കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു


ഇ ഹരികുമാര്‍

മുല്ലപ്പൂവിന്റേയും ചന്ദനത്തിരിയുടേയും വെളിച്ചെണ്ണ ഒഴിച്ചു കത്തിച്ച നിലവിളക്കിന്റേയും സുഗന്ധത്തിൽ, തീക്ഷ്ണമായൊരു സുരതത്തിന്റെ തളർച്ചയിൽ വധു ഉറക്കമായി. സമയം രണ്ടുമണി. അയാൾ ആലോചിക്കുകയായിരുന്നു. തനിക്ക് എന്താണ് പറ്റിയത്? പുറത്ത് ലോകം ഇരുട്ടിൽത്തന്നെ. നഷ്ടപ്പെട്ട എന്തോ ഒന്ന് തേടിപ്പിടിക്കാനെന്നപോലെ മധു ജനലിലൂടെ പുറത്തേയ്ക്ക് ഉറ്റുനോക്കി. തന്റെ ഉള്ളിൽ ഗർജ്ജിക്കുന്ന മൃഗം, അതിന്റെ വന്യത ഒരു വിതുമ്പലിലൊതുക്കികൊണ്ട് നിശ്ശബ്ദനായിരിക്കുന്നു.

മൂന്നു മണിക്കൂർ മുമ്പ് അവൾ തന്റെ മറുപടിക്കുവേണ്ടി അക്ഷമയായി കാത്തിരിക്കുകയായിരുന്നു. വിവാഹരാത്രിയിൽ ഏതു പെൺകുട്ടിയും കേൾക്കാനാഗ്രഹിക്കുന്ന വാചകമാണതെന്ന് അയാൾക്കറിയാമായിരുന്നു. തനിക്കവളെ ഇഷ്ടമായി, വളരെയധികം. അവൾ സുന്ദരിയായിരുന്നു. മരുമകൾ സുന്ദരിയാവണമെന്ന് അമ്മയ്ക്കു നല്ല ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ പ്രശാന്തമായ ജീവിതത്തിന്റെ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു മൂലയിൽ പാഴ്മരം പോലെ വർഷങ്ങളായി വളർന്നുപന്തലിച്ച അതൃപ്തി മകനിലേയ്ക്കു പകരരുതെന്നുണ്ടായിരുന്നു അവർക്ക്. അതുകൊണ്ട് അവർ ഓരോ ആലോചനയും ശ്രദ്ധയോടെ പഠിച്ചു. പെൺകുട്ടികളെ നേരിട്ടു കണ്ടു സംസാരിച്ചു. അവരുടെ നിറം, ദേഹപ്രകൃതി, സ്വഭാവം, സംസാരം എല്ലാം ഒരമ്മയ്ക്കു മാത്രം കിട്ടുന്ന സൂക്ഷ്മദൃഷ്ടിയോടെ, സ്വന്തം കുഞ്ഞിനു ഭക്ഷണം പാകംചെയ്യുമ്പോഴുള്ള ശ്രദ്ധയോടെ പരിശോധിച്ചു. എല്ലാം കഴിഞ്ഞാലും ജാതകവും ഒക്കണം. അങ്ങിനെ എല്ലാം തികഞ്ഞു കിട്ടിയ പെൺകുട്ടിയാണിത്. എന്നിട്ടും പെണ്ണുകാണാൻ തന്റെ ഒപ്പം വന്നപ്പോൾ അവർ ഒരു നൂറുവട്ടം ചോദിച്ചു. 'നിനക്ക് പെൺകുട്ടിയെ നല്ലോണം ഇഷ്ടായോ?' അയാൾക്ക് അവളെ നൂറുവട്ടം ഇഷ്ടമായിരുന്നു.

ഇപ്പോൾ അവൾതന്നെ ആ ചോദ്യം ചോദിച്ചപ്പോൾ അയാൾ സ്വന്തം പുറന്തോടിനുള്ളിലേയ്ക്കു വലിഞ്ഞു പരതുകയാണ്, ഉത്തരത്തിനുവേണ്ടി. അയാൾ അച്ഛനെ ഓർത്തു. അമ്പത്തിരണ്ടാം വയസ്സിൽ മരിക്കുമ്പോഴും അച്ഛൻ സുന്ദരനായിരുന്നു. അച്ഛന്റെ ഒപ്പം നിൽക്കുമ്പോൾ, പുറത്തേയ്ക്കു തള്ളിയ പല്ലുകളും മെലിഞ്ഞ ശരീരവുമായി അമ്മ ഒരു നോക്കുകുത്തിയെ ഓർമ്മിപ്പിച്ചു. അതൃപ്തി ഒരു സ്ഥായീഭാവമായി അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞുനിൽക്കുന്നത് അവൻ കുട്ടിക്കാലംതൊട്ടേ ശ്രദ്ധിക്കാറുണ്ട്. തനിക്ക് അച്ഛനോട് തോന്നാറുള്ള അനുകമ്പയോർത്ത് അവൻ പിന്നീടു പശ്ചാത്തപിക്കും. അമ്മയോട് കൂടുതൽ സ്‌നേഹത്തോടെ പെരുമാറാൻ അതവനെ പ്രേരിപ്പിക്കും.

'എന്താ ഒന്നും പറയാത്തത്?' അവൾ വീണ്ടും ചോദിച്ചു. 'എന്നെ ഇഷ്ടായില്ലേ?'

അയാൾ ചിരിച്ചുകൊണ്ട് അവളെ അടുപ്പിച്ചു. 'നല്ല ഇഷ്ടായി. ഇത്ര സുന്ദരിയായ കുട്ടിയെ ആർക്കെങ്കിലും ഇഷ്ടാവാതിരിക്ക്യോ?'

അതിനു ശേഷം കാര്യങ്ങൾ എളുപ്പമായിരുന്നു. ഇപ്പോൾ പുറത്തുള്ള ഇരുട്ടിലേയ്ക്ക് നോക്കി കിടക്കുമ്പോൾ അയാൾ ആലോചിച്ചു. എന്താണ് കുഴപ്പം? ഒരാഴ്ചക്കുള്ളിൽ എറണാകുളത്തു പോകും. തിങ്കളാഴ്ചയാണ് ലീവു കഴിയുന്നത്. അവിടെ പാലാരിവട്ടത്തെ വാടകവീട്ടിൽ രണ്ടുപേരും മാത്രമായി ഒരു ജീവിതം തുടങ്ങും. ലോഡ്ജിൽ സ്‌നേഹിതന്മാരോടൊത്തുള്ള താമസം അവസാനിക്കുന്നു. അത്രയും നല്ലത്. ഇനി താനും ശ്യാമയും മാത്രം. അമ്മയും വേണ്ട, അമ്മായിയമ്മയും വേണ്ട. അമ്മായിയമ്മ ഒപ്പം വരാമെന്ന നിർദ്ദേശം അമ്മ വീറ്റോ ചെയ്തു.

'അവര് മധുവിധു ആഘോഷിക്കാൻ പോവ്വല്ലേ. നമ്മളൊക്കെ ഒപ്പം ചെന്നാൽ ശര്യാവില്ല്യ.'

'ഒരാഴ്ചത്തെ കാര്യാണ് ഞാൻ പറഞ്ഞത്.' ഒരു ചെറിയ ചമ്മലോടെ അവർ പറഞ്ഞു. 'അവൾക്കൊന്ന് പരിചയാവണവരെ. അവിടെ നിക്കാനൊന്നും അല്ലെങ്കിലും എനിക്ക് പറ്റില്ല. ശ്യാമടെ അച്ഛൻ ഇല്ല്യേ ഇവിടെ? അങ്ങേരടെ കാര്യൊന്നും ഞാനില്ലെങ്കിൽ ശര്യാവില്ല്യ. ഒരു ചായണ്ടാക്കി കുടിക്കാനറിയാത്ത ആളാണ്.'

'അവർക്കിപ്പോൾ ആരടേം കൂട്ട് വേണ്ടിവരില്ല്യ. അവര്തന്നെ കാര്യങ്ങളൊക്കെ നോക്കിക്കോളും.'

അമ്മായിയമ്മ ഒന്നും മറുപടി പറഞ്ഞില്ല. വിവാഹബന്ധങ്ങളിൽ ചെക്കന്റെ വീട്ടുകാർ എടുക്കുന്ന അനർഹവും അനാശ്യാസ്യവുമായ മേൽകോയ്മ അമ്മായിയമ്മയെ നിശ്ശബ്ദയാക്കിയതാവണം.

പാലാരിവട്ടത്ത് ഒന്നാം നിലയിലെ വീട്ടിൽ എത്തിയ ഉടനെ വാതിൽ കുറ്റിയിട്ട്, ശ്യാമയേയും കൈയ്യിലെടുത്ത് കിടപ്പുമുറിയിലേയ്ക്ക് ഓടുമ്പോൾ മധു അമ്മയ്ക്ക് നന്ദി പറഞ്ഞു. ചായപോലും ഉണ്ടാക്കാൻ പഠിക്കാത്ത ശ്വശുരന്റെ പുരുഷമേധാവിത്വത്തിന്നും.

