|| Novel

തടാകതീരത്ത്

ഇ ഹരികുമാര്‍

അദ്ധ്യായം 19

'നീയെന്നെ ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്നു.' അമർ ചാറ്റർജി പറഞ്ഞു. 'എങ്ങിനെയാണ് ഇങ്ങിനെയൊരു ക്യാരക്ടറിനെ പരിചയപ്പെട്ടത്?'

അയാളുടെ മേശപ്പുറത്തു നിറയെ ടെണ്ടർപേപ്പറുകളായിരുന്നു. ഡിഫൻസ് ടെണ്ടറുകൾ. അതിർത്തിയിൽ സംഘർഷം മുറുകിയാൽ ഡിഫൻസ് പ്രൊഡക്ഷനും വർദ്ധിക്കുന്നു. സ്മാൾ ആംസ് ഫാക്ടറികൾ, കോർഡൈറ്റ് ഫാക്ടറി, റൈഫ്ൾ ഫാക്ടറി. ഇവയെല്ലാം ആയുധനിർമ്മാണത്തിന്‍റെ മുന്നോടിയായി യന്ത്രങ്ങൾ അന്വേഷിക്കുന്നു. കമ്പനി ഈ അവസരത്തിലാണ് സ്വന്തം ഏജൻസിയിലുള്ള യന്ത്രങ്ങൾ പരിചയപ്പെടുത്തുന്നത്. അതിന്‍റെ ഫലമായി അതേ യന്ത്രങ്ങൾക്കുള്ള ടെണ്ടറുകൾ വിളിക്കപ്പെടുന്നു. പകുതി ജോലിയും കഴിഞ്ഞു എന്നർത്ഥം. പിന്നെ ടെണ്ടറുകൾ വിളിക്കുമ്പോൾ ക്വൊട്ടേഷൻ കൊടുക്കുകയേ വേണ്ടു. ഓർഡറുകൾ അനായാസേന വന്നുചേരുന്നു. അഞ്ചു കൊല്ലം മുമ്പുവരെ കമ്പനി സായ്‌വിന്‍റെതായിരുന്നു. അന്നുണ്ടാക്കിവച്ച ഗുഡ്‌വിൽ ഇന്നും നിലനിൽക്കുന്നതു കൊണ്ട് കമ്പനി വാങ്ങിയ മാർവാഡിയുടെ ജോലി എളുപ്പമാണ്.

'ഒരു നല്ല മനുഷ്യനാണ് ഫ്രാങ്ക്' രമേശൻ പറഞ്ഞു. 'പരിതസ്ഥിതികൾ അയാളെ ഇങ്ങിനെ ഒരു ജീവിതത്തിലെത്തിക്കുകയാണ് ചെയ്തത്.'

'അല്ല, നീ ഇങ്ങിനെ ഒരാളെ പരിചയക്കാരനാക്കി വയ്ക്കുക എന്നത് എനിക്കോർക്കാനുംകൂടി കഴിയുന്നില്ല. അതു നിന്‍റെ സ്വഭാവത്തിന് യോജിച്ചതേയല്ല.'

'അതിലെന്തിരിക്കുന്നു. ഞാനും അയാളും തമ്മിലുള്ള ബന്ധം ബിസിനസ്സിന്‍റെതല്ല. ഞങ്ങൾ തമ്മിൽ യാതൊരു ബിസിനസ്സ് ബന്ധവുമില്ല.'

'തീർച്ചയാണോ? നീ അയാളുടെ ഒരു ക്ലൈയന്‍റല്ലെന്ന് തീർച്ചയാണോ?'

'തീർച്ച. അയാൾ എന്‍റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു, ഞാനയാളുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരനുമാണ്. അങ്ങിനെ ഒരു ഇരുവഴി സംവിധാനം.'

