അയൽക്കാരൻ


ഇ ഹരികുമാര്‍

രാവിലെയുണ്ടായ കാര്യങ്ങൾ പറഞ്ഞപ്പോൾ അച്ചുമ്മാൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. 'തന്റെ ചെറിയമ്മയുടെ മകനാണ്ന്ന് മാത്രല്ല, അയൽക്കാരനുമാണ്. അയാളുമായി സ്‌നേഹത്തിലിരിക്കയാണ് നല്ലത്.'

അച്ചുമ്മാൻ ഞങ്ങളുടെ അടുത്തൊന്നുമല്ല താമസിക്കുന്നത്. അകലം സംഭവങ്ങളുടെ തീക്ഷ്ണത കുറക്കുന്നു. ഇതൊന്നും അച്ചുമ്മാനെ നേരിട്ടു ബാധിക്കുന്നുമില്ല എന്നതുകൊണ്ട് അയൽക്കാരന്റെ പരാക്രമങ്ങൾ മുഴുവൻ വിശദമായി കേൾക്കാനുള്ള ആവേശം ആ മുഖത്തുണ്ടാവും. ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ അദ്ദേഹം വെറ്റിലച്ചെല്ലം തുറന്ന് നല്ല തളിർവെറ്റിലയെടുത്ത് ഞെട്ടി കളയുന്നു. കുഴിനഖം ബാധിച്ച നഖങ്ങൾകൊണ്ട് ഇലയുടെഞരമ്പുകൾ ഞെരടിക്കളയുന്നു. പിച്ചളയുടെ ചുണ്ണാമ്പുചെപ്പു തുറന്ന് ഇളംചുവപ്പു നിറത്തിലുള്ള വാസനചുണ്ണാമ്പ് തോണ്ടിയെടുത്ത് ഒരു ചിത്രകാരന്റെ ശ്രദ്ധയോടെ തേയ്ക്കുന്നു. അതിനുശേഷം നേരിയതായി നുറുക്കിയ അടക്കയും സുഗന്ധമുള്ള പുകയിലക്കൂട്ടും വെച്ച് മടക്കുന്നു. പിന്നെ അതും വായിലിട്ട് അഴിഞ്ഞുതുടങ്ങിയ മുണ്ട് അരയിൽ ഉറപ്പിച്ച് ഞാൻ പറയുന്നത് സശ്രദ്ധം കേൾക്കുന്നു. എല്ലാം കഴിഞ്ഞാൽ ആ കണ്ണുകളിൽ ഉണ്ടാവുന്നത് അശ്ലീലമായൊരു സംതൃപ്തിയാണ്. അതറിഞ്ഞുകൊണ്ടുതന്നെ ഞാൻ ഓരോവട്ടം പീഡനമേൽക്കുമ്പോഴും അച്ചുമ്മാന്റെ അടുത്തേയ്‌ക്കോടുന്നു. എന്റെ വിഷമങ്ങൾ വിവരിക്കുന്നു. സഹായത്തിന്നായി, അല്പം മനസ്സമാധാനത്തിന്നായി.

രാവിലെയുണ്ടായത് ചില്ലറ കാര്യമൊന്നുമല്ല. അല്ലെങ്കിൽ അയാളുമായുണ്ടായ ഏതുകാര്യമാണ് നിസാരമായിട്ടുള്ളത്? ഞാൻ ആദ്യം മുതൽ പറയാം.

തുടക്കം അതിരിന്മേലായിരുന്നു. കാലം കുറച്ചായി. ഭാഗം നടത്തുമ്പോൾ അച്ചുമ്മാനാണ് എന്നോട് തറവാട് എടുത്തോളാൻ പറഞ്ഞത്. 'ഭാർഗ്ഗവിയല്ലെ മൂത്തത്. അപ്പോ മൂത്തവളുടെ മൂത്തമോനുതന്നെയാവട്ടെ തറവാട്.' ഞാൻ ഉടനെ സമ്മതിച്ചു. ഒരു ഗൃഹാതുരത്വം. പക്ഷേ അതിന് രാവുണ്ണിയുടെ രൂപത്തിൽ ഇത്ര വലിയ വിലകൊടുക്കേണ്ടിവരുമെന്നൊന്നും ഓർത്തില്ല. അല്ലെങ്കിലും ഭാഗം കഴിഞ്ഞശേഷമല്ലേ അയാൾ തനിനിറം കാട്ടാൻ തുടങ്ങിയത്?

ഒരു ദിവസം രാവിലെ നോക്കിയപ്പോൾ തെക്കെ വേലികെട്ടു തുടങ്ങിയിരുന്നു. അത് രാവുണ്ണിയുടെ വടക്കേ അതിരായതിനാൽ രാവുണ്ണിയാണ് വേലികെട്ടേണ്ടത്. രാവുണ്ണി ഒരു കള്ളിമുണ്ടും ബനിയനുമുടുത്ത് നിൽക്കുന്നുണ്ട്. ലോഗ്യം ചോദിക്കാൻ പോയപ്പോൾ അയാൾ പറഞ്ഞു.

'ആ, രാജേട്ടൻ വന്നതു നന്നായി. ഞാനീ മുളങ്കൂട്ടം ഒന്ന് വെട്ടി ശരിപ്പെടുത്തുന്നുണ്ട്. അതൊന്ന് പറയാൻ ഞാൻ അങ്ങട്ട് വരണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു.'

മുളങ്കൂട്ടം എന്റേതാണ്. മുക്കാൽ ഭാഗവും എന്റെ പറമ്പിൽ, ഒന്നോ രണ്ടോ മുളകൾ രാവുണ്ണിയുടെ പറമ്പിലുമുണ്ട്.

'അപ്പോ വേലികെട്ടാന്ള്ള മുള്ള് കിട്ടും ചെയ്യും.' രാവുണ്ണി തുടർന്നു.

'അതെന്താപ്പോത്ര ചോദിക്കാൻ.' ഞാൻ പറഞ്ഞു. രാവുണ്ണി ജോലിക്കാർക്ക് നിർദ്ദേശം കൊടുക്കുകയാണ്.

'എടോ താഴത്ത്ള്ള ആ മുള്ളൊക്കെ അങ്ങട് വെട്ടിക്കോ. ആളൊയരത്തിൽ വെട്ട്യാൽ മതി.....'

