ഇ ഹരികുമാര്‍
ഞാൻ ഓർമ്മകളിൽനിന്ന് എന്റെ കിടപ്പറയിലേയ്ക്കു തിരിച്ചു വന്നു. ഇന്ദിര ഉറക്കമായിരുന്നു. അവൾക്ക് എന്റെ ഉറക്കം കളയണമെന്നു മാത്രമേയുണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു. അതിനിടയ്‌ക്കെപ്പോഴോ വന്ദന വന്ന് അവളുടെ മുറിയിൽ ഉറങ്ങാൻ കിടന്നു. ഞാനെന്റെ ഓർമ്മകളുടെ ലോകത്തേയ്ക്ക് തിരിച്ചു പോവുകയാണ്. നാണിമുത്തശ്ശിയുടെ അടുത്തേയ്ക്ക്, ഒരു മുത്തശ്ശിക്കഥ കേൾക്കാൻ. ഉറങ്ങാനല്ല, ഉറക്കം കളയാൻ.
എന്റെ എട്ടാം വയസ്സിലോ മറ്റൊ കണ്ടതിനു ശേഷം മുത്തശ്ശിയെ കാണുന്നത് വളരെ കാലത്തിനു ശേഷം അപ്പോഴായിരുന്നു. അവർ കുട്ടേട്ടനെ കണ്ട ഉടനെ ചോദിച്ചു.
'എന്താ കുട്ടാ വിശേഷം?'
'ഒന്നുംല്ല്യ മുത്തശ്ശി. മുത്തശ്ശീനെ ഒന്ന് കാണാൻ വന്നതാ.' കുട്ടേട്ടൻ അവരുടെ ചെവിയിൽ ഉറക്കെ പറഞ്ഞു. അവരുടെ കാഴ്ച നന്നെങ്കിലും കേൾവി വളരെ മോശായിരുന്നു.
'അമ്മ്യോട് അത്ര ഒറക്കെ പറേണതിനേക്കാൾ നല്ലത് കൊറച്ച് പതുക്കെ പറയ്യാണ്. അപ്പൊ വ്യക്തായി മനസ്സിലാവും.'
വല്ല്യമ്മ പറഞ്ഞു. മുത്തശ്ശിയുടെ പത്തു മക്കളിൽ ലക്ഷ്മിവല്ല്യമ്മ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു.
വല്ല്യമ്മ പറഞ്ഞത് മുഴുവൻ ബോധ്യാവാത്തതുകൊണ്ടായിരിക്കണം കുട്ടേട്ടൻ ഉറക്കെത്തന്നെയാണ് പിന്നെയും വർത്തമാനം പറഞ്ഞത്.
'മുത്തശ്ശി പറയൂ ഇതാരെയാണ് ഞാൻ കൊണ്ടന്നിരിക്കണത്?'
മുത്തശ്ശി എന്നെയൊന്നു നോക്കി. അവരിരുന്ന ബെഞ്ചിന്മേൽ വന്നിരിക്കാൻ ആംഗ്യം കാണിച്ചു. അടുത്തു ചെന്നിരുന്ന എന്റെ മുഖത്ത് കുറച്ചുനേരം നോക്കിയ ശേഷം അവർ പറഞ്ഞു.
'ഇത് സുഭദ്രടെ മോനാണ്. എന്താ നെന്റെ പേര്?'
ഞാൻ പറഞ്ഞില്ലെ എന്ന ഭാവത്തിൽ കുട്ടേട്ടൻ എന്നെ നോക്കി.
ഞാൻ പേര് പറഞ്ഞു. വളരെ താഴ്ന്ന സ്വരത്തിൽത്തന്നെ. വല്ല്യമ്മ പറഞ്ഞതു ശരിയാണ്. ബഹളം കൂട്ടാതെ പതുക്കെ പറയുമ്പോൾ മുത്തശ്ശിയ്ക്ക് മനസ്സിലാവുന്നുണ്ട്.
'നീയ് ഇന്ദിര്യാണ്.' അവളുടെ കൈ പിടിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു. 'വല്ല്യെ കുട്ട്യായി.'
'വാ.' വല്ല്യമ്മ ഇന്ദിരയുടെ കൈ പിടിച്ചുകൊണ്ട് അകത്തേയ്ക്കു പോയി. 'നിന്റെ വിശേഷങ്ങളൊക്കെ കേൾക്കട്ടെ.' കുറച്ചുനേരം അമ്മയെ നോക്കാൻ ഒരാളെ കിട്ടിയല്ലൊ എന്നു വച്ചിട്ടാവും അവർ സ്ഥലം വിട്ടത്.