അയാൾ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്കു നോക്കി. പുറത്ത് നഗരവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ ഇരുട്ട് കൊച്ചുകൂടാരങ്ങളിലൊതുങ്ങി. ശ്യാമ ഉറക്കമായിരിക്കുന്നു. കുളിമുറിയിൽ പോയി വന്ന കിടപ്പാണ്. ഉടുപ്പിടാൻപോലും സമയമില്ലാതെ അവൾ നിദ്രയിലാഴുന്നു. അവളെ സംബന്ധിച്ചേടത്തോളം സുരതം ഒരു ഉറക്കഗുളികയാണ്. 'ഞാൻ ഇത്ര പെട്ടെന്ന് ഉറങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.' അവൾ പറയും. 'എന്തിനാണ് എന്നെ ഇത്രയധികം സുഖിപ്പിക്കുന്നത്?'

ശ്യാമ ഉറങ്ങിയാൽ അവളുടെ മനോഹരമായ നഗ്നശരീരത്തിന്മേൽ ഒരു പുതപ്പ് വലിച്ചിട്ട് മധു എഴുന്നേൽക്കുന്നു. ജനലിലൂടെ പുറത്തേയ്ക്ക് ഉറ്റുനോക്കുന്നു. തന്റെ ഉള്ളിലെ മൃഗം എവിടെപ്പോയി?

ഒരു ദിവസം മധു ഓഫീസിൽനിന്നു വന്നപ്പോൾ അമ്മായിയമ്മ എത്തിയിരുന്നു. വരുന്ന കാര്യം അവർ അറിയിച്ചിരുന്നില്ല. അയാൾ ശ്യാമയെ സംശയത്തോടെ നോക്കി. അവർക്കതു മനസ്സിലായെന്നു തോന്നുന്നു.

'ഒരു മാസായില്ലേ കണ്ടിട്ട്. ഒന്ന് കാണാമെന്നുവച്ച് വന്നതാ.'

ഇതിൽ ക്ഷമാപണത്തിന്റെ ആവശ്യമെന്താണ്? ഒരാഴ്ചയായി ശ്യാമയുടെ പ്രഭാതങ്ങൾ വിഷമകരമായിരുന്നു. എഴുന്നേൽക്കാൻ വിഷമം, എഴുന്നേറ്റ ഉടനെ കുളിമുറിയിലേയ്ക്ക് ഓടുന്നു. ചെറുനാരങ്ങ വാസനിച്ചുകൊണ്ട് ശർദ്ധിക്കാനുള്ള പ്രവണതയ്ക്ക് കടിഞ്ഞാണിടുന്നു. അവൾ അമ്മയ്ക്ക് കത്തെഴുതിയിട്ടുണ്ടാവണം. അങ്ങിനെ കത്തെഴുതിയെന്ന് തന്നോടു പറയരുതെന്നും വിലക്കിയിട്ടുണ്ടാവണം. സാരമില്ല.

അമ്മായിയമ്മ വരുമ്പോൾ ഒപ്പം ഒരു ജോലിക്കാരിയേയും കൊണ്ടുവന്നിട്ടുണ്ടെന്ന് അടുക്കളയിൽ ചെന്നപ്പോഴാണ് മനസ്സിലായത്. നാൽപത് നാൽപ്പത്തഞ്ചു വയസ്സു പ്രായം. തടിച്ച് ഇരുണ്ട പ്രകൃതം. മുഖത്ത് വസൂരിക്കലകൾ. സൗന്ദര്യം അവരുടെ നാലയലത്തുപോലും എത്തിയിട്ടില്ല. അയാൾക്ക് പെട്ടെന്ന് അവരോട് അനുകമ്പതോന്നി. അവർ അയാൾ അകത്തുകടന്നത് ശ്രദ്ധിക്കാതെ പച്ചക്കറി നുറുക്കുകയാണ്. തന്റെ സാന്നിദ്ധ്യം അവരെ സ്വാത്മബോധമുള്ളവളാക്കുന്നു എന്നറിഞ്ഞപ്പോൾ അയാൾ പുറത്തു കടന്നു.

ഒരു ജോലിക്കാരിയെ വെക്കുകയാണെങ്കിൽ ഇതുപോലൊരുത്തിയെയല്ല അയാളുടെ മനസ്സിലുണ്ടായിരുന്നത്. ഇത്ര വയസ്സില്ലാത്ത, കുറച്ചുകൂടി ഭംഗിയുള്ള, പ്രസാദാത്മകമായ മുഖമുള്ള ഒരുത്തി. അയാൾ നിരാശനായി.

'ഞങ്ങടെ വീട്ടില് ഇരുപതുകൊല്ലായിട്ട് ജോലിയെടുത്തിരുന്ന സ്ത്രീയാണ്.' അമ്മായിയമ്മ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു. 'എല്ലാ ജോലീം എടുക്കും. ശ്യാമക്ക് സഹായാവുംച്ചിട്ട് കൊണ്ടന്നതാ.'

'സാരല്ല്യ.' അയാൾ പറഞ്ഞു. പറഞ്ഞുകഴിഞ്ഞ ഉടനെ അയാളാലോചിച്ചു. എന്തിനാണ് സാരമില്ല എന്നു പറഞ്ഞത്. നന്നായി എന്നു പറയാമായിരുന്നില്ലേ. അമ്മായിയമ്മയുടെ ശുഷ്‌കാന്തിയെ ശ്ലാഘിക്കാമായിരുന്നില്ലേ. തനിക്കൊരിക്കലും അവസരത്തിനൊത്ത് ഉയരാൻ കഴിയാറില്ല.

അമ്മായിയമ്മ പിറ്റേന്നുതന്നെ മടങ്ങി. ഒരാഴ്ചക്കകം മധുവിന് തന്റെ അഭിപ്രായങ്ങൾ തിരുത്തേണ്ടി വന്നു. ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക സ്വാദ്. ജോലിക്കാരി നല്ല പാചകക്കാരിയാണ്. വൈവിദ്ധ്യം നിറഞ്ഞ വിഭവങ്ങൾ ഉണ്ടാക്കി, ഭംഗിയായി മേശപ്പുറത്തു കൊണ്ടുവന്നു നിരത്തി അവർ പിൻവാങ്ങി. അലമാറി തുറന്നാൽ തന്റെ വസ്ത്രങ്ങൾ എപ്പോഴും അലക്കി തേച്ചുവച്ചിരിക്കുന്നതു കാണാം. വീടു വൃത്തിയായി സൂക്ഷിക്കുന്നതിലും അവർ മിടുക്കിയായിരുന്നു. എല്ലാം അതാതിന്റെ സ്ഥാനത്തുതന്നെ നിലകൊണ്ടു. അദ്ഭുതകരമായിട്ടുള്ളത് അവർ ഒരിക്കലും തന്റെ മുമ്പിൽ വന്നു പെട്ടിരുന്നില്ലെന്നതാണ്. ആ ചെറിയ വീട്ടിൽ അതൊരദ്ഭുതം തന്നെയായിരുന്നു. സ്വയം വെളിപ്പെടാതെ വെളിച്ചം തരുന്ന ഒരു വിളക്കുപോലെ അവർ, കർമ്മംകൊണ്ടുമാത്രം, സ്വന്തം സാന്നിദ്ധ്യമറിയിച്ചു.

അയാളെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത് ആ സ്ത്രീയുടെ പേരെന്താണെന്ന് ശ്യാമക്കറിയില്ലെന്നതാണ്. അവർ ജോലിക്കാരിയായിരുന്നു. അവളുടെ വീട്ടിൽ കഴിഞ്ഞ ഇരുപതു കൊല്ലമായി ആ സ്ത്രീ ജോലി ചെയ്തു. രണ്ടാം വയസ്സുതൊട്ട് അവൾ അവരെ നന്നമ്മ എന്നു വിളിച്ചു. ഒരിക്കലെങ്കിലും അവരുടെ ശരിക്കുള്ള പേരെന്താണെന്നന്വേഷിക്കാൻ അവൾക്കു തോന്നിയിട്ടില്ല. മറ്റുള്ളവരും ആ കൊച്ചുകുട്ടിയെ അനുകരിച്ചു നന്നമ്മയെന്നുതന്നെ വിളിച്ചു. കാലം അവരുടെ ശരിക്കുള്ള പേര് വളരെ വിദഗ്ദമായി ആ കുടുംബാംഗങ്ങളുടെ മനസ്സിൽനിന്നു തുടച്ചുനീക്കി.

'അവർക്കുതന്നെ ശരിക്കുള്ള പേര് ഓർമ്മയുണ്ടോ എന്നു കണ്ടറിയണം.' ശ്യാമ ഒരു ദിവസം പറഞ്ഞു.

