|| Novel

അറിയാത്തലങ്ങളിലേയ്ക്ക്

ഇ ഹരികുമാര്‍

അദ്ധ്യായം 6

വന്ദനയുടെ കണ്ണുകളിൽ അദ്ഭുതവും അല്പം ഭയവും കണ്ടു. വർഷങ്ങൾക്കുമുമ്പ് ഇന്ദിരയുടെ കണ്ണുകളിൽ കണ്ട അതേ ഭാവം. തട്ടിൻപുറത്തെ എഴുത്തുപെട്ടിയുടെ കാര്യം പറഞ്ഞു കൊടുത്തപ്പോൾ ഇന്ദിരയും ഇതേ ഇരിപ്പിൽ ഉറച്ചു പോകുകയാണുണ്ടായത്. അതിന്റെ ഇടയിലെവിടേയോ അവൾ ഉണർന്നു ചോദിച്ചു.

'അതെന്താണ് അങ്ങിനെ? നന്ദേട്ടൻ ശ്രമിച്ചപ്പോൾ മാത്രം ആ പെട്ടി തുറന്നത്?'

ഇപ്പോൾ പത്തുമുപ്പതു വർഷങ്ങൾക്കു ശേഷം വന്ദനയും അതുതന്നെ ചോദിയ്ക്കുന്നു.

'എന്താണച്ഛാ അങ്ങിനെ?'

അവളുടെ കൈകളിലെ നനുത്ത രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. എന്താണ് മറുപടി പറയേണ്ടത്? കഷ്ടിച്ച് രണ്ടു കൊല്ലക്കാലം ആ ചതുരംഗപ്പലകയുടെ രഹസ്യം മനസ്സിലാക്കാൻ ശ്രമിച്ചു പരാജയമടഞ്ഞ ഞാൻ എന്താണ് പറയേണ്ടത്?

'ഈ പ്രപഞ്ചത്തിൽ നമുക്ക് മനസ്സിലാവാത്ത പലതുമുണ്ട് മോളെ.' അവസാനം ഞാൻ പറഞ്ഞു. 'എല്ലാമറിയണമെന്ന് എന്താണ് നിർബ്ബന്ധം?'

വന്ദന നിശ്ശബ്ദയായി. പക്ഷേ ഞാനവളുടെ സ്വാസ്ഥ്യം നശിപ്പിച്ചുവോ എന്ന ഭയമുണ്ടായി എനിയ്ക്ക്. അവളുടെ പരീക്ഷ അടുത്തു വരികയാണ്. അവൾക്ക് വലിയ ആഗ്രഹങ്ങളാണുള്ളത്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠിച്ച് സോഫ്റ്റ്‌വെയർ പ്രൊഫഷനലാവണം. എന്നിട്ട് കുട്ടേട്ടന്റെ മക്കളെപ്പോലെ അമേരിക്കയിൽ സിലിക്കോൺവാലിയിലെത്തിപ്പെടണം. രാജിയും നീതുവും സാൻ ഹൊസെയിലാണ്. മൂത്തവൾ എച്ച്.പി.യിലും രണ്ടാമത്തവൾ ഇ-ബേയിലും. അതുകൊണ്ട് പഠിത്തത്തിൽനിന്ന് അവളുടെ ശ്രദ്ധ വ്യതിചലിക്കാൻ സാദ്ധ്യതയില്ല. പക്ഷേ ഈ ചതുരംഗപ്പലകയുടെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. അറിയാത്ത വഴികളിൽ അത് നമ്മെ സ്വാധീനിയ്ക്കുന്നു.

'എന്നിട്ട് അച്ഛൻ വീണ്ടും തട്ടിൻപുറത്തു കയറിയോ?' വന്ദന ചോദിയ്ക്കുന്നു.

ഞാൻ ആലോചിച്ചു. കയറി, പക്ഷേ അതെപ്പോഴാണ്?

'നിധികൾ ഒളിപ്പിച്ചുവെച്ച ആളുകൾ എപ്പോഴും എന്തെങ്കിലും സൂചന ബാക്കിവെയ്ക്കാതിരിക്കില്ല.' കുട്ടേട്ടൻ പറഞ്ഞു. 'അത് എപ്പോഴും പെട്ടെന്ന് മനസ്സിലാവാത്ത ഭാഷയിലായിരിക്കും. പലതിലും ഒരു മേപ്പ് ഒപ്പം വെയ്ക്ക്യാണ് പതിവ്. അങ്ങിനത്തെ നിധി കണ്ടെടുക്കാൻ എളുപ്പാണ്. പക്ഷേ ഇതിൽ മേപ്പുംല്യ, ഒന്നും ഇല്യ. ആകെള്ളത് ഒരു ചതുരംഗപ്പലക്യാണ്. നമ്മള് കൂടുതൽ അദ്ധ്വാനിക്കണംന്നർത്ഥം.'