താൻ സംസാരിക്കുമ്പോൾ ഇടയിൽ കയറി ഒന്നും സംസാരിക്കരുതെന്ന് കുട്ടേട്ടൻ എന്നെ പ്രത്യേകം വിലക്കിയിരുന്നു. കാരണം ഒരിക്കൽ സംസാരം കാടു കയറിയാൽ പിന്നെ നമ്മളുദ്ദേശിച്ച വിവരൊന്നും കിട്ടില്ല. കുട്ടേട്ടൻ സംസാരിക്കാൻ തുടങ്ങി.
ശരിയാണ്, ആ തറവാട്ടിനെപ്പറ്റി, നാലുകെട്ടിനെപ്പറ്റി അവർക്കറിയാത്ത കാര്യങ്ങളില്ല.
'ഞാനവിടെ താമസിക്കുമ്പഴാ എട്ടുകെട്ട് പൊളിച്ചത്.'
'ഓ അപ്പൊ അതൊരു എട്ടുകെട്ടായിരുന്നോ?' അങ്ങിനെ വരട്ടെ എന്ന മട്ടിൽ കുട്ടേട്ടൻ തലയാട്ടി.
'പിന്ന്യല്ലാതെ? എത്ര വലുതായിരുന്നു? ഒരറ്റത്ത്ന്ന് മറ്റെ അറ്റം വരെ എത്താൻ ദൂരം കൊറെ നടക്കണം. അത് പൊളിച്ചിട്ട് നാല്‌കെട്ടാക്കി. ഒക്കെ ചെയ്തത് എന്റെ അമ്മാമനാ. ഉഗ്രപ്രതാപ്യായിരുന്നു.' പിന്നെ സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു. 'എന്തൊക്ക്യോ ഏർപ്പാടുണ്ടായിരുന്നുത്രെ, പണം പലിശയ്ക്ക് കൊട്‌ക്കേ, അങ്ങനെ എന്തൊക്ക്യോ.'
'എന്താ പേര്?'
'ഇട്ടിരാമമേനോൻ. ഒയരം കൊറഞ്ഞിട്ടായിരുന്നു. പക്ഷേ ആൾക്കാർക്കൊക്കെ വല്യെ ഭയായിരുന്നു അങ്ങേരെ. ഞങ്ങളൊന്നും മുമ്പിൽ പോവാറില്ല.'
'എന്തിനാ എട്ടുകെട്ട് പൊളിച്ചത്?'
'കൊറേ താവഴികള് ഭാഗം വാങ്ങിപ്പോയി. പിന്നെ വേറേം കൊറെ പ്രശ്‌നങ്ങളൊക്കെണ്ടായി. ഏട്ടനും അനിയനുംകൂടി വഴക്കായി.'
'ആരാ ഏട്ടനും അനിയനും?'
'ഇട്ടിരാമമ്മാമനും ഏട്ടൻ രായിരുമ്മാമനും. വല്യേ വഴക്കായീന്ന് കേട്ട്ട്ട്ണ്ട്. ഞാനൊക്കെ അന്ന് കുട്ട്യായിര്ന്നില്ലെ. നാലുകെട്ട് ആയേന് ശേഷാ ഞാൻ തെരണ്ടത്.'
'എന്താ അതിനർത്ഥം?' ഞാൻ വിദഗ്ദനോടു ചോദിച്ചു.
'ഇപ്പോൾ അതിനേക്കാൾ വലിയ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.' അയാൾ പറഞ്ഞു. മൂപ്പർക്കും 'തെരണ്ടത്' എന്നതിന്റെ അർത്ഥം അറിയില്ലെന്ന് സ്പഷ്ടം.
'നോക്ക് നമുക്ക് കാതലായിട്ടുള്ള പല വിവരങ്ങളും കിട്ടിക്കഴിഞ്ഞു. ഇനിയും കിട്ടാനുണ്ടോന്ന് നോക്കാം.'
'എന്ന്ട്ട് ആ എട്ടുകെട്ടിലെ സാധനങ്ങളൊക്കെണ്ടോ ഇപ്പഴത്തെ നാലുകെട്ടില് ഒതുങ്ങുണു. കൊറ്യൊക്കെ വിറ്റു. കൊറ്യൊക്കെ ഓരോ മുറീല് കൊണ്ടോയി വച്ചു. ബാക്കിള്ളതൊക്കെക്കൂടി തട്ടിൻപൊറത്ത് തട്ടീര്യക്ക്യാണ്.'
