ ഫ്രാങ്കിനെ സംസാരിപ്പിക്കാൻ പറ്റിയ അവസരമാണോ? അയാൾ ആകെ തകർന്നപോലെ തോന്നുന്നു.
'ഞാൻ എന്‍റെ മകളെപ്പറ്റി നിന്നോട് പറഞ്ഞിട്ടുണ്ടോ?' അയാൾ ചോദിച്ചു. അയാൾ തന്നെ മറുപടിയും പറഞ്ഞു. 'മിക്കവാറും ഉണ്ടാവില്ല. ഞാനത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടെന്തു കാര്യം. ഒരച്ഛന്‍റെ കൊള്ളരുതായ്മകൊണ്ട് മകളെ നഷ്ടപ്പെട്ടുവെന്ന് ലോകത്തെ മുഴുവൻ അറിയിക്കണോ? നീ എന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. എന്‍റെ മനസ്സാക്ഷി, അങ്ങിനെയൊന്നു ബാക്കിയുണ്ടെങ്കിൽ.'
എല്ലാ മനുഷ്യരും ഒരു ബുദ്ധനോ യേശുക്രിസ്തുവോ ആവുന്ന നിമിഷങ്ങളുണ്ട്. അത് വളരെ വേദനാജനകമാണ്. നമ്മളെല്ലാം ശരാശരി മനുഷ്യരാവാൻ വിധിക്കപ്പെട്ടവരാണ്. അതിൽനിന്ന് വല്ലാതെ ഉയരുകയോ താഴുകയോ ചെയ്യുന്നത് കണ്ടു നിൽക്കുന്നവർക്ക് വിഷമമുണ്ടാക്കുന്നു, ആ മാറ്റം നൈമിഷികമാണെങ്കിൽക്കൂടി.
'അമ്മയുടെ മരണത്തോടുകൂടി ടെസ്സി ഒരുമാതിരി നിശ്ശബ്ദയായി.' ഫ്രാങ്ക് പറഞ്ഞു. 'സംസാരമേ ഇല്ല. അല്ലെങ്കിലേ അവൾ കൂട്ടുകാരിൽനിന്ന് അകന്നിരുന്നു. വളരെ ചെറുപ്പത്തിൽ അച്ഛനും അമ്മയും എന്തു ചെയ്യുന്നു എന്നത് അവൾക്കൊരു പ്രശ്‌നമായിരുന്നില്ല. പക്ഷേ വളർന്നു വരുംതോറും കാര്യങ്ങളുടെ കിടപ്പ് അവൾക്കു മനസ്സിലായിത്തുടങ്ങി. കൂട്ടുകാരുടെ ചോദ്യങ്ങൾ ഒഴിവാക്കാനായി അവൾ ചെയ്തത് കൂട്ടുകാരെത്തന്നെ വേണ്ടെന്നു വയ്ക്കലായിരുന്നു. അതിന്‍റെയൊക്കെ ഫലമോ എല്ലാവരിൽ നിന്നും അകന്നുള്ള ഒരു ജീവിതവും. എ ലൈഫ് ഓഫ് സോളിട്യൂഡ് ഏന്‍റ് ബിറ്റർനസ്. അതെത്രമാത്രം തിക്തമായിരുന്നുവെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് ദുരന്തം. ഞാൻ വളരെ തിരക്കിലായിരുന്നു. മോളെ നോക്കാൻ എക്കാലത്തും ഓരോ ആയമാരുണ്ടായിരുന്നു. ആദ്യമൊക്കെ ആയമാർ എന്‍റെ വീട്ടിൽ വരാൻ മടിച്ചിരുന്നു. പിന്നെ ഞാൻ കൊടുക്കുന്ന ശമ്പളം, അതത്ര മോശമായിരുന്നില്ല, ആവശ്യമുള്ളവർ വന്നു. അവർ മടിയില്ലാതെ ജോലി ചെയ്തു. അതുകൊണ്ട് മോളുടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പം കൊണ്ടു മാത്രമായില്ല.'
ഫ്രാങ്ക് എഴുന്നേറ്റ് അകത്തുപോയി ഒരു പുതിയ കുപ്പി കൊണ്ടുവന്നു, അടപ്പ് തിരിച്ചു പൊട്ടിച്ച് ഒഴിഞ്ഞ ഗ്ലാസിൽ പകർന്നു. ടീപോയിമേൽ വച്ച ഫ്‌ളാസ്‌കിൽ നിന്ന് ഐസ് കട്ടകൾ ഗ്ലാസിലിട്ടു.