അങ്ങിനെയാണ് ഞങ്ങൾ ജ്യോത്സ്യനെ കാണാൻ തീരുമാനിച്ചത്. ചുരുങ്ങിയത് ഇതുണ്ടാക്കിയ മനുഷ്യനെപ്പറ്റി എന്തെങ്കിലും മനസ്സിലാവുമല്ലൊ. മാധവപ്പണിക്കർ വീട്ടിന്റെ ഉമ്മറത്തുതന്നെ ഒരു ചാരുകസേലയിൽ ഇരിക്കയായിരുന്നു. നരച്ച തലമുടി പറ്റെ വെട്ടിയിരിയ്ക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ നിവർന്നിരുന്നു.

'എന്താ കുട്ടാ, വിശേഷൊന്നുംല്യല്ലൊ?'

'ഒന്നുംല്യ.'

'പിന്നെ എന്തിനേ വന്നത്? പരീക്ഷേല് ജയിക്ക്യോന്നറിയാനായിരിക്കും അല്ലെ?'

'ഊം, ങും.' കുട്ടേട്ടൻ ഒന്നു പരുങ്ങിക്കൊണ്ട് പറഞ്ഞു. 'ഒരു ജാതകം നോക്കാനായിരുന്നു.'

'എവിടെ, നോക്കട്ടെ?'

കുട്ടേട്ടൻ ഒരു സഞ്ചിയ്ക്കുള്ളിൽ കടലാസ്സിൽ പൊതിഞ്ഞ കെട്ട് പുറത്തെടുത്തു പണിക്കരമ്മാവന് കൊടുത്തു. അദ്ദേഹം ആ താളിയോലക്കെട്ട് ചരടഴിച്ച് തുറന്നു. അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ഭാവപ്പകർച്ച ഞാൻ ശ്രദ്ധിച്ചു.

'ഇങ്ങേരെ ഒന്ന് കാണാൻ പറ്റ്വോ?'

ആ ചോദ്യത്തിനു മുമ്പിൽ കുട്ടേട്ടൻ ഒന്നു പതറി. പണിക്കരമ്മാവൻ തുടർന്നു. 'അല്ല നൂറ്റിയിരുപത് വയസ്സായ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആട്ടെ ഇതെവിട്ന്നാ കിട്ട്യേത്?'

'തട്ടിൻപൊറത്ത് ഒരു പെട്ടീന്നാ.' കുട്ടേട്ടൻ സത്യം പറഞ്ഞു.'

'നിങ്ങള് കുട്ട്യോള് ഇതൊന്നും എടുത്ത് കളിക്കാൻ പാടില്ല. ഇത് പത്തറുപത് കൊല്ലം മുമ്പ് മരിച്ചുപോയ ഒരാളടെ ജാതകാണ്. നിങ്ങടെ തറവാട്ടിലെ ഒരു കാരണവരാണ്. ശരിയ്ക്കു പറഞ്ഞാൽ കുട്ടന്റെ അച്ഛമ്മടെ അമ്മാവനാണ്. എന്റെ ചെറുപ്പകാലത്ത് കേട്ട ഓർമ്മ തന്ന്യേള്ളൂ.'

'ഈ കാരണോര് എങ്ങനെള്ള ആളാണ്?' കുട്ടേട്ടൻ ചോദിച്ചു. 'നല്ല പണംള്ള ആളായിരുന്നോ?'

'എന്തിനാപ്പോ അതൊക്കെ അറീണത്?'

'വെറുതെ.'

'ആളെപ്പറ്റി അത്ര നല്ല അഭിപ്രായൊന്നും അല്ല നാട്ട്കാര് പറയാറ്. അത് പിന്നെ പണ്ടത്തെ സമ്പന്ന തറവാട്ടിലെ കാരണോമ്മാരെപ്പറ്റിയൊക്കെ അങ്ങിന്യേ പറയൂ. ധാരാളം സമ്പത്ത്ണ്ടായിരുന്നൂന്ന് കേട്ടിട്ട്ണ്ട്.'