അമർ ബാബു കുറച്ചുനേരം ഒന്നും പറഞ്ഞില്ല. അയാൾ എന്തോ ആലോചിക്കുകയായിരുന്നു. ഒരുപക്ഷേ തലേന്നു രാത്രിയിലെ കാര്യങ്ങളായിരിക്കണം. അയാളും ചെറുപ്പക്കാരനും കൂടി കാറിൽ കയറി പോയത് താൻ കണ്ടുവെന്ന് അമർ ബാബുവിന് അറിയില്ല. ചില കാര്യങ്ങൾ അങ്ങിനെ രഹസ്യമായി ഇരിക്കട്ടെ. താനെന്തിന് അയാൾക്ക് വല്ലായ്മയുണ്ടാക്കുന്നു? ഇതു രണ്ടാമത്തെ തവണയാണ് അമർ ബാബുവിന്‍റെ രഹസ്യം താൻ മനസ്സിലാക്കുന്നത്. ഒരിക്കൽ അയാളുടെ ഫ്‌ളാറ്റിൽ പോയപ്പോൾ, പിന്നെ ഇന്നലെ. ഓരോരുത്തർക്ക് ഓരോ ദൗർബ്ബല്യങ്ങൾ. താൻ ചെയ്യുന്നതോ? പുറത്തുനിന്ന് മറ്റൊരാളായി അതു നോക്കിക്കാണുമ്പോൾ അറിയുന്നു, ലോകം അംഗീകരിക്കാത്ത ഒരു ബന്ധമാണ് തനിക്ക് ആനന്ദമയീദേവിയുമായുള്ളത്. അതിൽനിന്ന് ഊരിച്ചാടാൻ ശ്രമിക്കുംതോറും താൻ അവരോട് കൂടുതൽ കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. ഒരു മാറ്റം വേണമെന്ന് ഇടയ്ക്കു തോന്നുന്നു. മദ്രാസിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയാൽ നന്നായിരുന്നുവെന്ന് തോന്നും. പ്രൊമോഷനാണെന്നു മാത്രമല്ല, ഈ രണ്ടു ബന്ധങ്ങളിൽനിന്നും ഊരിച്ചാടുകയും ചെയ്യാമല്ലൊ. ഉടനെത്തന്നെ മനസ്സു പറയുന്നു. നിനക്ക് ഈ രണ്ടു ബന്ധങ്ങളും ആവശ്യമില്ലേ? അവർ തരുന്ന സ്‌നേഹം ആവശ്യമില്ലേ? മായയുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ താൻ ഖേദിക്കുമെന്ന് തോന്നുന്നില്ല. അറിയില്ല. നഷ്ടപ്പെടുമ്പോഴെ അതിന്‍റെ വില മനസ്സിലാവൂ. പക്ഷേ ആനന്ദമയീദേവിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനെപ്പറ്റി ആലോചിക്കുമ്പോഴേ വിഷമമാകുന്നു. വരാൻ പോകുന്ന മാസങ്ങളിൽ താൻ കഷ്ടപ്പെടുമെന്നുതന്നെയാണ് തോന്നുന്നത്. കാരണം ആറു മാസത്തിനകം മദ്രാസിൽ ബ്രാഞ്ചു തുറക്കുമെന്നാണ് കേൾക്കുന്നത്. അമർ ചാറ്റർജിയെയാണ് അവിടത്തെ മാനേജരായി പറഞ്ഞയക്കാൻ പോകുന്നത്, പിന്നെ രമേശനെ സേയ്ൽസ് എഞ്ചിനീയറായും. അവിടെ പോയ ശേഷം അത്യാവശ്യമുള്ള സ്റ്റാഫിനെ നിയമിക്കും.

'എത്ര പെട്ടെന്നാണ് കാലാവസ്ഥ മാറിയത് അല്ലെ?' മായ പറഞ്ഞു. അവൾ ചുറ്റുമുള്ള തിരക്ക് ശ്രദ്ധിക്കുകയായിരുന്നു. 'ഒരു മാസം മുമ്പ് വരെ എത്ര കുറച്ച് ആൾക്കാരെ ഉണ്ടായിരുന്നുള്ളു. ഉള്ളവർതന്നെ സ്വെറ്റർ ധരിച്ച്, ഷാൾ പുതച്ച് നടക്കുകയായിരുന്നു.'

