ചൂച്ചിയും ഈനാമ്പീച്ചിയും


ഇ ഹരികുമാര്‍

ഈനാമ്പീച്ചികളുടെ കഥ പറഞ്ഞു തന്നത് ഷൈലയായിരുന്നു. അവൾ അക്കരെ ദ്വീപിലാണ് താമസം. എന്റെ മനസ്സമാധാനം കളയാൻ അവൾ അമ്മയുടെകൂടെ ദിവസവും കടവു കടന്നു വരുന്നു. ദ്വീപിലെ ചൂച്ചിയുടെ കഥകൾ പറയുന്നു. ഒരു വാചകത്തിൽ ചുരുങ്ങിയത് നാല് 'അങ്ക്ൾ' വിളിയെങ്കിലുമുണ്ടാവും. അവൾ എന്റെ ആരുമല്ല. എങ്കിലും രാവിലെ എത്തുന്നു, ഞങ്ങൾ പ്രാതൽ കഴിക്കുന്ന മേശക്കരികെ കസേലയിൽ വന്നിരിക്കുന്നു, കാലാട്ടിക്കൊണ്ട് ദോശ തിന്നുന്നു, പേടിപ്പെടുത്തുന്ന കഥകൾ പറയുന്നു.

'ഞാൻ പറഞ്ഞില്ലേ, അമ്പലക്കുളം പച്ചനെറാവണത് ഈനാമ്പീച്ചികൾ കുളിക്കുമ്പൊത്തന്ന്യാണ്. ഇന്നലെവരെ ഒരു കൊഴപ്പുംണ്ടായിര്ന്നില്ല. ഇന്ന് രാവിലെ ഞങ്ങള് വരുമ്പോ പച്ച നെറാ. വിൽസന്റെ അമ്മച്ചി കണ്ടൂത്രെ, ഈനാമ്പീച്ചികള് രാത്രി വന്ന് കുളിക്കണത്.'

'ഞാൻ അവളുടെ കഥകൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടായിക്കൂടാ? മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് പ്രതിഭാസങ്ങൾ ചുറ്റും നടക്കുമ്പോൾ ഒരു ഈനാമ്പീച്ചിയെ മാത്രം മാറ്റി നിർത്തേണ്ട ആവശ്യമെന്ത്? ആദ്യമെല്ലാം ഞാൻ പറഞ്ഞു നോക്കി, സൂര്യവെളിച്ചം....പായൽ....ഫോട്ടോസിന്തസിസ്.....

'അല്ല അങ്ക്ൾ, അത് ഈനാമ്പീച്ചികൾ കുളിച്ചിട്ട് തന്ന്യാ.'

ഷൈല വരാൻ വൈകുന്ന ദിവസങ്ങളിൽ ഞങ്ങൾ പ്രാതൽ വൈകി കഴിക്കുന്നു. അവൾ വരാത്ത ദിവസങ്ങളിൽ ചിലപ്പോൾ പ്രാതൽതന്നെ മറന്നെന്നു വരും. അവളെ അനുജത്തി മേമയുടെ വീട്ടിലാക്കി അവളുടെ അമ്മ ജെൻസി അടുത്തുള്ള ചെരിപ്പു ഫാക്ടറിയിൽ ജോലിക്കു പോകുന്നു. മേമയുടെ വീട്ടിൽ കയറാതെ ആ നാലുവയസ്സുകാരി നേരിട്ട് ഞങ്ങളുടെ വാതിൽ കടന്നു വരുന്നു. നേരെ അടുക്കളയിലേയ്ക്ക്; മേശക്കരികെ ഇട്ട കസേലയാണ് ലക്ഷ്യം.

വലിയ മാളികയിൽ താമസിക്കുന്ന ചൂച്ചിയെപ്പറ്റി ധാരാളം കഥകളുണ്ട്. പള്ളിയുടെ തൊട്ടടുത്ത് സെമിത്തേരിക്ക് എതിരെയാണ് മാളിക. രണ്ടു നില മാളികയാണ്. മൂന്നാമതൊരു നിലകൂടിയുണ്ട്, ഉയരമില്ലാത്ത ഒരു തട്ട്. അവിടെ ആരും കയറാറില്ല. ഒന്നാം നിലയിലേയ്ക്കുതന്നെ കുട്ടികൾ കയറാറില്ല. ആ മാളികയിൽ വയസ്സായ ചൂച്ചി ഒറ്റയ്ക്കു താമസിക്കുന്നു. ചൂച്ചിയെന്നാൽ ആംഗ്ലോ ഇന്ത്യക്കാരി. ദ്വീപിൽ അവരെ ചൂച്ചികൾ എന്നാണ് വിളിക്കുക.

