ഇ ഹരികുമാര്‍
നാലുമണിയ്ക്ക് ഓഫീസിൽനിന്ന് പുറത്തിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഒരേ വിചാരമേ ഉണ്ടായിരുന്നുള്ളൂ. ആ വയസ്സനെ കാണരുതേ എന്നു മാത്രം. എന്തുകൊണ്ടോ തന്‍റെ ജീവിതം ആ മനുഷ്യൻ സ്വാധീനിക്കാൻ പോകുന്നുവെന്ന തോന്നൽ, അതിനെതിരായ പ്രതിരോധമാവാം. അല്ലെങ്കിൽ എല്ലാം തന്‍റെ ഉള്ളിലെ ഭയമാവാം. പക്ഷേ ഇന്നലെ വീട്ടിൽ ചെന്നിട്ടും രതിയുടെ വിവിധഭാവങ്ങളിലുള്ള ആ ചിത്രങ്ങൾ മനസ്സിൽ നിന്നു പോകുന്നില്ല. ഇങ്ങിനെയൊക്കെയുണ്ടാകുമോ? സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് രമേശിന് മറ്റു ചില സങ്കല്പങ്ങളാണുണ്ടായിരുന്നത്. പക്ഷേ ആ മനുഷ്യൻ, അയാളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹമുണ്ടായി. എല്ലാ മനുഷ്യർക്കും ഒരു ഭൂതകാലമുണ്ട്. അതു പലപ്പോഴും വർണ്ണശബളമായിരിക്കും. വർത്തമാനകാലത്തെ നോക്കിക്കൊണ്ട് അത് ഊഹിച്ചെടുക്കാൻ കഴിയില്ല.
പ്രതീക്ഷിച്ചതുപോലെത്തന്നെ വയസ്സൻ അവിടെ ഒരു ചെറിയ മരച്ചുവട്ടിൽ നിൽക്കുന്നുണ്ട്. മരത്തിന്‍റെ എക്കുംപൊക്കുമായ കടഭാഗത്തു നിറയെ മുറുക്കിത്തുപ്പിയ പാടുകൾ. തൊട്ടടുത്തുള്ള പെട്ടിക്കടയിൽനിന്ന് മുറുക്കാൻ വാങ്ങി ആൾക്കാർ മരത്തിനു ചുവട്ടിലേയ്ക്ക് നീട്ടിത്തുപ്പുന്നതാണ്. കണ്ട ഉടനെ അയാൾക്ക് ആളെ മനസ്സിലായി. ഒരുപക്ഷേ രാത്രി കണ്ണുകാണാൻ വിഷമമുണ്ടാവും. പകൽ വെളിച്ചത്തിൽ അയാൾക്ക് വിഷമമൊന്നും കണ്ടില്ല.
'ഹലോ ബഡീ....'
രമേശൻ ചിരിച്ചു.
'ഹാവെ കോക്ക്?'
'നോ താങ്ക് യു.'
'ഞാനിവിടെത്തന്നെയുണ്ടാവും. തിരിച്ചുപോകുമ്പോൾ കാണാം.'
രമേശൻ ധൃതിപിടിച്ച് നടന്നു. പെട്ടെന്നയാൾ വിളിക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞുനോക്കി. വയസ്സൻ കൗബോയ് തൊപ്പി താഴ്ത്തി കണ്ണുകൾ പകുതി മറച്ച് തന്‍റെ നേരെ അദൃശ്യമായ ഒരു തോക്കു ചൂണ്ടി കാഞ്ചി വലിച്ചു. പിന്നെ ഗൗരവത്തോടെ തോക്കിന്‍റെ കുഴലിൽ ഊതി അദൃശ്യമായ അരപ്പട്ടയിൽ തിരുകി. രമേശന് ചിരിവന്നു. അയാൾ ജോൺ വെയ്‌നിനെ അനുകരിക്കുകയാണ്.
