ഇ ഹരികുമാര്‍
പ്രതീക്ഷിച്ചതു പോലെത്തന്നെ ആരും ഊണു കഴിച്ചിട്ടുണ്ടായിരുന്നില്ല. സമയം രണ്ടേമുക്കാൽ. ഞാൻ വേഗം കുളിമുറിയിൽ പോയി കയ്യും കാലും മുഖവും കഴുകി, ഇന്ദിര കട്ടിലിന്മേൽ എടുത്തുവച്ച അലക്കിയ കസവുമുണ്ടുടുത്തു പുറത്തു കടന്നു.
'മോളെവിടെ?'
'അവള് മോളില്ണ്ട്.'
'എന്താ ചെയ്യണത്?'
'ആർക്കറിയാം?'
പെട്ടെന്നെനിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. 'നീ അവളെ ചീത്ത പറഞ്ഞു അല്ലെ?'
എനിക്ക് ഇന്ദിരയുടെ മറുപടി ആവശ്യമുണ്ടായിരുന്നില്ല. ഞാൻ മുകളിലേയ്ക്കു കയറി. വന്ദന കട്ടിലിൽ മുഖം തിരിച്ച് കിടക്കുകയാണ്.
'മോളെ നീയെന്താണ് കെടക്ക്ണത്?'
അവൾ മുഖം തിരിച്ചു. അവൾ കരയുകയായിരുന്നെന്നെനിയ്ക്കു മനസ്സിലായി.
'വരൂ, ഊണു കഴിക്ക്യാ.'
'എനിയ്ക്കു വെശപ്പില്ല അച്ഛാ.'
'നല്ല കാര്യായി. പെറന്നാള്കാരൻ, മോളടെ ഒപ്പല്ലാതെ ഊണു കഴിയ്‌ക്ക്യോ? എണീയ്ക്ക്.'
അവൾ വീണ്ടും കരയാൻ തുടങ്ങി. ഞാൻ അവളുടെ അടുത്തിരുന്ന് പുറം തലോടി.
'നീ എന്തു തൊട്ടാവാടിയാണ്. അമ്മ അങ്ങിനെയൊക്കെ പറയും. അതു കേട്ട് നീ കരയ്യാണോ?'
ഇന്ദിര എന്താണ് പറഞ്ഞതെന്നെനിക്കറിയില്ല. ആ ചതുരംഗപ്പലകയിൽ എന്തോ അപകടം പതിയിരിക്കുന്നുണ്ടെന്ന് അവൾ വിശ്വസിച്ചു. അത് എന്റെ കയ്യിൽ പെടാൻ പാടില്ലെന്നതുകൊണ്ടായിരിക്കണം അവൾ ഇത്രയും കാലം അതൊളിപ്പിച്ചു വെച്ചത്.
'എണീയ്ക്ക്.'
ഞാൻ കുനിഞ്ഞ് അവളുടെ നെറ്റിമേൽ ഉമ്മ വച്ചു. അവൾ എഴുന്നേറ്റിരുന്നുകൊണ്ട് ചോദിച്ചു.
'എന്താച്ഛാ ആ ചെസ്സ്‌ബോർഡിന് കുഴപ്പം?'
'കുഴപ്പമോ? ഒന്നുംല്ല്യ മോളെ, അമ്മേടെ ഓരോ തോന്നല്കളാണ്.'
'എന്തോണ്ട്. എനിക്ക് അമ്മേടെ സംസാരത്തീന്ന് മനസ്സിലായി. അല്ലെങ്കിൽ അമ്മ എന്നെ ഇത്ര ചീത്ത പറയില്ല്യ.'
'ഇല്ല മോളെ, അച്ഛനല്ലെ പറയ്ണത്. അച്ഛന്റെ കുട്ടിക്കാലത്ത് തട്ടിൻപുറത്ത്ന്ന് കിട്ടീതാണ്. അച്ഛൻ ഏതുനേരൂം അതോണ്ട് കളിക്ക്യായിരുന്നു. അവസാനം പരീക്ഷേല് തോൽക്കുംന്ന്ള്ള നെല്യായപ്പൊ നിന്റെ മുത്തച്ഛൻ അത് വാങ്ങിവെച്ചതാ. പിന്നെ ഞാൻ അതു കണ്ടിട്ടില്ല.'
