|| Novel

അറിയാത്തലങ്ങളിലേയ്ക്ക്

ഇ ഹരികുമാര്‍

അദ്ധ്യായം 5

ചെമ്പുതകിടുകൊണ്ടുണ്ടാക്കിയ ചതുരംഗപ്പലക ഒരദ്ഭുതമായിരുന്നു. തട്ടിൻപുറത്തുനിന്ന് കിട്ടിയ പൊടിപിടിച്ചു കിടക്കുന്ന ആ തകിട് കുളത്തിൽ കൊണ്ടുപോയി കഴുകിയപ്പോഴാണ് അതിൽ വരച്ചിട്ട കള്ളികളും കരുക്കളും വ്യക്തമായത്. അല്പം കറ അവിടവിടെയായി നിൽക്കുന്നുണ്ടെങ്കിലും തകിട് ഒരുമാതിരി വൃത്തിയായിരുന്നു. അദ്ഭുതകരമായി തോന്നിയത് അതിൽ കൊത്തിവച്ച കരുക്കളാണ്. നടന്നിരുന്ന ഒരു കളി പെട്ടെന്ന് നിന്നപോലെയായിരുന്നു കരുക്കളുടെ വിന്യാസം. ഏതോ സന്നിഗ്ദ്ധാവസ്ഥയിൽ ഒരു കളി മരവിച്ച് ഉറഞ്ഞുപോയ പോലെ. കാലം പെട്ടെന്ന് നിലച്ച പോലെ. എത്ര കാലമായി ആ ചതുരംഗപ്പലക തട്ടിൻപുറത്ത് കിടക്കുന്നു എന്ന് പറയാൻ പറ്റില്ല.

കഴുകിയ വെള്ളം വറ്റിയപ്പോൾ പലക കുറേക്കൂടി തെളിഞ്ഞു. ചെമ്പിന്റെ ചുവപ്പുനിറത്തിൽ കരുക്കളുടെ കറുപ്പുനിറം ഉദിച്ചുവന്നു. കുട്ടേട്ടൻ സൂക്ഷിച്ചുനോക്കുകയായിരുന്നു. മൂപ്പർ നെറ്റി ചുളിച്ചിരിക്കയാണ്. എന്തോ അപ്രിയമായ കാര്യം അതിൽ കണ്ടെന്നു തോന്നുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചുനേരത്തെ അനിശ്ചിതത്വത്തിനു ശേഷം അയാൾ മുഖമുയർത്തി എന്നെ നോക്കി.

'നിനക്കിതിൽ എന്തെങ്കിലും കുഴപ്പം കാണാനുണ്ടോ?'

ഞാൻ സൂക്ഷിച്ചു നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ഞാൻ കുട്ടേട്ടനെ ചോദ്യപൂർവ്വം നോക്കി.

'ഇങ്ങിനെ ഒരു കളിയുണ്ടാവാൻ വയ്യ. ഇതു തെറ്റാണ്. നോക്ക്?'

ഞാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. കളിയിൽ കാര്യമായ ഒരു തെറ്റുണ്ട്. വെളുത്ത ദേവന് മൂന്നു ഭാഗത്തുനിന്ന് അരശു കൊടുത്തിരിക്കയാണ്. തേരുകൊണ്ട് ഒരു വെച്ചരശ്, കുതിരയെക്കൊണ്ട് ഒരു ഇഷ്ടരശ്, ആനയെക്കൊണ്ട് ഒരു പോട്ടരശ്. ഇങ്ങിനെ മൂന്നു കരുക്കളെക്കൊണ്ട് ഒരേ സമയത്ത് അരശു കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല. ഇതൊരു തെറ്റായ കളിയാണ്.

Chess board postion

'ശരിയാണ്.' ഞാൻ പറഞ്ഞു. 'ഇങ്ങിനെയൊരു കളിയുണ്ടാവാൻ വയ്യ.'