ഒരു സിനിമ കണ്ടിട്ട് കുറേ നാളായെന്ന് രമേശൻ ഓർത്തു. പുതിയ താമസസ്ഥലത്തു വന്നശേഷം അതിനുള്ള മൂഡ് ഉണ്ടായിട്ടില്ല. സാധാരണ ശനിയാഴ്ചകളിലാണ് സിനിമയ്ക്കു പോകാറ്. എസ്പ്ലനേഡുവരെ നടന്ന് മെട്രോവിലോ ലൈറ്റ്ഹൗസിലോ പോയി മൂന്നു മണിയുടെ ഷോവിന് ടിക്കറ്റ് ബുക്കുചെയ്യും. പിന്നെ ഏതെങ്കിലും റസ്റ്റോറണ്ടിൽ കയറി ഭക്ഷണം കഴിച്ച് മൂന്നു മണിയോടെ തിയേറ്ററിലെത്തും. അവസാനമായി കണ്ടത് വി.ഐ.പി.സ് ആണ്. ഇപ്പോൾ മെട്രോവിൽ എന്താണ് നടക്കുന്നത്? ലോങ്ങസ്റ്റ് ഡേ ആണെന്നു തോന്നുന്നു. അതോ എ കൗണ്ടസ് ഫ്രം ഹോങ്കോങ്ങോ? താൻ വളരെ തിരക്കിൽ പെട്ടുപോയെന്ന് രമേശൻ മനസ്സിലാക്കി. അല്ലെങ്കിൽ ഇതെല്ലാം ശ്രദ്ധിക്കുമായിരുന്നു. സാരമില്ല. തന്‍റെ ലക്ഷ്യം വളരെ അകലെയാണ്. ഇനിയും കുറേ ദൂരം താണ്ടണം. കുറേ ദൂരം.....
ശനിയാഴ്ച രാവിലെ മുറി പൂട്ടി ഇറങ്ങുമ്പോൾ മായ കോണിക്കു താഴെ നിൽക്കുന്നു. തന്നെ കാത്തു നിൽക്കുകയായിരുന്നെന്ന് മനസ്സിലായി.
'രാകൊറെച്ചേ....' അവൾ വലതുകൈയ്യിന്‍റെ ചെറുവിരൽ ഉയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു. നടാടെയാണ് അവൾ ബംഗാളിയിൽ സംസാരിക്കുന്നത്. രമേശന് അത്യാവശ്യം ബംഗാളി വശമുണ്ടെന്ന് അവൾ ഇതിനകം മനസ്സിലാക്കിയിരുന്നു. അവളുടെ മുഖത്ത് ഒരു കൊച്ചുകുട്ടിയുടെ ഓമനത്തം.
'എന്തിനാണ് ദേഷ്യം പിടിക്കണത്?'
'എത്ര ദിവസമായി കണ്ടിട്ട്?'
'ഞാൻ വളരെ തിരക്കിൽ പെട്ടു. ഞാൻ പറഞ്ഞില്ലേ ഇനി തൊട്ട് ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ കാണാൻ പറ്റൂ എന്ന്?
'ഇന്നു നേരത്തെ വരുമോ?'
'വരാം.'
'ഞാൻ കാത്തിരിക്കും.'
ഓഫീസിലെത്തിയ ഉടൻ രാമകൃഷ്‌ണേട്ടന്‍റെ ഫോണുണ്ടായിരുന്നു.
'എടോ വീട്ടിലേയ്ക്ക് എന്തെങ്കിലും കൊടുത്തയക്കാനുണ്ടോ?'
രാമകൃഷ്‌ണേട്ടൻ ഇന്നാണ് നാട്ടിലേയ്ക്കു പോകുന്നത്. കഴിഞ്ഞ ആഴ്ച ഫോൺ ചെയ്തിരുന്നു. മറന്നുപോയി. കല്യാണം കഴിക്കാൻ പോകുകയാണ്. വധു രമേശൻ അറിയുന്ന കുട്ടിയാണ്. ഒരു കൊല്ലം തന്‍റെ സീനിയറായി പഠിച്ചതാണ്. നല്ല കുട്ടി. നന്നായി. തനിക്ക് വല്ലപ്പോഴും ഒരു ഞായറാഴ്ച വീട്ടിലെ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ പോകാമല്ലോ.
കുട്ടികൾക്ക് കുറച്ചു രസഗുള കൊടുത്തയച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷേ പണമില്ല.
'തല്ക്കാലം ഒന്നുംല്ല്യ രാമകൃഷ്‌ണേട്ടാ. ഞാൻ ഏതായാലും ഏപ്രിൽ മാസത്തിൽ പോകുന്നുണ്ടല്ലോ. അപ്പോൾ കൊണ്ടുപോകാം.'
'ശരി. തന്‍റെ വിവരൊക്കെ അച്ഛനോട് പറയാം. കല്യാണത്തിന്‍റെ ക്ഷണക്കത്ത് അയച്ചുതരാം.'
