ഡോ. മിനി പ്രസാദ്

വെളിച്ചവും ഇരുട്ടും കയറിയിറങ്ങുന്ന ചിത്രം

ഡോ. മിനി പ്രസാദ്

തടാകതീരത്ത് - അറുപതുകളിലെ കൽക്കത്താ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള നോവൽ

ബംഗാൾ മലയാളി വായനക്കാർക്ക് അപരിചിതമായൊരു സ്ഥലമല്ല. ആ സംസ്‌കാരവും ജീവിതരീതികളും തർജ്ജമകളിലൂടെ നാം സ്വായത്തമാക്കിയതാണ്. ഹൗറ പാലവും പദ്മാനദിയും കൽക്കത്ത നഗരത്തിന്റെ തിരക്കുകളും ആ ഗന്ധങ്ങളും ഈ തർജ്ജമകളിലൂടെ നാം സ്വായത്തമാക്കിയതാണ്. കൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ 1960-കളുടെ കാലത്തേയ്ക്ക് നമ്മെ എത്തിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ഇ. ഹരികുമാറിന്റെ 'തടാകതീരത്ത്' എന്ന പുതിയ നോവൽ.

കൽക്കത്തയിലെ ബാലിഗഞ്ചിലെ തടാകത്തിനു ചുറ്റും കാലാവസ്ഥയ്ക്കനുസൃതമായി ജീവിതം പൂക്കുകയും തളിർക്കുകയും ചെയ്യുന്നത് ഈ നോവലിലെ പരോക്ഷ പ്രമേയമാണ്. കേരളത്തിന്റെ ഒരു ഉൾനാടൻ ഗ്രാമാന്തരീത്തിൽ നിന്ന് കൽക്കത്തയിൽ ഉദ്യോഗാർത്ഥമെത്തുന്ന രമേശൻ എന്ന യുവാവിന് പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായമേയുള്ളു. പക്ഷേ, നാട്ടിലുള്ള ഒരു വലിയ കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലുള്ളത് അയാൾ വിസ്മരിക്കുന്നില്ല. പത്താം ക്ലാസ്സു കഴിയുമ്പോൾ പഠിക്കാനുള്ള ആഗ്രഹം കലശലായിരുന്നുവെങ്കിലും കുടുംബഭാരത്തിനു മുമ്പിൽ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവരുന്നു. 1960-കളിൽ കേരളത്തിൽനിന്ന് ഇന്ത്യയുടെ മഹാനഗരങ്ങളിലേയ്ക്ക് കുടുംബത്തെ പോറ്റാനായി പോയ അനേകം ചെറുപ്പക്കാരുടെ പ്രതിനിധിയാണ് രമേശൻ. കർത്തവ്യങ്ങൾ കുനിയിച്ച ചുമലുകളും പുതിയ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും കൂടി സൃഷ്ടിച്ച പുതിയ രമേശന്മാരുടെയോ അരവിന്ദന്മാരുടേയോ പ്രതിനിധി. താൻ ജോലി ചെയ്യുന്നതൊരു കർമ്മം ചെയ്യുക മാത്രമാണ് എന്ന ബോദ്ധ്യമാണ് രമേശനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ജോലി ചെയ്തുകൊണ്ട് പഠിക്കാനയാൾ തീരുമാനിക്കുന്നു. അമർബാബു എന്ന മേലുദ്യോഗസ്ഥന്റെ പ്രോത്സാഹനവും സഹായവും കൊണ്ട് രമേശന് അതിനു കഴിയുന്നുണ്ട്.

ബാലിഗഞ്ചിൽ പുതിയ താമസസ്ഥലത്തെത്തുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു. ആനന്ദമയീദേവി എന്ന മദ്ധ്യവയസ്‌കയോടും അവരുടെ മകളോടും ഒരേ സമയം അയാൾക്ക് അവിഹിതബന്ധങ്ങളുണ്ടാകുന്നു. ആനന്ദമയീദേവി അവരുടെ മരിച്ചുപോയ മകനെ തന്നിലൂടെ കാണാൻ ശ്രമിക്കയാവാം എന്ന് ധാരണകളൊക്കെ വളരെ വേഗം മാറുകയും അവർക്ക് തന്നോടുള്ളത് ശുദ്ധമായ കാമം മാത്രമാണെന്ന് വേഗം തിരിച്ചറിയുകയും ചെയ്യുന്നു. ഓടിയൊളിക്കാൻ ശ്രമിക്കുംതോറും ആ കുരുക്ക് തന്നിലേയ്ക്ക് കൂടുതൽ മുറുകുകയാണെന്ന് ഭീതിയോടും നിസ്സഹായതയോടും അയാൾ തിരിച്ചറിയുന്നുണ്ട്. മായയ്ക്ക് ദുഃഖഭാരങ്ങളിറക്കി വയ്ക്കാനുള്ള ഒരത്താണിയാണ് ആവശ്യം. ഒരു ഡംപിങ് ഗ്രൗണ്ടാകുന്നത് താനിഷ്ടപ്പെടുന്നില്ല എന്നു സ്വയം പറയുമ്പോഴും എന്തിനെന്നറിയാതെ അയാൾ അങ്ങനെയൊക്കെ ആയിത്തീരുന്നു. ശരീരത്തിന്റെ ദാഹത്തിനും തീർപ്പുകൾക്കും മുന്നിൽ ഇത്തരം തീരുമാനങ്ങൾ വഴിമാറിപ്പോകുന്നു.