'അതാണ് തട്ടിൻപുറത്ത് നല്ല സാധനങ്ങളൊക്കെ കാണാൻ കാരണം.' കുട്ടേട്ടൻ എന്നോടു പറഞ്ഞു.
'എന്നിട്ടോ മുത്തശ്ശീ.....'
മുത്തശ്ശി, ഏട്ടനും അനിയനും കൂടിയുണ്ടായ കുടുംബവഴക്കിന്റെ കാര്യം പറയുകയായിരുന്നു. അതു മൂത്തുവന്നതിനെപ്പറ്റി. ആ നാലുകെട്ടിൽ താമസിക്കുന്ന ബന്ധുക്കൾക്കുണ്ടായ ശല്യത്തെപ്പറ്റി. അവസാനം ഒരു സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു.
'ഒരീസം രാത്രി ഒറക്കത്തിലാ രായിരുമ്മാമൻ മരിച്ചത്.... ഇട്ടിരാമമ്മാമൻ കൂടോത്രം ചെയ്തിട്ടാന്നാ പറഞ്ഞ് കേട്ടിട്ട്ള്ളത്...... മന്ത്രവാദും ആഭിചാരും ഒക്കെണ്ടാർന്നു മുപ്പര്‌ടെ കയ്യില്.'
'ഇട്ടിരാമമ്മാമന് കുട്ട്യോളൊന്നുംണ്ടായിര്ന്നില്ലെ?'
'ഇല്ല. എങ്ങിനെണ്ടാവാനാ. മുപ്പര് കല്യാണം കഴിച്ചിട്ട് വേണ്ടെ? ന്ന്‌ട്ടെന്താ മരിച്ചപ്പൊ സ്വത്തൊക്കെ മരുമക്കൾക്കും ഏട്ടന്റെ മക്കൾക്കും കിട്ടി. മൂപ്പര്ട്യായിട്ട് ഒന്നും ബാക്കി വച്ചില്ല.'
ബാക്കി വച്ചില്ലെ? ആ കാര്യം മുത്തശ്ശിയേക്കാൾ അറിയുന്നത് ഞങ്ങൾക്കാണ്. പക്ഷേ എന്തൊക്കെ ബാക്കി വച്ചു, വച്ച കാര്യങ്ങൾ എത്രത്തോളം കുഴപ്പം പിടിച്ചതാണ് എന്നതു മാത്രമാണ് അറിയേണ്ടത്. അതിന് മുത്തശ്ശി സഹായിക്കില്ല. കുട്ടേട്ടൻ പറഞ്ഞു.
'മുത്തശ്ശീ, വല്ല്യമ്മ വിളിക്കുന്നുണ്ട്.' വന്നിട്ടില്ലാത്ത വിളി ശ്രദ്ധിക്കുകയാണെന്ന് നടിച്ച് കുട്ടേട്ടൻ ഉറക്കെ പറഞ്ഞു. എന്തോ പറയാൻ പോയ മുത്തശ്ശി അതു നിർത്തി പറഞ്ഞു.
'പോയി നോക്ക്, എന്തെങ്കിലും തിന്നാൻ കിട്ടും.'
അടുക്കളയിലേയ്ക്കു നടക്കുമ്പോൾ കുട്ടേട്ടൻ പറഞ്ഞു. 'നമുക്ക് കിട്ടേണ്ട വിവരങ്ങളൊക്കെ കിട്ടി. ഇനി ഇവിടെ ഇരുന്നാൽ മുത്തശ്ശി നമ്മളെ സംസാരിച്ച് കൊല്ലും. വേഗം മുങ്ങണം.'
അടുക്കളയിൽ ഇന്ദിര പരിപ്പുവട തിന്നുകയായിരുന്നു. ലക്ഷ്മി വല്ല്യമ്മ അവളെ തീറ്റിച്ച് തറവാട്ടിലെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
'ഇരിയ്ക്ക്.' വല്ല്യമ്മ രണ്ടു പ്ലെയ്റ്റുകൾ ഞങ്ങളുടെ മുമ്പിൽ വച്ചുകൊണ്ട് പറഞ്ഞു.