ഷൈല പോയിക്കഴിഞ്ഞാൽ ഞാൻ പുറത്ത് വീതി കുറഞ്ഞ വരാന്തയിലിട്ട കസാലയിൽ പോയിരിക്കുന്നു. ഒന്നും ചെയ്യാനില്ല. ഒന്നും കാണാനുമില്ല. മതിൽ കാരണം ഇടവഴിയിലൂടെ പോകുന്നവരെ കാണില്ല. മരത്തിന്റെ അഴികളുള്ള ഗെയ്റ്റിലൂടെ ഒരു കൊള്ളിയാൻപോലെ ആളുകൾ പോകുന്നതു കാണുന്നു. അത്രയും ആശ്വാസം. അകത്ത് വത്സല തുന്നൽമെഷിന്റെ മുമ്പിലായിരിക്കും. അതിന്റെ കടകടശബ്ദം അവൾക്ക് ആശ്വാസം കൊടുക്കുന്നുണ്ടാവും. അവൾ എംമ്പ്രോയ്ഡറിയാണ് തുന്നുന്നത്. ചുറ്റുവട്ടത്തുള്ള പെൺകുട്ടികൾ അവൾക്ക് ഓർഡർ കൊടുക്കുന്നു. ചൂരിദാർ കമ്മീസിന്റെ ഏറ്റവും പുതിയ ഫാഷനും എമ്പ്രോയ്ഡറി ഡിസൈനുകളും കാണാൻ വത്സല ജോസ് ജങ്ക്ഷനിലെ തുണിക്കടകൾ കയറിയിറങ്ങുന്നു. തിരിച്ചുവന്ന ഉടനെ അവ ഓർമ്മയിൽനിന്ന് എടുത്ത് ഒരു നോട്ടുപുസ്തകത്തിൽ പകർത്തുന്നു. അവൾ നന്നായി വരയ്ക്കും. പെൺകുട്ടികൾ അദ്ഭുതത്തോടെ ആ ഡിസൈനുകൾ നോക്കും. പിന്നെ തിരിച്ചറിയലിന്റെ കുതൂഹലമാണ്. അവർ തമ്മിൽ പറയുന്നു. 'എടീ ഇത് പ്രണയവർണങ്ങളില് ദിവ്യാ ഉണ്ണി സുരേഷ്‌ഗോപിടെ ഒപ്പം കാറിൽ പോമ്പ ഇട്ട ചൂരിദാറാണ്.' പിന്നെ ഓർഡറുകൾക്ക് ക്ഷാമമില്ല.

വത്സല ഏറ്റവും പുതിയ സിനിമകൾ കാണുന്നതിന്റെ ആവശ്യകത ഞാൻ മനസ്സിലാക്കുന്നു. ബിസിനസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ ഏറ്റവും പുതിയ ഫാഷനുകളെപ്പറ്റി ധാരണയുണ്ടാവണം. ഫാഷനുകൾ ജനിക്കുന്നത് സിനിമയിൽനിന്നുതന്നെ. അതുകൊണ്ട് 'ഞങ്ങളിന്നൊരു സിനിമയ്ക്കു പോകുന്നുണ്ട്' എന്നു വത്സല പറയുമ്പോൾ ഞാൻ മുടക്കുന്നില്ല. അവൾ മേമയുടെ ഒപ്പം നൂൺഷോ കാണാൻ പോകുമ്പോൾ ഷൈലയുടെ രക്ഷാധികാരം പൂർണമായും എന്നിലർപ്പിക്കപ്പെടുന്നു. അവർ പടികടന്നാലുടൻ ഞങ്ങൾ അടുക്കളയിൽ കയറി കക്കാൻ തുടങ്ങും. അലമാറിയിൽ ഒരു നാട്യവുമില്ലാതെ വളരെ ലാഘവത്തോടെ വച്ച ടിന്നുകളിൽ പലപ്പോഴും ഈത്തപ്പഴമോ, മിക്‌സ്ചറോ, ബിസ്‌കറ്റോ ആയിരിക്കും. ആവുന്നത്ര കൈയ്യിട്ടു വാരി ഒരു പ്ലെയ്റ്റിലിട്ട് ഞങ്ങൾ ഉമ്മറത്തു വന്നിരിക്കും. ഞാൻ എന്റെ കസേലയിൽ, അവൾ എനിക്കെതിരായി തിണ്ണമേൽ. പിന്നെ തിന്നുകൊണ്ട് കഥകൾ ഓരോന്നായി പുറത്തുവരും. പേടിപ്പിക്കുന്ന കഥകൾ അവളുടെ കൂസലില്ലാതെ നാവിലൂടെ പുറത്തുവരുമ്പോൾ എന്റെ വയറ്റിനുള്ളിൽ മിക്‌സ്ചർ അസിഡിറ്റിയുണ്ടാക്കുന്നു.