കല്യാണം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ തൊട്ട് ജോലിക്കുവന്നതാണ്. പിന്നെ ക്രമേണ സ്വന്തം വീട്ടുകാർ അവരെ മറന്നു. അവർ മറ്റൊരു വീട്ടിന്റെ, മറ്റൊരു കുടുംബത്തിന്റെ പ്രാന്തത്തിൽ സ്വന്തമായൊരു നിലനില്പുണ്ടാക്കുകയായിരുന്നു. അവരിലൊരാളാണെന്ന തോന്നലുണ്ടാക്കി, എന്നാൽ അവരിലൊരാളല്ലാതെ, സ്വന്തമെങ്കിലും അനിശ്ചിതമായൊരു അസ്തിത്വം.

അത് വേദനാജനകമായിരിക്കണമെന്ന് മധുവിന് തോന്നി. കഴിഞ്ഞ രണ്ടാഴ്ചയായി അവരുടെ ജീവിതം, നിഷ്ഫലമായൊരു നിഴലിനെ നായാടുന്ന കൗതുകത്തോടെ, അയാൾ പിന്തുടരുകയായിരുന്നു. ശ്യാമയുടെ വിവരണങ്ങൾ ആ നിഴലിനു നിറം കൊടുത്തുവെന്നുമാത്രം. അന്വേഷണത്തിന്റെ അന്ത്യം, അങ്ങിനെയും ഒരു ജീവിതം എന്ന നിരർത്ഥത്തിലൊടുങ്ങി.

ഏറ്റുമുട്ടലുണ്ടായത് ഒരു ശനിയാഴ്ചയായിരുന്നു. അയാൾ ഉച്ചയ്ക്ക് വീട്ടിലെത്തി താക്കോലിട്ട് വാതിൽ തുറന്നകത്തുകടന്നപ്പോൾ ശ്യാമ സോഫമേൽ കിടക്കുകയാണ്. അന്ന് രാവിലെ കുറേ ശർദ്ധിച്ചതുകാരണം അവൾ തളർന്നിരുന്നു.

'മേശപ്പുറത്ത് എല്ലാം വച്ചിട്ടുണ്ട്.' അവൾ ക്ഷീണസ്വരത്തിൽ പറഞ്ഞു. 'ഒന്ന് വിളമ്പിക്കഴിക്കാമോ?'

അയാൾ അവളുടെ അടുത്തിരുന്നു പുറം തലോടി.

'നീ ഊണു കഴിച്ച്വോ?'

കഴിച്ചെന്ന് അവൾ ആംഗ്യം കാട്ടി. അയാൾക്ക് വിശന്നിരുന്നു. ശനിയാഴ്ച ഒന്നരവരെ ഓഫീസുണ്ട്. അതുകഴിഞ്ഞ് അരമണിക്കൂർ യാത്രകഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് കഠിന വിശപ്പായിരിക്കും. സ്വീകരണമുറിയുടെ അറ്റത്താണ് ഊൺമേശ. എല്ലാം കുപ്പിപ്പാത്രങ്ങളിലാക്കി അടച്ചുവച്ചിരുന്നു. കുപ്പിപ്പാത്രങ്ങൾ ജോലിക്കാരിയാണ് അവതരിപ്പിച്ചത്. കടലാസുപെട്ടികളിലും അലമാറിയിലും മറ്റുമായി എടുക്കാതെ വച്ചിരുന്ന ഡിന്നർസെറ്റുകൾ എടുത്ത് കഴുകി ഉപയോഗിക്കാൻ തുടങ്ങിയത് അവർ വന്നതിനു ശേഷമായിരുന്നു. എല്ലാം കലാപരമായി മേശപ്പുറത്തു വച്ചിരുന്നു.

അയാൾ അടുക്കളയിലേയ്ക്കു നോക്കി. നോക്കെത്താദൂരത്തൊന്നും അവരെ കണ്ടില്ല. അതെപ്പോഴും അങ്ങിനെയാണ്. അവർ തൊട്ടടുത്തുണ്ടാവും, അദൃശ്യയായി. അയാൾ ഊണുകഴിക്കാൻ തുടങ്ങി.

ഊണു കഴിഞ്ഞ് കൈ കഴുകാനായി വാഷ്‌ബേസിന്റെ ടാപ്പു തിരിച്ചു. വെള്ളം നിന്നിരിക്കുന്നു. വീട്ടുടമസ്ഥൻ പമ്പുചെയ്യാൻ മറന്നിട്ടുണ്ടാവും. അയാൾ ഇടനാഴിയിലുള്ള കുളിമുറിയുടെ വാതിൽ തുറന്നു.

വാതിൽപ്പൊളി പിടിച്ചുകൊണ്ട് അനങ്ങാനാവാതെ അയാൾ നിന്നു. അയാൾക്ക് വേണമെങ്കിൽ ആ വാതിൽ തുറന്നപോലെത്തന്നെ അടക്കാം. തിരിച്ചുപോയി കിടപ്പറയിലെ കുളിമുറിയിൽ കയറാം. അവിടെയും ബക്കറ്റിൽ വെള്ളം പിടിച്ചുവച്ചിട്ടുണ്ടാവും. പക്ഷേ മുമ്പിൽ കണ്ട കാഴ്ച അയാളെ ഭ്രമിപ്പിച്ചിരുന്നു. നന്നമ്മ അയലിൽനിന്ന് ഒരു തോർത്തെടുത്ത് മാറു മറച്ച്, ഒന്നും സംഭവിക്കാത്ത പോലെ ഒരു മഗ്ഗിൽ വെള്ളമെടുത്ത് അയാൾക്കു കൊടുക്കന്നതുവരെ കണ്ണെടുക്കാനാവാതെ അയാൾ അതു നോക്കിക്കൊണ്ടു നിന്നു.

രാത്രി അയാൾ ഉറക്കമില്ലാതെ കിടന്നു. തന്റെ ഉള്ളിലെ മൃഗത്തിന്റെ ഗർജ്ജനം അയാൾക്കിപ്പോൾ നല്ലപോലെ കേൾക്കാം. ശ്യാമ ഉറക്കമായതിനുശേഷം അയാൾ ആ ദൃശ്യം, അത്രതന്നെ പ്രധാനപ്പെട്ടതല്ലാത്ത ഒരു കഥാപാത്രത്തെ ക്ലോസപ്പിൽ കാണിക്കുന്ന കാമറാമാന്റെ അനൗചിത്യത്തോടെ വീണ്ടും വീണ്ടും ഓർത്തു. അവർ പാവാട മാത്രം ധരിച്ച് നിൽക്കുകയായിരുന്നു. കുളിക്കാനുള്ള ശ്രമത്തിലാണ്. ബ്ലൗസും അടിവസ്ത്രവും അപ്പോൾ ഊരി തിരുമ്പാനുള്ള ബക്കറ്റിലേയ്ക്കിട്ടത് പാതി പുറത്തു തൂങ്ങിക്കിടന്നിരുന്നു. അടിപ്പാവാടയും അഴിക്കാനുള്ള ഒരുക്കമാണ്. ഓർക്കാപ്പുറത്ത് വാതിൽ തുറന്ന് മുമ്പിൽ വന്നുപെട്ട ചെറുപ്പക്കാരന്റെ സാന്നിദ്ധ്യം അവരെ ഒന്നു ഞെട്ടിച്ചുവെന്നു മാത്രം. അവർ സമനില വീണ്ടെടുത്തു, അക്ഷോഭ്യയായി അയലിൽനിന്ന് തോർത്തെടുത്ത് മാറു മറച്ച് ഒരു കപ്പിൽ വെള്ളമെടുത്ത് അയാൾക്കു കൊടുത്തു. ഏതാനും സെക്കന്റുകൾ മാത്രം. പക്ഷേ ആ സെക്കന്റുകൾ നിർണ്ണായകമായിരുന്നു. അവരുടെ ശക്തമായ നിറഞ്ഞ മാറിൽ അയാളുടെ കണ്ണുകളുടക്കിനിന്നു. സ്വധർമ്മം പൂർണ്ണമായി പുലർത്താൻ കഴിയാതിരുന്ന തോർത്തുമുണ്ടിന്നടിയിലെ മുഴുമുഴുപ്പ് ഒരു വെല്ലുവിളിയായി അയാളെ എതിരേറ്റു.