'പക്ഷെ അച്ഛാ അതില് കളിക്കാൻ പറ്റില്ല്യല്ലോ? അതില് നെറയെ കരുക്കള് വരച്ചിട്ടിരിക്ക്യല്ലെ?''
'ചതുരംഗം കളിക്ക്യല്ല. ഏതു നേരും അതും കയ്യില് പിടിച്ചോണ്ട് നടക്ക്വന്നെ. അപ്പൊ പഠിത്തൊന്നും നടക്കില്ല. അതു ശരിയാവില്ലാന്ന് മുത്തച്ഛന് തോന്നി, കാരണം മൂപ്പര് അച്ഛനെ കോഴിക്കോട് കോളജിൽ ചേർക്കാൻ തയ്യാറെടുത്തിരിക്ക്യായിരുന്നു. അത്ര്യള്ളു.'
'അതും പിടിച്ചു നടന്നാലെന്താ പഠിച്ചൂടെ? എന്താ വല്ല സ്‌പെല്ലുംണ്ടോ ആ ബോർഡിന്?'
'ഇല്ല മോളെ. അതിന് സ്‌പെല്ലൊന്നുംല്ല്യ.' ആ തകിട് മന്ത്രനിബദ്ധമാണെന്നാണ് വന്ദന കരുതിയത്. 'അച്ഛൻ സ്വതവേ ഒരൊഴപ്പനായിരുന്നു. കിട്ടണ സമയൊക്കെ പറമ്പിൽ വല്ല മരത്തിമ്മലും കേറും. കൊളത്തിൽ ചാടി നീന്തും. അങ്ങിന്യൊക്ക്യായാൽ പഠിത്തം നടക്ക്വോ. പക്ഷെ മോളടെ മുത്തച്ഛൻ വിചാരിച്ചത് ആ ചതുരംഗപ്പലക്യാണ് കാരണംന്നാ.'
വന്ദന തൃപ്തയായെന്നു തോന്നുന്നു.
'മോള് വാ സമയം എത്ര്യായീന്നാ വിചാരം. അച്ഛന്റെ വെശപ്പ് കെട്ടുതൊടങ്ങി.'
അവൾ എഴുന്നേറ്റ് എന്റെ ഒപ്പം താഴെയിറങ്ങി വന്നു.
'ഓ കരയ്യായിരുന്നോ? ഞാനവള് കമ്പ്യൂട്ടറില് എന്തോ ചെയ്യാന്നാ വിചാരിച്ചത്.' ഇന്ദിര പറഞ്ഞു.
'കണ്ടില്ലെ,' ഞാൻ പറഞ്ഞു. 'അത്ര ഗൗരവേള്ളു അമ്മേടെ ചീത്ത പറച്ചിലിന്.'
'ചീത്ത പറയ്യേ?' ഇന്ദിര പറഞ്ഞു. 'ഇങ്ങനെ കൊഞ്ചിച്ച് ചീത്തയാക്കിക്കോളു. അവളെ കെട്ടാൻ വരണ പയ്യനാണ് കഷ്ടപ്പെടുക. തൊട്ടാവാടി.'
'കുറച്ചു കഷ്ടപ്പെടട്ടെ, ഞാൻ നെന്നെക്കൊണ്ട് കഷ്ടപ്പെട്ടപോലെ.' ഞാൻ പറഞ്ഞു. പിന്നെ തിരിഞ്ഞ് എന്റെ അടുത്തുതന്നെ ഇലയ്ക്കുമുമ്പിൽ ഇരിക്കുന്ന വന്ദനയെ നോക്കി പറഞ്ഞു. 'അല്ലെ, അച്ഛന്റെ തൊട്ടാവാടിക്കുട്ടീ? ഇത് അച്ഛന്റെ മുള്ളില്ലാത്ത തൊട്ടാവാടി മകളാണ്.'
