ഇ ഹരികുമാര്‍
വിനിത അവളുടെ കൊച്ചു സൂട്ട്‌കേസ് ഒതുക്കുകയാണ്. കാര്യമായി ഉടുപ്പുകളാണ്, പിന്നെ കുറച്ചു സൗന്ദര്യം വർദ്ധിപ്പിക്കുന്ന വസ്തുക്കളും. നെയിൽ പോളിഷ്, പൗഡർ ടിൻ, കവിളുകളിൽ അരുണിമ പകരുന്ന റൂഷ്, ഒരു ചെറിയ കുപ്പി ഫ്രെഞ്ച് പെർഫ്യൂം. ഇതൊന്നുംതന്നെ കഴിഞ്ഞ കൊല്ലം കൊണ്ടുപോയിരുന്നില്ല. അവിടെ രജനിച്ചേച്ചിയുടെ അലമാറിയിൽ പൗഡറുണ്ട്. മറ്റൊന്നുമില്ല. ചേച്ചിക്ക് അതിന്റെ തന്നെ ആവശ്യമില്ല. അത്ര ഭംഗിയുള്ള കുട്ടിയാണവൾ. തുടുത്ത നിറം, നീണ്ട തലമുടി, ഭംഗിയുള്ള വലിയ കണ്ണുകൾ. വിനിത ഏറെനേരം അവളെ നോക്കിയിരിക്കാറുണ്ട്. തന്നെക്കാൾ മൂന്നു വയസ്സുകൂടും, പതിനാല്.
തോർത്തെടുക്കാൻ അമ്മയാണ് ഓർമ്മിപ്പിച്ചത്. എവിടെ പോകുകയാണെങ്കിലും സ്വന്തം തോർത്തെടുക്കണമെന്ന് അമ്മ പറയും. എല്ലാവർക്കും നമ്മുടെ മാതിരി വൃത്തിയുണ്ടായെന്നു വരില്ല. പക്ഷേ രജനിച്ചേച്ചിയുടെ കാര്യത്തിൽ വൃത്തി ഒരു പ്രശ്‌നമേയല്ല. കൈ കഴുകിവേണം രജനിച്ചേച്ചിയെ തൊടാൻ.
അവൾ സൂട്ട്‌കേസ് എടുത്തു നോക്കി. ഉം, വലിയ ഭാരമില്ല. മുത്തച്ഛന് പെട്ടിയൊന്നും ഏറ്റാൻ പറ്റില്ല. മുത്തച്ഛന്റെ ഒരു ജോടി ഷർട്ടും മുണ്ടുംകൂടി വേണമെങ്കിൽ ഇതിൽത്തന്നെ വെക്കാം. പാവം മുത്തച്ഛൻ. ആകെയുള്ളത് രണ്ടു ജോഡി ഷർട്ടും മുണ്ടും മാത്രം. രണ്ടു ജോഡികൂടി വാങ്ങട്ടെ എന്ന് ചോദിച്ചാൽ അമ്മയോടു കയർക്കും.
മുത്തച്ഛൻ അമ്മയോടു കയർക്കുന്ന സന്ദർഭങ്ങളുണ്ട്. ഒന്ന് അമ്മ തന്നെ കറമ്പി എന്നു വിളിക്കുമ്പോഴാണ്. മുത്തച്ഛൻ കേട്ടുവന്നാൽ പിന്നെ പൊടിപൂരമായി. തുടങ്ങും പറയാൻ. 'നീ അവളെ കറമ്പിയെന്നു വിളിക്കരുതെന്ന് ഞാൻ കുറേ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൾ കറമ്പിയൊന്നും അല്ല. നിറം കുറച്ച് കുറവാണെന്നു മാത്രം. നിനക്കെന്ത് നെറാള്ളത്? അവള്‌ടെ അത്രേം നെറല്ല്യ. രാമചന്ദ്രനെവിടെ നെറം? നിങ്ങൾക്ക് രണ്ടാൾക്കുംല്ല്യാത്ത നെറം എങ്ങന്യാ അവൾക്ക് കിട്ടണത്?'
