ഇ ഹരികുമാര്‍
ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല എന്ന് അഞ്ജലി മനസ്സിലാക്കി. രാത്രിതന്നെ അങ്ങിനെയാണ്. ഉച്ചയ്ക്ക് രണ്ടായിരം പേരുടെ ഇടയിൽ ഒറ്റയ്ക്കാവുന്നത് സഹിക്കാൻ പറ്റുന്നില്ല. കാന്റീനിൽ പോയി കഴിക്കാമായിരിക്കും. പക്ഷേ തന്റെ ഈ സദ്യ ആരും പ്രത്യേകിച്ച് സുഭാഷ് കാണുന്നതവൾ ഇഷ്ടപ്പെട്ടില്ല. താഴെ കാന്റീനിൽ ഇപ്പോൾ തിരക്കായിരിക്കും. സുഭാഷ് ഒറ്റയ്ക്ക് ഏതെങ്കിലും മേശയ്ക്കരികെ ഇരുന്ന് നിശ്ശബ്ദനായി ഭക്ഷണം കഴിക്കുന്നുണ്ടാവും. അയാൾക്കെതിരെ ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ? പെൺകുട്ടി?
അവൾ ഊണു നിർത്തി. വയ്യ ഈ ഉണക്കച്ചോറും തണുത്ത സാമ്പാറും കൂട്ടിയുള്ള ഊണ്. നാളെ മുതൽ കാന്റീനിൽത്തന്നെ പോകണം. തനിക്ക് നാവിന് നിയന്ത്രണമുണ്ടാവുകയാണ് വേണ്ടത്. വിശപ്പ് കഷ്ടിച്ചു മാറാനുള്ള ഭക്ഷണം മാത്രം എടുക്കുക. പ്രലോഭനങ്ങളിൽനിന്ന് നടന്നുമാറുക. യാഥാർത്ഥ്യങ്ങളിൽനിന്ന് ഓടിപ്പോവുകയല്ല വേണ്ടത്, അഭിമുഖീകരിക്കുകയാണ്. ഇത്തരം ഉയർന്ന ചിന്തകൾ തന്റെ വയർ നിറയ്ക്കുന്നില്ലെന്ന് അഞ്ജലി മനസ്സിലാക്കി. വയറ്റിന്റെ അടിയിൽനിന്ന് ഒരു വിയോജനക്കുറിപ്പ് പൊന്തിവരികയാണ്. എന്തു വന്നാലും ഇന്നിനി കാന്റീനിൽ പോകുന്ന പ്രശ്‌നമേയില്ല. അവൾ ഇന്റർനെറ്റിൽ മട്രിമോണിയലിൽ പരതാൻ തുടങ്ങി.
പെൺകുട്ടികൾക്കു വേണ്ടിയാണവൾ നോക്കിയിരുന്നത്. ഒരു നാലഞ്ചു പ്രൊപ്പോസലുകളെങ്കിലും കണ്ടുപിടിച്ചു കൊടുക്കണം. എന്താണ് സുഭാഷിന്റെ മനസ്സിൽ. അയാൾ സ്വന്തം മനസ്സിനു മുമ്പിൽ ഒരു മറയിടുകയാണ്. തനിക്കതു മാറ്റിനോക്കാൻ പറ്റുന്നില്ല. ഇന്റർനെറ്റിൽ ധാരാളം പെൺകുട്ടികളുണ്ട്. ഒരുമാതിരി എല്ലാവരും സുന്ദരികളാണ്. വെരി ഫെയർ എന്നാണ് എഴുതിയിരിക്കുന്നത്. അവരുടെ ഫോട്ടോ കണ്ടാൽ അറിയാൻ കഴിയും. ഭംഗിയുള്ള മുഖങ്ങൾ. നല്ല ജോലി. അധികവും ഐ.ടി.യിൽത്തന്നെ. ഇതിൽ ബാംഗളൂരിൽ ജോലിയുള്ളവർ തന്നെ ധാരാളമുണ്ട്. അര മണിക്കൂർ പരതിയശേഷം അഞ്ചു പ്രൊപ്പോസലുകൾ അവൾ എടുത്തുവച്ചു. അതെല്ലാം ഇ-മെയ്‌ലായി സുഭാഷിന് അയച്ചുകൊടുത്തു. താല്പര്യമുണ്ടെങ്കിൽ നോക്കിക്കോട്ടെ. അവൾക്ക് പെട്ടെന്ന് ദേഷ്യം പിടിച്ചു.