'ഞാൻ നേരത്തെ ഒഴിവാകുകയാണെങ്കിൽ സ്റ്റേഷനിൽ വരാം.'
'അതൊന്നും വേണ്ടെടോ. ഹൗറാ ബ്രിഡ്ജിൽ എന്തു ട്രാഫിക് ജാമാണെന്നറിയ്യോ. തിരിച്ചു വന്നിട്ട് കാണാം.'
ശരിയാണ്. വൈകുന്നേരങ്ങളിൽ പാലം കടന്നുകിട്ടാൻ തന്നെ ഒരു മണിക്കൂർ എടുക്കും. അതു കഴിഞ്ഞ് സ്റ്റ്രാന്‍റ് റോഡിൽ പാവിയ കറുത്ത ഇഷ്ടികകളുടെ എക്കുംപൊക്കും അനുഭവപ്പെട്ട് വീണ്ടുമൊരു അര മണിക്കൂർ എസ്പ്ലനേഡ് എത്താനും. യാത്ര ട്രാമിൽ ആയതുകൊണ്ട് എസ്പ്ലനേഡ് എത്തിയാൽ പിന്നെ അത്ര പ്രശ്‌നമില്ല. പ്രത്യേകിച്ചും ഭവാനിപ്പൂർ എത്തുന്നതുവരെ റോഡിന്‍റെ ഒരു വശത്താണ് ട്രാമിന്‍റെ പാളങ്ങൾ; മറ്റു വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടാതെ യാത്ര ചെയ്യാം.
സ്വാമിയുടെ ഹോട്ടലിൽ നിന്ന് ഊണുകഴിച്ച് മുറിയിലെത്തിയപ്പോൾ സമയം മൂന്നു മണി. കുറച്ചുനേരം ഉറങ്ങിയിട്ട് ലെയ്ക്കിൽ പോകാം. ഇന്നും പോയില്ലെങ്കിൽ മായ പിണങ്ങുമെന്ന് ഉറപ്പാണ്.
ഒന്നു മയങ്ങിയിട്ടുണ്ടാകും, വാതിൽക്കൽ ഒരു മുട്ടുകേട്ട് രമേശൻ ഉണർന്നു. നല്ല ഉറക്കത്തിലായിരുന്നു. അതുകൊണ്ട് വാതിൽക്കൽ മുട്ടുകേട്ടത് ശരിക്കുതന്നെയാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഒരു മിനുറ്റിനകം വീണ്ടും മുട്ടു കേട്ടു. വളരെ മൃദുവായ ശബ്ദം. അയാൾ എഴുന്നേറ്റു വാതിൽ തുറന്നു. അതു മായയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ രമേശൻ നിൽക്കുകയാണ്. അവൾ ആദ്യമായാണ് മുറിയിലേയ്ക്കു വരുന്നത്. അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
'എന്താ എന്നെ ഉള്ളിലേയ്ക്കു ക്ഷണിക്കുന്നില്ലേ?'
'ങാ, വരൂ, ഏഷോ, ഏഷോ....'
അമ്മയുടെ മുറിയുടെ ഭാഗത്തേയ്ക്ക് നോക്കി ആരുമില്ലെന്നു തീർച്ചയാക്കി മായ അകത്തു കടന്നു വാതിലടച്ചു. അവൾ ചുറ്റും നോക്കുകയാണ്. ചുവരിലെ രണ്ടു ചിത്രങ്ങളിൽ അവളുടെ കണ്ണുകൾ ഉടക്കിനിന്നു.
'ചിത്രങ്ങൾ ഇഷ്ടമാണോ?' അവൾ ചോദിച്ചു.
'അങ്ങിനെയൊന്നുമില്ല. ചില ചിത്രകാരന്മാരുടെ മാത്രം.'
'എനിക്ക് ദാലി ഇഷ്ടല്ല.'
'എന്തേ?'
'ആത്മാർത്ഥതയില്ലാത്ത വരയാണെന്നു തോന്നുന്നു.'
'നമ്മൾ വിയോജിക്കുന്നുവെന്ന് സമ്മതിക്കാം.'
മായ ചിരിച്ചു.
'ഞാൻ വന്നത് ചിത്രകലയെപ്പറ്റി സംസാരിക്കാനാണോ?'
'അല്ലാതെ?' ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനും കൂട്ടിമുട്ടുമ്പോൾ സംസാരിക്കാൻ പറ്റിയ ഏക വിഷയം ചിത്രകലയാണെന്ന മട്ടിൽ രമേശൻ പറഞ്ഞു.
'നമുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം.'
'ശരി.'
അവൾ ആലോചിക്കുകയാണ്. ഒരുപക്ഷേ എന്തു തുടങ്ങണം എന്നതിനെപ്പറ്റിയായിരിക്കും. അവൾ ഒന്നും പറയാതെ ജനലിനടുത്തു വന്നുനിന്നു. രമേശൻ അവളുടെ അടുത്തു ചെന്നുനിന്നു പുറത്തേയ്ക്കു നോക്കി. ആദ്യമായി കാണുന്നപോലെ. പുറത്തെ വെയിലിന് നേരിയ ചൂട്. ജനലിന്‍റെ അഴികൾ പിടിച്ചുകൊണ്ട് മായ നിൽക്കുകയാണ്. വെയിൽ അവളുടെ നേരിയ, ഭംഗിയുള്ള വിരലുകളിൽ തങ്ങിനിൽക്കുകയാണ്. വിട്ടുപോകാൻ മടിയുള്ളപോലെ.
'നീയെന്താണ് ഒന്നും പറയാത്തത്?' അവൾ മറ്റൊരു ലോകത്തേയ്ക്കു പോയി എന്നു രമേശനു തോന്നി. എപ്പോഴും സംഭവിക്കുന്നതുതന്നെ. ഇനി അവളെ തിരിച്ചു കൊണ്ടുവരണം.
'എനിക്കീ മുറി.....' അവൾ അർദ്ധോക്തിയിൽ നിർത്തി.
'മുറി?'
'ഒന്നുമില്ല.' അവൾ നടന്ന് കട്ടിലിൽ വന്നിരുന്നു.
രമേശൻ കട്ടിലിന്‍റെ തലയ്ക്കൽഭാഗത്ത് തലയിണയും വച്ച് ചാരിയിരുന്നു.
'രൊമേശ്ദാദയുടെ ഓഫീസിൽ ആരൊക്കെയുണ്ട്?'
'കുറേ പേരുണ്ട്, എന്തേ?'
'പെൺകുട്ടികൾ?'
'മൂന്നുപേർ. റിസപ്ഷനിസ്റ്റ്. ഡയറക്ടറുടെ പി.എ. പിന്നെ ഒരു സ്റ്റെനോവും.'
'സുന്ദോർ?'
'ങും, ഒരുമാതിരി. റിസപ്ഷനിസ്റ്റ് നല്ല സുന്ദരിയാണ്, ആംഗ്ലോ ഇന്ത്യൻ പെണ്ണ്. എന്തേ അസൂയയാകുന്നുണ്ടോ?'
'ങും.'
'എന്തിനാണ് അസൂയ, മായ അവളേക്കാൾ സുന്ദരിയാണ്.'
മായയുടെ കണ്ണുകൾ വിടർന്നു. നേരിയ ചുവന്ന ചുണ്ടുകൾ ചിരിയുടെ വക്കെത്തത്തി നില്ക്കുന്നു. അവൾ ചിരിച്ചില്ല. ചിരി പാപമാണെന്നപോലെ അവൾ ചുണ്ടുകൾ അമർത്തിപ്പിടിച്ചു.
'എന്താ ചിരിക്കാൻ ഇത്ര വിഷമം. ഞാൻ ഇത്ര നല്ല തമാശ പറഞ്ഞിട്ടും?'
'അപ്പോൾ പറഞ്ഞത് തമാശയാണല്ലെ.'
'അല്ല, പറഞ്ഞത് തമാശയല്ല. കാര്യമാണ്. മായ സുന്ദരിയാണ്. ഞങ്ങളുടെ ഓഫീസിലെ റിസപ്ഷനിസ്റ്റിനേക്കാൾ സുന്ദരി.'
'ഞാൻ ഒരു കാലത്ത് ധാരാളം ചിരിച്ചു രൊമേശ്ദാ. ഇപ്പോൾ ചിരിയൊക്കെ എന്‍റെ ജീവിതത്തിൽ നിന്ന് പോയിരിക്കുന്നു. ഇനി തിരിച്ചുവരുമെന്നും തോന്നുന്നില്ല. ഇപ്പോൾ ഞാൻ കുറ്റബോധംകൊണ്ട് വീർപ്പുമുട്ട്വാണ്.'