അമ്മ ചിരിക്കും. അവൾ ആരും കാണാതെ കണ്ണാടിയുടെ മുമ്പിൽ പോയി നോക്കും. ശരിയാണ് അവൾ കറമ്പിതന്നെയാണ്. ഭംഗിയും കുറവാണ്. കണ്ണുകൾ രജനിച്ചേച്ചിയുടെ കണ്ണുകൾപോലെ വലുതല്ല. മൂക്കിനും ഭംഗി കുറവാണ്. വായ.... അവൾ കണ്ണാടിയുടെ മുമ്പിൽനിന്ന് മാറും.
'വലുതാവട്ടെ, എന്റെ കൊച്ചുമോള് ഒരു അപ്‌സരസ്സാവും. അവളെ കെട്ടാൻ രാജകുമാരന്മാരെപ്പോലത്തെ ചെറുപ്പക്കാര് ക്യൂ നിൽക്കും. നീ കണ്ടോ.' മുത്തച്ഛൻ പറഞ്ഞു.
ആ വാക്കുകൾ അവളെ കഴിഞ്ഞ ഓണത്തിലേയ്ക്കു നയിക്കും. രജനിച്ചേച്ചിയുടെ വീട്ടിൽ ചെലവഴിച്ച ഒഴിവുകാലം. അവളെ സുന്ദരിയെന്നു വിളിച്ച ചേട്ടൻ രജനിച്ചേച്ചിയുടെ അയൽ വീട്ടിലേതായിരുന്നു. രാജുച്ചേട്ടൻ. ഓണത്തിന് പൂവറുക്കാൻ പറമ്പിലേയ്ക്കിറങ്ങിയതായിരുന്നു അവർ. ഒരു പൂമ്പാറ്റയുടെ ഭംഗിയിൽ ആകൃഷ്ടയായി നിൽക്കുകയായിരുന്നു വിനിത.
'ഇങ്ങിനെ അനങ്ങാതെ നിന്നാൽ നീയൊരു സൂര്യകാന്തിപ്പൂവാന്നു കരുതി ഞാൻ അറുത്തുവെന്നു വരും.'
രാജു അടുത്തു വന്ന് പറഞ്ഞു. അവൾക്ക് ലജ്ജയായി. അവൾ തിരിഞ്ഞുനോക്കി. ഇല്ല രജനിച്ചേച്ചി കേട്ടിട്ടില്ല. അവൾ വേലിയുടെ മറുവശത്ത് കാടുപിടിച്ചു നിൽക്കുന്ന ചുവന്ന അരിപ്പൂ ചെടികളിൽനിന്ന് കയ്യെത്തിച്ച് പൂക്കൾ വട്ടിയിലാക്കുകയാണ്. നിറച്ചുകഴിഞ്ഞാൽ പൂവട്ടി ശക്തിയോടെ ചുഴറ്റും. അപ്പോൾ പൂക്കളെല്ലാം അമർന്ന് വട്ടിയുടെ പകുതിയോളമെ കാണൂ. പിന്നേയും നിറക്കും, പിന്നേയും ചുഴറ്റും. ഒക്കെക്കഴിഞ്ഞ് വീട്ടിലെത്തി പൂക്കൾ പുറത്തെടുക്കുമ്പോൾ ഒരു വലിയ കൂമ്പാരമുണ്ടാകും. വിനിത ഒരിക്കൽ പൂവട്ടി ചുഴറ്റിയപ്പോൾ പൂക്കൾ പകുതിയും പുറത്തേയ്ക്കു പോകുകയാണുണ്ടായത്. അതു കണ്ടുനിന്ന രാജുച്ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
'അറിയില്ലെങ്കിൽ വിവരമുള്ളവരോടു പഠിക്കുക. ഇങ്ങട്ടു തരൂ, ഞാൻ കാണിച്ചുതരാം.'