'നീ ലെയ്ക്കിൽ വന്നത് കാലാവസ്ഥ പ്രവചനത്തിനാണോ?' രമേശൻ ചോദിച്ചു.

അവൾ പറഞ്ഞത് ശരിയാണ്. നമ്മൾ ശ്രദ്ധിക്കാതിരുന്ന ഒരു നിമിഷത്തിൽ മാറ്റമുണ്ടാവുന്നു. കുറെക്കാലത്തിനുശേഷം തടാകത്തിൽ നടക്കാൻ വരുമ്പോൾ പൂത്തു നിൽക്കുന്ന മരങ്ങൾ കാണുമ്പോൾ വീണ്ടും തടാകം ഓർക്കുന്നു. പിന്നെ തടാകത്തിലേയ്ക്കുള്ള തിരക്ക് തുടങ്ങുകയായി.

'വേറെ എന്താണ് പറയേണ്ടത്?'

മായ ചോദിച്ചു. അവളുടെ ചോദ്യത്തിൽ അടുപ്പമുണ്ടായിരുന്നു. അവളുടെ വലിയ കണ്ണുകൾ അയാളുടെ മനസ്സിലേയ്ക്ക് എത്തിനോക്കുകയാണ്. തനിക്ക് ഈ കുട്ടിയെ സ്‌നേഹിക്കാൻ കഴിയാത്തതെന്താണെന്ന് രമേശൻ വീണ്ടും ഓർത്തു. അയാൾ ചോദിച്ചു.

'ഞാനൊരു കാര്യം ചോദിക്കട്ടെ?'

'കാര്യം പറയൂ.'

'എനിക്ക് ട്രാൻസ്ഫറായി എന്നു വിചാരിക്കൂ. ഞാൻ പോയാൽ നിനക്ക് വിഷമമാകുമോ?'

മായയുടെ മുഖം പെട്ടെന്ന് മങ്ങി, ഒരു നിമിഷത്തേയ്ക്കു മാത്രം. അവൾ വീണ്ടും പഴയ മട്ടിലായി.

'ഞാൻ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല. എന്നെ സംബന്ധിച്ചേടത്തോളം ഇന്ന് മാത്രമേയുള്ളൂ. ഇന്നലെകൾ ആലോചിക്കാൻ പറ്റാത്ത വിധം തിക്തമാണ്. നാളെകൾ ഏതെങ്കിലും തരത്തിൽ മെച്ചമാവുമെന്ന പ്രതീക്ഷയുമില്ല. നിന്‍റെ ഒപ്പം നടക്കുമ്പോൾ നിന്നെ സ്‌നേഹിക്കുമ്പോൾ, പ്രത്യേകിച്ച് നിന്‍റെ കൈവലയത്തിൽ കിടക്കുമ്പോൾ, ഞാൻ വളരെ സന്തോഷമനുഭവിക്കുന്നു. വളരെ ക്ഷണികമാണതെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഞാനത് ആസ്വദിക്കുന്നു.'

'ഞാൻ പോയാൽ?'

'ഒരു നല്ല സ്വപ്നം കഴിഞ്ഞുവെന്ന് കരുതും. കാളരാത്രിയിലെ ദുഃസ്വപ്നങ്ങൾക്കിടയിൽ ഒരു നല്ല സ്വപ്നം.'

സ്‌നേഹം എന്നത് ഒരു വല്ലാത്ത വികാരമാണെന്ന് രമേശൻ ഓർത്തു. മുങ്ങാൻ പോകുന്ന ഒരു വ്യക്തിയ്ക്ക് രക്ഷപ്പെടാനുള്ള കയർ ഇട്ടുകൊടുക്കുകയാണ്. അവർ അതിന്മേൽ മുറുകെ പിടിക്കുന്നു. പിന്നെ അതു വലിച്ചെടുക്കുകയേ നിവൃത്തിയുള്ള. പകുതിക്കു വച്ച് വിടാൻ കഴിയില്ല. വിടുക എന്നത് ആശ കൊടുത്ത് തട്ടിനീക്കലാണ്. അവരെ നൈരാശ്യത്തിന്‍റെ അഗാധ ഗർത്തത്തിൽ ആഴുവാൻ വിടുകയാണ്.

