|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 19 -

റെസ്റ്റോറണ്ടിൽവച്ചോ ഐസ്‌ക്രീം പാർലറിൽവച്ചോ കാണാമെന്ന് ആതിര പറഞ്ഞു. പാർക്കുകളിൽ വച്ചു കാണാൻ അവൾക്കും താല്പര്യമുണ്ടായിരുന്നില്ല.

'എനിക്ക് ഞായറാഴ്ച മാത്രേ പുറത്ത് വരാൻ പറ്റൂ. മറ്റു ദിവസങ്ങളിൽ ഹോസ്റ്റലിൽനിന്ന് പറഞ്ഞയക്കില്ല. അപ്പോൾ ഏതെങ്കിലും ഞായറാഴ്ച കാണാം.'

'ഈ ഞായറാഴ്ചതന്നെയായാലോ?'

'ആയിക്കോട്ടെ. എവിടെയാണ്?'

'ഇന്റിജോവിൽ.'

യുദ്ധം എപ്പോഴും അറിയുന്ന നിലത്താണ് നല്ലത്. വിജയസാദ്ധ്യത കൂടും. ഏറ്റവും കൂടുതൽ പോയിട്ടുള്ളത് അവിടെയാണ്. അതെവിടെയാണെന്ന് ആതിരയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വന്നു. എത്ര മണിയ്ക്കാണ് അവിടെ എത്തേണ്ടതെന്നും. പന്ത്രണ്ടരതന്നെ ആയിക്കോട്ടെ. നേരത്തെ ഒഴിവായാൽ വീട്ടിൽ വന്ന് സ്ഥിരം പതിവുള്ള ഞായറാഴ്ച ഉറക്കം നടത്തുകയും ചെയ്യാം. ഈ ലഞ്ചിനെപ്പറ്റി തല്ക്കാലം അഞ്ജലിയോട് പറയണ്ട. ലഞ്ചിന്റെ ഫലമെന്താണെന്നറിഞ്ഞശേഷം പറയാം. ഇറ്റ്‌സ് എ ഡൂബിയെസ് ബാറ്റ്ൽ.

ആതിര പന്ത്രണ്ടരയ്ക്കു മുമ്പുതന്നെ എത്തി. ഓട്ടോവിൽനിന്നിറങ്ങി എങ്ങാട്ടാണ് പോകേണ്ടതെന്ന് സംശയിച്ചു നിൽക്കുന്ന അവളുടെ അടുത്തേയ്ക്ക് സുഭാഷ് ചെന്നു.

'ആതിര?'

'അതെ.' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഞാൻ സുഭാഷ്.'

'എനിയ്ക്കു മനസ്സിലായി.'

അവർ അകത്തേയ്ക്കു നടന്നു.

'വെജിറ്റേറിയനാണോ?' സുഭാഷ് ചോദിച്ചു.

'അല്ല. നിങ്ങളോ?'

'അല്ല, നമ്മൾ തമ്മിൽ ആ കാര്യത്തിൽ യോജിപ്പുണ്ട്.'

പ്ലെയ്റ്റിൽ ഭക്ഷണസാധനങ്ങളെടുത്ത് ഒരു മേശക്കിരുവശത്തും ഇരുന്നപ്പോൾ അയാൾ അവളെ നോക്കിപ്പഠിച്ചു. ഭംഗിയുള്ള പ്രസന്നമുഖം. പാകത്തിനുള്ള തടിയേയുള്ളൂ.

'എന്തൊക്കെ പാട്ടുകളാണ് കേൾക്കാറ്?'

'ഒരു വിധം എല്ലാ പാട്ടുകളും. പഴയ ഹിന്ദി പാട്ടുകൾ ഇഷ്ടാണ്. ഇംഗ്ലീഷ് പാട്ടുകളും കേൾക്കാനിഷ്ടാണ്. പക്ഷെ എന്റെ അടുത്ത് അധികവും റാഫീടേം ലതടേം പാട്ടുകളാണ്.'

'എങ്ങിനെയാണ് പഴയ പാട്ടുകളിൽ താല്പര്യം വന്നത്? ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ പുതിയ പാട്ടുകളോടാണ് കമ്പം.'

'അച്ഛന് ദില്ലിയിലായിരുന്നു ജോലി. പാട്ടുകളോട് വല്യേ ഇഷ്ടായിരുന്നു. അതു കേട്ട് വളർന്നതാണ്. സുഭാഷിനെങ്ങിനെയാണ്. പാട്ടുകൾ ഇഷ്ടാണോ?'