വിനിത പൂവട്ടി വിവരമുള്ള ആൾക്കു കൊടുത്തു. രാജുച്ചേട്ടൻ അതെടുത്ത് ഒരു ചുഴറ്റൽ, പിന്നെ രണ്ടാമതൊന്ന്. അതിൽ ബാക്കിയുള്ള പൂക്കൾകൂടി പുറത്തേയ്ക്കു തെറിച്ചുപോയി.
തലയിലും മുഖത്തും പൂഷ്പാഭിഷേകം നടത്തി നിൽക്കുന്ന വിദഗ്ദനെ നോക്കിക്കൊണ്ട് അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.
'ഓ,' ഒഴിഞ്ഞ പൂവട്ടി പരിശോധിച്ചുകൊണ്ട് രാജുച്ചേട്ടൻ പറഞ്ഞു. 'ചിരിക്കേണ്ട കാര്യമല്ല ഇത്. സാങ്കേതികതയുടെ പ്രശ്‌നമാണ്, കാര്യമാക്കേണ്ട. പൂവട്ടി നിറഞ്ഞു നിൽക്കുമ്പോഴെ ചുഴറ്റാൻ പാടൂ. ഇതും കുട്ടിക്കുള്ള പാഠങ്ങളിൽ ഒന്നായിയെടുത്താൽ മതി.'
പിന്നെ മൂക്കിനു മുകളിൽ തങ്ങിനിന്ന ഒരു പൂവെടുത്ത് പരിതാപകരമായ മുഖഭാവത്തോടെ അതിനെ നോക്കി പൂവട്ടിയിൽ നിക്ഷേപിച്ച് വട്ടി തിരിച്ചുതന്നു.
പാവം രാജുച്ചേട്ടൻ, ഒരിക്കൽപ്പോലും സ്വന്തം പൂവട്ടി ചുഴറ്റേണ്ടി വന്നിട്ടില്ല. ഒരു പൂവറുത്താൽ പിന്നെ ഒരു മണിക്കൂർ സംസാരമാണ്. വൈകുന്നേരംവരെ പറമ്പിൽ നടന്നാലും മുക്കാൽ പൂവട്ടി പൂവേ കിട്ടൂ. അതു കൊണ്ടുപോയി പപ്പടത്തിന്റെ വട്ടത്തിൽ ഒരു പൂക്കളമുണ്ടാക്കും. പൂക്കളം കാണാൻ വിനിത പോയാൽ എന്തോ മഹത്തായ കാര്യം നേടിയിരിക്കുകയാണെന്ന മട്ടിൽ അതു കാണിച്ചു തരികയും ചെയ്യും.
'എന്താ നീ സ്വപ്നം കാണ്വാണോ?' അമ്മ ഇടപെട്ടു. 'നിന്റെ സാധനങ്ങളൊക്കെ എടുത്തുവെച്ച്വോ?'
അമ്മ എപ്പോഴും അങ്ങിനെയാണ്. തന്റെ സ്വപ്‌നങ്ങളിൽ വളരെ കർക്കശമായി ഇടപെടും. പക്ഷേ അതവളെ കൂടുതൽ ഓർമ്മകളിലേയ്ക്കു കൊണ്ടുപോയി. കഴിഞ്ഞ ഓണദിവസമാണ് രാജുച്ചേട്ടൻ ചോദിച്ചത്?
'വിനിത എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?'