അവൾ തലതാഴ്ത്തിയിരിക്കയാണ്. നിലത്ത് പടർന്നുപിടിച്ച പുല്ലുകൾ ഉണങ്ങിത്തുടങ്ങിയിരുന്നു. ഇനി വല്ലപ്പോഴും കിട്ടുന്ന മഴയിൽ അവ വീണ്ടും തളിർക്കുന്നു, വീണ്ടും വാടാൻ, ഉണങ്ങാൻ. പിന്നെ വീണ്ടും മഴ പെയ്യുമ്പോൾ......

'ഞാൻ നിന്നെ വേദനിപ്പിച്ചോ?' രമേശൻ ചോദിച്ചു.

അവൾ തലയുയർത്തി. കണ്ണുകൾ ഈറനായിരിക്കുന്നു. അവൾ രമേശന്‍റെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് ചോദിച്ചു.

'നീ ശരിക്കും മാറ്റമായി പോവ്വാണോ?'

'എന്‍റെ കാര്യം ഒന്നും തീർച്ചയില്ല.'

'നീ പോവ്വാണെങ്കിൽ ഞാനും വരട്ടെ?' അവൾ നിർത്തി, വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം പറയാൻ തുടങ്ങി. 'അല്ലെങ്കിൽ വേണ്ട, ഞാൻ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. അതു ശരിയാവില്ല. ഞാൻ ഒന്നും പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്.'

രമേശന് വല്ലാതെ വിഷമമായി. പോകുന്നതിനെപ്പറ്റി ഇപ്പോൾ സൂചിപ്പിക്കേണ്ടിയിരുന്നില്ല. പക്ഷേ ആറു മാസം, അല്ലെങ്കിൽ അതിലും നേർത്തെ ഉണ്ടാകുന്ന ഒരു കാര്യമാണ്. കണ്ണിമയ്ക്കുന്ന സമയത്തിനുള്ളിൽ അതുണ്ടാകും. മായയെയും ആനന്ദമയീദേവിയെയും വിട്ടുപോകാൻ താൻ തയ്യാറാണോ എന്നതാണ് ഇപ്പോൾ തന്നെ അലട്ടുന്നത്. സ്വന്തം ജീവിതത്തിൽ താൻതന്നെ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് രമേശന് മനസ്സിലായി. ഇനി ആനന്ദമയീദേവിയുടെ പ്രതികരണം എന്താവുമെന്ന് പറയാൻ പറ്റില്ല.

കുറച്ചു നേരം മിണ്ടാതിരുന്നശേഷം അവൾ ചോദിച്ചു.

'നിങ്ങൾ പുതിയ ഓഫീസ് തുറക്കുകയാണോ?'

'അതെ. എന്‍റെ ഇവിടുത്തെ ബോസ്സായിരിക്കും അവിടെ മാനേജർ. പിന്നെ ഞാനും. അധികം സ്റ്റാഫ് ഒന്നും ഉണ്ടാവില്ല.'

'ഒരു ടൈപ്പിസ്റ്റ് വേണ്ടി വരില്ലേ?'

'വേണ്ടി വരും.'

'എനിക്ക് ആ ജോലി തര്വോ?'

'നിനക്ക് ടൈപ്‌റൈറ്റിങ് അറിയോ?'

'അറിയാം.....'

'മിക്കവാറും ഒരു സ്റ്റെനോ ആയിരിക്കും വേണ്ടി വരിക.'

'സ്റ്റെനോഗ്രാഫി പഠിക്കാൻ വലിയ വിഷമമൊന്നും ഇല്ല്യ.'

'ഷോർട്ഹാന്‍റ്?'

'അതെ, അതുതന്നെ.'

'നിനക്കു വട്ടാണ്.'

അയാൾ എഴുന്നേറ്റു. ഈ വക സംസാരം അപകടകരമാണ്. മദ്രാസിലേയ്ക്കു പോകുക എന്ന സങ്കൽപ്പം അവളുടെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞാൽ വിഷമമാണ്.

