നഗരവാസിയായ ഒരു കുട്ടി - ആമുഖം

1960 ലാണ് ഞാന്‍ കല്‍ക്കത്തയിലെത്തിയത്, പതിനേഴാം വയസ്സില്‍. 23 കൊല്ലം നീണ്ടുനിന്ന പ്രവാസജീവിതം എന്റെ ലോകത്തെ വലുതാക്കുകയായിരുന്നു. പൊന്നാനിയെപ്പോലെ ഒരു നാട്ടിന്‍പുറത്തു നിന്ന് കല്‍ക്കത്ത പോലുള്ള മഹാനഗരത്തിലേയ്ക്കുള്ള മാറ്റം എന്റെ അനുഭവമണ്ഡലത്തെ സമ്പന്നമാക്കുകയും ജീവിതവീക്ഷണം വികസിപ്പിക്കുകയും ചെയ്തു. നാട്ടിന്‍പുറത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കപ്പുറത്ത് വിശാലമായൊരു ലോകവും അതില്‍ വളരെ സങ്കീര്‍ണ്ണമായ ജീവിതങ്ങളും ഉണ്ടെന്ന് മനസ്സിലാവുന്നത് നമ്മള്‍ ഒരു മഹാനഗരത്തില്‍ താമസിക്കുമ്പോള്‍ മാത്രമാണ്. അതുവരെ നഗരജീവിതത്തെക്കുറിച്ച് നമ്മുടെ ഭാവനയിലുള്ള ചിത്രങ്ങള്‍ എത്ര അപൂര്‍ണ്ണവും അവ്യക്തവുമാണെന്ന് മനസ്സിലാവുന്നു. തൊള്ളായിരത്തി അറുപതു മുതല്‍ തൊള്ളായിരത്തി എഴുപതുവരെ നീണ്ടുനിന്ന കല്‍ക്കത്തയിലെ ജീവിതമാണ് എന്നെ ഞാനാക്കിയത് എന്നു പറയാം. അനുഭവങ്ങളുടെ സമ്പന്നത മാത്രമായിരുന്നില്ല എന്റെ നേട്ടം. നമ്മിലേയ്ക്കിറങ്ങിവരുന്ന സംസ്‌കാരം.

ന്യൂ ആലിപ്പൂരിലെ നാഷനല്‍ ലൈബ്രറി അറിവിന്റെ ഭണ്ഡാരമായിരുന്നു. എന്റെ വായനയുടെ മുഴുവന്‍ സ്രോതസ്സ് നാഷനല്‍ ലൈബ്രറിയായിരുന്നെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എഴുപതില്‍ കല്‍ക്കത്ത വിട്ടപ്പോള്‍ എനിക്കു നഷ്ടപ്പെട്ടത് എന്റെ വായനയായിരുന്നു. എനിക്കു നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരു വലിയ നിരയായിരുന്നു. സാഹിത്യത്തിനു പുറമെ ചിന്തകന്മാരുടെയും കലാവിമര്‍ശകരുടെയും മറ്റും വിലമതിക്കാനാവാത്ത ഒരു ശേഖരം നാഷനല്‍ ലൈബ്രറിയിലുണ്ടായിരുന്നു. ധാരാളം ശാസ്ത്രഗ്രന്ഥങ്ങള്‍ എനിക്ക് വായിക്കാന്‍ ഇടവന്നത് നാഷനല്‍ ലൈബ്രറിയില്‍നിന്നാണ്. അവിടെ മലയാളം വകുപ്പിന്റെ മേധാവിയായിരുന്ന ശ്രീ കെ.എം. ഗോവി വളരെയധികം സഹായിച്ചിട്ടുണ്ട്. ചിത്രകലയിലെ ആചാര്യന്മാരെ ഞാന്‍ പരിചയപ്പെടുന്നത് അവിടെവച്ചാണ്. കാള്‍ ഗുസ്റ്റവ് യുങ്ങ്, ഫ്രോയ്ഡ്, ഹെര്‍ബര്‍ട്ട് റീഡ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ എങ്ങിനെ കലയുടെ ആഴങ്ങളിലേയ്ക്കു കടന്നു ചെല്ലാമെന്ന് എന്നെ പഠിപ്പിച്ചു. ഇതിന്റെയൊക്കെ ഫലമായി എന്റെ സര്‍ഗ്ഗാത്മകയത്‌നങ്ങള്‍ക്ക് ആഴവും പരപ്പും ലഭിക്കുകയുണ്ടായി. ചിത്രകലയോടുണ്ടായ അഭിനിവേശം എന്റെ സാഹിത്യത്തെ ഒരു പ്രത്യേക വഴിയ്ക്ക് നയിക്കുകയുണ്ടായി. 'കൂറകള്‍' എന്ന ആദ്യസമാഹാരത്തിലെ കഥകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും മിക്കവാറും കഥകള്‍ ചിത്രകലയുടെ സ്വാധീനത്തിന്‍ എഴുതപ്പെട്ടവയാണെന്ന്. പിന്നീട് ഞാന്‍ ശൈലി മാറ്റുകയും കൂടുതല്‍ ജീവിതഗന്ധിയായ കഥകള്‍ എഴുതുകയും ചെയ്തു.