വന്ദനയുടെ പിണക്കം തീർന്നിരുന്നു. പിറന്നാൾ ദിവസം നിലത്ത് പുല്ലുപായയിട്ട് അതിലാണ് മൂന്നു പേരും ഇരിക്കാറ്. വലതുവശത്തായി ഒരു നിലവിളക്കിനു മുമ്പിൽ ഇട്ട ഇലയിൽ ഗണപതിയ്ക്ക് സദ്യ വിളമ്പിയിരുന്നു.
ശനിയാഴ്ച ദിവസം ഞാൻ ഉച്ചയ്ക്ക് മുകളിലെ മുറിയിലാണ് ഉറങ്ങാൻ കിടക്കാറ്. വന്ദന അമ്മയെ അടുക്കളയിൽ പാത്രങ്ങൾ മോറാൻ സഹായിക്കും. താഴത്തെ നിലയിൽ അതിന്റെ ബഹളമായിരിക്കും. മുകളിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ രണ്ടു മണിക്കൂർ കിടക്കാം. ഒരാഴ്ചത്തെ ഓഫീസ് ക്ഷീണം തീർക്കുന്നത് ആ രണ്ടു മണിക്കൂറാണ്. ഇന്നു പക്ഷേ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റ് കമ്പ്യൂട്ടർ മേശയുടെ വലിപ്പിൽ ചെമ്പിൽ ആലേഖനം ചെയ്ത ആ ചതുരംഗപ്പലകയ്ക്കു വേണ്ടി തപ്പി. അതവിടെയുണ്ടാകുമെന്ന തോന്നൽ ശരിയായി. എട്ടിഞ്ച് ചതുരത്തിലുള്ള ആ പലകയിൽ ഒരു കളി പകുതിയിൽ നിർത്തിവെച്ചതിന്റെ ചിത്രം. അതൊരു പഴയ വർത്തമാനക്കടലാസിൽ പൊതിഞ്ഞുവച്ചിരിക്കയാണ്. മിഴിവുള്ള കരുക്കളുടെ കറുപ്പു നിറത്തിലുള്ള രേഖാചിത്രം ചെമ്പിന്റെ നിറത്തിൽ ഉദിച്ചുകാണുന്നു. വന്ദന ആ തകിട് നന്നായി കഴുകിയിട്ടുണ്ടാകണം, കാരണം അതിലെ രൂപങ്ങൾക്കൊന്നും വലിയ ഹാനി വരാതെത്തന്നെ ചെമ്പിന്റെ പശ്ചാത്തലത്തിന് നല്ല ഉദിപ്പു വന്നിരിക്കുന്നു. വലത്തുവശത്തു താഴെയായി കുറച്ചു ഭാഗത്തുള്ള എച്ചിങ് കറവന്ന് മൂടിയത് പണ്ടും അങ്ങിനെയായിരുന്നുവെന്ന് ഞാനോർത്തു. അതു പക്ഷേ കളിയെ ബാധിക്കുന്നില്ല. അവിടെ കാലാൾപ്പടയാണ്. അതെത്ര മുന്നോട്ടു പോയിട്ടുണ്ടെന്നു മാത്രം അറിയാൻ പറ്റില്ല. രണ്ടു കൊല്ലക്കാലം ഞാൻ കൊണ്ടു നടന്ന് പെട്ടെന്ന് അപ്രത്യക്ഷമായ ആ ചെമ്പു ചതുരംഗപ്പലക ഞാൻ കൈകൊണ്ട് തലോടി. കരുക്കളുടെ ഭാഗത്തെല്ലാം അല്പം പൊന്തിനിൽക്കുന്നപോലെ തോന്നുന്നു. തോന്നലായിരിക്കും, കാരണം പലക മുഴുവൻ നന്നായി മിനുസപ്പെടുത്തിയിരുന്നു. ഞാനാ പലക മേശവലിപ്പിൽത്തന്നെ തിരിച്ചുവച്ചു കമ്പ്യൂട്ടർ തുറന്നു.