'ഞാൻ നടക്കാൻ പോകുന്നു. നീ പോവുകയല്ലേ?'

'അതെ. പിന്നെ ഒരു കാര്യം. ഇന്ന് വാതിൽ കുറ്റിയിടരുത്. ഞാൻ ഇന്ന് നിന്‍റെ ഒപ്പമാണ് കിടക്കുന്നത്?'

'എന്റെ ഒപ്പമോ?' അയാൾ പേടിച്ചു. പെണ്ണ് എന്തിന്റെ ഒരുക്കമാണ്?

'അതെ. ഇന്ന് അമ്മ ഉണ്ടാവില്ല. ശ്വൊശുർ ഘൊർ ജാവേ.' അമ്മ ശ്വശുരഗൃഹത്തിൽ പോകുന്നു.

'ഓ, മാ.' അയാൾ ശരിക്കും ദൈവത്തെ വിളിച്ചുപോയി. ആ വിളി അവളെ രസിപ്പിച്ചുവെന്നു തോന്നുന്നു. അവൾ ചിരിച്ചു. അതുവരെയുണ്ടായിരുന്ന സംഘർഷമെല്ലാം അവളുടെ മുഖത്തു നിന്ന് നീങ്ങി.

'നീ തമാശ പറയ്യാണോ? അപ്പോൾ രേണു ഉണ്ടാവില്ലെ?' രമേശൻ ചോദിച്ചു.

'രേണുവോ? അവൾ നേരത്തെ ഉറങ്ങും. മാത്രമല്ല, ഞാൻ താഴത്ത് അമ്മയുടെ മുറിയിലാണ് കിടക്കുക എന്നു പറയും. അമ്മയില്ലാത്തതല്ലെ? അതുകൊണ്ട് കുഴപ്പമാന്നുമില്ല. എന്താ നിനക്ക് ഭയമുണ്ടോ?' അവൾ ചിരിക്കുകയാണ്. രമേശന് അത്ര തമാശ തോന്നിയില്ല. ഈ പെണ്ണ് വല്ലാത്തൊരു സാധനം തന്നെ.

അയാൾ നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ മായ അവിടെത്തന്നെ നിൽക്കുകയാണ്. കൂടെ നിൽക്കുന്നത് രേണുവാണെന്ന് അയാൾക്കു മനസ്സിലായി. അവൾ ചുറ്റുവട്ടത്ത് എവിടെയോ ഒക്കെ ഉണ്ടായിരുന്നുവെന്നും, ഇതെല്ലാം ചേച്ചിയും അനുജത്തിയും കൂടിയുള്ള ഒരൊത്തു കളിയാണെന്നും രമേശന് തോന്നി. അങ്ങിനെയാണെങ്കിൽ ഇന്നു രാത്രി മുറിയിൽ വരാമെന്നു പറഞ്ഞതും രേണുവിന്‍റെ മൗനസമ്മതത്തോടെ ആയിരിക്കുമോ? അങ്ങിനെയൊരു സാദ്ധ്യതയെക്കുറിച്ച് ആലോചിച്ചപ്പോൾ രമേശൻ അസ്വസ്ഥനായി.

അയാൾ വേഗം നടത്തം നിർത്തി, ഹോട്ടലിലേയ്ക്ക് പോയി. ഊണ് മോശമായിരുന്നു. ചില ദിവസങ്ങളിൽ അങ്ങിനെയാണ്. വളരെ മോശമായിരിക്കും. ഒരിക്കൽ ചോദിച്ചപ്പോൾ മനസ്സിലായി എണ്ണമയമുള്ള ഒരു തോർത്തുമുണ്ടുടുത്ത് മറ്റൊരു തോർത്ത് തോളത്തിട്ട് ഇടയ്ക്ക് ഹാളിൽ വന്ന് ഭക്ഷണം ഇഷ്ടപ്പെട്ടുവോ എന്നന്വേഷിക്കുന്ന സ്ഥിരം പാചകക്കാരൻ അസുഖമായി കിടക്കുകയാണെന്ന്. എങ്ങിനെയോ ഭക്ഷണം അകത്താക്കി അയാൾ മുറിയിലേയ്ക്കു തിരിച്ചു.