ഇപ്പോൾ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആരോഗ്യമുള്ള ഒരു മാറിടം മനസ്സിനെ അസ്വസ്ഥമാക്കുമ്പോൾ അയാൾ ഒരു നാലു വയസ്സുകാരനായി. ഒരിക്കലും കിട്ടാത്ത പൂമ്പാറ്റയെ പിടിക്കാൻ ഓടി നടക്കുന്ന ഒരു അതൃപ്തനായ കുട്ടി. അമ്മയുടെ മടിയിൽ കിടന്ന് മുല കുടിക്കുന്ന അനുജനെ അസൂയയോടെ നോക്കിനിന്ന് എല്ലാ അർത്ഥത്തിലും അതൃപ്തനായ കുട്ടി. അമ്മയുടെ ശോഷിച്ച മാറിലെ ചെറിയ അമ്മിഞ്ഞ വായിലിട്ട് പാൽ കുടിക്കുന്ന അനുജനു നേരെ അസൂയയേക്കാൾ സഹതാപമാണ് തോന്നിയിരുന്നത്? തന്നെ ശ്രദ്ധിച്ചുകൊണ്ട് ഇരുപത്തഞ്ചുകാരി കുഞ്ഞിമാതു വാതിലിനടുത്ത് നിൽക്കുന്നു. വാതിലിന്റെ പിച്ചളപ്പട്ടയിൽ മുലക്കണ്ണുപോലെ മൊട്ടുകൾ. അവൾ ചിരിക്കുന്നുണ്ടായിരുന്നു. മുറിയിൽ ഉലുവക്കഞ്ഞിയുടെയും സൂപ്പിന്റേയും ഗന്ധം. കുഞ്ഞിമാതു തന്റെ കൈപിടിച്ചു കൊണ്ടുപോയത് അവന് ഓർമ്മയുണ്ട്. മെഴുക്കു പിടിച്ച ചുവരുകളുള്ള ഇടനാഴികയിലൂടെ, തേഞ്ഞ വാതിൽപ്പടികൾ കടന്ന് അടുക്കളയിലേയ്ക്ക്. അടുക്കളയിൽ കുഞ്ഞിമാതുവിന്റെ സ്ഥാനം അടുപ്പിന്റെ അടുത്താണ്. അവിടെ കാലുകളുള്ള ഒരു പലകയിട്ടാണ് അവൾ ഇരിക്കാറ്. അടുപ്പിൽ അരി തിളക്കുന്നതിന്റെ ഗന്ധം അവനിഷ്ടപ്പെട്ടു. അടുപ്പിൽ വിറക് പുകയാതെ ആളിക്കത്തുന്നു. ഒരു പലകയിട്ട് തന്നെ ഇരുത്തിക്കൊണ്ട് അവൾ മുമ്പിലിരുന്നു. അവൾ തന്റെ കണ്ണുകളിൽ ഉറ്റുനോക്കി, കുസൃതിയോടെ ചിരിക്കുകതന്നെയാണ്. പുറത്തേയ്ക്കുവന്ന വിറകിൻ കൊള്ളികൾ അടുപ്പിലേയ്ക്ക് തള്ളിക്കൊണ്ട് അവൾ ചോദിച്ചു.

'മോന് അമ്മിഞ്ഞ കുടിക്കണോ?'

താനെന്താണ് പറഞ്ഞതെന്ന് അയാൾക്കോർമ്മയില്ല. വേണമെന്നായിരിക്കാം, അല്ലെങ്കിൽ വെറുതെ തലയാട്ടിയിട്ടുണ്ടാവും. കുഞ്ഞിമാതു ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങി. തന്റെ മുമ്പിൽ പ്രകമ്പനംകൊണ്ടു നിൽക്കുന്ന ആ മാറിടം അവൻ തൃപ്തിയോടെ, കൊതിയോടെ നോക്കിക്കണ്ടു.

കുഞ്ഞിമാതുവിന്റെ മുഖം ഇപ്പോൾ ഓർമ്മയില്ല. പക്ഷേ അവളുടെ ആരോഗ്യമുള്ള ശരീരത്തിന്റെ ഗന്ധം, കറുത്ത നിറത്തിന്റെ മിനുമിനുപ്പ്, തന്റെ കൊച്ചു ചുണ്ടുകളിൽ പാൽ ചുരക്കാത്ത വലിയ മുലക്കണ്ണുകളുടെ ആവേശം, എല്ലാം അയാൾ ഓർത്തു.

ശ്യാമ ഉറങ്ങുകയാണ്. മൃഗം ഇപ്പോൾ തന്റെ ഉള്ളിൽനിന്നുതന്നെയാണ് അലറുന്നത്.

അന്നുമുതൽ എല്ലാം വ്യത്യസ്തമായി. നന്നമ്മ അവരുടെ പൊത്തിൽനിന്ന് പുറത്തു വന്നപോലെ. ഒരു ചൂട്ടഴിയിൽക്കൂടി പുറത്തേയ്ക്കു നോക്കുമ്പോൾ കാണുന്ന വണ്ടുപോലെ അവർ അടുക്കളവാതിലിനപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും കുതിച്ചു. മുമ്പും അവർ അതുപോലെ കുതിച്ചിട്ടുണ്ടാവും, താൻ ശ്രദ്ധിച്ചിരിക്കയില്ല. ഒരാഴ്ചയ്ക്കുള്ളിൽ അയാൾക്ക് ഒരു കാര്യം തീർച്ചയായി. അവർ സ്വയം അയാൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടുവാൻ അവസരം കാത്തിരിക്കുക തന്നെയായിരുന്നു.

ശനിയാഴ്ച അയാൾ ഓഫീസിൽനിന്നു വന്നപ്പോൾ വാതിൽ കുറച്ച് തുറന്നിട്ടിരിക്കയാണ്. ശ്യാമ സോഫയിൽ കിടന്ന് ഉറക്കമാണ്. അയാൾ അകത്തുകടന്ന് വാതിലടച്ചു. ശ്യാമയെ ഉണർത്തേണ്ട എന്നു കരുതി ശബ്ദമുണ്ടാക്കാതെ ഡൈനിങ്‌ടേബിളിനു മുമ്പിലെ കസേലയിൽപോയി ഷൂസഴിച്ചു വച്ചു. കുളിമുറിയിൽപോയി കൈയും മുഖവും കഴുകി ഊണുകഴിക്കാനിരുന്നു. സാധാരണപോലെ എല്ലാം പാത്രങ്ങളിൽ അടച്ചുവച്ചിരുന്നു. അയാൾ ശബ്ദമുണ്ടാക്കാതെ വിളമ്പി. മേശപ്പുറത്ത് വെള്ളമെടുക്കാനുള്ള ഗ്ലാസ്സുണ്ടായിരുന്നില്ല. ഗ്ലാസ്സെടുക്കാനായി അയാൾ എഴുന്നേറ്റു. അപ്പോൾ പെട്ടെന്ന് നന്നമ്മ അടുക്കളയിൽനിന്ന് ഗ്ലാസുമായി വന്നു. ഗ്ലാസിൽ വെള്ളം നിറച്ചുവച്ച് അവർ തിരിച്ചുപോകയും ചെയ്തു.

അങ്ങിനെ പതിവില്ലാത്തതാണ്. മേശപ്പുറത്ത് ഗ്ലാസുകൾ എപ്പോഴുമുണ്ടാകാറുണ്ട്. അന്നുമാത്രം അവയില്ലാതിരിക്കാൻ കാരണം? അതുപോലെ താൻ ഗ്ലാസിനുവേണ്ടി എഴുന്നേറ്റ ആ നിമിഷത്തിലാണ് അവർ ഗ്ലാസുമായി വന്നതും. ഒന്നും യാദൃശ്ചികമാവാൻ തരമില്ല. നന്നമ്മ അവരുടെ അജ്ഞാതവാസം അവസാനിപ്പിക്കുകയാണോ? അവർ മുഖത്തു നോക്കിയില്ല. പക്ഷേ അവരുടെ ദേഹത്തുള്ള ആയിരം കണ്ണുകൾ കൊണ്ട് അവർ തന്നെ നോക്കുന്നപോലെ തോന്നി.

ഊണുകഴിഞ്ഞ് കൈകഴുകാൻ വാഷ്‌ബേസിന്റെ ടാപ്പുതിരിക്കുമ്പോൾ അയാൾ മുമ്പിലുള്ള കണ്ണാടിയിൽ നോക്കി. കണ്ണാടിയിൽ അടുക്കളയുടെ ഒരു കഷ്ണം പ്രതിഫലിച്ചുകാണുന്നു. സാധാരണയായി ഒഴിഞ്ഞുകിടക്കുന്ന ആ സ്ഥലം ഇന്ന് ഒഴിഞ്ഞിട്ടായിരുന്നില്ല.