ചൂച്ചിയാണ് പ്രധാന കഥാപാത്രം. ഇനാമ്പിച്ചികളെപ്പറ്റി പറഞ്ഞത് ചൂച്ചിയാണ്. അകാലമരണം സംഭവിക്കുന്ന ഗർഭിണികളാണ് ഈനാമ്പീച്ചികളാവുന്നത്. അവർ ചോര കുടിക്കുന്നു. രാത്രികളിലാണവർ പുറത്തിറങ്ങുന്നത്. രാത്രി മുഴുവൻ ചോരകുടിച്ച് വിശപ്പടക്കിയാൽ അടുത്തുകണ്ട കുളത്തിൽ ഇറങ്ങി കുളിക്കുന്നു. അവർ കുളിച്ചുകഴിഞ്ഞാൽ വെള്ളം പച്ചനിറമാകുന്നു. പിന്നെ പച്ചപ്പു വിടുന്നതുവരെ ആ വെള്ളത്തിൽ കുളിക്കരുതെന്നാണ് ഷൈല പറയുന്നത്. ഞാനതെല്ലാം വിശ്വസിക്കുന്നു. ഈനാമ്പീച്ചികൾക്ക് വയറു നിറയെ കുടിക്കാനുള്ള ചോര എവിടെനിന്നു കിട്ടുന്നുവെന്ന ചോദ്യം നാവിന്റെ തുമ്പിൽ കിടന്നു കളിക്കുന്നു. ഞാൻ ചോദിക്കുന്നില്ല.

ചൂച്ചിയും രാത്രിയാണ് പുറത്തിറങ്ങുക. അവർ ആകെ മൂടുന്ന വെള്ള വസ്ത്രം ധരിച്ച് പള്ളിക്കടുത്തുള്ള വീടുകളിൽ കയറിയിറങ്ങുന്നു. രാത്രി കൂട്ടിന്ന് ഒരു കുട്ടിയെ കിട്ടാനാണ് ഈ യാത്ര. ആഴ്ചയിലൊരിക്കൽ മട്ടാഞ്ചേരിയിൽ പോയികൊണ്ടുവരുന്ന പലഹാരങ്ങൾ നിറച്ച ടിന്നുകൾ കുട്ടികളിൽ താൽപര്യമുണ്ടാക്കുന്നു. പേടിയുണ്ടെങ്കിലും അവർ കൂട്ടിനു കിടക്കാമെന്ന് സമ്മതിക്കുന്നു. അങ്ങിനെ ചൂച്ചിക്കു കൂട്ടിനു കിടക്കുന്ന അപൂർവ്വം കുട്ടികളിൽ ഒരുവളാണ് ഷൈലയെന്നറിയുമ്പോൾ എനിക്കവളോട് ബഹുമാനം തോന്നുന്നു.