എന്തൊരു ചോദ്യമെന്ന മട്ടിൽ അവൾ അയാളെ നോക്കി. നല്ല ഭംഗിയുള്ള മുഖമാണ്. മീശ കുരുത്തു വരുന്നേയുള്ളു. അയാളുടെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉറ്റുനോക്കുകയാണ്. അവർ പറമ്പിൽ ഒരു മൂലയിലായിരുന്നു. അവർക്കും വീടിനുമിടയിൽ സർപ്പക്കാവ് ഇടതൂർന്നു നിന്നു. രജനിച്ചേച്ചി ഓണസദ്യയുണ്ട് മയങ്ങാൻ കിടന്നു. വിനിതക്ക് ഉറക്കം വരാഞ്ഞതുകൊണ്ട് അവൾ പറമ്പിലേയ്ക്കിറങ്ങി നടന്നു. അപ്പോഴാണ് രാജുചേട്ടൻ ഇങ്ങിനെയൊരു ചോദ്യവുമായി വന്നത്. വേലി പൊളിഞ്ഞു വഴിയായ സ്ഥലത്തുകൂടെ വരാതെ അയാൾ പെട്ടെന്ന് എത്താനായി അതിരിലുള്ള മാവിന്റെ മേൽ കയറി ഇപ്പുറത്തേയ്ക്ക് ചാടുകയാണ് ചെയ്തത്. എന്തിനാണ് അങ്ങിനെ ചെയ്തതെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.
'സ്‌നേഹത്തിനു വേണ്ടി യുദ്ധംതന്നെ ചെയ്തവരുണ്ട്. അതു നോക്കുമ്പോൾ ഇതെത്ര നിസ്സാരം?'
പിന്നെയാണ് അയാൾ മുഖത്തുറ്റുനോക്കിക്കൊണ്ട് ആ അദ്ഭുതചോദ്യം തൊടുത്തു വിട്ടത്. 'വിനിത എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?'
'ഞാനെന്നും സ്വപ്നം കാണാറുണ്ടല്ലോ.'
'ഉറക്കത്തിൽ?'
'അതെ...'
'അതിനെ സ്വപ്‌നമെന്നു വിളിക്കാൻ പറ്റില്ല. അതല്ല ഞാനുദ്ദേശിച്ചത്.' പിന്നെ ഒന്നു നിർത്തി വീണ്ടും അവളുടെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ട് അയാൾ തുടർന്നു. 'കുട്ടിക്ക് എത്ര വയസ്സായി?'
'പതിനൊന്ന്.'
'അതാണ് പ്രശ്‌നം.' രാജുച്ചേട്ടൻ ഒരു ദാർശനികനെപ്പോലെ പറഞ്ഞു. 'കുട്ടിക്ക് ഈ പതിനൊന്നിനു പകരം പതിനെട്ടാണെന്നു കരുതു. കാര്യങ്ങളെല്ലാം വളരെ വ്യത്യസ്ഥമായിരിക്കും. ഇനി ഏഴു വർഷങ്ങൾ കഴിഞ്ഞ് ഈ സന്ദർഭം ഓർത്താൽ കുട്ടിക്ക് എന്റെ ചോദ്യത്തിന്റെ പ്രസക്തിയും വ്യാപ്തിയും മനസ്സിലാവും.'
അവൾക്ക് പതിനൊന്നു വയസ്സു മാത്രമായതുകൊണ്ട് അയാൾ പറയുന്നത് മനസ്സിലായില്ല. അവൾ നിരന്തരം സ്വപ്നം കാണാറുണ്ട്. ചിലപ്പോൾ നല്ല സ്വപ്‌നങ്ങൾ, മിക്കവാറും ചീത്ത സ്വപ്‌നങ്ങൾ. ഒരിക്കൽ വല്ലാതെ ചീത്ത സ്വപ്നം കണ്ടുണർന്ന് ബഹളമുണ്ടാക്കി. പിറ്റേന്ന് മുത്തച്ഛൻ ഒരു ചരട് ഊതിച്ചുകൊണ്ടുവന്ന് അവളുടെ കയ്യിൽ കെട്ടി. ക്ലാസ്സിലെ കുട്ടികൾ വല്ലാതെ കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അതൂരിയെറിയുകയാണുണ്ടായത്.
'ഞാൻ പറയുന്നത് ജീവിതത്തെപ്പറ്റിയാണ്.' രാജുച്ചേട്ടൻ വീണ്ടും പറഞ്ഞു. 'ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. സുന്ദരിയായ പെൺകുട്ടി..... അവർ ഒന്നിച്ച് സ്വപ്നം കാണുന്നു......'