നെറ്റ്‌വർക്കിൽ സുഭാഷിന്റെ സന്ദേശം ഓരോ വാക്കുകളായി വന്നു.
'ലഞ്ച് വാസ് ഗുഡ്, എക്‌സെപ്റ്റ് ദാറ്റ് ഐ വാസ് മിസ്സിങ് എ ഗുർമെ.'
'ഇങ്ങിനെ വിഷമ സന്ധികളിൽ എന്നെ ഓർത്തതിനു നന്ദി. കമല പാക്ക് ചെയ്തു തരുന്ന ലഞ്ച് കൊണ്ടുവന്നാൽ തടി കുറയുന്നതിനു പകരം ഞാൻ ഹോസ്പിറ്റലിൽ എത്തുകയാണുണ്ടാവുക.'
'എന്തു പറ്റീ?'
'ഇറ്റ് വാസ് ലൗസി. ഞാനത് കച്ചറഡബ്ബയിൽ കൊണ്ടുപോയി തട്ടി.'
'ഹൗ സാഡ്......'
'നാളെ മുതൽ ഒരു പരിചയമുള്ള സുന്ദരിയുടെ മുഖം കാന്റീനിൽ വീണ്ടും കാണും.'
'ആരാണത്?'
'എന്നെ ദേഷ്യം പിടിപ്പിക്കണ്ട. ഞാൻ അഞ്ചു പ്രൊപ്പോസലുകൾ സുഭാഷിന് ഇ-മെയിലായി അയച്ചിട്ടുണ്ട്. എന്റെ വിശന്ന അര മണിക്കൂർ ചെലവാക്കിയാണ് ഞാൻ അതെല്ലാം ഫിൽട്ടർ ചെയ്‌തെടുത്തത്. സൗകര്യമുള്ളപ്പോൾ നോക്കു.'
'ഇന്നു രാത്രി നോക്കാം. ഇന്ന് ടെലികോൺഫറൻസുള്ള ദിവസമാണ്. എത്ര മണിയ്ക്ക് വീട്ടിലെത്തുമെന്ന് പറയാൻ പറ്റില്ല. എന്തായാലും നോക്കാം. നന്ദി.'
രാത്രി വീട്ടിലെത്തിയപ്പോൾ പത്തര മണിയായി. ജോസഫ് ഭക്ഷണം കഴിച്ചിരുന്നു. സുഭാഷ് ഒരു പ്ലെയ്റ്റിൽ ചോറും കറികളും വിളമ്പിയെടുത്തു കമ്പ്യൂട്ടറിനു മുമ്പിൽ പോയി ഇരുന്നു. കളിക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത് അഞ്ജലി അയച്ചെന്നു പറഞ്ഞ മെയ്ൽ. ദൈവമേ അതു നോക്കാഞ്ഞാൽ ആ പെണ്ണ് എന്നെ ജീവനോടെ വിടില്ല.
അയാൾ പ്രൊപ്പോസലുകൾ ഡൗൺലോഡ് ചെയ്തു. എല്ലാം നല്ല കുട്ടികൾ. സുന്ദരികൾ, ബാംഗളൂരിൽ ഐ.ടി. രംഗത്തുതന്നെ ജോലി. പാവം, നൂറു കണക്കിന് പ്രൊഫൈലുകളിൽനിന്ന് ഈ അഞ്ചെണ്ണം മാത്രം തെരഞ്ഞെടുക്കാൻ നല്ലവണ്ണം അദ്ധ്വാനിച്ചിട്ടുണ്ടാവണം. ഇനി ഈ അഞ്ചെണ്ണത്തിൽനിന്ന് താൻ രണ്ടെണ്ണമെങ്കിലും തിരഞ്ഞടുത്ത് അവർക്ക് ഇ-മെയ്‌ലയക്കണം. നോക്കട്ടെ. അയാൾ ജോസഫിനെ വിളിച്ചു. അവൻ കമ്പ്യൂട്ടറിൽ പോസ് വെച്ച് എഴുന്നേറ്റുവന്നു. സ്‌ക്രീനിൽ സുന്ദരികളുടെ ഫോട്ടോ കണ്ടപ്പോൾ അവന് താല്പര്യം വന്നു.
