|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 21 -

'എന്താണാവോ മോള് ഫോൺ ഓഫാക്കി ഇട്ടിരിക്ക്യാണ്. ഞാൻ എട്ടുമണിതൊട്ട് ശ്രമിക്കണതാണ്.' ലക്ഷ്മി പറഞ്ഞു.

'ചെലപ്പൊ ഓഫീസീന്ന് ഓഫാക്കീട്ട്ണ്ടാവും, പിന്നെ ഓണാക്കാൻ മറന്നിട്ട്ണ്ടാവും.' മാധവൻ പറഞ്ഞു. 'നീയൊരു മെയ്‌ലയച്ചുനോക്ക്.'

'ഒരര മണിക്കൂറു കഴിഞ്ഞിട്ട് ഒന്നുകൂടി നോക്കട്ടെ. ഇല്ലെങ്കിൽ മെയ്‌ലയക്കാം.'

'കത്തെഴുതുമ്പോൾ പരിഭ്രമിച്ച മാതിരിയൊന്നും എഴുതല്ലെ. അവൾക്ക് ദേഷ്യം പിടിക്കും.'

'ഏയ് ഇല്ല, ഞാൻ നിങ്ങടെ മോളെ ദേഷ്യം പിടിപ്പിക്കിണില്ല.'

ഫ്‌ളാറ്റിന്റെ ഏകാന്തതയിലിരുന്ന് അഞ്ജലി ആലോചിച്ചു. കുളികഴിഞ്ഞ് പുറത്തു വന്നപ്പോൾ അവൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് വാശിപിടിച്ച് ഒന്നും കഴിക്കാതിരുന്നു. വൈകുന്നേരം വന്ന ഉടനെ ഒരു ചായയുണ്ടാക്കിക്കുടിച്ചതാണ്. കമലയുണ്ടാക്കിവച്ച ചപ്പാത്തിയിൽനിന്ന് ഒരെണ്ണം മാത്രമെടുത്ത് കൂട്ടാനുംകൂട്ടി കഴിച്ചു. സാധാരണ മൂന്നു ചപ്പാത്തി കഴിക്കാറുള്ളതാണ്. അത്രമതി. ഭക്ഷണം കഴിഞ്ഞശേഷം അഞ്ജലി ഫോണെടുത്തു നോക്കി. പ്രതീക്ഷിച്ച പോലെത്തന്നെ. വീട്ടിൽനിന്ന് നാലു പ്രാവശ്യം വിളിച്ചിട്ടുണ്ട്. സുഭാഷിന്റെ രണ്ടു കാളുകളും. ഒരെണ്ണം അയാൾ ഓഫീസിൽനിന്നുതന്നെ വിളിച്ചതാണ്. മറ്റേത് എട്ടരമണിയ്ക്കാണ്. ഒരുപക്ഷേ അയാൾ അപ്പോഴും ഓഫീസിൽതന്നെയായിരിക്കണം. അവൾ വീണ്ടും ഫോൺ ഓഫാക്കിയിട്ടു. ലാപ് ടോപ് എടുത്തു മെയ്ൽ നോക്കിയപ്പോൾ അമ്മയുടെ കത്തുകണ്ടു.

'ഫോൺ ഓഫാക്കിയിട്ടിരിക്കയായിരുന്നു അല്ലെ. വെറുതെ വിളിച്ചതാണ്. വിശേഷൊന്നുംല്യല്ലൊ. മറുപടി അയയ്ക്കു.......'

കത്തിൽ അമ്മ മുഴുവൻ പരിഭ്രമവും കാട്ടുന്നില്ലെന്നേയുള്ളു. പക്ഷേ ഇപ്പോൾ അച്ഛനും അമ്മയും കലശലായി പരിഭ്രമിച്ചിരിക്കയായിരിക്കുമെന്ന് അവൾക്കറിയാം. പരിഭ്രമിയ്ക്കട്ടെ. ഞാനിനി ഇങ്ങിനെയൊക്കെയേ പെരുമാറു. ആർക്കും ന്നെ ഇഷ്ടല്ല്യ. അവൾ മറുപടി അയച്ചില്ല.