'എന്താണ് നിന്നെ അലട്ടണത്?'
'അതു പറയാൻ എളുപ്പമല്ല, എന്നെങ്കിലും ഒരു ദിവസം പറയാൻ പറ്റുമായിരിക്കും. ആദ്യം അതിനുള്ള ധൈര്യമുണ്ടാക്കട്ടെ.'
'ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?' രമേശൻ പറഞ്ഞു. 'നിങ്ങളുടെ വീട്ടിൽ ഒരുപാടു നിഗൂഢതകൾ ഉള്ളപോലെ. ഒരു സാധാരണ വീടു പോലെ അല്ല നിങ്ങളുടെ ബന്ധങ്ങളും. എന്താണങ്ങിനെ? എന്താണ് നിങ്ങളെയൊക്കെ അലട്ടുന്നത്?'
മായ ദീർഘമായി നിശ്വസിച്ചു. അവളുടെ മാറിടം ഉയർന്നുപൊങ്ങി.
'രൊമേശ്ദാ എനിക്ക് അതൊക്കെ പറയാൻ പറ്റിയിരുന്നെങ്കിൽ? ഞാൻ ഒരിക്കൽ പറയും. എന്നാലെ എനിക്ക് ആശ്വാസമാവു. ഈ ചുമട് എനിക്ക് എവിടെയെങ്കിലും ഇറക്കിവയ്ക്കണം.'
അവളുടെ കണ്ണുകൾ നിറഞ്ഞു.
എന്താണ് ചെയ്യേണ്ടതെന്നറിയാതെ രമേശൻ ഇരുന്നു. താൻ എന്തിനാണ് ഈ വക ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തിനാണ് മറ്റുള്ളവരുടെ വിധിയിൽ കൈകടത്തുന്നത്? തനിക്ക് മായയോട് അത്രമാത്രം സ്‌നേഹമുണ്ടോ? പ്രേമം എന്ന് ലോകം ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്‌നേഹമൊന്നുമില്ലെന്ന് അയാളുടെ മനസ്സാക്ഷി പറഞ്ഞു. അയാൾ അവളെ സമാധാനിപ്പിക്കാനായി നല്ല വാക്കുകൾ പറയുകയായിരുന്നു. ഒരു വിധത്തിൽ ചതിയല്ലേ? ആയിരിക്കാം. ഏതാനും നല്ല വാക്കുകൾകൊണ്ട് ഒരു പെൺകുട്ടിയ്ക്ക് ആശ്വാസമുണ്ടാകുകയാണെങ്കിൽ അതിൽ എന്താണ് തെറ്റ്? പക്ഷേ അതിന് ഒരു പരിധിയുണ്ട്. തനിക്ക് കർത്തവ്യങ്ങളുണ്ട്, ലക്ഷ്യങ്ങളുണ്ട്. അതിനിടയിൽ ഒരു പെൺകുട്ടി ഇടപെട്ട് എല്ലാം നശിപ്പിക്കുന്നതിൽ അർത്ഥമില്ല. ഇവളെ സൂക്ഷിക്കണമെന്ന് മനസ്സു പറയുന്നു. അവൾ തന്‍റെ ജീവിതത്തിലേയ്ക്ക് ഇരച്ചു കയറുകയാണ്. വാതിൽക്കൽ മുട്ടാനുള്ള ക്ഷമ പോലുമില്ലതെ. അവളുടെ അമ്മയുമതെ. അവസരം കിട്ടിയാൽ തനിക്ക് ഭക്ഷണം കൊണ്ടുവന്നു തരുന്നു. അല്ലെങ്കിൽ എന്തെങ്കിലും മധുര പലഹാരങ്ങൾ തന്ന് സ്‌നേഹംകൊണ്ട് മൂടുന്നു. എന്താണവരുടെ ഉദ്ദേശ്യം? ഒരുപക്ഷേ തന്നിൽ അവരുടെ മരിച്ചുപോയ മകനെ കാണുകയായിരിക്കാം. തന്നിൽ സ്വന്തം സഹോദരനെ കാണുന്ന മായയെപ്പോലെ. പക്ഷേ അത്ര മാത്രമാണോ? അതിനപ്പുറമൊന്നുമില്ലേ? അവരുടെ തലോടലിൽ, അവരുടെ മുഖഭാവങ്ങളിൽ അതിൽ കൂടുതലായി അനുഭവപ്പെടുന്നത് തന്‍റെ കാടുകയറിയ ഭാവനകളാണോ? ഉറക്കം വരാത്ത രാത്രികളിൽ തനിക്ക് സാന്ത്വനമായി വരുന്നത് മായയുടെ ഇളം ശരീരമല്ല, മറിച്ച് ആനന്ദമയീദേവിയുടെ അദൃശ്യ സാമീപ്യവും മാംസളസ്പർശവുമാണെന്നത് അദ്ഭുതമായിരിക്കുന്നു.
