എന്റെ സാധാരണ നോവലുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നാണ് 'അറിയാത്തലങ്ങളിലേയ്ക്ക്.' അത്ഭുതകരമായി പലതും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിനെയെല്ലാം വെറും അന്ധവിശ്വാസമായി തള്ളിക്കളയാന്‍ എന്റെ ശാസ്ത്ര പരിജ്ഞാനം സമ്മതിയ്ക്കുന്നില്ല. ശാസ്ത്രത്തെപ്പറ്റി വലിയ ബോധമൊന്നുമില്ലാത്തവര്‍ക്ക് യുക്തിവാദിയാവാൻ എളുപ്പമാണ്. ഒരു അന്ധവിശ്വാസിയുമാവാം. രണ്ടും, അതായത് യുക്തിവാദവും അന്ധവിശ്വാസവും ഒരേ അളവുകോലിന്റെ രണ്ടറ്റങ്ങളാണ്. അച്ഛന്‍ ഒരിയ്ക്കൽ പറയുകയുണ്ടായിട്ടുണ്ട്. 'എനിയ്ക്ക് യുക്തി മനസ്സിലാവും, പക്ഷെ യുക്തിവാദം, അതെന്താണ്?' എനിയ്ക്കും അതേ പറയാനുള്ളൂ. മറ്റെല്ലാ വാദങ്ങളേയും പോലെ യുക്തിവാദവും ഒരുതരം തീവ്രവാദമാണ്.
ഈ നോവലില്‍ നിങ്ങളുടെ യുക്തിയ്ക്കതീതമായി പലതും കാണാം. എനിയ്ക്കു പറയാനുള്ളത്, ഈ നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നതു പോലെ, 'ഈ പ്രപഞ്ചത്തില്‍ നമുക്ക് മനസ്സിലാവാത്ത പലതുമുണ്ട് മോളെ. എല്ലാമറിയണമെന്ന് എന്താണ് നിര്‍ബ്ബന്ധം?' എല്ലാ വയസ്സിലുള്ളവര്‍ക്കും വായിച്ചാസ്വദിക്കാന്‍ തക്കവണ്ണമാണ് ഞാനീ നോവലിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ഓരോ അദ്ധ്യായമെത്തുമ്പോഴും അതിനെപ്പറ്റി ഗൃഹസദസ്സുകളിലോ ക്ലാസ്സുമുറികളിലോ ഊഹാപോഹങ്ങള്‍ക്കും തുറന്ന ചര്‍ച്ചയ്ക്കും വേദിയൊരുക്കുന്നു ഈ നോവല്‍. വായനയില്‍ ഒട്ടും ബുദ്ധി വേണ്ടെന്നുള്ള അഭിപ്രായമൊന്നും ആര്‍ക്കുമില്ലല്ലൊ. അല്പസ്വല്‍പം ബുദ്ധിയുപയോഗിച്ചാലേ ഈ നോവൽ പൂര്‍ണ്ണമായും ആസ്വാദ്യതയുടെ വരുതിയിൽ വരൂ.
ഈ ലോകത്ത് എറ്റവുമധികം വായിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ നിധി തേടുന്ന കഥകളാണ് എന്നു തോന്നുന്നു. പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആസ്വദിയ്ക്കാമെന്നതായിരിയ്ക്കണം കാരണം. പോരാത്തതിന് തേടിപ്പിടിയ്‌ക്കേണ്ടതായ ഒരു നിധി എല്ലാവരുടെ മനസ്സിലുമുണ്ട്. നമ്മടെ ജിവിതം തന്നെ ആ നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്. അതെന്നെങ്കിലും പെട്ടെന്ന് അവിചാരിതമായി മുമ്പില്‍ പൊന്തിവന്ന് നമ്മെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദഭരിതരാക്കുകയും ചെയ്യുമെന്ന ബോധം എല്ലാവരുടെ മനസ്സിലുമുണ്ട്. അതുകൊണ്ട് ഈ നോവല്‍ വായിയ്ക്കുമ്പോൾ വായനക്കാരന്‍ യാത്ര ചെയ്യുന്നത് സ്വന്തം മനസ്സിന്റെ നിഗൂഢതലങ്ങളിലേയ്ക്കാണ്. അവിടെ അത്ഭുതങ്ങൾ നിങ്ങളെ കാത്ത് പതുങ്ങിയിരിയ്ക്കുന്നുണ്ടാവും, ഈ നോവലിലെ തട്ടിന്‍പുറം പോലെ.