'അതെന്താണ് കാണിക്കണത്?' കുട്ടേട്ടൻ ചോദിച്ചു. കുട്ടേട്ടന്റെ സംസാരം ഒരു സ്‌കൂൾ മാസ്റ്ററെപ്പോലെയാണ്. കുട്ടികളെ പഠിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ശൈലി. എന്റെ മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ അയാൾതന്നെ പറഞ്ഞു. 'അതു കാണിക്കുന്നത് ഇത് വെറുമൊരു കളിയല്ലാന്നാണ്. ഇത് മറ്റെന്തിന്റ്യോ സൂചനയാണ്......... എന്തിന്റ്യാണ്ന്ന് നമ്ക്ക് കണ്ടുപിടിക്കണം. വാ നമുക്ക് തട്ടിൻപൊറത്ത് ഒന്നുകൂടി കേറാം. അവിടെ വേറെ എന്തെങ്കിലും സൂചനകള്ണ്ടാവും.'

കുട്ടേട്ടൻ ഒരു നല്ല വായനക്കാരനായിരുന്നു. ഇനി വായിക്കാത്ത ഡിറ്റക്ടീവ് നോവലുകളില്ല. ശരിക്കു പറഞ്ഞാൽ ഡിറ്റക്ടീവ് നോവലുകളും നിധി തേടുന്ന കഥകളും മാത്രമേ മൂപ്പര് വായിക്കൂ. തട്ടിൻപുറം അദ്ഭുതങ്ങൾ നിറഞ്ഞതാണ്. വളരെ പ്രാചീനമായ രഹസ്യങ്ങൾ അവിടെ ഒളിച്ചിരിക്കുന്നുണ്ട്. നാലുകെട്ടിന്റെ മേൽഭാഗം മുഴുവൻ പരന്നു കിടക്കുന്നതാണ് ആ തട്ടിൻപുറം. ഉയരം കുറവാണെന്നു മാത്രമല്ല കൈകൊണ്ട് പിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ഉത്തരങ്ങളും തുലാങ്ങളും നിറയെ കുറുകെ കിടന്നിരുന്നു. ഞങ്ങൾ കുട്ടികൾക്കു കൂടി അതിനു താഴെക്കൂടി കുനിഞ്ഞു നടക്കേണ്ടിവന്നു.

ആദ്യത്തെ പ്രാവശ്യം അതിനു മുകളിൽ പോയപ്പോഴുണ്ടായ അനുഭവം വെച്ചുനോക്കുമ്പോൾ ഇനിയൊരിക്കൽ അവിടെ പോവാൻ ശ്രമിക്കില്ല. എന്റെ പതിനഞ്ചാം പിറന്നാൾ ദിവസമാണത്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ സമയത്താണ് ഞങ്ങൾ ഒന്നാം നിലയിലെ വരാന്തയിൽ വെച്ച, ദ്രവിച്ചു തുടങ്ങിയ മരക്കോണി കയറി വെളിച്ചം കുറഞ്ഞ തട്ടിൻപുറത്തു പോയത്. അവിടം മുഴുവൻ പഴയ മരസ്സാമാനങ്ങൾ ചിതറിക്കിടന്നിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട മേശ, കുറേ കസേലകൾ - എല്ലാം അംഗഭംഗം വന്നവയാണ്, ഒന്നുകിൽ കൈയോ കാലോ നഷ്ടപ്പെട്ടവ, അല്ലെങ്കിൽ ചൂരൽ മെടഞ്ഞത് വിട്ടവ, ഒരു നല്ല കട്ടിൽ - അതെന്തിനാണ് ഉപേക്ഷിച്ചത് എന്നു മനസ്സിലായില്ല, കുറേ ഉപയോഗശൂന്യമായ ചീനഭരണികളും പാത്രങ്ങളും. അവയെല്ലാം പല കാലങ്ങളിലായി ഉപേക്ഷിയ്ക്കപ്പെട്ടവയാവണം. ഉള്ളിലേയ്ക്കു നടക്കുംതോറും എനിയ്ക്കു ഭയമായിത്തുടങ്ങി. വെളിച്ചം കുറവായതിനാൽ ചില മൂലകളിൽ എന്തൊക്കെയാണുള്ളതെന്ന് വ്യക്തമല്ല. അങ്ങിനെ നടക്കുമ്പോഴാണ് ആ എഴുത്തുപെട്ടി കണ്ടത്. ഒരിരുണ്ട മൂലയിലേയ്ക്ക് ചൂണ്ടിക്കൊണ്ട് കുട്ടേട്ടനാണ് പറഞ്ഞത്.