'ഞങ്ങൾക്ക് തിരക്കുണ്ട്.' കുട്ടേട്ടൻ പറഞ്ഞു. അപ്പോഴാണ് ഇന്ദിര തിന്നുന്നത് പരിപ്പുവടയാണെന്ന് മനസ്സിലായത്. 'അല്ല, അത്ര വല്യെ തിരക്കൊന്നുംല്യാ........'
തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോഴാണ് ഇന്ദിരയുടെ കഴിവ് ഞങ്ങൾക്ക് ശരിയ്ക്കും മനസ്സിലായത്. അവൾ പറയുകയാണ്.
'എനിയ്ക്ക് നിങ്ങക്ക് കിട്ട്യേതിനേക്കാൾ വിവരങ്ങള് കിട്ടീട്ട്ണ്ട് വല്ല്യമ്മടെ അട്ത്ത്ന്ന്.'
'എന്ത്?' അവൾ പറഞ്ഞത് മുഴുവൻ പിടി കിട്ടാതെ ഞാനും കുട്ടേട്ടനും ഓരേ സമയം ചോദിച്ചു.
'നിങ്ങക്കേയ് മുത്തശ്ശിടെ അട്ത്ത്ന്ന് കിട്ട്യേതിനേക്കാൾ കൂടുതൽ വിവരങ്ങള് നമ്മടെ തറവാടിനീം വീടിനീം പറ്റി കിട്ടീന്ന്.'
ഞങ്ങൾ വഴിയോരത്ത് അന്തം വിട്ട് നിൽക്കുകയാണ്. അപ്പോൾ ഞങ്ങളുടേത് ഒരപസർപ്പക ദൗത്യമായിരുന്നുവെന്ന് പെണ്ണ് ഊഹിച്ചിരിക്കുന്നു! എന്തായാലും അവളെ പരീക്ഷിക്കണമല്ലൊ. കുട്ടേട്ടൻ ചോദിച്ചു.
'എന്തിനെപ്പറ്റിയാണ് നീ പറേണത്?'
'ആ പഴേ കാരണോരെപ്പറ്റി. എന്താ പേര്?...... ഇട്ടിരാമമേനോൻന്ന്. വല്ല്യേ മന്തവാദിയായിരുന്നത്രെ. നാട്ടിലെല്ലാർക്കും അങ്ങേരെ പേട്യായിരുന്നത്രെ. മുപ്പര് സ്വന്തം ഏട്ടനെ കൂടോത്രം ചെയ്ത് കൊന്നൂത്രെ. നമ്മടെ വീട് ആദ്യം ഒരു എട്ടുകെട്ടായിരുന്നൂ. അതു പൊളിച്ച് നാലുകെട്ടാക്കീത് അങ്ങേരാണ്. അതിന് ഏട്ടൻ സമ്മതിക്കാത്തതിന്റെ ദേഷ്യാത്രെ............'
ഇന്ദിരയുടെ 'ത്രെ, ത്രെ' നിറഞ്ഞുനിന്ന സംസാരം കേട്ടുകൊണ്ട് ഞങ്ങൾ വഴിവക്കിൽത്തന്നെ അനങ്ങാൻ വയ്യാതെ നിൽക്കുകയാണ്.
'എന്താ എല്ലാ താവഴിക്കാരും ഭാഗം വാങ്ങി ആ നാലുകെട്ട് വിട്ട് പോവ്വാൻ കാരണംന്നാ? അവിടെ ഈ രണ്ടു കാരണോന്മാര്‌ടെ പ്രേതംണ്ട്‌ത്രെ. വല്ലാത്ത ശല്യായിരുന്നൂത്രെ അവരെക്കൊണ്ട്. അച്ഛന് മാത്രെ അവിടെ താമസിക്കാൻ ധൈര്യണ്ടായുള്ളു. അച്ഛൻ കാട്ടുമാടത്തീന്ന് തിരുമേനിയെക്കൊണ്ടുവന്ന് ഈ രണ്ട് പ്രേതത്തീനീം എവിട്യോ അടക്കീന്ന്.....'
'അതിന്റെ ആവശ്യണ്ടായിരുന്നോ?' കുട്ടേട്ടൻ ചോദിച്ചു.
'എന്തേ?'
'നിന്റെ അച്ഛനെ കണ്ടപ്പോൾ പ്രേതങ്ങള് ഓടിപ്പോയിട്ട്ണ്ടാവില്ലെ?'
ഇന്ദിര കോക്രി കാട്ടി.