രമേശൻ കുളി കഴിഞ്ഞ് കുറേ നേരം മുറിക്കു പുറത്ത് വരാന്തയിൽ നിന്നു. ആനന്ദമയീദേവിയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയാണ്. അടുക്കളയിലും വെളിച്ചമില്ല. വാതിൽ ചാരിയിട്ടേയുള്ളൂ. ഒരുപക്ഷേ അത് ഒരിക്കലും മുഴുവൻ അടച്ചു കുറ്റിയിടാറുണ്ടാവില്ല. പ്രൊഫസറുടെ മുറിയിൽ വെളിച്ചമുണ്ട്. ജനലിന്‍റെ നാലു പാളികളിൽ മുകളിലത്തെ രെണ്ടണ്ണം ഇരുവശത്തേയ്ക്കും കാണാത്ത ചില്ലാണ്. ടെറസ്സിൽ വെളിച്ചമുണ്ട്. രമേശൻ ഏന്തി നോക്കി. ഒന്നും കാണുന്നില്ല. ഒരുപക്ഷേ രാത്രി മായ വരുമെന്നു പറഞ്ഞത് വെറുതെയായിരിക്കും. അയാൾ അകത്തു കടന്നു വാതിലടച്ചു. കുറ്റിയിട്ടില്ല; അഥവാ മായ വരുമെന്ന് ശരിക്കും പറഞ്ഞതാണെങ്കിലോ.

പകൽ ഉഷ്ണമുണ്ടെങ്കിലും രാത്രികൾ അപ്പോഴും തണുത്തു സുഖകരമായിരുന്നു. ഏതാനും ദിവസങ്ങൾ കൂടി അങ്ങിനെയായിരിക്കും. പിന്നെ ചൂടു തന്നെ, രാപ്പകൽ ഉഷ്ണം. അയാൾ പുതപ്പെടുത്തു പുതച്ചു കിടന്നു, പെട്ടെന്ന് ഉറങ്ങിപ്പോവുകയും ചെയ്തു.

ആരോ വന്ന് പുതപ്പ് മാറ്റുകയാണ്. നഗ്നമായ ഒരു ദേഹം തന്‍റെ ദേഹത്തോടു കൂടിച്ചേരുന്നു. രമേശൻ ഉറക്കത്തിൽത്തെന്നയായിരുന്നു. കണ്ണിന്‍റെ പോളകൾ കനത്ത് തുറക്കാൻ പറ്റുന്നില്ല. ഒരു സുഖാനുഭൂതി ഇ്രന്ദിയങ്ങളെ തഴുകുന്നു. അയാൾ വിളിച്ചു. 'ദീദീ....'

ആരോ തന്നെ കുലുക്കി വിളിക്കുന്നു. രമേശൻ സാവധാനത്തിൽ കണ്ണുകൾ തുറന്നു.

'നീയെന്താണ് എന്നെ ദീദിയെന്നു വിളിക്കണത്?' ഒരു മധുരസ്വരം ചോദിക്കുകയാണ്.

രമേശൻ ഞെട്ടിയുണർന്നു.

മായ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കയാണ്. അവളുടെ നഗ്നമേനിയിൽ ജനലിലൂടെ വന്ന വെളിച്ചം അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു. അയാളിൽ പെട്ടെന്ന് ആസക്തി നിറഞ്ഞു. അയാൾ അവളെ തന്നിലേയ്ക്കടുപ്പിച്ചു. അയാളുടെ കൈകൾ കുറച്ചു ബലത്തോടെ മാറ്റിക്കൊണ്ട്‌ മായ ചോദിച്ചു.

'പറയ്, ആരാണ് ദീദി?'

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ ദീപിക വാരാന്ത്യപ്പതിപ്പില്‍ (2004) തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 26

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2005)