കൂടുതൽ അറിയുമ്പോൾ ആ ബഹുമാനം വർദ്ധിക്കുന്നേയുള്ളൂ. അവൾ പറയുന്നു. ചൂച്ചിയുടെ വീട്ടിൽ നിറയെ മരത്തിന്റെ പെട്ടികളാണ്. പത്തുപതിനഞ്ചെണ്ണമുണ്ട്. പല വലുപ്പത്തിൽ. അതെല്ലാം മരിച്ചുപോയവരുടെ വസ്ത്രങ്ങൾ നിറച്ചുവച്ച പെട്ടികളാണത്രെ. ഓരോ പെട്ടികളിൽ ഓരോരുത്തരുടെ വസ്ത്രങ്ങൾ. അത്രയും ശരി. അവൾ ഇനി പറയാൻ പോകുന്നത് എന്റെ കൈയ്യിലെ രോമങ്ങളെ ഉണർത്തി എഴുന്നേൽപ്പിക്കുന്നു. രാത്രി അവർ വരുമത്രെ, മരിച്ചു പോയവർ! അവർ ശവപ്പെട്ടിയിൽനിന്ന് പുറത്തിറങ്ങിയാൽ കൊടും ശൈത്യമാണ്. അപ്പോൾ അവർ അവരുടെ വസ്ത്രങ്ങളന്വേഷിച്ചു വരാറുണ്ട്. 'എന്റെ പെട്ടി എവിടെ, എന്റെ പെട്ടി....'

ചൂച്ചി അതൊന്നും ശ്രദ്ധിക്കാറില്ലത്രെ. ആവശ്യമുള്ളവർ അവരവരുടെ വസ്ത്രങ്ങൾ എടുക്കുകയോ തിരിച്ചുവയ്ക്കുകയോ ചെയ്യട്ടെ. പക്ഷേ നിങ്ങളൊന്നും ആ പെട്ടി തുറക്കരുത് കെട്ടോ? അവർ കുട്ടികൾക്ക് മുന്നറിവു കൊടുക്കും.

എനിക്കു കാര്യം മനസ്സിലാവുന്നു. കുട്ടികൾ കൂട്ടുകിടക്കാൻ വരുമ്പോൾ അവരെ നിയന്ത്രിക്കാൻ ഇതിലേറെ നല്ല വഴികളില്ല. ഞാൻ പക്ഷേ ഒന്നും പറയുന്നില്ല. ഷൈല ചോദിക്കുന്നു.

'അങ്കിളിന് പേടി തോന്നുന്നുണ്ടോ?'

ഞാൻ പറയുന്നു. 'കുറേശ്ശെ.'

'എനിക്ക് പേടിയൊന്നുംല്ല്യ.' അവൾ പറയുന്നു. പക്ഷേ അവൾ ഈ സമയത്തിനുള്ളിൽ തിണ്ണയിൽനിന്ന് ഇറങ്ങി അരിച്ചരിച്ച് ഞാനിരിക്കുന്ന കസേലയ്ക്കരികിൽ എത്തിയിരുന്നു. ഒന്നുരണ്ടു വാചകംകൂടി പറഞ്ഞുകഴിഞ്ഞാൽ അവൾ ചാടി മടിയിലെത്തും. അങ്കിളിന് അവളുടെ ധൈര്യത്തെപ്പറ്റി എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അവ ദൂരികരിക്കാനായി പറയുകയും ചെയ്യും.

'അമ്മയ്ക്ക് പേടിയാ, എനിക്ക് പേടിയൊന്നുംല്ല്യ.'

'നീ മിടുക്കിയാണ്.'

റിട്ടയർ ചെയ്ത ശേഷം ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയിൽ വിഷമിക്കുമ്പോഴാണ് ഷൈല ചാടി വീണത്. ഒരു രാവിലെ പടിക്കൽ നിൽക്കുമ്പോൾ അമ്മയുടെ മുമ്പിൽ നടന്നുവന്ന പെൺകുട്ടിയെ നോക്കി ചിരിച്ചതിന്റെ അനന്തരഫലമാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. ഒരു നോട്ടത്തിൽ, ഒരു ചിരിയിൽ ഒരു പെൺകുട്ടി വളയുമെന്ന് കരുതിയിരുന്നില്ല. അവൾ എന്റെ നേരെ നടന്നുവന്നു, കൈവിരൽ പിടിച്ചുകൊണ്ട് ആകാശത്തേയ്ക്കു തലയുയർത്തി നോക്കിക്കൊണ്ട് ചോദിച്ചു.

'അങ്കിളിന്റെ പേരെന്താ?'