'നോക്ക്, ഒരു പെട്ടി.'

നിലത്തിരുന്ന് എഴുതാനുള്ള ഉയരത്തിൽ നാലു കുറിയ കാലുകളിൽ ആ പെട്ടി നിൽക്കുകയാണ്. കുട്ടേട്ടൻ ചുറ്റും നോക്കി. ഇറയുടെ ഭാഗത്തുനിന്ന് നേരിയ വെളിച്ചം വന്നിരുന്ന സ്ഥലത്ത് ഇഷ്ടികകൾ വെച്ച് അടച്ചിരുന്നു. വെളിച്ചം ഇത്ര കുറയാൻ കാരണം അതാണ്. ഒരുപക്ഷേ കരുതിക്കൂട്ടി ചെയ്തതാവാം, അല്ലാതെ ഇത്രയും വലിയ ഒരു തട്ടിൻപുറത്ത് ഈയൊരു സ്ഥലത്തു മാത്രം വെളിച്ചത്തിന്റെ വഴി എന്തിനു പാടെ മറച്ചുവെച്ചു? ആ പെട്ടിയെ സംബന്ധിക്കുന്ന രഹസ്യ സ്വഭാവം അവിടം മുതൽ തുടങ്ങുന്നു. ഇഷ്ടികകൾ മാറ്റിയപ്പോൾ പെട്ടിയിരിക്കുന്ന സ്ഥലം ഒരുമാതിരി വ്യക്തമായി കാണാൻ പറ്റി. നല്ല പെട്ടി. മൂലകളിലുള്ള പിച്ചളയുടെ അലങ്കാരചിത്രങ്ങൾക്ക് കറ പിടിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു കേടുപാടുകളൊന്നും പറ്റിയിട്ടില്ല. കുട്ടേട്ടൻ അതിനു മുമ്പിലിരുന്ന് മൂടി തുറക്കാൻ നോക്കി. അത് പൂട്ടിയിരിക്കുന്നു. അനങ്ങുന്നില്ല. അയാൾ താക്കോലിനു വേണ്ടി പെട്ടിയുടെ ചുറ്റും തപ്പുകയായിരുന്നു. എഴുത്തുപെട്ടിയുടെ മുകളിലും അടപ്പിന്റെ വശങ്ങളിലും കുട്ടേട്ടന്റെ കൈ തട്ടിയ സ്ഥലത്തെല്ലാം പൊടി നീങ്ങി വിരൽപ്പാടുകൾ തെളിഞ്ഞുവന്നു.

'ഇതിന്റെ താക്കോലിന് ഇനി എവിടെ പോണം?' നിറയെ പൊടിപിടിച്ച് അഴുക്കായ കൈ വിഷണ്ണനായി നോക്കിക്കൊണ്ട് കുട്ടേട്ടൻ പറഞ്ഞു.

'തൊറക്കാൻ പറ്റ്വോന്ന് ഞാൻ നോക്കട്ടെ?'

അതുകൊണ്ട് കാര്യമില്ല, എങ്കിലും വേണമെങ്കിൽ ശ്രമിച്ചോ എന്ന മട്ടിൽ കുട്ടേട്ടൻ തലയാട്ടി. ഞാൻ ആ പെട്ടിയ്ക്കു മുമ്പിലിരുന്ന് ആവുന്നത്ര ശക്തി ഉപയോഗിച്ച് അതിന്റെ മൂടി തുറക്കാൻ നോക്കി. മൂടി തുറക്കാൻ അത്രയും ശക്തി ആവശ്യമുണ്ടായിരുന്നില്ല. എനിയ്ക്കുവേണ്ടി അതു തുറന്നു കിടക്കുകയായിരുന്നു. ശക്തിയിൽ ഞാൻ ആ പെട്ടിയിലേയ്ക്ക് മൂക്കുകുത്തി വീണു. എന്റെ മൂക്ക് നന്നായി വേദനിച്ചു. ഞാൻ നിവർന്നിരുന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു.

'നിന്റെ മൂക്കിൽനിന്ന് ചോര വരുണു.'