നഗരങ്ങളിലെ ജനജീവിതത്തെ കൂടുതല്‍ അടുത്തറിയാനും ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും അവസരം ലഭിച്ചതും ഇതിനൊരു കാരണമാകാം. മൂന്നുകൊല്ലം മുമ്പ് കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ (തടാകതീരത്ത്) എഴുതാന്‍ തുടങ്ങിയപ്പോള്‍ കല്‍ക്കത്ത ജീവിതം എന്നില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുകയാണെന്ന് അദ്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കി. എഴുപതിലാണ് ഞാന്‍ ദില്ലിയിലെത്തുന്നത്. അവിടെ ധാരാളം മലയാളി സാഹിത്യകാരന്മാരുണ്ടായിരുന്നു. നാഷനല്‍ ആര്‍ട്ട് ഗ്യാലറിയും മറ്റ് സ്വകാര്യ ഗ്യാലറികളും ഉള്ളതുകൊണ്ട് അവിടെ നല്ലൊരു സാസ്‌കാരിക അന്തരീക്ഷമുണ്ടായിരുന്നുവെന്ന് പറയാം. സാഹിത്യകാരന്മാര്‍ക്കു പുറമെ കെ. ദാമോദരന്‍, മുത്തുകോയ തുടങ്ങിയ ചിത്രകാരന്മാരുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പക്ഷെ എന്തുകൊണ്ടോ എന്റെ സാഹിത്യം ശരിക്കും വികസിച്ചത്, ഞാന്‍ ഇന്നത്തെ നിലയിലാവാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചത് മുംബൈയില്‍ നിന്നായിരുന്നു.

എഴുപത്തിമൂന്നിലാണ് ഞാന്‍ മുംബൈയിലെത്തിയത്. അവിടത്തെ അന്തരീക്ഷം കല്‍ക്കത്തയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംസ്‌കാരികപരമായി താഴെത്തട്ടിലായിരുന്നെങ്കിലും എന്നെ സംബന്ധിച്ചേടത്തോളം എന്തുകൊണ്ടോ വളരെ സൃഷ്ടിപരമായാണ് അനുഭവപ്പെട്ടത്. ധാരാളം അനുഭവങ്ങള്‍, അവ പലതും കഥകളായി രൂപം കൊണ്ടു. ശരിയ്ക്കു പറഞ്ഞാല്‍ ഞാന്‍ മുംബൈയില്‍നിന്നെഴുതിയ മിക്ക കഥകളും അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയവയാണ്. ജീവനുള്ള കഥാപാത്രങ്ങള്‍, അവ എന്റെ കഥയ്ക്ക് മിഴിവു കൊടുത്തു. പല അനുഭവങ്ങളും വേദനാജനകമായിരുന്നു. പക്ഷെ കഥകള്‍ എത്രതന്നെ ദുഃഖപര്യവസായിയായാലും ശരി അതിന്നെല്ലാം അപ്പുറത്ത് പ്രത്യാശയുടെ മിന്നല്‍വെളിച്ചം ഞാന്‍ കണ്ടിരുന്നു. അതെന്റെ കഥകളെ ഒരു പ്രത്യേകതലത്തിലേയ്ക്ക് ഉയര്‍ത്താറുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ അളവറ്റ ശുഭാപ്തിവിശ്വാസമായിരിക്കണം അതിനു കാരണം.