അതിനു ശേഷം അവൾ അവളുടെ മേമയുടെ വീട്ടിൽ കാലു കുത്തിയിട്ടില്ല. നേരിട്ട് ഞങ്ങളുടെ വീട്ടിലേയ്ക്കു കയറി വരുന്നു. ഞാനാകട്ടെ അവൾ പറയുന്ന കഥ കേട്ട് നിരന്തരം പേടിസ്വപ്നം കണ്ടു കഴിയുന്നു. ഞങ്ങൾക്ക് കഥ കേൾക്കാനുള്ള താല്പര്യമുണ്ടെന്ന് അവൾ എങ്ങിനെയോ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഓരോ ദിവസവും പുതിയ കഥകളും കൊണ്ടാണ് അവൾ വരാറുള്ളത്. ചൂച്ചിയും അവളും പാത്രങ്ങളായുള്ള കഥകൾ.

'കർത്താവ് നിങ്ങളെ അനുഗ്രഹിക്കും.' അവളുടെ അമ്മ ജെൻസി പറയും. 'വീട്ടില് വന്നാൽപിന്നെ ഇവിടത്തെ കാര്യം മാത്രെ അവൾക്കു പറയാനുള്ളൂ. എന്തൊക്കെ തിന്നാൻ കിട്ടി, എന്തൊക്കെ ചെയ്തു എന്നൊക്കെ. മേമടെ അവിട്യാണെങ്കില് ഇങ്ങിനെ തിന്നാനൊന്നും കിട്ടില്ല്യ. കണ്ടില്ലെ അവള് ഉരുണ്ട് വരണത്? ഒക്കെ ഇവിടുത്തെ ഭക്ഷണം കാരണാ.'

'ഇവിടെ ഇതാ അങ്കിളും ഉരുണ്ടു വര്ണ്‌ണ്ട്. ഞാൻ പുറത്തു പോയാൽ രണ്ടുപേരുംകൂടി കട്ടുതിന്നല് തന്ന്യാ പണി.' വത്സല ചിരിച്ചുകൊണ്ട് പറയും. ആന്റി ഞങ്ങളുടെ സ്വകാര്യം കണ്ടുപിടിച്ചെന്ന കാര്യത്തിൽ ഷൈലയ്ക്ക് സ്വല്പം ചമ്മലുണ്ടാവുന്നു. അവൾ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി അമ്മയുടെ പുറകിലേയ്ക്ക് മാറുന്നു.

കട്ടുതിന്നൽ മാത്രമല്ല. പത്തു മണി കഴിഞ്ഞാൽ ഞാൻ പുറത്തിറങ്ങുന്നു. കായലിൽ മീൻപിടിക്കുന്നവരിൽനിന്ന് നല്ല വണ്ണമുള്ള നെയ്മീനോ, കണമ്പോ വാങ്ങിക്കൊണ്ടുവരുന്നു. ചിലപ്പോൾ ഷൈല ഒപ്പം കൂടും. അങ്ങിനെയുള്ള ദിവസങ്ങളിൽ വഴിക്കുള്ള ഐസ്‌ക്രീം കടയിൽ കുറച്ചുനേരം തങ്ങുന്നു. വെറുതെ, ഒന്നു കാണാനെന്നാണ് ഷൈല പറയുന്നത്. എന്തൊക്കെയാണ് നടക്കുന്നത് എന്നറിയണമല്ലോ. കടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ കൈയ്യിൽ ഐസ് ക്രീം ബാറുണ്ടാവുന്നത് അവളുടെ തെറ്റല്ല. ഈ അങ്കിൾ എന്തിനാണ് ഇങ്ങിനെ പണം ചെലവാക്കുന്നത് എന്ന് അവൾ ചോദിക്കുന്നു. കഥകൾ പറഞ്ഞുതരുന്നതിന്റെ റോയൽറ്റിയാണെന്ന് ഞാൻ മറുപടി കൊടുക്കും.