'സാരല്യ.'

ഒരു കേടുമില്ലാത്ത പെട്ടിയായിരുന്നു അത്. ഉള്ളിൽ നിറയെ കൊച്ചു കൊച്ചു കള്ളികൾ. ഒരു നീണ്ട കള്ളിയിൽ ഒരു താളിയോലക്കെട്ടുണ്ട് അതു മാത്രം.

'ഇത് മരിച്ചുപോയ ഏതോ കാരണവര്‌ടെ ജാതകാണ്.' കുട്ടേട്ടൻ നിരാശയോടെ പറഞ്ഞു. ആ പെട്ടിയിൽ എന്തെങ്കിലും അദ്ഭുതകരമായ കാര്യങ്ങളുണ്ടാകുമെന്ന പ്രതീക്ഷ തകർന്ന വിഷാദം അയാളുടെ ശബ്ദത്തിലുണ്ട്. ആ കള്ളികൾക്കുമടിയിൽ കുറച്ച് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെ വെറുതെ കയ്യിട്ടു തപ്പി നോക്കിയപ്പോഴാണ് ചെമ്പിന്റെ തകിടിൽ തട്ടിയത്. ഞാനതു പുറത്തേയ്‌ക്കെടുത്തു. സാമാന്യം വലുപ്പമുള്ള ആ തകിട് ചെരിച്ച് പിടിച്ചാലെ എടുക്കാൻ പറ്റു.

'അതെന്താണ്, നോക്കട്ടെ.' കുട്ടേട്ടൻ കൈനീട്ടി വാങ്ങി അതു വെളിച്ചത്തു പിടിച്ചു. 'ചതുരംഗത്തിന്റെ പലക്യാണ്.'

കുട്ടേട്ടന്റെ ബുദ്ധിശക്തി അപാരം തന്നെയെന്നു പറയാൻ തോന്നി. എട്ടു കള്ളികൾ ഓരോ വശത്തായി കറുപ്പും വെളുപ്പും ഇടകലർന്ന് കൊത്തിയിരിക്കുന്നു. പോരാത്തതിന് ആനയെയും, കുതിരയെയും മന്ത്രിയെയും ദേവനെയും കാലാൾപ്പടയെയും അതിൽ വരച്ചു വെച്ചിട്ടുമുണ്ട്.

'ഇതു ചതുരംഗപ്പലകയാണ്ന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാന്നായിരിക്കും നീ വിചാരിക്കണത്.' കുട്ടേട്ടൻ പറഞ്ഞു. പക്ഷെ ഇതെന്താണ് ഇങ്ങിനെ ഒരു ബോർഡ്? ഇതില്‌ണ്ടോ കളിക്കാൻ പറ്റുണൂ?'

'നമുക്ക് പോവ്വാ?' ഞാൻ പറഞ്ഞു. എഴുത്തുപെട്ടി പൂട്ടി ഞങ്ങൾ തിരിച്ച് കോണിയുള്ളിടത്തേയ്ക്ക് നടന്നു. കുട്ടേട്ടൻ കുറച്ചു നേരം നിശ്ശബ്ദനായിരുന്നു. കോണിയെത്തിയപ്പോൾ ഇറങ്ങാതെ കുട്ടേട്ടൻ തിരിഞ്ഞു നിന്നു.

'നീ ഒരു കാര്യം ശ്രദ്ധിച്ചോ?'

ഞാൻ എന്തെന്ന് കണ്ണുകൾ ഉയർത്തി ചോദിച്ചു.

'ആ പെട്ടിയില്ലെ? അത് നീ തുറക്കാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് തുറന്നു. എനിയ്ക്കത് തലകുത്തി മറിഞ്ഞിട്ടും തുറക്കാൻ പറ്റിയില്ല.'

ശരിയാണ്. അതു തുറക്കാൻ ഒട്ടും ശക്തി ആവശ്യമുണ്ടായിരുന്നില്ല എന്നത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.

'എന്താണതിന്റെ അർത്ഥം?' കുട്ടേട്ടൻ എന്ന സ്‌കൂൾ മാസ്റ്റർ ചോദിച്ചു.