ദില്ലിയില്‍ ധാരാളം സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൂട്ടുകെട്ടുണ്ടായിരുന്നുവെങ്കിലും ഞാന്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയിരുന്നില്ല. മറിച്ചായിരുന്നു മുംബൈജീവിതം. അവിടെ ഞാന്‍ മലയാളി സമൂഹത്തില്‍നിന്ന്, പ്രത്യേകിച്ചും സാഹിത്യകാരന്മാരില്‍നിന്ന് അകന്നുള്ള ജീവിതമാണ് നയിച്ചിരുന്നത്. വേണമെന്നുവച്ചിട്ടല്ല. അവസരമുണ്ടായില്ല എന്നുമാത്രം. അവിടെ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം അപാരമാണ്. ഞാന്‍ താമസിച്ചിരുന്ന ജുഹുവില്‍ മലയാളികള്‍ വളരെ കുറവായിരുന്നു. പക്ഷെ ഞാന്‍ ധാരാളം എഴുതാന്‍ തുടങ്ങി. സാഹിത്യകാരന്മാരുമായുള്ള സംസര്‍ഗ്ഗമല്ല മറിച്ച് ജനജീവിതവുമായുള്ള അടുത്ത ബന്ധമാണ് സാഹിത്യസൃഷ്ടിയ്ക്ക് വേണ്ടത് എന്ന് എനിക്കു മനസ്സിലായി. എന്റെ സൗന്ദര്യദര്‍ശനത്തെയും ചിന്തയെയും സ്വാധീനിച്ചത് യൂറോപ്യന്‍, അമേരിക്കന്‍ എഴുത്തുകാരായിരുന്നു. പക്ഷെ ഞാന്‍ എന്റേതായ ഒരു സൗന്ദര്യദര്‍ശനം രൂപപ്പെടുത്തിയത് തികച്ചും ഭാരതീയമായ ഒരു പശ്ചാത്തലത്തിലാണ്. നമുക്ക് നമ്മുടെതായ ഒരു സംസ്‌കൃതിയുണ്ടെന്നും അതിനുമുകളിലേ നമ്മുടെ ഇഷ്ടികകള്‍ പടുക്കാന്‍ പാടുള്ളു എന്നും ഞാന്‍ മന സ്സിലാക്കി. ഈ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ എന്റെ അച്ഛനടക്കം നമ്മുടെ കവികള്‍ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. കുമാരനാശാന്റെ പേര്‍ പ്രത്യേകം എടുത്തു പറയണം.

മുംബൈയിലെ താമസത്തിനുള്ളില്‍, അത് എഴുപത്തിമൂന്നുമുതല്‍ എണ്‍പത്തിമൂന്ന് വരെ നീണ്ടുകിടക്കുന്നു, ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതും അവിസ്മരണീയങ്ങള്‍തന്നെ. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഈ അനുഭവങ്ങള്‍ എന്റെ കഥകളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പോരാത്തതിന് ഞാന്‍ അനുഭവക്കുറിപ്പുകള്‍ തന്നെ ഒരു പരമ്പരയായി വനിത, സ്ത്രീധനം (രാഷ്ട്രദീപിക), ഗൃഹലക്ഷ്മി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കൊടുത്തിട്ടുണ്ട്. അവ താമസിയാതെ 'നീ എവിടെയാണെങ്കിലും' എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തിലെഴുതപ്പെട്ട കഥകളില്‍ പ്രധാനപ്പെട്ടവ 'ദിനോസറിന്റെ കുട്ടി', 'സൂര്യകാന്തിപ്പൂക്കള്‍', 'ഒരു കങ്ഫൂഫൈറ്റര്‍', 'ഒരു വിശ്വാസി' തുടങ്ങിയവയാണ്. ഈ കഥകളിലെല്ലാംതന്നെ നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ തിരനോട്ടം കാണാം. എന്റെ നാല്‍പ്പത്തഞ്ചു കൊല്ലത്തെ സാഹിത്യശ്രമങ്ങള്‍ എത്തിനില്‍ക്കുന്നത് ഈ പുസ്തകത്തിലെ കഥകളിലാണ്. എനിയ്ക്ക് സംതൃപ്തി നല്കിയ കഥകള്‍. നഗരവാസിയായ കുട്ടി, ഫോണിന്റെ മറുഭാഗത്ത്, ഓരോരുത്തര്‍ക്ക് ഓരോ ജീവിതം, ഇങ്ങിനെയും ഒരു ജീവിതം എന്നീ കഥകള്‍ ഞാന്‍ ആരുടെ ഭാഗത്താണെന്ന് തെളിയിക്കുന്നുണ്ട്. ഞാന്‍ എന്നും അവരുടെ ഭാഗത്തായിരുന്നു. അത്രതന്നെ ഭാഗ്യം ചെയ്തിട്ടില്ലാത്തവരുടെ കൂടെ.

(ശ്രീ. എം. ഗോകുല്‍ദാസുമായുണ്ടായ ഇന്റര്‍വ്യുവില്‍നിന്നാണ് ചില ഭാഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.)