സമയം എട്ടരയായി. സുഭാഷ് കമ്പ്യൂട്ടറിൽനിന്ന് തലയുയർത്തി. മൂന്നാം സ്ഥാനത്ത് ചെന്നു നിൽക്കുന്ന തന്റെ ഫോർഡ് ജി.ടി.90 കാർ അയാൾ പരിതാപകരമായി നോക്കി. തന്റെ മനസ്സ് അമേരിക്കൻ റേസ് ട്രാക്കിലൊന്നുമല്ല. പക്ഷേ സാധാരണയായി റേസിൽ രണ്ടാമതായി ഫിനിഷ് ചെയ്താൽകൂടി റീപ്ലേ നടത്തി തോൽവിയ്ക്കുള്ള കാരണം കണ്ടുപിടിയ്ക്കാറുള്ള സുഭാഷ് അന്ന് ക്ഷമാപണത്തോടെ, തന്നെ നോക്കിനിൽക്കുന്ന റേസ് കാർ നിർവികാരനായി നോക്കി കളി നിർത്തി. ജോസഫ് വന്നിട്ടില്ല. അതിനർത്ഥം ഭക്ഷണമൊന്നും കിട്ടാൻ പോകുന്നില്ല എന്നാണ്. എന്തെങ്കിലും ഓർഡർ ചെയ്യാനായി അയാൾ ഫോണെടുത്തു. പക്ഷേ റെസ്റ്റോറണ്ടിലേയ്ക്കു ഡയൽ ചെയ്യുന്നതിനു പകരം അയാൾ ഡയൽ ചെയ്തത് അഞ്ജലിയുടെ നമ്പറാണ്. അരമിനുറ്റുനേരത്തെ സംഗീതത്തിനുശേഷം ഫോണിലെ സുന്ദരിയുടെ ശബ്ദം കേട്ടു. 'നിങ്ങൾ വിളിച്ച നമ്പർ തല്ക്കാലം സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. ദയവു ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് വിളിക്കൂ....'

അവൾക്ക് എന്താണ് പറ്റിയത്? അയാൾ ഫോൺ വെച്ച് അടുക്കളയിലേയ്ക്കു കടന്നു. ഇന്ന് ഒന്നും ഓർഡർ ചെയ്യാനുള്ള മൂഡില്ല. എന്തെങ്കിലും ഉണ്ടാക്കാം, അതൊരു വലിയ സാഹസമാവുമെന്ന് അറിയുമെങ്കിലും. ജോസഫിന് സൂത്രപ്പണികൾ അറിയാം. തനിക്കതു പറ്റില്ല. ഒരു ചെറിയ രാത്രിഭക്ഷണമുണ്ടാക്കാൻ തുനിഞ്ഞാൽ മതി അതൊരു വലിയ ഫുൾകോഴ്‌സ് ഡിന്നറായി മാറും. ഇന്ന് അതിനൊന്നുമുള്ള മൂഡില്ല. അയാൾ പച്ചക്കറികൾ എടുത്ത് കഴുകി മുറിക്കാൻ തുടങ്ങി.

ഒമ്പതരയ്ക്ക് ജോസഫ് വന്നപ്പോൾ മൂക്കു വിടർത്തിക്കൊണ്ട് അയാൾ ഫ്‌ളാറ്റിനുള്ളിലെ മണം ആസ്വദിച്ചുകൊണ്ട് പറഞ്ഞു.

'ഇന്ന് നീ നല്ലതെന്തൊക്കെയോ ഓർഡർ ചെയ്തിട്ടുണ്ടല്ലോ.'

സുഭാഷ് വിനയത്തോടെ തലയാട്ടി. അപ്പോഴാണ് ഫ്‌ളാറ്റിൽ നിറഞ്ഞുനിൽക്കുന്ന പുക കാണുന്നത്. ജോസഫ് അടുക്കളയിലേയ്ക്കു പോയിനോക്കി. അടുക്കളയിൽനിന്നാണ് പുക.