'എന്‍റെ മോൾ കാര്യങ്ങൾ അറിഞ്ഞു തുടങ്ങുകയായിരുന്നു. അവളുടെ കുടുംബപശ്ചാത്തലം ഒട്ടും അഭിമാനം തരുന്നതല്ലെന്ന് അവൾ മനസ്സിലാക്കി. ഇതെല്ലാം ഞാൻ അവളുടെ ഡയറിയിൽനിന്ന് പിന്നീട് മനസ്സിലാക്കിയതാണ്. എന്തിന് അവൾ ആ ഡയറി ഇവിടെ ഇട്ടുപോയി? മറന്നതായിരിക്കുമോ? അതോ അവൾ കടന്നുപോയ മാനസിക പിരിമുറുക്കം അച്ഛൻ അറിഞ്ഞുകൊള്ളട്ടെയെന്നു കരുതി വെച്ചുപോയതോ? ഒരു തീരാകളങ്കം അച്ഛനു ചാർത്തിത്തന്നതുകൊണ്ട് അവൾ എന്തു നേടി?
'ഒരു ഡയറിയുടെ താളുകളിൽ കുറിച്ചിടുന്നതിനു പകരം ഇതെല്ലാം എന്നോട് സംസാരിച്ചിരുന്നു എങ്കിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമായിരുന്നു. എനിക്കവളെ മനസ്സിലാക്കാൻ പറ്റുമായിരുന്നു. ഒരുപക്ഷേ ഞാൻതന്നെ മാറുമായിരുന്നു. മറിച്ച് നിശ്ശബ്ദയാവാനായിരുന്നു അവൾ തീരുമാനിച്ചത്. അതിന്‍റെ ഫലം എത്ര ദാരുണമായി. ഇറ്റ് വാസെ വെരിറ്റബ്ൾ ട്രാജഡി.'
ഫ്രാങ്ക് ഗ്ലാസ്സെടുത്ത് മുഴുവനും ഒറ്റ ഇറക്കിന് അകത്താക്കി. സാധാരണ വിളറി വെളുത്ത് കാണാറുള്ള അയാളുടെ മുഖം തുടുത്ത് ചോരനിറമായിരുന്നു. അയാൾ സമനില തെറ്റുമോ എന്ന ഭയമുണ്ടായി രമേശന്. ഇല്ല, അത്രവേഗം തകിടം മറിയുന്ന മനസ്സല്ല ഫ്രാങ്കിന്‍റേത്. അയാളുടെ മകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് രമേശന് മനസ്സിലായില്ല. ഒരു ദുരന്തത്തെപ്പറ്റിയാണ് ഫ്രാങ്ക് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ അവൾ കുനുത്ത കയ്യക്ഷരത്തിൽ എഴുതിയ ഡയറി ആ രണ്ടു ഇരുമ്പുപെട്ടികളിലൊന്നിൽ കിടക്കുന്നുണ്ടാവാം. ഫ്രാങ്ക് അതു പക്ഷെ പുറത്തെടുത്തില്ല. ആ ഡയറിയുടെ പേജുകൾ രമേശന്‍റെ ഭാവനയിൽ തെളിഞ്ഞു. പെട്ടെന്ന് അയാൾക്ക് ആ പെൺകുട്ടിയോട് വാത്സല്യം തോന്നി. അച്ഛനോട് ഒന്നും പറയാനാവാതെ മനസ്സിന്‍റെ വീർപ്പുമുട്ടലുകൾ മുഴുവൻ അമർത്തിവച്ച കുട്ടി. പിന്നീട് അവ ഒരു ഡയറിയുടെ പേജുകളിൽ സ്ഥാനം പിടിച്ചപ്പോൾ അവൾ ആലോചിച്ചിട്ടുണ്ടാകുമോ, എന്നെങ്കിലും അച്ഛൻ ഇതു കാണും, വായിക്കും എന്ന്? രാത്രി അച്ഛൻ ഉറങ്ങിയ ശേഷമായിരിക്കണം അവൾ എഴുതിയിട്ടുണ്ടാവുക. അവളുടെ മുറി കാണണമെന്ന് രമേശന് ആഗ്രഹം ജനിച്ചു. അവൾക്കായി ഒരു മുറിയുണ്ടാകുമോ? അറിയില്ല.