അതായിരുന്നു കുട്ടേട്ടന് അറിയേണ്ടത്.

'നിങ്ങള് ഇതൊന്നും എടുത്ത് കളിക്കരുത്. ഇപ്പൊത്തന്നെ ഇത് കിട്ടിയ സ്ഥലത്തു കൊണ്ടോയി വയ്ക്കണം. പൊഴേലൊഴുക്ക്വാണ് വേണ്ടത്. അതിന് പക്ഷേ ചെല കർമ്മങ്ങളൊക്കെ ചെയ്യാന്ണ്ട്. അതൊന്നും നിങ്ങള് കുട്ട്യോൾക്ക് പറ്റില്ല. ഈ വക സാധനങ്ങളൊന്നും എടുത്ത് മേലാൽ കളിക്കരുത്.'

കുട്ടേട്ടൻ തല കുലുക്കി. പണിക്കരമ്മാവൻ വീട്ടിലെ ഒരംഗം മാതിരിയാണ്. ഞങ്ങളെ ശാസിക്കാനുള്ള അധികാരമുണ്ട്. പോരാത്തതിന് അമ്മാവനെങ്ങാനും ഇതറിഞ്ഞാൽ പ്രശ്‌നാണ്. പണിക്കരമ്മാവനോട് അതു പറയണമെന്നു കരുതിയിരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങോട്ടു പറഞ്ഞത്.

'ഞാനിത് അച്ഛനോട് പറയ്ണില്യ. പറഞ്ഞാൽ രണ്ടുപേർക്കും ചുട്ട പെട കിട്ടും. പൊയ്‌ക്കോളു.'

ജാതകം പൊതിഞ്ഞ് സഞ്ചിയിലിട്ട ശേഷം പോകാനായി എഴുന്നേറ്റപ്പോൾ കുട്ടേട്ടൻ ചോദിച്ചു.

'പണിക്കരാമ്മാവാ ഞാൻ പരീക്ഷേല് ജയിക്ക്യോ?'

'എന്താ വല്ല സംശയുംണ്ടോ?'

'ഇല്ല, ന്നാലും.'

'കുട്ടന്റെ നാള് ഉത്രട്ടാതിയല്ലെ. പേടിയ്ക്കാനൊന്നുംല്യ.'

അല്പം ആശ്വാസം കിട്ടിയ കുട്ടേട്ടൻ ചോദിച്ചു.

'പണിക്കരമ്മാമേ, ഇയ്യാളോ?'

'പേര് നന്ദൻന്നല്ലെ? തന്റെ നാളെന്താ?'

'നാള് ആയില്യാണ്.'

'ആയില്യം?' പണിക്കരമ്മാവൻ നെറ്റി ചുളിച്ചു. 'ആ ജാതകം ഒന്നു തരൂ.'

കുട്ടേട്ടൻ സഞ്ചിയിൽനിന്ന് ജാതകം പുറത്തെടുത്തു ജ്യോത്സ്യന് കൊടുത്തു. എനിക്കൊരു ഉൾഭയമുണ്ടായി. എന്തിനാണ് എന്റെ നാൾ കേട്ടപ്പോൾ ആ ജാതകക്കെട്ട് വീണ്ടും നോക്കിയത്? പണിക്കരമ്മാവൻ താളിയോലക്കെട്ട് തുറന്ന് വായിക്കുകയാണ്. ഇടയ്ക്ക് ഒരു കടലാസിൽ എന്തൊക്കെയോ കുറിക്കുന്നുമുണ്ട്. കണക്കുകളാണ്. ഒന്നും മനസ്സിലാവുന്നില്ല. ഒരു പത്തു മിനുറ്റു നേരത്തെ കണക്കുകൂട്ടൽ കഴിഞ്ഞശേഷം അദ്ദേഹം ജാതകം ചരടുകൊണ്ട് കെട്ടി തിരികെ കുട്ടേട്ടനു കൊടുത്തു.

'ഇത് ഇപ്പത്തന്നെ കിട്ടിയിടത്ത് കൊണ്ടു പോയി വയ്ക്കു. ഒട്ടും വൈകിക്കരുത്.'

ജാതകക്കെട്ടു കയ്യിൽ വാങ്ങിക്കൊണ്ട് കുട്ടേട്ടൻ ചോദിച്ചു. 'എന്താ പണിക്കരമ്മാവാ എന്തെങ്കിലും കുഴപ്പംണ്ടോ?'