അയാൾ ശ്യാമയ്‌ക്കെതിരെ സോഫയിൽ ചെന്നിരുന്നു. പിന്നിൽ, മേശപ്പുറത്തുനിന്ന് പ്ലേയ്റ്റുകൾ എടുത്തുമാറ്റുന്നതിന്റെ ശബ്ദം കേൾക്കാനുണ്ട്. നേരിയ ശബ്ദം മാത്രം. ശ്യാമയെ ഉണർത്തേണ്ട എന്നുകരുതി മാത്രമായിരുന്നില്ല അത്. സ്വതവേ അവർ ശബ്ദമുണ്ടാക്കാത്ത കൂട്ടത്തിലായിരുന്നു. കണ്ണാടിയിൽ കണ്ട ദൃശ്യം അയാൾ വീണ്ടും ഓർത്തു. നന്നമ്മ നിലത്ത് കണ്ണാടിക്കു പുറം തിരിഞ്ഞ് ഇരിക്കുകയാണ്. ആ ഇരുത്തത്തിൽ ഒരു പ്രകടനാത്മകതയുണ്ടോ എന്നയാൾ സംശയിച്ചു. കഴിഞ്ഞ ഒന്നര മാസമായി അയാൾ വാഷ് ബേസിനു മുമ്പിലുള്ള കണ്ണാടിയിൽ നോക്കുന്നു. കണ്ണാടിയിലൂടെ കാണുന്നത് ഒരദ്ഭുതലോകമാണെന്നയാൾക്ക് എപ്പോഴും തോന്നാറുണ്ട്. പരിചയമുള്ള സ്ഥലങ്ങളും വസ്തുക്കളും അപരിചിതമാകുക വഴി കൂടുതൽ ആകർഷകമാകുന്നു, കൂടുതൽ മനോഹരവും അപ്രാപ്യവുമാവുക വഴി അവയ്ക്ക് ഒരു പുതിയ മാനം കൈവരുന്നു. ഇത്രയും കാലം കണ്ണാടിയിൽ അടുക്കളയുടെ ഒഴിഞ്ഞ ഭാഗം മാത്രമേ ദർശിച്ചിരുന്നുള്ളൂ. ഇപ്പോൾ പെട്ടെന്ന് ആ ഭാഗത്തിന്റെ ശൂന്യത സ്വന്തം സാന്നിദ്ധ്യംകൊണ്ട് നിറയ്ക്കണമെന്ന് നന്നമ്മയ്ക്കു തോന്നാൻ കാരണം?

ശ്യാമ സോഫയിൽ നിന്നെഴുന്നേറ്റ് കിടപ്പുമുറിയിൽ കിടക്കയിലെത്തിയിരുന്നു. ശനിയാഴ്ചകളിൽ അങ്ങിനെയാണ്. തന്റെ ഊണു കഴിയുമ്പോഴേയ്ക്ക് അവൾ എഴുന്നേറ്റ് കുളിമുറിയിൽ പോയി, ഉറക്കത്തിന്റെ ശ്രുതി തെറ്റാതെ നേരെ കിടപ്പറയിലേയ്ക്ക്, കിടക്കയുടെ പതുപതുപ്പിലേയ്ക്ക് ഊളിയിടുന്നു. പിന്നെ നാലരവരെ ഉറക്കത്തിന്റെ താളലയങ്ങളിൽ, ആരോഹണാവരോഹണങ്ങളിൽ സ്വയം നഷ്ടപ്പെടുന്നു. മധു ഒരരുകിൽ തലയിണ കുത്തനെവച്ച് ചാരിക്കിടന്ന് വായിക്കും.

ഇന്ന് അയാൾക്ക് പുസ്തകത്തിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. പുസ്തകത്തിന്റെ പേജുകളിലെ മഷി മാഞ്ഞു പോകുന്നതും കടലാസ് ശൂന്യമാവുന്നതും അയാൾ കണ്ടു. മധുവിന്ന് അഞ്ചു വയസ്സുള്ളപ്പോഴാണ് വീടു മാറിയത്. അതിനു ശേഷം അവൻ കുഞ്ഞിമാതുവിനെ കണ്ടിട്ടില്ല. ഇപ്പോൾ, അടുപ്പിൽ കത്തുന്ന വിറകിന്റെ ഗന്ധവും തിങ്ങിയ മുലകൾക്കിടയിൽ ശ്വാസം മുട്ടിയിരുന്നതും മാത്രം ഓർമ്മയുണ്ട്.

അയാൾ പുസ്തകമടച്ചുവച്ച് എഴുന്നേറ്റു. അടുക്കളയിൽ ചുമർ ചാരി ഇരുന്ന നന്നമ്മ അയാളെ കണ്ടപ്പോൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു.

'എന്താ വേണ്ടത്?'

ആ സ്ത്രീ മധുവിനോട് ആദ്യമായി നേരിട്ടു ചോദിച്ച ചോദ്യമായിരുന്നു അത്. അതിനുള്ള ഉത്തരം അയാൾക്കുതന്നെ അറിയില്ലായിരുന്നു. എന്താണ് തനിക്കു വേണ്ടത്?

'നന്നമ്മ ഉച്ചയ്ക്ക് ഉറങ്ങാറില്ലേ?'

'ഇല്ല.'

'ഉച്ചയ്ക്ക് എന്താണ് ചെയ്യുക?'

അവരുടെ പരിഭ്രമം തെല്ലടങ്ങി. അവർ സ്വയം വീണ്ടെടുത്തു. അവർ പറഞ്ഞു.

'എന്തെങ്കിലും ജോലിണ്ടാവും. ഒന്നുംല്ല്യെങ്കിൽ വെറുതെ ഇരിക്കും.'

'ടി.വി. കാണാറില്ലേ?'

'ശ്യാമമോള് കാണുമ്പോ, ജോലിയൊന്നും ഇല്ലെങ്കിൽ കാണും.'

അയാൾ ആലോചിച്ചു. അവൾക്കിഷ്ടപ്പെട്ട സിനിമ മാത്രമേ ശ്യാമ കാണാറുള്ളു. അല്ലെങ്കിൽ അവൾ വെറുതെ ചാനലുകൾ മാറ്റിക്കൊണ്ടിരിക്കും. അത് മടുപ്പുണ്ടാക്കുന്നു. തനിക്കിഷ്ടപ്പെട്ട ഏതെങ്കിലും ചാനൽ കടന്നുപോകുമ്പോൾ അയാൾ നിർത്താൻ പറയും. അപ്പോഴേയ്ക്കും ചാനലുകൾ രണ്ടോ മൂന്നോ കഴിഞ്ഞിട്ടുണ്ടാവും. പിന്നെ അയാളുദ്ദേശിച്ചത് ഏത് ചാനലാണെന്നറിയാതെ അവൾ പിറകോട്ട് പോകുന്നു. അവസാനം കണ്ടുപിടിക്കുമ്പോഴേയ്ക്ക് അയാൾ ഉദ്ദേശിച്ച കാഴ്ച കഴിഞ്ഞു പോയിട്ടുണ്ടാവും. അയാൾ മടുപ്പോടെ എഴുന്നേറ്റുപോകും.

ശ്യാമ ഇരിക്കുന്ന സോഫയ്ക്കരികെ നിലത്ത് ഇരുന്നുകൊണ്ട് ടിവി കാണുന്ന നന്നമ്മയെ ഒരു ദിവസം ഓഫീസിൽനിന്നു വന്നപ്പോൾ കണ്ടിരുന്നു. അയാൾക്ക് ആ കാഴ്ച ഇഷ്ടപ്പെട്ടില്ല. എന്തുകൊണ്ടോ അയാൾക്കോർമ്മ വന്നത്, ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാതെ യജമാനൻ കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് എറിഞ്ഞുകിട്ടുന്ന പങ്കുകൊണ്ട് വിശപ്പടക്കുന്ന ഒരു പട്ടിയെയാണ്.

അയാൾ അവരുടെ വസൂരിക്കലകളുള്ള മുഖത്തു നോക്കി. ഇപ്പോൾ അവർ തന്റെ നോട്ടം നേരിടാനുള്ള ധൈര്യമുണ്ടാക്കിയിരിക്കുന്നു. അയാൾ ചോദിച്ചു.

'നന്നമ്മയ്ക്കിവിടെ സുഖമാണോ?'

'ഉം.'

'എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം.'

അവർ മൂളിയില്ല. വെറുതെ തലതാഴ്ത്തി നിന്നു. പിന്നെ സാവധാനത്തിൽ തലയുയർത്തിക്കൊണ്ട് പറഞ്ഞു.

'കുറച്ചു നേരം കെടക്കായിര്ന്നില്ലേ? പകലൊക്കെ യാത്ര്യന്നല്ലേ?'

അയാൾ തിരിച്ചു കട്ടിലിൽ പോയി കിടന്നു. അവസാനം നന്നമ്മ പറഞ്ഞത് അയാളെ സ്പർശിച്ചു. 'കുറച്ചുനേരം കിടക്കായിര്ന്നില്ല്യേ?' തന്റെ മുമ്പിൽ ഒരാലംബവുമില്ലാതെ നിൽക്കേണ്ടി വന്ന വിഷമം കൊണ്ടാണോ അവരതു പറഞ്ഞത്? അല്ലെന്നയാൾക്കു തോന്നി. തന്നോടുള്ള ആത്മാർത്ഥതകൊണ്ടാവണം, സ്‌നേഹം കൊണ്ടാവണം. ഇതുരണ്ടും കളഞ്ഞുകുളിക്കാൻ അയാൾ ഒന്നും ഇതുവരെ ചെയ്തിരുന്നില്ല. ഇതു രണ്ടും ഉണ്ടാക്കാനായി താൻ എന്തു ചെയ്തുവെന്ന് അയാൾക്കു മനസ്സിലായതുമില്ല.