മായ എഴുന്നേറ്റു. അവൾ പോകാൻ തുനിയുകയാണെന്നാണ് രമേശൻ കരുതിയത്. എന്നാൽ അവൾ പോകാതെ രമേശന്‍റെ അടുത്തു വന്നിരുന്നു. അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കഴുത്തിലൂടെ കൈയിട്ട് അയാളെ ചുംബിച്ചു. ഒരു സുദീർഘചുംബനം. വാതിൽ കുറ്റിയിട്ടിട്ടില്ലെന്ന് രമേശൻ ഒരു നിമിഷം ഓർത്തു. പിന്നെ സ്‌നേഹപ്രകടനത്തിന്‍റെ തള്ളിച്ചയിൽ അതൊക്കെ അപ്രസക്തമായി. ജീവിതത്തിൽ ആദ്യമായാണ്, ഭാവനയിൽ മാത്രം കണ്ടിരുന്ന ഒരു രംഗം സ്വയം അരങ്ങേറുന്നത്. അയാളുടെ കൈകൾ ചലനാത്മകങ്ങളായി. നിമിഷങ്ങൾ മാത്രം, മായ സ്വയം വീണ്ടെടുത്തു. ദേഹത്തു പരതുന്ന കൈകൾ മാറ്റി രമേശിന്‍റെ ചുണ്ടുകളിൽ ഒരിക്കൽക്കൂടി അമർത്തി ചുംബിച്ച് മായ പറഞ്ഞു.
'എകുൺ നാ, പൊരെ.'
ഇപ്പോൾ വേണ്ട, പിന്നീട്. പോകുമ്പോൾ അവൾ കൂട്ടിച്ചേർത്തു. 'അടുത്താഴ്ച.'
അവൾ പുറത്തു കടന്ന് വാതിലടച്ചു, പിന്നെ വീണ്ടും വാതിൽ തുറന്ന് മുഖം മാത്രം ഉള്ളിലേയ്ക്കിട്ടു പറഞ്ഞു. 'ലെയ്ക്കിന്‍റെ കാര്യം മറക്കണ്ട. ഞാൻ കാത്തിരിക്കും.'
അയാൾക്ക് പിന്നെ ഉറക്കം വന്നില്ല. സൂര്യരശ്മികൾ ഡാലിയുടെ പെയ്ന്‍റിങ്ങിലെത്തിയിരുന്നു. ചിത്രം അതിന്‍റെ സത്ത അന്വേഷിക്കുകയാണ്. ശരിക്കു പറഞ്ഞാൽ വെളിച്ചം മേലെ വീഴുമ്പോഴുള്ള ഏതാനും നിമിഷങ്ങൾ മാത്രമേ അതിന് നിലനില്പുള്ളു. അതുകഴിഞ്ഞാൽ വീണ്ടും അനന്തതയുടെ വിസ്മൃതിയിൽ, അർദ്ധസുഷുപ്തിയിൽ ലയിക്കുന്നു. വല്ലാത്തൊരു ചിത്രം. എന്താണാവോ മായയ്ക്ക് അതിഷ്ടപ്പെടാത്തത്?
തടാകത്തിലേയ്ക്കു നടക്കുമ്പോൾ രമേശൻ ആലോചിച്ചു. കാമുകിയുടെ ആദ്യചുംബനം ലഭിച്ച ഒരു കാമുകന്‍റെ സന്തോഷമോ ഉത്സാഹത്തള്ളിച്ചയോ തനിക്കില്ല. താൻ ഇപ്പോഴും ഒരു കാമുകനായിട്ടില്ലെന്നു തന്നെയാണ് അതു കാണിക്കുന്നത്. മായയുടെ സ്‌നേഹം തന്നിലേയ്ക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നു വരികയാണ് ചെയ്യുന്നത്. താൻ അതു സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
തടാകത്തിൽ പൂത്തുനിൽക്കുന്ന ഒരു മരച്ചുവട്ടിൽ മായ കാത്തിരിക്കുന്നു.