ഞങ്ങളുടെ ഭാവി പരിപാടിയിലും കൂടിയാലോചനകളിലും അവളെ പങ്കെടുപ്പിക്കാൻ ആ നിമിഷം ഞങ്ങൾ തീരുമാനിച്ചു.
ഇന്ദിര സംസാരിക്കുകയായിരുന്നു. ലക്ഷ്മിവല്ല്യമ്മയുടെ അടുത്തുനിന്ന് ചോർത്തിയെടുത്ത കാര്യങ്ങൾ. പാവം വല്ല്യമ്മ. ഞങ്ങൾ വിചാരിച്ചത് വല്ല്യമ്മ ഇവൾക്ക് തിന്നാൻ കൊടുത്ത് സന്തോഷിപ്പിച്ച് വീട്ടിലെ കാര്യങ്ങൾ ചോർത്തിയെടുക്കുകയാണ് എന്നായിരുന്നു. മറിച്ചാണുണ്ടായത്. അവൾ ഞങ്ങളേക്കാൾ വിവരം സമ്പാദിച്ചിരിക്കുന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ കൂടിയാലോചനയ്ക്കായി 'ഓഫീസി'ൽ കയറി. ഇന്ദിരയെ ക്ഷണിച്ചു. ഒരു മണിക്കൂർ നേരത്തെ സംസാരത്തിൽനിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങൾ താഴെ കൊടുക്കുന്നു.
1. പണ്ട് ആ പറമ്പിലുണ്ടായിരുന്ന എട്ടുകെട്ടിന് ഇപ്പോഴും നിലനിൽപുണ്ട്, മറ്റേതോ കാലതലത്തിൽ. എന്നുവെച്ചാൽ, കുട്ടേട്ടൻ വിവരിയ്ക്കുകയാണ്, നമ്മള് തട്ടിൻപുറത്ത് പോമ്പ എന്തോ ഒരു പ്രശ്‌നം കാരണം അങ്ങിനെ സംഭവിക്കുന്നു.
(കുട്ടേട്ടൻ ഒരു ശാസ്ത്രജ്ഞനാവുമെന്ന് അന്നേ എനിയ്ക്കു തോന്നിയിരുന്നു. ആ തോന്നൽ ഇപ്പോൾ ശരിയായിരിയ്ക്കയാണ്. അദ്ദേഹം കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ ബയോകെമിസ്റ്റ്രി പഠിപ്പിയ്ക്കുകയാണ്.)
2. നമ്മൾ മൂന്നുപേരും കണ്ട ആ കോണിയ്ക്ക് ഈ തലത്തിലേ നിലനിൽപ്പുള്ളു. ഇന്ദിര അതിൽക്കൂടി ഇറങ്ങി താഴത്ത്, ഏറ്റവും താഴത്ത്, തളത്തിലെത്തിയെന്നു പറയുന്നത് ശരിയായിരിയ്ക്കാം. പക്ഷേ അത് വളരെ അപകടം പിടിച്ച ഒരു കാര്യാണ്. എന്തോ ഭാഗ്യംകൊണ്ടാണ് അവൾ അതിൽനിന്ന് രക്ഷപ്പെട്ടത്. ഇനി ആ കോണി കണ്ടാലും അതിലൂടെ ഇറങ്ങാൻ ശ്രമിയ്ക്കരുത്. ഇത് ആ കാരണവര് ഉണ്ടാക്കിവച്ച ഒരു കെണിയാണ്.
3. നിധി ആ പറമ്പിലെവിടെയോ ഉണ്ടാവണം. പക്ഷേ അതിന്റെ സമയമായാൽ, അത് ആർക്കു വേണ്ടിയാണോ ഉദ്ദേശിച്ചത് അയാൾക്കു മാത്രമേ കാണിച്ചുകൊടുക്കൂ. (അതും പറഞ്ഞ് കുട്ടേട്ടൻ എന്നെ നോക്കി, ഞാനാണ് ആ അവകാശി എന്ന മട്ടിൽ. തട്ടിൻപുറത്തെ എഴുത്തുപെട്ടി തുറക്കാൻ പറ്റാതിരുന്നത് അയാളിൽ ഒരു കോംപ്ലക്‌സ് ഉണ്ടാക്കിയിരുന്നു.) അതുകൊണ്ട് നമ്മളിപ്പോൾ വല്ലാതെ കഷ്ടപ്പെട്ടിട്ടു കാര്യമില്ല. സമയമാവുമ്പോൾ അതു താനെ വെളിവാകും.