ക്രമേണ അയാൾക്ക് ഒരു കാര്യം മനസ്സിലായി. ഒറ്റയ്ക്കു കിട്ടുന്ന സന്ദർഭങ്ങളിൽ അവർക്ക് സംസാരിക്കാൻ വിഷമമില്ല. ശ്യാമയുടെ മുമ്പിൽ പക്ഷേ അവർ മറ്റൊരു സ്ത്രീയാണ്. തനിക്ക് കടന്നുചെല്ലാൻ കഴിയാത്ത ഒരു മതിൽക്കെട്ടിനുള്ളിൽ അവർ സ്വയം കെട്ടിയിടുന്നു. ശ്യാമ അടുത്ത വീട്ടിലെ സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ അയാൾ നന്നമ്മയുമായി സംസാരിക്കുന്നു. അവർക്കു സംസാരിക്കാൻ വിഷമമൊന്നുമില്ല. നിരർത്ഥകമായ ഒരു ജീവിതം അയാൾക്കു മുമ്പിൽ, വെട്ടിയിട്ട പാഴ്മരം പോലെ നിവർന്നു കിടന്നു. അവരുടെ പേര് രാജമ്മ എന്നാണ്. അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഇരുപത്തി മൂന്നാം വയസ്സിൽ ഒരു ഫാക്ടറി സൂപ്പർവൈസറെ കല്യാണം കഴിച്ചു. ആറു മാസത്തിനുള്ളിൽ അയാൾ ഒരപകടത്തിൽ പെട്ടു മരിച്ചു. പിന്നെ ജീവിതം ശ്യാമയുടെ വീട്ടിൽ. ശ്യാമയ്ക്കന്ന് രണ്ടു വയസ്സായിരുന്നു. ആദ്യമെല്ലാം മാസത്തിലൊരിക്കൽ സ്വന്തം വീട്ടിൽ പോയിരുന്നു. പിന്നീട് യാത്രകൾക്കിടയിലെ ദൈർഘ്യം കൂടി, ആറു മാസത്തിലൊരിക്കലായി യാത്ര. ജ്യേഷ്ഠൻ പലചരക്കു കട നടത്തുന്നു. തന്റെ പണം അവർക്ക് ആവശ്യമില്ല. തന്റെ സാന്നിദ്ധ്യവും ആവശ്യമില്ലെന്ന് മനസ്സിലായപ്പോൾ പോക്കു നിർത്തി. ഭൂതകാലം ഇപ്പോൾ മനസ്സിന്റെ ആഴത്തിലെവിടേയോ ഓർമ്മയുടെ അടരുകളിൽ ഫോസിലായി കിടക്കുന്നു. അതെന്നെങ്കിലും കുഴിച്ചെടുക്കണം എന്നവർക്ക് ആഗ്രഹമില്ല.

'എല്ലാം വേറെ ഏതോ ജന്മത്തിൽ കഴിഞ്ഞപോലെ.'

അവർ ഊൺമേശയുടെ മറുവശത്ത് മധുവിനെതിരായി ഇരുന്നു. നടാടെയാണ് അവർ അയാളുടെ മുമ്പിൽ ഇരിക്കുന്നത്. എത്ര നിർബ്ബന്ധിച്ചാലും അവർ ഇരിക്കാറില്ല. ഇന്ന് സംസാരിച്ചുകൊണ്ടിരിക്കെ അയാൾ സാധാരണമട്ടിൽ ഇരിക്കില്ലെന്ന അറിവോടെത്തന്നെ അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു. അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവർ, സാരിയുടെ കോന്തലകൊണ്ട് മുഖം തുടച്ച് കസേരയിൽ ഇരുന്നു.

അയാൾക്ക് ഒരു കാര്യം മനസ്സിലായി. താനുമായുള്ള പെരുമാറ്റത്തെപ്പറ്റി രാജമ്മ ഒരുപാട് ചിന്തിക്കുന്നുണ്ട്. തന്റെ മുമ്പിൽ ഇരിക്കുകയെന്നത് അവർ വളരെ പാടുപെട്ടുണ്ടാക്കിയ തീരുമാനമായിരിക്കണം.

'ഉറങ്ങണ്ടേ?'

രാജമ്മ ഓർമ്മിപ്പിച്ചു.

'വേണം.' അയാൾ എഴുന്നേറ്റു. ശ്യാമ പ്രത്യേകം പറഞ്ഞിരുന്നു.

'മധുവേട്ടൻ കിടന്നോളൂ. ഞാൻ നാലുമണിക്കേ വരുള്ളൂ. അതുവരെ മിനിച്ചേച്ചിയായിട്ട് സംസാരിച്ചിരിക്കും. നേരത്തെ എണീറ്റാൽ നന്നമ്മ്യോട് പറഞ്ഞാമതി. ചായണ്ടാക്കിത്തരും.'

അയാൾ കിടപ്പറയിലേയ്ക്കു പോകാനായി തിരിഞ്ഞു. പെട്ടെന്നയാൾ ഓർത്തു. രാജമ്മയെന്താണ് ചെയ്യുക. അവർക്ക് വേണമെങ്കിൽ ടിവി കണ്ടോട്ടെ. അയാൾ പറഞ്ഞു.

'രാജമ്മക്ക് ജോലിയൊന്നും ഇല്ലെങ്കിൽ ടിവി കണ്ടോളൂ. വല്ല സിനിമയും ഉണ്ടാവും.'

അവർ മൂളിക്കൊണ്ട് എഴുന്നേറ്റു.

കിടന്നു കുറച്ചു കഴിഞ്ഞിട്ടും ഇരിപ്പുമുറിയിൽനിന്ന് ടിവിയുടെ ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ അയാൾ എഴുന്നേറ്റു നോക്കി. ടിവി ഓണായിരുന്നില്ല. രാജമ്മ ആ മുറിയിലില്ലായിരുന്നു. അയാൾ അടുക്കളയിൽ പോയി നോക്കി. അവിടെ നിലത്ത് സ്ഥിരം താവളത്തിൽ രാജമ്മ ഇരിക്കുന്നു. തന്റെ പെട്ടെന്നുള്ള വരവിൽ അവർ ഞെട്ടിക്കൊണ്ട് എഴുന്നേറ്റു.

'എന്താണ് ടിവി കാണാഞ്ഞത്?'

അവർ മുഖം കുനിച്ചു.

'പോയി കണ്ടോളൂ, ഞാൻ പറഞ്ഞില്ലേ നല്ല വല്ല സിനിമയും ഉണ്ടാവും.'

'ഞാൻ അങ്ങിനെ കാണാറില്ല.' അവർ സാവധാനത്തിൽ പറഞ്ഞു. 'പിന്നെ, എനിക്ക് അത് ഓണാക്കാനൊന്നും അറിയില്ല. എല്ലാം ശ്യാമമോളല്ലേ ചെയ്യാറ്.'

അയാൾക്ക് ശ്യാമയോട് നീരസം തോന്നി. അയാൾ പറഞ്ഞു. 'വരൂ, ഞാൻ പഠിപ്പിച്ചുതരാം.'

അവരുടെ മുഖം വികസിച്ചു. അയാൾ റിമോട്ടിൽ ബട്ടണുകൾ അമർത്തിക്കാണിച്ചു. ചാനലുകൾ മാറിവന്നു. ശബ്ദം കുറക്കുകയും കൂട്ടുകയും ചെയ്യുന്നതെങ്ങിനെയെന്ന് കാണിച്ചുകൊടുത്തു. അവർ മധുവിന്റെ തൊട്ടടുത്ത് നിന്നുകൊണ്ട് എല്ലാം അദ്ഭുതത്തോടെ നോക്കിക്കണ്ടു. അയാൾ റിമോട്ട് കൺട്രാൾ രാജമ്മയുടെ കൈയ്യിൽ കൊടുത്ത്, അവരോട് ചെയ്തു നോക്കാൻ പറഞ്ഞു. അവർ മടിയോടെ ഉപകരണം വാങ്ങി ചാനലുകൾ മാറ്റാൻ തുടങ്ങി. അയാൾ കിടപ്പറയിലേയ്ക്ക് നടന്നു. വാതിൽക്കലെത്തി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് അവർ സോഫയ്ക്കരികെ നിലത്ത് ഇരിക്കുന്നതാണ്. സ്‌ക്രീനിൽ ഡിസ്‌കവറി ചാനലിൽ സമുദ്രത്തിന്നടിയിലെ പര്യവേഷണമാണ്. അവരോട് നിലത്തിരിക്കണ്ട സോഫായിലിരുന്നുകൊള്ളൂ എന്ന് പറയാൻ ഓങ്ങിയത് വേണ്ടെന്നു വച്ചു.