ഞാൻ സ്‌കൂളിൽ പോവുകയും ചെയ്തു. ഇൻസ്‌പെക്ഷനുള്ള ദിവസാണ്, മാഷമ്മാരെല്ലാം നേരത്തെ എത്തണമെന്ന് ഹെഡ്മാസ്റ്റർ പ്രത്യേകം പറഞ്ഞിരുന്നു. വൈകുന്നേരം സ്‌കൂൾവിട്ട് തിരിച്ചെത്തിയപ്പോഴാണ് വേലികെട്ടിന്റെ സ്വഭാവം മനസ്സിലായത്. തെക്കേ അതിര് ഒരടിയോളം എന്റെ പറമ്പിലേയ്ക്ക് തള്ളിയാണ് വേലികെട്ടിയിരിക്കുന്നത്. രണ്ടോ മൂന്നോ മുളകളൊഴിച്ച് ആ മുളങ്കൂട്ടം മുഴുവൻ അവന്റെ പറമ്പിലാണിപ്പോൾ. അപ്പുറത്തും ഇപ്പുറത്തും ഉള്ള കായ്ചുതുടങ്ങിയ മാവുകളും ഒരു ആഞ്ഞിലിയും മറുകണ്ടത്തിലെത്തിയിരിക്കുന്നു. അതിരു മാറിയതറിയാതിരിക്കാൻ അവന്റെ കണ്ടം കിളച്ച് അതിരു തേമ്പിയിരിക്കുന്നു.

ഞാൻ നളിനിയെ വിളിച്ചു കാണിച്ചുകൊടുത്തു. അവൾ വിശ്വസിക്കാൻ പ്രയാസമായപോലെ വേലിയുടെ മുന്നേറ്റം നോക്കിക്കണ്ടു.

'അപ്പോ നിനക്കൊന്ന് ഇടയ്ക്ക് വന്ന് നോക്കായിര്ന്നില്ലേ?' ഞാൻ ചോദിച്ചു.

'അയ്യാള് അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.'

'അതോണ്ടെന്താ?' ഞാൻ അരിശത്തോടെ പറഞ്ഞു. 'നമ്മടെ മൊതല് പോവാതെ നോക്കണ്ടേ?'

'രാജേട്ടന് മനസ്സിലാവില്ല.' അവൾ ശബ്ദംതാഴ്ത്തിക്കൊണ്ടു പറഞ്ഞു. 'അയാള് രാജേട്ടൻ വിചാരിക്കണമാതിരിയൊന്നും അല്ല.'

ഞാൻ ഒന്നും പറഞ്ഞില്ല. അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. വേലി കെട്ടിയകാരണം പടിക്കലൂടെത്തന്നെ വേണം രാവുണ്ണിയുടെ വീട്ടിൽ പോകാൻ. വേലി പൊളിഞ്ഞുകിടന്ന കാലത്ത് അതിരുകടന്നു പോകാമായിരുന്നു.

രാവുണ്ണി പറമ്പിലായിരുന്നു. വേലികെട്ട് പടിഞ്ഞാറേ പറമ്പിലെത്തിയിരിക്കുന്നു. ഞാൻ വിളിച്ചുപറഞ്ഞു.

'രാവുണ്ണി ഒന്നിത്രേടം വരൂ.'

'എന്താ രാജേട്ടാ?' അയാൾ ഓടിവന്നു.

ഞാനയാളെ കൊണ്ടുപോയി അയാളുടെ വടക്കേ അതിർത്തി കാണിച്ചുകൊടുത്തു.

'ഇതെന്താണ് ചെയ്തിരിക്കണത്?'

'എന്താണ് രാജേട്ടാ?' വളരെ സൗമ്യമായ ചോദ്യം, ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിൽ.

'അറിഞ്ഞില്ലേ?' ഞാൻ ചൂടായി പറഞ്ഞു. 'വേലി എന്റെ അതിരിലേയ്ക്ക് ഒരടി മാറ്റീട്ടാണ് കെട്ടിയിരിക്കണത്?'

'അതേയോ?' അയാൾ മനസ്സിലാകാത്ത മാതിരി പറഞ്ഞു.

'അതേ, ഈ രണ്ടു തൈമാവും ആഞ്ഞിലിയും എന്റെ പറമ്പിലായിരുന്നത് ഇപ്പോ എവിട്യാണ്ന്ന് നോക്ക്?'

'അത് എന്റെ പറമ്പിലായിരുന്നില്ലേ?'

'അല്ല എന്റെ പറമ്പിലായിരുന്നു. അതുപോലെ ഈ മുളങ്കൂട്ടവും എന്റെ പറമ്പിലായിരുന്നു. അതിപ്പൊ എവിട്യാണ്ന്ന് നോക്ക്.'

'അത് മുള്ള് വെട്ടിയതോണ്ട് തോന്നണതാ.'

'അതൊന്ന്വല്ല. ശരിക്കും ഒരടി വാങ്ങീട്ടാ വേലികെട്ടീട്ട്ള്ളത്.'

'എടാ, വേലായുധാ.' രാവുണ്ണി തിരിഞ്ഞുനിന്ന് ഉറക്കെ വിളിച്ചു.

'എന്തോ?' വേലായുധൻ ഓടിവന്നു.

'നീയിതെന്താണ് കാണിച്ചുവച്ചത്? ഈ മുളങ്കൂട്ടം നമ്മടെ അതിരിലേയ്ക്ക് എടുത്തതെന്തിനാ?'

വേലായുധൻ പുച്ഛമടക്കിനിന്നു.

'നീയിന്ന് പോണതിനുമുമ്പ്തന്നെ വേലി ശരിക്ക്ള്ള സ്ഥാനത്തേയ്ക്കാക്കണം കെട്ടോ?'

'അടിയൻ...'

'ഏട്ടൻ പൊയ്‌ക്കോളു. ഇന്നിനി സമയല്ല്യ. നാളെ രാവിലെ ഇവര് വന്നാലുടനെ ഇത് ശരിയാക്കാം. ശാരദ്യോട് ചായണ്ടാക്കാൻ പറയട്ടേ?'