അയാൾ പെട്ടെന്ന് നിശ്ശബ്ദനായി. അയാൾ ആലോചനയിലായിരുന്നു. ഇനി എന്താണ് പറയാൻ പോകുന്നതെന്നറിയാൻ വിനിത വീർപ്പടക്കി നിന്നു. അവൾക്കയാളുടെ സംസാരം ഇഷ്ടുമാവുന്നുണ്ട്. എന്തോ ഒരാകർഷണം. രണ്ടുപേർ ഒന്നിച്ചു സ്വപ്നം കാണുക എങ്ങിനെയാണെന്നൊന്നും മുഴുവൻ പിടികിട്ടിയില്ലെങ്കിലും ഒരേകദേശ രൂപം അവൾക്കു കിട്ടുന്നുണ്ടായിരുന്നു. പെട്ടെന്ന് രാജുച്ചേട്ടൻ ധ്യാനത്തിൽനിന്നുണർന്നു.
'വിനിത ഒരു സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'
വിനിത ഓർത്തു നോക്കി. ഓർക്കാൻ അധികമൊന്നുമില്ലെങ്കിലും. ആരും അവൾ സുന്ദരിയാണെന്നു പറഞ്ഞിട്ടില്ല. മറിച്ച് പറഞ്ഞിട്ടുമുണ്ട്. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
'എങ്കിൽ....' അയാൾ സാവധാനത്തിൽ, പക്ഷേ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു. 'വിനിത സുന്ദരിയാണെന്നു കണ്ടുപിടിക്കുകയും അത് ആദ്യമായി പറയുകയും ചെയ്തുവെന്ന പദവി എനിക്കുതന്നെ. ഇത് വിനിതയുടെ ജീവിതത്തിന്റെ താളുകളിൽ തങ്കലിപികളിൽ എഴുതിവച്ചോളൂ.'
അവൾ അലിയുകയായിരുന്നു. ഇങ്ങിനെയൊന്നും ആരും അവളോട് സംസാരിച്ചിട്ടില്ല.
'ഇന്നു വൈകുന്നേരം അമ്മ എന്നെ പിടിച്ച് വീട്ടിൽനിന്നു പുറത്താക്കും. എന്റെ സഞ്ചിയും, ഉടുപ്പുകളും, എന്റെ പ്രിയപ്പെട്ട ഷൂസും എല്ലാംകൂടി മുറ്റത്തേയ്ക്ക്.... ഒരു സ്വകാര്യം പറയട്ടേ? വിനിതയെക്കഴിഞ്ഞാൽ എനിക്കിഷ്ടം എന്റെ രണ്ടായിരം ഉറുപ്പിക വിലയുള്ള ഷൂസുകളാണ്. ആ ഷൂസുകൾ കെട്ടിപ്പിടിച്ചാണ് ഞാൻ ഉറങ്ങാറ്. ആരോടും പറയരുതേ. അപ്പോൾ ഞാനെന്താ പറഞ്ഞുവന്നത്? ങാ, അമ്മ എന്നെ പിടിച്ച് പുറത്താക്കാൻ പോവ്വാണ്, വീട്ടിൽനിന്ന്.'
'ഔ...' വിനിതയ്ക്ക് വിഷമമായി. 'എന്താ കാരണം?'
'ഊഹിച്ചുനോക്കു.'
'അമ്മയ്ക്കിഷ്ടല്ല്യാത്ത് വല്ലൂം പറഞ്ഞോ?'
'ഇല്ല.'
'പിന്നെ?'
'ഒരു ഊഹംകൂടി തന്നിരിക്കുന്നു. ലാസ്റ്റ് ചാൻസ്.'
'രാജുച്ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തുവോ?'
'ഊംഉം. തോറ്റു. ഈ കാര്യത്തിനൊന്നും അമ്മ എന്നെ വീട്ടിൽ നിന്ന് പുറത്താക്കില്ല.'