ഷൈലയുടെ കഥകൾ കാടുകയറാൻ തുടങ്ങിയിരിക്കുന്നു. പുതിയ സ്രോതസ്സുകൾ അന്വേഷിച്ച് അവൾ അഭൗമികതലങ്ങളിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. രാത്രി കൂട്ടിനു കിടക്കാൻ പുറത്തിറങ്ങി സെമിത്തേരിയുടെ പടിക്കൽ നിൽക്കുന്ന ചൂച്ചിയെ കണ്ട് പേടിച്ചു പനിപിടിച്ച രാഹുലിന്റെ കാര്യം ഷൈല പറഞ്ഞു. ചൂച്ചിയാണെന്നു കരുതി അടുത്തു ചെന്ന രാഹുലിന് എന്തോ നല്ല പന്തിയല്ല എന്നു തോന്നി മുഖത്തു നോക്കിയപ്പോൾ കണ്ടതെന്താണ്, ചുവന്നു തീ പാറുന്ന കണ്ണുകൾ. അവൻ ഓടി, ചൂച്ചിയുടെ വീട്ടിന്റെ പടിക്കലെത്തിയപ്പോഴാണ് ശരിക്കുള്ള ചൂച്ചി പുറത്തിറങ്ങുന്നതു കണ്ടത്. രാത്രി കൂട്ടുകിടക്കാൻ കുട്ടികളെ അന്വേഷിച്ച് അവർ പുറത്തിറങ്ങിയതായിരുന്നു. രാഹുൽ കണ്ടത് ചൂച്ചിയുടെ മമ്മിയുടെ പ്രേതമായിരുന്നുവെന്ന് പറയുമ്പോൾ ഞാൻ നടുങ്ങുന്നു. അവർ രാഹുലിനെ വിളിച്ചെങ്കിലും അവൻ നിന്നില്ല. കാരണമറിയാതെ ചൂച്ചി അന്തം വിട്ടു. അന്ന് ഷൈലയാണ് കൂട്ടിനു കിടന്നത്. മമ്മിയുടെ പ്രേതത്തിന്റെ കാര്യം ചൂച്ചിതന്നെയാണ് അവളോടു പറഞ്ഞത്. എന്നും വീട്ടിൽ രണ്ടാം നിലയിൽ വന്ന് ഇരിക്കാറുണ്ടത്രേ. മരിക്കുന്നതിനു മുമ്പ് രണ്ടാം നിലയിൽ ഒരു പെട്ടിയിലാണത്രെ അവരുടെ സമ്പാദ്യം മുഴുവൻ വച്ചിട്ടുള്ളത്. അത് എണ്ണിനോക്കാനാണ് വരുന്നത്.

ഊശ്. ഞാൻ പറയുന്നു. നിന്റെ കഥകൾ ശരിക്കും പേടിപ്പെടുത്തുന്നവ തന്നെ. എന്നിട്ട് നിനക്ക് ആ വീട്ടിൽ കിടക്കാൻ പേടിയില്ലേ?

'എനിക്കോ, എനിക്ക് പേടിയൊന്നുംല്ല്യ.' അവൾ പറയുന്നു. കഥയുടെ അവസാനമെത്തുമ്പോഴേയ്ക്ക് അവൾ അരിച്ചുവന്ന് എന്റെ മടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ധൈര്യശാലി!

ഒരു ശനിയാഴ്ച ഷൈല വന്നില്ല. പ്രാതൽ മേശപ്പുറത്തിരുന്ന് തണുത്തു. ഞാൻ ഉമ്മറത്ത് കസേലയിൽ പടിക്കലേയ്ക്കു നോക്കി ഇരുന്നു. ഇരിപ്പുറക്കാതെ വന്നപ്പോൾ മുറ്റത്തേയ്ക്കിറങ്ങി. സാവധാനത്തിൽ ഞാൻ ഗെയ്റ്റിനു പുറത്തെത്തി. മുമ്പിൽ നീണ്ടുകിടക്കുന്ന ഇടവഴിയിൽ ഒരു കുഞ്ഞിത്തല പ്രത്യക്ഷപ്പെടുന്നതും കാത്ത് നിൽക്കവേ ജെൻസി വന്നു. ഒപ്പം ഷൈലയുണ്ടായിരുന്നില്ല. അവൾ പനിയായി കിടക്കുകയാണ്, ജെൻസി മരുന്നു വാങ്ങാനായി വന്നതാണ്. അപ്പോൾ ഇവിടെ കയറി, വരില്ലെന്നു പറഞ്ഞു പോകാമെന്നു കരുതി. അവൾ അന്ന് ലീവെടുത്തിരിക്കയാണ്. പിറ്റേന്ന് ഞായറാഴ്ച ഞാനും വത്സലയും ഷൈലയെ കാണാൻ പോകുന്നു. ബോട്ടിൽ കടവുകടന്ന് അവരുടെ വീടന്വേഷിച്ചു പോയി. പള്ളിയുടെ അടുത്തായതുകൊണ്ട് കണ്ടുപിടിക്കാൻ വിഷമമുണ്ടായില്ല.