സമയത്തെപ്പറ്റി, കാലത്തെപ്പറ്റിയെല്ലാം എനിയ്ക്ക് എന്റേതായ ധാരണകളുണ്ട്. എന്റെ പല കഥകളിലും ആ സങ്കല്പം വരുന്നുണ്ട്. സമയം ഒരൊറ്റ തലത്തിലല്ലാതെ പല അടരുകള്‍ അല്ലെങ്കിൽ പാളികളായിട്ടാണ് കിടക്കുന്നത് എന്നാണെന്റെ വിശ്വാസം. നാം ഒരൊറ്റ പാളി മാത്രം കാണുന്നത് നമ്മുടെ മനസ്സിന്റെ പരിമിതിമൂലമാണ്. ഒന്നിലധികം തലങ്ങളുള്ള ലോകം എനിക്കിഷ്ടപ്പെട്ട വിഷയമാണ്. അത് സ്വാഭാവിക ചുറ്റുപാടുകളില്‍നിന്ന് പ്രകൃത്യതീത പ്രതിഭാസങ്ങളിലേയ്ക്ക് തെന്നിപ്പോകുന്നത് എന്റെ പല കഥകളിലും കാണാം. താമസി, വടക്കുനിന്നൊരു സ്ത്രീ, ഒരു പഴയ ഓസ്റ്റിന്‍ കാർ, ആശ്രമം ഉറങ്ങുകയാണ്, ജംറയിലെ ചെകുത്താന്‍, മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തില്‍, കാലത്തിന്റെ ഏതോ ഊടുവഴികളിൽ, അന്വേഷണം, കുട്ടിച്ചാത്തന്റെ ഇടപെടലുകള്‍, മറ്റാരാള്‍ എന്നീ കഥകളിലും ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവലിലും പ്രകൃത്യതീത പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇങ്ങിനെയുള്ള കഥകള്‍ കുട്ടികൾ വായിക്കുന്നതിനെപ്പറ്റി ഞാൻ ധാരാളം ആലോചിച്ചിട്ടുണ്ട്. എന്റെ അഭിപ്രായം ഇളം പ്രായത്തില്‍ കുട്ടികളുടെ ഭാവനയ്ക്ക് തിരികൊളുത്താൻ ഈ കഥകള്‍ക്ക് കഴിയുമെന്നു തന്നെയാണ്. കുട്ടിക്കാലത്ത് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രേത കഥകളും അത്ഭുതപ്രതിഭാസങ്ങൾ ഉള്‍ക്കൊള്ളുന്ന കഥകളുമാണ്. ഞാന്‍ അന്ധവിശ്വാസിയായില്ലെന്നു മാത്രമല്ല, ഒരു ശരാശരി ദൈവവിശ്വാസി കൂടിയാവാന്‍ കൂട്ടാക്കിയില്ല. മറിച്ച് എന്റെ ക്രിയാത്മക ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആ വായനയാണ്. എന്റെ മുമ്പിലുള്ള നല്ലൊരുദാഹരണം അച്ഛന്റെ 'പൂതപ്പാട്ടാ'ണ്. കുട്ടികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു കവിതയാണത്. അതു വായിച്ച ഒരു കുട്ടിയും മുതിര്‍ന്നപ്പോൾ അന്ധവിശ്വാസിയായിട്ടുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. ഞാനറിയുന്ന കുട്ടികളൊന്നും ആയിട്ടില്ല. മറിച്ച് അതവരുടെ ഭാവനയ്ക്ക് മഴവില്ലിന്റെ നിറങ്ങള്‍ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടുതല്‍ വായിക്കാൻ പ്രേരിപ്പിയ്ക്കും വിധം അതവരുടെ പ്രജ്ഞയില്‍ വെളിച്ചം വിതറുകയാണുണ്ടായിട്ടുള്ളത്.