'പിന്നെ?'
'നാളെ കോളേജ് തുറക്കുന്നു.'
'ഓാ...'
'അപ്പോൾ ഇനി വിനിതയെ കാണുക അടുത്ത ഓണത്തിനു മാത്രം, കാരണം വിനിത ഒരു ഓണപ്പക്ഷിയല്ലേ. ഓണപ്പൂക്കൾ വിരിയുമ്പോൾ മാത്രം പറന്നുവരുന്ന ദേശാടനക്കിളി?'
വിനിതയ്ക്കു പെട്ടെന്നു സങ്കടമായി. അവൾക്ക് രാജുച്ചേട്ടനെ ഇഷ്ടമായി വരികയായിരുന്നു.
'സുന്ദരിയായ ഓണപ്പക്ഷി.'
അയാൾ നിർത്തി ചുറ്റും നോക്കി, സ്വകാര്യമായി പറഞ്ഞു.
'ഞാനൊരു സാഹസം ചെയ്യാൻ പോകുന്നു.'
അവൾ ചോദ്യത്തോടെ അയാളെ നോക്കി.
'വൈകുന്നേരം ഞാൻ പോകുന്നതിനുമുമ്പ് നമ്മൾ ഇനിയും കണ്ടേക്കാം. പക്ഷേ നമ്മെ സംബന്ധിച്ചേടത്തോളം ഇതാണ് വിടപറയൽ. അതുകൊണ്ടാണ് ഞാനീ സാഹസം ചെയ്യാൻ ഒരുമ്പെടുന്നത്. എന്റെ പ്രായത്തിൽ ലോകത്ത് അധികം പേരും ഒരുമ്പെട്ടിട്ടില്ലാത്ത സാഹസമാണത്.'
വിനിതയ്ക്ക് അല്പം പേടിയായി. നേരത്തെ മാവിൻകൊമ്പത്തു കയറി താഴേയ്ക്കു ചാടിയപ്പോൾ തന്നെ അവൾ പേടിച്ചിരുന്നു. ഇനിയെന്തു സാഹസമാണാവോ ചെയ്യാൻ പോകുന്നത്. ചുറ്റുമുള്ള, ചാടാൻ സാധ്യതയുള്ള, ഉയർന്ന മരങ്ങൾ നോക്കി അവൾ ഭയത്തോടെ ചോദിച്ചു.
'എന്തു സാഹസം?'
'പേടിയാവുന്നുണ്ടെങ്കിൽ കണ്ണടച്ചുകൊള്ളൂ.' രാജു പറഞ്ഞു.
അവൾക്കു ശരിക്കും പേടിയായിരുന്നു. അവൾ കണ്ണുകൾ ഇറുകിയടച്ചു.
'പെണ്ണേ, നീയൊന്ന് എണീറ്റ് കുളിക്കാൻ നോക്ക്.' അമ്മയുടെ ശബ്ദം സാധാരണപോലെ അവളുടെ സ്വപ്‌നാടനം തകർത്തു. അമ്മ പോയിക്കഴിഞ്ഞു. അതെപ്പോഴും അങ്ങിനെയാണ്. കുന്നിന്മേൽനിന്ന് ഒരു പാറ ഉരുണ്ടിറങ്ങുന്നപോലെയാണത്. എല്ലാം തകർത്ത പാറ താഴ്‌വാരത്തിലേയ്ക്കു പോകുന്നു, അതു തകർത്ത വസ്തുക്കളെ തിരിഞ്ഞുനോക്കുന്നില്ല.