'ഏയ് ഒന്നുംല്യ. ഇയ്യാള് നിങ്ങടെ താവഴില്‌ത്തെ ഒരു കാരണവരാണ്. കുട്ടന്റെ അച്ഛമ്മടെ അമ്മാവൻ. ആള് കുറച്ച് കുഴപ്പക്കാരനായിരുന്നു. അത്യാവശ്യം ആഭിചാരോം മന്ത്രവാദോം ഒക്കെ കയ്യില്ണ്ടായിരുന്നൂന്ന് കേട്ടിട്ട്ണ്ട്. ജാതകപ്രകാരം ഇങ്ങേര്‌ടെ ജന്മം കഴിഞ്ഞിട്ടില്ല.'

'അതെങ്ങിന്യാണ് പണിക്കരമ്മാവാ, മൂപ്പര് മരിച്ചിട്ട് പത്തറുപത് കൊല്ലായീന്നല്ലെ പറേണത്? അപ്പൊ എങ്ങിന്യാ ജന്മം കഴിയാതിരിക്ക്യാ?'

'ഈ ലോകത്ത് നമ്മളറിയാത്തതും നമ്മക്ക് മനസ്സിലാവാത്തത്വായിട്ട് എന്തൊക്കെ കെടക്കുണു. അതിലൊന്നാണ് ഇത്ന്ന് കരുത്യാ മതി. നിങ്ങള് പൊയ്‌ക്കോളൂ.'

ഞങ്ങൾ തിരിച്ചു നടന്നു. എന്റെ പരീക്ഷാഫലത്തെപ്പറ്റി ജ്യോത്സ്യൻ ഒന്നും പറഞ്ഞില്ലെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടേട്ടനും ആ കാര്യം മറന്നതുപോലെ തോന്നി.

'ഒരു കാര്യം നീ ശ്രദ്ധിച്ച്വോ? നിന്റെ നാള് പറഞ്ഞപ്പൊ പണിക്കരമ്മാവൻ എത്ര ധൃതിയിലാണ് ജാതകം എന്റെ കൈയ്യിൽനിന്ന് തട്ടിപ്പറച്ച് വാങ്ങി നോക്കീത്?'

'എന്താ കാരണം?'

'ആർക്കറിയാം. എന്തായാലും ഇതിലൊക്കെ എന്തോ കളിയുണ്ട്. ആ ചതുരംഗപ്പലക ഒരു നിധി കെടക്കണ സ്ഥലത്തിന്റെ സൂചന തന്ന്യാണ്. പക്ഷേ അതെങ്ങിന്യാണ് കണ്ടുപിടിക്ക്യാന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം. എന്താ ആ കാരണോര്‌ടെ പേര്ന്നാ പണിക്കരമ്മാവൻ പറഞ്ഞത്?'

'ഇട്ടിരാമമേനോൻ.'

'വല്ലാത്തൊരു പേര്!'

ജാതകം തട്ടിൻപുറത്തു പെട്ടിയിൽ ഇടാനായി ഞങ്ങൾ പോയി. യാത്ര വിഷമം പിടിച്ചതായിരുന്നു. എന്തുകൊണ്ടോ പണിക്കരമ്മാവനുമായുണ്ടായ കൂടിക്കാഴ്ച ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇനി തട്ടിൻപുറത്തു കയറില്ലെന്ന് ശപഥം ചെയ്തിരുന്ന എനിയ്ക്ക് കുട്ടേട്ടന്റെ ഒപ്പം വീണ്ടും പോകേണ്ടി വന്നു. ഒന്നാമതായി ധൈര്യശാലിയായ കുട്ടേട്ടനും പേടി പിടിച്ചിരുന്നു. പിന്നെ പെട്ടി തുറക്കണമെങ്കിൽ എന്റെ സഹായം വേണംതാനും.

തട്ടിൻമുകളിൽ ഇരുട്ടു കയറിത്തുടങ്ങി. അവിടവിടെയായി അട്ടിയിട്ട സാധനങ്ങളുടെ നിഴൽ ഭീകരജന്തുക്കളെപ്പോലെ പതിയിരുന്നു. ഞാൻ ചോദിച്ചു. 'നമുക്കിത് തൽക്കാലം ഇവിടെയെവിടെയെങ്കിലും വെച്ചാലോ. നാളെ രാവിലെ വന്നിട്ട് പെട്ടിയിലിടാം.'