ഈ നോവല്‍ കുട്ടികളെക്കൊണ്ടു വായിപ്പിയ്ക്കുക. അതവരുടെ സംസ്‌കാരത്തെ തീര്‍ച്ചയായും ഉയര്‍ത്തും. അപഗ്രഥനത്തിനും വിശകലനത്തിനുമുള്ള സാധ്യതകള്‍ നിറഞ്ഞതിനാൽ കുട്ടികളുടെ ബുദ്ധി വികസിപ്പിയ്ക്കാനുള്ള ഘടകങ്ങളും സ്വാഭാവികമായും ഈ നോവലിൽ ധാരാളമുണ്ട്. ഏതാനും സ്‌കെച്ചുകൾ ചേര്‍ത്തിരിയ്ക്കുന്നത് വരികള്‍ക്കൊപ്പം മനസ്സും എത്തിപ്പെടാൻ സഹായിക്കും. ഇതൊരു നിധി അന്വേഷണത്തിന്റെ കഥയാണ്. സ്വാഭാവികമായും മാപ്പുകളും സ്കെച്ചുകളും ആവശ്യമാവും. ആ മാപ്പുകളാവട്ടെ ഏതൊരു കുട്ടിയ്ക്കും മനസ്സിലാവത്തക്ക വിധത്തിലാണ് വരച്ചിരിയ്ക്കുന്നത്. ചതുരംഗത്തെപ്പറ്റി കുറച്ചു പരാമര്‍ശങ്ങളേയുള്ളു. അതാകട്ടെ മനസ്സിലാക്കാന്‍ ഒട്ടും വിഷമമില്ലാത്തതാണ്. ഈ നോവല്‍ വായിച്ച് ഒരു കുട്ടിയ്‌ക്കോ മുതിര്‍ന്ന ഒരാള്‍ക്കോ ചതുരംഗത്തിൽ താല്പര്യം വരികയാണെങ്കില്‍ അത്രയും നല്ലത്. പക്ഷെ നോവലിന്റെ ആസ്വാദ്യതയ്ക്ക് ഈ കളി അറിയണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. അറിയുന്നവര്‍ക്ക് കൂടുതൽ മനസ്സിലാവുമെന്നു മാത്രം.
നോവലിന്റെ അന്ത്യത്തിന് മാനവീകതയുടേതായ ഒരു മാനം സൃഷ്ടിച്ചത് സ്വാഭാവികം മാത്രമാണ്. എഴുതുന്ന വ്യക്തിയുടെ മനസ്സ് അയാളുടെ എഴുത്തിൽ എങ്ങിനെയായാലും പ്രതിഫലിയ്ക്കാതിരിയ്ക്കില്ല. അതൊരു ബലഹീനതയാണ്. നമ്മള്‍ നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങള്‍. നോവലിന്റെ അന്ത്യവുമായി നിങ്ങള്‍ക്ക് സാധര്‍മ്മ്യം പ്രാപിയ്ക്കാനാവുമെങ്കിൽ എന്റെ നോവല്‍ വിജയിച്ചു എന്നു പറയാം. അങ്ങിനെ ആയില്ലെങ്കിൽ ഇതൊരു പരാജയവുമല്ല. തലയായാലും വാലായാലും നിങ്ങള്‍ ജയിക്കുകതന്നെയാണ്. നിങ്ങള്‍ക്കുള്ളിൽ കുടികൊള്ളുന്ന സംസ്‌കൃതി.