പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ - ആമുഖം

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എഴുതുമ്പോൾ എന്റെ മറ്റെല്ലാ രചനകളെയുംപോലെ വായനക്കാരായിരുന്നു മുമ്പിൽ. ഞാനൊരു പുതിയ കഥയാണ് എഴുതുന്നത്. അതിന് അനുവാചകർ ആവശ്യമാണ്. അനുവാചകരില്ലാത്ത കഥ പ്രേക്ഷകരില്ലാത്ത ദൃശ്യാവിഷ്‌കരണം പോലെയോ ശ്രോതാക്കളില്ലാത്ത ഗാനാലാപനം പോലെയോ ഉപയോഗശൂന്യമാണ്. ആത്മസംതൃപ്തിയ്ക്കു വേണ്ടിയാണ് എഴുതുന്നതെങ്കിൽ അതു പ്രസിദ്ധപ്പെടുത്താൻ മെനക്കെടരുത്. ആത്മസംതൃപ്തിയ്ക്കു വേണ്ടി മാത്രമല്ല എഴുതുന്നതെന്ന് വ്യക്തം. അപ്പോൾ വായനക്കാരനെ മുഷിപ്പിയ്ക്കാതെ ഒരു കഥയെഴുതുകയാണ് നല്ലത്.

പല തരത്തിലുള്ള വായനക്കാരുണ്ട്. ബൗദ്ധികമായി പല തട്ടിലുമുള്ളവർ. അവരെ തരംതാഴ്ത്തി കാണുക എന്നതായിരിയ്ക്കും ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ അബദ്ധം. അവരെ സംബന്ധിച്ചേടത്തോളം മൗലികമായ നല്ല രചനകൾ വേണം. അതിന്റെ പിന്നിലുള്ള അദ്ധ്വാനമൊന്നും അവരറിയേണ്ടതില്ല. എഴുത്തിൽ കള്ളം കാണിച്ചാൽ പക്ഷെ അവർക്കതു പെട്ടെന്നു മനസ്സിലാവും. ഞാനെഴുതുന്നത് സഹൃദയരായ വായനക്കാർക്കുവേണ്ടിയാണ്. ഇത് എഴുത്തുകാരന് വലിയ ഉത്തരവാദിത്വം നൽകുന്നു. എന്തെങ്കിലും സൂത്രപ്പണികൊണ്ടോ സ്റ്റണ്ടുകൊണ്ടോ ഒരനുവാചകനെ പിടിച്ചുനിർത്താൻ കഴിയില്ല. എനിക്കതറിയാവുന്നതുകൊണ്ട് ഞാൻ എന്റെ രചന യിൽ ആത്മാർത്ഥത കാണി ക്കാറു ണ്ട്.

ബാംഗളൂരിലെ വിവരസാങ്കേതിക ലോകമാണ് ഈ നോവലിന്റെ പശ്ചാത്തലം. ആ ലോകത്തെപ്പറ്റി പൊതുവായി ചില തെറ്റിദ്ധാരണകളുണ്ട്. അതൊരു നിർദ്ദയവും കഠിനവും വികാരശൂന്യവുമായ ഒന്നാണെന്ന്. പൊതുജനാഭിപ്രായം രൂപവൽക്കരിക്കുന്നത് പലപ്പോഴും യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കിയിട്ടല്ല എന്നത് എനിയ്ക്കു ബോധ്യപ്പെട്ടത് ഈ ഒരു കാര്യത്തിലാണ്. ആ ചെറുപ്പക്കാർ മൃദുല വികാരങ്ങൾക്ക് മുൻഗണന കൊടുക്കുന്നില്ലെന്നത് ശരിതന്നെ. അവർ കൂടുതൽ പ്രായോഗികമതികളാണ്. പക്ഷെ ഇതിനെല്ലാം ഉള്ളിൽ അവർ ഒരു നല്ല ഹൃദയം സൂക്ഷിക്കുന്നുണ്ടെന്ന് ആ ലോകത്തിൽ ഇടപഴകേണ്ടി വന്ന എനിയ്ക്കു മനസ്സിലായിട്ടുണ്ട്. ഒരു കഥയോ നോവലോ എഴുതുമ്പോൾ നമുക്ക് അതു നടക്കുന്ന പശ്ചാത്തലത്തെപ്പറ്റി നല്ല അറിവുണ്ടാവണം. ഇല്ലെങ്കിൽ രചന പാളിപ്പോവും. കേട്ടറിവുവെച്ച് ഒരു പരിധിവരെ വായനക്കാരന്റെ കണ്ണിൽ പൊടിയിടാനാകും. ഞാനുദ്ദേശിക്കുന്നത് 'ചില വായനക്കാരുടെ' എന്നാണ്. ബുദ്ധിയും അറിവുമുള്ള വായനക്കാരനതു മനസ്സിലാവും, അവർ എഴുത്തുകാരന്റെ സാഹസമോർത്ത് ഉള്ളിൽ ചിരിക്കും.