'വേണ്ട, ഞാൻ ചായ കുടിച്ചിട്ടേ വന്നത്.'

പിറ്റേന്ന് രാവിലെ സ്‌കൂളിൽപോകാൻ നേരത്ത് ചെന്നപ്പോൾ ജോലിക്കാർ പടിഞ്ഞാറെ വേലി കെട്ടുകയാണ്. ഉച്ചതിരിയുമ്പോഴേയ്ക്ക് അതു കഴിയും. ഉടനെ ഈ വേലി മാറ്റാമെന്ന് രാവുണ്ണി ഒരിക്കൽക്കൂടി ഉറപ്പു നൽകി.

ഉറപ്പുമാത്രമേ ഉണ്ടായുള്ളൂ. വൈകുന്നേരംഞാൻ സ്‌കൂൾ വിട്ടു വന്നപ്പോഴേയ്ക്ക് വേലിപ്പണി കഴിഞ്ഞ് ജോലിക്കാർ പോയിരുന്നു. എന്റെ തെക്കേ അതിരിലെ വേലി അതിന്റെ പുതിയ സ്ഥാനത്തുതന്നെ ഉറച്ചു നിൽക്കയാണ്. പിന്നെയുണ്ടായത് വക്കാണമാണ്. കയ്യാങ്കളിയാവുമെന്ന ഘട്ടത്തിൽ രണ്ടു ഭാര്യമാർ വരികയും ഞങ്ങളെ കൂട്ടിക്കൊണ്ടുപോകയും ചെയ്തു. വേലി അതിന്റെ പുതിയ സ്ഥാനത്ത് തലയുയർത്തി നിന്നു.

കാര്യങ്ങളെല്ലാമറിഞ്ഞപ്പോൾ അച്ചുമ്മാൻ പറഞ്ഞത് ഇപ്പോൾ ഒന്നും ചെയ്യേണ്ട, അടുത്ത വേലികെട്ടിന്റെ സമയത്ത് മാറ്റാൻ പറഞ്ഞാൽ മതിയെന്നാണ്. 'നിന്റെ അയൽക്കാരനാണ്. മാത്രല്ല ചോരയ്ക്ക് വെള്ളത്തേക്കാൾ കട്ടികൂടുംന്നല്ലേ സായ്പ് പറേണത്.'

അതാണ് ആദ്യത്തെ സംഭവം. പിന്നീട് സംഭവങ്ങൾ പലതും നടന്നു. മിക്കവയും കയ്യേറ്റങ്ങളുടെ കഥകൾ. അടയ്ക്ക വില പറയാൻ വന്ന മാപ്പിള തെക്കേ കണ്ടത്തിൽ നിന്നു തിരിച്ചുവന്നു ചോദിച്ചു. 'നിങ്ങള് ആളെ കളിപ്പിക്ക്യാണോ മാഷേ?'

'എന്തേ?' ഞാൻ അദ്ഭുതപ്പെട്ട് ചോദിച്ചു.

'ഒരൊറ്റ എണ്ണത്തിന്റെ മണ്ടേല് അടയ്ക്ക ഇല്ലല്ലോ?'

ഞാൻ ഓടിക്കൊണ്ടുതന്നെ തെക്കേ പറമ്പിലേയ്ക്കു ചെന്നു. ശരിയാണ് തെക്കേ പറമ്പിലെ നാൽപ്പത്തെട്ടു കവുങ്ങുകളും ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ട പെണ്ണുങ്ങളെപ്പോലെ ഒഴിഞ്ഞ കഴുത്തോടെ നിൽക്കുന്നു. മിനിഞ്ഞാന്നുവരെ അവയിലെല്ലാം മഞ്ഞനിറം കയറിയ അടക്കക്കുലകൾ തൂങ്ങിക്കിടന്നിരുന്നു. പെട്ടെന്നാണ് ഓർത്തത്. ഇന്നലെ രാവുണ്ണിയുടെ പറമ്പിൽ കവുങ്ങു കയറ്റിയിരുന്നു. സ്‌കൂളിൽ പോകുമ്പോഴാണതു കണ്ടത്. ശരിക്കു പറഞ്ഞാൽ പോകുന്ന വഴി ഹൈദ്രോസു മാപ്പിളയെ കണ്ട് അടക്കയുടെ കാര്യം പറയാൻ ഓർമ്മവന്നതുതന്നെ രാവുണ്ണിയുടെ പറമ്പിൽ അടക്കയിറക്കുന്നതു കണ്ടതുകൊണ്ടാണ്. സംഗതി വ്യക്തം, രാവുണ്ണി എന്റെ പറമ്പിലെ അടക്കകൂടി ഇറക്കി കൊണ്ടുപോയിരിക്കുന്നു. രണ്ടു പറമ്പിലും വേലിയുടെ അടുത്തുവരെ കവുങ്ങുകൾ ഉള്ളതിനാൽ കയറ്റക്കാർക്ക് വേലി കടക്കാതെത്തന്നെ കവുങ്ങുകൾ ഞാത്തിയടുപ്പിച്ചുക്കൊണ്ട് എല്ലാ കവുങ്ങിന്മേലും എത്താം.

എന്താണ് ചെയ്യേണ്ടത്? രാവുണ്ണിയോടു പറഞ്ഞിട്ടു കാര്യമില്ല. രാവുണ്ണി അടക്കയിറക്കുന്നതു കണ്ടവരാരുമില്ല. അന്വേഷിച്ചപ്പോൾ ഒരു കാര്യം തെളിഞ്ഞു. രാവുണ്ണി എണ്ണായിരത്തഞ്ഞൂറ് അടക്കയാണ് വിറ്റിട്ടുള്ളത്. അയാളുടെ പറമ്പിൽ നാൽപതിൽ താഴെയാണ് കവുങ്ങുള്ളത്. അതിൽനിന്ന് ഒരിക്കലും എണ്ണായിരം അടയ്ക്ക കിട്ടാൻ വഴിയില്ല. അപ്പോൾ സ്വാഭാവികമായും അയാൾതന്നെയാണ് അടയ്ക്ക മോഷ്ടിച്ചിട്ടത്. പക്ഷേ ആരെങ്കിലും വിശ്വസിക്കുമോ?