അവൾക്ക് സ്വപ്നം കാണാൻ ഇനിയും സമയമുണ്ട്. ഉച്ചയ്ക്ക് ഒന്നരക്കാണ് വണ്ടി. ഒരുമണിക്ക് പുറപ്പെട്ടാൽ മതി. ഇപ്പോൾ 10 മണിയായിട്ടേയുള്ളൂ. കുറച്ചുനേരം കൂടി സ്വപ്നം കണ്ടാൽ കുഴപ്പമൊന്നുമില്ല, പ്രത്യേകിച്ച് രാജുച്ചേട്ടനെക്കുറിച്ച്. അവൾ സുന്ദരിയാണെന്നു പറഞ്ഞ ഏകവ്യക്തിയെക്കുറിച്ച്. അയാൾ പറഞ്ഞു. 'കണ്ണടച്ചു നിന്നോളൂ.'
അവൾ കണ്ണടച്ചു നിന്നു. കവിളിൽ സ്പർശം അനുഭവപ്പെട്ടപ്പോഴാണവൾ കണ്ണു തുറന്നത്. രാജുച്ചേട്ടൻ വളരെ അടുത്തായിരുന്നു. അയാൾ അവളുടെ കവിളിൽ മൃദുവായി ഉമ്മവെയ്ക്കുകയാണ്. അവൾക്ക് നാണത്തേക്കാൾ ചിരിയാണ് വന്നത്. ഇതാണോ ഇത്ര വലിയ സാഹസം?
ഇന്നവൾ കുറച്ചുകൂടി വലുതായി. ആൺകുട്ടിയിൽനിന്ന് ഒരു ഉമ്മകിട്ടുക എന്നതിന്റെ അർത്ഥം അവൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. അവൾ ചാടിയെഴുന്നേറ്റു. വല്ല്യമ്മയുടെ വീട്ടിൽ പോകാൻ അവൾക്കു ധൃതിയായി. കുളിക്കണം. കുളിമുറിയിൽ ഷവറിനുതാഴെ കുറെയേറെ നേരം അവൾ നിന്നു. കുളികഴിഞ്ഞു തോർത്തുമ്പോൾ അവൾ കണ്ണാടിയിൽ അവളുടെ മുഖം ശ്രദ്ധിച്ചു. ചെറിയ കണ്ണുകൾ, ഭംഗിയില്ലാത്ത മൂക്ക്, വലിയ വായ, ഇരുണ്ട നിറം. ഒരു നിമിഷം അവൾ രജനിച്ചേച്ചിയുമായി അവളെ താരതമ്യപ്പെടുത്തി.
കട്ടിലിൽ എന്തോ ആലോചിച്ചിരിക്കുന്ന മകളെ കുറേക്കഴിഞ്ഞേ അമ്മ കണ്ടുള്ളൂ. അവർ ചോദിച്ചു.
'എന്താ നീ പുറപ്പെടാതെ ആലോചിച്ചുകൊണ്ടിരിക്കണത്?'
അവൾ മറ്റൊരു ലോകത്തായിരുന്നു. വല്ല്യമ്മയുടെ വീട്ടിലെ പറമ്പിന്റെ അതിരിൽ ഇടതൂർന്നു വളർന്നു പൂത്തുനിൽക്കുന്ന അരിപ്പൂച്ചെടികൾ, മഴയിൽ കഴുകിവൃത്തിയാക്കിയ കടുംപച്ച ഇലകളിൽ വന്നിരുന്ന് വെയിലു കായുന്ന ഓണത്തുമ്പികൾ, സർപ്പക്കാവിലെ ഇടതൂർന്ന മരങ്ങൾ, പിന്നെ അതിരിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മാവിന്റെ കൊമ്പിൽനിന്ന് ചാടിവന്ന.....
'എണീറ്റ് പുറപ്പെട്' അമ്മ വീണ്ടും പറഞ്ഞു.
'അമ്മേ,' അവൾ പറഞ്ഞു. 'ഞാൻ പോണില്ല്യാ വല്ല്യമ്മടെ വീട്ടിലേയ്ക്ക്. മുത്തച്ഛൻ തനിയെ പൊയ്‌ക്കോട്ടെ.'
കണ്ണിൽ നിറഞ്ഞ വെള്ളം അമ്മ കാണാതിരിക്കാൻ അവൾ തിരിഞ്ഞിരുന്നു