വിവരസാങ്കേതികവിദ്യയുടെ ലോകം കഴിഞ്ഞ ഏതാനും വർഷങ്ങളായി എനിക്ക് സുപരിചിതമാണ്. മൾട്ടിനാഷനുകളുടെ പ്രവർത്തനശൈലി നേർത്തുവന്ന് അവസാനത്തെ കണ്ണിയായ കമ്പ്യൂട്ടറിന്റെ ഡെസ്‌കടോപ്പിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ എനിയ്ക്ക് നേരിട്ട് പരിചയമാണ്. അതിന്റെ നേരിയ ഒരംശമേ എനിക്കീ നോവലിൽ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളു. കമ്പ്യൂട്ടറോ, ഇമെയിലോ, ഇൻറർനെറ്റ് ചാറ്റോ വന്നതുകൊണ്ട് ഈ നോവൽ ഒരു സൈബർ നോവലോ, ഇൻറർനെറ്റ് നോവലോ ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ബുദ്ധിയും അറിവുമുള്ള വായനക്കാരുടെ പരിഹാസച്ചിരി കാണാൻ എനിയ്ക്കു വയ്യ. ഒരു ചാറ്റോ, ഇമെയിലോ, ഡോട്ട് കോം എന്ന പ്രയോഗമോ വരുമ്പോഴേയ്ക്ക് ഏതു നോവലും മലയാളത്തിലെ 'ആദ്യത്തെ സൈബർനോവലാ'കുന്ന ഈ കാലത്ത് ഇതൊരദ്ഭുതമായിരിക്കും.

ഓരോ ഭാഷ സംസാരിക്കുന്നവർക്കും അവരവരുടേതായ പൊങ്ങച്ചസഞ്ചിയുണ്ടാവും. ഇവിടെ മലയാളിയുടെ ഹൈപോക്രിസി അല്പം നർമ്മബോധത്തോടെ എടുക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. ആർക്കും വിഷമം തോന്നരുത്. ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്പികമാണ്. അവനവന്റെ ജീവിതവുമായി എന്തെങ്കിലും സാമ്യം കാണുന്നുണ്ടെങ്കിൽ കുറ്റം പറയേണ്ടത് നമ്മുടെയൊക്കെ ഉള്ളിലുള്ള അദ്ഭുതകരമായ സമാനതയെയാണ്. വളരെക്കുറച്ച് മാതൃകകളേ ദൈവം തന്റെ സൃഷ്ടികൾക്ക് നല്കിയിട്ടുള്ളു. ആ മാതൃകകളിലുള്ള വൈരുദ്ധ്യങ്ങളുടെ വർണ്ണങ്ങളിലും വൈവിദ്ധ്യത്തിന്റെ തോതിലുമുള്ള വ്യതിയാനവും മാത്രമേയുള്ളു. പരിമിതി ദൈവത്തിന്റേതാണ്, നമ്മുടേതല്ല.

ഇ ഹരികുമാര്‍

E Harikumar