അതുതന്നെയാണ് അച്ചുമ്മാനും പറയുന്നത്.

'ഏട്ടന്റെ പറമ്പിൽനിന്ന് രാവുണ്ണി അടക്ക മോഷ്ടിച്ചൂന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്ക്യോ?' അച്ചുമ്മാൻ ചെല്ലമെടുത്ത് മടിയിൽ വച്ചു.

'ഞാനെന്താണ് ഇനി ചെയ്യേണ്ടത്?' ഞാൻ അമർഷത്തോടെ ചോദിച്ചു.

അച്ചുമ്മാൻ വെറ്റിലയെടുത്തു നിവർത്തി. വിശദമായൊരു മുറുക്കിനുള്ള തയ്യാറെടുപ്പാണ്. എന്നെ പെട്ടെന്നങ്ങോട്ട് ഒഴിവാക്കാനുള്ള ഉദ്ദേശമില്ല. എല്ലാം വിശദമായിത്തന്നെ അറിയണം. ആർക്കാണ് രാവുണ്ണി അടയ്ക്ക വിറ്റത്, എന്തു വിലയ്ക്കാണ്. കച്ചവടക്കാരനത് നീറ്റടക്കയാക്കാനാണോ, അതോ അപ്പടി കോയമ്പത്തൂരിൽ കൊണ്ടുപോയി വിൽക്കാനാണോ?

എന്തിനാണ്ഞാനിതിനെല്ലാം മറുപടി പറയുന്നതെന്ന്ഞാൻ ആലോചിക്കാറുണ്ട്. അച്ചുമ്മാൻ എന്തോ ഒരു പ്രത്യേക ശക്തികൊണ്ട് എന്നെ കെട്ടിയിടുന്നു. ഞാൻ ഒരു കാർമ്മികന്റെ മുമ്പിലെന്ന പോലെ അദ്ദേഹത്തിന്റെ മാസ്മരശക്തിയിൽ മയങ്ങിനിൽക്കുന്നു. മുറുക്കിച്ചുവന്ന വായിൽനിന്ന് കുരുതിയൊഴുകുന്നു. എന്റെ ശക്തികൾ ഞാൻ ആ വൃദ്ധന്റെ കൈപ്പിടിയിൽ അടിയറ വയ്ക്കുന്നു. മുറുക്കിന്റെ അന്ത്യത്തിൽഞാൻ നിസ്സഹായനായി തിരിച്ചു പോകുന്നു; വീണ്ടും പീഡാനുഭവമുണ്ടാകുമ്പോൾ ഓടി ചെല്ലാനായി മാത്രം.

കൃഷ്ണൻകുട്ടിയും രാവുണ്ണിയുടെ മകൻ മോഹനനും ഒരേ ക്ലാസ്സിലായത് സംഘർഷങ്ങൾക്ക് വഴിവച്ചു. എന്റെ മകൻ കളിക്കാനൊക്കെ മിടുക്കനാണ്. മോഹനൻ അക്കാര്യത്തിൽ മോശക്കാരനും. സ്വതവേ ആരോഗ്യമില്ല, അതുകൊണ്ടുതന്നെ കലഹപ്രിയനുമാണ്. കളികളിൽ അവൻ ജയിക്കണം. കൃഷ്ണൻകുട്ടി ജയിച്ചാൽ പിന്നെ വഴക്കാണ്. ഉച്ചയ്ക്ക് അവർ കുട്ടിയും കോലുമാണ് കളിക്കാറ്. വൈകുന്നേരം വന്നാൽ കൃഷ്ണൻകുട്ടിക്കു പറയാനുള്ളത് മോഹനൻ കാണിച്ച കള്ളവും അവൻ വഴക്കിട്ടതിന്റെ വിവരണവുമാണ്. ഞാനും നളിനിയും അവനെ സമാധാനിപ്പിക്കും. അവൻ നിന്റെ സഹോദരനല്ലേ. ശരിക്കു പറഞ്ഞാൽ മാസങ്ങൾക്കു ഇളയതാണ് മോഹനൻ. അപ്പോൾ നീ ക്ഷമിക്ക്. അങ്ങിനെ പോകുമായിരുന്നു സംഭവങ്ങൾ. പക്ഷേ ഒരു ദിവസം രാവുണ്ണി എന്നെ വഴിക്കുവച്ച് തടഞ്ഞു നിർത്തി ക്ഷോഭിച്ചുകൊണ്ട് പറഞ്ഞു.

'മോനെ നിലയ്ക്കു നിർത്തുകയാണ് നല്ലത്. അല്ലെങ്കിൽ ചെയ്യേണ്ടതെന്താണെന്ന് എനിക്കറിയാം.'

എന്തു പറ്റിയെന്ന് ഞാൻ അന്വേഷിച്ചു.

'ഒന്നു പറ്റിയിട്ടില്ല. തണ്ടും തടീംണ്ട്ന്ന് വച്ച് ചെറിയ കുട്ട്യോളെ തല്ലാൻ നിന്നാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും.'

എന്റെ ചോദ്യങ്ങൾക്കു മറുപടി തരാതെ അയാൾ സ്ഥലം വിട്ടു. വീട്ടിൽ ചെന്നു കൃഷ്ണൻകുട്ടിയോടു ചോദിച്ചു. കാര്യമായൊന്നുമുണ്ടായിട്ടില്ലെന്ന മറുപടി എന്നെ തൃപ്തനാക്കിയില്ല. ഒന്നുമില്ലാതെ ഒരാൾ ഇത്ര ക്ഷോഭിക്കുമോ? ഇല്ല, അവൻ തറപ്പിച്ചു പറഞ്ഞു, ഒന്നുമുണ്ടായിട്ടില്ല. ഇന്ന് അവന് ഒരിക്കൽപ്പോലും ജയിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് അവൻ വീട്ടിൽപ്പോയി ഏഷണി കൂട്ടിയതായിരിക്കും.