ഇനി വന്ദനയുണ്ടാക്കിയ മാസ്റ്റർപീസ് ഒരിക്കൽക്കൂടി കാണട്ടെ. ഡെസ്‌ക് ടോപ്പിലെ ഷോർട്കട്ടിൽ അമർത്തിയപ്പോൾ അനിമേഷൻ തുടങ്ങി. ആദ്യം പശ്ചാത്തലത്തിൽ വരുന്നത് നിർത്തിവെച്ച ഒരു ചതുരംഗക്കളിയുടെ ചിത്രമാണ്. ആ നിശ്ചലചിത്രത്തിലേയ്ക്ക് ഓരോ വാക്കുകളായി 'ഹാപ്പി' അടുത്ത വരിയിൽ 'ബർത്‌ഡേ' വീണ്ടും അടുത്ത രണ്ടു വരികളിലായി 'ടു' 'ഡാഡി' എന്നെഴുതിവരുന്നു. എല്ലാ വാക്കുകളും വന്നുകഴിഞ്ഞാൽ 'ഹാപ്പി ബർത്‌ഡേ ടു ഡാഡി' എന്ന് നാലഞ്ചു വട്ടം മിന്നിത്തെളിഞ്ഞശേഷം വീണ്ടും ആദ്യം മുതൽ തുടങ്ങുന്നു. എനിക്കദ്ഭുതം തോന്നി. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഞാനവൾക്ക് ജിഫ് അനിമേറ്ററിന്റെ ബീറ്റാ കോപ്പി ഡൗൺലോഡ് ചെയ്തു കൊടുത്തത്. ഇത്രവേഗം അതവൾ പഠിക്കുകയും ഇങ്ങിനെയൊരു അനിമേഷൻ ഉണ്ടാക്കുകയും ചെയ്തില്ലെ?
അനിമേഷൻ നിർത്തിവെച്ച് ഞാൻ 'ഡി' ഡ്രൈവിൽ അനിമേഷൻ ഉണ്ടാക്കിവെച്ച ഫോൾഡർ തുറന്ന് ചതുരംഗപ്പലകയുടെ ചിത്രമെടുത്തു നോക്കി. ചിത്രം സ്‌ക്രീൻ നിറഞ്ഞുനിന്നു. നല്ല മിഴിവുള്ള ചിത്രം. അവൾ ഹൈ റെസലൂഷനിൽ സ്‌കാൻ ചെയ്‌തെടുത്തതാണത്. 300 പിക്‌സലെങ്കിലും ഉണ്ടാവും. അനിമേഷനുവേണ്ടി അവൾ ചിത്രത്തിന്റെ സൈസ് ചുരുക്കിയിട്ടുണ്ടാവണം. കാരണം ആ റെസലൂഷനിൽ ജിഫ് അനിമേറ്ററിൽ അനിമേഷന്നുണ്ടാക്കാൻ പറ്റില്ല. ആ ബെൻ ക്യു ഏസർ സ്‌കാനർ കഴിഞ്ഞ പ്രാവശ്യം കുട്ടേട്ടൻ അമേരിക്കയിൽ നിന്നു വന്നപ്പോൾ മരുമകൾക്ക് വാങ്ങിക്കൊടുത്തവയാണ്. ഓരോ പ്രാവശ്യവും നാട്ടിലേയ്ക്കു വന്നാൽ കുട്ടേട്ടൻ വന്ദനയ്ക്കു വേണ്ടി എന്തെങ്കിലും വാങ്ങാതിരിയ്ക്കില്ല. ഇപ്രാവശ്യവും അയാൾ വന്ദനയോടു ചോദിച്ചു. 'മോൾക്ക് എന്താണ് വേണ്ടത്?' അവൾക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എടുത്ത പടിയ്ക്ക് അവൾ പറഞ്ഞു. 'ഒരു കളർ സ്‌കാനർ.'