'അതു പറ്റില്ല, പണിക്കരമ്മാവൻ പറഞ്ഞത് ഇതുടനെ കിട്ടിയിടത്തു തന്നെ കൊണ്ടുപോയി വയ്ക്കാനാണ്. ഒരു കാര്യവുംല്യാതെ പണിക്കരമ്മാവനതു പറയില്ല. നീ വാ......'

അവസാനം പെട്ടിയിരിക്കുന്നിടത്തെത്തി. കുട്ടേട്ടൻ പെട്ടിയുടെ വശത്തായി ഇരുന്ന് എന്നോടു പറഞ്ഞു. 'വന്ന് ഇതു തുറക്ക്.'

ഞാനതിന്റെ മുമ്പിൽ വന്നിരുന്നു. അതിനിടയ്ക്ക് കുട്ടേട്ടൻ ഞാനറിഞ്ഞിട്ടില്ലെന്ന വിചാരത്തിൽ പെട്ടി തുറക്കാൻ ഒരു ശ്രമം നടത്തിയത് ഞാൻ കണ്ടില്ലെന്നു നടിച്ചു. ഞാൻ മൂടി പൊന്തിച്ചപ്പോൾ പെട്ടി അനായാസേന തുറന്നു. കുട്ടേട്ടന്റെ കയ്യിൽനിന്ന് ജാതകം വാങ്ങി പെട്ടിയിലിട്ട് ഒരു ചോദ്യത്തോടെ ഞാൻ അയാളെ നോക്കി.

'അടച്ചോ.'

ഞാൻ പെട്ടിയടച്ച് എഴുന്നേറ്റു. ഞങ്ങൾ അവിടെനിന്ന് തിരിഞ്ഞില്ല അപ്പോഴേയ്ക്ക് ഒരു ക്ലിക് ശബ്ദം, അന്നു കേട്ടപോലുള്ള ശബ്ദം കേട്ടു. ഞങ്ങൾ ധൃതിയിൽ നടന്നു. കുട്ടേട്ടൻ ചിന്താമഗ്നനായിരുന്നു. അയാളുടെ മുഖത്ത് പേടിയേക്കാളേറെ ആശയക്കുഴപ്പമായിരുന്നു.

അമ്മായി അടുക്കളയിലായിരുന്നു. ഞങ്ങളെ കണ്ടതും സ്ഥിരം ചോദ്യമുയർന്നു. 'ഊം?....'

'ഒന്നുംല്യ.'

'ന്നാൽ പോയി കാലും മുഖോം കഴുകി നാമം ചെല്ല്. അച്ഛൻ വരണ്ട സമയായിരിക്കുണു.'

'അമ്മേ,....' കുട്ടേട്ടൻ സംശയിച്ചുകൊണ്ട് തുടർന്നു. 'ആരാണീ ഇട്ടിരാമമേനോൻ?'

'ഇട്ടിരാമമേനോനോ?' അമ്മ മുഖം ചുളിച്ചു. ആ പേരുതന്നെ അമ്മയ്ക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. 'എനിയ്ക്കങ്ങിനെ ആരേം അറിയില്ല. എന്താ കാര്യം?'

'മൂപ്പര് അച്ഛമ്മടെ അമ്മാവനാണ്.'

'ഓ..... എനിയ്ക്ക് അച്ഛമ്മേനെത്തന്നെ ശരിയ്ക്കറിയില്ല. ന്ന്ട്ടാണോ അവര്‌ടെ അമ്മാവൻ? എന്താ കാര്യം പറ?'

'അമ്മ ഒരു കാര്യം ചെയ്യോ? അച്ഛന് അറിയുന്നുണ്ടാവും. ഒന്ന് ചോദിച്ച് മനസ്സിലാക്ക്വോ?'

'എന്താ കാര്യംന്ന് പറഞ്ഞില്ല നീ?'

അമ്മ അതു പറഞ്ഞപ്പോഴേയ്ക്ക് അമ്മാവന്റെ ചുമ പടിപ്പുരയിൽനിന്ന് കേട്ടു.

'അച്ഛൻ!' കുട്ടേട്ടനും ഞാനും കൂടി കൈകാലുകൾ കഴുകാനായി പിൻമുറ്റത്തുകൂടെ കുളത്തിലേയ്‌ക്കോടി. ഒരു സെക്കന്റിനകം ഞങ്ങൾ പടിഞ്ഞാറ്റയിലിരുന്ന് ഉച്ഛത്തിൽ നാമം ചെല്ലാൻ തുടങ്ങി.

ഇന്ദിര ഉമ്മറത്ത് അച്ഛനെയും കാത്തിരിക്കയായിരുന്നു.