കൃഷ്ണൻകുട്ടിയെ സംശയിക്കേണ്ട കാര്യമില്ല. പിറ്റേന്ന് മേലാകെ പോറലേറ്റ് കൃഷ്ണൻകുട്ടി വന്നപ്പോൾ ഞാൻ കരുതിയത് കളിക്കുമ്പോൾ വീണതായിരിക്കുമെന്നാണ്. അങ്ങിനെയല്ല എന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ഭയന്നു. എന്താണയാളുടെ ഉദ്ദേശം? കൃഷ്ണൻകുട്ടി സ്‌കൂൾ വിട്ടു വരുമ്പോഴാണതുണ്ടായത്. ഒരിടവഴിയിൽവച്ച് രാവുണ്ണി അവന്റെ കഴുത്തിനു പിടിച്ച് ഒരു തള്ള്. അവൻ കമിഴ്ന്നടിച്ചു വീണു. അവന്റെ പുസ്തകങ്ങൾ തെറിച്ചുചിതറി. എഴുന്നേറ്റ് പുസ്തകങ്ങൾ പെറുക്കുമ്പോൾ അയാൾ അവന്റെ കരണത്ത് ഒരടി. കൃഷ്ണൻകുട്ടി വീണ്ടും വീണു. വേലിയുടെ മുള്ളിൽത്തട്ടി അവന്റെ മേലാകെ പോറലേറ്റു.

ഞാനിരുന്ന് പുകയുകയാണ്. നളിനി എന്നെ പിടിച്ചുവച്ചിരിക്കയാണ്. 'ഒന്നിനും പോകണ്ട.' അവൾ കേണപേക്ഷിച്ചു. 'അയാൾ എന്തും ചെയ്യാൻ മടിക്കാത്തവനാണ്.' ഞാൻ അച്ചുമ്മാനെ കാണാൻ പോകുന്നെന്നു പറഞ്ഞപ്പോഴാണ് അവൾ എന്നെ വിട്ടത്.

അച്ചുമ്മാൻ എന്നെ പ്രതീക്ഷിച്ചപോലെ ഉമ്മറത്തുതന്നെ ചാരുകസേരയിൽ ഇരിക്കുന്നു. കസേലക്കൈമേൽ ചെല്ലവുമുണ്ട്. ഒരിക്കലെങ്കിലും അച്ചുമ്മാൻ അതു തൊടാതെ, മുറുക്കാതെ ഞാൻ പറയുന്നത് ശ്രദ്ധിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ ഞാൻ ഉമ്മറത്തിന്റെ ഒതുക്കുകൾ കയറാൻ തുടങ്ങിയപ്പോൾത്തന്നെ അദ്ദേഹം ചെല്ലപ്പെട്ടി തുറക്കുന്നു. എന്റെ കഥകളുടെ ആസ്വാദ്യത വർദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു.

'ഇരിക്ക്, ഇരിക്ക്, എന്തൊക്കെയാണ് വിശേഷങ്ങൾ?'

ഒരു കോമാളി സ്റ്റേജിൽ പ്രകടനം തുടങ്ങുന്നതിനുമുമ്പുതന്നെ പ്രേക്ഷകരിൽ ചിരിയുതിർത്തുന്നതുപോലെ എന്റെ വരവുതന്നെ അച്ചുമ്മാനെ ഹരം പിടിപ്പിക്കുന്നു. ഞാൻ പറഞ്ഞുതുടങ്ങി.

മേലാസകലം ചോരയിൽ മുങ്ങിയ കൃഷ്ണൻകുട്ടിയുടെ വരവ് വിഭാവനം ചെയ്യാനെന്നപോലെ അച്ചുമ്മാൻ ഒരു നിമിഷം കണ്ണടച്ചു. ആ മുഖത്ത് വഴിഞ്ഞൊഴുകിയിരുന്നത് നിർവൃതിയാണോ അതോ സായൂജ്യമാണോ? അദ്ദേഹം പറഞ്ഞു.

'നമുക്ക് ചില പാരമ്പര്യമൊക്കെയില്ലേ? അവൻ നിന്റെ അയൽക്കാരനാണ്. നിന്റെ അതിഥിയാവേണ്ടവൻ. അവനോട് പ്രതികാരം ചെയ്യരുത്. അവനെ പറഞ്ഞു മനസ്സിലാക്കണം. അതിലാണ് നിന്റെ മിടുക്ക് കിടക്കുന്നത്. ഒടിക്കരുത്, വളക്കണം. അതാവട്ടെ നിന്റെ ലക്ഷ്യം.'

പാരമ്പര്യം! മണ്ണാങ്കട്ട. എനിക്കുള്ള പാരമ്പര്യമെല്ലാം അവനുമുള്ളതാണ്. ഒരേ വീട്ടിൽ ജനിച്ചവർ, ഒരേ വീട്ടിൽ വളർന്നവർ. ഭാഗം കഴിച്ചുവെന്നതുകൊണ്ട് എങ്ങിനെ രണ്ടു പാരമ്പര്യമാകുന്നു? ഞാൻ ചോദിച്ചു.

'അച്ചുമ്മാന് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?'

'ഞാനെന്താണ് ചെയ്യേണ്ടത്?' തൊണ്ടയിലേയ്ക്ക് ഇറങ്ങിപ്പോയി അലോസരം സൃഷ്ടിച്ച മുറുക്കുനീര് മുഖമുയർത്തിപ്പിടിച്ച് ഒരു ശബ്ദത്തോടെ വായിലേയ്ക്കു വലിച്ചെടുത്ത് അച്ചുമ്മാൻ ചോദിച്ചു.

'അവൻ അച്ചുമ്മാന്റേയും മരുമകനല്ലേ?'

'അതോണ്ടല്ലേ പറേണത്, നിങ്ങള് തമ്മിൽ ശണ്ഠകൂടരുതെന്ന്. അവന് നെന്നെപ്പറ്റിയും ആവലാതികള്ണ്ട്. ഞാനത് പൊറമേന്ന് അറിഞ്ഞിരിക്കുണു. പക്ഷേ അതുംകൊണ്ട് അവനിങ്ങോട്ട് വര്ണില്ലല്ലോ?'

'എന്താവലാതി?'

'മോനെപ്പറ്റിയൊക്കെയാണ്. അതൊക്കെപ്പോട്ടെ. ഞാനൊരിക്കൽക്കൂടി പറയ്യാണ് അവൻ നെന്റെ അയൽക്കാരനാണ്. നല്ല നെലയ്ക്ക് കഴിയ്യാണെങ്കിൽ രണ്ടുകൂട്ടർക്കും നല്ലതാണ്. അല്ലെങ്കില് രണ്ടൂട്ടർക്കും ചീത്ത്യാ.'