'അതെ, പ്രത്യേകിച്ച് പഴയ ഇംഗ്ലീഷ് പാട്ടുകളോട്.'

അവൾ ഓരോ വിഭവവും വളരെ കുറച്ചു മാത്രമേ എടുത്തിട്ടുള്ളു. ഒന്നുകിൽ ഡയറ്റിങ്ങിന്റെ ഭാഗമായി, അല്ലെങ്കിൽ പയ്യനെ വിരട്ടി ഓടിക്കേണ്ട എന്നു വച്ചിട്ട്.

'വീട്ടിൽ ആരൊക്കെണ്ട്?' സുഭാഷ് ചോദിച്ചു.

'അച്ഛൻ, അമ്മ, അനിയൻ, അമ്മമ്മ. അനിയൻ എഞ്ചിനീയറിങ്ങ് ഫൈനൽ ഇയറിനു പഠിക്ക്യാണ്. അച്ഛന് ബാങ്കിലാണ് ജോലി.'

'എനിക്ക് അമ്മ മാത്രെള്ളു. അച്ഛൻ അഞ്ചു കൊല്ലം മുമ്പ് ഹാർട്ടറ്റാക്കായി മരിച്ചു. അമ്മ ഒറ്റയ്ക്കാണ്.'

രണ്ടുമണിയ്ക്ക് അവളെ ഓട്ടോവിൽ കയറ്റി അയച്ചപ്പോൾ സുഭാഷ് ആലോചിച്ചിരുന്നത് ആതിരയുമായി സംസാരിക്കുക കൂടുതൽ എളുപ്പമായിരുന്നുവെന്നാണ്. അവളുടെ സംസാരത്തിൽ ഹൃദയം തുറക്കുന്ന എന്തോ ഉണ്ട്. അവളുടെ സ്വപ്നങ്ങൾ, ഭയങ്ങൾ. ഒരു പെൺകുട്ടിയ്ക്ക് ഇത്രയേറെ സ്വപനങ്ങൾ ഉണ്ടെന്ന് അന്നാണയാൾ മനസ്സിലാക്കുന്നത്. സ്വപ്നങ്ങളുടെ കാലം കഴിഞ്ഞുപോയെന്നാണ് അയാൾ കരുതിയിരുന്നത്. അതയാളെക്കൊണ്ടും സംസാരിപ്പിച്ചു.

വീട്ടിലെത്തി ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ അഞ്ജലിയോട് സംസാരിച്ചാലോ എന്നാലോചിച്ചു. ഫോണെടുത്തപ്പോൾ തോന്നി. വേണ്ട, നാളെ നേരിട്ട് കാണുമ്പോൾ പറയാം.

ജോസഫ് എഴുന്നേറ്റത് ആറു മണിയ്ക്കാണ്. താൻ വരുമ്പോൾ അയാൾ നല്ല ഉറക്കത്തിലായിരുന്നു. കുംഭകർണ്ണൻ.

'നീ ഉച്ചയ്ക്ക് എവിട്യായിരുന്നു?' അവൻ ചോദിച്ചു.

'അതറിഞ്ഞിട്ട് നിനക്കെന്തു കാര്യം?'

'ഞാനാണ് നിന്റെ സദാചാരത്തിന്റെ സൂക്ഷിപ്പുകാരൻ. കഴിഞ്ഞ ആഴ്ചയിലെ നിന്റെ അപഥസഞ്ചാരം ഞാൻ കണ്ടു. ഈ ആഴ്ചയിലും അങ്ങിനെ വല്ലതും സംഭവിച്ചുവോ എന്നറിയണം.'

'സംഭവിച്ചു.'

'അഞ്ജലി?'

'അല്ല, ആതിര. നമ്മള് മിനിഞ്ഞാന്ന് സെലക്ട് ചെയ്തതിൽ തൃശ്ശൂർകാരി.'

'എന്നിട്ട്?'

'ഞങ്ങൾ ആശയവിനിമയം നടത്തി. ഒന്നും തീർച്ചയാക്കിയിട്ടില്ല.'

'ഒരു കാര്യം ചോദിക്കട്ടെ?' ജോസഫ് പറഞ്ഞു. 'ആരാണീ അഞ്ജലി? അവളും നീയുമായുള്ള ബന്ധം?'

എന്താണ് അഞ്ജലിയും താനുമായുള്ള ബന്ധം? സുഭാഷ് ആലോചിച്ചു. തനിക്കിനിയും മനസ്സിലായിട്ടില്ലാത്ത ഒരു കാര്യമാണത്. അയാൾ പറഞ്ഞു.

'അവളെന്റെ കൺസൾട്ടന്റാണ്.'

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