'നീ ചെറുതെന്തെങ്കിലും പറേ മോളെ.' ഞാനവളെ ഗുണദോഷിച്ചു. ഒരു സ്‌കാനറിന് ചുരുങ്ങിയത് മൂവ്വായിരത്തഞ്ഞൂറു രൂപയെങ്കിലുമാവുമെന്നെനിയ്ക്കറിയാം.
'നീ മിണ്ടാതിരി.' കുട്ടേട്ടൻ എന്നെ ശാസിച്ചു. അവൾക്കാവശ്യമുള്ളതല്ലെ അവൾ ആവശ്യപ്പെടുക?'
ഉടനെത്തന്നെ അദ്ദേഹം വന്ദനയെയും കൂട്ടി പുറത്തിറങ്ങി. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്നത് ഈ സ്‌കാനറുമായിട്ടാണ്. അതിന്റെ വിലയറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
'ഇനി കുട്ടമ്മാമ ബലിയിടാനെന്നല്ല ഒരു കാര്യത്തിനും ഇന്ത്യേല് നിന്നെ പേടിച്ച് കാലുകുത്തില്ല.'
സ്‌നേഹമുള്ള മനുഷ്യനാണ്. എന്റെ അമ്മാവന് എങ്ങിനെ ഇങ്ങിനെയൊരു സന്തതിയുണ്ടായി?
സ്‌ക്രീനിൽ നിറഞ്ഞുനിന്ന ചിത്രം നോക്കിക്കൊണ്ടിരിക്കെ ഞാൻ അതെല്ലാം ഓർത്തു. കുട്ടിക്കാലം, അതിന്റെ ഗൃഹാതുരത. ചിത്രങ്ങൾ വളരെ മിഴിവുള്ളതായിരുന്നു. മാസത്തിലൊരിക്കലെങ്കിലും നാട്ടിൽ പോകുന്നതുകൊണ്ട് ആ നാലുകെട്ടിന്റെ ചിത്രം മനസ്സിൽ വളരെ സജീവമായിരുന്നു.
സ്‌ക്രീനിൽ നിറഞ്ഞുനിന്ന ചിത്രത്തിൽ നോക്കിയപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ചിത്രത്തിന്റെ വലത്തുവശത്തായി താഴെ എന്തോ എഴുതിയിരിക്കുന്നു. അങ്ങിനെയൊന്ന് ഞാനിതുവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ആ ഭാഗം വലുതാക്കിനോക്കി. എഴുത്തുതന്നെയാണ്. വായിക്കാൻ പറ്റുന്നതിൽ പരമാവധി വലുതാക്കി. അതൊരു നാലക്കസംഖ്യയാണ്. ഒന്നുകൂടി വലുതാക്കിയപ്പോഴാണ് മനസ്സിലായത് അത് 1131 എന്നെഴുതിയതാണ്. 1131? ഞാൻ വീണ്ടും നോക്കി. അതെ 1131 തന്നെ. അത് ഞാൻ ജനിച്ച കൊല്ലമായിരുന്നു. മലയാള വർഷം. എച്ചിങ്ങിന്റെ സമയത്ത് അബദ്ധത്തിൽ വന്നുപെട്ട ഒരു കരടാണെന്നു കരുതിയിരുന്നത് ഞാൻ ജനിച്ച വർഷം കുറിച്ചു വച്ചതായിരുന്നു. ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പ് ഏതോ കാരണവരാണ് ആ ചതുരംഗപ്പലക ഉണ്ടാക്കിവച്ചത്. ആ കാരണവർ മരിച്ചത് ആയിരത്തി എൺപത്തഞ്ചിലോ മറ്റോ ആണ്. അതിനും മുമ്പ് എന്നോ ഉണ്ടാക്കിവച്ച ഒരു പലകയിൽ എന്റെ ജനന വർഷം എഴുതിവച്ചത് യാദൃശ്ചികമാണോ? ഏതൊക്കെയോ അജ്ഞാതമായ വഴികളിലൂടെ വിധി എനിക്കു വേണ്ടി എന്തോ കരുതിവെച്ചിരിയ്ക്കയാണ്. എനിയ്ക്കുവേണ്ടി മാത്രം, കാരണം അതേവരെ ഒരാളും ആ ചതുരംഗപ്പലക ഗൗരവമായി എടുത്തിട്ടില്ല. അമ്മാവൻ ഒരിക്കൽ പറഞ്ഞത് അതുണ്ടാക്കിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ അമ്മാവനാണെന്നാണ്. അദ്ദേഹത്തിന് തലയ്ക്ക് അല്പം അസുഖമാണെന്നും പറഞ്ഞു. തലയ്ക്ക് വട്ടുള്ള ഒരാൾ ചെയ്യുന്നത് ഗൗരവമായി എടുക്കേണ്ടതില്ലല്ലൊ. അതറിഞ്ഞ ശേഷവും ഞാനതു ഗൗരവമായി എടുക്കുകയും അതിന്റെ അർത്ഥമെന്താണെന്ന് അന്വേഷിക്കുകയും എന്റെ രണ്ടു വർഷം പാഴാക്കുകയും ചെയ്തപ്പോഴോ? അതെനിയ്ക്കു മാത്രമുള്ള എന്തോ സന്ദേശമാണ്. അതെടുക്കാനും മനസ്സിലാക്കാനും പക്ഷേ എനിക്കാവുന്നില്ല.