4. ഇപ്പോൾ സമയം പാഴാക്കാതെ പഠിക്കാൻ ശ്രമിയ്ക്കുക, പ്രത്യേകിച്ച് നന്ദുവിനെപ്പോലുള്ള മരമണ്ടന്മാരും ഇന്ദിരയെപ്പോലുള്ള മരമണ്ടികളും.
അതും പറഞ്ഞ് കുട്ടേട്ടൻ ചെസ്സ് ബോർഡെടുത്ത് കരുക്കൾ നിരത്താൻ തുടങ്ങി.
'ഞാൻ നിങ്ങൾക്ക് ഇംഗ്ലീഷ് ചെസ്സ് പഠിപ്പിച്ചു തരാം.'
ആദ്യം കുറച്ചു വിഷമമുണ്ടായിരുന്നു. കരുക്കളുടെ പേരുകൾക്ക് മാത്രമല്ല, നീക്കങ്ങൾക്കും വളരെ വ്യത്യാസമുണ്ട്. തേര് ഇംഗ്ലീഷ് ചെസ്സിൽ കാസ്സിലോ റൂക്കോ ആണ്. ആന ബിഷപ്പും, മന്ത്രി രാജ്ഞിയും, കുതിര നൈറ്റും ഒക്കെയാണ്. ചതുരംഗത്തിൽ ആന മൂന്ന് കള്ളികൾ മാത്രം ചാടുമ്പോൾ ഇംഗ്ലീഷ് ചെസ്സിൽ അതേ കരുവായ ബിഷപ്പിന് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ട്. കോണായ കള്ളികൾ ഒഴിഞ്ഞുകിടക്കണമെന്നു മാത്രം. രാജ്ഞിയാകട്ടെ ഒരു നാണവുമില്ലാതെ എല്ലായിടത്തും ഭയങ്കരവേഗത്തിൽ ഓടിനടക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ചെസ്സ് കുട്ടേട്ടന്റെ ഒപ്പം കളിച്ചപ്പോൾ തോറ്റു തുന്നംപാടി, കാരണം അപ്രതീക്ഷിതമായ സ്ഥലത്തുനിന്നായിരിക്കും മൂപ്പരുടെ കരുക്കൾ പ്രത്യക്ഷപ്പെടുക, പ്രത്യേകിച്ച് രാജ്ഞിയമ്മ. പരിചയമായപ്പോൾ പിന്നെ രസമായിരുന്നു.
ഇപ്പോൾ മുപ്പതു കൊല്ലത്തിനുശേഷം അതെല്ലാമോർത്ത് ഞാൻ ചിരിച്ചു. സമയം രണ്ടു മണിയെങ്കിലും ആയിട്ടുണ്ടാവും. എന്താണ് ഉറക്കം വരാത്തത്?
ഇതിനെല്ലാം തുടക്കമിട്ടത് തട്ടിൻപുറത്ത് പോയത് ഓർമ്മയുണ്ടോ എന്ന ഇന്ദിരയുടെ ചോദ്യമാണ്. അതും ചോദിച്ച് കക്ഷി നല്ല ഉറക്കമായിരിയ്ക്കുന്നു. ഞാനിവിടെ ഓരോന്നാലോചിച്ച് ഉറക്കമില്ലാതെ കിടക്കുകയും.
പെട്ടെന്നാണതുണ്ടായത്. ഒരു അണക്കെട്ടു പൊട്ടി വെള്ളം കുത്തിയൊലിയ്ക്കുന്നപോലെ അതു വരികയാണ്. എന്റെ മനസ്സിന്റെ ഏതോ കെട്ട് പൊട്ടിച്ചിതറി, ആ അറിവ് വെളിപാട് പോലെ എന്നിലേയ്ക്ക് ഒലിച്ചിറങ്ങുകയാണ്. ഒഴുക്കിൽ പിടിച്ചുനിൽക്കാൻ വിഷമമായി ഞാൻ നിൽക്കുകയാണ്.
ഞാൻ ഉറക്കെ ഒരു ശബ്ദമുണ്ടാക്കി പിടഞ്ഞെഴുന്നേറ്റിരുന്നു.
'എന്തു പറ്റീ?' ഇന്ദിര പരിഭ്രമിച്ച് എഴുന്നേറ്റു. 'എന്തു പറ്റീ നന്ദേട്ടാ?'