'ഞാൻ ക്രൂരതയാണോ ചെയ്യുന്നത് എന്നറിയില്ല.' രമേശൻ പറഞ്ഞു. 'മകളുടെ മുറി എനിക്കൊന്ന് കാണാമോ?'
'ടെസ്സിയുടെ മുറി?..... ശരി, നിനക്കതു കാണാം. ഞാൻ കുറെക്കാലമായി അതു തുറന്നിട്ട്. എന്തായിരിക്കും അതിന്‍റെ സ്ഥിതി എന്നറിയില്ല.'
ഫ്രാങ്ക് എഴുന്നേറ്റു. 'ഫോളോ മി....' അയാൾ നടന്നത് അയാളുടെ മുറിയുടെ വാതിലിന്‍റെ ഭാഗത്തേയ്ക്കായിരുന്നു. അതിനു തൊട്ടടുത്തായി ഒരു വാതിലുള്ളത് രമേശൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. തുറക്കുമ്പോൾ തുരുമ്പു പിടിച്ച ഓടാമ്പൽ ശബ്ദമുണ്ടാക്കി. മുറി മുഴുവൻ തുറന്ന് അകത്തു കടന്ന് ലൈറ്റിട്ടശേഷം ഫ്രാങ്ക് പറഞ്ഞു. 'കമിൻ.'
ഒരു ചെറിയ മുറി. ഒരു ജനൽ, അത് അടച്ചിട്ടിരിക്കയാണ്. ചെറിയൊരു കട്ടിൽ ഒരു ചുമരിന്‍റെ അരികിലായി ഇട്ടിരിക്കുന്നു. അതിൽ ഒരു കിടയ്ക്ക. കട്ടിലിന്‍റെ തലയ്ക്കൽ ഭാഗത്തായി ഒരു മേശയും കസേലയുമുണ്ട്. മേശമേൽ ഏതാനും പുസ്തകങ്ങൾ. ആ മുറി അതേമട്ടിൽ കിടക്കാൻ തുടങ്ങിയിട്ട് എത്രകാലമായി എന്ന് അറിയില്ല. വർഷങ്ങൾ ഫ്രാങ്കിന്‍റെ കയ്യിൽനിന്ന് വഴുതി രക്ഷപ്പെട്ടിരിക്കുന്നു.
മേശപ്പുറത്തുനിന്ന് ആ ഡയറി കണ്ടെടുക്കാൻ രമേശന് അധികം സമയം വേണ്ടി വന്നില്ല. അതും കയ്യിലെടുത്ത് പൊടിതട്ടിക്കൊണ്ട് അയാൾ ഫ്രാങ്കിനെ നോക്കി. അയാൾ ഒന്നും പറയാതെ ഒഴിഞ്ഞ നോട്ടവുമായി നിൽക്കുകയാണ്.
'ഞാനീ ഡയറി നോക്കുന്നതിൽ വിരോധമുണ്ടോ?'
'നോക്കാം, മനസ്സ് കേടുവരുത്തണമെന്ന് നിനക്ക് വാശിയുള്ളപോലെയുണ്ട്. നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ. ഐ വിൽ ഫിക്‌സ് യു സംതിങ് ഇൻ ദ കിച്ചൻ.'
ഫ്രാങ്ക് പോയി. ഒരു സാധു പെൺകുട്ടി പത്തുപതിനെട്ടു കൊല്ലം കഴിച്ചുകൂട്ടിയ മുറിയിൽ രമേശൻ ഒറ്റയ്ക്കായി. കട്ടിലിലിരുന്നുകൊണ്ട് അയാൾ ഡയറി മറിച്ചുനോക്കി. താൻ ചെയ്യുന്നത് ശരിയല്ലെന്ന ബോധത്തെ ജിജ്ഞാസ മറികടന്നപ്പോൾ അയാൾ വായന തുടങ്ങി.
'ഇന്നെന്‍റെ പിറന്നാളാണ്. പപ്പായ്ക്ക് അത് ഓർമ്മയില്ല. അങ്ങിനെ ഓർമ്മയില്ലാതാക്കിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു, കാരണം എനിക്കത് ആഘോഷിക്കാൻ യാതൊരുദ്ദേശ്യവുമില്ല. സ്‌നേഹിതരില്ലാത്ത ഒരു പെൺകുട്ടി എങ്ങിനെയാണ് ബർത്‌ഡേ ആഘോഷിക്കുക? ആരും വീട്ടിൽ വരാൻ എനിക്കു താല്പര്യമില്ല. സ്‌നേഹിതരെ സ്വീകരിക്കാൻ പറ്റിയ വീടല്ല എന്‍റേത്. ഞാൻ കാര്യങ്ങൾ മനസ്സിലാക്കി വരുന്നു. ദൈവമേ എന്തിനാണ് എനിക്ക് ഇങ്ങിനെ ഒരു ജന്മം തന്നത്?.'