വന്ദന പിന്നിൽ വന്നു നിന്നത് ഞാനറിഞ്ഞില്ല.
'എങ്ങിനെണ്ട് അച്ഛാ?' ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ ചോദിച്ചു.
'നന്നായിട്ട്ണ്ട്.' ഞാൻ പറഞ്ഞു. 'നീയിത് ഹൈ റെസലൂഷനില് ചെയ്തതോണ്ട് നല്ല തെളിമണ്ട്.'
'അച്ഛാ എനിയ്ക്ക് ത്രീ-ഡി അനിമേഷൻ പഠിച്ചാൽ മതി.'
'അത്യോ? പക്ഷേ മോളെ അനിമേഷനില് ചാൻസുകള് വളരെ കുറവല്ലെ ഉള്ളൂ? നേരെ മറിച്ച് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണെങ്കിൽ ഇന്നുതന്നെ ജോലികിട്ടും. നല്ല ശംബളവും ആണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ആയിരക്കണക്കിന് വേണ്ടിവരുമ്പോൾ അനിമേറ്റേഴ്‌സ് വളരെ കുറച്ചല്ലെ വേണ്ടൂ? വെബ് സൈറ്റുകളിലൊക്കെ ഇപ്പോൾ ഫ്‌ളാഷിലാണ് അനിമേഷൻ. ത്രീഡി അനിമേഷനാണെങ്കിൽ കാർട്ടൂൺ ചിത്രത്തിലും വല്ലപ്പോഴും ആർക്കിടെക്ചറിലും മാത്രേ വേണ്ടിവരൂ. നീ അവരേം അന്വേഷിച്ച് നടക്കണ്ടി വരും.'
'അതു സാരല്യ അച്ഛാ.' അവൾ കുറച്ചുനേരം നിശ്ശബ്ദയായി, പിന്നെ അടുത്തിട്ട കസേലയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. 'അച്ഛാ, ഞാനൊരു കാര്യം ചോദിച്ചാൽ അതിന് ശരിക്കുള്ള മറുപടി തര്വോ?'
'നീ പറേ.' അവൾ എന്താണ് ചോദിക്കാനുദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായിരിക്കുന്നു.
'പ്രോമിസ്?'
'പ്രോമിസ്.' അവളുടെ നീട്ടിയ ഉള്ളംകയ്യിൽ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
'എന്താണ് ഈ ചെസ്സ്‌ബോർഡിന്റെ പ്രത്യേകത? എന്തിനാണ് അമ്മ അതൊളിപ്പിച്ചു വെച്ചത്?'
വന്ദനയോട് നുണ പറയാൻ എനിക്കിഷ്ടമില്ലായിരുന്നു. എങ്കിലും അവളുടെ ഭാവിയെ നോക്കിയെങ്കിലും അതിന്റെ രഹസ്യം അവൾ അറിയരുത്. ഞാൻ പറഞ്ഞു.