'ഇതെല്ലാം എവിടെനിന്ന് ഒപ്പിച്ചെടുത്തു?'
'ഒപ്പിച്ചെടുക്കുകയോ? നല്ല കോളായി. ഇതെല്ലാം മട്രിമോണിയലിൽ വന്നവരാണ്? ഇതിൽ ഏതെങ്കിലും രണ്ടെണ്ണത്തിനെ തെരഞ്ഞടുക്കാൻ നീയെന്നെ സഹായിക്കണം.'
'നീ എപ്പോഴാണ് ഇതൊക്കെ ഡൗൺലോഡ് ചെയ്തത്?'
'ഇതെല്ലാം എന്റെ മാര്യേജ് കൺസൾട്ടന്റ് നൂറുകണക്കിന് പ്രൊപ്പോസലുകള് പഠിച്ച് ഫിൽട്ടർ ചെയ്തുതന്നതാണ്.'
'ആരാണയാൾ? ആരായാലും നല്ല ടേയ്സ്റ്റുണ്ട്.'
'അഞ്ജലി.'
'അഞ്ജലി?'
'അതെ, അവളാണ് എന്റെ മാര്യേജ് കൺസൾട്ടന്റ്.'
അവൾക്ക് വട്ടാണെന്ന മട്ടിൽ ജോസഫ് ഒരാംഗ്യം കാണിച്ചു. രണ്ടുപേരും കൂടി ഇരുന്ന് രണ്ടു പെൺകുട്ടികളെ തെരഞ്ഞെടുത്തു. ഒന്ന് തൃശ്ശൂർകാരി ആതിര, മറ്റേത് കോഴിക്കോട്ടുകാരി വന്ദന. പേരുകളും കുഴപ്പമില്ല. അവർക്ക് രണ്ടുപേർക്കും ഇ-മെയ്‌ലയക്കുകയും ചെയ്തു. ഇ-മെയ്‌ലിൽ സുഭാഷിന്റെ രജിസ്റ്റ്രേഷൻ ഐ.ഡി. കൊടുക്കുക മാത്രമേ വേണ്ടിയിരുന്നുളളു. താല്പര്യമുണ്ടെങ്കിൽ സമീപിക്കുക.
രണ്ടുപേർക്കും താല്പര്യമുണ്ടായിരുന്നു. നല്ലൊരുറക്കത്തിനു ശേഷം രാവിലെ കമ്പ്യൂട്ടർ തുറന്ന് ഇ-മെയ്ൽ നോക്കിയപ്പോൾ രണ്ടുപേരുടെയും മറുപടി വന്നുകിടക്കുന്നു. താല്പര്യമുണ്ട്. നിങ്ങളുടെ ഓഫീസിന്റെ പേരും മറ്റു വിവരങ്ങളും അറിയിക്കു. കഴിയുമെങ്കിൽ ഫോൺ നമ്പർ തരിക. അല്ലെങ്കിൽ തിരിച്ച് ഫോൺ ചെയ്യു. ആതിര അവളെ സംബന്ധിച്ച എല്ലാ വിവരങ്ങളും തന്നിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനി, അവർ പറഞ്ഞയച്ച് സ്റ്റേറ്റ്‌സിൽ ആറു മാസത്തെ പരിശിലനത്തിനു പോയ കാര്യം, അവളുടെ താല്പര്യങ്ങൾ തുടങ്ങിയവ. സംഗീതത്തിലും വായനയിലുമാണ് താല്പര്യം. ആൺകുട്ടിയ്ക്കും ഇതിലൊക്കെ താല്പര്യമുണ്ടെങ്കിൽ നന്നായിരുന്നു. നിർബ്ബന്ധമൊന്നുമില്ല. അവൾ കുറേക്കൂടി തുറന്ന മനസ്സോടെയാണ് എഴുതിയിരിക്കുന്നത്. അവളുടെ രുചികൾ ആരിലും അടിച്ചേൽപിക്കുന്നില്ല. അത് സുഭാഷിന് ഇഷ്ടമായി. അവർ രണ്ടുപേരും ഫോൺ നമ്പറും തന്നിട്ടുണ്ട്. വളരെ പെട്ടെന്നുള്ള മറുപടി.
സമയം എട്ടു മണിയായി. വേഗം രണ്ടുപേരെയും ഒന്ന് വിളിച്ചു നോക്കാം. അയാൾ ഫോണെടുത്തു.