തലയിണയിൽ ചാരിയിരുന്നുകൊണ്ട് അയാൾ പുസ്തകം നിവർത്തി. കണ്ണുകൾ വാക്കുകളുടെ വിരസതയിൽനിന്ന് ഊർന്നിറങ്ങി വാതിലിനു പുറത്തേയ്ക്ക് സഞ്ചരിച്ച് സോഫയ്ക്കരികെ ഇരിക്കുന്ന രൂപത്തിൽ ഉടക്കിനിന്നു. അയാൾ, കുറച്ചുമുമ്പ് രാജമ്മ അടുത്തു നിന്നിരുന്നതോർത്തു. വളരെ അടുത്ത്. അയാൾക്ക് അവളുടെ ഗന്ധം അനുഭവപ്പെട്ടു. വിയർപ്പിന്റേയും, സോപ്പിന്റേയും ഒപ്പം വറുമണവും കലർന്ന ഗന്ധം. റിമോട്ടിൽ പിടിച്ചിരുന്ന അയാളുടെ കൈ വിറച്ചിരുന്നു. അരക്കെട്ടിൽ വികാരങ്ങളുടെ വേലിയേറ്റമുണ്ടായത് അയാൾ അറിഞ്ഞിരുന്നു. റിമോട്ട് അവരുടെ കൈയ്യിൽ കൊടുക്കുമ്പോൾ അവരെ അരക്കെട്ടിലൂടെ കൈയിട്ട് അടുപ്പിക്കാൻ തോന്നിയിരുന്നു. അവരുടെ മുഖഭാവത്തിന്റെ അനിശ്ചിതത്വമാണ് അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചത്. ആ മുഖത്ത് ശൈശവത്തിലെ കൗതുകമുണ്ടായിരുന്നു, പരിഭ്രമമുണ്ടായിരുന്നു.

അയാൾ മനസ്സിന് കടിഞ്ഞാണിട്ടു. താനെന്താണ് ആലോചിക്കുന്നത്. തന്നേക്കാൾ പ്രായമുള്ള ഒരു സാധുസ്ത്രീ. തന്റെ ഇരുപത്തെട്ടിനു പകരം അവരുടെ നാല്പത്തഞ്ച്. ഇരുപതു കൊല്ലമായി അവർ വികാരങ്ങളെല്ലാം ഒതുക്കിപ്പിടിച്ച് ജീവിക്കുകയാണ്. മറിച്ചൊരു ജീവിതത്തെപ്പറ്റി അവർ ആലോചിക്കുന്നേയുണ്ടാവില്ല. ഇപ്പോൾ താനായി അവരുടെ ശാന്തിയെന്തിനു തകർക്കുന്നു. സ്‌ക്രീനിൽ ഡിസ്‌കവറി ചാനലിൽ കടലിന്നടിയിലെ ദൃശ്യങ്ങൾ. ശ്യാമ ഒരിക്കൽപോലും ഡിസ്‌കവറി ചാനൽ കണ്ടിരുന്നില്ലെന്ന് അയാൾ ഓർത്തു. അവളുടെ ലോകം സിനിമമയമായിരുന്നു.

ശനിയാഴ്ചകൾ വീണ്ടും കടന്നുവന്നു. ശ്യാമ ഇപ്പോൾ ഉച്ചക്ക് ഉറങ്ങാറില്ല. ഉറങ്ങരുതെന്ന് അവളുടെ അമ്മ എഴുതി അറിയിച്ചിരുന്നു. ഉച്ചയ്ക്കുറങ്ങി ശീലിച്ചാൽ പ്രസവസമയത്ത് ഉറങ്ങിപ്പോകുമത്രേ. വീട്ടിലിരുന്നാൽ ഉറങ്ങുമെന്നു പറഞ്ഞ് അവളിപ്പോൾ അവളുടെ സ്‌നേഹിതയുടെ വീട്ടിൽ പോകുന്നു. മധു വരുമ്പോൾ ശ്യാമ ഉണ്ടാകാറില്ല. അയാളും രാജമ്മയും മാത്രം. അതയാൾക്ക് വിഷമമുണ്ടാക്കുന്നു. അവരുടെ ഒപ്പം ഒറ്റയ്ക്കാവുമ്പോൾ ഉള്ളിലെ വന്യമൃഗത്തിന്റെ അലർച്ച ഉച്ചത്തിലാകുന്നു. രാജമ്മ തുറന്നുകൊടുത്ത വാതിൽ കടന്ന് അകത്തുകടക്കുമ്പോൾ തന്റെ ഉള്ളിൽനിന്നു കേൾക്കുന്ന അലർച്ച ക്രമേണ ഒരു നിലവിളിയായി മാറുന്നു. അതു സഹിക്കാൻ കഴിയുന്നില്ല.

അവർ മേശക്കടുത്തു വന്നുനിന്ന് അയാളുടെ എതിർപ്പിനെ വകവെക്കാതെ ചോറു വിളമ്പിത്തരുന്നു. വളരെ അടുത്തു നിന്നുകൊണ്ട്. അവരുടെ ദേഹത്തിന്റെ ഗന്ധം തന്നെ തേടി വരുന്നത് അയാളറിയുന്നു. അരക്കെട്ടിൽനിന്നു പടരുന്ന തീ അണക്കാനാവാതെ വിഷമിക്കുമ്പോൾ കുറച്ചുറക്കെത്തന്നെ അയാൾ പറയുന്നു.

'രാജമ്മ പൊയ്‌ക്കോളൂ. എല്ലാം ഞാൻ സ്വന്തം എടുത്തോളാം.'

അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അവർ ഒരു നിമിഷം പകച്ചുനിൽക്കുന്നു. എന്തു തെറ്റാണ് താൻ ചെയ്തതെന്നറിയാതെ അവർ വീണ്ടും ചോദിക്കുന്നു.

'ഈ തോരൻ കുറച്ചുകൂടി വിളമ്പട്ടേ?'

'വേണ്ട.' അയാൾ കനപ്പിച്ചുകൊണ്ട് പറയുന്നു. 'പിന്നെ ഞാൻ പറഞ്ഞില്ലേ, രാജമ്മ പൊയ്‌ക്കോളൂ. വേണ്ടതെല്ലാം ഞാൻതന്നെ എടുത്തുകൊള്ളാം.'

രാജമ്മയുടെ മുഖം ഇരുളുന്നു. മുഖത്തുള്ള വസൂരിക്കലകൾ കൂടുതൽ തെളിയുന്നു. അവർ പാത്രം മേശപ്പുറത്തുവച്ച് തല കുനിച്ചു പോകുന്നു. അയാൾ ഊണുകഴിച്ചു വാഷ്‌ബേസിന്റെ മുമ്പിൽ പോയി കൈകഴുകി. മുമ്പിലുള്ള കണ്ണാടിയിൽ പ്രതിഫലിക്കുന്ന അടുക്കളയുടെ ഭാഗം ശൂന്യമായിരുന്നു. അയാൾക്ക് പെട്ടെന്ന് വിഷമം തോന്നി.

കിടക്കയിൽ ചാരിയിരുന്നുകൊണ്ട് പുസ്തകം വായിക്കുമ്പോൾ മേശപ്പുറത്തുനിന്ന് പാത്രങ്ങൾ എടുത്തു മാറ്റുന്നതിന്റെ ശബ്ദം കേട്ടു. അയാൾക്ക് ടിവി ഇരിക്കുന്നതുവരെ മാത്രമേ അങ്ങിനെ ഇരുന്നാൽ കാണാൻ പറ്റൂ. അടുക്കളയിലെ ശബ്ദങ്ങളെല്ലാം നിലച്ചു. സാധാരണ അയാൾ ഊണുകഴിച്ച് പത്തു മിനിറ്റിന്നുള്ളിൽ സാധനങ്ങളെല്ലാം ഒതുക്കി രാജമ്മ ടിവിക്കു മുമ്പിലിരിക്കാറുള്ളതാണ്. ഇന്ന് അവർ വന്നില്ല. അയാൾ എഴുന്നേറ്റു.

അടുക്കളയിൽ നിലത്ത് ചമ്രംപടിഞ്ഞിരിക്കുന്ന രാജമ്മ മധുവിനെ കണ്ടപ്പോൾ പിടഞ്ഞെഴുന്നേറ്റു.

'എന്താണ് ടിവി കാണുന്നില്ലേ?'

അവർ ഒന്നും പറയുന്നില്ല. കണ്ണുകൾ കലങ്ങിയിരുന്നു. വിതുമ്പാൻ കൊതിക്കുന്ന ചുണ്ടുകൾ. അവരുടെ മുഖം ഇതുവരെ വാടിക്കണ്ടിട്ടില്ല. അയാൾ പറഞ്ഞു.

'വരൂ.'

'വേണ്ട, പോയി കിടന്നോളൂ.'

അയാൾ ഒരു നിമിഷം എന്താണ് വേണ്ടതെന്നറിയാതെ നിന്നു. അവരെ സമാധാനിപ്പിക്കാം. പക്ഷേ അത് വീണ്ടും കുഴപ്പങ്ങൾക്കു കാരണമാവുമെന്നയാൾക്കറിയാം. അവരെ അവരുടെ പാട്ടിനു വിടുകയാവും നല്ലത്, ഒന്നും ചോദിക്കാതെ, ഒന്നും പറയാതെ. സാവധാനത്തിൽ എല്ലാം ശരിയായിക്കൊള്ളും. അയാൾ പോകാനായി തിരിഞ്ഞു.