ഞാൻ അറിയില്ലെന്ന അർത്ഥത്തിൽ ചുമൽ കുലുക്കി.

'അതിന്റെ അർത്ഥം, ഇത് ആരോ നിനക്കായി ഒരുക്കിവച്ചതാണെന്നാണ്.'

പെട്ടെന്ന് എന്നെ ഭയം ഗ്രസിച്ചു. എങ്ങിനെയെങ്കിലും അവിടെനിന്ന് താഴെയിറങ്ങിപ്പോയാൽ മതിയെന്നായി.

'നമുക്ക് ഒരു കാര്യം ചെയ്യാം.' കുട്ടേട്ടൻ പറഞ്ഞു. 'നീയത് അടച്ചില്ലേ? ഞാനത് ഒരിക്കൽക്കൂടി തൊറക്കാൻ പോവ്വാണ്. നോക്കാലോ.'

തിരിച്ചു തട്ടിൻപുറത്തിന്റെ നിഗൂഢതകളിലേയ്ക്കുതന്നെ ഊളിയിടാൻ താല്പര്യമില്ലാതെ മടിച്ചുനിന്ന എന്നെ പിടിച്ചു വലിച്ചുകൊണ്ട് കുട്ടേട്ടൻ നടന്നു. പെട്ടിയുടെ മുമ്പിലിരുന്നപ്പോൾ കുട്ടേട്ടൻ കുറച്ചു പതറിയ പോലെ തോന്നി. മൂപ്പർ പെട്ടിയുടെ മൂടി ആദ്യം മെല്ലെയും പിന്നെ ശക്തി പ്രയോഗിച്ചും തുറക്കാൻ നോക്കി. പെട്ടി നീങ്ങുകയല്ലാതെ അത് തുറക്കുകയുണ്ടായില്ല. എനിക്ക് വല്ലാത്ത ഭയം അനുഭവപ്പെട്ടു. ഞാൻ പറഞ്ഞു. 'നമുക്ക് പോവാം.'

'ഇനി നീ ഒന്നുകൂടി തൊറക്കാൻ നോക്ക്.' കുട്ടേട്ടൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

ഞാൻ തിരിഞ്ഞ് ഒരു മാതിരി ഓടുകയായിരുന്നു. കോണിയിറങ്ങി താഴെ വരാന്തയിലെത്തിയപ്പോഴാണ് ശ്വാസം വീണത്.

കുട്ടേട്ടൻ വരാൻ കുറച്ചു താമസമുണ്ടായി. ഒരുപക്ഷെ മൂപ്പർ അതിന്റെ അടപ്പ് തുറക്കാൻ ശ്രമിക്കുകയായിരിക്കും. അല്ലെങ്കിൽ?.... കുട്ടേട്ടന് വല്ലതും പറ്റിയിരിക്കുമോ എന്ന ചിന്ത വന്നപ്പോൾ ഞാൻ തിരിച്ചു കോണി കയറാൻ തുടങ്ങി. അപ്പോഴാണ് കണ്ടത്. കുട്ടേട്ടൻ ആ തകിടും പിടിച്ച് മുകളിൽനിന്ന് കോണിയിലേയ്ക്കു കാൽ വെയ്ക്കുകയാണ്.

'നല്ല ആളെയാണ് ഞാൻ ഒപ്പം കൊണ്ടുപോയത്!' കുട്ടേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'എന്താത്ര പേടിയ്ക്കാന്ള്ളത്? വാ നമുക്കിത് കൊളത്തീ കൊണ്ടോയി കഴുകിയെടുക്കാം.'

ഇത്രയുമായ സ്ഥിതിയ്ക്ക് കുളത്തിൽനിന്ന് 'ഇനി അതിന്റെ മുകളിലേയ്ക്കുതന്നെ പോകാ'മെന്നു കുട്ടേട്ടൻ പറഞ്ഞപ്പോൾ ഞാൻ തീർച്ചയാക്കി. ഇനി ഞാനില്ല തട്ടിൻപുറത്തേയ്ക്ക്.

എളുപ്പം ഒരു കാര്യവും തോറ്റു കൊടുക്കുന്ന ആളല്ല കുട്ടേട്ടൻ. സംസാരിക്കാൻ ബഹുമിടുക്കൻ.