'അത് രാവുണ്ണീം കരുതണ്ടേ?'

അന്നു രാത്രി തെക്കെ കുളത്തിൽ വളർത്തിയ മീനുകളെ മുഴുവൻ രാവുണ്ണി വലയിട്ട് പിടിച്ചു കൊണ്ടുപോയി. രാവിലെ കുളിക്കാൻപോയ കൃഷ്ണൻകുട്ടിയാണ് പറഞ്ഞത്.

'അച്ഛാ തെക്കെ കൊളത്തില് ഒരൊറ്റ മീനില്ല. എല്ലാം രാവുണ്ണിച്ചെറിയച്ഛൻ പിടിച്ചു കൊണ്ടുപോയി.'

പടിഞ്ഞാറു താമസിക്കുന്ന വേലായുധൻ വൈദ്യരാണ് കൃഷ്ണൻകുട്ടിയ്ക്ക് തുമ്പുകൊടുത്തത്. രാത്രി ഉറക്കമില്ലാത്ത ആ വൃദ്ധൻ നക്ഷത്രമെണ്ണുമ്പോൾ കണ്ട കാഴ്ചയാണ്. രാവുണ്ണിയുടെ വേലി പൊളിഞ്ഞിടത്തുകൂടെ രണ്ടുപേർ റാന്തലുമായി വന്ന് കുറേ നേരം കുളത്തിൽ എന്തോ ചെയ്തിരുന്നു. നീന്തൽ പഠിക്ക്യായിരുന്നില്ല തീർച്ച.

'ദാ ന്റെ പേരൊന്നും പറഞ്ഞുപോവല്ലേ?' വൃദ്ധൻ പ്രത്യേകം പറഞ്ഞു. 'ഞാനിവിടെ സ്വൈരായി കഴിഞ്ഞോട്ടെ.'

വൈകുന്നേരം ഒന്നുമറിയാത്തമട്ടിൽ രാവുണ്ണിച്ചെറിയച്ഛന്റെ വീട്ടിലെ കുളത്തിൽ പരിശോധന നടത്തി തിരിച്ചെത്തിയ കൃഷ്ണൻകുട്ടി പറഞ്ഞു.

'അച്ഛാ, നമ്മടെ മീനൊക്കെ രാവുണ്ണിച്ചെറിയച്ഛന്റെ കൊളത്തില് നീന്തിക്കളിക്കുന്നുണ്ട്.'’ ഒന്നു നിർത്തിയിട്ട് അവൻ പറഞ്ഞു. 'നല്ല സുഖായിട്ട്.'

രാവുണ്ണിയുടേത് നല്ല മണിക്കുളമാണ്. ഏതുകാലത്തും തെളിവെള്ളം നിറഞ്ഞുനിൽക്കുന്ന കുളം. നിറയെ ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്നു. തറവാട് ഭാഗിക്കുന്നതിനുമുമ്പ് എല്ലാവരും അതിലായിരുന്നു കുളിച്ചിരുന്നത്. എനിക്കു കിട്ടിയ പറമ്പിൽ ശരിക്കു പറഞ്ഞാൽ രണ്ടു കുളമാണുള്ളത്. രണ്ടും ഒരുപോലെ മോശം. മീനുകൾ പുതിയ വാസസ്ഥലം ആസ്വദിക്കുന്നുണ്ടാവും.

'ഞാനൊന്ന് പുറത്തിറങ്ങിയിട്ടു വരാം.'

'എങ്ങോട്ടാണ്?'

നളിനിയുടെ ചോദ്യത്തിൽ ആകാംക്ഷയുണ്ടായിരുന്നു.

'മാർക്കറ്റിലേയ്ക്കാണ്.'

ഞാൻ പുറത്തേയ്ക്കിറങ്ങി. എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. എങ്ങോട്ടെങ്കിലും പോകണമെന്നുമാത്രം. ആരോടാണ് അരിശം തീർക്കേണ്ടതെന്നറിയില്ല. രാവുണ്ണിയുടെ പടിക്കലെത്തിയപ്പോൾ ഞാൻ ഒന്നു നിന്നു. തിരിഞ്ഞുനോക്കിയപ്പോൾ നളിനി മുറ്റത്തുനിന്ന് എന്നെത്തന്നെ നോക്കുകയാണ്. അവളുടെ കണ്ണുകളിൽ അപേക്ഷാഭാവമുണ്ട്. ഞാൻ രാവുണ്ണിയുടെ പടികയറാതെ നേരെ നടന്നു. എത്തിയത് അച്ചുമ്മാന്റെ ഉമ്മറത്താണ്. എന്നെ കണ്ടതോടെ, ചാരുകസേലയിലിരുന്ന അച്ചുമ്മാൻ ചെല്ലപ്പെട്ടിയെടുത്തു മടിയിൽവച്ചു.

തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ ആലോചിച്ചത് ഇതിനെന്തു പോംവഴിയെന്നായിരുന്നു. രാവുണ്ണിയെപ്പറ്റി മറ്റുള്ളവർക്ക് നല്ല അഭിപ്രായമാണ്. ഞാൻ എന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ അവർ ഓരോരുത്തരും അച്ചുമ്മാന്റെ കൊച്ചുകൊച്ചു പതിപ്പുകളാവുന്നു. ഞാൻ തിരിഞ്ഞുനടക്കുമ്പോൾ പിന്നിൽനിന്ന് കേൾക്കുന്ന അമർത്തിപ്പിടിച്ച ചിരി എന്നെ കളിയാക്കിക്കൊണ്ടല്ല എന്നു വിശ്വസിക്കാൻ ഞാൻ ശ്രമിക്കുന്നു.

ശനിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയപ്പോൾ ഞാൻ ഒരപകടവും പ്രതീക്ഷിച്ചിരുന്നില്ല. അത് അസ്വാഭാവികമായിരുന്നു. കാരണം ഏതു നിമിഷവും എന്തെങ്കിലും സംഭവിക്കാം എന്ന മട്ടിലായിരുന്നു എന്റെ മാനസികാവസ്ഥ. രാവുണ്ണി എന്റെ പേടിസ്വപ്‌നമായി മാറിയത് ഞാൻ അറിയുന്നു.