പിറ്റേന്ന് രാവിലെ അമ്മാവൻ കൃഷി നോക്കാൻ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ അടുക്കളയിൽ കയറിപ്പറ്റി. ജോലിക്കാരി മാളുവമ്മ, കഴുകിയ പാത്രങ്ങൾ വടക്കോറത്തുനിന്ന് അടുക്കളയിലേയ്ക്കു കൊണ്ടുവരികയാണ്. പാത്രങ്ങളെല്ലാം അതാതു സ്ഥാനത്തു വച്ചശേഷം അവർ തിരുമ്പാനുള്ള വസ്ത്രങ്ങൾ രണ്ടു ബക്കറ്റുകളിൽ നിറച്ചു സോപ്പു ബാറും മീതെ വച്ചു കുളത്തിലേയ്ക്കു യാത്രയായി.

'എന്താ വന്നിരിക്കണത്?' അമ്മായി ചോദിച്ചു. 'വെശക്ക്ണ്‌ണ്ടോ?

'ഇല്ലമ്മേ....' കുട്ടേട്ടൻ ഉരുണ്ടു കളിച്ചു.

'പിന്നെന്താ അടുക്കളേല് പര്ങ്ങണത്?'

'അച്ഛനോട് ചോദിച്ചോ ആ കാരണോരെപ്പറ്റി?'

കൽച്ചട്ടിയിൽ കൂട്ടാൻ ഇളക്കിയിരുന്ന മരക്കയ്യിൽ മാറ്റിവച്ച് അമ്മ ഞങ്ങളെ നല്ലവണ്ണം നോക്കി.

'അച്ഛൻ ചോദിക്യാണ് നിങ്ങളെങ്ങിന്യാ ആ കാരണോരെപ്പറ്റി കേട്ടത്ന്ന്. ഞാമ്പറഞ്ഞു സ്‌കൂളീന്നോ മറ്റോ കേട്ടതാവുംന്ന്. അങ്ങനെ വരാൻ ഞായല്യാന്ന് പറഞ്ഞു. ആ കാരണോര് മരിച്ചിട്ടന്നെ പത്തറുപതു കൊല്ലായീത്രെ. അച്ഛന്റെ വല്യമ്മാവനായിരുന്നു. അച്ഛനും കേട്ടറിവേള്ളൂ. ഒരു ക്രൂരനായിരുന്നൂത്രെ. ധാരാളം പണംണ്ടാക്കീന്ന് പറേണ്ണ് ണ്ട്. അതൊക്കെ എവിട്യാണ്ന്ന് ആർക്കും അറിയില്ലാത്രെ!'

'അങ്ങേര് ഈ വീട്ടിലാണോ താമസിച്ചിരുന്നത്?'

'ആയിരിക്കും, അങ്ങേര്‌ടെ ഒരു ചിത്രം തളത്തില് കൊറെക്കാലം തൂങ്ങീരുന്നുത്രെ. പിന്നെ എപ്പോഴോ അതെടുത്തു മാറ്റീതാണ്. പറേമ്പൊ എനിക്കും നേരിയ ഒരോർമ്മ വര്ണ് ണ്ട്. പൂമുഖത്തെ ചൊമരിന്മല്ള്ള കാട്ടിക്കൊമ്പില്ലെ, അതിന്റെ വടക്കുവശത്തായിട്ട്. അച്ഛമ്മ മരിച്ചപ്പൊ അച്ഛമ്മെടെ ഫോട്ടോ വെയ്ക്കാൻവേണ്ടി ആ കാരണോര്‌ടെ ചിത്രം മാറ്റീതാ തോന്നുണു.'

'ആ ചിത്രം എവിട്യാണ്?'

'ആ.... ആർക്കറിയാം. അതാ തട്ടിൻപൊറത്തോ മറ്റോ വലിച്ചെറിഞ്ഞിട്ട്ണ്ടാവും.'

മകന്റെയും മരുമകന്റെയും പരാക്രമങ്ങളെപ്പറ്റി അജ്ഞയായ ആ അമ്മയെ അവിടെ വിട്ടുകൊണ്ട് ഞങ്ങൾ അടുക്കളയിൽനിന്നു പുറത്തു കടന്നു.

ഇനി?

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ 2008 മാർച്ച് - ജൂലൈ മാസങ്ങളിലായി സമകാലിക മലയാളം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 19

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2008)

Translations (വിവര്‍ത്തനങ്ങള്‍)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