'നീ ഒന്നും ചെയ്യേണ്ട. എന്റെ കൂടെ വര്വേ വേണ്ടു. എന്താത്ര പേടിക്കാന്ള്ളത്. ഞാനില്ലേ? നെനക്ക് നല്ല ധൈര്യണ്ട്ന്നാ ഞാൻ കരുതീര്ന്നത്........'

എന്തായാലും പത്തു മിനുറ്റിനുള്ളിൽ ഞാൻ അയാളുടെ പിന്നാലെ തട്ടിൻപുറത്തേയ്ക്കുള്ള കോണി കയറാൻ തുടങ്ങി. തിരിച്ചോടാനുള്ള വഴികളെല്ലാം ഒഴിഞ്ഞു കിടക്കുകയല്ലെ എന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുട്ടേട്ടൻ ആ പെട്ടിയ്ക്കു മുമ്പിൽ ഇരുന്ന് അതു തുറക്കാൻ ശ്രമിച്ചു. എത്ര ശക്തിയുപയോഗിച്ചിട്ടും തുറക്കുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. 'നീ തന്നെ തുറക്ക്.'

എനിയ്ക്കത് തുറക്കാൻ പറ്റുമെന്നത് ഒരു യാഥാർത്ഥ്യമായി കുട്ടേട്ടൻ അംഗീകരിച്ചിരിക്കുന്നു. ഞാൻ നിലത്തിരുന്ന് വിറക്കുന്ന കൈകളോടെ ആ പെട്ടിയുടെ മൂടി തുറക്കാൻ നോക്കി. ഒട്ടും അദ്ധ്വാനം കൂടാതെത്തന്നെ അത് തുറന്നുവന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റു. കുട്ടേട്ടൻ ശരിക്കും അമ്പരന്നിരുന്നു. അതിൽനിന്നുണർന്ന ശേഷം മൂപ്പർ പറഞ്ഞു. 'നീ മാറ്, ഞാനൊന്ന് നോക്കട്ടെ. വേറെ വല്ലതുംണ്ടോന്ന്.'

പെട്ടിയുടെ മുമ്പിലിരുന്ന് കുട്ടേട്ടൻ തപ്പുകയായിരുന്നു. ഓരോ കള്ളികളിലും അവയുടെ അടിയിലുള്ള അറയിലും കൈയ്യിട്ട് തപ്പിനോക്കി. ഒന്നുമില്ല. ആകെയുള്ളത് ആ താളിയോലക്കെട്ടുമാത്രം.

അതു പുറത്തേയ്‌ക്കെടുത്ത് പെട്ടിയടച്ച് മൂപ്പർ എഴുന്നേറ്റു.

'ഇതാരുടെയെങ്കിലും ജാതകക്കുറിപ്പായിരിക്കും. ന്നാലും നമ്ക്ക് കൊണ്ടോവാം. ഒരുപക്ഷെ ആ ചതുരംഗപ്പലകണ്ടാക്ക്യ ആള്ട്യായിരിക്കാൻ വഴീണ്ട്.'

ഞാൻ തലയാട്ടി. എനിക്ക് അല്പം ധൈര്യം കിട്ടിയിരുന്നു. ഞങ്ങൾ തിരിഞ്ഞു നടന്നു. ആദ്യത്തെ ഉത്തരത്തിന്റെ അടിയിൽക്കൂടി നൂഴുമ്പോഴാണതു കേട്ടത്. ഒരു ക്ലിക് ശബ്ദം. പൂട്ട് തിരിയുമ്പോഴുണ്ടാകുന്നതു പോലെ വളരെ വ്യക്തമായി ഒരു ശബ്ദം. ഞാൻ കുട്ടേട്ടന്റെ മുഖത്തു നോക്കി. അയാളും അതു കേട്ടിരുന്നു. മൂപ്പരുടെ ധൈര്യവും ചോർന്നു പോയിരുന്നു. ഞങ്ങൾ തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്നു.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ 2008 മാർച്ച് - ജൂലൈ മാസങ്ങളിലായി സമകാലിക മലയാളം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 19

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2008)

Translations (വിവര്‍ത്തനങ്ങള്‍)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