വാതിൽ തുറന്നു കിടക്കയാണ്. ഉച്ചയ്ക്ക് രണ്ടുമണിനേരത്ത് അത് അടച്ചിടുകയാണ് പതിവ്. കൃഷ്ണൻകുട്ടി എത്താനിടയില്ല. ശനിയാഴ്ചയും അവൻ ഭക്ഷണം കൊണ്ടുപോകും. അതു കഴിച്ച് നാലഞ്ചു മണിവരെ കളിച്ചശേഷമേ അവൻ വീട്ടിലെത്താറുള്ളൂ.

ഞാൻ അകത്തു കടന്നു. ആളനക്കമില്ല. തളത്തിൽനിന്ന് അടുക്കളയിലേയ്ക്കു കടന്നു. ആരുമില്ല. ഞാൻ പരിഭ്രമിച്ചു. ഇടനാഴികയിലൂടെ ഓടി കിടപ്പുമുറിയിലെത്തി. അവിടെ നിലത്ത് നളിനി കിടന്നിരുന്നു, ബോധമില്ലാതെ.

അവളുടെ ബ്ലൗസ് കീറിയിരുന്നു. സാരി പകുതി അഴിഞ്ഞ മട്ടിലായിരുന്നു. മുകളിലേയ്ക്ക് കയറിക്കിടക്കുന്ന പാവാടയിൽ ചോരപ്പാടുകൾ. ഞാൻ അവളെ താങ്ങിപ്പിടിച്ചു. അവൾ ശ്വാസം വിടുന്നുണ്ടെന്ന് ആശ്വാസത്തോടെ മനസ്സിലാക്കി. അവളെയെടുത്ത് കട്ടിലിന്മേൽ കിടത്തി, കുളിമുറിയിൽപോയി മെള്ളമെടുത്ത് മുഖത്തു തളിച്ചു.സാവധാനത്തിൽ അവൾക്ക് ബോധം തിരിച്ചുകിട്ടി. പക്ഷേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവാൻ അവൾക്ക് പിന്നേയും സമയമെടുത്തു. അവൾ എന്നെ പകച്ചുനോക്കുകയായിരുന്നു. എന്താണ് കാര്യമെന്ന മട്ടിൽ. പിന്നെയാണ് അവൾ തന്റെ കീറിയ ബ്ലൗസും അഴിഞ്ഞു വീണുകിടക്കുന്ന സാരിയും കണ്ടത്. അവൾ പൊട്ടിക്കരയാൻ തുടങ്ങി.

അവൾ എന്നെ പിടിച്ചുവലിക്കുകയായിരുന്നു.

'ദയവു ചെയ്ത് പോകല്ലേ.' അവൾ കേണപേക്ഷിക്കുകയാണ്. 'അയാൾ ദുഷ്ടനാണ്. എന്തും ചെയ്യാൻ മടിക്കില്ല. ഭീഷണിപ്പെടുത്ത്വായിരുന്നു. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. ഭഗവാനെ ഓർത്ത് ഒന്നും ചെയ്യല്ലേ എന്റെ മോന് അച്ഛനില്ലാതാവും. പോവല്ലേ.'

ഞാൻ കുഴഞ്ഞ് നിലത്തിരുന്നു. രാവുണ്ണിയെ പേടിയുള്ളതുകൊണ്ടല്ല ഞാൻ പോകാതിരുന്നത്. ഒരു രംഗം ഉണ്ടാക്കി അതുവഴി അനാശാസ്യമായ പരസ്യം കൊടുക്കുന്നതുകൊണ്ട് എന്തു ഫലം? പോലീസിൽ പോയി പരാതിപ്പെട്ടാലും ഫലം അതുതന്നെ. കാര്യമൊന്നും നടന്നെന്നു വരില്ല. ഞാൻ കൊല്ലൻ രാമുവിന്റെ ആലയിൽ എത്തിച്ചേർന്നത് അങ്ങിനെയാണ്. ഉണ്ടാക്കാനുദ്ദേശിച്ച കത്തിയുടെ വലുപ്പം കേട്ടപ്പോൾ രാമു ചിരിച്ചുകൊണ്ട് പറഞ്ഞു.

'മാഷെന്താ അറവുകച്ചവടം തുടങ്ങാമ്പോവ്വ്വാ?'

ഞാനൊന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അയാൾ തുടർന്നു. 'അല്ലാ ഓരോരുത്തര്‌ടെ പോക്കു കണ്ടാൽ കത്ത്യല്ല അതിനപ്പുറത്തുള്ളത് ഉണ്ടാക്കാൻ തോന്നും ചെയ്യും.'

ഞാൻ ആലയിൽ കത്തിയുണ്ടാക്കാൻ ഏല്പിച്ചത് എങ്ങിനെ പരസ്യമായി എന്നറിയില്ല. കാണുന്നവർക്കെല്ലാം ഒരേ ചോദ്യമേയുള്ളൂ.

'അല്ലാ, മാഷ് വല്യോരു കത്തിണ്ടാക്കാൻ കൊടുത്തൂന്ന് കേള്‍ക്കുന്നുണ്ടല്ലൊ.'

നേരിട്ട് ആ ചോദ്യം ചോദിക്കാത്തവർ എന്നെ അർത്ഥഗർഭമായി നോക്കി. അഭ്യുദയകാംക്ഷികൾ വഴിയിൽ നിരന്നുനിന്ന് എന്നെ ഗുണദോഷിച്ചു. ആയുധം എടുത്തുള്ള കളിയൊക്കെ അപകടല്ലേ? മറ്റെയാൾക്കും ഉണ്ടാക്കിക്കൂടെ ഇതൊക്കെ? ഞാൻ മറുപടി പറയുന്നില്ല. എന്റെ പറമ്പിന്റെ അതിരിൽ രണ്ടടി സ്ഥലം വളച്ചുകെട്ടിയെടുത്തപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? എന്റെ കവുങ്ങിലെ അടക്കയെല്ലാം മറ്റൊരുത്തൻ പറിച്ചു വിറ്റപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? എന്റെ കുളത്തിൽഞാൻ വളർത്തിയ മീനെല്ലാം വലയിട്ടു പിടിച്ചു കൊണ്ടുപോയപ്പോൾ, എന്റെ മകനെ നടുവഴിയിലിട്ട് തല്ലി മുള്ളുവേലിയിലേയ്ക്കു തള്ളിയപ്പോൾ, എന്റെ ഭാര്യയെ......