'അതിലൊന്നുംല്ല്യന്റെ മോളെ. അതൊരു വെറും ചതുരംഗപ്പലക മാത്രാണ്. ഏതോ വട്ടൻ കാരണവര് സമയം കളയാൻ വേണ്ടി ഉണ്ടാക്കിയിട്ടതാണ്.'
'അല്ല, അച്ഛൻ നുണ പറയ്യാണ്.' അവളുടെ സ്വരത്തിൽ പരിഭവം.
'അച്ഛൻ ഒരു കാര്യം പറയട്ടെ മോളെ? ഈ ബോർഡ് അച്ഛന്റെ രണ്ടു കൊല്ലം കളഞ്ഞ സാധനാണ്. മോള് അതൊന്നും അറിയണ്ടാ. അറിയാൻ മാത്രൊന്നുംല്ല്യ. നിന്റെ പരീക്ഷയ്ക്ക് ഇനി നാലു മാസേള്ളൂ. അതിനെടയ്ക്ക് വേണ്ടാത്തതിലൊന്നും എടപെട്ട് മനസ്സ് ചിന്നിപ്പോണ്ട. മോള് പോയി പഠിയ്ക്ക്.'
'ഇല്ല, ഞാൻ പഠിക്കില്ല. ഇതെന്താന്നറിഞ്ഞാലെ ഞാൻ പഠിയ്ക്കു.'
വന്ദനയുടെ കൗതുകമുള്ള മുഖത്തു നോക്കിയപ്പോൾ അവൾ കുട്ടിയായിരിക്കുമ്പോഴുണ്ടായ ഒരു കാര്യം ഓർത്തു. മൂന്നു വയസ്സു പ്രായമുള്ളപ്പോഴാണ്. എന്തെങ്കിലും വാശി സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ അവൾ ഭീഷണിപ്പെടുത്താറുണ്ട്.
'ഞാൻ തുണില്ല്യാതെ മുറ്റത്ത് പോയി നിൽക്കും.'
ഉടുപ്പിടാതെ നടക്കരുത്, പ്രത്യേകിച്ചും പുറത്ത് എന്ന് ഇന്ദിര പറയാറുണ്ട്. ഒരിക്കൽ എന്നോടും ഭീഷണി മുഴക്കിയപ്പോൾ ഞാൻ പറഞ്ഞു.
'നിന്നോ, അച്ഛന് കുഴപ്പൊന്നുംല്ല്യ. വല്ല കാക്കേം പറന്നുപോവുമ്പോൾ നെന്നെ കണ്ടാൽ തോലൂപൊളിച്ച പൂവംപഴാണ്ന്ന് കരുതി കൊത്തിക്കൊണ്ടു പോകും. അത്വന്നെ.'
ഒരിക്കൽ അവളുടെ കയ്യിൽനിന്ന് ഒരു കാക്ക പലഹാരം കൊത്തിക്കൊണ്ടു പോയതിൽപ്പിന്നെ അവൾക്കു കാക്കകളെ പേടിയായിരുന്നു. അതിനു ശേഷം അവൾ ആ ഭീഷണി മുഴക്കിയിട്ടില്ല.
'എന്താ അച്ഛൻ ചിരിക്കണത്?'
'ഒന്നുംല്ല്യ മോളെ.' ഞാൻ പറഞ്ഞു. 'നെനക്ക് നിർബ്ബന്ധാണെങ്കിൽ ഞാൻ പറഞ്ഞുതരാം. ഇന്നും നാളെയും വേണ്ടിവരും അതു മുഴുവൻ തീരാൻ. ഒരു വാഗ്ദാനം തരണം. ഈ കഥ കേട്ടു കഴിഞ്ഞാൽ തിരിച്ച് നിന്റെ പഠിത്തത്തിൽ ശ്രദ്ധിക്കണം. ഇതുതന്നെ ആലോചിച്ച് ഇരിക്കര്ത്.'
'സമ്മതിച്ചു, പറയൂ.'