എന്തോ ഒന്ന് അയാളെ പിടിച്ചുവലിക്കുന്നതയാളറിഞ്ഞു. അദൃശ്യമായ ഒരു വികാരം. താൻ പുറംതിരിയുന്നത് വികാരങ്ങളും സന്ദേഹങ്ങളും പ്രത്യാശകളും ഒക്കെ ഉള്ള ഒരു ആത്മാവിനു നേരെയാണ്. അവഗണനയുടെ ചതുപ്പുനിലങ്ങളിൽനിന്ന് അവരെ കയറ്റിയിട്ട് ഇപ്പോൾ കയ്യൊഴിയുകയാണോ? അയാൾ തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു.

'എന്നോട് വെറുപ്പ് തോന്നുന്നുണ്ടല്ലേ?'

മറുപടി ഒരു കരച്ചിലായിരുന്നു. അവർ വിതുമ്പിക്കരഞ്ഞു. അയാൾ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ഇപ്പോൾ അവരെ സമാധാനിപ്പിക്കേണ്ട കടമ സ്വാഭാവികമായും തന്റെ തലയിൽ വന്നു ചേർന്നിരിക്കുന്നു. അയാൾ അവരുടെ അടുത്തു ചെന്നുകൊണ്ട് പറഞ്ഞു.

'കരയാതിരിക്കു.'

അയാൾ അവരുടെ ചുമലിൽ കൈവച്ചു. അവർ പതുക്കെ ഒഴിഞ്ഞുമാറി. അയാളുടെ സ്പർശം, നടക്കുമ്പോൾ തലയിൽ തടഞ്ഞ ഒരു മാറാലപോലെ അവർ തട്ടി മാറ്റി. പെട്ടെന്ന് അയാൾ ഒരു കാര്യം മനസ്സിലാക്കി. അവരെ സാന്ത്വനിപ്പിക്കേണ്ടത് ഇപ്പോൾ അയാളുടെയും ആവശ്യമായിരിക്കുന്നു. തന്റെ ശാന്തി കിട്ടാത്ത മനസ്സിന്റെ, അപൂരിതങ്ങളായ വികാരങ്ങളുടെ, തന്റെ കലാപം കൂട്ടുന്ന ജൈവസാന്നിദ്ധ്യത്തിന്റെയെല്ലാം ആവശ്യമാണത്. അയാൾ അരക്കെട്ടിലൂടെ പിടിച്ച് അവരെ അടുപ്പിച്ചു.

രാജമ്മ രണ്ടു കൈകൊണ്ടും മധുവിന്റെ കൈവിടർത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

'വേണ്ട.'

അവളുടെ സ്വരത്തിൽ പരിഭവമുണ്ടായിരുന്നു. എന്നെ വെറുതെ വിട്ടേയ്ക്ക് എന്ന ഭാവം. അവർ ഇപ്പോൾ ബലമായിത്തന്നെ അയാളിൽനിന്ന് കുതറാൻ ശ്രമിക്കയാണ്. അയാൾ അവരെ രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ച് കുടഞ്ഞ് തന്റെ നേരെ നിർത്തി. അയാൾക്കു ദേഷ്യം പിടിച്ചിരുന്നു. അവരുടെ കണ്ണുകളിൽ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.

'ഒരു കാര്യം നിങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?'

'എന്ത്?' അവർ അല്പം താഴ്ന്നപോലെ തോന്നി.

'ഒന്നുമില്ല. നിങ്ങൾക്കതു മനസ്സിലാവില്ല.'

രാജമ്മയുടെ ചെറുത്തുനില്പ് അവസാനിച്ചിരുന്നു. അവർ അനങ്ങാതെ നില്ക്കയാണ്. അവർ തളർന്നപോലെ തോന്നി. അവർ ഒന്നും പറയുന്നില്ല. അയാൾ പറഞ്ഞു.

'വരൂ, നമുക്കൊരിടത്തിരിക്കാം.'

അവർ അയാളുടെ കൈ വിടുവിച്ചുകൊണ്ട് അവിടെത്തന്നെ നിലത്ത് ഇരുന്നു. നിലത്തേയ്ക്ക് ഊർന്നിറങ്ങി എന്നുവേണം പറയാൻ. അവരുടെ ശക്തി മുഴുവൻ ചോർന്നുപോയപോലെ. അയാളും അവരുടെ അടുത്തുതന്നെ ഇരുന്നു.

അവർ സംസാരിക്കാൻ തുടങ്ങി.

'എന്നോട് ചോദിച്ചില്ലേ? അതുകൊണ്ട് പറയാം. എനിക്ക് പൂർണമായി മനസ്സിലായിട്ടുള്ള രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് ഞാൻ തീരെ ഭംഗിയില്ലാത്ത, എന്നു മാത്രമല്ല വൈരൂപ്യമുള്ള എന്നു പറയാം, സ്ത്രീയാണ്. രണ്ടാമത്തേത് എന്നെ ഈ നിലയിൽത്തന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമുണ്ട് ഈ ലോകത്തിൽ എന്ന്.'

അയാൾ അവളെ വീണ്ടും അടുപ്പിച്ചുകൊണ്ട് പറഞ്ഞു.

'നിങ്ങൾ ആദ്യം പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. നിങ്ങൾ ഭംഗിയുള്ള സ്ത്രീയാണ്. രണ്ടാമത്തേത് എന്നെക്കാൾ നിങ്ങൾക്കറിയുകയും ചെയ്യാം.'

'ഞാൻ ഒന്നും പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്.' അവൾ പറഞ്ഞു. 'പക്ഷേ, എനിക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഒരു സ്വപ്നം കാണുന്നപോലെയാണ്. കാണണ്ടാ എന്നുവച്ചിട്ട് കാര്യമില്ലല്ലോ. ഇതൊരു നല്ല സ്വപ്‌നായിട്ടേ ഞാൻ കാണുണുള്ളൂ. അതിനപ്പുറൊന്നുംല്ല്യ.'

അവൾ സംസാരിക്കുകയാണ്. അവളുടെ ചെറുപ്പക്കാലത്തെപ്പറ്റി. അതിനും മുമ്പുള്ള കുട്ടിക്കാലത്തെപ്പറ്റി. മറ്റുള്ളവർക്കും കുട്ടിക്കാലമുണ്ടായിരുന്നുവെന്ന് അയാൾ അപ്പോഴാണ് മനസ്സിലാക്കുന്നത്. വയലുകളും, മരങ്ങൾ നിറഞ്ഞ തൊടികളിൽ ഉണക്കയിലകൾ വീണുകിടക്കുന്ന ധനുമാസങ്ങൾ, രാത്രിയുടെ അവ്യക്തതയിൽ പാറിനടക്കുന്ന മിന്നാമിനുങ്ങുകൾ, എല്ലാം മറ്റുള്ളവർക്കു കൂടി വിധിച്ചിട്ടുള്ളവയായിരുന്നു.

അയാൾ സോഫയിൽ അവരെ അയാളുടെ അടുത്തുതന്നെ ഇരുത്തി.

'ഇപ്പോൾ സങ്കടം തോന്നുന്നുണ്ടോ, എല്ലാം കഴിഞ്ഞുപോയതിൽ?'

'ഇല്ല.'

അയാൾ റിമോട്ട് കൺട്രോൾ എടുക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. 'നമുക്ക് സംസാരിക്കാം.'

അയാൾ ഇപ്പോൾ സ്വന്തം കഥ പറയുകയാണ്. നടന്നുവന്ന വഴിയിൽ ഒരു കൊടുങ്കാറ്റ് വീശിയ പോലെയാണ്. തിരിച്ചുപോക്ക് വിഷമം പിടിച്ചതായിരുന്നു. വഴികൾ പലതും മാഞ്ഞുപോയി അവ്യക്തമായിരിക്കുന്നു. ഈ വഴിതന്നെയാണോ വന്നതെന്ന തോന്നൽ. വഴിയിൽ ഇടയ്ക്കിടക്ക് കണ്ടുമുട്ടുന്ന ആ സ്ത്രീ ആരാണ്? അയാൾ ഒരു കൊച്ചുകുട്ടിയായി യാത്ര തുടരുകയാണ്.

നന്നമ്മ പെട്ടെന്നു പറഞ്ഞു. 'മതി'.

കുഞ്ഞിമാതു അടുപ്പിന്നരികിൽ മുട്ടിപ്പലകമേൽ ഇരുന്നുകൊണ്ട് ചിരിക്കുകയാണ്. അടുക്കളയിലെ സിമന്റടർന്ന നിലത്ത് അവൻ ഇരുന്നു. അടുപ്പിനുമുകളിൽ ചുമരിന് തവിട്ടുനിറമാണ്. അപ്പുറത്തുള്ള കിളിവാതിലിനു മുകളിൽ കിണറ്റിൽനിന്നു വെള്ളം കോരാനുള്ള കപ്പിയും കയറും തൂങ്ങുന്നു.

നന്നമ്മ എന്തോ പറയുന്നുണ്ട്. അവരുടെ നിശ്വാസം തന്റെ കവിളിൽ തട്ടുന്നതറിയുന്നുണ്ട്.

കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കയാണ്.

മാതൃഭൂമി ഓണപ്പതിപ്പ് - 1999

ഈ കഥയെക്കുറിച്ച്

ഈ കഥയെക്കുറിച്ച്