ഒരു നോവലിനെ സംബന്ധിച്ച് പ്രധാന കഥാപാത്രങ്ങൾ എന്ന് നാം വിശ്വസിക്കുന്ന ഇവരെയൊക്കെ നിഷ്പ്രഭരാക്കുംവിധം ഇതിൽ തിളങ്ങുന്ന കഥാപാത്രം ഒരു കാലത്ത് ആൺവേശ്യയും പിന്നീട് കൂട്ടിക്കൊടുപ്പുകാരനുമായ ഫ്രാങ്ക് എന്ന ആംഗ്ലോ ഇന്ത്യനാണ്. വിചിത്രവും അദ്ഭുതപൂർണ്ണവുമായ ആയാളുടെ പശ്ചാത്തലവും പെരുമാറ്റരീതികളും ജീവിതാനുഭവങ്ങളും നമ്മെ അമ്പരപ്പിക്കുന്നു. പകൽ മാന്യതയോ മുഖംമൂടികളോ ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന ഈ കൂട്ടിക്കൊടുപ്പുകാരൻ തന്നെ ശുദ്ധീകരിക്കുന്നതായി രമേശനറിയുന്നുണ്ട്. ഫ്രാങ്കിന് ഒരു മകനോടുള്ള സ്‌നേഹവും കരുതലും അതിരറ്റ വാത്സല്യവും രമേശനോടുണ്ട്. അയാളുടെ സഹോദരിയുടെ വിവാഹത്തിനായി ഏല്പിക്കുന്ന സമ്മാനം ഈ കരുതൽ വ്യക്തമാക്കുന്നുണ്ട്. 1960-കളുടെ പശ്ചാത്തലത്തിൽ ഒരു നോവൽ, സാഹചര്യങ്ങളും സാഹിത്യസങ്കല്പങ്ങളും മാറിമറിഞ്ഞു കഴിഞ്ഞ ഇപ്പോഴെഴുതുമ്പോൾ നേരിട്ട വെല്ലുവിളി ആ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരിക്കും. അന്ന് ഇന്ത്യയിലെ ചെറുപ്പക്കാരുടെ ഹരമായിരുന്ന പെയിന്റിങ്ങുകളുടെയും സംഗീതാഭിരുചികളുടെയും സൂചനകളിലൂടെ ഭാഷാപ്രയോഗങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയാണ് ഈ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുന്നത്. പുതിയ മുറിയിലെത്തുമ്പോൾ തൂക്കാനായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വൈരുദ്ധ്യം അയാളെ ആദ്യം ചിരിപ്പിക്കുന്നുണ്ടെങ്കിലും ഈ നോവലിന്റെ ആധാരശില ഈ വൈരുദ്ധ്യമാണ്. വെളിച്ചവും ഇരുട്ടും ദാലിയുടെ പെയിന്റിങ്ങിലൂടെ കയറിയിറങ്ങുന്നത് രമേശന്റെ മാനസികാവസ്ഥയോട് ചേർന്നുവരുന്നു.

സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമാണ് മനുഷ്യൻ എന്നും. ഇരയാവാൻ വിധിക്കപ്പെട്ടവരാണ് എല്ലാ മനുഷ്യരും എന്നാണ് ഈ നോവലിലെ ഓരോ കഥാപാത്രവും തെളിയിക്കുന്നത്. ഇതൊരു സാമാന്യപ്രസ്താവനയിലുപരി അനുഭവമായി മാറുന്നുമുണ്ട് ഈ നോവലിൽ.

സമകാലിക മലയാളം ആഴ്ചപ്പതിപ്പ് - 2005 സെപ്റ്റംബര്‍

ഡോ. മിനി പ്രസാദ്

അനുബന്ധ വായനയ്ക്ക്