എവിടെയായിരുന്നു നിങ്ങളൊക്കെ? ഞാൻ മനസ്സിൽ അലറുകയായിരുന്നു.

കത്തിയുണ്ടാക്കി കിട്ടിയ ദിവസമാണ് അച്ചുമ്മാന്റെ കാര്യസ്ഥൻ വന്നു വിളിച്ചത്.

'കമ്മളെ തമ്പ്രാൻ വിളിക്കുന്നുണ്ട്. ഒന്ന് വേഗം ചെല്ലണംന്ന് പറഞ്ഞിരിക്ക്ണ്.'

പോകുന്നതിനുമുമ്പ്ഞാൻ കത്തിയെടുത്തു നോക്കി. ശരിയാണ്, ഒരു കാളയെ അറുക്കാനുള്ള വലുപ്പവും മൂർച്ചയുമുണ്ട്. ഞാൻ സംതൃപ്തിയോടെ അതെടുത്തുവച്ചു. അച്ചുമ്മാൻ ചാരുകസേലയിൽ ഇരിക്കുകയാണ്. ചെല്ലം താഴെ സിമന്റിട്ട നിലത്ത് കിടക്കുന്നു. അതെടുത്ത് മടിയിൽ വയ്ക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റി. അച്ചുമ്മാന്റെ മുഖം ഗൗരവമായിരുന്നു. ഞാൻ പൂമുഖത്തു കയറി തിണ്ണമേലിരുന്നു. എനിക്ക് പരാതിയൊന്നും പറയാനില്ലെന്നത് എന്നെ ആശ്വസിപ്പിച്ചു. ഇനിമുതൽ ഒരുവിധ പരാതിയും കൊണ്ട്ഞാനീ പടി കയറില്ലെന്നു തീരുമാനിച്ചിരുന്നു.

നിലത്തുവച്ച പിച്ചളമൊന്തയെടുത്ത് ഒരു കവിൾ വെള്ളം കുടിച്ചശേഷം മേൽ പുതച്ച തേർത്തെടുത്ത് ചിറി തുടച്ചുകൊണ്ട് അച്ചുമ്മാൻ എന്നെ നോക്കി. പിന്നെ അച്ചുമ്മാന്റെ തുളച്ചുകയറുന്ന നോട്ടത്തെ നേരിടാൻ എന്റെ കണ്ണുകളെ പിടിച്ചുനിർത്തുമ്പോൾ അദ്ദേഹം ചോദിച്ചു.

'താൻ ചെയ്തത് ശരിയായോ?'

'എന്ത്?' ഞാൻ ചോദിച്ചു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്താണെന്ന് എനിക്കു നല്ലപോലെ അറിയാമെന്നത് അച്ചുമ്മാനും മനസ്സിലായിരിക്കുന്നു.

'അല്ലാ, താൻ ചെയ്തത് ശരിയായോന്ന് ?'

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അച്ചുമ്മാൻ എന്റെ നേരെ നോക്കിക്കൊണ്ട് നിലത്തു ചെല്ലത്തിനുവേണ്ടി തപ്പുകയാണ്. അച്ചുമ്മാന്റെ ചുളിഞ്ഞ കൈകൾ ചെല്ലത്തിനടുത്തെത്തി തെന്നിമാറുന്നത് കുറച്ചൊരു അസഹ്യതയോടെ ഞാൻ നോക്കി. അദ്ദേഹം ചെല്ലമെടുത്ത് തുറന്ന് വാടിത്തുടങ്ങിയ ഒരു വെറ്റിലയെടുത്തു കമിഴ്ത്തി സാവധാനത്തിൽ ഞെരടാൻ തുടങ്ങി. ഒരു ധൃതിയുമില്ല. ചുണ്ണാമ്പിന്റെ ചെപ്പുതുറന്ന് നടുവിരലിൽ ചുണ്ണാമ്പെടുത്ത് അതീവ ശ്രദ്ധയോടെ വെറ്റിലമേൽ തേക്കുകയാണ്. അച്ചുമ്മാൻ എന്നെ തീരെ മറന്നെന്നു തോന്നുന്നു. ചതച്ച അടക്കയും വാസനപുകയിലയും ചേർത്ത് വെറ്റില ചുരുട്ടി കുറച്ചുനേരം കൈയ്യിൽ വച്ച് അദ്ദേഹം പുറത്തേയ്ക്ക് നോക്കിയിരുന്നു. അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ വാ തുറന്ന് വെറ്റില തിരുകുകയും സാവധാനത്തിൽ ചവയ്ക്കാൻ തുടങ്ങുകയും ചെയ്തു.

മുറുക്കാൻ ചവച്ച് വായിൽ കുരുതിപോലെയുള്ള ദ്രവം നിറഞ്ഞപ്പോൾ അച്ചുമ്മാൻ എന്റെ നേരെ നോക്കി. പിന്നെ മുഖം അല്പമൊന്നുയർത്തിപ്പിടിച്ച് കുരുതി വായിൽനിന്നൊഴുകാതെ ശ്രദ്ധിച്ച് അദ്ദേഹം പറഞ്ഞു.

'ഇപ്പോ എന്തേണ്ടായത്? ആകെക്കൂടി നിനക്കുള്ള ഒരു സ്‌നേഹിതനായിരുന്നു, ബന്ധുവായിരുന്നു, അയൽക്കാരനായിരുന്നു. അയാള്‌ടെ സ്‌നേഹാ നിനക്ക് നഷ്ടായത്?'

എന്റെ കത്തികൊണ്ട് രണ്ടാമതൊരുപയോഗം ഉണ്ടാവുമെങ്കിൽ അതിന്റെ ഇര ആരാവുമെന്ന് ഞാൻ തീർച്ചയാക്കിയത് ആ നിമിഷത്തിലായിരുന്നു.

മംഗളം വിശേഷാല്‍പ്പതിപ്പ് - 1999