'നീ എക്‌സോസ്റ്റ് ഫാൻ ഓണാക്കാതെയാണ് കുക്കിങ് ചെയ്തത് അല്ലെ?' അയാൾ ജനലിനു മുകളിലുള്ള എക്‌സോസ്റ്റ് ഫാൻ ഓണാക്കി.

'മണൊക്കെ വന്നപ്പൊ ഞാൻ വിചാരിച്ചു നീ ടാജിൽനിന്ന് എന്തോ ഓർഡർ ചെയ്തിട്ടുണ്ടാവുംന്ന്.'

അവൻ വാഷ്‌ബേസിനിൽ കൈകഴുകി നേരെ ഊൺമേശയിലേയ്ക്കു പോയി ഇരുന്നു. സുഭാഷിന്റെ പാചക വൈദഗ്ദ്യത്തെ പുകഴ്ത്തി അയാളെ സ്ഥിരം പാചകക്കാരനാക്കി ജോസഫ് നിയമിച്ചു. സുഭാഷ് വേറെ ഏതോ ലോകത്താണെന്ന് അയാൾ കണ്ടുപിടിച്ചു.

'നിനക്കിന്നെന്തു പറ്റീ?' ജോസഫ് ചോദിച്ചു. 'ഇത്ര നല്ല വിറ്റ് ഞാൻ ഇറക്കിയിട്ടും നിന്റെ മുഖത്ത് ഒരു ചിരിപോലുമില്ല?'

'എന്റെ കൺസൾഡട്ടന്റ് രാജി വച്ചു.'

'എന്തു പറ്റീ?'

സുഭാഷ് പറയാൻ തുടങ്ങി. അര മണിക്കൂർ നേരത്തെ സംസാരത്തിനുശേഷം ജോസഫ് ഇത്രമാത്രം പറഞ്ഞു.

'അതിന് വട്ടാണ്.'

'അതൊരു പാവാണ്.'

'നിന്റെ ഒപ്പം റെസ്റ്റോറണ്ടിൽ ലഞ്ചിന് വര്വാ, എന്നും നിന്റെ ഒപ്പം കാന്റീനിൽ ഭക്ഷണം കഴിക്ക്യാ, നിന്റെ വീട്ടില് വര്വാ, ഓഫീസ് നെറ്റ്‌വർക്കിൽ ഇടയ്ക്കിടയ്ക്ക് ചാറ്റ് ചെയ്യാ. ഇതൊക്കെ ചെയ്യുമ്പോത്തന്നെ നിനക്ക് വേണ്ടി വധുവിനെ അന്വേഷിക്കും ചെയ്യാ. അതും നല്ല കുട്ടികള്. അവള് പറഞ്ഞുതന്ന അഞ്ചുപേരും അവളെക്കാൾ സുന്ദരികളാണ്. സാധാരണ ഒരു പെൺകുട്ടിയും ചെയ്യാറില്ല. കയ്യിൽ കിട്ടിയ പയ്യനെ എങ്ങിനെയെങ്കിലും സ്വന്താക്കണംന്നേണ്ടാവൂ.'

സുഭാഷ് ഒന്നും പറയുന്നില്ല. ജോസഫ് തുടർന്നു.

'എനിക്കു തോന്നുന്നത് അവൾ നീയുമായി അഗാധപ്രേമത്തിലാണെന്നാണ്. പക്ഷേ പിന്നെ എന്തിനാണവൾ ഇങ്ങിനെ.........'

സുഭാഷ് അഞ്ജലി പറഞ്ഞതോർത്തു. 'നീയൊരു മഹാനായ പടനായകനായിരിക്കാം, പക്ഷേ വളരെ മോശം കാമുകനാണ്.' അതൊരു വലിയ സമസ്യയായി സുഭാഷിനെ അലട്ടി. ഭക്ഷണം കഴിഞ്ഞ ഉടനെ അയാൾ ഒരിക്കൽക്കൂടി അഞ്ജലിയുടെ ഫോൺ ഡയൽ ചെയ്തു. ഒരേ ഉത്തരം. 'നിങ്ങൾ വിളിച്ച നമ്പർ തല്ക്കാലം സ്വിച്ച് ഓഫ്......'

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