ഞങ്ങളെ കണ്ടപ്പോൾ ഷൈല ഓടിക്കൊണ്ടു വന്നു. അവളുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.

'എന്തിനാണ് അങ്കിളും ആന്റിയും വന്നത്?' അവൾ ചോദിച്ചു.

'നിനക്ക് പനിയല്ലേ, കാണാൻ വന്നതാ.'

'വേണ്ട, കാണാൻ വരണ്ട.' അവൾ പറഞ്ഞു. ഞങ്ങൾ വന്നത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ജെൻസി പകച്ചു നിൽക്കവേ ഷൈല ഞങ്ങളെ തള്ളി പുറത്താക്കുകയാണ്. 'അങ്ക്ൾ പോ. അങ്ക്ൾ പോ.'

'എന്തിനാ മോളെ അങ്ക്ൾ പോണത്?' ഞാൻ ചോദിച്ചു.

'അങ്ക്ൾ വരണ്ട.' അവൾ എന്നെ ഉന്തുകതന്നെയാണ്. ഞാൻ വിഷമത്തിലായി. ഇങ്ങിനെ ഒരു സ്വീകരണമല്ല ഞാൻ പ്രതീക്ഷിച്ചിരുന്നത്. അവളുടെ ഭാവപ്പകർച്ചയുടെ കാരണം ഊഹിക്കാനുംകൂടി കഴിയാതെ ഞങ്ങൾ ഉമ്മറത്ത് പകച്ചുനിന്നു. മുറ്റത്തിറങ്ങിനിന്നു നോക്കിയാൽ പള്ളി കാണാം. പള്ളിയുടെ ഒരു വശത്തായി സെമിത്തേരി. ഞാൻ ജെൻസിയോടു ചോദിച്ചു.

'ഷൈല കൂട്ടുകിടക്കാൻ പോവുന്ന ചൂച്ചിയുടെ വീടേതാണ്?'

'ചൂച്ചിയോ?' ജെൻസി അദ്ഭുതത്തോടെ ചോദിക്കുന്നു. 'മോള് കൂട്ടുകിടക്കാൻ പോവ്വേ?'

'അതേ, ഷൈല പറയാറുണ്ട്, നിങ്ങളുടെ വീട്ടിന്റെ അടുത്തുതന്നെ ഒരു ചൂച്ചി താമസിക്കുന്നുണ്ട്, അവളവിടെ ഇടക്കിടക്ക് കൂട്ടുകിടക്കാൻ പോവുംന്ന്.'

ഷൈല അമ്മയുടെ പിറകിൽ ഒളിച്ചുനിന്ന് എന്നെ നോക്കുകയായിരുന്നു. അവളുടെ മുഖം തീരെ പ്രസന്നമല്ല.

ഷൈലയെ മാറ്റി നിർത്തി ജെൻസി ഞങ്ങളെ വീട്ടിന്റെ പടിക്കലേയ്ക്കു കൊണ്ടുപോകുന്നു. പള്ളിക്കപ്പുറത്ത് പൊളിഞ്ഞു വീഴാറായി കിടക്കുന്ന ഒരു ഇരുനില മാളിക ചൂണ്ടിക്കാട്ടി പറയുന്നു. 'അതാ, ആ മാളികയിലാണ് ചൂച്ചി താമസിച്ചിരുന്നത്. അവര് മരിച്ചിട്ട് പത്തിരുപത് കൊല്ലായി. ഇപ്പൊ അവടെ ആരും താമസിക്കിണില്ല്യ. മോക്ക് അവരെപ്പറ്റിയൊന്നും അറിയാൻ വഴീല്ല്യല്ലോ.'

ഞാൻ തിരിച്ചു വീട്ടിലേയ്ക്കു നടന്നു. അവിടെ ഉമ്മറപ്പടിയിൽ ഷൈല തലയും കുമ്പിട്ടിരുന്ന് കരയുകയാണ്. ഞാൻ അവളെ വാരിയെടുത്തു. 'സാരമില്ല മോളെ' എന്നു ഞാൻ പറയുന്നുണ്ടെങ്കിലും എന്റെ നഷ്ടം എന്നെ വേദനിപ്പിക്കുന്നു.

എന്റെ ചുമലിൽ മുഖമമർത്തി ഷൈല തേങ്ങിക്കരയുകയാണ്.

ദീപിക വാര്‍ഷികപ്പതിപ്പ് - 1999