പേജിനു മുകളിൽ തിയ്യതി എഴുതിയിട്ടുണ്ട്. 12.2.1942. ടെസ്സിയ്ക്ക് 14 വയസ്സായിട്ടുണ്ടാകും. അയാൾ പേജു മറിച്ചു. മാസത്തിലൊരിക്കലോ മറ്റോ ആണ് അവൾ ഡയറി എഴുതിയിരുന്നത്. വല്ലാതെ മനസ്സിനു വിഷമമുണ്ടാകുമ്പോൾ മാത്രമായിരിക്കണം അവൾ ഡയറി എഴുതാനെടുക്കുന്നത്.
അടുത്ത ആഴ്ച വീണ്ടും ഡയറി എഴുതിയിരിക്കുന്നു.
'ഒരാളെങ്കിലും എന്‍റെ ജന്മദിനം ഓർത്തല്ലൊ. അതു നന്നായി.'
കഴിഞ്ഞു. പിന്നെ ഡയറി എഴുതുന്നത് രണ്ടു മാസം കഴിഞ്ഞ ശേഷമാണ്.
'ഞാനെന്തിനാണ് ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നത്? കൂട്ടുകാരുടെ കുത്തുവാക്കിനും പപ്പായുടെ അവഗണനയ്ക്കും അപ്പുറത്ത് എന്‍റേതായ ഒരിടമില്ലേ? അവിടെ എനിക്ക് ഒരു സ്വർഗ്ഗം പണിതുകൂടെ? ഒരാളുടെ സ്‌നേഹം പോരെ എന്നെ ഇതിൽനിന്നെല്ലാം രക്ഷപ്പെടുത്താൻ?'
പിന്നെ അടുത്ത മാസം, രമേശൻ തിയ്യതി നോക്കി ഒരു 25നാണ്, ഡയറി വീണ്ടും തുടങ്ങിയിരിക്കുന്നു. ഇപ്രാവശ്യം കൂടുതൽ അടുത്തടുത്തായി, ആഴ്ചയിൽ ഒന്നും രണ്ടു ദിവസം. രമേശൻ വായിക്കാൻ തുടങ്ങി. വല്ലാത്തൊരു കുറിപ്പായിരുന്നു അത്. കൂട്ടുകാരിൽനിന്ന് അവൾക്കു കിട്ടിയ അവഹേളനങ്ങൾ, അവളുടെ സ്വന്തം അഭിലാഷങ്ങൾ ക്രമേണ തകർന്നടിയുന്നത്, എല്ലാം അവൾ കണ്ണീരോടെ എഴുതിയിരിക്കുന്നു. കടലാസ്സിൽ കണ്ണീർ വീണിടത്തെല്ലാം മഷി കലങ്ങി എഴുത്ത് അവ്യക്തമായിരുന്നു.
ഫ്രാങ്ക് വന്നു വിളിച്ചപ്പോൾ രമേശൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഡയറി വായന തുടരാൻ അയാൾക്ക് കഴിഞ്ഞില്ല.
'വരൂ, നമുക്കെന്തെങ്കിലും തിന്നാം.' ഫ്രാങ്ക് വാതിൽക്കൽ വന്നു വിളിച്ചു.
രമേശൻ ഡയറി അടച്ചു പുറത്തേയ്ക്കു കടന്നു.
'നിന്‍റെ മുഖം എന്‍റെ മകളുടെ മുഖംപോലെയുണ്ട്.' ഫ്രാങ്ക് പറഞ്ഞു. 'അവൾക്ക് ദേഷ്യം പിടിച്ചിരിക്കുമ്പോഴത്തെ മുഖം.'
രമേശൻ ഒന്നും പറയാതെ വാഷ് ബേസിനിൽപോയി മുഖം കഴുകി. അയാൾക്ക് എന്തുകൊണ്ടോ ഫ്രാങ്കിനോട് ദേഷ്യം പിടിച്ചിരുന്നു. അയാൾ കുറച്ചു പരുഷമായിത്തന്നെ ചോദിച്ചു.
'എന്താണുണ്ടായത്? അവൾ ആത്മഹത്യ ചെയ്തുവോ?'